Friday, February 22, 2013

സ്വര്‍ഗ്ഗീയനരകം -3 (തുടരുന്നു)


മൂന്ന് 

അഷറഫ് കാണിച്ചുതന്ന ഗള്‍ഫിന്റെ നഗ്നത 

മലയാളി, വീടും കുടുംബവും വിട്ടാല്‍ ഇങ്ങനെയാണ് .കേരളത്തിനപ്പുറം പഠിക്കാന്‍ പോകുന്ന മലയാളി ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഇങ്ങനെയാണ് , ഗള്‍ഫിലെത്തുന്ന മലയാളിയും ഇങ്ങനെയാണ് . 


അഷറഫ് ഞങ്ങളെ നേരെ കൊണ്ടുപോയത് ദുബായിലെ ഒരു ഫ്ലാറ്റിലേക്കാണ് .പന്ത്രണ്ടോ പതിനഞ്ചോ നിലകളുണ്ടാവും ആ ഫ്ലാറ്റിന് .ഫ്ലാറ്റിന്റെ പരിസരത്ത് രണ്ടുമൂന്ന് പേര്‍ വട്ടമിട്ടു കറങ്ങുന്നുണ്ട് . കയ്യില്‍ സ്റ്റീല്‍ വളയിട്ട, കാതില്‍ കമ്മലിട്ട, മുടി നീട്ടിവളര്‍ത്തിയ അതിലൊരുവന്‍ അഷറഫിന്റെ അടുത്തെത്തി . കുശലാന്വേഷണം രണ്ടുമൂന്ന് മിനിറ്റ് നീണ്ടു. പിന്നെ പച്ച കൊടി .ഞ്ഞങ്ങള്‍ ആ ആണുപെണ്ണിനെ അനുഗമിച്ചു . 


അഴുക്കുപുരണ്ട ഇരുട്ടുപടര്‍ന്ന ഇടനാഴികള്‍ .അവിടേയും കരിനിഴലുകള്‍ പോലെ ചിലര്‍ നില്‍ക്കുന്നുണ്ട് . അവരൊക്കെ കയ്യിലെ മൊബൈല്‍ ഫോണ്‍ നുള്ളിപൊളിച്ചുകൊണ്ട് അവിടവിടെ നിലയുറപ്പിച്ചിരിക്കുകയാണ് .വൃത്തിയും വെടിപ്പുമില്ലാത്ത ദുര്‍മുഖങ്ങളായിരുന്നു അവരുടേത് . 


ഞങ്ങള്‍ ഇരുട്ടുപടര്‍ന്ന ലിഫ്റ്റില്‍ കയറി . ലിഫ്റ്റിനകത്തെ ബട്ടണുകളോ നിലകള്‍ കാണിച്ചുതരുന്ന ചുവന്ന വെളിച്ചമോ ശബ്ദമോ ഒന്നുമുണ്ടായിരുന്നില്ല .അത് ഒരു  ഇരുട്ടറയായിരുന്നു .ചെയ്തുപോയ അബദ്ധവും വരാനിരിക്കുന്ന ദുരന്തവും ഒരു കറുത്ത നൂലുണ്ട പോലെ എന്‍റെ മനസ്സില്‍ കെട്ടുപിണഞ്ഞു കിടന്നു. 


പന്ത്രണ്ടാം നിലയിലായിരിക്കണം ലിഫ്റ്റ്‌ നിന്നു . വെളിച്ചം കണ്ടു . സ്റ്റീല്‍ വളയിട്ട, കാതില്‍ കമ്മലിട്ട, മുടി നീട്ടിവളര്‍ത്തിയവന്‍ മുന്നില്‍ .അഷറഫ് പിന്നില്‍ .അഷറഫിനു പിന്നില്‍ എന്തിനും പാകമായി കുന്നകുളം സഹയാത്രികന്‍ .എല്ലാം വിധി നിശ്ചയിക്കട്ടെ എന്ന സമാധാനത്തോടെ ഞാന്‍ അവസാനത്തവന്‍ . 


സ്റ്റീല്‍ വളയിട്ട, കാതില്‍ കമ്മലിട്ട, മുടി നീട്ടിവളര്‍ത്തിയവന്‍ ഒരു മുറിയുടെ പൂട്ട്‌ തുറന്നു . സുഗന്ധത്തിന്റെ ദുര്‍ഗന്ധവും വീര്‍പ്പുമുട്ടലും ഉണ്ടായിരുന്നു ആ മുറി നിറയെ . പെണ്ണുങ്ങളേയും  കിളവികളെയും ഓര്‍മിപ്പിക്കുന്ന സ്ത്രീ രൂപങ്ങള്‍ . സ്റ്റീല്‍ വളയിട്ട, കാതില്‍ കമ്മലിട്ട, മുടി നീട്ടിവളര്‍ത്തിയവന്‍ എണ്ണാന്‍ തുടങ്ങി , “ഏക്‌ ,ദോ ,തീന്‍ .......പന്ത്രഹ് “. പിന്നെ മുറി അകത്തുനിന്ന് പൂട്ടിട്ടു . പിന്നെ അഷറഫിനോട് എന്തോ ഏതോ ഭാഷയില്‍ പറഞ്ഞു .


