Friday, September 27, 2019

തൂലികക്ക് ഒരു ആശുപത്രി

നാസര്‍ ഡോക്ടറാണ്. തൃശൂര്‍ പാലസ് റോഡിലാണ് ഡോ. നാസറിന്റെ ആസ്പത്രി. സാധാരണ ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകിയിട്ട് 6 മണി വരെ മാത്രമേ ഡോക്ടര്‍ ഉണ്ടാവൂ. ഞായറാഴ്ച അവധിയാണ്. ഏകദേശം 80 വര്‍ഷത്തെ സേവനപാരമ്പര്യമുണ്ട് നാസറിന്റെ ആസ്പത്രിക്ക്. നേരത്തെ ആസ്പത്രി നടത്തിപ്പോന്ന നാസറിന്റെ വാപ്പ 2016 ഇഹലോകവാസം വെടിഞ്ഞു. വാപ്പയില്‍ നിന്ന് കിട്ടിയ കൈപുണ്യവുമായി ഡോ.നാസര്‍ ഇപ്പോഴും ഈ ആസ്പത്രിയില്‍ സ്തുത്യര്‍ഹമായ സേവനം തുടരുന്നു.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമും ഈ ആസ്പത്രിയില്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി കരുണാകരനും സി. അച്ചുതമേനോനും ഇവിടെ ചികിത്സ തേടിയവരില്‍ പെടുന്നു. കുറെയേറെ മന്ത്രിമാരും കളക്ടര്‍മാരും ഈ ആസ്പത്രിയില്‍ വന്ന് രോഗശാന്തി നേടിയിട്ടുണ്ട്.

ഇത്രയും കേട്ടുകഴിയുമ്പോള്‍ സ്വാഭാവികമായും നിങ്ങള്‍ക്ക് അറിയാനാഗ്രഹമുണ്ടാവും, ഡോ.നാസറിന്റെ സ്പെഷ്യലൈസേഷന്‍ എന്തിലെന്ന്. ആകാംഷ വേണ്ട. ഇനി പറയാം. ഡോ.നാസര്‍ ചികിത്സ കൊടുത്തത് മേല്‍പ്പറഞ്ഞ പ്രമുഖരുടെ പേനകള്‍ക്കാണ്. ഡോ.നാസറിന്റേത് ഒരു പേനാസ്പത്രിയാണ്.

പഴയ കാലത്തെ ഫൌണ്ടന്‍ പേനയും ഇക്കാലത്തെ ബാള്‍ പേനയും ഡോ.നാസറിന്റെ ആസ്പത്രിയില്‍ ഇന്നും രോഗാവസ്ഥയില്‍ വരുന്നു, രോഗം ഭേദമായി പോകുന്നു. ഇപ്പോഴും ആസ്പത്രിയില്‍ നല്ല തിരക്കാണ്. അബദ്ധത്തില്‍ കീശയില്‍ നിന്ന് വീണു പരിക്കേറ്റ പേനകളും, പിന്നെ നിര്‍ഭാഗ്യവശാല്‍ അതിന്മേല്‍ വണ്ടി കയറി അത്യാഹിതം സംഭവിച്ച പേനകളും നാസറിന്റെ ആസ്പത്രിയില്‍ വന്ന് സുഖം പ്രാപിച്ചുകൊണ്ടിരിക്കുന്നു.

പരിക്കേറ്റ പേനകള്‍ കണ്ടാല്‍ മതി, ഒന്നു തൊട്ടാല്‍ മതി ഡോ.നാസര്‍ പേനയുടെ രോഗവും ചികിത്സാവിധികളും നിശ്ചയിക്കും. മിക്കവാറും അന്നുതന്നെ പേനയുടെ രോഗം ചികിത്സിച്ചുഭേദമാക്കി ഡിസ്ചാര്‍ജ് ചെയ്യുന്നു. കിടത്തി ചികിത്സ വളരെ അപൂര്‍വ്വമാണ്.

പണ്ട് രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം ഒരു തൈ നടുമ്പോള്‍ കീശയില്‍ നിന്ന് വീണ വിലകൂടിയ വാട്ടര്‍ മാന്‍ പേനക്ക് സാരമായ പരിക്കേറ്റു. പിന്നീട് രാഷ്ട്രപതിയുടെ സംഘത്തില്‍ പെട്ട ആരോ ഒരാള്‍ അറിയിച്ചതാണ് ഡോ.നാസറിന്റെ പേനാസ്പത്രിയെ കുറിച്ച്. പിന്നെ രാഷ്ട്രപതി ഒട്ടും സമയം കളഞ്ഞില്ല, ഡോ.നാസറിന്റെ പേനാസ്പത്രിയിലെത്തി. ഡോ.നാസറിന്റെ അത്ഭുത ചികിത്സയില്‍ രാഷ്ട്രപതിയുടെ പേന സുഖപ്പെട്ടു. രാഷ്ട്രപതിയെ പേനയോടൊപ്പം യാത്രയാക്കുമ്പോള്‍ ഡോ.നാസര്‍ ഇങ്ങനെ ഉപദേശിച്ചു; ‘ഇത് വിലകൂടിയ പേനയാണ് സാര്‍. കുട്ടികളെ നോക്കുംപോലെ സംരക്ഷിക്കണം. ‘

നേരത്തെ തൃശൂര്‍ കളക്ടര്‍ ആയിരുന്ന സി.ടി. സുകുമാരന് സമ്മാനമായി കിട്ടിയ മറ്റൊരു പേനയും മേശമേല്‍ നിന്ന് താഴേയ്ക്ക് തെറിച്ചുവീണു. പേനയുടെ വിലകൂടിയ പ്ലാറ്റിനം നിബ്ബ് തറയില്‍ തറച്ചുനിന്നു. മാരകമായ പരിക്കായിരുന്നു അത്. പേന സുഖം പ്രാപിക്കും വരെ കളക്ടര്‍ക്ക് ഒരുവരി പോലും എഴുതാനായില്ല. പിന്നീട് പേന സുഖം പ്രാപിച്ചതിനുശേഷം മാത്രമാണ് കളക്ടര്‍ തന്റെ കര്‍മ്മ മണ്ഡലത്തിലേക്ക് തിരിച്ചുവന്നത്.

