Saturday, March 14, 2020

കോവിഡ്-19 പ്രതിരോധിക്കാൻ പ്രതിപക്ഷത്തിനും ബാധ്യതയില്ലേ?

കോവിഡ്-19 എന്ന പിടികിട്ടാപുള്ളി ലോകത്ത് വിലസുകയാണ്. നാം അവന് പിടികൊടുക്കാതെ മുഖം മറച്ചും കൈകൾ കഴുകിയും ഒളിച്ചുകഴിയുന്നു. നഗരങ്ങളും ഗ്രാമങ്ങളും ഒച്ചവക്കാതെ ഒഴിഞ്ഞുകിടക്കുന്നു. യാത്രകളില്ല. ദേവാലയങ്ങളിൽ മണി മുഴങ്ങുന്നത് കേൾക്കാനാളില്ല. സുഖാന്വേഷണങ്ങളില്ല. ആശംസകളില്ല. ആദരങ്ങളില്ല. വീഡിയോ കാണാൻ കേൾക്കാൻ



എന്താണ് ഒന്നും പറയാത്തത് എഴുതാത്തത് എന്ന ചോദ്യം കൂടിക്കൂടിവരുന്നു. അതുകൊണ്ടാണ് ഇപ്പോൾ ഞാൻ സിറ്റി സ്കാനിലും ഈ ബ്ലോഗിലും പ്രത്യക്ഷനാവുന്നത്. സത്യത്തിൽ ഇത് പറയാനും എഴുതാനുമുള്ള സമയമല്ല, കേവലം സാമൂഹികമായ അച്ചടക്കത്തിന്റേയും പ്രാർത്ഥനയുടേയും സമയമാണ്. ശാസ്ത്രത്തിന്റെ കുതിപ്പ് നില്ക്കുന്ന കാലവും മനുഷ്യരുടെ കിതപ്പ് കൂടുന്ന കാലവുമാണ് ഇത്. അതിജീവനത്തിന്റെ ആത്മവിശ്വാസത്തിന്റെ കാലം. കോവിഡ്-19 നമ്മെ പഠിപ്പിക്കുന്നതും അതാണ്.

മഹാമാരികൾ എക്കാലത്തും ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ രക്തസാക്ഷികളുടെ ബലികുടീരങ്ങളിൽ വിലാപങ്ങളുടെ കണ്ണീർ പൊഴിക്കാൻ ഒരു ജനതയും ബാക്കിയുണ്ടായിരുന്നു. കോവിഡും ഒരുപക്ഷെ ഒരു ജനതയെ ബാക്കിവക്കാം.

ഈയിടെ ബിബിസി പുറത്തുവിട്ട ഒരു വാർത്ത ഇന്നും എന്നും ഒരു തേങ്ങലായി നമുക്കിടയിലുണ്ടാവും. റോമിൽ എൈസൊലേഷനിൽ കഴിയുന്ന ഭാര്യയും ഭർത്താവും. ഭർത്താവ് മരിച്ചു. ഭാര്യ നിലവിളിച്ചുകൊണ്ടിരിക്കുന്നു. ആരും എത്തുന്നില്ല. അവൾ എത്രനേരം കരഞ്ഞിട്ടുണ്ടാവുമെന്നൊ പിന്നീട് എന്ത് സംഭവിച്ചെന്നൊ ആർക്കും അറിയില്ല. ഇത് വിശുദ്ധ നഗരത്തിന്റെ കഥ. അത്രക്ക് വിശുദ്ധമല്ലാത്ത നമ്മുടെ നാട്ടിലെ സ്ഥിതി നമുക്ക് ഊഹിക്കാവുന്നതെയുള്ളൂ.

കോവിഡ്-19 കണക്കുകളുടെ അവസാനനില പറയാനാവില്ല. കോവിഡിന്റെ കോപാഗ്നിയിൽ വെന്തെരിയാൻ ലക്ഷങ്ങൾ ഹോമകുണ്ഠത്തിനുചുറ്റും അഗ്നിപരീക്ഷയിലാണ്. വെന്തെരിഞ്ഞവർ ആയിരങ്ങൾ കടക്കുന്നു. എങ്കിലും അതിജീവനം സംഭവിക്കും. അതിജീവനമെന്ന ആത്മവിശ്വാസത്തിലാണ് നാമിന്ന്.

