Wednesday, October 31, 2012

കേരള സാഹിത്യ അക്കാദമി പേടിയ്ക്കുന്നതാരെ ?

ന്നാല്‍ എന്റെ പുസ്തകം മടക്കുമ്പോഴത്തെ പ്രശ്നം അക്കാദമി പബ്ലിക്കേഷന്‍ ആപ്പീസരോ എഡിറ്ററോ , ആരാണ് വലിയവന്‍ എന്നതായിരുന്നു. ഈ വലുപ്പ ചെറുപ്പത്തെ തെളിയിച്ചു കാണിയ്ക്കാന്‍ പരേതനായ പാവം ശേഷന്‍ മാഷെയും അക്ഷരായുസ്സിന്റെ ബലത്തില്‍ മാത്രം ജീവിയ്ക്കുന്ന എന്നെയും ഉപയോഗപ്പെടുത്തുകയായിരുന്നു. പബ്ലിക്കേഷന്‍ വിഭാഗത്തിലെ ഇത്തരത്തിലൊരു ജീവനക്കാരനെ അക്കാദമി പ്രീണിപ്പിച്ചുകൊണ്ടിരിയ്ക്കുകയാണത്രെ. ഇയാള്‍ കഴിഞ്ഞ കുറെ കാലമായി അക്കാദമിയ്ക്കെതിരെ വ്യവഹാര മൂര്‍ച്ചയിലുമാണ് . 
 
എന്റെ പുസ്തകം മടക്കുമ്പോള്‍ ഇയാളുടെ മുന്നില്‍ മൂന്നു വഴികളെ ഉണ്ടായിരുന്നുള്ളൂ .ഒന്ന് , ഇ .എം .എസ് .എന്ന വികാരത്തെ മുന്നില്‍ നിര്‍ത്തി കമ്മ്യുനിസ്ടായി അഭിനയിച്ച്  അക്കാദമിയ്ക്ക്  പ്രിയങ്കരനാവുക .രണ്ട് , അടുത്ത ഭരണ സമിതിയിലൂടെ ഈ പുസ്തകം പ്രസിദ്ധീകരിച്ച് അവര്‍ക്ക് സംപ്രീതനാവുക . മൂന്ന്‍ , സാംസ്കാരിക വകുപ്പുമന്ത്രി എം.എ.ബേബിയെയും എം. പി. വീരേന്ദ്രകുമാരിനെയും ബിംബങ്ങളാക്കി തനിയ്ക്ക് താത്പര്യമില്ലാത്ത അക്കാദമിയുടെ വടക്കന്‍ മുഖത്തെ കളങ്കപ്പെടുത്തുക. എന്റെ പുസ്തകം ഉപയോഗിച്ച് ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ സമര്‍ത്ഥമായി പ്രയോഗിച്ച ഒറ്റുനയം പ്രസ്ഥാനത്തെയും, സ്ഥാപനത്തെയും, സാഹിത്യത്തെയും ഒരുപോലെ ഒറ്റിക്കൊടുത്തു. ഈ ഒറ്റുകാരന്റെ പോറ്റമ്മ അക്കാദമി തന്നെയോ ? അതോ തെക്കുവടക്ക് രാഷ്ട്രീയ സാങ്കേതങ്ങളൊ ?സംജ്ഞകളോ ?

ആറ് അധ്യായങ്ങളില്‍ എഴുതിത്തീര്‍ന്ന പുസ്തകത്തില്‍ നിന്ന് 'സോഷ്യലിസ്റ്റിന്റെ  രംഗപ്രവേശവും അവസാനവും'  എന്ന മൂന്നാം അദ്ധ്യായം മാത്രം പൂര്‍ണമായി വെട്ടി മാറ്റിയാണ്  പുസ്തകം മടക്കിയത്. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ആരോഹണാവരോഹണങ്ങളും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന്റെ ആഘാതപ്രത്യാഘാതവും പ്രതിപാദിയ്ക്കുന്ന ഈ അദ്ധ്യായം എം. പി. വീരേന്ദ്രകുമാരിന്റെയും, പി.ശ്രീധരന്റെയും വീക്ഷണ വൈചിത്ര്യങ്ങളാല്‍ സമ്പന്നവും സമ്പുഷ്ടവുമാണ്. 
 
അപ്പോള്‍പിന്നെ ഈ അദ്ധ്യായം മാത്രം ഒരു ഒറ്റുകാരന്റെ പിന്‍ബലത്തോടെ വെട്ടിമാറ്റാന്‍ അക്കാദമി പ്രസിഡന്റ്‌ വത്സല ടീച്ചറെ പ്രേരിപ്പിച്ചതെന്ത് ? ഇത് അക്കാദമിയിലെ സാംസ്കാരിക അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനമോ ? വെട്ടി മാറിയത് കൈപ്പത്തിയോ ? സത്യമോ ?

ഡോ.സി.ടി.വില്യം

അവസാനിച്ചു

Monday, October 29, 2012

കേരള സാഹിത്യ അക്കാദമി പേടിയ്ക്കുന്നതാരെ?

 തിരുത്താനിടവരാതെ തല ഉയര്‍ത്തിനിന്നു എഴുതുന്നവനാണ് പത്രപ്രവര്‍ത്തകന്‍. തിരുത്തപ്പെടാതെ നട്ടെല്ലോടെ നിവര്‍ന്നുനില്‍ക്കുന്നവനാണ് യഥാര്‍ത്ഥ പത്രപ്രവര്‍ത്തകന്‍. യഥാര്‍ത്ഥ പത്രപ്രവര്‍ത്തനവും അതുതന്നെ.വെട്ടിത്തിരുത്തുക പത്രധര്‍മ്മമല്ല. പത്രാധിപധര്‍മ്മവുമല്ല. അവിടവിടെ ചെത്താനും മിനുക്കാനുമുള്ള അവകാശമേ പത്രാധിപര്‍ക്കുള്ളൂ. ഇതേക്കുറിച്ചൊക്കെ സവിസ്തരം പഠിച്ചെഴുതിയ വിലാസിനിയുടെ  'സ്വ .ലെ' അക്കാദമി ലൈബ്രറിയില്‍ വിശ്രമിയ്ക്കുന്നുണ്ട് . ആ പുസ്തകത്തിന്റെ നൂറാമത്തെ പുറമെങ്കിലും അക്കാദമി സെക്രട്ടറിയോ, പത്രാധിപരോ, പബ്ലിക്കേഷന്‍ ആപ്പീസരോ വായിച്ചിരുന്നെങ്കില്‍ അവര്‍ എന്റെ പുസ്തകം മടക്കില്ലായിരുന്നു. ഇനിയും എഴുത്തുകാരന്റെ കൈപ്പത്തി വെട്ടാതിരിയ്ക്കാനും പുസ്തകങ്ങള്‍ മടക്കാതിരിയ്ക്കാനുമായി ഞാന്‍ വിലാസിനിയുടെ സ്വ .ലെ യുടെ നൂറാമത്തെ പുറം ഇവിടെ ഉദ്ധരിയ്ക്കട്ടെ.

"സ്വന്തമായി നാലുവാചകമെഴുതുന്നതിനേക്കാള്‍ ഏറെ ക്ലേശകരമാണ് അന്യന്റെ ഒരു വാചകം തിരുത്തുന്നത്. സ്വന്തമായെഴുതുമ്പോള്‍ ആശയവും ആവേശവും സ്വന്തമാണ്. അവയെ ആവിഷ്കരിയ്ക്കാന്‍ വാക്കുകള്‍ തിരഞ്ഞെടുക്കുകയെ വേണ്ടൂ. മറ്റൊരാള്‍ എഴുതിയത് തിരുത്തേണ്ടിവരുമ്പോള്‍ സംഗതി കുറേക്കൂടി ദുര്‍ഘടമാണ് .ആശയവും ആവേശവും അന്യന്റെതാണ്. ഉപയോഗിയ്ക്കുന്ന വാക്കുകളും സ്വന്തമല്ല. അങ്ങിങ്ങ് ചെത്താനും ചിനക്കാനുമേ അവകാശമുള്ളൂ. കൈവിലങ്ങ് ധരിച്ച് വാള്‍പ്പയറ്റ്  നടത്തുന്നതിനു തുല്യമായ ഒരനുഭവമാണത് ." (സ്വ.ലെ .പുറം 100 )
വിലാസിനിയുടെത് പത്രപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗരേഖയായിരുന്നു. പത്രപ്രവര്‍ത്തന മേഖലയില്‍ പത്രാധിപര്‍ക്ക് കുറേക്കൂടി സ്വാതന്ത്ര്യമുണ്ട് . എന്നാല്‍ ഒരു സാഹിത്യകൃതിയില്‍ പത്രാധിപത്യം ഉറപ്പിയ്ക്കുന്നതിന് പരിധികളും പരിമിതികളും ഏറെയുണ്ട്. അതും ഒരു ജീവചരിത്ര ഗ്രന്ഥം കൂടിയാവുമ്പോള്‍ പ്രശ്നം സങ്കീര്‍ണവുമാണ്. ജീവചരിത്ര ഗ്രന്ഥമെന്നത്  ഒരു ജീവചരിത്രകാരന്റെ ഭാവനാവിലാസത്തിന്റെയോ അലങ്കാര വിന്യാസത്തിന്റെയോ സൃഷ്ടിതലമല്ല. അവിടെ ജീവചരിത്രകാരന്‍ ഒരു വ്യക്തിയുടെ ജീവിതകാലത്തിലെയ്ക്ക് കടന്നുചെന്ന് അയാളോടൊപ്പം ജീവിയ്ക്കുകയാണ്. എന്നിട്ട്, അയാള്‍ ചരിത്രത്തില്‍ വീഴ്ത്തിയ കാല്‍പാടുകളെ സത്യസന്ധമായി രേഖപ്പെടുത്തുകയാണ്. ഇവിടെയും സത്യപ്രസ്ഥാവന നടത്തുന്നത് ജീവച്ചരിത്രകാരനല്ല. മറിച്ച്, ജീവചരിത്രത്തിന് വിധേയനാവുന്ന വ്യക്തിയുടെ രക്തബന്ധുക്കളൊ, സുഹൃത്തുക്കളോ, സമകാലീനരോ ആണ്. അവര്‍ പകര്‍ന്നുതരുന്നതിന്റെ  വൈവിധ്യമാര്‍ന്ന അനുഭവ സാക്ഷ്യങ്ങളുടെയും രേഖാചിത്രങ്ങളുടെയും പ്രതിഫലനങ്ങളാണത്  . ഇത്തരത്തിലുള്ള അനുഭവ സാക്ഷ്യങ്ങളും, രേഖാചിത്രങ്ങളും, സത്യപ്രസ്ഥാവനകളുമാണ്  ഞാനെഴുതിയ പുസ്തകത്തില്‍ നിന്ന് അക്കാദമി വെട്ടി മാറ്റിയത്.