പിന്നേയും പിന്നെയുമുണ്ട് ഡോ.നാസറിന്റെ പേനാസ്പത്രിയിലെ കരളലിയിപ്പിക്കുന്ന, കണ്ണുകള്‍ നനയിക്കുന്ന കഥകള്‍. ലക്ഷങ്ങള്‍ വിലയുള്ള വാട്ടര്‍ മാനും, മോണ്ട്ട് ബ്ലാങ്കും, ഷേയ്ഫറും, ക്രോസ്സും, കാര്‍ട്ടിയറുമെല്ലാം ഈ കഥകളില്‍ വന്നുപോകുന്നുണ്ട്‌.  ഈ കഥകളൊക്കെ പറയുമ്പോഴും ഡോ. നാസര്‍ ഇടയ്ക്കിടെ വാല്‍ക്കണ്ണിലെ വികാരവായ്പ്പിന്റെ കണ്ണീര്‍ തുടച്ചുകൊണ്ടിരുന്നു.

ഫൌണ്ടന്‍ പേന തന്നെ വേണം കയ്യക്ഷരം നന്നാവാന്‍. ബാള്‍ പേന കയ്യക്ഷരം ചീത്തയാക്കും. നമ്മുടെ കുട്ടികള്‍ ഇപ്പോള്‍ ഫൌണ്ടന്‍ പേനകള്‍ ഉപയോഗിച്ചു കാണുന്നതില്‍ ഡോ. നാസര്‍ സന്തോഷിക്കുന്നുണ്ട്‌. വിലകുറഞ്ഞ പ്ലാസ്റ്റിക് ബാള്‍ പേനകള്‍ ഗുരുതരമായ ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും ഡോ. നാസര്‍ പറയുന്നു. അവ ഉപയോഗിക്കുന്ന പലരിലും അലര്‍ജി ഉണ്ടാക്കുന്നുണ്ട്. അവ നിരോധിച്ചാല്‍ നന്ന്.

എഴുതുന്നവരോടായി ഡോ.നാസര്‍ പറയുന്നു, പേനകള്‍ വെറുതെ വക്കരുത്. എഴുതിക്കൊണ്ടെയിരിക്കണം. ഒരു പേനയും എഴുതാതെ വക്കരുത്. കാരണം, ഓരോ പേനയും ഓരോ വികാരമാണ്; ഒരായിരം വിചാരങ്ങളുണ്ട് ഓരോ പേനക്കും പറയാനും എഴുതാനും. തല്‍ക്കാലം എഴുതേണ്ടാത്ത പേനകള്‍ നന്നായി കഴുകി വൃത്തിയാക്കി സൂക്ഷിക്കണം. തൃശൂരിലെ ഏതോ ഒരു കൂട്ടം നല്ല മനുഷ്യരുടെ സദ്‌ സംഘം കൊടുത്ത പുരസ്കാരം സാക്ഷ്യപ്പെടുത്തി ഡോ.നാസര്‍ പേനകളുടെ ആയുരാരോഗ്യസൌഖ്യത്തിന്നായി പ്രാര്‍ഥിച്ചും പ്രയത്നിച്ചും തന്റെ നിസ്വാര്‍ത്ഥമായ സേവനം തുടരുന്നു. വീഡിയോ കാണാം 

Wednesday, September 25, 2019

മരട്: പണക്കൊഴുപ്പിന്റെയും അധികാരക്കൊഴുപ്പിന്റെയും കാണാചരട്.


മരട് ഇപ്പോള്‍ ഒരു ഭൂപ്രദേശമല്ല; ഭൂപ്രദേശ പ്രശ്നമാണ്. കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്നമാണ്. അതുകൊണ്ടാണ് സുപ്രീംകോടതി കേരളത്തെ ശക്തമായി ശാസിച്ചത്. നിയമലംഘനം നടത്തി നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ എത്രയുംവേഗം പൊളിക്കണമെന്നും ഇനിയും പ്രകൃതി ദുരന്തങ്ങള്‍ മുഖേന മനുഷ്യര്‍ ഇവിടെ ദുരിതമനുഭവിക്കാന്‍ പാടില്ലെന്നും സുപ്രീംകോടതി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.

മരടിനെ ഗൂഗിളില്‍ തപ്പിയാല്‍ കിട്ടുന്ന ആദ്യത്തെ വസ്തുതയെന്തെന്നാല്‍, മരട് ഒരു തീരദേശ ഭൂപ്രദേശമാണെന്നാണ്. എന്നുവച്ചാല്‍ തീരദേശ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായ ഒരു ഭൂമിക. അതായത് പ്രകൃതി ദുരന്തങ്ങള്‍ വിളിച്ചുവരുത്തന്ന വിധത്തില്‍ മരടില്‍ നിര്‍മ്മിതികള്‍ ഒന്നും പാടില്ലെന്ന് വ്യക്തം.

മരടിലെ ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ എല്ലാവരും തന്നെ ഗൂഗിള്‍ സാക്ഷരത ഉള്ളവരെന്നാണ് എന്റെ സ്ഥിരീകരിച്ച വിശ്വാസം. അതുപോലെ തന്നെ അവരില്‍ ഭൂരിപക്ഷവും മരടിലെ ഫ്ലാറ്റുകള്‍ സ്വന്തമാക്കിയത് ഗൂഗിള്‍ പ്ലാറ്റ്ഫോം സാക്ഷ്യപ്പെടുത്തിക്കൊണ്ടുതന്നെയാണെന്നും ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

ഞാന്‍ നേരത്തെ പറഞ്ഞതുപോലെ മരട് കേരളത്തിന്റെ ഒരു പാരിസ്ഥിതിക പ്രശ്നമാണ്. അതുകൊണ്ടുതന്നെ മരട് എന്ന ഭൂപ്രദേശത്തിന്റെയോ അവിടെ ഫ്ലാറ്റുകളില്‍ താമസിക്കുന്നവരുടെയൊ പ്രശ്നമല്ല ഇവിടുത്തെ വിഷയം. അതുമായി ബന്ധപ്പെട്ട കോടതി വ്യവഹാര സ്ഥിതിവിവരക്കണക്കുകളും ഇവിടെ വിഷയമാവുന്നില്ല. കാരണം, അതെല്ലാം സമൂഹ മാധ്യമങ്ങളുടെ വിസ്തൃതമായ ശൃംഗല ഈ ഭൂമിയെ നല്ലവണ്ണം അറിയിച്ചും പഠിപ്പിച്ചും കഴിഞ്ഞു. ഒരുവേള, ഈ വിഷയത്തില്‍ സുപ്രീംകോടതി പഠിച്ചതിനേക്കാള്‍ ഏറെ പഠിച്ചിരിക്കണം ഇതിനകം നമ്മുടെ സമൂഹ മാധ്യമ സംവാദക്കാരും പ്രേക്ഷകരും.

