Monday, October 28, 2019

പുത്തൻ പള്ളിയുടെ കഥ

അതിപുരാതനമായ ഒരു പള്ളിയുടെ പുരാതനമല്ലാത്ത പുതിയ കഥ പറയുകയാണ് ഇവിടെ. തൃശൂര്‍ പുത്തന്‍ പള്ളിയുടെ കഥ.
ശ്രേഷ്ഠമായ ഗോതിക് ശില്പകലയില്‍ നിര്‍മ്മിച്ച ഈ പള്ളിയില്‍ അതിശ്രേഷ്ഠമായ ഭാരതീയ ശില്പകലയും അവിടവിടെ നിഴലിക്കുന്നത് കാണാം. അതുകൊണ്ടുതന്നെ ഈ പുണ്യശില്‍പ്പത്തെ ഭാരതീയ-ഗോതിക് ശില്പകലയെന്നും നമുക്ക് വിളിക്കാം.

ഒറ്റനോട്ടത്തില്‍ മൂന്നു ഗോപുരങ്ങളുള്ള ഈ പള്ളിയുടെ ഇടതും വലതുമായി സ്ഥിതിചെയ്യുന്ന ഗോപുരങ്ങള്‍ക്ക് 146 അടി ഉയരവും, മദ്ധ്യേ നില്‍ക്കുന്ന പ്രധാന ഗോപുരത്തിന് 260 അടിയുമാണ് ഉയരം. ഇതിനുപുറമേ 140 അടി ഉയരത്തില്‍ പിറകുവശത്തായി സപ്തസ്വരങ്ങള്‍ മുഴക്കുന്ന രണ്ടു മണിമാളികകളും സ്ഥിതിചെയ്യുന്നുണ്ട്. ഏറ്റവുമൊടുവില്‍ 260 അടി ഉയരത്തില്‍ ഗോതിക് ശില്പമാതൃകയില്‍ പണികഴിപ്പിച്ച ബൈബിള്‍ ഗോപുരം കൂടി തല ഉയര്‍ത്തിയപ്പോള്‍ തൃശൂരിലെ അതിപുരാതന പുത്തന്‍ പള്ളി ഏഷ്യയിലെ മൂന്നാമത്തെ ഉയരംകൂടിയ പള്ളിയായി വാഴ്ത്തപ്പെടുന്നു.

എവിടെനിന്നു വരുന്നവരായാലും തൃശൂര്‍ റൌണ്ട് വഴി അനായാസമായും അല്ലാതെയും തൃശൂര്‍ പൂത്തൻ പള്ളിയിലെത്താം. മാത്രമല്ല. തൃശൂര്‍ പരിസരത്തുനിന്ന് നോക്കിയാല്‍ ഉയരങ്ങളിൽ തന്നെ കണ്ടെത്താവുന്നതേയുള്ളൂ, നഗര മദ്ധ്യേ നിൽക്കുന്ന ഈ പള്ളി ഗോപുരങ്ങൾ. തൃശ്ശൂർ പൂരം കഴിഞ്ഞാൽ പിന്നെ തൃശ്ശൂരിനു കേമം പുത്തൻ പള്ളി പെരുന്നാളാണ്. എല്ലാ വർഷവും നവംബർ അവസാനത്തെ ആഴ്ചയിലാണ് പുത്തൻ പള്ളി പെരുന്നാൾ. വിവിധ ഭാഷകളിലുള്ള കുർബ്ലാനകളും പരിശുദ്ധ കർമ്മങ്ങളും ഇവിടെ മിക്കവാറും ദിവസങ്ങളിലും ആചരിക്കപ്പെടുന്നുണ്ട്.