ഈ സംഭവങ്ങള്‍ക്കൊക്കെ മാപ്പുസാക്ഷികളായ അക്കാദമിയിലെ എന്റെ സുഹൃത്തുക്കളാണ് അക്കാദമി രാഷ്ട്രീയത്തിന്റെ തെക്കുവടക്ക് രാഷ്ട്രീയ സങ്കേതങ്ങളെക്കുറിച്ചും സംജ്ഞകളെക്കുറിച്ചും എനിയ്ക്ക് പറഞ്ഞുതന്നത് . അക്കാദമി സെക്രട്ടറി ഉണ്ടായതും തെക്കന്‍ നാമ നിര്‍ദേശത്തെ  തോല്‍പ്പിച്ചു വടക്കന്‍ നാമ നിര്‍ദേശം ജയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നുവത്രേ.

ഡോ.സി.ടി.വില്യം
തുടരും  

Thursday, October 25, 2012

കേരള സാഹിത്യ അക്കാദമി പേടിയ്ക്കുന്നതാരെ ?

ജീവചരിത്ര രചനയുടെ സങ്കേതങ്ങളും സാംഗത്യവും  നന്നായി മനസ്സിലാക്കിയാണ്  ഞാന്‍ "ശേഷം ശേഷന്‍" എന്ന കൃതി രചിച്ചിട്ടുള്ളത് .ഈ പുസ്തകത്തിന്റെ അവതാരിക എഴുതിയ എം.പി. വീരേന്ദ്രകുമാര്‍ കൂടാതെ കേരളത്തിലെ എഴുത്തുകാരും പ്രൊഫ .എന്‍. കെ. ശേഷന്റെ കാലത്തെ സോഷ്യലിസ്റ്റുകളും  കമ്മ്യുണിസ്ടുകളും ഈ പുസ്തകം വായിച്ചു സംശോധനം നടത്തിയതും സാക്ഷ്യപ്പെടുത്തിയതുമാണ് . അതുകൊണ്ടുതന്നെ പുസ്തകത്തിന് അക്കാദമി ആരോപിയ്ക്കുന്ന തരത്തിലുള്ള ന്യുനതകള്‍ പുന:പരിശോധിയ്ക്കെണ്ടാതായി വരും . 

വെട്ടിമാറ്റിയ ഭാഗങ്ങളെല്ലാം തന്നെ ഈ പുസ്തകത്തിന്റെ രചനയ്ക്ക് ആവശ്യമായ ആശയങ്ങളും, അനുഭവങ്ങളും, രേഖകളും, സംഭാവന ചെയ്തവരുടെ വാക്കുകളായിരുന്നു . എം. പി. വീരേന്ദ്രകുമാറും, പുതൂര്‍ ഉണ്ണികൃഷ്ണനും, പി. ശ്രീധരനും മുതല്‍ കൂട്ടിയ ഈ പുസ്തകത്തിന്റെ മൂന്നാം അധ്യായമാണ് പാടെ വെട്ടി മാറ്റിയത് . മാത്രമല്ല 'സോഷ്യലിസ്ടിന്റെ  രാഷ്ട്രീയപ്രവേശവും അവസാനവും' എന്ന തലക്കെട്ടിലുള്ള വെട്ടിമാറ്റിയ മൂന്നാം അദ്ധ്യായം ഈ പുസ്തകത്തെ സംബന്ധിച്ചിടത്തോളം മര്‍മ്മ പ്രധാനവുമാണ് .ഈ പുസ്തകത്തിന്റെ ആശയപരവും ശില്പപരവുമായ അസ്ഥിവാരമാണ് ഈ അദ്ധ്യായം . ഈ അധ്യായത്തെ മാറ്റിനിര്‍ത്തികൊണ്ട്  അക്കാദമിക പത്രാധിപത്യം നിര്‍ദേശിയ്ക്കും  പ്രകാരം ഈ പുസ്തകത്തെ പുതുക്കിപ്പണിയുക അസാധ്യമാണ് .ഗൌരവപൂര്‍ണമായ വായനയും, പഠനവും, ഗവേഷണവും അക്കാദമി നടത്താതെയാണ് ഈ അദ്ധ്യായം വെട്ടി മാറ്റിയിട്ടുള്ളത് . അപക്വവും അന്യായവുമായ രാഷ്ട്രീയ ഇടപടലുകള്‍ ഇവിടെ ഉണ്ടായതായി സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു . ഇത് പ്രസ്ഥാനത്തിനകത്ത് കൃത്രിമമായി രൂപപ്പെടുത്തിയെടുക്കുന്ന ആള്‍ ദൈവ കല്പനകള്‍, പ്രസ്ഥാനത്തിന്റെ തന്നെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളെ അട്ടിമറിയ്ക്കുന്നതിനുള്ള ബോധപൂര്‍വ്വമായ  ശ്രമമാണെന്നും ഞാന്‍ വിശ്വസിയ്ക്കുന്നു .

ഇടതു സര്‍ക്കാരിന്റെ ചുവന്ന കുതിരകളെ പൂട്ടി തേരോട്ടം നടത്തുന്നതിനിടയില്‍ കേരള സാഹിത്യ അക്കാദമിയ്ക്ക് ഈയിടെ ഒരു അക്കാദമിക വെളിപാട് കൂടിയുണ്ടായി . ഈ രാജ്യത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കൊക്കെ വേണ്ടി ഒരു അക്കാദമിക  പത്രപ്രവര്‍ത്തനക്കളരി ഒരുക്കുക . പത്രക്കടലാസ്സും ക്യാമറയുമെല്ലാം  ഈയടുത്തകാലം മുതല്‍ ഇടതു സര്‍ക്കാരിനെ മൂന്നാറും, ലാവലിനും, മ അദനിയും, പാര്‍ട്ടി വിഭാഗീയതയുമൊക്കെയായി സ്വയരം കെടുത്തിക്കൊണ്ടിരിയ്ക്കുകയാണ്. അവര്‍ക്കൊക്കെ പത്രപ്രവര്‍ത്തനത്തില്‍ മതിയായ സര്‍ക്കാര്‍ പരിശീലനം ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിയ്ക്കുന്നതെന്ന് അഴീക്കോട് മാഷ്‌ തന്നെയായിരിയ്ക്കണം അക്കാദമിയോട്  പറഞ്ഞത് . അഴീക്കോട്  മാഷ്‌ കേരളത്തിന്റെ തലങ്ങും വിലങ്ങും വാക്കോങ്ങിയിട്ടും വാളോങ്ങിയിട്ടും കാര്യമായ ഫല സിദ്ധി ഉണ്ടായില്ല.

അങ്ങനെയാണ് കേരളത്തിന്റെ മാധ്യമ പ്രവര്‍ത്തകര്‍ക്കായ് കേരള സാഹിത്യ അക്കാദമി മൂന്ന്‍ ദിവസത്തെ 'പത്രഭാഷ' ശില്പശാല നടത്തിയത്. പത്രഭാഷയ്ക്ക് കിട്ടിയ പുതിയ രണ്ടു വാക്കുകള്‍ 'ക്നാപ്പന്‍' ,'വിമതന്‍' തുടങ്ങിയവയാണെന്ന് പ്രബന്ധാവതാരകന്റെ കണ്ടുപിടുത്തമുണ്ടായി. ഇതുകേട്ട് വേദിയിലുണ്ടായിരുന്ന അക്കാദമി സെക്രട്ടറിയും പത്രാധിപ സമിതി അംഗവും നെറ്റി ചുളിച്ച് തല ചൊറിഞ്ഞു. മാത്രമല്ല, പത്രഭാഷ മെച്ചപ്പെടുത്താന്‍ ബൈബിള്‍  വായിച്ചു പഠിയ്ക്കുന്നതും നന്നായിരിയ്ക്കുമെന്നും അവതാരകന്‍ മാധ്യമ പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു .എന്നിട്ട് ശില്പശാലയുടെ മൂന്നാം നാള്‍ അക്കാദമിയുടെ പ്ലാവിന്‍ ചോട്ടില്‍ കൂടം കൂടിയ മാധ്യമ പ്രവര്‍ത്തകരോട് 'ഞാന്‍ പിഴയാളി' പ്രാര്‍ത്ഥന ചൊല്ലി കുമ്പസാരിയ്ക്കാന്‍ പറഞ്ഞു .കാരണം മാധ്യമ പ്രവര്‍ത്തകര്‍ സത്യസന്ധമല്ലാതെ എഴുതുന്നുണ്ടത്രേ. അതുകൊണ്ട് ജനങ്ങളോട് മാപ്പ് പറയാനുള്ള ബാധ്യതയുണ്ടത്രേ.ഇങ്ങനെയൊക്കെകൂടി  അവരെ ഓര്‍മിപ്പിച്ചു .ഐ എസ് ആറോ ചാരക്കേസ്സിന്റെ  പശ്ചാത്തലത്തില്‍ നിഷ്കളങ്കനായ നമ്പി നാരായണനെ അവരുടെ മുമ്പില്‍ പ്രതിഷ്ടിച്ചു .അവിടെ കൂടിയ മാധ്യമ പ്രവര്‍ത്തകര്‍ അക്കാദമിയെ അനുസരിച്ച് നമ്പി നാരായണനെ ഉള്ളില്‍ ധ്യാനിച്ച് മാപ്പുപറഞ്ഞു .