മരട് വിഷയം വളരെ ലളിതമാണ്. അതേസമയം പ്രശ്നം അത്രയ്ക്ക് സങ്കീര്‍ണ്ണവുമല്ല. മരട്, ഗൂഗിള്‍ പറയുന്നതുപോലെ ഒരു തീരദേശ പ്രദേശമാണ്. അതുകൊണ്ടുതന്നെ തീരദേശ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായി മാത്രമായിരിക്കണം മരട് ഭൂപ്രദേശങ്ങളിലെ ഭൂമി വ്യവഹാരങ്ങളും നിര്‍മ്മിതികളും.

വസ്തുതയും സത്യവും ഇതായിരിക്കെ മരടിലെ തീരദേശ ചട്ടങ്ങളും നിയമങ്ങളും കായലില്‍ പറത്തി അവിടെ ഒരു പതിറ്റാണ്ടെങ്കിലും മുമ്പ് ഫ്ലാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിച്ചതാരാണ്? തികച്ചും ബോധപൂര്‍വ്വം നിയമലംഘനം നടത്തി നിര്‍മ്മിച്ച ആ ഫ്ലാറ്റുകള്‍ ബോധപൂര്‍വ്വം തന്നെ സ്വന്തമാക്കിയവര്‍ ആരാണ്?

ഇതൊക്കെ അറിയാന്‍ കോടതികളുടെയോ, കോടതികളെക്കാള്‍  കേമമായ സര്‍വജ്ഞപീഠം കയറിയ മാധ്യമ അന്തിച്ചര്‍ച്ചാ കോടതികളുടെയോ ആവശ്യമില്ല. ഉത്തരം വളരെ കൃത്യമാണ്. ബോധപൂര്‍വ്വം നിയമലംഘനം നടത്തി മരടില്‍ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മിച്ചവരും നിയംലംഘിത സമുച്ചയങ്ങള്‍ സ്വന്തമാക്കിയവരും കേരളത്തിലെ നിയമ സാക്ഷരതയുള്ള പണക്കൊഴുപ്പും അധികാരക്കൊഴുപ്പും കൈമുതലായുള്ള പ്രമാണിമാര്‍ തന്നെ. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചില രാഷ്ട്രീയക്കാരും കാണാമറയത്തെ ഭരണകൂടവും ഭരണകൂട യന്ത്രങ്ങളും മാധ്യമങ്ങളും നിലയുറപ്പിച്ചിരിക്കണം.

മരടിലെ തീരദേശ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചുകൊണ്ടുള്ള  നിര്‍മ്മിതികള്‍ സ്വന്തമാക്കിയവരില്‍ സാക്ഷരകേരളത്തിലെ നിയമജ്ഞരും ന്യായാധിപന്മാരും അന്വേഷണാത്മക മാധ്യമ തമ്പുരാക്കന്മാരുമെല്ലാം ഉണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍. എന്നുവച്ചാല്‍ മരടില്‍ സംഭവിച്ചത് ബോധപൂര്‍വ്വമായ നിയമലംഘനം തന്നെ. അല്ലെങ്കില്‍ നിയമലംഘനം എന്ന് പൊതുസമൂഹം കരുതുന്നതിനെ പണത്തിന്റെയും രാഷ്ട്രീയത്തിന്റെയും കാണാചരടിന്റെ ബലത്തില്‍ നിയമമാക്കാമെന്ന ചങ്കൂറ്റമുള്ളവര്‍ തന്നെയാണ് മരടില്‍ നിയമലംഘനം നടത്തിയത്. അവര്‍ക്കെതിരെയാണ് ഇപ്പോള്‍ സുപ്രീംകോടതി വിധി പറഞ്ഞിരിക്കുന്നത്. നടപ്പാവാത്ത സുപ്രീംകോടതി വിധികളുടെ കൂട്ടത്തില്‍ ഈ വിധിക്കും ദുര്‍വിധി ഉണ്ടാവാതിരിക്കട്ടെ. നമുക്ക് പ്രത്യാശിക്കാം. കാണാം വീഡിയോ
 
   

Wednesday, September 11, 2019

അന്ധകാരഗിരികളും കടന്നെന്തിനോണമേ വന്നു നീ?


ഒരു വട്ടം കൂടി ഓണം. ആദരണീയനായ മഹാബലിത്തമ്പുരാന്‍ വീണ്ടും ഓര്‍മ്മകളുടെ പൂക്കളങ്ങളിലേക്ക്.  എന്നാല്‍ നമ്മുടെ മഹാബലി തമ്പുരാന്‍ ആ പഴയ തമ്പുരാനല്ല. ആഗോള കുത്തക കമ്പനിക്കാരുടെ ബഹുവര്‍ണ്ണ കുടകളുമായി മലയാളനാട്ടില്‍ ജൈത്രയാത്ര നടത്തുന്ന വിലകൂടിയ ബ്രാന്റ് അംബാസഡര്‍.

ഓണം പോയകാലത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മപ്പെടുത്തലാണ്. അന്യം നിന്നുപോയ ഒരു ശുദ്ധസംസ്കാരത്തിന്റെ പുരാവസ്തുക്കാഴ്ചയാണ്. നീതിമാനായ ഒരു രാജാവിനെ ചവിട്ടിതാഴ്ത്തണമെന്ന ഒരാജ്ഞയുടെ വര്‍ഷംതോറുമുള്ള ഓര്‍മ്മ പുതുക്കലെന്ന ആചാരമാണ്.