മത സൌഹാർദ്ദത്തിന് പേരുകേട്ട തൃശ്ശൂരിൽ ക്രൈസ്തവ സാന്നിദ്ധ്യം ഉറപ്പുവരുത്തിയത് കൊച്ചിമഹാരാജാവായ ശക്തൻ തമ്പുരാനായിരുന്നു. തൃശ്ശൂരിന്റെ സമീപപ്രദേശങ്ങളായ കൊട്ടേക്കാട്, ഒല്ലൂർ, അരണാട്ടുകര എന്നിവടങ്ങളിൽ നിന്നുള്ള ഏതാനും ക്രൈസ്തവ കുടുംബങ്ങളെ തൃശ്ശൂരിൽ കൊണ്ടുവന്ന് താമസിപ്പിച്ചത് ശക്തൻ തമ്പുരാനായിരുന്നുവത്രെ. ഇവർക്കുവേണ്ടിയാണ് പുത്തൻപേട്ട അഥവാ ഇന്നത്തെ തെക്കേ അങ്ങാടി എന്നറിയപ്പെടുന്ന സ്ഥലത്ത് ഒരു പള്ളി പണിയാൻ ആദ്യമായി സർക്കാർ അനുവാദം നൽകിയത്. ശക്തൻ തമ്പുരാൻ തന്നെയായിരുന്നുവത്രെ ഇതിനുവേണ്ടി അഹോരാത്രം പ്രവർത്തിച്ചത്. അങ്ങനെ 1814-ൽ വ്യാകുലമാതാവിന്റെ പ്രതിഷ്ഠയിൽ ഒരു പള്ളി ഇവിടെ സ്ഥാപിതമായി.

പിന്നീട് ക്രൈസ്തവർക്കിടയിലുണ്ടായ പടലപിണക്കങ്ങളിൽ സുറായി കക്ഷികൾ, ശിശ്മ അഥവാ സ്വതന്ത്രകക്ഷികൾ എന്നീ രണ്ടു വിഭാഗമായതിനെ തുടർന്ന്, നിലവിലെ പള്ളി അതായത്, ഇന്നത്തെ മർത്തമറിയം വലിയപള്ളി, അഥവാ സുറായി പള്ളിയായി പരിണമിക്കുകയും ചെയ്തു. അങ്ങനെ ശിശ്മ അഥവാ സ്വതന്ത്രകക്ഷികളെന്ന് അറിയപ്പെട്ടിരുന്ന കത്തോലിക്കർക്ക് പള്ളി നഷ്ടപ്പെട്ടു. ഒരു പള്ളിക്കുവേണ്ടിയുള്ള കത്തോലിക്കരുടെ പ്രയത്നം വീണ്ടും ഒരു നൂറ്റാണ്ടിലേറെ കാലം കടന്നുപോയി. അവസാനം 1925-ൽ ബിഷപ്പ് മാർ ഫ്രാൻസിസ് വാഴപ്പിള്ളിയുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് വീണ്ടുമൊരു പള്ളിക്കുവേണ്ടിയുള്ള സർക്കാർ അനുമതി ലഭിച്ചത്. തൃശ്ശൂരിലെ സി.ആർ. ഈയ്യുണ്ണി വക്കീലിനാണ് പള്ളി പണിയാനുള്ള അനുമതി പത്രം അന്ന് കൈ മാറിയത്. അങ്ങനെ 1925 ഒക്ടോബർ 10-ന് ഇന്നത്തെ പുത്തൻ പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്തെ മുൻവശത്തുണ്ടായിരുന്ന സ്കൂൾ കെട്ടിടം പള്ളിയായി ആശിർവദിക്കപ്പെട്ടു. ഈ പള്ളിയാണ് പിൽക്കാലത്ത് വ്യാകുല മാതാവിന്റെ പ്രതിഷ്ഠയിൽ ഇന്നത്തേയും എന്നത്തേയും പുത്തൻ പള്ളിയായതും.

തൃശ്ശൂരിലെ കത്തോലിക്കരുടെ ആവശൃവും കാലത്തിന്റെ ഗരിമയും കണക്കിലെടുത്ത് പിന്നീട് നീണ്ട 11 വർഷമെടുത്തു ഇപ്പോഴത്തെ പുത്തൻ പള്ളിയായി പരിണമിക്കാൻ. മദ്രാസിലെ സുപ്രസിദ്ധ എൻജിനീയറായ എസ്.എ. ജ്ഞാനപ്രകാശത്തിന്റെ നേതൃത്തത്തിലായിരുന്നു ഈ ഭീമൻ പള്ളിയുടെ നിർമ്മിതി പുരോഗമിച്ചത്. അങ്ങനെ 1940 നവംബർ 24-ന് പൂർത്തിയാക്കിയ ഈ പള്ളിയുടെ വെഞ്ചിരുപ്പു കർമ്മം നടത്തിയത് അഭിവന്ദൃ മെത്രാൻ ഫ്രാൻസിസ് വാഴപ്പിള്ളി തന്നെയായിരുന്നു. 1942-ൽ ദിവംഗതനായ അഭിവന്ദൃ മെത്രാൻ ഫ്രാൻസിസ് വാഴപ്പിള്ളി അന്തൃവിശ്രമം കൊള്ളുന്നതും ഈ പള്ളിയുടെ അൾത്താരക്ക് അടിയിൽ തന്നെ.