മാപ്പ് പറച്ചിലിന്റെ  പശ്ചാത്തലത്തിലെയ്ക്ക് കാര്യങ്ങള്‍ എത്തിയ്ക്കാതെ സത്യസന്ധമായി പത്രപ്രവര്‍ത്തനം നടത്തിയാല്‍ പോരെ ? പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയേണ്ടവനാണോ ? എന്നൊക്കെയുള്ള ഈ ലേഖകന്റെ അഭിപ്രായപ്രകടനം അക്കാദമിയുടെ കുമ്പസാരക്കൂട്ടിലെത്തിയില്ല. അക്കാദമി ഒരുക്കിയ കുമ്പസാരക്കൂടിനുമുന്പില്‍ മാധ്യമ കുഞ്ഞാടുകള്‍ മുട്ടുകുത്തി കുമ്പസാരിച്ചു. കുമ്പസാരത്തിനുശേഷം അക്കാദമി അവര്‍ക്ക് അപ്പവും വീഞ്ഞും കൊടുത്ത്. അവരുടെ പാപങ്ങള്‍ പൊറുത്തു. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ സിംഹ ഗര്‍ജ്ജനം കേട്ട മാധ്യമ കേരളം അങ്ങനെ കുമ്പസാരക്കൂട്ടിലെ മൃദുതേങ്ങലായി  മാറി.  
ഡോ.സി.ടി. വില്യം
തുടരും 

Monday, October 22, 2012

കേരള സാഹിത്യ അക്കാദമി പേടിയ്ക്കുന്നതാരെ?

 ദ്യകാല സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്‍ നിരക്കാരനായ എം. പി. വീരേന്ദ്രകുമാര്‍ , സോഷ്യലിസ്റ്റും എഴുത്തുകാരനുമായ പുതൂര്‍ ഉണ്ണികൃഷ്ണന്‍ , കെ.കെ,രാഹുലന്‍, സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ പി.എ. വാസുദേവന്‍, ടി.എന്‍. ജയചന്ദ്രന്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ പി.ശ്രീധരന്‍ , ജോയ്  ശാസ്താംപടിക്കല്‍ ,കെ. ബാലകൃഷ്ണന്‍ ,വടക്കാഞ്ചേരിയിലെ മുതിര്‍ന്ന കംമ്യുനിസ്ടുകാരായ കെ. പി. നമ്പീശന്‍ ,എ . പദ്മനാഭന്‍ ,മോയ്ടു കൂടാതെ ഒട്ടേറെ സാമൂഹിക- രാഷ്ട്രീയ- സാംസ്കാരിക പ്രവര്‍ത്തകരും അധ്യാപകരും പകര്‍ന്നുതന്ന വാമൊഴികളും വരമൊഴികളും ഈ ജീവചരിത്രത്തെ കൂടുതല്‍ ബലപ്പെടുത്തി .

പുസ്തക പ്രസിദ്ധീകരണ കരാറിന് വിധേയമായി 2009 മാര്‍ച്ചില്‍ തന്നെ ഈ പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി അക്കാദമി സെക്രട്ടറിയ്ക്ക് കൈ മാറിയിരുന്നു . തുടര്‍ന്ന് പുസ്തകത്തിന്റെ പ്രാഥമിക പരിശോധനയും വിലയിരുത്തലും നടത്തിയ അക്കാദമി പുസ്തകം പ്രസിദ്ധീകരിയ്ക്കാന്‍ തീരുമാനിച്ചു . പ്രസിദ്ധീകരണം ത്വരിതപ്പെടുത്തുന്നതിനായി അക്കാദമിയുടെ പ്രസിദ്ധീകരണ മാതൃകയില്‍ ലിപി സംവിധാനവും പേജ് സംവിധാനവും നിര്‍വ്വഹിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് , പ്രസിദ്ധീകരണത്തിന് ഉതകും വിധത്തില്‍ പുസ്തക രൂപത്തിലുള്ള അസ്സല്‍ പകര്‍പ്പ്  ഉണ്ടാക്കിയിരുന്നു . എന്റെ മറ്റൊരു പുസ്തകപ്രകാശന വേളയില്‍ അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രി എം . എ. ബേബി  ഈ പകര്‍പ്പ് പൊതുജന സമക്ഷം അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടിയ്ക്ക് കൈമാറുകയും ചെയ്തു . ഈ പുസ്തകം കഴിവതും വേഗം പ്രസിദ്ധീകരിയ്ക്കുമെന്ന് ശ്രീ പുരുഷന്‍ കടലുണ്ടി സദസ്സിനും മന്ത്രിയ്ക്കും ഉറപ്പു നല്ക്കുകയുമുണ്ടായി . 

പിന്നീട് വളരെ പെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. 'കേശവന്റെ വിലാപ'ങ്ങളുമായി അക്കാദമിയുടെ പടി ചവിട്ടിയ മുകുന്ദന്‍ എഴുതിയതുപോലെയായി കാര്യങ്ങള്‍ . 'എല്ലാം കണ്ടുനില്‍ക്കുന്ന കേശവന്റെ മനസ്സില്‍ അപ്പോഴും ഒരു സംശയം ബാക്കിനിന്ന് -യഥാര്‍ത്ഥ  ഇ.എം. എസ്സ്  തന്നെയാണോ അത് ? അല്ലെങ്കില്‍ വെള്ള കടലാസ്സില്‍ ചുവന്ന മഷിയില്‍ താന്‍ കോറിയിട്ട ഇ. എം. എസ്സോ ?' ഏതാണ്ട് ഈ സംശയം ബാക്കി നിര്‍ത്തി മുകുന്ദന്‍ അക്കാദമിയുടെ കസേര ഒഴിവാക്കുന്നു .


ഈ പുസ്തകത്തിന്റെ രചനയ്ക്ക് ആശയ ഗാംഭീര്യവും വീര്യവും പകര്‍ന്നുതന്ന എം. പി. വീരേന്ദ്രകുമാര്‍ പിന്നീട് ഈ പുസ്തകത്തിന് അവതാരിക എഴുതുമ്പോള്‍ രാഷ്ട്രീയ കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന്  വീരേന്ദ്രകുമാര്‍ ഇടതുപക്ഷം ഒഴിവാക്കുന്നു . അക്കാദമി നിര്‍വ്വാഹക സമിതി പുതുക്കി പണിയുന്നു . ഏറ്റവും അവസാനം വത്സല ടീച്ചര്‍ മലയാള സാഹിത്യത്തിന്റെ പുതിയ ചോദ്യ പേപ്പറുമായി അക്കാദമി പ്രസിഡണ്ട്‌  കസേരയില്‍ വരുന്നു . ഈ സാഹചര്യത്തിലാണ് എനിയ്ക്ക് അക്കാദമിയുടെ പബ്ലിക്കേഷന്‍ വിഭാഗത്തില്‍ നിന്ന് ഒരു മൊബൈല്‍ സന്ദേശം ലഭിയ്ക്കുന്നത്.സന്ദേശം ഇങ്ങനെ , 'താങ്കളുടെ പുസ്തകം വളരെ നന്നായിട്ടുണ്ട് . പക്ഷെ ഈ ഭരണ സമിതിയ്ക്ക് പ്രസിദ്ധീകരിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ട് . അടുത്ത ഭരണ സമിതി വരുന്ന മുറയ്ക്ക് നമുക്ക് പ്രസിദ്ധീകരിയ്ക്കാം .' ഈ ഭരണ സമിതിയ്ക്ക് പ്രസിദ്ധീകരിയ്ക്കാനാവാത്തതും അടുത്ത ഭരണ സമിതിയ്ക്ക് പ്രസിദ്ധീകരിയ്ക്കാവുന്നതുമായ എന്തുണ്ട് എന്റെ പുസ്തകത്തില്‍ എന്നചോദ്യത്തിന് അക്കാദമി പബ്ലിക്കേഷന്‍ ഓഫീസര്‍ എനിയ്ക്ക് ഒരു കോണ്‍ഗ്രസ്സ് ചിരി തന്നു . പിന്നീട് വെട്ടി തിരുത്തിയ സ്ക്രിപ്റ്റും അലങ്കാരത്തിനു അക്കാദമി സെക്രട്ടറി കയ്യൊപ്പ് വീഴ്ത്തിയ ഒരു കത്തും എനിയ്ക്ക് തന്നു .