നമുക്കിത് രണ്ടാം പ്രളയകാലത്തെ വേദനിക്കുന്ന ഓണം. മിന്നല്‍ മഴയും ഉരുള്‍പൊട്ടലുകളും പാതാളത്തിന്നപ്പുറം എവിടേക്കോ ചവിട്ടിത്താഴ്ത്തിയ പ്രളയബാധിതരെ നമുക്ക് ഇനിയും കണ്ടെത്താനായില്ല. അതിന്നായുള്ള അന്വേഷണങ്ങളും നാം നിര്‍ത്തിവച്ചു.

രണ്ടു പ്രളയങ്ങള്‍ വിഴുങ്ങിയ കുടിലുകളും വീടുകളും നമ്മുടെ അതിജീവനസേനകള്‍ക്ക് ഇപ്പോഴും പുനര്‍നിര്‍മ്മിക്കാനായില്ല. എന്നാല്‍ ഓണം പ്രമാണിച്ച് നാം അതെല്ലാം മറക്കുന്നു. നാം വീണ്ടും ഓണാഘോഷങ്ങളിലേക്ക് തിരതല്ലിയെത്തുന്നു. ഈ ഓണത്തിന് നാം ആറുകോടി രൂപ മുടക്കി ആഘോഷങ്ങളില്‍ അഭിരമിക്കും. ദുരന്തം ഏറ്റുവാങ്ങിയവരുടെ മരണത്തിന്റെ മണം മാറും മുമ്പ് നമ്മുടെ KTDC പായസമേള നടത്തി മധുരം വിളമ്പും.കൃത്യമായിപ്പറഞ്ഞാല്‍ പ്രളയങ്ങളില്‍ കിടപ്പാടം നഷ്ടപ്പെട്ടുപോയവര്‍ക്ക് 150 വീടുകളെങ്കിലും നിര്‍മ്മിക്കാവുന്ന ആറുകോടി രൂപയാണ് നാം ഈ ഓണത്തിന് ധൂര്‍ത്തടിക്കുന്നത്. ഭരണപക്ഷത്തിനോ പ്രതിപക്ഷത്തിനോ സാക്ഷാല്‍ ജനപക്ഷത്തിനോ ഈ ധൂര്‍ത്തിനോട് എതിരഭിപ്രായമില്ല. 
  
ഓണത്തിന്റെ നീതിസാരത്തെ നാം സൌകര്യപൂര്‍വ്വം മറക്കുകയും അതിന്റെ വാണിജ്യസാധ്യതകളെ നാം പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഓണം നമുക്കിന്ന് പൊന്നോണമല്ല. എള്ളോളം പൊളിവചനമില്ലാത്ത ആ പഴയ ഓണം, നമുക്കിന്ന് കള്ളോളം പൊങ്ങിനില്‍ക്കുന്ന പൊങ്ങച്ചത്തിന്റെയും കള്ളക്കച്ചവടത്തിന്റെയും കള്ളോണമാണ്.

സമത്വവും സമൃദ്ധിയും സര്‍വ്വൈശ്വര്യവും ചേര്‍ത്ത് നാം വരച്ചെടുത്ത ആ മഹാബലിത്തമ്പുരാന്‍ ഇന്ന് നീതിമാനായ പഴയ രാജാവല്ല, മറിച്ച്; ഓണക്കമ്പോളത്തിന്റെ കുംഭ വീര്‍പ്പിച്ചുനില്‍ക്കുന്ന വില മതിക്കാത്ത ബ്രാന്റ് അംബാസഡര്‍ ആണ്.

നീതിമാന്റെ ഓര്‍മ്മ പുതുക്കാനായി നാം സ്വരുക്കൂട്ടിയ ഒരുവര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ നാം ഈ കള്ളക്കമ്പോളത്തിലെത്തിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പുത്തന്‍ നീതിമാന്മാര്‍ നമ്മുടെ കടം വാങ്ങിയ സമ്പാദ്യത്തെ കമ്പോളരാജാക്കന്മാര്‍ക്ക് എറിഞ്ഞുകൊടുക്കുന്നു.
അരിയും പച്ചക്കറിയും പലവ്യഞ്ഞനങ്ങളും വിദേശമദ്യവും വ്യാജമദ്യവും അവര്‍ നമുക്ക് അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് നമ്മുടേതെന്ന വ്യാജേന എത്തിച്ചുതരുന്നു. അതിന്റെയൊക്കെ കോഴയും കൊള്ളലാഭവും, ഒരിക്കലും ചവിട്ടിത്താഴ്ത്തപ്പെടില്ലെന്ന ഉറപ്പുള്ള ഈ അഭിനവ മഹാബലിമാര്‍ പങ്കുവച്ചെടുക്കുന്നു. എന്നാല്‍ പഴയ ആ നീതിമാന്‍ അങ്ങനെ ആയിരുന്നില്ല. എല്ലാ വിഭവങ്ങളും സ്വന്തം രാജ്യത്തുനിന്നാണ് ആ നീതിമാന്‍ നമുക്ക് എത്തിച്ചുതന്നിരുന്നത്. അതുകൊണ്ടായിരിക്കാം ആ നീതിമാന്‍ ചവിട്ടിത്താഴ്ത്തപ്പെട്ടത്‌.

ഓണവിപണികളില്‍ വിറ്റഴിയുന്ന അരിയും പല വ്യഞ്ജനങ്ങളും സ്മാര്‍ട്ട്  ടീവി കളും മൊബൈല്‍ ഫോണുകളും ഓണ ബമ്പറും മറ്റ് സാങ്കേതിക വിദ്യകളും ആഗോള കുത്തക കമ്പനിക്കാരുടെതാണ്. അവര്‍ നമ്മുടെ നീതിമാന്മാരുമായുള്ള അവിഹിതത്തിലൂടെയാണ് ഇതെല്ലം ഇവിടെ വിറ്റഴിക്കുന്നത്. ഇതിനെല്ലാം കൂട്ടുനില്‍ക്കുകയാണ് ഇന്ന് നമ്മുടെ ആദരണീയനായ ആ പഴയ മഹാബലിത്തമ്പുരാന്‍. ആഗോള കുത്തക കമ്പനിക്കാരുടെ ഓണക്കാല ബ്രാന്റ് അംബാസഡര്‍.

