Thursday, December 19, 2019

ഇരട്ടി പാവിൽ നെയ്തെടുത്ത വിശ്വാസത്തിന്റെ പാവറട്ടി പള്ളി


ഇത് തൃശൂരിലെ പാവറട്ടി സെന്റ്‌ ജോസഫ് ദേവാലയം. ഇരട്ടി പാവിൽ തുണികൾ നെയ്ത് പ്രാവീണ്യം തെളിയിച്ച ഒരു നെയ്തുസമൂഹം ഇവിടെ ഉണ്ടായിരുന്നതിന്നാലാവണം പാവ് ഇരട്ടി എന്ന സ്ഥലനാമം ലോഭിച്ച് പാവറട്ടി ആയതെന്ന് പറയപ്പെടുന്നു. വേറേയും സ്ഥലനാമ കഥകൾ ഉണ്ടെങ്കിലും കൂടുതൽ വിശ്വസനീയത ഈ കഥയ്ക്കാണത്രെ.  ലോകപ്രസിദ്ധമായ തൃശൂര്‍ പൂരം കഴിഞാല്‍ പിന്നെ ജില്ലയിലെ പ്രശസ്തമായ ഉത്സവമാണ് പാവറട്ടി പള്ളിപ്പെരുന്നാള്‍. തൃശൂര്‍ പൂരത്തിന്റെതുപോലെ ദീപാലങ്കാരവും വെടിക്കെട്ടും  തന്നെയാണ് പാവറട്ടി പള്ളിപ്പെരുന്നാളിന്റെയും പ്രധാന ആകര്‍ഷണം. രണ്ടു ഉത്സവപറമ്പിലും കത്തിച്ചുകളയുന്നത്‌ കോടികള്‍.വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക.  https://youtu.be/dPPDlXWlbHw

എന്നാല്‍ ഈയിടെയായി പാവറട്ടിയിലെ വിശ്വാസികള്‍ പെരുന്നാളിന്റെ  ആര്‍ഭാടങ്ങളെല്ലാം ഒഴിവാക്കി ലാഭിച്ചെടുത്ത ലക്ഷങ്ങൾ തൃശൂരിലെ തന്നെ നിരാലംബരും അശരണരുമായവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചുകാണുന്നതിൽ നമുക്ക് സന്തോഷിക്കാം. സഭയുടെ ചരിത്രത്തില്‍ തന്നെ പാവറട്ടി സെന്റ്‌ ജോസഫ് ദേവാലയം മാതൃകാസ്ഥാനം പിടിച്ചതും മറ്റു മത സ്ഥാപനങ്ങള്‍ക്ക് മാതൃകയായതും ഇത്തരത്തിൽ വിശ്വാസികളിൽ നിന്ന് സമാഹരിച്ച നേര്‍ച്ചപ്പണം വിശ്വാസികളിലേക്ക് തന്നെ തിരിച്ചെത്തിച്ചതുകൊണ്ടാണ്.

ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാവറട്ടി പള്ളി അധികൃതര്‍ ഇടവകയിലെ നിര്‍ധനരായ കുറചച്ച് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചുകൊടുത്തതിൽ നമുക്ക് ആനന്ദിക്കാം. ഇതുകൂടാതെ പള്ളിയുടെ കീഴിലുള്ള സാന്‍ ജോസ് ആശുപത്രിയില്‍ പള്ളിപ്പെരുന്നാള്‍ പ്രമാണിച്ച് വൃക്കരോഗികള്‍ക്കുള്ള സൌജന്യ ഡയാലിസിസും, വൈദ്യസഹായം തേടിയെത്തുന്ന രോഗികള്‍ക്ക് പത്തുനാള്‍ സൌജന്യ ഒ.പി. ടിക്കറ്റ് നൽകിയതും വാർത്തയായിരുന്നു. മാത്രമല്ല, ഇവിടെ പെരുന്നാള്‍ പ്രമാണിച്ച് നടത്തുന്ന അന്നദാനത്തില്‍ ഏകദേശം ഒന്നര ലക്ഷം പേരെങ്കിലും നേര്‍ച്ചചോറുണ്ട് മടങ്ങാറുണ്ടത്രെ. 