ഡോ.സി.ടി.വില്യം
തുടരും

Friday, October 19, 2012

കേരള സാഹിത്യ അക്കാദമി പേടിയ്ക്കുന്നതാരെ ?

 കേരള സാഹിത്യ അക്കാദമിയുടെ നിര്‍വാഹക സമിതി ആവശ്യപ്പെട്ടതനുസരിച്ച് സി .ടി . വില്യം എഴുതിയ പ്രൊഫ .എന്‍ .കെ . ശേഷന്റെ ജീവചരിത്രത്തിലെ മൂന്നാം അദ്ധ്യായം വെട്ടിമാറ്റപ്പെട്ടത് എന്തുകൊണ്ട് ? സോഷ്യലിസ്റ്റായ ശേഷനെ സംബന്ധിച്ച് എം.പി. വീരേന്ദ്രകുമാറിന്റെ അവതാരിക ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ട് ?പ്രൊഫ .എന്‍ .കെ . ശേഷന്റെ ജീവചരിത്രത്തിനുണ്ടായ അവഗണനകള്‍ ഗ്രന്ഥകര്‍ത്താവായ ശ്രി.സി. ടി. വില്യം 2011 ജൂലൈ 20 ന് മാതൃഭുമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തിന്റെ പുനപ്രകാശനം.

പുസ്തകത്തിന്റെ മുറിച്ചുമാറ്റിയ മൂന്നാം അധ്യായത്തില്‍ നിന്ന് ചോദ്യങ്ങളൊന്നുമില്ലാതെ  ചോദ്യ പേപ്പര്‍ പുനക്രമീകരിച്ച വത്സല ടീച്ചറെ പ്രകോപിപ്പിച്ചതെന്ത് ? 1965 -1967  കാലഘട്ടത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെയും കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തെയും വ്യാഖ്യാനിച്ച എം .പി . വീരേന്ദ്രകുമാറോ ? സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ ഇ. എം. എസ്  എന്നറിയപ്പെട്ടിരുന്ന പ്രൊഫ . എന്‍ . കെ . ശേഷനെയും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലെ സാക്ഷാല്‍   ഇ . എം .എസ്സിനെയും  ഒരു  പത്രപ്രവര്‍ത്തകന്റെ കണ്ണാടിയിലൂടെ നോക്കിക്കണ്ട്‌ സത്യസന്ധമായ് വ്യാഖ്യാനിച്ച പി . ശ്രീധരനോ ? ഒരായുസ്സുമുഴുവാന്‍ കമ്മ്യുണിസ്റ്റ് പാര്‍ടിയ്ക്കകത്തുനിന്നും  പുറത്തുനിന്നും വിമര്‍ശം കൊണ്ടും കൊടുത്തും കേരളത്തിന്റെ രാഷ്ട്രീയ മനസ്സില്‍ സ്വന്തമായൊരു  ഇടം നേടിയ ഇ . എം . എസ്സിനെ ഒരു എഴുത്തുകാരന്‍ സത്യസന്ധമായി വിലയിരുത്തിയതിനോ ? എന്നാല്‍ ഇത്തരം ചോദ്യങ്ങളൊന്നും തന്നെ ഉന്നയിയ്ക്കാനുള്ള ധൈര്യം കാണിയ്ക്കാതെ എന്തെ വത്സല ടീച്ചര്‍ പുസ്തകം മടക്കിയത് ? ഇതിന്റെയൊക്കെ ധ്വനി, മുറിച്ചുമാറ്റിയ മൂന്നാം അധ്യായത്തില്‍ ചോദ്യങ്ങളില്ല; ഉത്തരങ്ങളെ ഉള്ളൂ എന്നാണോ ? അതോ അപ്രിയ ചോദ്യങ്ങളില്‍നിന്നും  സത്യങ്ങളില്‍നിന്നുമുള്ള  ഒരു അധ്യാപികയുടെ ഒളിച്ചോട്ടമോ?

 കേരള സാഹിത്യ അക്കാദമിയുടെ അഭിനവ പ്രസിദ്ധീകരണ പദ്ധതിയായ ജീവചരിത്ര ഗ്രന്ഥ വലിയിലെയ്ക്ക് പ്രൊഫ . എന്‍ .കെ. ശേഷന്റെ 200  പേജുള്ള ജീവചരിത്രം എഴുതണമെന്ന് അക്കാദമിയുടെ നിര്‍വാഹക സമിതി ആവശ്യപ്പെട്ടതനുസരിച്ചാണ് ഞാന്‍ ഗ്രന്ഥ രചന ആരംഭിച്ചത് . 2008  ഏപ്രില്‍ മുതല്‍ 2009  മാര്‍ച് വരെ  ആയിരുന്നു  ഗ്രന്ഥ രചനയ്ക്ക് അനുവദിച്ചുതന്ന സമയം. ഇത് സംബന്ധിച്ച് അക്കാദമിയും ഞാനും ഒരു പ്രസിദ്ധീകരണ കരാറും ഒപ്പുവച്ചിട്ടുണ്ട് .
പ്രൊഫ .എന്‍ . കെ. ശേഷന്റെ ജീവചരിത്രത്തിന്റെ ജൈവാംശ    ത്തെക്കാള്‍   ഗരിമ അതുമായ് ബന്ധപ്പെട്ടുകിടക്കുന്ന അമ്പതുകളിലെയും അറുപതുകളിലെയും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിനും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന്റെ ചരിത്രത്തിനുമാണെന്നതുകൊണ്ടും  സ്വാഭാവികമായും  എന്റെ   അന്വേഷണ  - ഗവേഷണങ്ങള്‍  ആ  വഴിയെ  സഞ്ചരിച്ചു . മാത്രമല്ല  , പ്രൊഫ .എന്‍ . കെ . ശേഷന്റെ ജൈവപരവും  ധിഷണാപരവുമായ  ഭൌതിക  രേഖകള്‍  ഏറെ  ലഭ്യവുമായിരുന്നില്ല  . ഈയൊരു  സാഹചര്യത്തില്‍ വരമോഴികളെ ക്കാള്‍  വാമൊഴികളെ  ആശ്രയിക്കെണ്ടാതായും  വന്നു. അങ്ങനെ  ആദ്യ  കാല  സോഷ്യലിസ്റ്റുകളും,  കമ്മ്യുണിസ്ടുകളും,  പത്രപ്രവര്‍ത്തകരും, എഴുത്തുകാരും  ഈ ഗ്രന്ഥരചനയ്ക്ക് വാമൊഴികളുടെ ബലമായി .

ഡോ .സി . ടി. വില്യം 
തുടരും                         

Wednesday, October 17, 2012

കേരള സാഹിത്യ അക്കാദമി പേടിയ്ക്കുന്നതാരെ ?

കേരള സാഹിത്യ അക്കാദമിയുടെ നിര്‍വാഹക സമിതി ആവശ്യപ്പെട്ടതനുസരിച്ച് സി .ടി . വില്യം എഴുതിയ പ്രൊഫ .എന്‍ .കെ . ശേഷന്റെ ജീവചരിത്രത്തിലെ മൂന്നാം അദ്ധ്യായം വെട്ടിമാറ്റപ്പെട്ടത് എന്തുകൊണ്ട് ? സോഷ്യലിസ്റ്റായ ശേഷനെ സംബന്ധിച്ച് എം.പി. വീരേന്ദ്രകുമാറിന്റെ അവതാരിക ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ട് ?പ്രൊഫ .എന്‍ .കെ . ശേഷന്റെ ജീവചരിത്രത്തിനുണ്ടായ അവഗണനകള്‍ ഗ്രന്ഥകര്‍ത്താവായ ശ്രി.സി. ടി. വില്യം 2011 ജൂലൈ 20 ന് മാതൃഭുമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തിന്റെ പുനപ്രകാശനം.

" റഷ്യയിലും കിഴക്കേ യുറോപ്പിലും ചൈനയിലും ക്യുബ മുതലായ രാജ്യങ്ങളിലും മാത്രമല്ല, ഇന്ത്യയിലും ഫ്രാന്‍സിലും ഇറ്റലിയിലും പല ആഫ്രികാന്‍ രാജ്യങ്ങളിലും സാധാരണക്കാര്‍ക്കുപോലും പരിചിതമാണ് ഈ ഗ്രന്ഥനാമം. എങ്കിലും ഈ കൃതി മുഴുവന്‍ വായിച്ചിട്ടുള്ള ആളുകള്‍ ലോകം ആകെ എടുത്താലും വളരെ കുറവായിരിക്കും . മഹാഭാരതത്തെ പ്രശംസിക്കുന്നവരില്‍ വളരെ ചെറിയ ഒരു ന്യൂനപക്ഷമല്ലേ ആ ഇതിഹാസ കൃതി ആദ്യാവസാനം വായിച്ചിട്ടുള്ളൂ ...മറ്റു ഗ്രന്ഥങ്ങള്‍ക്ക്  സാധാരണ ഇല്ലാത്ത ഒരു പരിവേഷം മാര്‍ക്സിന്റെ മൂലധനത്തിനുണ്ട് . മറ്റു തത്വചിന്തകര്‍ ജീവിതം വ്യാഖ്യാനിക്കാന്‍ ശ്രമിച്ചപ്പോള്‍ മാര്‍ക്സ് അതിനെ വിപ്ലവകരമായി മാറ്റാന്‍ ശ്രമിച്ചു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത . കേവലം ഒരു ഗ്രന്ഥം മാത്രമല്ല മൂലധനം ...മാര്‍ക്സിസ്റ്റുകള്‍ പോലും വായിക്കേണ്ട ഒരു ഗ്രന്ഥമാണ് മൂലധനം ." അയ്യപ്പ പണിക്കര്‍

 " ശാസ്ത്രീയമായ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുവാന്‍ ഞാന്‍ ഒരുക്കമാണ് . 'പൊതുജനാഭിപ്രായം' എന്ന് പറയപ്പെടുന്നതിന്റെ ആനുകൂല്യത്തിനുവേണ്ടി ഞാന്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല . ജനങ്ങള്‍ എന്തെങ്കിലും പറയട്ടെ . നിങ്ങളുടെ സ്വന്തം വഴിയെ അനുസരിയ്ക്കുക എന്നുല്ലതായിരിക്കും മേലിലും എനിക്ക് മാര്‍ഗ്ഗ ദര്‍ശകം." കാള്‍ മാര്‍ക്സ് . 