നാമിന്ന് ഒന്നിന്റെയും ഉല്പാദകരല്ല. നാമെല്ലാത്തിന്റെയും ഉപഭോക്താക്കളാണ്. എല്ലാ വാണിജ്യസാധ്യതകളും പ്രയോഗിക്കപ്പെടുന്ന ഗിനിപ്പന്നികളാണ് നാം. നമുക്കൊന്നും ചെയ്യാനില്ല. നമുക്കെല്ലാം അനുഭവിക്കാനുള്ളതാണ്. നമുക്കനു ഭവിക്കാന്‍ വിരല്‍തുമ്പില്‍ ആയിരം ചാനലുകള്‍. നമുക്കയക്കാന്‍ നമ്മുടെ വിരല്‍തുമ്പില്‍ ആയിരം കൊച്ചു കൊച്ചു സന്ദേശങ്ങള്‍ ചിത്രങ്ങള്‍, ചലച്ചിത്രങ്ങള്‍ 4ജി വേഗത്തില്‍ പറക്കുന്നു. നമ്മെ നാമല്ലാതാക്കുന്ന ആഗോള കുത്തകക്കാര്‍ നമ്മെ എങ്ങോട്ടോ കൊണ്ടുപോകുന്നു. നമ്മളെ എങ്ങോട്ട് കൊണ്ടുപോകണം എന്ന് നിശ്ചയിക്കേണ്ടവരും അവരോടൊപ്പം നിലയുറപ്പിച്ചിരിക്കുന്നു. എന്നിട്ടും നമുക്ക് പ്രതികരണങ്ങളില്ല. നമുക്ക് നിലപാടുകളില്ല. നയങ്ങളില്ല. അതെല്ലാം നമ്മുടെ ടീവി ചാനലുകള്‍ നിശ്ചയിക്കും. നാം നമുക്ക് ബാക്കിയാവുന്ന സമയത്തെ കമ്പോളീകരിക്കാനും  വിനോദീകരിക്കാനും പാടുപെടുന്നു.

നമുക്ക് ആരെ വേണമെങ്കിലും പീഡിപ്പിക്കാം; പറ്റിക്കാം; ചതിക്കാം. നമുക്ക് ആരെ വേണമെങ്കിലും തല്ലാം, കൊല്ലാം. നമുക്ക് സമരം ചെയ്യാം. പുതിയ കാലത്ത് നമുക്ക് വേഷ പ്രച്ചഹ്ന്നരായും പ്രക്ഷോഭങ്ങള്‍ ഉണ്ടാക്കാം. നമുക്ക് എന്തും ഉപരോധിക്കാം. പ്രതിരോധിക്കാം. എല്ലാ ഉപരോധങ്ങള്‍ക്കും പ്രതിരോധങ്ങള്‍ക്കും ഭരണകൂട സഹായമുണ്ടാവും. പിന്നെ മതിവരുവോളം ഓശാന പാടാം. അപ്പോഴും നമ്മുടെ മുന്നില്‍ ആയിരം ക്യാമറകള്‍ കണ്ണുചിമ്മും. ചാനലുകള്‍ അതൊക്കെ റേറ്റിംഗ് ഉള്ള കാഴ്ച്ചകളാക്കും. നമുക്ക് എന്നും ഓണം. നമ്മളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഓണം. കള്ളോണമെങ്കിലും, അതാണ്‌ നമുക്ക് പൊന്നോണം.

എന്നാല്‍ ഇവിടെ നാമറിയാതെ ഓണം മരിക്കുകയാണ്. മരിച്ചുകൊണ്ടി രിക്കുകയാണ്. നമ്മെ അതിഭീകരമായ വിധത്തില്‍ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ മരണത്തെ ഓര്‍മ്മിപ്പിക്കുകയണ് ഡോ. സുകുമാര്‍ അഴീക്കോട്; ഇങ്ങനെ...
“ഓണം മരിക്കുകയാണ്! മനസ്സിലായില്ലേ? ഈ ഓണം ഓണമല്ല. അതുകൊണ്ട് ഓണക്കവി പാടി:
അന്ധകാരഗിരികളും കട-
ന്നെന്തിനോണമേ വന്നു നീ?”

രണ്ടു പതിറ്റാണ്ടിന്നപ്പുറത്തെ ഒരു ഓണക്കാലത്ത് ഡോ.സുകുമാര്‍ അഴീക്കോട് കുറിച്ചിട്ട താണ് ഈ ഓണദര്‍ശനം. നല്ലോണങ്ങളുടെ നന്മകളെ കുറിച്ചെഴുതിത്തുടങ്ങി വല്ലോണങ്ങളുടെ വല്ലായ്മയില്‍ അവസാനിപ്പിച്ച ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഓണദര്‍ശനം യഥാര്‍ത്ഥത്തിലും കേരളദേശത്തിന്റെ സാംസ്കാരിക തത്ത്വചിന്തയാണ്.

പണ്ട് ഓണം എന്നുകേള്‍ക്കുമ്പോള്‍ ഒരു വസന്തകാല ഗീതകത്തിന്റെ ഈണ മാണ് മനസ്സിലേക്ക് വന്നെത്തുക. തുമ്പപ്പൂവും മുക്കുറ്റിയും മന്ദാരവും ചെത്തിയും ചെമ്പരത്തിയും കോളാമ്പിയും പിന്നെ മുറ്റത്ത് ബഹുവര്‍ണ്ണ പര്‍ണ്ണക്കൊടികളുമായി പാറുന്ന പ്രിന്‍സും കോഴിവാലനും ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ക്രോട്ടന്സും ചേര്‍ന്നൊരുക്കുന്ന ഒരു വര്‍ണ്ണഭംഗിയായിരുന്നു അന്നത്തെ ഓണം.

