Thursday, September 10, 2020

ആർസനിക്കം ആൽബവും ആരവങ്ങളും

അവസാനം ആർസനിക്കം ആൽബത്തിന് (Arsenicum Album -30) ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ സർട്ടിഫിക്കറ്റ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (IMA) ധാർഷ്ട്യത്തിനും മുഷ്കിനും മുമ്പിൽ കേരളത്തിന്റെ സർക്കാരും ആരോഗ്യവകുപ്പും കുറച്ചുനാളത്തേക്ക് കീഴടങ്ങിക്കൊടുത്തെങ്കിലും അവസാനം സർക്കാരും ആരോഗ്യമന്ത്രിയും ഉയർത്തെഴുന്നേറ്റിരിക്കുകയാണ്. ഇന്ത്യയുടെ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന അലോപ്പതിയേതര ചികിത്സാസമ്പ്രദായങ്ങളുടെ വകുപ്പായ ആയുഷിനൊപ്പം (Ayush: Ayurveda-Yoga-Unani-Siddha-Homeopathy) ആർസനിക്കം ആൽബത്തെ (Arsenicum Album -30) ആരോഗ്യവകുപ്പ് അംഗീകരിച്ചിരിക്കുകയാണ്. മാത്രമല്ല, ആർസനിക്കം ആൽബം (Arsenicum Album -30) ജനങ്ങൾക്കിടയിലേക്ക് വ്യാപകമായി പ്രചരിപ്പിക്കാൻ ഒരുങ്ങുകയുമാണ് സർക്കാർ.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ സാഹചര്യത്തിലാണ് ഒരു ഹോമിയോ മരുന്നിന്റെ പേരിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) വീണ്ടും സർക്കാരിനും ജനങ്ങൾക്കും എതിരായി കോലാഹലങ്ങൾക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള ഒരു കോലാഹലങ്ങൾക്കോ പ്രതിഷേധത്തിനോ പ്രതിരോധത്തിനോ  ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് ധാർമ്മികമായ അധികാരമോ അവകാശമോ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. അതും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമപരമായി അംഗീകരിച്ച ഒരു ചികിത്സാ സമ്പ്രദായത്തോടും മരുന്നിനുമെതിരേയുള്ള തികച്ചും സ്വാർത്ഥമായ ഒരു കോലാഹലത്തിന്, എന്നതും ചിന്തനീയം തന്നെ.

മാത്രമല്ല, ഹിപ്പോക്രീറ്റസ് പോലും നൂറ്റാണ്ടുകൾക്ക് മുമ്പ് ആർസനിക്കം ആൽബം (Arsenicum Album -30) മരുന്നുകുറിച്ച സാഹചര്യത്തിൽ അതേ ഹിപ്പോക്രീറ്റസിന്റെ പേരിൽ പ്രതിജ്ഞ ചൊല്ലി ഇംഗ്ലീഷ് വൈദ്യരുടെ വേഷം കെട്ടിയവർ ഇത്തരത്തിലുള്ള കോലാഹലങ്ങൾക്ക് ആഹ്വാനം ചെയ്യുന്നതിലെ ശരി-തെറ്റുകളും നമുക്ക് വിലയിരുത്തേണ്ടതായി വരും.

ബി.സി 400 മുതൽ ആർസനിക്കം ആൽബം (Arsenicum Album -30) ഈ ഭൂമിയിൽ മരുന്നായി തന്നെ നിലനിന്നിരുന്നതായാണ് ഗവേഷണങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്. മാത്രമല്ല, ഹോമിയോപ്പതിക്കു പുറമേ, ഇന്നും പല ആധുനിക അലോപ്പതി മരുന്നുകളിലും ചികിത്സാ സങ്കേതങ്ങളിലും ഈ മരുന്നിന്റെ വിവിധ രൂപത്തിവും ഭാവത്തിലും അളവിലുമുള്ള പ്രയോഗമുണ്ടെന്നതും സത്യമാണ്. വസ്തുതകൾ ഇങ്ങനെയായിരിക്കെ ഈ വിഷയത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന കോലാഹലങ്ങൾ സ്വന്തം കാലിന്നടിയിലെ മണ്ണ് ഒലിച്ചുപോകുന്നതിന്റെ പ്രതിഷേധമായേ നമുക്ക് കാണാനാവൂ. 