അഷറഫ് എന്നെ നോക്കി.ഞാന്‍ ചര്‍ദ്ദിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു .എന്‍റെ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് ഇങ്ങനെയൊരു ദുരന്തം പ്രതീക്ഷിച്ചതായിരുന്നില്ല .എന്തും വെട്ടിവിഴുങ്ങാന്‍ പാകത്തില്‍ കുന്നംകുളം സഹയാത്രികന്‍  .


“മലയാളി ഇല്ലേ ?” കുന്നംകുളം സഹയാത്രികന്‍ തുപ്പല്‍ തെറിപ്പിച്ച് ചോദിച്ചു .


“ഇതിനൊക്കെ ങ്ങള് ഭാഷ നോക്വാ .നല്ല തമാശന്നെ. ങ്ങളുക്ക് വേണ്ടങ്ങെ അത് പറിന്‍ “. അഷറഫിന്റെ പ്രതിഷേധം രേഖപ്പെടുത്തി .


എന്തായാലും കുന്നംകുളത്തിന്റെ ഭാഷാപ്രേമവും എന്‍റെ അസ്വസ്ഥതയും കൂടിയായപ്പോള്‍ രക്ഷപ്പെട്ടെന്ന് പറഞ്ഞാല്‍ മതിയല്ലോ .


മുറി തുറന്നതും ഞാന്‍ വേഗം പുറത്തുകടന്നു .അഷറഫും കുന്നംകുളവും കുറച്ചുനേരം സ്വകാര്യ ചര്‍ച്ച നടത്തി . പിന്നീടാവാം സംഗതി എന്നുറച്ച് ലിഫ്റ്റ്‌ പിടിച്ച് ഭൂമിയിലേക്ക് ഇറങ്ങി .മതനിരപേക്ഷമായ നിലപാടില്‍ ഞാന്‍ എല്ലാ ദൈവങ്ങള്‍ക്കും നന്ദി പറഞ്ഞു .രക്ഷപ്പെട്ടതിന്റെ പാരിതോഷികമായി നിത്യസഹായ മാതാവിന് വഴിപാടുകളും നേര്‍ന്നു .


അഷറഫിന്റെ കാര്‍ റാസല്‍ഖൈമയിലേക്ക് കുതിച്ചു .അഷറഫിന്റെ വര്‍ത്തമാനവും .വീതിയേറിയ വൃത്തിയുള്ള റോഡുകള്‍ . മൂന്നും നാലും വരികളായി വാഹനങ്ങള്‍ ചീറിപ്പാഞ്ഞു .റോഡരികിലെ റഡാറുകളെ കുറിച്ചും അവിടവിടെ സ്ഥാപിച്ചിട്ടുള്ള ക്യാമറകളെ കുറിച്ചും ഭയാദരവോടെ അഷറഫ് പറഞ്ഞുകൊണ്ടിരുന്നു .കൂട്ടത്തില്‍ ഡ്രൈവര്‍മാരുടെ ദുരിതങ്ങളെകുറിച്ചും അഷറഫ് വേവലാതിപ്പെട്ടുകൊണ്ടിരുന്നു .


“എങ്ങനെയെങ്കിലും ഈ പണിയൊന്നു നിര്‍ത്തണം .നാട്ടില്‍ പോയി സെറ്റിലാവണം .നമുക്കിപ്പോ എന്നും  ഗള്‍ഫില് നിക്കാന്‍ പറ്റ്വോ. കൊല്ലം കൊറെ ആയില്ലേ, ഇവന്റെയൊക്കെ ആട്ടും തുപ്പും സഹിച്ച് ഇവിടെ ഇങ്ങനെ “.അഷറഫിന്റെ പരിഭവം , അല്ല പരിദേവനം .നാം ഗള്‍ഫില്‍ പരിചയപ്പെടുന്ന ഓരോ പ്രവാസിയും സംസാരത്തിന്റെ അവസാനം കുറിക്കുന്നത് ഇതേ പരിഭവത്തില്‍ .പരിദേവനത്തില്‍ . 


അഷറഫിന്റെ കാര്‍ കുതിച്ചുകൊണ്ടിരുന്നു .ആദ്യമൊക്കെ കണ്ട കൂറ്റന്‍ കെട്ടിടക്കൂട്ടങ്ങള്‍ പിന്നെപിന്നെ കാണാതായി . മണല്‍ മൂടിയ മരുഭൂമികള്‍ വഴിയുടെ ഇരുവശവും ചത്തുകിടന്നു . ഇടയ്ക്കിടെ ഒട്ടകങ്ങള്‍ ഒറ്റക്കും കൂട്ടായും .പാലങ്ങളും തുരങ്കങ്ങളും പാര്‍ശ്വവഴികളും കടന്നുപോകുമ്പോള്‍ അഷറഫ് പറയും , ഇതിലെ പോയാല്‍ ഷാര്‍ജ .ഇതിലെ പോയാല്‍ അബുദാബി .ഇതിലെപോയാല്‍ അജ്മാന്‍ .....അങ്ങനെ പലതും പലതും .