നാക്കിലകളില്‍ തുമ്പപ്പൂവും കാക്കപ്പൂവും പോലെ കുത്തരിച്ചോറ് കൂട്ടുകറികളുടെ കൂട്ടായ്മയില്‍ സാമ്പാറിന്റെ രസക്കൂട്ടിലെരിയുന്ന ഓണസദ്യയെ ഓര്‍മ്മിപ്പിക്കുന്നു അന്നത്തെ ഓണം. പൊന്നിന്‍ മഞ്ഞയില്‍ പഴങ്ങള്‍ നാട്ടിലെ നാക്കിലയിലും വീട്ടിലെ തട്ടിലും ഓണാലങ്കാരമാവും. അതുകൊണ്ടോക്കെയാണ് അന്നത്തെ ഓണത്തെ പൊന്നോണം എന്ന് വിളിച്ചത്.

ഇന്നതെല്ലാം നമുക്ക് നഷ്ടമായിരിക്കുന്നു. ഓണത്തിന്റെ സാംസ്കാരികതകള്‍ നമുക്ക് നഷ്ടമായിരിക്കുന്നു. പകരം ഓണത്തിന്റെ സാമ്പത്തിക മാനങ്ങള്‍ നമുക്ക് ലാഭമായിരിക്കുന്നു. ഓണം ലാഭേച്ഛയെ മാത്രം നട്ടുനനക്കുന്നു. പൂവ്വനും നെടു നേന്ത്രനും ചങ്ങാലിക്കോടനും കുലച്ചുകുനിഞ്ഞ കേരളത്തില്‍ ഇപ്പോള്‍ സര്‍വ്വസൌജന്യങ്ങളുടെയും അവിശ്വസിനീയമായ കുലകള്‍ കുലച്ചുതൂങ്ങുന്നു. അങ്ങനെയാണ് പഴയ പൊന്നോണം പോയതും വിപണിയുടെ കള്ളോണം വന്നതും. കള്ളോണം എന്ന് വെറുതെ പറഞ്ഞതല്ല. കള്ളിന്റെയും കള്ളത്തിന്റെയും ഓണത്തെതന്നെയാണ് ഇന്ന് ഓണം പ്രതിഫലിപ്പിക്കുന്നതും പ്രതിധ്വനിപ്പിക്കുന്നതും.

ഓണത്തിന് അവകാശപ്പെട്ട ഒരു കാലമുണ്ടായിരുന്നു നമുക്ക് പണ്ട്. നാമതിനെ ഓണക്കാലമെന്നും വസന്തകാലമെന്നും ഉത്സവകാലമെന്നും വിളിച്ചുപോന്നിരുന്നു. ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. കാലാന്തരത്തില്‍ ഓണത്തിന്റെ കാലം അവധിക്കാലവും അലസകാലവും ഓണം ബംബറുകളുടെ കച്ചവടക്കാലവുമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.
കര്‍മ്മോല്സുകമായിരുന്ന ഒരു കാലത്തിന്റെ പര്യവസാനത്തിലെ വിളവെടുപ്പു കാലമായിരുന്നു പഴയ ഓണക്കാലം. അക്ഷരാര്‍ത്ഥത്തിലും അരമുറുക്കി വായു മുറിച്ച് പണിയെടുത്തൊരു കാലത്തിന്റെ ഫലപ്രാപ്തിയുടെ കാലമായിരുന്നു അത്. മറ്റൊരര്‍ത്ഥത്തില്‍ ഒരു വിയര്‍പ്പൊഴുക്കുകാലത്തിന്റെ അവസാനത്തെ വിയര്‍ക്കാത്ത കാലമായിരുന്നു നമുക്ക് പണ്ടൊക്കെ ഓണക്കാലം.

നമ്മുടെ ഭരണകൂടമാണ്‌ ഓണത്തെ ഇവ്വിധം സംസ്കാരശൂന്യവും വിപണി കേന്ദ്രീകൃതവുമാക്കിയത്. നമ്മുടെ ഭരണകൂടം ഓണത്തെ സ്വദേശ-വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയായിരുന്നു. അങ്ങനെ ആഗോള കുത്തകക്കാരുടെ പൊട്ടയെല്ലാം നല്ലതാക്കി സര്‍ക്കാര്‍ മുദ്രകുത്തി വില്‍ക്കാനുള്ള കച്ചവടക്കാലമായി ഓണക്കാലത്തെ മാറ്റിയെടുക്കുകയായിരുന്നു നമ്മുട ഭരണകൂടങ്ങള്‍.

കോര്‍പ്പറേറ്റുകള്‍ക്ക് പണപ്പെട്ടി നിറക്കുന്നതിന്നായി ഭരണകൂടം ജനങ്ങള്‍ക്ക്‌ ഓണക്കാലത്ത് ബോണസ്സും ബത്തയും മുന്‍‌കൂര്‍ ശമ്പളവും കൊടുത്ത് കുത്തകകളെ സഹായിക്കുകയായിരുന്നു. അങ്ങനെ കച്ചവടത്തിന്റെ കരാര്‍ പണവും ദല്ലാള്‍ പണവും പരിശുദ്ധമായ ഒരൂ ഉത്സവത്തിന്റെ പേരില്‍ ഭരണകൂട യന്ത്രങ്ങളിലേക്ക് ഒഴുകുകയാണ്. എന്നിട്ട് പാവം ജനത അടുത്ത ആറുമാസത്തെ ഓണമില്ലാ പഞ്ഞക്കാലത്തെ അബോധപൂര്‍വം സ്വാഗതം ചെയ്യുന്നു. ഇത് ഭരണകൂടങ്ങളുടെ ബോധപൂര്‍വ്വമായ കച്ചവടമാണ്. പ്രജാക്ഷേമമല്ല.

ഓണം മരിച്ചുകൊണ്ടിരിക്കുകയാണ്; മലയാളിയുടെ പ്രതികരണബോധവും.  ആരോ നടതള്ളിയ ഒരു കാളക്കൂറ്റന്റെ വിവേചന - പ്രതികരണ ബോധം പോലുമില്ല നാം അഹങ്കാരത്തോടെ ബ്രാന്റ് ചെയ്യുന്ന ലോക മലയാളി ബുദ്ധിജീവികള്‍ക്ക്.