മനുഷ്യശരീരത്തിന്റെ മിക്കവാറും മർമ്മപ്രധാനമായ എല്ലാ അവയവങ്ങൾക്കും നൂറ്റാണ്ടുകളായി രോഗപ്രതിരോധ പരിരക്ഷ ഉറപ്പുവരുത്തുന്നതായി ആർസനിക്കം ആൽബം (Arsenicum Album -30) തെളിയിച്ചിട്ടുണ്ടെന്നാണ് ഹോമിയോ വൈദ്യശാസ്ത്രം പറയുന്നത്. തലയും തലച്ചോറും, കണ്ണും മൂക്കും, കാതും തൊണ്ടയും, ചുണ്ടും നാക്കും, പല്ലും മോണയും, ഹൃദയവും കരളും, കിഡ്നിയും മൂത്രാശയവും, നാഡിയും ഞരമ്പും, പേശികളും അസ്ഥികളും തുടങ്ങി മനുഷ്യശരീരത്തിന്റെ മുഴുവൻ കാവലാളായും കരുത്തായും ഈ മരുന്ന് അനുഭവ വെളിച്ചമായിരുന്നെന്നും ഹോമിയോ വൈദ്യശാസ്ത്രജ്ഞനായ ജെയിംസ് ടയിലർ കെന്റ് (James Tyler Kent) അടയാളപ്പെടുത്തുന്നുണ്ട്. മാത്രമല്ല, മനുഷ്യന്റെ മനശാസ്ത്രപരമായ വൈകല്യങ്ങൾക്കും തിരുത്തലുകൾക്കും ശാന്തിമന്ത്രമായും ഹോമിയോ വൈദ്യശാസ്ത്രം നിലകൊള്ളുന്നുണ്ട്. ഈയൊരു മനശാസ്ത്രതലത്തിലാണ് ആർസനിക്കം ആൽബം (Arsenicum Album -30) എന്ന മരുന്നിന്റെ അത്യപൂർവ്വമായ ശക്തിയെന്നതും വളരെ ശ്രദ്ധേയമാണ്. 

ഈ മനശാസ്ത്ര പരിസരത്തുനിന്നാണ് ആർസനിക്കം ആൽബം (Arsenicum Album -30) കോവിഡിന് പ്രതിരോധമരുന്നാവുന്നത്. കോവിഡ്-19 ഇന്ന് ഒരു  മഹാമാരിക്കപ്പുറം പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. ജാഗ്രതയിൽ നിന്ന് ആരംഭിച്ച ഈ രോഗം ആശങ്കയും ഭയവും കടന്ന് ഒഴിവാക്കാനാവാത്ത ദുരന്തത്തിൽ ചെന്നുനില്ക്കുകയാണ്. മുഖംമൂടി ധാരണത്തിലും കൈ കഴുകലിലും സാമൂഹികമായ അകലം പാലിക്കലിലും സ്വകാര്യതകളിൽ ഒതുങ്ങലിലും ആഗോളമനുഷ്യർ വീർപ്പുമുട്ടിക്കഴിയുകയാണ്.

ശ്മശാനതുല്യമായ ഒറ്റപ്പെടലിൽ ഏകാന്തതയുടെ തടവറകളിൽ അടിച്ചേൽപ്പിക്കപ്പെട്ട പുതിയ ചിട്ടയിലും ജീവിതക്രമത്തിലും അവർ ആത്മഹത്യക്കും മരണത്തിനും ഇടയിൽ ജീവിതത്തെ തള്ളിനീക്കുകയാണ്. ഹോമിയോ ശാസ്ത്രവിധിപ്രകാരം അവർ ഒരു ആർസനിക്ക് സമൂഹമായി മാറിയിരിക്കുന്നു.

ആർസനിക്കുകളുടെ രോഗമെന്നത്, ചിട്ടപ്പെടുത്തിയ ജീവിതക്രമവും (Orderliness) അതുയർത്തുന്ന ഏകാന്തതയുടെ അശാന്തി (Restlessness) യുമാണ്. ഭയാശങ്കയോടെയുള്ള അവരുടെ ജീവിതം ചിലപ്പോഴെങ്കിലും ആത്മഹത്യാ പ്രവണതകളിലേക്ക് അവരെ നയിക്കും. കോവിഡ് സമൂഹത്തിന്റെ ഒരു ദുരന്ത പരിച്ഛേദമാണ് അവർ. അങ്ങനെ ഹോമിയോ ഭാഷയിൽ പറഞ്ഞാൽ അവർ ആർസനിക്കാവുന്നു. അങ്ങനേയാണ് ആർസനിക്കം ആൽബം (Arsenicum Album -30) കോവിഡിന് മനശാസ്ത്രപരമായ മരുന്നാവുന്നത്. ആർസനിക്കം ആൽബം (Arsenicum Album -30) ആത്മസംഘർഷങ്ങളേയും ആത്മഹത്യാ പ്രവണതകളേയും വിഷാദങ്ങളേയും അകറ്റുന്നുവെന്ന് ഹോമിയോ വൈദ്യശാസ്ത്രം അവകാശപ്പെടുന്നു.


