സി.ടി.വില്യം
തെരഞ്ഞെടുപ്പിന്‍റെ
തിരശീല വീണു. കേന്ദ്രം ഒരിക്കകൂടി മോഡിക്ക് സ്വന്തം. കേരളം അനാഥത്തിലേക്കും.
ലക്ഷങ്ങള്‍ക്കപ്പുറം അധികം വോട്ടുനേടിയ കോണ്ഗ്രസ് സഖ്യാംഗങ്ങള്‍ക്ക് കേന്ദ്രത്തില്‍
ഇനി കാവിയുടെ തണലില്‍ അഭയം. രാഷ്ട്രീയ അത്ഭുതങ്ങളുടെയും പ്രതിഭാസങ്ങളുടെയും
തെരഞ്ഞെടുപ്പാനന്തര ഭാരതം നമ്മെ പഠിപ്പിക്കുന്നതും ഓര്‍മ്മിപ്പിക്കുന്നതും
എന്താണ്?
കാലഹരണപ്പെട്ട
രാഷ്ട്രീയാഭ്യാസത്തിന്റെ പിറകെ പോകുന്നവരല്ല ഇന്ത്യയിലെ വോട്ടര്‍മാര്‍ എന്ന്
ഉറക്കെ പ്രഖ്യാപിച്ച പൊതു തെരഞ്ഞെടുപ്പാണ് കടന്നുപോയത്. സാമാന്യജീവിതത്തില്‍
ജനങ്ങള്‍ ആവശ്യപ്പെടുന്നതും ആഗ്രഹിക്കുന്നതും സാധാരണ ജീവിതത്തിന്നാവശ്യമായ
പുരോഗതിയും വികസനവുമാണ് എന്ന് തെളിയിച്ച ഒരു തെരഞ്ഞെടുപ്പ്. ഒരു ഭരണവട്ടം പൂര്‍ത്തിയാക്കിയ
മോഡി സര്‍ക്കാര്‍ അത്തരം പുരോഗതിയും വികസനവും ജനങ്ങള്‍ക്ക് കൊടുത്തിട്ടുണ്ട് എന്നതിന്റെ
നന്ദിസൂചകമായിരിക്കണം മോഡിയുടെ ഈ രണ്ടാം വരവ്.
അപ്പപ്പോഴായി
പതിറ്റാണ്ടുകള്‍ ഇന്ദ്രപ്രസ്ഥം കയ്യാളിയ കോണ്ഗ്രസ് സഖ്യത്തിന് കൈമോശം വന്നതായ
സുഖാധിപത്യം പിടിച്ചടക്കാന്‍ യുക്തിഭദ്രമല്ലാത്ത ആരോപണങ്ങള്‍ക്കും അപവാദപ്രചരണങ്ങള്‍ക്കും
സാധ്യമല്ലെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍
ജനാധിപത്യപരമായി അവരോധിച്ചതാണ് ഇപ്പോള്‍ ഇന്ദ്രപ്രസ്ഥത്തില്‍ സിംഹാസനസ്ഥരായ മോഡി
സര്‍ക്കാര്‍. ജനാധിപത്യപരമായി അവരെ അവരോധിച്ചവര്‍ തന്നെ വേണം ആ സര്‍ക്കാരിനെ
നിരോധിക്കാനും. അതിനൊക്കെ യുക്തിക്ക് നിരക്കുന്ന കാരണങ്ങള്‍ തന്നെ വേണം. ഒരു
രാഷ്ട്രീയ കാരണങ്ങളും ഉണ്ടാക്കപ്പെടുന്നവയാവരുത്, മറിച്ച് ഭരണത്തിലിരിക്കുന്നവരുടെ
തിന്മയില്‍ നിന്ന് ബോധപൂര്‍വ്വം ഉണ്ടാവുകയാണ് വേണ്ടത്.
എന്നാല്‍
ഇന്ത്യയിലെ സ്ഥിതി മറിച്ചായിരുന്നു. തികച്ചും ദുര്‍ബ്ബലമായ കോണ്ഗ്രസ്-നിയന്ത്രിത
പ്രതിപക്ഷം മോഡി സര്‍ക്കാരിനെതിരെ യുക്തിഭദ്രമല്ലാത്ത ആരോപണങ്ങള്‍ കൊണ്ടും
അപവാദങ്ങള്‍ കൊണ്ടും താഴെയിറക്കാന്‍ ശ്രമിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ
കോണ്ഗ്രസ് ഒരു ധാര്‍മിക പ്രതിപക്ഷമാവുന്നതില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു.
ഒരു ഭരണകൂടത്തെ യുക്തിസഹമല്ലാതെ തോല്‍പ്പിക്കാനല്ല; മറിച്ച് നന്മനിറഞ്ഞ മറ്റൊരു
ഭരണകൂടത്തിന് ജയിക്കാനായിരിക്കണം ഏതൊരു രാഷ്ട്രീയ കക്ഷിയും തെരഞ്ഞെടുപ്പില്‍
മത്സരിക്കേണ്ടത്. കോണ്ഗ്രസിന് പിഴച്ചതും ഇവിടെത്തന്നെ.