മരിച്ചുകൊണ്ടിരിക്കുന്ന ഈ ഓണം പഴയ പൊന്നോണമല്ല. അതുകൊണ്ടാണ് ഓണക്കവി ഇങ്ങനെ പാടിയത്;
അന്ധകാരഗിരികളും കട-
ന്നെന്തിനോണമേ വന്നു നീ?
ഈ ലേഖനത്തിന്റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

Thursday, September 5, 2019

സമൂഹമാധ്യമങ്ങളും സമൂഹ മനോനിലയും


സമൂഹ മാധ്യമങ്ങളും അവ സൃഷ്ടിക്കുന്ന സമൂഹ മനോനിലയും ചര്‍ച്ച ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമകാലിക സമൂഹ മനോനില തീര്‍ത്തും ആശങ്കാജനകമെന്നുതന്നെ പറയേണ്ടിവരും. നല്ലതും വല്ലതുമൊക്കെ കുത്തിനിറയ്ക്കപ്പെടുമ്പോള്‍ ഉണ്ടാവുന്ന ഒരു മനോനില കൂടിയാണ് ഇത്, ഇതിന് ജനാധിപത്യപരമായ പരിഹാരമില്ല. സമകാലിക സാമൂഹ്യശാസ്ത്രത്തെ തിരിച്ചറിയുക മാത്രമാണ് ഇതിന് പരിഹാരം.

ഇന്ന് സമൂഹമാധ്യമങ്ങള്‍ മുന്‍നിരയിലും മുഖ്യധാരാ മാധ്യമങ്ങള്‍ പിന്‍നിരയിലുമാണ് കഴിഞ്ഞുകൂടുന്നത്. ഇതൊരു തരത്തില്‍ നല്ലതും മറ്റൊരു തരത്തില്‍ ചീത്തയുമാണ്‌. മുഖ്യധാരാ മാധ്യമങ്ങള്‍ ആഴത്തില്‍ ചീത്തയായതുകൊണ്ടാണ് സമൂഹം സമൂഹമാധ്യമങ്ങളിലെ ഉപരിതല നന്മയെ പ്രാപിക്കുന്നത്. സമൂഹമാധ്യമങ്ങള്‍ ഉപരിതലസ്പര്‍ശിയാണ്. സമൂഹമാധ്യമങ്ങളുടെ സ്ഥല-കാല-വിഭവ ഘടനകളുടെ പരിമിതിയാണ് ഇതിന് കാരണം. അതേസമയം സ്ഥല-കാല-വിഭവ ഘടനകളില്‍ അനന്തമായ സാധ്യതകളുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ കച്ചവടത്തിന്റെ കച്ചകെട്ടലുകളില്‍ പരാജയപ്പെടുന്നു. ഇവിടെയാണ് സമൂഹമാധ്യമങ്ങള്‍ ഒച്ചപ്പാടോടെ വിജയിച്ചുകൊണ്ടിരിക്കുന്നത്; ഒപ്പം സമൂഹത്തിന്റെ മനോനില അനാരോഗ്യപരമായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നതും.

ഈയ്യിടെ എന്റെ ഒരു ഡോക്ടര്‍ സുഹൃത്ത് എനിക്ക് കുറച്ച് യുട്യുബ് വീഡിയോകള്‍ വാട്സാപ് വഴി അയച്ചുതന്നിട്ട് ചോദിക്കുന്നു, അവയില്‍ ഏതാണ് ശരിയെന്നും തെറ്റെന്നും. ഡോക്ടറുടെ മനോനില പോലും ആശങ്കപ്പെടുത്തിയ ആ വീഡിയോകള്‍ ഞാനും നേരത്തെ കണ്ടതാണ്, കേട്ടതാണ്. നമ്മുടെ രാജ്യത്ത് ഇപ്പോള്‍ ആത്യന്തികമായ ശരികളും സത്യങ്ങളും ഏറെ കൂടുതലാണ്. ഒരുവേള എല്ലാംതന്നെ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതോ കച്ചവടവല്‍ക്കരിക്കപ്പെട്ടതോ ആയ ശരികളും സത്യങ്ങളുമാണ്. ഈ ന്യായീകരണം വച്ചുകൊണ്ടാണ് ഞാന്‍ എന്റെ ഡോക്ടര്‍ സുഹൃത്തിനെ ചികിത്സിച്ച് ഭേദമാക്കാന്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ ഈ വിഷയം ഇവിടെ ചര്‍ച്ചയ്ക്ക് എടുക്കുന്നതും.

ഡോക്ടര്‍ എനിക്ക് അയച്ചുതന്ന എല്ലാ വീഡിയോകളും ഇന്ത്യയുടെ സാമ്പത്തിക നയങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും അപഗ്രഥിച്ച വീഡിയോകള്‍ ആയിരുന്നു. അപഗ്രഥനത്തിന്റെ സൃഷ്ടാക്കളെല്ലാവരും തന്നെ അതി മിടുക്കന്മാരും മിടുക്കികളുമാണ്. ഇഷ്ടങ്ങള്‍ക്കും പകര്‍ച്ചകള്‍ക്കും സ്ഥിരാരധനയ്ക്കും വേണ്ടിയുള്ള ആഹ്വാനങ്ങളില്‍ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന ആ വീഡിയോകള്‍ക്ക് ആയിരങ്ങളുടെ മുന്‍ബലവും പിന്‍ബലവുമുണ്ടായിരുന്നു.