ഡി .സി . ബുക്സ് പ്രസിദ്ധം ചെയ്ത കാള്‍ മാര്‍ക്സിന്റെ മൂലധനം എന്ന പുസ്തകത്തിന് അയ്യപ്പ പണിക്കര്‍ എഴുതിയ ആമുഖത്തിലെയും മൂലധനത്തിന്റെ ഒന്നാമത്തെ ജര്‍മന്‍ പതിപ്പിന് കാള്‍ മാര്‍ക്സ് എഴുതിയ മുഖവുരയുടെയും അവസാന ഭാഗത്തുനിന്നെടുത്ത ഉദ്ധരണികളുമാണ് മേല്‍ കുറിച്ചിട്ടുള്ളത് .

 മേല്‍ കുറിമാനത്തില്‍ നിന്ന് അയ്യപ്പപണിക്കരുടെ ധിഷണാവ്യായാമം  ഉറപ്പിച്ചെടുക്കുന്നത്  രണ്ടു കാര്യങ്ങളാണ്. ഒന്ന്, മാര്‍ക്സിസത്തെ പ്രശംസിയ്ക്കുന്ന ഒരു ന്യുനപക്ഷം മാത്രമേ മാര്‍ക്സിസം ആദ്യാവസാനം വായിച്ചിട്ടുള്ളൂ. രണ്ട്, വായനയുടെ പൂര്‍ണ ബിംബങ്ങളെന്ന് വിശേഷിയ്ക്കപ്പെടുന്ന മാര്‍ക്സിസ്റ്റുകള്‍ പോലും വായിക്കേണ്ട ഗ്രന്ഥമാണ് മൂലധനം.

കാള്‍ മാര്‍ക്സിന്റെ ചരിത്രഫലകമായ മുഖവുരയും നമുക്ക് നേരെ പ്രതിബിംബിയ്ക്കുന്നതും രണ്ട് തത്വദര്‍ശനങ്ങളാണ് . ഒന്ന്, ശാസ്ത്രീയമായ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുവാന്‍ ഒരുങ്ങുക .രണ്ട്, 'പൊതുജനാഭിപ്രായം' എന്ന് പറയപ്പെടുന്ന ആനുകൂല്യത്തിനെതിരെ നിങ്ങളുടെ സ്വന്തം വഴിയെ അനുസരിയ്ക്കുക. 

മലയാള സാഹിത്യത്തിനു ദാര്‍ശനികമായ മാനങ്ങള്‍ നല്‍കിയ അയ്യപ്പ പണിക്കരുടെ ആമുഖ ദര്‍ശനത്തിനും ലോക തത്വചിന്തയുടെ അജയ്യനായ ദാര്‍ശനികന്‍ കാള്‍ മാര്‍ക്സിന്റെ മുഖവുരയ്ക്കും ശേഷം കേരള സാഹിത്യ അക്കാദമിയുടെ രാഷ്ട്രീയ കസേരയിലിരുന്ന്ക്ലാസ്സെടുക്കുന്ന വത്സല ടീച്ചറുടെ 'പുസ്തകങ്ങളുടെ സെന്‍സര്‍ ഷിപ്‌ ' എന്ന ഒന്നാം പാറത്തിലേക്ക്  വരുമ്പോള്‍ അയ്യപ്പ പണിക്കരുടെ ആമുഖവും കാള്‍ മാര്‍ക്സിന്റെ മുഖവുരയും നാണക്കേടിന്റെ അമാവാസിയില്‍ അഭയം പ്രാപിയ്ക്കുന്നത് കാണാം.

ഈ പരിസരത്തുനിന്നു നോക്കുമ്പോള്‍ മാത്രമാണ്  കേരള സാഹിത്യഅക്കാദമി പ്രഖ്യാപിച്ച സാംസ്കാരിക അടിയന്തിരാവസ്ഥയുടെ ഗൌരവവും അപഹാസ്യതയും നമുക്ക് ബോധ്യമാവുകയുള്ളൂ. ഈയൊരു അടിയന്തിരാവസ്തയിലൂടെ വത്സല ടീച്ചര്‍ ജയിലിലടച്ചത് അക്കാദമിയുടെ തന്നെ പത്രാധിപ സമിതി അംഗവും, സാംസ്കാരിക സംഘ അംഗവും, നിര്‍വാഹക സംഘ അംഗവും സര്‍വോപരി സാഹിത്യ അക്കാദമിയ്ക്കും മറ്റ് സാംസ്കാരിക അക്കാദമികള്‍ക്കും സര്‍ക്കാര്‍ സഹായം കാര്യമായി  ഉറപ്പുവരുത്തിയ കേരളത്തിന്റെ  ധനകാര്യമന്ത്രി കൂടിയായ പ്രൊഫ.എന്‍.കെ. ശേഷന്റെ പരേതാത്മാവിനെയാണ്.പരേതന്റെ ജീവചരിത്രത്തിന്റെ മൂന്നാം അദ്ധ്യായം വെട്ടി മാറ്റിക്കൊണ്ടാണ് വത്സല ടീച്ചര്‍  'പുസ്തകങ്ങളുടെ സെന്‍സര്‍ഷിപ്‌ ' എന്ന മലയാള സാഹിത്യം ചോദ്യ പേപ്പര്‍ പുന ക്രമീകരിച്ചത് .

 ഡോ.സി. ടി. വില്യം
തുടരും

Tuesday, October 16, 2012

കേരള സാഹിത്യ അക്കാദമി പേടിയ്ക്കുന്നതാരെ ?

കേരള സാഹിത്യ അക്കാദമിയുടെ നിര്‍വാഹക സമിതി ആവശ്യപ്പെട്ടതനുസരിച്ച് സി .ടി . വില്യം എഴുതിയ പ്രൊഫ .എന്‍ .കെ . ശേഷന്റെ ജീവചരിത്രത്തിലെ മൂന്നാം അദ്ധ്യായം വെട്ടിമാറ്റപ്പെട്ടത് എന്തുകൊണ്ട് ? സോഷ്യലിസ്റ്റായ ശേഷനെ സംബന്ധിച്ച് എം.പി. വീരേന്ദ്രകുമാറിന്റെ അവതാരിക ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ട് ?പ്രൊഫ .എന്‍ .കെ . ശേഷന്റെ ജീവചരിത്രത്തിനുണ്ടായ അവഗണനകള്‍ ഗ്രന്ഥകര്‍ത്താവായ ശ്രി.സി. ടി. വില്യം 2011 ജൂലൈ 20 ന് മാതൃഭുമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനത്തിന്റെ പുനപ്രകാശനം.

" റഷ്യയിലും കിഴക്കേ യുറോപ്പിലും ചൈനയിലും ക്യുബ മുതലായ രാജ്യങ്ങളിലും മാത്രമല്ല, ഇന്ത്യയിലും ഫ്രാന്‍സിലും ഇറ്റലിയിലും പല ആഫ്രികാന്‍ രാജ്യങ്ങളിലും സാധാരണക്കാര്‍ക്കുപോലും പരിചിതമാണ് ഈ ഗ്രന്ഥനാമം. എങ്കിലും ഈ കൃതി മുഴുവന്‍ വായിച്ചിട്ടുള്ള ആളുകള്‍ ലോകം ആകെ എടുത്താലും വളരെ കുറവായിരിക്കും . മഹാഭാരതത്തെ പ്രശംസിക്കുന്നവരില്‍ വളരെ ചെറിയ ഒരു ന്യൂനപക്ഷമല്ലേ ആ ഇതിഹാസ കൃതി ആദ്യാവസാനം വായിച്ചിട്ടുള്ളൂ ...മറ്റു ഗ്രന്ഥങ്ങള്‍ക്ക്  സാധാരണ ഇല്ലാത്ത ഒരു പരിവേഷം മാര്‍ക്സിന്റെ മൂലധനത്തിനുണ്ട് . മറ്റു തത്വചിന്തകര്‍ ജീവിതം വ്യാഖ്യാനിക്കാന്‍ ശ്രമിച്ചപ്പോള്‍ മാര്‍ക്സ് അതിനെ വിപ്ലവകരമായി മാറ്റാന്‍ ശ്രമിച്ചു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത . കേവലം ഒരു ഗ്രന്ഥം മാത്രമല്ല മൂലധനം ...മാര്‍ക്സിസ്റ്റുകള്‍ പോലും വായിക്കേണ്ട ഒരു ഗ്രന്ഥമാണ് മൂലധനം ." അയ്യപ്പ പണിക്കര്‍ 


" ശാസ്ത്രീയമായ വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുവാന്‍ ഞാന്‍ ഒരുക്കമാണ് . 'പൊതുജനാഭിപ്രായം' എന്ന് പറയപ്പെടുന്നതിന്റെ ആനുകൂല്യത്തിനുവേണ്ടി ഞാന്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല . ജനങ്ങള്‍ എന്തെങ്കിലും പറയട്ടെ . നിങ്ങളുടെ സ്വന്തം വഴിയെ അനുസരിയ്ക്കുക എന്നുല്ലതായിരിക്കും മേലിലും എനിക്ക് മാര്‍ഗ്ഗ ദര്‍ശകം." കാള്‍ മാര്‍ക്സ് .