ഏഷ്യയിലെ അഭിമാനമായ, തൃശ്ശൂരിന്റെ വികാരമായ ഈ പള്ളിയുടെ നിർമ്മിതി പിന്നേയും പതിറ്റാണ്ടുകൾ തുടർന്നു. 1950-ലാണ് പള്ളിയുടെ മുൻവശത്ത് 140 അടി ഉയരമുള്ള രണ്ട് മണിമാളികകളിൽ നിന്ന് ആരേയും വിസ്മയിപ്പിക്കുന്ന സപ്തസ്വരങ്ങൾ ഒഴുകിയത്. 

ഗോത്തിക് ശില്പകലയിൽ കേന്ദ്രീകൃതമായ ഭാരതീയ ശില്പ സൌന്ദരൃം നിറഞ്ഞുതുളുമ്പുന്ന ഈ പള്ളിയുടെ ആറ് പ്രധാന ഗോപുരങ്ങളിലും ചുമരുകളിലും ത്രീത്വത്തിന്റെ ത്രിമാന ബൈബിൾ ദർശനം സമഞ്ജസമായി സമന്വയിക്കുന്നത് കാണാം. വെണ്ണക്കല്ലിലും എണ്ണഛ്ഛായങ്ങളിലും എഴുതിയ പരിശുദ്ധ ക്രൈസ്തവ കാവ്യങ്ങളാണ് ഈ പള്ളി മുഴുവനും. ഗോപുരങ്ങളുടെ ഉൾ പ്രതലങ്ങളിൽ എണ്ണ ച്ഛായാ ചിത്രങ്ങൾ പുനർനിർമ്മിക്കുന്നതിൽ മുൻകൈ എടുത്ത ശ്രി. ഇഞ്ചോടി ഇനാശു ഇയ്യപ്പനെ പിന്നീട് മാർപാപ്പയിൽ നിന്ന് ലഭിച്ച ഷെവലിയാർ പട്ടം നൽകി ആദരിക്കുകയുണ്ടായി. 

നിഴലുകൾ വീഴ്താത്ത പ്രകൃതിവെളിച്ചത്തിന്റെ വിസ്മയങ്ങളിൽ ഈ പള്ളി മറ്റൊരു മഹാ വിസ്മയമാവുന്നു. പ്രകൃത്യാലുള്ള കാറ്റിന്റെ ഗതിവേഗങ്ങളിൽ ഈ പള്ളി മുഴുവനും ശീതീകൃതമാണ്. 1980-ൽ ഫൊറോനയായും 1992-ൽ ബസിലിക്കയായും ക്രിസ്ത്യൻ പള്ളികളുടെ പ്രശസ്തിയുടെ ഉയരങ്ങൾ കീഴടക്കിയ ഈ പള്ളി രാജൃത്തിന് സമർപ്പിച്ച ആറാമത്തെ അൽഭുതമായിരുന്നു 260 അടി ഉയരത്തിൽ ഇവിടെ നിർമ്മിച്ച ബൈബിൾ ഗോപുരം.

നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച ഈ പള്ളിയും പിന്നീട് പുതിയ കാലത്ത് നാം നിർമിച്ച ഈ ബൈബിൾ ഗോപുരവും കാണുമ്പോൾ നമുക്ക് ഒരു സതൃം മനസ്സിലാവും, നാം ഇന്നും ശില്പകലയിൽ കാര്യമായി പുരോഗമിച്ചിട്ടില്ലെന്ന്. അത്രക്ക് പ്രാചീനമാണ് ഈ ബൈബിൾ ഗോപുര നിർമിതിയും എന്ന് പറയേണ്ടിവരും. ലിഫ്റ്റ് വഴി ഈ ബൈബിൾ ഗോപുരം കയറുമ്പോൾ ലോകത്തിലെ വിവിധ ഭാഷകളിലുള്ള ബൈബിൾ അൽഭുതങ്ങളിലൂടേയും നാം കടന്നുപോകുന്നുണ്ട്. പിന്നെ ബൈബിൾ ഗോപുരത്തിന്റെ ഉയരങ്ങളിൽ എത്തുമ്പോൾ തൃശ്ശൂർ നഗരത്തിന്റെ പരിമിതമായ ആകാശകാഴ്ചയിൽ നാം ഈ പള്ളിയുടെ നെറുകെയിൽ പ്രയാസപ്പെട്ട് മുത്തമിട്ട് ശാന്തിയുടെ തീരങ്ങളിലേക്ക് തന്നെ മടങ്ങുന്നു. വീഡിയോ കാണാൻ ഇവിടെ ക്ളിക് ചെയ്യുക

