Thursday, November 28, 2019

തൃശൂരിലെ ചിന്ന റോമായ ഒല്ലൂർ മാലാഖയുടെ പള്ളി


ആകാശം തൊടുന്ന സ്വർണ്ണ കൊടിമരവും അതിനോട് മൽസരിക്കുന്ന കൽകുരിശും തല ഉയർത്തി നില്ക്കുന്ന് പ്രസിദ്ധമായ ഈ പള്ളി സ്ഥാപിച്ചത് 1718-ലാണ്. ആരംഭത്തിൽ ഒരു ചെറിയ ഷെഡ് മാത്രമായിരുന്ന ഈ പള്ളി പണിതത് മരോട്ടിക്കൽ പൗലോസച്ചനാണ്. ഷെഡിൽ നിന്ന് ഇപ്പോഴത്തെ കൊച്ചുപള്ളിയായി ഉയരാൻ മൂന്നുവർഷമെടുത്തു. ഈ പള്ളിയുടെ നിർമാണസംരംഭങ്ങളിൽ ഡച്ച് സൈന്യത്തിന്റെ സഹായം വരെ ലഭിച്ചതായി പറയപ്പെടുന്നു. അക്കാലത്തെ നിർമിതികൾ ഏറെ മാറ്റമില്ലാതെ ഇപ്പോഴും നിലനിർത്തി കാണുന്നതിൽ നമുക്ക് സന്തോഷിക്കാം. വീഡിയോ കാണാൻ

പുഷ്പക്കൂട്, ആനവാതിൽ, ആനമതിൽ, ഏറത്താഴ്, കൽക്കുരിശ്, മണിമാളിക, മുഖവാരം, രൂപങ്ങൾ തുടങ്ങിയവ അതേപടി തന്നെ സംരക്ഷിച്ചു പോരുന്നുണ്ട്. അക്കാലത്ത് തെക്കേ ഇന്ത്യയിലെ ഉയരം കൂടിയ ഗോപുരനിരകളില്‍ ഈ പള്ളിയുടെ മണിമാളികയും സ്ഥാനം പിടിച്ചിരുന്നുവത്രെ.1903ല്‍ മദ്രാസ്-കൊച്ചി റെയില്‍വെ നിര്‍മ്മാണകാലത്ത് ഇവിടെയെത്തിയ ഇംഗ്ലീഷുകാർ ഈ പള്ളിയുടെ ചിത്രം പകര്‍ത്തിയതായി രേഖകളുണ്ട്.

അന്നത്തെ കൊടുങ്ങല്ലൂർ മെത്രാനായിരുന്ന മാർ ആൻറണി പി മൻറോ ആശീർവാദ കർമം നടത്തിയ ഈ പള്ളിയുടെ ആദ്യ വികാരിയും പൗലോസച്ചൻ തന്നെ. പ്രശസ്ത ഭാഷാ പണ്ഡിതനും ക്രിസ്ത്യൻ മിഷണറിയുമായിരുന്ന അർണോസ് പാതിരി ആശീർവാദ കർമ്മത്തിൽ സംബന്ധിച്ചിരുന്നതായി പറയപ്പെടുന്നു.

ഈ പള്ളി ഉണ്ടാവുന്നതിന് മുമ്പ് ഈ പ്രദേശവാസികളായ ക്രൈസ്തവ വിശ്വാസികൾ വഞ്ചിമാർഗം പഴുവിൽ പള്ളിയിലേക്കായിരുന്നു പോയിരുന്നതത്രെ. പഴുവിൽ പള്ളിയിൽ നിന്ന്‌ കൊണ്ടുവന്ന അന്തോണീസ് പുണ്യവാളന്റെ രൂപമാണ് ഒല്ലൂരിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്. ചേതോഹരങ്ങളായ ദാരുശില്പങ്ങളാലും പുരാതനങ്ങളായ ചുമർചിത്രങ്ങളാലും കൊത്തുപണികളാലും സമൃദ്ധമാണ് ഈ ദേവാലയം. കേരളീയ തനതു വാസ്തു തച്ചുശാസ്ത്ര വിധിപ്രകാരമാണ് ഇവിടുത്തെ ശില്പങ്ങളും ചിത്രങ്ങളും നിർമ്മിതികളും സാക്ഷാത്കരിച്ചിട്ടുള്ളത്.

