Friday, July 22, 2016

ഒരു പുഴുവിന്‍റെ യാത്രാമൊഴി

വചനം മാംസമായ നേരം
വസിപ്പൂ ഞാനീ മാംസപിണ്ഡത്തില്‍
അന്നാളിലെന്‍ വിശപ്പിന്‍
അന്നനാളം കത്തിയെരിഞ്ഞ നേരം. 

മാംസപിണ്ഡങ്ങള്‍ പിന്നെ
മാംസഭാണ്ഡങ്ങളായി മാറി
നരമാംസ ഭുക്കുകള്‍ ഞങ്ങള്‍ പിന്നെ
നരഭോജികളാം പുഴുക്കളായി. 

നിന്‍റെ മാംസ ഭാണ്ഡത്തിലിരുന്ന്‍
നിന്‍റെ മാംസം കാര്‍ന്നുകാര്‍ന്ന്‍
മാംസ രുചിയിന്ന്‍ മാഞ്ഞുപോയി
മാംസ രതിയും മരിച്ചുപോയി. 

മാംസം വചനമാകും നേരം
മാംസമായി വരില്ലിനി ഞാന്‍
കാരണമന്നെന്‍റെ മാംസം
കാരാനൊരു നരഭോജിയുണ്ടാകും.

  

Thursday, July 21, 2016

പ്രണയ പെന്‍ഡുലം



സഹന കാലചക്രങ്ങളില്‍
സമയ തീരങ്ങളെ
തൊട്ടുതൊട്ടാടുന്ന
പ്രണയ പെന്‍ഡുലമാണ് നീ.

കാലചക്രങ്ങളെ കോര്‍ത്തിണക്കിയും
സമയതീരങ്ങളെ സമമായിണക്കിയും
സ്വഹൃദയതാളം മറന്നാടുന്നു നീ
സൂചിമിടിപ്പുകള്‍ മറക്കാതെ.

ആരോ തിരിച്ചുവിട്ട
ഗതികോര്‍ജ്ജ നിറവില്‍
കഥയറിയാതെയാടുന്നു നീ
കദന സ്വനങ്ങളുണര്‍ത്തി നീ.

എന്നെങ്കിലും നിലക്കും
നിന്നെ തിരിക്കുമാ കരങ്ങള്‍
അന്ന് നിന്നാട്ടം നിലക്കും
സമയതീരങ്ങള്‍ തേങ്ങവേ.