തുടരും 

ഡോ.സി. ടി. വില്യം

Monday, October 8, 2012

ഗോവ തിരകളോട് പറയുന്നു, 'നമുക്ക് സ്നേഹിയ്ക്കാം'. തിരകള്‍ ഗോവന്‍ തീരങ്ങളോട് പറയുന്നു, 'നമുക്ക് സ്നേഹിയ്ക്കാം'.

ഗോവ ആര്‍ഭാടത്തിന്റെ ഭൂസ്ഥലിയല്ല. ആവശ്യാധിഷ്ടിത ജീവിത സൌകര്യങ്ങളുടെ വാസസ്ഥലമാണ് . ഗോവ ആതിഥ്യ മര്യാദയുടെ അവസാന വാക്കാണ്‌ . ഇവിടെ വീടുകള്‍, വീടുടമസ്ഥരുടെ സ്വകാര്യ ആര്‍ഭാടകേന്ദ്രമല്ല. അതിഥികള്‍ക്ക്  മാറ്റിവച്ച പരുദീസകളാണ്. വീടിന്റെ മുറ്റങ്ങള്‍, മുന്നിലായാലും പിന്നിലായാലും ഒന്നുകില്‍ അത് ഭക്ഷണശാലയാവും അല്ലെങ്കില്‍ മദ്യശാലയാവും. ഇവിടെ എല്ലാ വീട്ടു മുറ്റത്തും പെട്രോള്‍ ലഭ്യമാണ്. പെട്രോളിന്റെ വികേന്ദ്രീകൃത കമ്പോളം. നമ്മുടെ മന്ത്രിമാര്‍ ചിന്തിയ്ക്കുന്നതിനുമുമ്പുതന്നെ ഗോവയില്‍ ഇത് നടപ്പായി. ഗോവക്കാര്‍ ആവശ്യത്തിനുമാത്രം വീട് ഉപയോഗിയ്ക്കുന്നു. ആവശ്യം കഴിഞ്ഞു ബാക്കി വരുന്ന വീട് അതിഥികള്ക്കായ് മാറ്റിവയ്ക്കുന്നു.സാമ്പത്തിക ശാസ്ത്രത്തിന്റെ അതിസൂക്ഷ്മമായ പ്രായോഗിക ഘടനാസിദ്ധാന്തം.

ഗോവയിലെ വീടുകളില്‍ രാവിലെ എത്തുന്നത്  പത്രമോ പാക്കറ്റ് പാലോ അല്ല. മൂന്നോ നാലോ  ബണ്ണുകള്‍ അടങ്ങുന്ന പാക്കറ്റുകളായെത്തുന്ന ഇരു ചക്ര വാഹനങ്ങളാണ്. ഭക്ഷണ രീതികളും ഇവിടെ ആവശ്യാധിഷ്ടിതമാണ്. ഗോവക്കാര്‍ക്ക്‌ ഭക്ഷണം ആര്‍ഭാടമല്ല. രണ്ട് ബണ്ണിലും കടല കറിയിലും ഒതുങ്ങുന്ന ഭക്ഷണമാണ് ഗോവക്കാരുടെത് . പത്രങ്ങളിലും വര്‍ത്തമാനങ്ങളിലൊന്നും  അവര്‍ക്ക് പൊതുവേ താത്പര്യമില്ല. ഗോവന്‍ കടല്‍ തീരങ്ങളില്‍ പത്രപ്രവര്‍ത്തകരെയോ, ചാനല്‍ പ്രവര്‍ത്തകരെയോ, ബി. ഓ. ബി. വാനുകളെയോ കാണാനാവില്ല. ഗോവയുടെ സ്വോയ് ര ജീവിതത്തെ അവര്‍ വെറുതെ വിടുന്നു. ഗോവയുടെ തീരങ്ങളുടെ വര്‍ത്തമാനങ്ങള്‍ അവിടെ ഉണ്ടാവുന്നു. അവിടെത്തന്നെ അവസാനിയ്ക്കുന്നു. വര്‍ത്തമാനങ്ങളുടെ സ്വോകാര്യതകള്‍ സ്വോകാര്യതയുടെ മാത്രം ദൃശ്യങ്ങളും വാര്‍ത്തകളുമായി അവരവരുടെ ചിത്രപ്പെട്ടിയില്‍ തന്നെ ഒതുങ്ങുന്നു. 
കടല്‍ തീരങ്ങളില്‍ എത്രയെത്ര യാത്രികരാണ് തിരകളെ പോലെ വന്നും പോയും ഇരിയ്ക്കുന്നത് . അവരില്‍ ആണുങ്ങളുണ്ട്‌. പെണ്ണുങ്ങളുണ്ട്‌. വൃദ്ധരുണ്ട്. കുഞ്ഞുങ്ങളുണ്ട് . പല പല സംസ്കാരങ്ങള്‍ !പല പല ഭാഷകള്‍ !പല പല വേഷ പകര്‍ച്ചകള്‍ ! പല പല ഭാവ വിസ്മയങ്ങള്‍ !അവര്‍ സ്നേഹിയ്ക്കുന്നു .ആനന്ദിയ്ക്കുന്നു. ലോകം അവരെ സ്വതന്ത്രരാക്കിയിരിയ്ക്കുന്നു.

അജ്ഞാത കവി പാടിയതുപോലെ അവര്‍ ഗോവയുടെ ഹൃദയത്തിന്റെ മറു പകുതിയായി സ്പന്ദിയ്ക്കുന്നു.അവസാനമില്ലാതെ. അവര്‍ ആരെയും ശ്രദ്ധിയ്ക്കുന്നില്ല. ആരും അവരെയും. എന്തൊരു ശാന്തത! അന്തൊരു സ്വെരത! എന്തൊരു സ്വാതന്ത്ര്യം! എന്തൊരു നിര്‍ഭയത! ഗോവ തിരകളോട് പറയുന്നു, 'നമുക്ക് സ്നേഹിയ്ക്കാം'. തിരകള്‍ ഗോവന്‍ തീരങ്ങളോട് പറയുന്നു, 'നമുക്ക് സ്നേഹിയ്ക്കാം'.

അവര്‍ യന്ത്രങ്ങള്‍ ഘടിപ്പിച്ച വര്‍ണ്ണാഭമായ യാന പാത്രങ്ങളില്‍ തിരപ്പുറത്തെറി  ആര്‍ത്തുല്ലസിയ്ക്കുന്നു. ജല കേളികളുടെ സുരക്ഷിതമായ ജല വിസ്മയങ്ങള്‍! ആ വിലകൂടിയ ജല വിസ്മയങ്ങള്‍ ഗോവയുടെ ഖജനാവില്‍ വിദേശ നാണയം നിറയ്ക്കുന്നു. കേരളത്തിന് ഇതൊന്നും അറിയില്ല. ബോട്ട് ദുരന്തങ്ങളുടെ നടുക്കത്തിലും അതുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണങ്ങളിലും നാം നിര്‍വൃതി അടയുന്നു.
 
കേരളത്തിനും തീരങ്ങളുണ്ട്. തിരകളുണ്ട്. എന്നാല്‍ നാം അതൊന്നും കാണുന്നില്ല. കേള്‍ക്കുന്നില്ല. അറിയുന്നില്ല. ദൈവത്തിന്റെ സ്വന്തം നാടെന്ന രാഷ്ട്രീയ അഹങ്കാരത്തില്‍ നാം എല്ലാത്തിനും നേര്‍ക്ക്‌ കണ്ണടയ്ക്കുന്നു. അല്ലെങ്കില്‍ ആരോ നമ്മുടെ കണ്ണടപ്പിയ്ക്കുന്നു.

(ഗോവന്‍ യാത്രാനുഭവം അവസാനിച്ചു ) 

ഡോ. സി.ടി. വില്യം.                     

Thursday, October 4, 2012

"ഓനൊരു മഹാ സംഭവമാണ് ചേട്ടാ ! ഓന് ലാപ്ടോപ്പുണ്ട്! അത് നിറയെ പെണ്ണുങ്ങളാണ്. എല്ലാം ഫോറിന്‍ പെണ്ണുങ്ങളാണ് ചേട്ടാ !"