ഒമ്പതാം നൂറ്റാണ്ടു മുതല്‍ ചുമര്‍ ചിത്രകല അഥവ മ്യൂറല്‍ പെയിന്‍റിംഗ് കേരളത്തിലുണ്ടായിരുന്നെങ്കിലും പതിനഞ്ച് മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടു വരെയാണ് ഈ കല സജീവമായിരുന്നതത്രെ. ക്ഷേത്രങ്ങളിലും കൊട്ടാരങ്ങളിലും ക്രൈസ്തവ ദേവാലയങ്ങളിലുമായി കാണപ്പെടുന്ന ചുമര്‍ചിത്രങ്ങള്‍, കേരളത്തിലെ നാല്പത്തിരണ്ടു പള്ളികളില്‍ ഉള്ളതായി അറിയുന്നു.

ക്ഷേത്രങ്ങളില്‍ കണ്ടുവരുന്ന ചുമർചിത്ര ശൈലിയോട് താരതമ്യപ്പെടുത്താനാവാത്ത ശൈലിയാണ് ക്രൈസ്തവ ദേവാലയങ്ങളിലെ ചുമര്‍ചിത്രങ്ങൾ. പള്ളികളിലെ പ്രധാന മദ്ബഹയുടെ മൂന്നു വശങ്ങളിലുള്ള ചുമരുകളിലും അതിനുതാഴെ ഇരുവശങ്ങളിലുമായി ചേർന്നുനില്ക്കുന്ന  ഉപ അള്‍ത്താരകൾക്ക് അനുബന്ധമായി നില്ക്കുന്ന ചുമരുകളിലുമാണ് മുഖ്യമായും ചുമര്‍ചിത്രങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ളത്. ക്രൈസ്തവര്‍ക്ക് വിശ്വാസത്തിന് കോട്ടമുണ്ടാക്കുന്ന തരത്തിൽ ദേവാലയങ്ങളില്‍ ചിത്രകല പാടില്ലെന്ന് സൂനഹദോസ് നിഷ്ക്കര്‍ഷിച്ചിരുന്നുവത്രെ. അതുകൊണ്ടുതന്നെ പ്രകൃതിയെ അനുകരിച്ചുകൊണ്ടുള്ള ത്രിമാനത കാഴ്ചക്കാരില്‍ അനുഭവിപ്പിക്കുന്ന യൂറോപ്യന്‍ നാച്ചുറലിസ സങ്കേതമാണ് ക്രൈസ്തവ ദേവാലയങ്ങളിലെ ചുമര്‍ ചിത്രങ്ങളില്‍ ഉപയോഗിച്ചിട്ടുള്ളത്.

മറ്റു പള്ളികളിൽ നിന്ന് വ്യത്യസ്തമായി ഈ പള്ളിക്ക് ഏറെ ബന്തവസ് ഏർപ്പെടുത്തുന്നതായി നമുക്കിവിടെ വന്നാൽ കാണാൻ കഴിയും. പള്ളിയുടെ പ്രധാന കവാടങ്ങളൊക്കെ ഉരുക്കു കമ്പികളിൽ തീർത്ത വാതിലുകളാൽ അടഞ്ഞുകിടക്കുകയാണ്. സൈഡിലുള്ള ഒരു ചെറിയ ഗേറ്റിലൂടെ അകത്ത് പ്രവേശിച്ചാൽ സിമിത്തേരി ചുറ്റി പിറകുവശത്തെ മണിമാളികയും മുൻവശത്തെ മാതാവിന്റെ ഗ്രോട്ടോയും കാണാം. അപരിചിതർക്ക് അകത്ത് പ്രവേശിക്കണമെങ്കിൽ പള്ളി വികാരിയുടെ അനുമതി വേണം. പരിചിതർക്കെങ്കിൽ പിറകുവശത്തെ കൊച്ചു ഗേറ്റിലൂടെ പള്ളിയകത്ത് പ്രവേശിക്കാം.