ഭൂമിയില്‍ ലഭ്യമായ എല്ലാ സ്ഥിതിവിവരക്കണക്കുകളും അക്കമിട്ടുനിരത്തിയാണ് ഈ സമൂഹമാധ്യമ ശാസ്ത്രജ്ഞമാര്‍ കാര്യങ്ങളെ സമര്‍ത്ഥമായി അവതരിപ്പിച്ചത്. റിസര്‍വ് ബാങ്കില്‍ നിന്ന്‍ നിയമപരമായി സര്‍ക്കാര്‍ എടുത്ത കരുതല്‍ പണം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിയതായും മോശപ്പെടുത്തിയതായും ഈ കുശാഗ്ര ഗവേഷകര്‍ സമര്‍ത്ഥമായി വാദിക്കുന്നു. രസകരമായ വസ്തുതയെന്തെന്നാല്‍ ഇവരെല്ലാവരും തന്നെ അവരവരുടെ വാദമുഖത്ത് നിരത്തുന്നത് ഒരേ സ്ഥിതിവിവരക്കണക്കുകള്‍ ആണെന്നതാണ്. ഒറ്റനോട്ടത്തില്‍ ഇവരെല്ലാവരും ശരി പറയുന്നു, സത്യം പറയുന്നു. അതേസമയം മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്ര വിദഗ്ദനുമായ ഡോ. മന്‍മോഹന്‍സിംഗ്‌ ഈ സ്ഥിതിവിവരക്കണക്കുകള്‍ ഒന്നുംതന്നെ പരിഗണിക്കാതെയാണ് സര്‍ക്കാരിന്റെ സാമ്പത്തിക നയത്തെ വിമര്‍ശിക്കുന്നത്. മാത്രമല്ല, സിംഗിന്റെ വിമര്‍ശനം പ്രധാനമായും ജി.എസ്.ടി.യില്‍ ഒതുങ്ങുകയും ചെയ്തു. എന്റെ ഡോക്ടര്‍ സുഹൃത്തിന്റെ മനോനില താറുമാറായതും ഇവിടെയാണ്‌. ഒരുപക്ഷെ എല്ലാ സമൂഹമാധ്യമ പങ്കാളികളുടെയും മനോനില തെറ്റുന്നതും ഇവിടെതന്നെയായിരിക്കണം.

മാധ്യമങ്ങള്‍ അത് ഏതുമാവട്ടെ, അവയില്‍നിന്ന് വിടുതല്‍ പ്രാപിച്ചും പ്രഖ്യാപിച്ചും നാം ഒരു കാര്യം മനസ്സിലാക്കണം. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. തികഞ്ഞ ജനാധിപത്യ മര്യാദയോടുകൂടി ഭൂരിപക്ഷം നേടിയ ഒരു സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നത്‌. ഇന്ത്യയുടെ ഭരണത്തിന് കാലം തെളിയിച്ച ഒരു ഭരണയന്ത്രം ഉണ്ട്. ഭരണകര്‍ത്താക്കള്‍ ഉണ്ട്. നിയമങ്ങളും ചട്ടങ്ങളുമുണ്ട്. വസ്തുതകള്‍ ഇങ്ങനെയിരിക്കെ മഹത്തായ ഇന്ത്യയെ ഫേസ് ബുക്കിലോ വാട്സാപ്പിലോ യുട്യുബിലോ ഒതുക്കിനിര്‍ത്താന്‍ ശ്രമിക്കുന്നത് അത്യന്തം സഹതാപകരമാണ്. 

ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി ഭരണകര്‍ത്താക്കളുടെ ആജ്ഞാനുസരണം തിരിഞ്ഞുകൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ ഭരണയന്ത്രം. ആ യന്ത്രം തകരാറിലാവുമ്പോള്‍ അത് താനേ നിശ്ചലമാവും. അല്ലെങ്കില്‍ നിലവിലുള്ള ജനാധിപത്യ കല്പനകള്‍ ആ യന്ത്രത്തെ നിശ്ചലമാക്കും. ഇതാണ് ലോകത്തെവിടേയും സംഭവിക്കുന്നത്‌. ചരിത്രം നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നതും അതാണ്‌.

സമൂഹമാധ്യമങ്ങളുടെ പുതിയ കാലത്ത് വ്യക്തികള്‍ മാധ്യമങ്ങളായി പരിണമിച്ചിരിക്കുകയാണ്.  നാം എല്ലാവരും, ഇതു പറയുന്ന ഞാന്‍ ഉള്‍പ്പടെ മാധ്യമരാജാക്കാന്മാരോ തമ്പുരാക്കന്മാരോ ആണെന്ന് അഹങ്കരിക്കുന്നു. മാധ്യമങ്ങളുടെ തരംതിരിവ് ഏതുമാവട്ടെ, അതൊരു തൊഴില്‍ മേഖലയാണ്. ഫേസ് ബുക്കും വാട്സാപ്പും യുട്യുബും പുതിയ തൊഴിലിടങ്ങളാണ്. പണവും പ്രശസ്തിയും കൊതിച്ചെത്തുന്ന പുതിയ തലമുറയുടെ സുഖവാസ സ്ഥലികളാണ്  സമൂഹമാധ്യമങ്ങള്‍. അതങ്ങനെ തന്നെ തുടരട്ടെ.

എന്നാല്‍ ഇവിടെ നാം മനസ്സിലാക്കേണ്ട ഒന്നുണ്ട്. ഇന്ത്യയുടെ ഭരണകൂടം ഒരു ചെറ്റക്കുടിലല്ല; ഇന്ത്യയുടെ റിസര്‍വ് ബാങ്ക് ഒരു ചിട്ടിക്കമ്പനിയല്ല; പ്രധാനമന്ത്രിയും ധനമന്ത്രിയും മറ്റു മന്ത്രിമാരും ഭരണകര്‍ത്താക്കളും സാധാരണ മനുഷ്യരല്ല; ജനങ്ങളോട് ഉത്തരവാദിത്തമുള്ള, ദേശീയ ബോധമുള്ള, ദേശീയ ഭരണയന്ത്ര പിന്‍ ബലമുള്ള ദിശാബോധമുള്ള മഹാ പ്രസ്ഥാനങ്ങളാണ്. ഈ വിശ്വാസമാണ് നമുക്ക് വേണ്ടത്. നാം ഉയര്‍ത്തിപ്പിടിക്കേണ്ടതും ഈ വിശ്വാസമാണ്. ഏതൊരു മാധ്യമ കൊടുങ്കാറ്റു വീശിയാലും മനോനില നഷ്ടപ്പെടാതെ ഭൂമിയില്‍ ഉറച്ചുനില്‍ക്കാന്‍ നമുക്ക് കഴിയട്ടെ. ബാക്കിയെല്ലാം കാലത്തെ ജയിച്ച ജനാധിപത്യം സംരക്ഷിച്ചുകൊള്ളും.

ഈ ലേഖനത്തിന്റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.