Saturday, October 12, 2019

മരട് വഴി കൂടത്തായിയില്‍ എത്തുന്ന മലയാളിയുടെ സന്തോഷം


കേരളം ഇപ്പോള്‍ എവിടെ എത്തിനില്‍ക്കുന്നു എന്നുചോദിച്ചാല്‍, ഉത്തരം, മരട് വഴി കൂടത്തായിയില്‍ എന്ന് പറയേണ്ടിവരും. അതെ, ഒരര്‍ത്ഥത്തില്‍ കേരളം ഇപ്പോള്‍ സന്തോഷിക്കുകയാണ്.

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ കാലതാമസമില്ലാതെ പൊളിക്കും; കൂടത്തായിയിലെ ആ വീട്ടമ്മയോടൊപ്പം കുറച്ചുപെരെക്കൂടി താമസിക്കാതെ അകത്താക്കും. കേരളത്തിന് സന്തോഷിക്കാന്‍ ഇത്രയ്ക്കൊക്കെ മതി.

കേരളത്തിന്റെ തലങ്ങും വിലങ്ങും അക്രമരാഷ്ട്രീയത്തിന് ഇരകളായി അതിദാരുണമായി കൊല്ലപ്പെട്ടവരും, കസ്റ്റഡിയില്‍ ജീവന്‍ ഹോമിക്കപ്പെട്ടവരും, അഴികള്‍ക്കപ്പുറം വിലസുന്ന അഴിമതി വീരന്മാരും, കായല്‍പരപ്പുകളും കടല്‍ക്കരകളും നദിയോരങ്ങളും പിളര്‍ന്നുകൊണ്ട് ആകാശഗോപുരങ്ങള്‍ നിര്‍മ്മിച്ചവരും കേരളത്തെ സന്തോഷിപ്പിക്കില്ല. അതാണ്‌ നാം ജീവിക്കുന്ന വിചിത്രമായ കേരളം. ദൈവത്തിന്റെ സ്വന്തം കേരളം.

ഏറ്റവുമൊടുവിലത്തെ മരട് അടക്കമുള്ള ഈ പരിസരങ്ങളിലൊന്നും തന്നെ നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏറെ അന്വേഷണാത്മക-വികസനോന്മുഖ പത്രപ്രവര്‍ത്തനം സാധ്യമല്ലെന്നുവരുന്നു. കാരണം ഈ തോന്ന്യാസങ്ങളൊക്കെ മറഞ്ഞും തെളിഞ്ഞും മാറോടണച്ചവരില്‍ സര്‍ക്കാരും, സര്‍വ്വകക്ഷി പ്രമാണിമാരും, രാഷ്ട്രീയ-സാംസ്കാരിക-മാധ്യമ തമ്പുരാക്കന്മാരും ഉള്‍പ്പെടും.

അന്വേഷണാത്മക പത്രപ്രവര്‍ത്തനം സ്പോണ്‍സര്‍ ചെയ്യുന്ന ഇക്കൂട്ടരൊന്നും മാധ്യമപ്രവര്‍ത്തകരെ വല്ലാണ്ട് കയറൂരിവിടില്ല. അതിന്നിടെയാണ് കൂനിന്മേല്‍ കുരുവേന്നോണം പാലാ തെരഞ്ഞുടുപ്പ് വന്നത്. മരടിനെ ഞരടിഞ്ഞരടി നിന്നവര്‍ പാലാ പിടിച്ചു. മരടിന്റെ കാണാച്ചരടില്‍ വോട്ടുകച്ചവടം തിരുതകൃതിയായി നടന്നു. കച്ചവടം പൊടിപൊടിച്ചു.
അങ്ങനെ പാലാ പുറത്ത് പാപ്പാന്‍‌ എഴുന്നെള്ളവേ വോട്ടുകച്ചവടവും ഓഹരി കച്ചവടവും പതുക്കെപ്പതുക്കെ ക്ലച്ചുപിടിച്ചുവന്നപ്പോള്‍ കൂടത്തായിയില്‍ കല്ലറകള്‍ തുറക്കപ്പെട്ടു. തല്‍ക്ഷണം തത്സമയം വോട്ടുകവലയില്‍ നിന്ന് വോട്ടുവണ്ടിയും കൊടിപ്പടയും പാലാ വഴി മരടും കടന്ന് കൂടത്തായിലെത്തി. പിന്നെ കാര്യങ്ങള്‍ കുശാല്‍.