ഏതുകാലത്തും
അനിവാര്യമായിരുന്ന ഇന്ത്യയിലെ പ്രബലമായ ഇടതുപക്ഷം ഇന്ന് പാടെ ദുര്‍ബ്ബലമായിരിക്കുകയാണ്.
കാരണം, ഇടതുപക്ഷം ഉടലെടുത്ത നാളുകളില്‍ അവര്‍ക്കുണ്ടായിരുന്ന ആശയ ഗാംഭീര്യം ഇന്നവര്‍ക്ക്
നഷ്ടമായിരിക്കുകയാണ്; അല്ലെങ്കില്‍ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. കാലപ്പകര്‍ച്ചയില്‍ ആശയങ്ങളെ പുതുക്കിപ്പണിയുന്നതിനോ
പുതുക്കിപ്പണിയുന്നതിനുള്ള ആഹ്വാനം കൊടുക്കുന്നതിനോ ഇന്ത്യയിലെ
ഇടതുപക്ഷത്തിന്നായില്ല എന്നതാണ് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ മഹാദുരന്തം.
സമൂഹത്തിലെ നിരാലംബരും നിസ്സഹായരും അരികുവല്‍ക്കരിക്കപ്പെട്ടവരുമായവരുടെ അത്താണിയായ
ഇടതുപക്ഷം, ഇന്ന് കോര്‍പ്പറേറ്റുകളുടെ പ്രത്യക്ഷ സഹായിസഖാക്കളായി രൂപാന്തരം പ്രാപിച്ചുകൊണ്ട്
അധപ്പതിച്ചിരിക്കുകയാണ് ഇന്ത്യയില്‍.
ഇക്കഴിഞ്ഞ
പൊതുതെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ഏറ്റ ആഘാതം മേലുദ്ധരിച്ച
വസ്തുതകളുടെ വെളിച്ചത്തില്‍ പ്രത്യേകമായി തന്നെ പഠിക്കേണ്ടിവരും. സഖാവ് പിണറായി
വിജയനും അദ്ദേഹത്തിന്‍റെ ചില ഉപദേഷ്ടാക്കളും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്മാരും കൂടി
കേരളീയ സമൂഹത്തോട് വിശിഷ്യാ ഹൈന്ദവ
വിശ്വാസി സമൂഹത്തോട് നിയമാനുസൃതമായിതന്നെ കാട്ടിക്കൂട്ടിയ പ്രീണന-ധിക്കാര
നയങ്ങളാണ് ഈ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടതുപക്ഷത്തിന് മൃഗീയമായ തോല്‍വി
സമ്മാനിച്ചത്.
നിയമത്തെ
അനുസരിക്കുന്നതും നടപ്പില്‍ വരുത്തുന്നതും അനിവാര്യമാവുമ്പോള്‍ അത് ജനഹൃദയങ്ങളില്‍
ഉണ്ടാക്കുന്ന മുറിപ്പാടുകളും നീറ്റലുകളും കാണേണ്ടതുണ്ട്. മാത്രമല്ല, നിയമപാലനം തികഞ്ഞ
നിക്ഷ്പക്ഷതയോടെ സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള വര്‍ഗ്ഗങ്ങള്‍ക്കും ജാതി-മത-സമുദായങ്ങള്‍ക്കും
കൂടി ബാധകമാക്കണം. എന്നാല്‍ ശബരിമല വിഷയത്തില്‍ സംഭവിച്ചത് നിയമപാലനത്തില്‍
കടന്നുകൂടിയ അസമത്വവും അസന്തുലിതാവസ്ഥയുമായിരുന്നു. നിയമത്തിന്റെ പിന്‍ബലത്തില്‍
ആണെങ്കില്‍ പോലും ഇവിടുത്തെ ഹൈന്ദവ വിശ്വാസിസമൂഹം ഏറെ ഒറ്റപ്പെടുകയും അത്രതന്നെ
മുറിപ്പെടുകയും ചെയ്തു. ഹൃദയപക്ഷമാവേണ്ട ഇടതുപക്ഷത്തിന് ശബരിമല വിഷയത്തില്‍ മാത്രമല്ല,
ഒട്ടുമിക്കവാറും സാമൂഹ്യ വിഷയങ്ങളില്‍ രാഷ്ട്രീയാന്ധതയില്‍ രണ്ടുകണ്ണും നഷ്ടമായി.
കാഴ്ച്ചശക്തി നഷ്ടപ്പെട്ട ഇടതുപക്ഷത്തിന്റെ എല്ലാ കുതന്ത്രങ്ങളും പാളിപ്പോയ ഭരണ
കാലഘട്ടവും തെരഞ്ഞെടുപ്പു കാലഘട്ടം കൂടിയായിരുന്നു ഇക്കഴിഞ്ഞത്. ദയയും സഹതാപവും
അര്‍ഹിക്കാത്ത തരത്തില്‍ പരാജയം ഏറ്റുവാങ്ങേണ്ടിവന്നതും അതുകൊണ്ടാണ്. ഈ ലേഖനത്തിന്റെ വീഡിയോ കേള്‍ക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://youtu.be/NEN2qglnG9A