Saturday, September 29, 2012

ഹര്‍ത്താല്‍ ? വാട്ട്സിറ്റ് ?ഷിറ്റ് ! ബാഡ് ലക്ക് ഫോര്‍ യു ! യുവര്‍ ബ്ലഡി ഹര്‍ത്താല്‍ !

മഡുഗോവയില്‍ തീവണ്ടി ഇറങ്ങുംവരെ മാത്രമാണ് ഗോവ  മറ്റൊരു  പ്രദേശമായി  മനസ്സിലു ണ്ടാവുക. മഡുഗോവയില്‍ തീവണ്ടി ഇറങ്ങിയാല്‍ പിന്നെ ഗോവ മറ്റൊരു കേരളമാവുന്നു. കടല്‍ തീരങ്ങളും, പുഴയോരങ്ങളും, കേരളത്തനിമയുടെ പച്ചപ്പും മിന്നിമിന്നി മാറുന്ന തനി കേരളം തന്നെ. വൃക്ഷലതാതികള്‍ക്കും മനുഷ്യര്‍ക്കും കേരള രൂപഭാവങ്ങള്‍ തന്നെ. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഭാരതീയ-പോര്‍ച്ചുഗീസ്  വാസ്തുവിദ്യയുടെ രൂപസാമ്യ മുണ്ട്. ഹൈന്ദവരും കൃസ്ത്യാനികളും ജന സംഖ്യയുടെ 95 ശതമാനം പങ്കിട്ടെടുക്കുന്ന ഈ പ്രദേശത്ത്‌ അവിടവിടെ അമ്പലങ്ങളും പള്ളികളും കാണാം .

വശ്യ മനോഹര കടല്‍തീരങ്ങളെ ചേര്‍ത്തു പിടിച്ച റോഡുകള്‍, വാഹനങ്ങള്‍ക്കും സഞ്ചാരികള്‍ക്കും സുഖതരവും സുരക്ഷിതവുമാണ് . കുറ്റമറ്റ ട്രാഫിക് സംവിധാനങ്ങള്‍ തനിയെ സംഭവിയ്ക്കുന്നതു കൊണ്ടാവാം ഇവിടെ പെറ്റി കേസ്സുകളുടെ പിറകെ ഓടിക്കിതയ്ക്കുന്ന ട്രാഫിക് പോലീസുകാരെയും വാഹനങ്ങളെയും കാണാനാവില്ല. വഴിയോരങ്ങളും, പുഴയോരങ്ങളും, കടലോരങ്ങളും നൂറു ശതമാനവും മാലിന്യമുക്തം. ലാലൂരും ഞെളിയാംപറമ്പും വടവാതൂരുമോന്നും ഇവിടെ കാണാനാവില്ല. ഗോവ ഉണരും മുമ്പുതന്നെ അധികൃതര്‍ ഗ്രാമങ്ങളും നഗരങ്ങളും ശുചീകരിചിരിയ്ക്കും. റോഡുകളിലും കവലകളിലുമെല്ലാം കുരിശിന്റെ ശില്പരൂപങ്ങള്‍ കാണാം. ഒരുപക്ഷെ അതു കൊണ്ടാവാം പരിസരങ്ങള്‍ പരിശുദ്ധമായി സംരക്ഷിയ്ക്കപ്പെട്ടുപോരുന്നുവെന്ന്  മനശാസ്ത്രപരമായി എത്തിച്ചേരാവുന്നതാണ് .



നമ്മുടെ നാട്ടില്‍ റോഡുകളിലും കവലകളിലും സുലഭമായി ദൃശ്യമാവുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളുടെ ശില്പരൂപങ്ങളൊ സ്തൂപരൂപങ്ങളോ ഇവിടെ കാണാനാവില്ല. രാഷ്ട്രീയ കൊടിക്കൂറ കളുടെ നിറഭേദങ്ങള്‍  ദൃശ്യമാവാത്ത അത്യപൂര്‍വ്വമായ ഒരു മനുഷ്യ വാസസ്ഥലം. മെഗാഫോണുകളും, മൈക്രോഫോണുകളും, മറ്റ് ഉച്ചഭാഷിണികളും, ഘനഗംഭീര ശബ്ദപെട്ടികളും കാണാനാവാത്ത സ്വച്ഛവും ശാന്തവുമായ ഒരിടം. പണിമുടക്ക്, സമരം, കൂട്ട ധര്‍ണ, ഉപവാസ നീരാഹാര സമരം, മാര്‍ച് തുടങ്ങിയ സമരപദങ്ങളില്‍ ഫ്ലുക്സുകളും പോസ്ടരുകളും കാണാനാവാത്ത ഒരിടം. ഇവിടെ സമരഗാനങ്ങള്‍ ഇല്ല. സമപ്പന്തലുകള്‍ ഇല്ല. അക്ഷരാര്‍ത്ഥത്തില്‍  ദൈവത്തിന്റെ സ്വന്തം നാട്  യഥാര്‍ത്ഥത്തില്‍ ഇതല്ലേ എന്ന് തോന്നിപ്പിയ്ക്കുന്ന ഒരിടം.

കര്‍ണാടകത്തിലുണ്ടായ ഒരു ഹര്‍ത്താലിനെ കണക്കിലെടുത്ത് നേരത്തെ ഗോവ വിടാന്‍ തയ്യാറെടുക്കുന്ന എന്നോട് നിഷ്കളങ്കനായ എന്റെ ഗോവന്‍ സുഹൃത്ത് സോമേഷ് ചോദിച്ചു, " ഹര്‍ത്താല്‍ ? വാട്ട്സിറ്റ് ? " എന്തൊരു രാഷ്ട്രീയ നിഷ്കളങ്കത ! എന്തൊരു ദേശീയ നിഷ്കളങ്കത ! കേരളത്തിന്റെ രാഷ്ട്രീയബോധത്തെ കുറിച്ചും ചെറുത്തുനില്‍പ്പിന്റെ സമര സിദ്ധാന്തങ്ങളെ കുറിച്ചും ആ സുഹൃത്തിനോട് പറയുന്നതില്‍ ആത്മാര്‍ഥതയുടെ കാപട്യമുണ്ടെന്ന തിരിച്ചറിവില്‍ ഒന്നും പറഞ്ഞില്ല . കേരളത്തിലാണെങ്കില്‍ തലയ്ക്കു പിടിയ്ക്കുന്ന നാലഞ്ചു കുപ്പി മദ്ധ്യം മോന്തിയാല്‍ പോലും തീരാത്ത ഈ ചര്‍ച്ചാവിഷയത്തെ ആ സുഹൃത്ത് ഒറ്റ വാക്കില്‍ പറഞ്ഞുതീര്‍ത്തു, " ഷിറ്റ് ! ബാഡ് ലക്ക് ഫോര്‍ യു ! യുവര്‍ ബ്ലഡി ഹര്‍ത്താല്‍ !.

(മൂന്നാം ഭാഗം അടുത്ത ബ്ലോഗ്ഗില്‍ )
ഡോ.സി.ടി .വില്യം 

No comments:

Post a Comment