തൂണും ചാരിനിന്നവന്‍ പെണ്ണും കൊണ്ടുപോയി എന്നൊരു നാടന്‍ ചൊല്ല് കേരളത്തിലുണ്ട് . ഏതാണ്ടിതുപോലെയാണ് കേരളത്തിന്റെ നോക്കുകൂലി വ്യവസ്ഥ . മതിലും ചാരിനിന്നു നോക്കിയവന്‍ കൂലിം കൊണ്ടുപോയി, എന്നൊരു പാഠഭേദം കൂടി വരുത്തിയാല്‍ നോക്കുകൂലിയുടെ പരിഹാസ്യത വെളിപ്പെടുന്നതാണ് .
നമ്മുടെ ചുമട്ടു തൊഴിലാളികള്‍ തലയില്‍ ചുവപ്പും, നീലയും, കാവിയും തലേക്കെട്ട് കെട്ടാന്‍ തുടങ്ങിയിട്ട് കാലമേറെയായി . എന്നാല്‍ അവരുടെ ചുമലില്‍ ഭാരം കയറ്റിയിട്ടും കാലമേറെയായി . ഭാരം ചുമക്കാനുള്ള മടി കൊണ്ടുന്നുമല്ല, അവര്‍ ഭാരം ചുമക്കാത്തത് ; ഭാരം ചുമട്ടു തൊഴിലാളിക്ക് ചുമക്കെണ്ടതില്ല എന്നുള്ളതുകൊണ്ടാണ് .
അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും അത്താണിയായി ക്രൈനും, ടിപ്പറും, ജെ .സി. ബി. യും എല്ലാം നിലവില്‍ വന്നതോടെയാണ് ചുമട്ടു തൊഴിലാളിയുടെ തോളെല്ലിന് സ്വസ്ഥത ലഭിച്ചത് . മനുഷ്യന്റെ അദ്ധ്വാനവും പ്രാരാബ്ധവും കുറയ്ക്കുക തന്നെയാണ് ഏതൊരു രാഷ്ട്രീയ-ഭരണ വ്യവസ്ഥയുടെയും ലക്‌ഷ്യം. ശാസ്ത്ര നേട്ടങ്ങളുടെയും സാങ്കേതിക കണ്ടുപിടുത്തങ്ങളുടെയും അടിസ്ഥാനത്തില്‍ ഒരു പരിണാമമെന്നോണം അധ്വാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും നില മെച്ചപ്പെട്ടുകൊണ്ടിരിക്കും.
ഇടതുപക്ഷവും , നടുപക്ഷവും, വലതുപക്ഷവും ഈ പരിണാമത്തിനു വിധേയവും വിനയാന്വിതവുമാണ് . അപ്പോള്‍പിന്നെ കായികാധ്വാനം ചെയ്യുന്ന തൊഴിലാളികളും ഈ പരിണാമത്തിന് വിധേയവും വിനയാന്വിതവും ആകേണ്ടതുണ്ട് . അവരവരുടെ തൊഴില്‍ മേഖലകളില്‍ യന്ത്രങ്ങള്‍ അധിനിവേശം നടത്തുന്നത് ശാസ്ത്ര ലോകത്തിന്റെ അനിവാര്യമായ അടയാളങ്ങളാണ് . ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ അവരവരുടെ തൊഴില്‍ മേഖലയെ ശാസ്ത്ര-സാങ്കേതികവല്കരണം നടത്തേണ്ടതുണ്ട്. അല്ലാതെ തലയില്‍ നിറക്കൂട്ടുകള്‍ ചാര്‍ത്തി , മതിലും ചാരിനിന്ന് പണിയെടുക്കുന്ന യന്ത്രങ്ങളെ നോക്കി നോക്കുകൂലിയിനത്തില്‍ കാശു വാങ്ങുകയല്ല വേണ്ടത്.
നോക്കിനിന്നുകൊണ്ട് പണം വാങ്ങാന്‍ മാര്‍ക്സോ , ഗാന്ധിജിയോ , പിന്നീട് വന്ന ലോഹ്യയോ , ജയപ്രകാശ് നാരായണനോ പറഞ്ഞിട്ടില്ല. അന്തസ്സുള്ള തൊഴിലാളികള്‍ അധ്വാനിച്ചുതന്നെ കൂലി വാങ്ങണം. ഊക്കു കൂലിയും നോക്കുകൂലിയും മാന്യമായി ഒഴിവാക്കണം . അവരുടെ രാഷ്ട്രീയ നേതൃത്വവും അതിനു തയ്യാറാവണം.
സി.ടി.വില്യം
No comments:
Post a Comment