സാമൂതിരിമാരുടെയും രാജാക്കന്മാരുടെയും കാലത്തെ യുദ്ധങ്ങളും, ടിപ്പു സുല്‍ത്താന്റെ പടയോട്ടവും കണ്ടുപേടിച്ച ഒരു ചെറിയ വിശ്വാസി സമൂഹം പാലയൂരില്‍ വച്ച് തോമ്മാസ്ലീഹായില്‍ നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ചും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയും എത്തിയവരാണത്രെ പാവറട്ടി പരിസരങ്ങളിലെ ക്രൈസ്തവർ.

എന്നിരുന്നാലും അക്കാലത്ത് ചിറ്റാട്ടുകരയിലെ പള്ളിപ്രമാണികളുമായുണ്ടായ പടലപിണക്കങ്ങളിൽ നിന്നാണത്രെ ഈ ദേവാലയം ഉണ്ടായത്. ഏറെ ചരിത്രം അവകാശപ്പെടുന്ന ഈ ദേവാലയം 1876 ഏപ്രില്‍ 13 പെസഹാ നാളിലായിരുന്നു വിശുദ്ധീകരിച്ചത്. പോര്‍ച്ചുഗീസ് വാസ്തു ശൈലിയില്‍ നിര്‍മ്മിച്ച ഈ ദേവാലയത്തിന്റെ അള്‍ത്താരകള്‍ അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് 1975-ലും പിന്നീട് 2004-ലും ഈ ദേവാലയം പുതുക്കിപ്പണിതത്.

12500 ചതുരശ്ര അടി ഉൾവിസ്തീർണ്ണമുള്ള ഈ ദേവാലയത്തിനകത്ത് ഒരു തൂണുപോലും ഇല്ലെന്നതാണ് ഈ പള്ളിയുടെ നിർമ്മിതിയുടെ പ്രത്യേകത. അതുപോലെതന്നെ മരപ്പണിക്കാരനായ വിശുദ്ധ ഔസേപ്പിതാവിന്റെ നാമധേയത്തിലുള്ള ഈ പള്ളിയുടെ മദ്ബഹ അഥവാ ശുശ്രൂഷാവേദി പൂർണ്ണമായും മരത്തിൽ തീർത്തതാണെന്നതും ഈ പള്ളിയുടെ മാത്രം സവിശേഷതയാണ്. മാത്രമല്ല, ഇവിടുത്തെ പ്രധാന തിരുസ്വരൂപവും മരത്തിൽതീർത്തതാണെന്നതും ശ്രദ്ധേയമാണ്.

പുത്ര ലബ്ദിക്കും തൊഴില്‍ ലബ്ദിക്കും പേരുകേട്ട ഈ തീര്‍ഥാടന കേന്ദ്രത്തില്‍ പ്രത്യകം സജ്ജമാക്കിയ തൊട്ടിലിൽ പ്രാര്‍ഥനാ-വഴിപാടുകള്‍ നടത്തിയാല്‍ കാര്യസിദ്ധി ഉറപ്പാണെന്ന് വിശ്വസിക്കുന്നവരാണ് ഇവിടടെയെത്തുന്ന തീര്‍ഥാടകരില്‍ ഏറെയും. ജാതി-മത-ഭേദമെന്ന്യേ ലക്ഷക്കണക്കിനു തീര്‍ഥാടകരാണ് ഇവിടെ വന്നുപോകുന്നത്. ഇവിടെ ഹൈന്ദവ ആചാരപ്രകാരമുള്ള തുലാഭാരം വഴിപാടുമുണ്ടെന്നത് മറ്റൊരു പ്രത്യേകതയാണ്.