തിരിതെളിഞ്ഞ ഉപതെരഞ്ഞെടുപ്പുകളുടെ പഞ്ചാങ്കത്തട്ടുകളും ചാടിക്കടന്ന് മാധ്യമപ്പട തുപ്പല്‍ കോളാമ്പിയുമായി കൂടത്തായിയില്‍ തമ്പടിച്ചു. യാതൊരുവിധ മാധ്യമ തടസങ്ങളുമില്ലാതെ പഞ്ചാങ്കത്തട്ടുകളില്‍ സര്‍വ്വകക്ഷിയോദ്ധാക്കള്‍ തിമിര്‍ത്താടി. കൂടത്തായിയില്‍ തമ്പടിച്ച മാധ്യമപ്പട അവിടെയൊന്നും കാര്യമായി എത്തിയില്ല. അവര്‍ എല്ലാവരുംതന്നെ കൂടത്തായിയില്‍ കൂത്താടി.

സാംസ്കാരിക നായകര്‍ അവര്‍ക്കാവുന്ന തരത്തില്‍ പ്രതിരോധത്തിന്റെ ഭിക്ഷാടനം നടത്തിയിട്ടും കാര്യമായ ഫലമുണ്ടായില്ല. മാധ്യമപ്പട കൂടത്തായിയില്‍ നിന്ന് ഒരു മില്ലിമീറ്റര്‍ പോലും അനങ്ങിയില്ല. അനങ്ങാന്‍ ജനങ്ങള്‍ അനുവദിക്കുകയുമില്ല.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ആള്‍ക്കൂട്ട കൊലയില്‍ നിന്ന് കൂടത്തായിയിലെ കൂട്ടക്കൊലയിലേക്ക് കേരളം കൂറുമാറി. സന്ധ്യാനേരങ്ങളിലെ സംഭ്രമ-വിഭ്രമ ജനകമായ സീരിയലുകള്‍ വഴിയാധാരമായി. കൂടത്തായി കൂട്ടക്കൊല റേറ്റിംഗ് കൂട്ടി.
കൂടത്തായി കൂട്ടക്കൊല തെളിയിക്കുന്നത് വെല്ലുവിളിയെന്നത് മാധ്യമപ്പടയ്ക്ക് പൂവിളിയായി. കൂടത്തായിയിലെ പൊന്നാമറ്റത്തും അയല്‍ തറവാട്ടുവളപ്പിലും പരിസരങ്ങളിലും മാധ്യമപ്പറവകള്‍  കൂട്ടംകൂട്ടമായി പറന്നെത്തി. അടുത്തൊന്നും പൂര്‍ത്തിയാവാത്ത വാര്‍ത്തയുടെ ഭ്രമണപഥത്തില്‍ അവരുടെ ഉപഗ്രഹ ക്യാമറകള്‍ വട്ടം കറങ്ങിക്കൊണ്ടിരുന്നു. വാര്‍ത്താപ്രഭാതങ്ങള്‍ മുതല്‍ വാര്‍ത്താ മണിക്കൂറുകള്‍ സൂപ്പര്‍ നേരങ്ങളില്‍ കൂടത്തായി പൊട്ടിച്ചിതറിക്കൊണ്ടിരുന്നു. കേരളം കൂടുതല്‍ കൂടുതല്‍ സന്തോഷിച്ചുക്കൊണ്ടിരുന്നു. അവര്‍ മുഖ്യധാരയിലും സമൂഹധാരയിലും കുളിര്‍ കോരി കുളിച്ചുകൊണ്ടിരുന്നു.