കോവിഡിന്റെ ഒന്നാം ഘട്ടത്തിലെ അതിതീവ്രമായ പനി, ചുമ, തലവേദന, ചർദ്ദിൽ, വയറിളക്കവും ശ്വാസംമുട്ടും കടന്ന് ന്യുമോണിയായിലെത്തി, രോഗത്തെ അതിജീവിക്കാനാകാതെ വരുമ്പോൾ രണ്ടാം ഘട്ടത്തിൽ വെന്റിലേറ്ററിന്റെ സഹായം തേടുന്ന ഒരു രോഗസൂചികയാണ് പൊതുവെ കോവിഡിനുള്ളത് എന്നാണ് പറഞ്ഞുകേൾക്കുന്നത്. അതിന്നപ്പുറമുള്ള ഘട്ടങ്ങളിൽ രോഗം മറ്റ് അവയവങ്ങളിലേക്ക് വ്യാപിക്കുകയുമാണത്രെ പതിവ്. പ്രതിരോധശേഷിക്കുറവ് ഉള്ളവരിലും മറ്റുരോഗങ്ങൾ ഉള്ളവരിലും അവസാനഘട്ടങ്ങളെ അതിജീവിക്കുക പ്രയാസമാണെന്നാണ് അനുഭവങ്ങൾ നമ്മോട് പറയുന്നത്. ഇവിടെയാണ് ആർസനിക്കം ആൽബം (Arsenicum Album -30) അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതെന്ന് ഹോമിയോ വൈദ്യശാസ്ത്രം വിശ്വസിക്കുന്നു. ആർസനിക്കം ആൽബം (Arsenicum Album -30) രോഗപ്രതിരോധം ശാരീരികമായും മനശാസ്ത്രപരമായും പ്രദാനം ചെയ്യുന്നതോടൊപ്പം, ചുരുങ്ങിയപക്ഷം രണ്ടാംഘട്ടം വരെ രോഗിക്ക് കനത്ത സുരക്ഷയും അതിജീവനവും ഉറപ്പുവരുത്തുന്നതായാണ് ഹോമിയോ വിദഗ്ദർ പറയുന്നത്.   

ഈ മഹാമാരിക്കാലത്ത് കോവിഡ് രോഗം എങ്ങനെ നിയന്ത്രിക്കാമെന്നും അതിന്റെ സമ്പർക്ക-വ്യാപനങ്ങൾ എങ്ങനെ തടയാമെന്നും ലോകം അതിഗൌരവമായി ആലോചിക്കുന്ന സമയത്താണ് കേരളത്തിലെ ഏതാനും അലോപ്പതി കുത്തകക്കാർ ആർസനിക്കം ആൽബം (Arsenicum Album -30) എന്ന  രസതന്ത്രത്തെ ചുറ്റിപ്പറ്റി കോലാഹലം ഉണ്ടാക്കുന്നത്.

ആർസനിക്കം ആൽബം (Arsenicum Album -30) എന്ന ഈ രസതന്ത്രത്തിന്റെ സമ്പർക്കവും വ്യാപനവും തടയുന്നതിന്നായുള്ള ഒരു അതിതീവ്രയജ്ഞവുമായി കേരളത്തിലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) അലോപ്പതിക്കാർ കുതികാൽ വെട്ടുന്ന കാഴ്ചയാണ് ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ എന്താണ് ഈ രസതന്ത്രത്തോടുള്ള വിരോധവും അതിന്റെ പിന്നിലുള്ള കുടിലതന്ത്രവും.

ഈ കോവിഡ് കാലത്ത് ജനങ്ങൾ ഒരു നിർബന്ധിത അച്ചടക്കത്തോടെ വീട്ടിലിരുന്നപ്പോൾ അവരാരും തന്നെ ഇപ്പോൾ അനാവശ്യ രോഗാകുലതകളുമായി ആശുപത്രികളിലേക്ക് ചേക്കേറുന്നില്ലെന്നതാണ് സത്യം. തദ്വാര, ചെറിയ ക്ലിനിക്കുകൾ മുതൽ പഞ്ചനക്ഷത്ര സുഖവാസ ആശുപത്രികളെല്ലാം ഇന്ന് പ്രതിസന്ധിയിലാണ്. പല ആശുപത്രികളും ഇപ്പോൾ സൌജന്യങ്ങളുടേയും ആനുകൂല്യങ്ങളുടേയും അകമ്പടിയോടെ ജനങ്ങളിൽ എസ്സെമ്മസ്സും വാട്സാപ്പ് സന്ദേശങ്ങളും എത്തിച്ചുകൊണ്ട് കച്ചവടം തിരിച്ചുപിടിക്കാൻ പാടുപെടുകയാണ്.