അതിപുരാതനമായ ഈ പള്ളിയെകുറിച്ച് എന്തെങ്കിലും വിവരങ്ങൾ തരാൻ ഈ പള്ളിയിലെ അധികൃതർക്കാവുന്നില്ലെന്നത് സഞ്ചാരികളിൽ ആശ്ചര്യവും വേദനയുമുണ്ടാക്കും. പഴമക്കാരായ ക്രൈസ്തവ വിശ്വാസികളാലും പരിഷ്കാരികളായ ക്രൈസ്തവ വിശ്വാസികളാലും അതിവൈകാരികമാണ് ഈ പള്ളിയും പ്രദേശങ്ങളും. അതുകൊണ്ടുതന്നെ ഇവിടെ വിശ്വാസികളും സഭമേലദ്ധ്യക്ഷരും തമ്മിൽ ഇടയ്ക്കിടെ കൊച്ചുകൊച്ചു കലഹങ്ങളും സംഘർഷങ്ങളും വിവാദങ്ങളും ഉണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെയായിരിക്കാം ഈ പള്ളിക്ക് ഇത്രയേറെ ബന്തവസും സ്വാകാര്യതയും നിലനില്ക്കുന്നതെന്നും പറയേണ്ടിവരും. എന്തായാലും വികാരിയച്ചന്റെ അനുമതിയോടെയാണ് എനിക്ക് ഈ പള്ളി ചിത്രീകരിക്കാനായതെന്ന് വായനക്കാരേയും പ്രേക്ഷകരേയും ഓർമ്മിപ്പിക്കട്ടെ.

വിശുദ്ധ അന്തോണീസിന്റെ നാമധേയത്തിലുള്ള ഈ പള്ളിയിലെ പ്രധാന പെരുന്നാൾ വി. റപ്പായി മാലാഖയുടെ തിരുനാളാണ്. 300 വർഷത്തെ പഴക്കം അവകാശപ്പെടുന്ന ഈ ദേവാലയത്തിലെ പെരുന്നാളിന് ഏകദാശം 200 വർഷത്തിന്റെ തുടർച്ചയുള്ളതായി പറയപ്പെടുന്നു. കേരളത്തിന്റെ ഇതര ജില്ലകളിൽ നിന്നുള്ളവരും ഈ പെരുന്നാളിനെത്തിയിരുന്നതു കൊണ്ടായിരിക്കണം ഇവിടെ സൗജന്യ ഊട്ടുസദ്യ നടത്തിവന്നത്. അതിപ്പോഴും തുടരുന്നു.

വത്തിക്കാനിലെ റോമിന്റെ ക്രൈസ്തവ വിശ്വാസ പാരമ്പര്യം പോലെ ഫൊറോനാ പള്ളി കൂടിയായ ഒല്ലൂരിലെ ഈ പള്ളിക്കും ക്രൈസ്തവ വിശ്വാസ പാരമ്പര്യം ഉള്ളതുകൊണ്ടാവാം ഈ പള്ളിക്ക്‌ ചിന്ന റോമ എന്ന പേര് വന്നത്. ഈ പള്ളിയുടെ ചരിത്ര-സാംസ്കാരിക പൈതൃകമാണ് ഇത്തരത്തിലുള്ള ഒരു അംഗീകാരം ഈ ദേവാലയത്തിന് നേടിക്കൊടുത്തത്.

ഏകദാശം ഒരു നൂറ്റാണ്ടു മുമ്പ് മലബാർ കാത്തലിക്‌ യൂണിയൻ ഒല്ലൂരിൽ വച്ച് നടത്തിയ സമ്മേളനത്തിലാണ്  ചിന്ന റോമയെന്ന പേര് ഒല്ലൂർ പള്ളിക്ക് കിട്ടിയത്. ഈ സമ്മേളനത്തിൽ സംബന്ധിച്ച വത്തിക്കാൻ പ്രതിനിധിയായ ഒരു കർദ്ദിനാളാണത്രെ പള്ളിക്ക് ആ പദവി നൽകിയത്. രാജഭരണ കാലത്ത് പല രാജാക്കൻമാരും ദിവാൻമാരും, വൈസ്രോയികളും ഒല്ലൂർ പള്ളി സന്ദർശിച്ചതായി പറയപ്പെടുന്നു. വിശുദ്ധ എവുപ്രാസ്യമ്മയും വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയും ഒല്ലൂർ പള്ളിയിൽ വന്നതായും രേഖകൾ പറയുന്നു. കൂടാതെ, മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു, വി. ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ പള്ളിയിൽ വന്ന് പ്രസംഗിച്ചിട്ടുണ്ടത്രെ.