കേരളത്തിന്റെ വിനോദ സഞ്ചാര മാപ്പിലും പാവറട്ടി മുദ്രിതമാണ്. അപൂര്‍വ്വം ചില വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് തപ്പാല്‍ വകുപ്പ് കൊടുത്തുപോരുന്ന പ്രത്യേക സചിത്ര റദ്ദാക്കല്‍ മുദ്ര (Pictoral Cancellation Stamp) പാവറട്ടിയിലെ സെന്റ്‌ ജോസഫ് ദേവാലയത്തിന് 1996-ല്‍ അനുവദിച്ചുകിട്ടിയിട്ടുണ്ട്. പാവറട്ടിയിലെ പോസ്റ്റ് ഓഫീസിലെ സചിത്ര റദ്ദാക്കല്‍ പെട്ടിയില്‍ നിക്ഷേപിക്കുന്ന തപ്പാല്‍ ഉരുപ്പടിയിന്മേല്‍ പാവറട്ടി പള്ളിയുടെ രേഖാചിത്രം ആലേഖനം ചെയ്ത തപ്പാല്‍ മുദ്ര (Pictoral Cancellation Stamp) പതിപ്പിച്ചായിരിക്കും തപ്പാല്‍ നടപടികള്‍ സ്വീകരിക്കുക. കേരളത്തിലെ ക്രൈസ്തവ തീര്‍ഥാടന കേന്ദ്രങ്ങളില്‍ മലയാറ്റൂരിനും ഭരണങ്ങാനാത്തിനും മാത്രമാണ് ഈ തപ്പാല്‍ ബഹുമതി ലഭ്യമായിട്ടുള്ളൂ.

ഈസ്റ്റര്‍ കഴിഞ്ഞു വരുന്ന മൂന്നാമത്തെ ഞായറാഴ്ചയാണ് പാവറട്ടി പള്ളിപ്പെരുന്നാള്‍. ഏതാണ്ട് ഈ കാലത്തുതന്നെയാണ് തൃശൂര്‍ പൂരവും വന്നെത്തുക. പൂരത്തിന് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ മത്സരം  പോലെ പാവറട്ടിയിലും തെക്കും വടക്കും ഭാഗങ്ങള്‍ തമ്മിലാണ് മത്സരം. പൂരത്തിലെന്നപോലെ പെരുന്നാളിലും പ്രധാന മത്സരം നടക്കുക  ദീപാലങ്കാരത്തിലും വെടിക്കെട്ടിലും തന്നെ. തൃശൂര്‍ പൂരത്തിന് തീര്‍ത്തും സൌജന്യമായി പൂരക്കഞ്ഞി വിളമ്പുമ്പോള്‍ പാവറട്ടിയിലെ നേര്‍ച്ച ചോറിന് പണം വാങ്ങുന്നു എന്നതുമാത്രമാണ് ഒരേയൊരു അപവാദം.

ഹൈന്ദവതയുടെ പാലയൂർ പള്ളി


ചരിത്രവും സംസ്കാരവും വിശ്വാസവും പരസ്പര ബന്ധിതവും പൂരകവുമാണ്. ചിലപ്പോഴൊക്കെ അവ വിരുദ്ധവുമാകാറുണ്ട്. അത്തരത്തിൽ ചരിത്രവും സംസ്കാരവും വിശ്വാസവും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു ദേവാലയമാണ് പാലയൂർ വിശുദ്ധ തോമാസ്ലീഹായുടെ നാമത്തിലുള്ള ഈ ദേവാലയം. വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://youtu.be/jm_gagrmkwM?list=PL9qOO3QJfVA-kKTtb38HrmQxrP4XV5ycD