അലോപ്പതിക്കാർ കാലങ്ങളായി അവരിൽ കുത്തിവച്ചുകൊണ്ടിരുന്ന രോഗാകുലതകളൊന്നും തന്നെ ഇപ്പോൾ ആദ്യത്തേതുപോലെ ഫലം കാണുന്നില്ല. കോവിഡ് പഠിപ്പിച്ച ആരോഗ്യകരങ്ങളായ ചിട്ടയും ക്രമവും ജീവിതരീതികളും അവരെ ഇപ്പോൾ രോഗമുക്തരാക്കിയിരിക്കുന്നു. അവർ ആശുപത്രികളിൽ നിന്ന് മുക്തിപ്രാപിച്ച് ആയുരാരോഗ്യസൌഖ്യത്തോടെ ജീവിച്ചുവരികയാണ് ഇപ്പോൾ. കോവിഡ് എന്നൊരു ഭയാശങ്ക മാത്രമാണ് ഇന്നവരുടെ പ്രശ്നം.

അലോപ്പതിക്കാർ ദയനീയമായി പരാജയപ്പെട്ടിടത്താണ് ഹോമിയോപ്പതിയുടെ ആർസനിക്കം ആൽബം (Arsenicum Album -30) കോവിഡിനെ പേടിച്ചു കഴിയുന്നവർക്ക് ആശ്വാസം പകരുന്നതെന്നും ശ്രദ്ധേയമാണ്. കുറഞ്ഞ ചെലവിൽ ജനങ്ങൾക്ക് കിട്ടുന്ന ഈ ആശ്വാസപ്പകർച്ചയാണ് ഇന്ന് അലോപ്പാതിക്കാരുടെ പ്രതിസന്ധി.  ഈയൊരു പ്രതിസന്ധിയാണ് സത്യത്തിൽ അലോപ്പതിക്കാരെ ആർസനിക്കം ആൽബം (Arsenicum Album -30) എന്ന പാവം ഹോമിയോ മരുന്നിനോട് യുദ്ധം പ്രഖ്യാപിക്കാൻ പ്രേരിപ്പിക്കുന്നത്.

കോവിഡ് മഹാമാരിയുടെ ലോക കണക്കുപുസ്തകത്തിൽ ഇപ്പോൾ ഇന്ത്യ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണെന്ന വസ്തുത നാം മറന്നുപോകരുത്. ഒന്നാം സ്ഥാനത്തേക്ക് ഇനി അധികം ദൂരമില്ലെന്നാണ് ഇന്ത്യയുടെ കോവിഡ് കണക്കുകൾ കാണിച്ചുതരുന്നത്. സ്ഥിതിവിവരക്കണക്കുകളിലൂടെ കൃത്രിമോർജ്ജം സൃഷ്ടിക്കുമ്പോഴും ഇന്ത്യയുടെ ആരോഗ്യം വെന്റിലേറ്ററിൽ തന്നെ എന്ന് പറയേണ്ടിവരും. ലോകത്തോടൊപ്പം ഇന്ത്യയും രോഗാതിജീവനത്തിൽ തൽക്കാലത്തേക്കെങ്കിലും സമ്പൂർണ്ണ പരാജയത്തിലാണെന്ന് നമുക്ക് സമ്മതിക്കേണ്ടിവരും.

ഇന്ത്യയിൽ കോവിഡിൽ ഹരിശ്രി കുറിച്ച കേരളത്തിന്റെ സ്ഥിതിയും പരുങ്ങലിലാണ്. കോവിഡ് വ്യാപനത്തിന്റേയും മരണത്തിന്റേയും പ്രതിദിനകണക്കുകൾ നമ്മേ ജാഗ്രതകൾക്കും ഭയാശങ്കകൾക്കും അപ്പുറത്തേക്ക് കൊണ്ടുപോകുകയാണ്. അതെല്ലാം ജനതയുടെ മാത്രം നിലനില്പിന്റേയും ജീവിതത്തിന്റേയും വെല്ലുവിളികളാക്കി മാറ്റിയെടുക്കുന്നതിൽ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ നമ്മുടെ രാഷ്ട്രീയപ്രമാണിമാരും കലാ-സാഹിത്യ ഭേദമില്ലാതെ നമ്മുടെ സാംസ്കാരിക പ്രവാചകരും വിജയിച്ചുനില്കുകയാണ്. കോവിഡ് വൈറസ് അനുബന്ധ കച്ചവട പരസ്യങ്ങളുമായി നമ്മുടെ മാധ്യമങ്ങൾക്കും ഇപ്പോൾ ചാകരക്കാലം. അതിന്റെയൊക്കെ ആഘോഷ തിമിർപ്പുകളിൽ ആറാടുന്ന ഇവർ നമ്മേ ചിലരെയെങ്കിലും ലജ്ജിപ്പിക്കുന്നുണ്ടാവണം.

