Sunday, March 12, 2017

അമ്പളിമാമനും ഞാനും



അമ്മിഞ്ഞയില്‍ ചെന്ന്യായം തേച്ച്
അമ്മക്കയ്യില്‍ ചോറുരുള വച്ച് 
അമ്മ പറഞ്ഞു; 'മാമുണ്ടാല്‍ 
അമ്പളിമാമനെ കൊണ്ടുതരാം'.

ചുണ്ടുകളില്‍ ചിരി വിടര്‍ത്തി   
കണ്ണുകളില്‍ പ്രണയം ഒഴുക്കി  
അവള്‍ പറഞ്ഞു; 'മാമനായാല്‍
അമ്പളിമാമനെ കൊണ്ടുതരാം'.

മുന്‍വശത്തെ പല്ലുകളില്‍ 
മൂന്നും കൊഴിഞ്ഞപ്പോള്‍ 
ബന്ധുക്കള്‍ പറഞ്ഞു; 'അമ്മാവനായാല്‍ 
അമ്പളിമാമനെ കൊണ്ടുതരാം'.

ഇന്നലെ നോക്കിയപ്പോഴും 
അമ്പളിമാമന്‍ മാനത്തുതന്നെയുണ്ട്‌
അമ്പളിമാമന്‍ രാത്രി സ്വകാര്യം പറഞ്ഞു;
'ഇനി നീ ഇങ്ങോട്ടുപോരെ'.