എ.ഡി. 52-ൽ വിശുദ്ധ തോമാസ്ലീഹ കേരളത്തിൽ കൊടുങ്ങല്ലൂരിൽ ജലമാർഗ്ഗം എത്തിയെന്നാണ് ക്രൈസ്തവരുടെ വിശ്വാസവും വാദമുഖങ്ങളും. അതേസമയം ഈ വാദഗതികളെ ഖണ്ഡിക്കുന്ന ചരിത്രകാരന്മാരും കുറവല്ല.
എന്തായാലും നമുക്ക് ഈ പള്ളിയേയും ഇവിടുത്തെ വിശ്വാസികളേയും സാക്ഷിനിർത്തിക്കൊണ്ട് പാലയൂർ പള്ളിപുരാണത്തിലേക്ക് കടക്കാം.
വിശുദ്ധ തോമാസ്ലീഹ എ.ഡി. 52-ൽ പ്രാചീനകാലത്തെ മുസിരിസിലെ അഥവാ ഇന്നത്തെ കൊടുങ്ങല്ലൂരിലെ തുറമുഖത്ത് തന്റെ കൊച്ചു ബോട്ടിൽ ഒറ്റക്ക് വന്നിറങ്ങി. പിന്നീട് വടക്കോട്ടുള്ള തീരദേശ ജലമാർഗ്ഗം സഞ്ചരിച്ച് പാലയൂരിലെ ബോട്ടുജെട്ടിയിൽ വന്നിറങ്ങിയതായാണ് ക്രൈസ്തവരുടെ വിശ്വാസം. ആ വിശ്വാസത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ടാണ് ഇവിടെ കാണുന്ന ബോട്ടുകുളവും, നോക്കാത്താവുന്ന ദൂരത്തിൽ തോമാസ്ലീഹ അന്ന് സ്ഥാപിച്ച കരിങ്കൽ കുരിശും കൊച്ചുപള്ളിയും. ഇവയൊക്കെ തെക്കേ ഇന്ത്യയിലെ അറിയപ്പെടുന്ന തീർത്ഥാടനകേന്ദ്രങ്ങളായി ഇന്നും നിലകൊള്ളുകയാണ്.

ബോട്ടുകുളത്തിന്നരികെ സ്ഥാപിച്ചിട്ടുള്ള 45 അടി ഉയരത്തിലുള്ള തോമാസ്ലീഹായുടെ പടുകൂറ്റൻ ശില്പവും ഫ്രാൻസിൽ നിന്നും കൊണ്ടുവന്ന ഓട്ടുമണി മുഴങ്ങുന്ന പള്ളിയുടെ മണിഗോപുരവും ഈ ദേവാലയത്തിന്റെ  ചരിത്രപരമായ ഗരിമ കൂട്ടുന്നുണ്ട്.

ക്രിസ്തുവിന്റെ സന്ദേശവുമായി തോമാസ്ലീഹ അക്കാലത്തെ് നടത്തിയ സാഹസിക യാത്രയുടെ ഭാഗമായി ഇവിടെ ഏഴുപള്ളികൾ സ്ഥാപിച്ചതായാണ് ക്രൈസ്തവ വിശ്വാസം. മാല്യേങ്കര, കൊല്ലം, നിരണം, നിലയ്കൽ, കൊക്കമംഗലം , കോട്ടക്കാവ് പിന്നെ പാലയൂർ  എന്നിവടങ്ങളിലാണത്രെ തോമാസ്ലീഹ പള്ളികൾ സ്ഥാപിച്ചത്. എന്നാൽ പാലയൂർ ഒഴിച്ചുള്ള എല്ലാ മൂല പള്ളികളും പിൽക്കാലത്ത് നശിച്ചുപോയതായാണ് വിശ്വസിച്ചുപോരുന്നത്. പാലയൂരിൽ മാത്രമാണ് യഥാർത്ഥത്തിൽ വിശുദ്ധ തോമാസ്ലീഹായുടെ ചരിത്ര ശേഷിപ്പുകൾ സംരക്ഷിച്ചുപോരുന്നതത്രെ.