ഇടയ്ക്ക് ഒരിടത്ത് നിര്‍ത്തി . ഒരു പള്ളിയുടെ എതിര്‍വശം . അവിടെ ഒരു ഹോട്ടലുണ്ടായിരുന്നു .
“ഈ പള്ളി പുതിയതാ .ഞാനിവിടെ വരുമ്പോള്‍ ഈ പള്ളിയുടെ സ്ഥാനത്ത് ടാക്സി പേട്ട ആയിരുന്നു .ഇവര്‍ക്കിപ്പോ കാശുണ്ടല്ലോ . അപ്പൊ മുട്ടിനു മുട്ടിനു പള്ളീം,സൂപ്പര്‍ മാര്‍ക്കറ്റും, വല്യേ വല്യേ ഹോട്ടലുകളും “. അഷറഫിന്റെ ഭൂമിശാസ്ത്രവും, ചരിത്രബോധവും സാമ്പത്തികശാസ്ത്രവും ഗല്‍ഫിനു നേര്‍ക്കുള്ള മൃദുലമായ പരിഹാസവും ഞങ്ങളെ അറിയിച്ചു .
 
ഹോട്ടല്‍ പരിസരമെത്തിയപ്പോഴേക്കും അഷറഫിനെ കൂട്ടുകാര്‍ വളഞ്ഞു .സൌഹൃദ ഭാഷണം , പിന്നെ സ്നേഹപ്രകടനങ്ങള്‍ . അവിടെ മുഴുവന്‍ മലയാളികളും മലയാളിത്തവും . എല്ലാവരും ബിരിയാണിയും ചോറും കഴിക്കുന്നു .ഞങ്ങളും .പപ്പടം യഥേഷ്ടം വിളമ്പുന്നുണ്ടിവിടെ .തലശേരിക്കാരന്‍ ഹോട്ടലുടമക്ക് അഷറഫിനോടും പിന്നെ ഞങ്ങളോടും പ്രത്യേക മമതയും ആദരവും .


വീണ്ടും യാത്ര . റാസല്‍ഖൈമ അടുക്കാറായിരിക്കുന്നു .

തുടരും
ഡോ .സി.ടി. വില്യം

Friday, February 15, 2013

സ്വര്‍ഗ്ഗീയനരകം-3


മൂന്ന്

അഷറഫ് കാണിച്ചുതന്ന ഗള്‍ഫിന്റെ നഗ്നത .

ഒരു ദുബായ് പ്രഭാതത്തിലേക്ക്‌ കണ്‍‌തുറന്നു . ഫ്ലാറ്റിന്‍റെ ജാലകത്തിരശീല വകഞ്ഞൊതുക്കി പുറത്തേക്ക് നോക്കി .ചുറ്റും അംബരചുംബികളായ ഫ്ലാറ്റുകളും ഫ്ലാറ്റ് സമുച്ചയങ്ങളും .അവിടെയെല്ലാം അഴിയിട്ട സ്റ്റീല്‍ മേശമേല്‍ തുണികള്‍ അലക്കിയിട്ടിരിക്കുന്നു .നമ്മുടെ നാട്ടിലെതുപോലെ അഴകളില്ല .ഫ്ലാറ്റുകളെല്ലാം അടഞ്ഞുകിടന്നിരുന്നു . റോഡുകളും ശൂന്യമായിരുന്നു .ഇടയ്ക്കിടെ ടാക്സിക്കാറുകളും മാലിന്യം കയറ്റിക്കൊണ്ടുപോകുന്ന ലോറികളും വെള്ളംകുപ്പികള്‍ നിറച്ചെത്തുന്ന ലോറികളും മാത്രം കണ്ടു . 

ഈ പ്രദേശം ഒരുപക്ഷെ ദുബായിലെ തിരക്കൊഴിഞ്ഞ ഇടമായിരിക്കും എന്ന് കരുതി .സത്യത്തില്‍ അതായിരുന്നില്ല കാര്യം .ഞങ്ങള്‍ ഉണരുന്നതിന് വളരെ മുമ്പുതന്നെ ദുബായിലെ മനുഷ്യര്‍ ജോലിക്ക് പോയിരുന്നു .കുട്ടികള്‍ സ്കൂളിലേക്കും പോയ്കഴിഞ്ഞിരുന്നു .ഇവിടെ അങ്ങനെയാണ് .രാവിലെ എഴുമണി മുതല്‍ രാത്രി എഴുമണി വരെ ജോലി .സ്കൂള്‍ വിട്ട് കുട്ടികള്‍ ഉച്ചമുതല്‍ വന്നുതുടങ്ങും .അവരെകാത്ത് വീടുകളിലെ വേലക്കാരി പെണ്ണുങ്ങളായിരിക്കണം വഴിയരികുകളില്‍ കാത്തുനില്‍പ്പുണ്ടാവും .