  (ഗോവന്‍ യാത്രാനുഭവം മൂന്നാം ഭാഗം)

സോമെഷിന് വിദ്യാഭ്യാസമില്ല. ആകര്‍ഷകമായ സൌന്ദര്യമില്ല. എന്നാല്‍ എവിടെയോ ശ്രദ്ധിയ്ക്കപ്പെടുന്ന വ്യക്തിത്തമുണ്ട് . ആകെ അറിയുന്ന പണി ഡ്രൈവിംഗ് ആണ് . വീതി കൂയിയ മൂന്നുനാല് പല്ലുകളില്‍ തിളങ്ങുന്ന ചിരിയില്‍ നിഷ്കളങ്കതയും വെളിച്ചവുമുണ്ട് . ഒരു കാതില്‍ വജ്രം പതിപ്പിച്ച കമ്മലുണ്ട് . ചെറുനാരങ്ങാ നിറത്തില്‍  അലങ്കാര ചാര്‍ത്തുള്ള ഒരു മാരുതി എസ്ടീം കാറുണ്ട് . രണ്ടു മൊബൈല്‍ ഫോണുകള്‍ മാറി മാറി ഉപയോഗിയ്ക്കുന്നു. കൊങ്കണിയും, മറാത്തിയും, ഇംഗ്ലീഷും, സ്പാനിഷും, ഫ്രെഞ്ചും, ഭാഷകള്‍.. സൌമ്യതയുടെയും ചിരിയുടെയും അകമ്പടിയോടെ അടര്‍ന്നുവീഴുന്നു. ഇതെല്ലാം സോമേഷ് അജ്ഞതയില്‍ നിന്ന് ആര്‍ജ്ജിച്ചെടുത്തതാണെന്ന്  അറിയുമ്പോള്‍ സോമേഷിന്റെ വ്യക്തിത്തം കൂടുതല്‍ തിളങ്ങുന്നു.



"ഓനൊരു  മഹാ സംഭവമാണ് ചേട്ടാ !" സോമെഷിനെ കുറിച്ച് ഗോവയിലെ എന്റെ തലശേരിക്കാരന്‍ സുഹൃത്ത് പറഞ്ഞുകൊണ്ടിരുന്നു. "ഓന് ലാപ്ടോപ്പുണ്ട് ! അത് നിറയെ പെണ്ണുങ്ങളാണ്. എല്ലാം ഫോറിന്‍ പെണ്ണുങ്ങളാണ് ചേട്ടാ ! സീസണ്‍ കഴിഞ്ഞാല്‍ അവര്‍ അവനെ ഫോറിനിലെയ്ക്ക് കൊണ്ടുപോകും. പിന്നെ അടുത്ത സീസണിലെ ഓന്‍ വരൂ . ഓന്‍ സ്കൂളില്‍ പോയിട്ടില്ല ചേട്ടാ . ഓന്‍ എല്ലാ ഭാഷേം പറയും...." തലശേരിക്കാരന്‍ ശ്വാസമടക്കി തുടരുകയാണ്.

ഇത്തരം കാര്യങ്ങളിലൊക്കെ കൌതുകമുള്ളവരാണല്ലോ നമ്മള്‍ ശരാശരി കേരളത്തുകാര്‍. സോമെഷിലെ ഈ മഹാ സംഭവത്തെ അറിയാനും ആസ്വദിയ്ക്കാനുമായി ഞാന്‍ സോമെഷിനെ കണ്ടു. ഒരു ഗോവന്‍ മദ്യശാലയില്‍ വച്ച് . യഥാര്‍ഥത്തില്‍ മദ്യശാലയെന്നൊന്നും പറയാനാവില്ല. ഒരു വീട്ടുമുറ്റം. അല്ലെങ്കില്‍ ഒരു വീടിന്റെ പിന്നാമ്പുറം. എന്തായാലും കടലിന്റെ ദൃശ്യ - ശ്രാവ്യ സാമീപ്യമുണ്ട് . ഗോവയിലെ മദ്യശാലകള്‍ അങ്ങനെയാണ് . എല്ലാ വീട്ടുമുറ്റത്തും പിന്നാമ്പുറങ്ങളിലും അവിടെ മദ്യം വിളമ്പും. ഒപ്പം ഭക്ഷണവും. ഇത്തരം വീട്ടുമുറ്റങ്ങളുടെയും പിന്നാമ്പുറങ്ങളുടെയും വലുപ്പചെറുപ്പമനുസരിച്ച് അവിടെ പാട്ടും നൃത്തവും ക്യാമ്പ് ഫയരുമെല്ലാം ഉണ്ടാവും.

ഒരു ഡസ്സനിലേറെ വിദേശ കൂട്ടുകാരികളുള്ള സോമേഷിന്റെ ആകര്‍ഷണ തന്ത്രം അറിയാനായി ചോദിച്ചപ്പോള്‍, സോമേഷ് തന്റെ ലാപ്ടോപ്പിലെ പ്രണയ ദൃശ്യങ്ങളെ സാക്ഷ്യപ്പെടുത്തി ഒറ്റ വാക്കില്‍ പറഞ്ഞു , "ഐ ലവ് ദെം . കിസ്സ്‌ ദെം . എമ്ബ്രയ്സ് ദെം .ഐ ഹെല്പ് ദെം ." അതെ, സോമേഷിന്റെ രതിയും ലൈങ്ഗീകതയും ഒരു ചുംബനത്തിലും ആലിന്ഗനത്തിലും  പരിശുദ്ധമായി അവസാനിയ്ക്കുന്നു. സോമേഷ് നമ്മുടെ പ്രണയ സങ്കല്‍പ്പത്തെ അട്ടിമറിയ്ക്കുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും വിദേശ കൂട്ടുകാരികളെ കുറിച്ച് വളരെ വ്യക്തമായ ധാരണകളുണ്ട് സോമെഷിന് . "ദേ ആര്‍ ഓള്‍ സെല്‍ഫിഷ് . ബട്ട്‌ ഇന്നോസിന്റ്റ് . ഐ ഡോണ്ട് മൈന്‍ഡ് . വൈ ഷുഡ്‌ ഐ ? " വിദേശീയരുടെ സ്വാര്‍ഥതയെയും നിഷ്കളങ്കതയെയും ഒരേ തട്ടില്‍വച്ചു വിലയിരുത്തുന്ന സോമെഷിനെ ഞാന്‍ ഇപ്പോള്‍ അറിയുന്നു . സോമേഷ് ഒരു മഹാ സംഭവമല്ല, തത്വചിന്തയുടെ ഒരു പരിചേദമാണ്.

ഡോ.സി.ടി.വില്യം

(അടുത്ത ബ്ലോഗ്ഗില്‍ തുടരും)

Monday, October 1, 2012

വേലായുധേട്ടന്‍ വെളിപ്പെടുത്തുന്നു, തൊണ്ണൂറ്റിയഞ്ചാം വയസ്സില്‍ !

പതിനാറാമത്തെ വയസ്സില്‍ ശ്രീനാരായണ ഗുരുവിന്റെ പരിവര്‍ത്തനാശയങ്ങളെ സ്വീകരിച്ച പി .കെ. വേലായുധന്‍ . പിന്നീട് സമഗ്രമായൊരു സാമൂഹ്യവിപ്ലയാശങ്ങല്‍ക്കായ് കമ്മ്യുണിസ്റ്റുകാരനായി. വിപ്ലവത്തിന്റെ എരിതീയിലൂടെ കുതിയ്കവേ 1967 -ല്‍ കോണ്‍ഗ്രസ്സുകാരും അവരുടെ ഗുണ്ടകളും എയ്തു വീഴ്ത്തി. പോലീസ് മരണമൊഴി എടുത്തു . എന്നിട്ടും സഖാവ് . പി .കെ. വേലായുധന്‍  മരിച്ചില്ല. തൊണ്ണൂറ്റിയഞ്ചു  വയസ്സ് വരെ. ദുര്‍ബ്ബലമായ ശരീരത്തിലെ ബലമുള്ള ശബ്ദത്തില്‍ വേലായുധേട്ടന്‍ പലതും വെളിപ്പെടുത്തുന്നു . പൊള്ളുന്ന പത്ത് വെളിപ്പെടുത്തലുകള്‍ .
ഒന്ന്
ജയില്‍വാസം
1964 -ല്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഇടതും വലതുമായി പിളര്‍ന്നതിനെ തുടര്‍ന്ന്, വലതുകാര്‍ ലിസ്റ്റ് കൊടുത്ത തനുസരിച്ച് ഞങ്ങളെയൊക്കെ വേട്ടയാടി പിടിച്ചു . സഖാവ് ടി .പി .കൃഷ്ണന്റെ വീട്ടില്‍ പി.ബി. കൂടിക്കൊണ്ടിരിയ്കുമ്പോഴാണ്  ഞങ്ങളെയൊക്കെ ജയിലിലടച്ചത്. ഇ.എം.എസ്സിനെ മാത്രം പിടിച്ചില്ല. പ്രായം, കോണ്‍ഗ്രസ്സിനോട്  അന്ന് പുലര്‍ത്തിവന്ന ആനുകൂല്യം, ഒളിവില്‍പോയി പ്രവര്‍ത്തിയ്ക്കില്ല എന്ന വിശ്വാസം എന്നിവ കണക്കിലെടുത്ത്  ഇ.എം.എസ്സിനെ അവര്‍ ഒഴിവാക്കി .