അക്കാലത്ത് യഹൂദന്മാരുടെ കച്ചവടഭൂമിക കൂടിയായിരുന്ന പാലയൂരിൽ ബ്രാഹ്മണർ കുളിച്ചിരുന്ന ഒരു കുളക്കടവിൽ എത്തിയ തോമാസ്ലീഹ പിതൃതർപ്പണത്തിന്റെ ഭാഗമായി ബ്രാഹ്മണർ ആകാശത്തേക്ക് വാരിയെറിഞ്ഞ വെള്ളത്തിന്റെ ആചാരത്തെകുറിച്ച് ചോദിച്ചറിഞ്ഞുവത്രെ. ബ്രാഹ്മണർ ആകാശത്തേക്ക് വാരിവിതറിയ വെള്ളം ദൈവം സ്വീകരിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് വെള്ളം താഴേക്ക് വീഴുന്നതെന്നും തോമാസ്ലീഹ പറഞ്ഞു. ഇതൊരു വാദത്തിൽ കലാശിച്ചപ്പോൾ തോമാസ്ലീഹ അവിടെ ഒരു അത്ഭുതം കാണിച്ചു. താൻ ആകാശത്തേക്ക് വെള്ളം വാരിയെറിഞ്ഞാൽ അത് ദൈവം സ്വീകരിക്കുമെന്നും പറഞ്ഞ തോമാസ്ലീഹ പിന്നീട് ആകാശത്തേക്ക് വാരിവിതറിയ വെള്ളം അവിടെ തന്നെ നിശ്ചലമാക്കി അത്ഭുതം കാണിച്ചുവത്രെ. തോമാസ്ലീഹായിൽ വിശ്വസിച്ച കുറച്ച് ബ്രാഹ്മണർ ആ നിമിഷം തന്നെ അവിടെ വച്ചുതന്നെ ജ്ഞാനസ്നാനം സ്വീകരിച്ചുവെന്നാണ് കഥ. ഈ കുളമാണ് ഇപ്പോൾ തളിയക്കുളം എന്ന പേരിൽ ഇവിടെ സംരക്ഷിക്കപ്പെട്ടുപോരുന്നത്.

ഈ പള്ളിയും പരിസരങ്ങളും നിരീക്ഷിക്കുമ്പോൾ നമുക്ക് മനസ്സിലാവുന്നത്, തികച്ചും ഹൈന്ദവ ആചാരങ്ങളുടെ ഒഴിവാക്കാനാവാത്ത നിറ സാന്നിദ്ധ്യമാണ്. പള്ളിയുടെ നിർമ്മിതി മുതൽ ഇപ്പോഴും ഇവിടെ നിലനിൽക്കുന്ന ആചാരങ്ങളും മറ്റും പരിശോധിക്കുമ്പോൾ നമുക്ക് അത് വ്യക്തമാവും. കേരളീയ വാസ്തുകലയെ, പ്രത്യേകിച്ചും ക്ഷേത്ര വാസ്തുകലയെ ആധാരമാക്കിയാണ് ഈ പള്ളി നിർമ്മിച്ചിട്ടുള്ളത്. പള്ളിയിലേക്കുളള വഴിത്താരയിൽ സ്ഥാപിച്ചിട്ടുള്ള തോമാസ്ലീഹായുടെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ കരിങ്കൽ ശിലാവിഷ്കാരങ്ങളും പള്ളിയിൽ സ്ഥാപിച്ചിട്ടുള്ള കരിങ്കൽ കുരിശും കരിങ്കൽ വിളക്കുകളും ഭിത്തികളിലേയും വാതിലുകളിലേയും ചിത്രാവിഷ്കാരങ്ങളും തച്ചുശാസ്ത്ര സങ്കേതങ്ങളും ഹൈന്ദവത വിളിച്ചുപറയുന്നുണ്ട്.

മാത്രമല്ല, ഹൈന്ദവാചാര പ്രകാരം ഇവിടെ നടന്നുപോരുന്ന കുട്ടികൾക്കുള്ള എഴുത്തിനിരുത്തലും, ചോറൂണും; സരസ്വതി ദേവിക്ക് സമമായി താമരയിൽ എഴുന്നെള്ളിനിൽക്കുന്ന സാരിയുടുത്ത മാതാവും, ആനകളും, പൂജാക്കിണറും അന്നദാനവുമെല്ലാം ഹൈന്ദവതയുടെ തനി പകർപ്പുകളാണ്. ഇവിടെ സ്ഥാപിച്ചിട്ടുള്ള കരിങ്കൽ വിളക്കുകളിൽ എണ്ണയൊഴിച്ച് തിരിയിട്ട് കത്തിച്ചതിനുശേഷം മാത്രമാണ് ഇവിടെ ഏതു തിരുക്കർമ്മങ്ങളും ആരംഭിക്കുകയെന്നതും ഹൈന്ദവതയിലേക്കുതന്നെ നമ്മെ നയിക്കുന്നു.
ശബരിമല അനുഷ്ഠാനം പോലെയുള്ള നോമ്പും മലക്കയറ്റവുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട് പാലയൂർ പള്ളിയും. ശബരിമല അയ്യപ്പനുപകരം ഇവിടെ തോമാസ്ലീഹ കുരിശുമല മുത്തപ്പനാണെന്നുമാത്രം. നോമ്പുകാലത്ത് അയ്യപ്പ ഭക്തർക്ക് കിട്ടുന്ന പാപമോചനവും ആത്മവിശുദ്ധീകരണവും കുരിശുമല ചവിട്ടുന്ന കുരിശുമല മുത്തപ്പ ഭക്തർക്കും പാലയൂരിൽ കിട്ടുന്നുണ്ട്.