എന്‍റെ കുന്നംകുളം സഹയാത്രികന്‍ അപ്പോഴൊക്കെ ഉറക്കത്തിലാണ് . നേരെ ഫ്ലാറ്റിന്‍റെ അടുക്കളയില്‍ ചെന്ന് ഒരു ചായ ഉണ്ടാക്കി ശരീരവും മനസ്സും ചൂടാക്കി . 


അധികം താമസിക്കാതെ അഷറഫ് കാറുമായ്‌ വന്നു . തിരൂര്‍കാരനായ അഷറഫ് റാസല്‍ഖൈമയിലെ ഒരു ഡ്രൈവറാണ് .എന്‍റെ കുന്നംകുളം സഹയാത്രികനാണ്  ടൂര്‍ ഓപ്പറേറ്റര്‍ .റാസല്‍ കൈമയില്‍ രണ്ടോ മൂന്നോ ദിവസം തങ്ങേണ്ടതുണ്ടെന്ന് അയാള്‍ നേരത്തെ പറഞ്ഞിരുന്നു .

അഷറഫിന്റെ കാര്‍ ടാക്സിയല്ല . അതുകൊണ്ടുതന്നെ ഞങ്ങള്‍ കാറില്‍ കയറിയ ഉടനെ അഷറഫ് പറഞ്ഞു , “ഇപ ആരെങ്കിലും ചോയ്ച്ചാല് ങ്ങള് പറയണം , നാട്ടീന്നുള്ള ന്‍റെ ഫ്രന്‍സാണെന്ന് .അല്ലെങ്കില് അനക്ക് പണിയാവും “.ദുബായില്‍ മലയാളിസൂത്രം  ആധിപത്യം സ്ഥാപിച്ചതിന്റെ നേര്‍കാഴ്ച്ചയാണ് അഷറഫ് കാണിച്ചുതന്നത് . 

അഷറഫ് ഒരുപാട് വര്‍ത്തമാനം പറയും ,ഒരുപാട് പറയാനാവണം പടച്ചോന്‍ അഷറഫിനെ ഭൂമിലേക്ക് അയച്ചതെന്ന് തോന്നും അഷറഫിന്റെ വര്‍ത്തമാനം കേട്ടാല്‍ .പറയുന്നതില്‍ കൂടുതലും അനുഭവ കഥകളാണ് .അനുഭവത്തിന്‍റെ ചൂടും ചൂരും ഉള്ള അറബി കഥകള്‍ .അഷറഫിന്റെ ഭാവന കഥകളിലെ രസക്കൂട്ടിന്റെ പ്രധാന ചേരുവയാണ് .ഏറനാടന്‍ മുസ്ലീം ശൈയിലിയും കൂടിച്ചേരുമ്പോള്‍ കഥകള്‍ ബലേ ഭേഷ് .

അഷറഫ് സമര്‍ത്ഥനായ ഒരു ഡ്രൈവറാണ് .ഗള്‍ഫ് നാടിന്‍റെ ഭൂമിശാസ്ത്രവും സാമൂഹ്യശാസ്ത്രവും സാമ്പത്തികശാസ്ത്രവും അയാളുടെ കഥകള്‍ക്ക് വിശ്വാസ്യത കൂട്ടുന്നുണ്ട് .പക്ഷെ അഷറഫിന്റെ കഥകളിലെ പ്രധാന രാസചേരുവ എരിയും പുളിയും ചേര്‍ന്ന കാമശാസ്ത്രം തന്നെ .


ഈ കഥകളൊക്കെ പറഞ്ഞ് വാഹനമോട്ടുമ്പോഴും അഷറഫിന്റെ മൊബൈല്‍ ഫോണ്‍ ഇടയ്ക്കിടെ ശബ്ദിച്ചുകൊണ്ടിരിക്കും .ഏതോ മാപ്പിള പാട്ടാണ് അഷറഫിന്റെ ഫോണിന്‍റെ റിംഗ് ടോണ്‍ .ഓരോ കോളും അറ്റന്‍ഡ് ചെയ്യുമ്പോഴും അഷറഫ് പറയും , “ഇത് ഓളാ .ഓള്‍ക്ക് ഇതന്യാ പണി .എപ്പളും വിളിച്ചോണ്ടിരിക്കും .മ്മക്ക് ഓളെ ശൂപ്പിച്ചിരുന്നാ മത്യാ .പണിടുക്കണ്ടേ “.

അഷറഫിനോടുള്ള സ്നേഹം കൊണ്ടല്ലേ ഓള് വിളിക്കണത് .സ്നേഹോള്ള ഓളെ കിട്ടാനും വേണ്ടേ അഷറഫ്ക ഒരു ഭാഗ്യം “. ഞാന്‍ പറഞ്ഞു .

“അതിന് ഓള് എന്‍റെ ബീവ്യൊന്നല്ല മാഷേ .അഷറഫ് എന്നെ തിരുത്തി .