ഈ പള്ളിയിലെ പെരുന്നാൾ ഏറേയും പാരമ്പര്യ വിപണികേന്ദ്രീകൃതമായിരുന്നു. ഉരല്‍, ഉലയ്ക്ക തുടങ്ങിയ വീട്ടുസാമഗ്രികളും വളര്‍ത്തുമൃഗങ്ങളുമൊക്കെയായിരുന്നു അന്നത്തെ തിരുനാള്‍ വിപണിയിലെ പ്രധാന വില്പനച്ചരക്കുകള്‍. പെരുന്നാളിന്റെ പൂര്‍വ്വികാചാരമായി നടത്തിവന്നിരുന്ന തുള്ളല്‍ വഴിപാട് ഏറെ ശ്രദ്ധയും വിവാദവും പിടിച്ചുപറ്റിയിരുന്നു. പിന്നീട് ഏറെ ഒച്ചപ്പാടിനുശേഷം ഏകദേശം മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് തുള്ളൽ നിയമാനുസൃതം നിര്‍ത്തലാക്കി.

പഴയ കാലത്തിന്‍റെ  ഗരിമയും ചിത്രകലയുടെ തിരുശേഷിപ്പുകളുള്ള പല ദേവാലയങ്ങളും ഇന്ന് പുനർനിർമ്മിച്ചുകഴിഞ്ഞു. ഇനിയും അവശേഷിക്കുന്നവയിൽ ഈ ഒല്ലൂർ പള്ളി കൂടിയുണ്ട് എന്നതിൽ നമുക്ക് സന്തോഷിക്കാം. പരിശുദ്ധ കലയുടെ കൂടി ദേവാലയങ്ങളായ ഈ കലാനികേതനങ്ങൾ സംരക്ഷിക്കുകയെന്നത് നാം ഓരോരുത്തരുടേയും ഉത്തരവാദിത്വമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഈ കുറിപ്പ് പ്രത്യാശയോടെ അവസാനിപ്പിക്കുന്നു.

Monday, November 18, 2019

ഇത് തൃശിവപേരൂരല്ല, തൃമാതാപുരം



എന്തുകൊണ്ടും ത്രിമാനങ്ങളാൽ സമ്പുഷ്ടമാണ് തൃശിവപേരൂർ എന്ന ശിവപുരി. മൂന്ന് ശിവക്ഷേത്രങ്ങളിൽ ത്രിമാന സ്വരലയങ്ങളിൽ ഓംകാരങ്ങളിൽ മുഴങ്ങുമ്പോഴും നാം മറക്കരുതാത്ത മറ്റൊന്നുകൂടിയുണ്ട് ഈ ശിവപുരിയിൽ.

ഹൈന്ദവർക്കെന്നപോലെ ക്രിസ്ത്യാനികൾക്കും അവകാശപ്പെടാവുന്ന ത്രിമാനതയുണ്ട് തൃശൂരിൽ. മൂന്ന് ശിവക്ഷേത്രങ്ങൾക്ക് സമാനമായി പരിശുദ്ധമാതാവിന്റെ പ്രധാനപ്പെട്ട മൂന്ന് ദേവാലയങ്ങളും കൂടി നമ്മുടെ ശിവപുരിയിലുണ്ടെന്ന വസ്തുത നാളിതുവരെ ഒരു സ്ഥലനാമ വിദഗ്ദരും ചൂണ്ടിക്കാണിച്ചില്ലെന്ന വസ്തുത ആശ്ചര്യം ജനിപ്പിക്കുന്നുണ്ട്.