കോവിഡ് മഹാമാരിയുടെ ഒന്നാം വാർഷികത്തിലേക്ക് നാം അടുക്കുമ്പോഴും പ്രതിരോധ മരുന്നെന്ന പ്രതീക്ഷകൾ പരീക്ഷണഘട്ടങ്ങളുടെ മരുപ്പച്ചകൾ തേടിയലയുകയാണ്. മാത്രമല്ല, കണ്ടെത്തിയെന്ന് നാം അവകാശപ്പെടുന്ന മരുന്നുകളിൽ ലോകാരോഗ്യ സംഘടനക്ക് പൂർണ്ണമായ വിശ്വാസം വന്നിട്ടുമില്ല. അതുകൊണ്ടുതന്നെ പ്രതിരോധമരുന്ന് രോഗിയിലേക്കെത്താൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടിവരും.

ഈയൊരു ആപൽക്കരമായ ചുറ്റുപാടിലേക്കാണ് ആശ്വാസമായി ആർസനിക്കം ആൽബം (Arsenicum Album -30) എന്ന ഹോമിയോ മരുന്ന് കോവിഡ് രോഗികൾക്ക് പ്രതീക്ഷയായെത്തുന്നത്. ഇന്ത്യയുടെ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന അലോപ്പതിയേതര ചികിത്സാസമ്പ്രദായങ്ങളുടെ വകുപ്പായ ആയുഷ്, ആർസനിക്കം ആൽബ (Arsenicum Album -30) ത്തിന് പച്ചക്കൊടിയും കാണിച്ചിട്ടുണ്ട്. ഇന്ത്യക്ക് അകത്തും പുറത്തുമായി ഈ മരുന്ന് കോവിഡ് പ്രതിരോധ മരുന്നായി ഉപയോഗിക്കുന്നുണ്ട്. ഫലപ്രാപ്തിയുള്ളതായ പഠനങ്ങളും വാർത്തകളും പുറത്തുവരുന്നുമുണ്ട്. അതേസമയം ആ പഠനങ്ങൾക്കൊന്നും ആധുനിക ഗവേഷണത്തിന്റെ മേലങ്കിയില്ലെന്ന കാരണത്താൽ അലോപ്പതിക്കാർ വെറുതെ ബഹളം വക്കുകയാണ്.

വിവാദങ്ങളുടെ ഫലഭൂയിഷ്ടമായ ഹരിതകേരളത്തിൽ മാത്രം ആർസനിക്കം ആൽബം (Arsenicum Album -30) ഉപയോഗിക്കരുതെന്ന വാദവുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് കേരളത്തിലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA). അവർ കുറേനാളായി ഇതുമായി ബന്ധപ്പെട്ട് ജനങ്ങളുമായും ഭരണകൂടവുമായും, അടിസ്ഥാനരഹിതമായും അയുക്തികമായും കലഹിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡിനൊപ്പം ജീവിക്കുകയെന്ന ലോകാരോഗ്യ സംഘടനയുടെ അതിജവനമന്ത്രം പോലെ, ഒരുപക്ഷേ മരണം സംഭവിച്ചേക്കാവുന്ന രോഗികൾക്ക് നിലവിലുള്ള പനിമരുന്നും ചുമമരുന്നും കൊടുത്തുകൊണ്ട് നിസ്സഹായരായി മരണക്കണക്കും നോക്കിയിരിക്കുന്ന വിഫലമായ നിലപാട് തിരുത്തണം, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA). ആർസനിക്കം ആൽബത്തിന് (Arsenicum Album -30) രോഗികൾക്ക് മനസ്സമാധാനം കൊടുക്കാനെങ്കിലും കഴിയുന്നെങ്കിൽ അതിനെ അംഗീകരിക്കാനും ആദരിക്കാനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന് കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രത്യാശിക്കുന്നു.