“ഓള് നല്ല കമ്പന്യാ .സോഷ്യലാ .നാട്ടില്‍ നിന്ന് ങ്ങളെപോലുള്ളവര്‍ വരുമ്പ പരിചയപ്പെടുത്തിതരും .അത്ര തന്നെ .ഓള്‍ക്കും സുഖം .നിങ്ങള്‍ക്കും സുഖം .അഷറഫ് വളച്ചുകെട്ടാതെ കാര്യം പറഞ്ഞു “.

എന്‍റെ കുന്നംകുളം സഹയാത്രികന്റെ പലകപല്ലുകള്‍ കാമാര്‍ത്തമായി പ്രകാശിച്ചു .ചുണ്ടുകളില്‍ കൊതിവെള്ളമൂറി .”അഷറഫ് ഇങ്ങനെ പറഞ്ഞിട്ട് കാര്യമില്ല .സംഗതി നടക്കോ “.കുന്നംകുളം സഹയാത്രികന്‍ കച്ചോടത്തിലേക്ക് നേരെ വന്നു .

“അപ്പൊ ങ്ങള്‍ക്ക് റാസല്‍ഖൈമക്ക് പോണോ സംഗതിക്ക് പോണോ ?” അഷറഫിന്റെ ഉത്തരവും വന്നു .

“ങ്ങാ സംഗതിക്ക് പോണം “. കുന്നംകുളം സഹയാത്രികന്‍ പെണ്ണാടിനെ കണ്ട മുട്ടനാടിനെപോലെ ഒന്ന് കുതിച്ചുകിതച്ചു പറഞ്ഞു . 

തുടരും
ഡോ .സി .ടി .വില്യം


Friday, February 8, 2013

സ്വര്‍ഗ്ഗീയനരകം-2


രണ്ട്
മരുഭൂമിപോലെ മനസ്സുള്ള മലയാളി 

ദുബായ് .അഹങ്കാരവും അധികാരവുമുള്ള ഒരു മരുമകളെ പോലെ ദുബായ് . അവളുടെ പൂമുഖമായി .നിരാഹാരസമരം നടത്തിയ കോളനിവാസികള്‍ സിംഹ കുഞ്ഞുങ്ങളെപോലെ സട കുടഞെണീറ്റു .അവര്‍ അവരുടെ പെട്ടിക്കും പ്രമാണത്തിനുമായി എയര്‍പോര്‍ടിലേക്ക് കുതിച്ചു.

നീണ്ടുനിവര്‍ന്ന വരികളില്‍ അവര്‍ അയവെട്ടാന്‍ പോലും പേടിക്കുന്ന കുഞ്ഞാടുകളായി രൂപാന്തരം കൊണ്ടു . കുഞ്ഞാടുകള്‍ കൂട്ടം കൂടിയ എയര്‍പോര്‍ട്ട്‌ പരിസരം നമ്മെ വീര്‍പ്പുമുട്ടിക്കും വിധമായിരുന്നു. എല്ലാവരുടെയും മുഖത്ത് ആശങ്കകളും ഭയവിഹ്വലതകളുമായിരുന്നു .അവിടെ ഉണ്ടായിരുന്ന ഇംഗ്ലീഷുകാരും അറബികളും മാത്രമേ പ്രസന്നവദനരായിരുന്നുള്ളൂ .അവരൊക്കെ എയര്‍പോര്‍ട്ട് കണ്ട്രോള്‍ പരിസരത്തെ കടമ്പകള്‍ അനായാസം കടന്നിരുന്നു .അവരൊക്കെ അറബികളാല്‍ അകമ്പടിപ്പെടുകയോ ആനയിക്കപ്പെടുകയോ ആയിരുന്നു .മലയാളികളടക്കമുള്ള വിദേശികളാണ് അവിടെ നിരാലംബരും നിരാശ്രയരുമായി കാണപ്പെട്ടത് .


ദുബായ് എയര്‍പോര്‍ട്ടിന്റെ ഈ പരിസരം മുഴുവന്‍ മലയാളികളാണെന്ന് പറയാം. അവധികഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയവരും അവരോടൊപ്പം കുട്ടികളെ നോക്കാനായി കൂടെവന്ന മാതാപിതാക്കളും ജോലി അന്വേഷിച്ചെത്തിയവരും അക്കൂട്ടത്തിലുണ്ട് . എല്ലാവരുടെ മുഖത്തും ആശങ്കകളുണ്ട് . പാസ്പോര്‍ട്ട് കണ്ട്രോള്‍ കടമ്പ വിജയകരമായി കടന്നാലേ അവര്‍ക്കൊക്കെ എയര്‍പോര്‍ടിനു പുറത്തുകടക്കാനാവൂ .