തോമാസ്ലീഹ സ്ഥാപിച്ചത് ഏഴല്ല, ഏഴരപള്ളിയാണെന്നുമുള്ള ഒരു വാദമൊ വിശ്വാസമൊ ഇവിടെ നിലനിൽക്കുന്നുണ്ട്. കേരളത്തിലെ ഏഴുപള്ളികളും സ്ഥാപിച്ച ശേഷം തോമാസ്ലീഹ മലയാറ്റൂർ മലയും ചവിട്ടി കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിലെത്തി അവിടെ തിരുവിതാംകോട് എന്നിടത്ത് ഒരു പള്ളി പണിതതായും പറയപ്പെടുന്നു. അരചൻ പള്ളി, അരമനപള്ളി എന്നൊക്കെ അറിയപ്പെട്ടിരുന്ന ഈ പള്ളിയാണത്രെ കാലാന്തരത്തിൽ ലോപിച്ച് അരപള്ളിയായതെന്നാണ് പറയപ്പെടുന്നത്.
തോമാസ്ലീഹായുടെ പിന്നീടുള്ള യാത്രയിൽ മൈലാപൂരിൽ വച്ച് എ.ഡി. 72-ൽ വധിക്കപ്പെട്ടതായാണ് പറയപ്പെടുന്നത്. മയിലിനെ വേട്ടയാടുന്ന നേരത്ത് ഒരു വേടന്റെ അമ്പേറ്റാണ് മരിച്ചതെന്നും അല്ല, ഒരു ബ്രാഹ്മണന്റെ കുത്തേറ്റാണ് തോമാസ്ലീഹ രക്തസാക്ഷിയായതെന്നും കഥകളുണ്ട്. എന്തായാലും തോമാസ്ലീഹായുടെ ഭൌതികശരീരം മൈലാപൂരിലെ സെന്തോമസ് കത്തീദ്രലിൽ അടക്കം ചെയ്തതായാണ് വിശ്വസിക്കപ്പെടുന്നത്.

Monday, December 2, 2019

മാസ്സാണ് ക്രിസ്തുമസ്സ് 2019


ഇക്കൊല്ലത്തെ ക്രിസ്തുമസ്സാണ് ക്രിസ്തുമസ്. ആയിരം വർഷങ്ങൾക്കുശേഷം അക്ഷരാർത്ഥത്തിൽ ഇക്കൊല്ലത്തെ ക്രിസ്തുമസ് ഉണ്ണിയേശുവിന്റെ സ്വന്തം ജന്മഗൃഹമായ ബത്ലെഹേമിലേക്ക് തിരിച്ചുവരികയാണ്. വീഡിയോ കാണാൻ

ഉണ്ണിയേശു  പിറവികൊണ്ട പുൽകൂടിന്റെ വിരലോളം വലിപ്പമുള്ള ഒരു മരക്കഷണം കഴിഞ്ഞ ആയിരം വർഷമായി റോമിലെ വത്തിക്കാനിന്റെ കസ്റ്റഡിയിലായിരുന്നു. റോമിലെ സാന്താ മരിയ മജോറീ ബസിലിക്കയിൽ സൂക്ഷിച്ചുവച്ചിരുന്ന ഉണ്ണിയേശുവിന്റെ ഈ കൊച്ചുു തിരുശേഷിപ്പ് ഈ വർഷം ഇതാദ്യമായി ഉണ്ണിയേശുവിന്റെ ജന്മഗൃഹമായ ബത്ലെഹേമിലേക്ക് ക്രിസ്തുമസ് സമ്മാനമായി എത്തുകയാണ്. ഏഴാം നൂറ്റാണ്ടുമുതൽ ഈ തിരുശേഷിപ്പ് റോമിലായിരുന്നുവത്രെ. ക്രിസ്തുവിന്റെ വിശുദ്ധനഗര പ്രദേശങ്ങളുടെ സൂക്ഷിപ്പുകാരായ കസ്റ്റോഡിയ ടെറീ സാങ്റ്റ പറയുന്ന വിവരമനുസരിച്ച് ഏഴാം നൂറ്റാണ്ടിലാണ് ഈ തിരുശേഷിപ്പ് റോമിന് കൈമാറിയതത്രെ.