ഭൂമിയിലേക്ക് കോവിഡ് എത്തിയത് ചൈനയിലെ വുഹാൻ വഴിയാണ്. മാസങ്ങളോളം വുഹാൻ അടച്ചു. അതിജീവനത്തിന്റെ അവസാനം വുഹാൻ തുറന്നു. വുഹാന് നഷ്ടപ്പെട്ടവരുണ്ടാവാം. എന്നിരുന്നാലും വുഹാൻ തിരിച്ചുപിടിച്ചവരെ നമുക്ക് ഓർക്കാം. അഭിവാദ്യം ചെയ്യാം. അതേസമയം വുഹാനിലുണ്ടായ വീഴ്ചകൾ നമുക്ക് മറന്നുകൂടാ. പുറത്തുവിലസിയ കോവിഡിനെ അകത്താക്കാൻ ചൈനയിൽ അമാന്തമുണ്ടായെന്നത് ലോകം അംഗീകരിക്കുന്ന വസ്തുതയാണ്. കോവിഡിന്റെ ഭീകരവാഴ്ചക്ക് വളം വച്ചതും ഈ അമാന്തം തന്നെ.

കേരളത്തിൽ കോവിഡ് വന്ന വഴിയും നമ്മൾക്കറിയാം. മൂന്നുപേരുടെ അവിവേകം ഏകദേശം മൂന്നുകോടി ജനങ്ങളുടെ സ്വൈരജീവിതം കെടുത്തി. സാക്ഷരകേരളീയർ എന്നവകാശപ്പെടുന്ന ആ മൂന്ന് പ്രവാസികളുടെ വിവരക്കേട് വിതച്ചത് മഹാമാരിയുടെ കൊടുങ്കാറ്റായിരുന്നു. രോഗമുള്ളവർ രോഗമില്ലാത്തവരുടെ ഇടയിൽ രോഗം വിതക്കുന്നത് കണ്ടെത്താൻ കേന്ദ്രമാർഗ്ഗരേഖ ഉണ്ടായിട്ടും നമ്മുടെ മലയാളി മിടുക്കന്മാരും വൈകിപ്പോയെന്നും വേണമെങ്കിൽ ആക്ഷേപിക്കാം.

ഇതുവരേയുള്ള പ്രവർത്തനങ്ങളിൽ ആരോഗ്യകേരളം പ്രശംസ അർഹിക്കുന്നുണ്ട്. ആരോഗ്യമന്ത്രാലയത്തിന് സ്തുതിയായിരിക്കട്ടെ. എങ്കിലും തീർന്നില്ല. മലയാളികളുടെ ഈ ഒളിച്ചോട്ടം നിർത്തണം. മലയാളി നേരിന്റെ വഴിയെ സഞ്ചരിക്കണം. പരസ്പരമുള്ള പഴിചാരലുകളും നിർത്തണം. മലയാളി മാതൃരാജ്യത്തെ കൂടി അനുസരിക്കണം.

കോവിഡിനെതിരെയുള്ള ബോധവൽക്കരണം ആരോഗ്യമന്ത്രാലയത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല, രാഷ്ട്രീയപാർട്ടികൾക്കും ഇതിൽ പങ്കാളികളാവാം. ഭരണഘടന പഠിപ്പിക്കാൻ പുറപ്പെട്ടവരുടെ നാലിലൊന്നെങ്കിലും കോവിഡ് ബോധവൽക്കരണത്തിന്നായി മുന്നോട്ടുവരണം. പ്രതിപക്ഷം രാഷ്ട്രീയ ഒളിച്ചുകളി നിർത്തി ജനങ്ങളോടൊപ്പം നിൽക്കണം. ജനങ്ങൾ ഉണ്ടായെങ്കിൽ മാത്രമെ ഭരണപക്ഷവും പ്രതിപക്ഷവും ഉണ്ടാവുകയുള്ളൂ എന്ന യാഥാർത്ഥ്യവും രാഷ്ട്രീയക്കാർ മനസ്സിലാക്കണം.