ഇവിടുത്തെ കൌണ്ടറുകളില്‍ മുഴുവന്‍ അറബികളാണ് .അവരുടെ മുമ്പിലൊരു തിരിച്ചറിയല്‍ പരേഡിനെന്നോണം മലയാളികള്‍ നിന്നുകൊടുക്കണം . കുറ്റവാളികളെപോലെ അവര്‍ അവരവരുടെ വിധികാത്ത് നിന്നു . അവരുടെ ക്യാമറകള്‍ക്കും കണ്ണുകള്‍ക്കും മുന്നില്‍ അവര്‍ അനുസരണയുള്ള കുഞ്ഞാടുകളായി .അറബികളുടെ പെരുമാറ്റം ഏറെ പരുഷവും അരസികവുമായിരുന്നു .എല്ലാം സഹിച്ച് മലയാളികള്‍ മാനം പണയം വച്ചുനിന്നു അവര്‍ക്കുമുന്നില്‍ . “മലയാളമെ നീ നാണിക്കാത്തതെന്ത് ?” എന്ന് എന്റെ മനസ്സും പതുങ്ങിയ സ്വരത്തില്‍ പറഞ്ഞു .ഇവിടെ സ്വരവും സ്വത്വവും പതുങ്ങണം .അല്ലെങ്കില്‍ മരുഭൂതടവറകള്‍ നിങ്ങളെ തേടിയെത്തും .ഇവിടെ മനുഷ്യാവകാശവും ജനാധിപത്യവും ഇല്ല . ഇവ രണ്ടും മനുഷ്യരുള്ളിടത്തല്ലേ ഉണ്ടാവൂ .

ഇതിനിടെ എന്‍റെ പിന്നില്‍ നിന്നൊരു മലയാളി പെണ്‍കുട്ടി കുഴഞ്ഞുവീണു .ഏറെ നേരം വരിയില്‍ നിന്നതിന്റെ ക്ഷീണമുണ്ടായിരുന്നു അവളില്‍ . അവള്‍ ഒറ്റക്കായിരുന്നു . ജോലി തേടി വന്നതായിരിക്കണം . കാണേണ്ടവരെ കാണണമെങ്കില്‍ എയര്‍പോര്‍ടിനു പുറത്തുകടക്കണം . ആരും അവളെ ശ്രദ്ധിക്കുന്നില്ല . മലയാളി പെണ്ണുങ്ങള്‍ പോലും .എന്‍റെ പിറകിലുള്ള ഒരു മലയാളി പെണ്‍കുട്ടി പറഞ്ഞു “ഈ കുട്ടി ഒറ്റക്കാണ്” .ഞാന്‍ അവളെ എടുത്തുയര്‍ത്തി.അപ്പോഴേക്കും ഒരു വീല്‍ ചെയര്‍ എത്തിയിരുന്നു . ഞാന്‍ അവളെ ആ വീല്‍ ചെയയറില്‍ ഇരുത്തി ഹാളിന്‍റെ ഒരു വശത്തേക്ക് ഉരുട്ടിനീക്കി . അപ്പോള്‍ മാത്രമാണ് സഹായത്തിന് നേരത്തെ എന്നോട് സംസാരിച്ച ആ പെണ്‍കുട്ടിക്കും ധൈര്യം വന്നത് . ഞങ്ങള്‍ രണ്ടു പേരും കൂടി അവള്‍ക്ക് വെള്ളം കൊടുത്തു .അവളുടെ മുഖത്ത് വെള്ളം തളിച്ചു . 


ഇതിനിടയില്‍ ഞങ്ങള്‍ക്ക് മുമ്പും പിമ്പുമുള്ളവരൊക്കെ പാസ്പോര്‍ട്ട്. കണ്ട്രോള്‍ കടമ്പ കടന്നുപോയിരുന്നു . ഞങ്ങള്‍ പിന്നീട് വരിയില്‍ നിന്നപ്പോള്‍ അറബിയുടെ ചോദ്യങ്ങള്‍ . “ആരാണ് ആ പെണ്‍കുട്ടി ?” “അവളും നിങ്ങളും തമ്മിലുള്ള ബന്ധം ?” ചോദ്യങ്ങള്‍ തുടര്‍ന്നു . അവസാനം ഞാന്‍ ഏതാണ്ട് കുറ്റം ചെയ്ത മട്ടില്‍ ഒരു താക്കീതും .”മൂവ് ...മൂവ്“ എന്‍റെ പാസ്പോര്‍ട്ട് കണ്ട്രോള്‍ ക്ലിയറായി . രോഷാകുലമായ എന്റെ മനസ്സ് അത്രയ്ക്ക് ക്ലിയറായിരുന്നില്ല .ആ പെണ്‍കുട്ടി അപ്പോഴും ആ വീല്‍ ചെയറില്‍ തന്നെ ഇരുപ്പുണ്ടായിരുന്നു . ആരും അവളെ ശ്രദ്ധിക്കുന്നില്ല. എല്ലാവരും അവരവരുടെ പെട്ടിക്കും പ്രമാണത്തിനുമായി പരക്കം പാഞ്ഞു . ഞാനും നിസ്സഹായനായി അവരുടെ പിറകെ നടന്നു . അപ്പോള്‍ കൂടെ ഉണ്ടായിരുന്ന മലയാളി പറഞ്ഞു ,” ഇവിടെ സഹായത്തിനുപോയാല്‍ നമ്മ കുടുങ്ങും . ങ്ങടെ ഭാഗ്യം .ങ്ങള് കുടുങ്ങീല്ലല്ലോ .”ബാഗും ഉരുട്ടി എയര്‍പോര്‍ട്ട് കടക്കുമ്പോള്‍ കുഴഞ്ഞു വീണ പെണ്‍കുട്ടിയുടെ മുഖവും അവളെ ഉപേക്ഷിച്ച് കടന്നുപോയ മലയാളികളുടെ സ്വാര്‍ത്ഥ മുഖഭാവങ്ങളും എന്നെ വല്ലാതെ അലോസപ്പെടുത്തിക്കൊണ്ടിരുന്നു .