ഇതു സംബന്ധിച്ച ഔദ്യേഗികമായ പോപ്പിന്റെ അറിയിപ്പ് ഉണ്ടായതിനെതുടർന്ന് ഉണ്ണിയേശുവിന്റെ ആ കൊച്ചുു തിരുശേഷിപ്പ് ജറുസലേമിൽ പ്രദർശിപ്പിച്ച ശേഷം 2019 നവംബർ 30-ന് ബത്ലെഹേമിൽ എത്തിക്കഴിഞ്ഞു. ബത്ലെഹേമിലെ ഉണ്ണിയേശുവിന്റെ പിറവിയുടെ ദേവാലയമായ ചർച്ച് ഔഫ് നാറ്റിവിറ്റി (Church of Nativity) ക്കടുത്തുള്ള പരിശുദ്ധ കാതറിൻ ദേവാലയത്തിലായിരിക്കും തിരുശേഷിപ്പ് ഇനിമുതൽ സൂക്ഷിക്കുക. അതുകൊണ്ടുതന്നെ ഇക്കൊല്ലത്തെ ക്രിസ്തുമസ് ലോകത്തെമ്പാടും പ്രത്യേകിച്ചും ബത്നെഹേമിൽ ബഹുകേമമാവും.

ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിനുള്ള ക്രിസ്ത്യാനികൾ വർഷം തോറും തീർത്ഥാടകരായി റോമിൽ വന്ന് ആരാധിക്കുന്ന ഈ കൊച്ചുു തിരുശേഷിപ്പ് ഇക്കുറി ബത്ലെഹേമിലേക്ക് വരുന്നതോടെ ക്രിസ്തുമസ്സിന്റെ ആഘോഷം ഇരട്ടിയാക്കും.

പലസ്തീനിയൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ കാര്യമായ ഇടപെടൽ മൂലമാണ് ബത്ലെഹേമിന് ഈ തിരുശേഷിപ്പ് കിട്ടിയതെന്നാണ് മാധ്യമങ്ങൾ പറയുന്നത്.

പലസ്തീനിയൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ കാര്യമായ ഇടപെടലിനെ തുടർന്നുണ്ടായ ഈ അത്യപൂർവ്വ സംഭവത്തെ ചരിത്രത്തിലെ വൻ അട്ടിമറിയായികാണുന്നവരും കുറവല്ല. കാരണം ആയിരം വർഷം മുമ്പ് സാധ്യമായ ക്രിസ്ത്യൻ തിരുശേഷിപ്പുകളെല്ലാം കൈക്കലാക്കി ഒരു സമാന്തര ബത്ലെഹേം ഉണ്ടാക്കാനുള്ള റോമിന്റെ തന്ത്രമാണ് ഇവിടെ പൊളിഞ്ഞതെന്നുമുള്ള മാദ്ധ്യമ  വ്യാഖ്യാനങ്ങളും പുറത്തുവരുന്നുണ്ട്. മാത്രമല്ല, റോം വിട്ടുകൊടുക്കുന്ന ആദ്യത്തെ ക്രിസ്ത്യൻ തിരുശേഷിപ്പാണിത്.

നേരത്തെ വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പ് റോം കിഴക്കെ ഓർത്തഡോക്സ് സഭക്ക് വിട്ടുുകൊടുത്തിരുന്നു. വരുംകാലങ്ങളിൽ കൂടുതൽ തിരുശേഷിപ്പുകൾ കൂടി റോമിന് ബത്ലെഹേമിന് വിട്ടുുകൊടുക്കേണ്ടതായി വരുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്.