അതിപുരാതനമായ മർത്തമറിയം വലിയപള്ളിയും, പുത്തൽ പള്ളിയും, ലൂർദ് പള്ളിയും തൃശൂരിൽ സംഗമിക്കുമ്പോൾ നമുക്ക് ന്യായമായും തൃശിവപേരൂരിനെ മൂന്നു പരിശുദ്ധ മാതൃ രൂപങ്ങളുടെ സംഗമസ്ഥാനമായ തൃമാതാപുരം എന്നുകൂടി വിളിക്കാവുന്നതാണ്.

ചരിത്രവും പുരാണവും ഐതിഹ്യങ്ങളും സമഞ്ജസമായി സമ്മേളിക്കുന്ന തൃശൂരിന്റെ ക്രൈസ്തവ ചരിത്രത്തിന് ടിപ്പുവിന്റെ പടയോട്ടക്കാലത്തോളം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തൃശിവപേരൂർ ഏതാണ്ട് നാശോന്മുഖമായ അവസ്ഥയിലായിരുന്നുവത്രെ. പിന്നീട് വാണിജ്യ-വ്യവസായിക മേഖലകളിൽ നവോന്മേഷം ഉന്നം വച്ചുകൊണ്ട് കൊച്ചി മഹാരാജാവായ ശക്തൻതമ്പുരാനാണ് അമ്പതോളം ക്രൈസ്തവ കടുംബങ്ങളെ ഇവിടെ കൊണ്ടുവന്ന് പാർപ്പിച്ചതെന്ന് ചരിത്രം പറയുന്നുണ്ട്.

അങ്ങനെ പലയിടങ്ങളിൽനിന്നായി തൃശൂരിലെത്തിയ ക്രൈസ്തവർക്ക് ആരാധനക്കായി 1814-ൽ ആദ്യം പണികഴിപ്പിച്ച ദേവാലയമാണത്രെ തൃശൂരിലെ മർത്തമറിയം വലിയപള്ളി. എക്കാലത്തേയും പോലെ ക്രൈസ്തവർക്കിടയിലുണ്ടായ പടലപിണക്കങ്ങളെ തുടർന്ന് പിന്നീട് 1885-ൽ ലൂർദ് മാതാവിന്റെ പള്ളിയും, 1925-ൽ വ്യാകുലമാതാവിന്റെ പുത്തൻ പള്ളിയും സ്ഥാപിതമായി.

ഗോതിക് ശില്പകലയുടെ സാന്നിദ്ധ്യം ഈ മൂന്നു പള്ളികളുടെ നീർമ്മിതിയിലും പ്രകടമാണെങ്കിലും അവിടവിടെ റോമൻ വാസ്തുകലയും നിഴലിക്കുന്നതുകാണാം. എന്നിരുന്നാലും അടിസ്ഥാനപരമായി കേരളീയ വാസ്തുകലാപാരമ്പര്യം തന്നെയാണ് ഈ പള്ളികളുടെ നിർമ്മിതിയിൽ കാണുന്നത്.

തെക്കൻ ഫ്രാൻസിലെ പിറിനീസ് മലനിരകളുടെ താഴ്വാരങ്ങളിൽ സ്ഥിതിചെയ്യുന്ന ലൂർദ് എന്ന ഒരു കൊച്ചു അങ്ങാടി തെരുവിന്റെ പ്രാന്തപ്രദേശങ്ങളിലെ കുറ്റിക്കാടുകളിൽ 1858-ൽ പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ടതായാണ് ലോകത്തെമ്പാടുമുള്ള മരിയഭക്തർ വിശ്വസിക്കുന്നത്. ബെർണാഡെറ്റ് സിബീറിയസ് എന്ന പെൺകുട്ടിക്കാണ് മാതാവ് പ്രത്യക്ഷപ്പെട്ടതത്രെ.

എന്തായാലും ഈ അത്യപൂർവ്വമായ സംഭവത്തിനുശേഷമാണ് ലൂദ് മാതാവ് എന്ന വിശ്വാസ സങ്കല്പം ഉണ്ടാവുന്നത്. അന്ന് അവിടെ ലൂർദിൽ ഉൽഭവിച്ച ചെറിയ ഉറവയിലെ തീർത്ഥജലം ഒട്ടനേകം വിശ്വാസികളെ സുഖപ്പെടുത്തിയതായും വിശ്വാസമുണ്ട്.