ഞങ്ങളെ കാത്ത് ഷാര്‍ജയിലെ ഷാജി കാത്തുനില്‍പ്പുണ്ടായിരുന്നു . നല്ല വിശപ്പും ദാഹവും ഉണ്ടായിരുന്നു .സ്പൈസ് ജെറ്റ് എന്ന വിലകുറഞ്ഞ വീമാനത്തിലെ ഇരിക്കാന്‍ കൊള്ളാത്ത ഇരിപ്പിടവും കുടിക്കാന്‍ കൊള്ളാത്ത കാപ്പിയും അനുഭവിച്ച ഞാന്‍ നന്നേ ക്ഷീണിതനായിരുന്നു .ഷാജി ഞങ്ങളെ ഹോട്ടലില്‍ കൊണ്ടുപോകാം എന്നൊക്കെ പ്രലോഭിപ്പിച്ചെങ്കിലും അതുണ്ടായില്ല . പകരം വഴിയരികിലെ ഒരു ഷവര്‍മ വില്പനക്കാരന്റെ അരികിലെത്തിച്ചു .നാട്ടിലെ ശവര്‍മയെ കുറിച്ച് ഓര്‍മിപ്പിച്ചപ്പോള്‍ ഷാജി പറഞ്ഞതിങ്ങനെ , “ഇവിടുത്തേത് യഥാര്‍ത്ഥ ഷവര്‍മ തന്നെയാണ് .കഴിച്ചുനോക്കണ്ടതുമാണ് “.എന്തായാലും ഷവര്‍മ വിശപ്പകറ്റി. ഷവര്‍മ ഉണ്ടാക്കിത്തന്ന കണ്ണൂര്‍ക്കാരന്‍ വിജയനും ഏറെ സന്തോഷമായി .രാത്രി പകലിനോട് അടുത്തെത്തിയിരിക്കണം . അന്ന് ബര്‍ദുബായിലെ ഒരു ഫ്ലാറ്റില്‍ ഉറങ്ങി . ക്രീക്ക് എന്ന് വിളിക്കപ്പെടുന്ന ഒരു കടലിടുക്ക് ദുബായിയെ രണ്ടായി ഭാഗിക്കുന്നു .ഒരു ഭാഗം ബര്‍ദുബായ്. മറുഭാഗം ദേര .ദുബായിയുടെ പഴമയും പുതുമയുമാണ് ബര്‍ദുബായിയും ദേരയും .നല്ല തണുപ്പുണ്ടായിരുന്നു .മരുഭൂമിയെ ഓര്‍മിപ്പിക്കാത്ത തണുപ്പ് .

തുടരും

ഡോ .സി .ടി .വില്യം

Saturday, February 2, 2013

സ്വര്‍ഗ്ഗീയനരകം -1


പ്രവാസവഴികളിലൂടെ ഒരു യാത്ര

ആകാശത്തൊരു മലയാളി കോളനി 
 
രണ്ടായിരത്തി പത്രണ്ട് ഡിസംബര്‍ ഇരുപതാം തിയ്യതി നെടുമ്പാശേരിയില്‍ നിന്ന് ദുബായിക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് ഒരു വിമാനം മാത്രമായിരുന്നില്ല . മലയാളം മാത്രം സംസാരിക്കുന്ന പാവപ്പെട്ടവരുടെ ഒരു കോളനി ആയിരുന്നു. അവരുടെ മുഖഭാവങ്ങളും ഒരു പാവം കോളനിയുടേതായിരുന്നു .


മുതിര്‍ന്നവരും ചെറുപ്പക്കാരും കുട്ടികളും കൈക്കുഞ്ഞുങ്ങളും ഉണ്ടായിരുന്നു ആ കോളനിയില്‍ . കുട്ടികളുടെ കുസൃതിയും കൊഞ്ചലും കൈക്കുഞ്ഞുങ്ങളുടെ പാല്‍ക്കരച്ചിലുകളും കേള്‍ക്കാമായിരുന്നു പറക്കുന്ന ആ ആകാശ കോളനിയില്‍
 

ചെറുപ്പക്കാരുടെ കണ്ണുകളും കൈവിരലുകളും ലാപ് ടോപ്പിന്റെയോ ടച് പാടിന്റെയോ സ്മാര്‍ട്ട് ഫോണിന്റെയോ സ്ക്രീനില്‍ വല്ലാത്തൊരു വേദനയില്‍ ഉടക്കിക്കിടന്നിരുന്നു .അവരാരും തന്നെ ചിരിക്കുന്നില്ല .ചിരി മറന്ന ആ കോളനിയുടെ കാവല്‍ക്കാരനെപോലെ എല്ലാം കണ്ടും കേട്ടും ഒഴുകുകയായിരുന്നു ഞാന്‍ ആ ആകാശ കോളനിയില്‍
 