കേരള ചരിത്രത്തില്‍ ആദ്യമായി സൈക്കോളജിസ്റ്റുകളും ക്രിമിനോളജിസ്റ്റുകളും കൊമ്പുകോര്‍ത്തു. കൂടത്തായിയില്‍ കൂട്ടക്കൊലകള്‍ അരങ്ങേറ്റിയത് സൈക്കൊപതി സംഘങ്ങളോ കൊട്ടേഷന്‍ സംഘങ്ങളോ എന്ന ന്യായാന്യായങ്ങള്‍ കേരളത്തിന്റെ ജനകീയ കോടതികളില്‍ ഇരമ്പങ്ങളായി. കൂടത്തായി പ്രഭവകേന്ദ്രമായി. കേരളം ഇപ്പോള്‍ പ്രകമ്പനം കൊള്ളുകയാണ്. കൂടത്തായി പ്രകമ്പനങ്ങളില്‍ പിളര്‍ന്നുവീണ വിവാദങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. പുതിയ വിവാദങ്ങള്‍ പഴയ വിവാദങ്ങളെ മായ്ച്ചുകൊണ്ടിരുന്നു.

പഴയ ഡി.എന്‍.എ. പരിശോധനകള്‍ എങ്ങുമെത്തിയില്ല, അനന്തപുരിയിലെ സി.സി.ടീവിയില്‍ കുടുങ്ങാത്ത വി.ഐ.പി. വാഹനാപകടം എങ്ങുമെത്തിയില്ല, കസ്റ്റഡി മരണങ്ങള്‍ക്ക് അള്‍ഷിമേഴ്സ് ബാധയേറ്റു, ആള്‍ക്കൂട്ട കൊലകളും,  രാഷ്ട്രീയ നരഹത്യകളും, കൊലയാളികളും, രാജ്യദ്രോഹികളും, ശരണം വിളികളും എങ്ങോ പോയി മറഞ്ഞു. നേര്‍പ്പിച്ചെടുത്ത സൈനൈഡ്‌ ലായിനിയില്‍ സംസ്കരിക്കപ്പെട്ടവയ്ക്ക് കണക്കില്ലാതായി. കേരള സന്തോഷിക്കുകയാണ്.

ആരുമറിയാതെ ആരെയുമറിയിക്കാതെ ഉപതെരഞ്ഞെടുപ്പുകളുടെ പഞ്ചാങ്കം നിശബ്ദതയുടെ താഴ്വാരങ്ങളില്‍ വോട്ടുപെട്ടികള്‍ക്കായി വലയെറിഞ്ഞുകൊണ്ടിരുന്നു. പഞ്ചവടിപ്പാലങ്ങള്‍ പഞ്ചതന്ത്ര കഥകളായി. കായലോരങ്ങളിലും കടലോരങ്ങളിലും നദിയോരങ്ങളിലും കെട്ടിപ്പൊക്കിയ ആകാശഗോപുരങ്ങള്‍ കൂടത്തായിയിലെ ഒഴിഞ്ഞ കല്ലറകളില്‍ സംസ്കരിക്കപ്പെട്ടു. കേരളം വീണ്ടുംവീണ്ടും സന്തോഷിക്കുകയാണ്.

ആയിരം മരടുകളും കൂടത്തായികളും മറച്ചുപിടിക്കാന്‍ ഒരു മരടിനും കൂടത്തായിക്കും സാധ്യമായി. ഇപ്പോഴത്തെ വിവാദങ്ങള്‍ കെട്ടടങ്ങും വരെ ഇനി ഒരു മരടും പൊളിച്ചുനീക്കില്ല. ഒരു കൂടത്തായിയുടേയും കല്ലറകള്‍ തുറക്കപ്പെടില്ല. കേരളത്തിന് ആശങ്കകളില്ലാതെ സന്തോഷിക്കാം. കേരളത്തെ ഇവ്വിധം സന്തോഷിപ്പിക്കാന്‍ ഒരു ആയുര്‍വേദത്തിനും അലോപ്പതിക്കും ഹോമിയോപതിക്കും ആവില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ സൈക്കോപതിക്ക് മാതമേ കേരളത്തെ സന്തോഷിപ്പിക്കാനാവു. തിരക്കഥകള്‍ തിരക്കിട്ട് എഴുതുകയാണ് നമ്മുടെ സാംസ്കാരികനായകന്മാര്‍. ദൃശ്യങ്ങളെല്ലാം എടുത്തുകഴിഞ്ഞു. ശേഷം സ്ക്രീനില്‍. വീഡിയോ കാണാന്‍