രണ്ട്
മരണമൊഴി
1967 -ല്‍ ഓട്ടുകമ്പനി തൊഴിലാളികള്‍ക്ക് മിനിമം കൂലി നടപ്പാക്കുന്നത് സംബന്ധിച്ച് സി.പി.എമ്മിന്റെ നേതൃത്ത്വത്തില്‍ ശക്തമായ സമരങ്ങളുണ്ടായി. എ.സി. ചാക്കുവിന്റെ ഓട്ടുകമ്പനിയെ കേന്ദ്രീകരിച്ചായിരുന്നു സമരം നടന്നത് . എ .സി . ചാക്കുവും കോണ്‍ഗ്രസ്സും ചേര്‍ന്ന് യെങ്ങ് മെന്‍സ് അസോസിയേഷന്‍ (Young Men's Association ) എന്ന പേരിലൊരു ഗുണ്ടാ സംഘമുണ്ടാക്കി . അവര്‍ക്ക് ആയുധ പരിശീലനവും കൊടുത്തു. അവരാണ് എന്നെ ആക്രമിച്ചത് . പിന്നില്‍നിന്നായിരുന്നു ആക്രമണം . ഒല്ലൂരിലെ മൊയലന്‍ ജോര്‍ജാണ് ആക്രമിച്ചത് . ചത്തെന്ന് കരുതി പോയതാണ് അവര്‍.  പക്ഷെ ഞാന്‍ ചത്തിരുന്നില്ല. പോലീസ് മരണമൊഴിയും എടുത്തതാണ് . ഇതൊക്കെ പറയാന്‍ മാത്രം ഞാന്‍ ഇന്നും ജീവിയ്ക്കുന്നു .

മൂന്ന്
രാഷ്ട്രീയ നേട്ടം
നാലാം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. ബാലവൈദ്ധ്യം പഠിച്ചിട്ടുണ്ട്. ഇന്നും വൈദ്ധ്യം പ്രയോഗിയ്ക്കുന്നുണ്ട് .എ .കെ .ജി .യുടെ ആത്മകഥയും , ചെഗ്വെരയും , മറ്റു കമ്മ്യുണിസ്റ്റ് സാഹിത്യവും വായിച്ചുപഠിച്ചിട്ടുണ്ട്. പതിനാറാം വയസ്സില്‍ ശ്രീനാരായണ ഗുരുവിന്റെ സാമൂഹ്യ പരിവര്‍ത്തനാശയങ്ങള്‍ പിന്തുടര്‍ന്ന് പ്രവര്‍ത്തിച്ചുവന്നതാണ് . ഇതിനിടയില്‍ കല്ലാശാരിയായി. കാളവണ്ടിപണിക്കാരനായി. ലോക മഹായുദ്ധത്തില്‍ ആസ്സാം യുനിറ്റില്‍ പട്ടാളക്കാരനായി. 1954 -ല്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി  പ്രവര്‍ത്തകനായി. ജയില്‍വാസമനുഭവിച്ചു . മാരകമായ പരിക്ക് പറ്റി. പാര്‍ട്ടി സഹായിച്ചില്ലെന്ന് പറയാന്‍ പറ്റില്ല .മകള്‍ക്ക് ദേവസ്വം ബോര്‍ഡില്‍ ജോലി കൊടുത്തു . രാഷ്ട്രീയ നേട്ടം അത്രതന്നെ .

നാല്
സഖാക്കള്‍ പുറത്ത്
പരിക്കുപറ്റി കിടന്നപ്പോഴും നിരാലംബനായി കിടക്കുന്ന ഇപ്പോഴും പഴയ പാര്‍ട്ടി പ്രവര്‍ത്തകരൊന്നും വരാറില്ല. പലര്‍ക്കും വയസ്സായി. പലരും മരിച്ചു . പിന്നെ നല്ല പ്രവര്‍ത്തകരൊക്കെ പോയി . സഖാവ് മാമക്കുട്ടി നല്ല പ്രവര്‍ത്തകനായിരുന്നു. അയാളെ പാര്‍ട്ടി പുറത്താക്കി . ഗ്രൂപ്പ് കളിതന്നെ . അല്ലാതെന്തുപറയാന്‍ ?

അഞ്ച്
പാര്‍ട്ടി പോയി, ഗ്രൂപ്പ് വന്നു
ഇന്ന് പാര്‍ട്ടിയുടെ ക്വാളിറ്റി പോയിരിയ്ക്കുന്നു .ക്വാളിറ്റി ഉള്ളവരും ഇന്ന് പാര്‍ട്ടിയിലില്ല . കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഇന്ന് മുതലാളി വര്‍ഗ്ഗ പാര്‍ട്ടിയായി . തൊഴിലാളി യുണിയന്‍ പോലെ ഇന്ന് പാര്‍ട്ടിയ്ക്ക് മുതലാളി യുണിയനുണ്ട്. ഇന്ന് പാര്‍ട്ടിയല്ല ഉള്ളത് . ഗ്രൂപ്പാണ് . പ്രവര്‍ത്തകര്‍ പാര്‍ട്ടിയിലെയ്കല്ല വരുന്നത് . അവരൊക്കെ ഗ്രൂപ്പിലെയ്കാണ് വരുന്നത് .

ആറ്
ആശയത്തിന് പകരം ആയുധം
ഇന്ന് നല്ല കമ്മ്യുനിസ്റ്റുകാര്‍ക്ക് അധികം ആയുസ്സില്ല . ഇന്നത്തെ കമ്മ്യുനിസ്റ്റുകളില്‍ കൂടുതല്‍ പേരും സ്വാര്‍ത്ഥമോഹികളാണ്. ആത്മാര്‍ഥതയില്ല പലര്‍ക്കും. പണ്ടൊന്നും ഇത്രയധികം കൊലപാതകങ്ങള്‍ ഉണ്ടായിരുന്നില്ല . അന്നൊക്കെ ആശയങ്ങള്‍ കൊണ്ടാണ് പ്രതിയോഗികളെ നേരിട്ടിരുന്നത് , ആയുധം കൊണ്ടായിരുന്നില്ല. അന്നത്തെ ക്വാളിറ്റിയെല്ലാം പോയിരിക്കുന്നു . പാര്‍ട്ടിയും വളരെ പുറകോട്ട് പോയി .

ഏഴ്
തൊഴിലാളികളോടുള്ള കടപ്പാട്
പണ്ട് ഞാന്‍ സംഘടിപ്പിച്ച തൊഴിലാളികള്‍ക്കൊക്കെ ഇന്ന് വയസ്സായി . അവരൊക്കെ ഇന്ന് വൃദ്ധരായി. അവരുടെ സഹായത്തിന് ഇന്നാരുമില്ല.അങ്ങനെ തുടങ്ങിയതാണ്‌ ആവണിശ്ശേരിയിലെ  ഈ വൃദ്ധജന ക്ഷേമ സമിതി . തൊഴിലാളികളോടുള്ള ആത്മാര്‍ത്ഥമായ ഒരു ബാധ്യതയാണ് ഈ വൃദ്ധജന ക്ഷേമ സമിതി. പഴയ സഖാവ് സുധാകരനും, ഞാനും പിന്നെ വീ .ആര്‍ . കൃഷ്ണനെഴുത്തച്ചനും കൂടി തുടങ്ങിയതാണ്‌  ഈ വൃദ്ധജന ക്ഷേമ സമിതി.

എട്ട്
വൃദ്ധജനം സര്‍ക്കാരിനും രാഷ്ട്രീയ പാര്‍ട്ടിയ്ക്കും വേസ്റ്റ്‌
നമ്മുടെ നാട്ടില്‍ ശിശു ക്ഷേമമുണ്ട് . വനിതക്ഷേമുണ്ട് . സാമൂഹ്യ ക്ഷേമമുണ്ട്. വൃദ്ധജന ക്ഷേമം മാത്രമില്ല . സര്‍ക്കാരിന് അങ്ങനെയൊരു അജണ്ടയില്ല . രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് തീരെയില്ല . രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിന്നെ വൃദ്ധജനങ്ങളെകൊണ്ട്  കാര്യവുമില്ലല്ലോ . വൃദ്ധജനം ഇവര്‍ക്കൊക്കെ വേസ്റ്റ്‌ (Waste) ആണ് .

ഒമ്പത്
നിയന്ത്രണം വിദേശ പണത്തിനോ, വൃദ്ധജന ക്ഷേമത്തിനോ?
വൃദ്ധസദനങ്ങള്‍ ധാരാളമുണ്ട് . അവയില്‍ പലതും കച്ചവടസ്ഥാപനങ്ങളാണ്. ഈ മേഖലയില്‍ വിദേശ പണത്തിന്റെ  ഒഴുക്കുണ്ട് .അതാണ്‌ കച്ചവടത്തിന് സഹായകമാവുന്നത്‌ . ബി .ജെ. പി. സര്‍ക്കാര്‍ വന്നപ്പോള്‍ അവര്‍ വിദേശ പണത്തിന്റെ ഒഴുക്ക് നിയന്ത്രിച്ചിരുന്നു . ഇത്തരം സ്ഥാപനങ്ങളെയും . അങ്ങനെ ഇത്തരം സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ പോലും ഇന്ന് വളരെ ബുദ്ധിമുട്ടായി .

പത്ത്
പുതിയ തലമുറയും, വിശുദ്ധ ആത്മഹത്യയും
വൃധജനക്ഷേമത്തിനായി പുതിയ തലമുറ മുന്നോട്ടുവരുന്നില്ല . സേവനത്തില്‍ ആര്‍ക്കും താത്പര്യമില്ല .സത്യം , ധര്‍മ്മം, നീതി ,സ്നേഹം, ഇതൊന്നും ഇന്നില്ല . അതുണ്ടാവണം. ആരും ആരെയും വിശ്വസിയ്ക്കുന്നില്ല . ആര്‍ക്കും ആരോടും കടപ്പാടില്ല . പ്രത്യേകിച്ച് ഒരു അടുപ്പവുമില്ല . സംന്യാസികള്‍ പോലും ആത്മഹത്യ ചെയ്യുന്ന ഈ സമൂഹത്തില്‍ ഇനി എന്ത് പ്രതീക്ഷ ? 

ഡോ.സി .ടി. വില്യം