ഈ വീമാനം വിലകുറഞ്ഞ മലയാളികളുടെ വിലകുറഞ്ഞ ആകാശ വാഹനമാണ് .വീമാനത്തിനകത്തെ ഭക്ഷണ പാനീയങ്ങള്‍ നിറച്ച ഉന്തുവണ്ടി യാത്രക്കാരുടെ നടവഴിയിലൂടെ പലവട്ടം ഉരുണ്ടു പോയെങ്കിലും ആരും തന്നെ വെള്ളം പോലും വാങ്ങി കുടിച്ചില്ല .ആ വീമാനത്തിനകത്തെ ആരുടേയും ദാഹം ഭൌതികമായിരുന്നില്ല .ഈ പാവം മനുഷ്യരുടെ അന്തര്‍ദാഹം ശമിപ്പിക്കാന്‍ ആ വീമാനത്തിലെന്നല്ല , ഭൂമിയിലെവിടേയും ഒരു ദാഹശമിനിയും കണ്ടുപിടിച്ചിട്ടില്ലായിരുന്നു .മാത്രമല്ല അറുപത് രൂപ കൊടുത്ത് ചായ കുടിക്കുന്നതിനോ ഇരുനൂറ്റമ്പത് രൂപ കൊടുത്ത് ഭക്ഷണം കഴിക്കുന്നതിനൊ ഉള്ള പ്രാപ്തി ഉണ്ടായിരുന്നില്ല ആ കോളനിയിലാര്‍ക്കും തന്നെ .


സാമ്പത്തിക ശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ ദാഹത്തെ മനപ്പൂര്‍വ്വം മറക്കുന്ന ആ കോളനിക്കുവേണ്ടി ഞാന്‍ മാത്രം എന്തിന് നിരാഹാരം കിടക്കണം. ഞാന്‍ ആ കോളനിയുടെ ഒരു കാവല്‍ക്കാരനൊ കാഴ്ചക്കാരനൊ മാത്രമല്ലേ. വീമാനത്തിനകത്തെ ആ ഉന്തുവണ്ടി തടഞ്ഞുനിര്‍ത്തി ഞാന്‍ രണ്ടു കാപ്പി വാങ്ങി . ഒന്നെനിക്കും മറ്റൊന്ന് എന്റെ സഹയാത്രികന്‍ കുന്നംകുളത്തുകാരനും
 

ഞാന്‍ കഴിച്ചത് ചായയോ കാപ്പിയോ ആയിരുന്നില്ലെന്ന് ആ പാനീയം കുടിച്ചപ്പോഴാണ് മനസ്സിലായത്‌ .പാവങ്ങളുടെ വേര്‍പ്പും കണ്ണീരും വീണ്‌കുതിര്‍ന്ന അറുപത് രൂപ നോട്ടുകള്‍ അരച്ചുചേര്‍ത്ത ചവര്‍പ്പുള്ള ഒരു ദ്രാവകമായിരുന്നു അത് .ഞാന്‍ ഒഴിച്ചുള്ള കോളനി നിരാഹാരം നടത്തിയതിന്‍റെ പൊരുള്‍ അറിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുകയും സ്വയം അപമാനിതനാവുകയും ചെയ്തു .


കോളനിയെ, കൂര്‍ത്ത നഖങ്ങള്‍കൊണ്ട് ഇറുക്കിപ്പിടിച്ച കഴുകനെപോലെ വീമാനം ആകാശത്തില്‍ പറന്നൊഴുകി .കഥകള്‍ ഉറങ്ങുന്ന അറബിക്കടലിന്റെ കറുത്ത ചുണ്ടുകള്‍ക്കിടയിലൂടെ .കുറെ നേരത്തേക്ക് വീമാനത്തിന്റെ കിളിവാതില്‍ ഒന്നും കാണിച്ചുതന്നില്ല.

ഏതോ നിദ്രയിലാണ്ടുകിടന്ന ആ കോളനിയിലെ ഉണര്‍ന്നിരുന്ന കുട്ടികളായിരിക്കണം എപ്പോഴോ വിളിച്ചുപറഞ്ഞു, “ഹായ് ദുബായെത്തി“ സ്വര്‍ണാഭരണഭൂഷിതയായി അറബിപ്പെണ്ണ് താഴെ മാരനെ കാത്ത് മിന്നിക്കിടന്നു. ഞാനും കുട്ടികളും മാത്രം വീമാനത്തിന്റെ കിളിവാതിലിലൂടെ അവളെ ആസ്വദിച്ചു. ബാക്കി കോളനി അവള്‍ക്കുനേരെ ബോധപൂര്‍വ്വമായിരിക്കണം കണ്ണുകളടച്ചു .
തുടരും ....
ഡോ .സി. ടി. വില്യം