ഫ്രാൻസിൽ പ്രത്യക്ഷയായ ലൂർദ് മാതാവിനെയാണ് തൃശൂരിലെ ഈ ലൂർദ് ദേവാലയത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ രോഗശാന്തിക്കായി അനേകം ഭക്തരാണ് ഈ പള്ളിയിൽ ഓരോ വർഷവും വന്നുപോകുന്നത്. എല്ലാ വർഷവും നവംബർ മാസത്തിലാണ് ഇവിടെ തിരുനാൾ ആഘോഷങ്ങൾ നടക്കുക.

ഏകദേശം 25000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ പള്ളിക്കകത്ത് മറ്റൊരു ഭൂഗർഭ പള്ളി അഥവാ അടിപ്പള്ളി കൂടിയുണ്ടെന്നതാണ് ഈ പള്ളിയുടെ സവിശേഷത.

1885-ൽ പള്ളി സ്ഥാപിച്ചതിനുശേഷം പതിറ്റാണ്ടുകളിലൂടെ നിർമ്മാണം പുരോഗമിച്ച് അവസാനം 1952-ലാണ് ഭൂഗർഭ പള്ളിയുടെ നിർമ്മാണം പൂർത്തീകരിച്ചത്.

വളരെ പ്രശസ്തമായ നോട്ടർദാം കത്തീദ്രലിന്റെ അൾത്താരയുടെ മാതൃകയെ അവലംബിച്ചാണ് ഈ പള്ളിയുടെ അൾത്താരയും രൂപകല്പന നടത്തിയിട്ടുള്ളത്. 1200 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ പള്ളിയുടെ ശുശ്രൂഷാവേദി അഥവാ മദ്ബഹയുടെ ഇരുവശങ്ങളിലുമായി 10 കല്ലറകൾ ദിവംഗതരായ അഭിവന്ദ്യ പിതാക്കന്മാർക്കായി മാറ്റിവച്ചിരിക്കുന്നു. കിഴക്കെ വശത്തുള്ള 5 കല്ലറകളിൽ ദിവംഗതരായ അഡോൾഫ് മെഡ്ലിക്കോട്ട്, ജോൺ മേനാച്ചേരി, ഫ്രാൻസിസ് വാഴപ്പിള്ളി, ജോർജ്ജ് ആലപ്പാട്ട്, ജോസഫ് കുണ്ടുകുളം എന്നീ പിതാക്കന്മാരുടെ ഭൌതികാവശിഷ്ടം അന്ത്യവിശ്രമം കൊള്ളുന്നു.

ഈ പള്ളിയകത്തെ തിരുസ്വരൂപങ്ങൾ തേക്കിൽ കൊത്തിയെടുത്തവയാണ്. വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ക്യാൻവാസിലാണ് ഇവിടുത്തെ ഛായാചിത്രങ്ങൾ എഴുതിയിട്ടുള്ളത്.ഡോമിൽ അലംകൃതമായ ചിത്രങ്ങൾ സ്റ്റെയിൻഡ് ഒപ്പൽ ഗ്ലാസ്സിൽ നിർമ്മിച്ചവയാണ്. ഒരു ലക്ഷത്തിൽ പരം ചെറിയ ഒപ്പൽ ചില്ലുകഷണങ്ങൾ ചേർത്തുവച്ചാണ് ഇവിടുത്തെ വിശുദ്ധരുടെ രൂപാവിഷ്കാരം നടത്തിയിട്ടുള്ളത്. പേർഷ്യൻ-മുഗൾ ഭാവനകളിലെഴുതിയ ചുമർചിത്രങ്ങളും നമുക്കിവിടെ കാണാം. എല്ലാംകൂടി ചേർത്തുവച്ച് അനുഭവിച്ചാസ്വദിക്കുമ്പോൾ ഈ പള്ളി തൃശൂരിലെ തൃമാതാപുരത്തെ മറ്റു പള്ളികളിൽ നിന്ന് വ്യത്യസ്തമായ മറ്റൊരു ദൃശ്യവിരുന്നായി മാറുന്നു.

വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക