Monday, September 4, 2017

“കഥകളി അച്ചാറിന്റെ കുപ്പികളില്‍ പറ്റിച്ചാല്‍ മാത്രം പോര."പത്മശ്രീ. കലാമണ്ഡലം ഗോപിയാശാന്‍.


കഥകളി ഓണത്തിന് വേണം. അച്ചാറിന്റെ കുപ്പികളില്‍ പറ്റിച്ചാല്‍ മാത്രം പോര. അത് ഓണത്തിന് വേണമെന്നൊരു സന്മനസ്സ് നമ്മുടെ ഭരണാധികാരികള്‍ക്ക് ഉണ്ടെങ്കില്‍ ഓണം കുറേക്കൂടി ശോഭിക്കുമായിരുന്നുവെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ പത്മശ്രീ. കലാമണ്ഡലം ഗോപിയാശാന്‍.

തൃശൂരില്‍ ഓണാഘോഷത്തിന്റെ ഉത്ഘാടന വേദിയിലാണ് ഗോപിയാശാന്‍ ഈ അതിവൈകാരിക പ്രസ്താവന നടത്തിയത്. വേദിയിലുണ്ടായിരുന്ന ബഹു.വ്യവസായ കായിക യുവജന കാര്യ വകുപ്പ് മന്ത്രി ശ്രീ. എ.സി. മൊയ്തിനെയും ബഹു. കൃഷി വകുപ്പ് മന്ത്രി. അഡ്വ. വി.എസ്. സുനില്‍കുമാറിനേയും നോക്കിയാണ് ഗോപിയാശാന്‍ ഈ പ്രസ്താവന നടത്തിയത്.

‘മലയാളിയുടെ അങ്ങേയറ്റത്തെ അഹങ്കാരമാണ് കഥകളി. മലയാളികള്‍ക്ക് മാത്രം അവകാശപ്പെടാനുള്ള ഒന്നുകൂടിയാണ് കഥകളി. ഓണമെന്നതും മലയാളികളുടെ മാത്രമാണ്. ഈ ഓണക്കാലത്ത് കഥകളി ഒരു മിനിറ്റെങ്കിലും അല്ലെങ്കില്‍ ഒരു മണിക്കൂറെങ്കിലും നടത്താമായിരുന്നു എന്നൊരു അപേക്ഷ അല്ലെങ്കില്‍ അഭ്യര്‍ത്ഥന അതുമല്ലെങ്കില്‍ ഒരാഗ്രഹം എന്റെ മനസ്സിലുണ്ട്. കഥകളി ആസ്വദിക്കാന്‍ ആളുകള്‍ ഉണ്ടെന്ന് ഞാന്‍ പറയുന്നില്ല. അതുണ്ടാവൂല്യ.’ ഗോപിയാശാന്‍ തുടര്‍ന്നു.

തൃശൂരിലെ ആവിണിശ്ശേരിയില്‍ ബാങ്ക് ജപ്തി ചെയ്ത് പുറത്താക്കപ്പെട്ട ഒരു കുടുംബത്തിന്‍റെ ബാധ്യതയായ രണ്ടര ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ബാങ്കിന് കൊടുത്ത് ആ പാവപ്പെട്ട കുടുംബത്തിന് വീടിന്‍റെ താക്കോല്‍ തരിച്ചു നല്‍കിയാണ്‌ ഈ ഉത്രാടദിനാഘോഷം ഇന്നിവിടെ നടക്കുന്നതെന്നും ഓണത്തിന്റെ ഈ ഓര്‍മ്മയാണ് എന്നേയും സന്തോഷിപ്പിക്കുന്നതെന്നും തൃശൂരില്‍ ഓണാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് ബഹു.വ്യവസായ കായിക യുവജന കാര്യ വകുപ്പ് മന്ത്രി ശ്രീ. എ.സി. മൊയ്തിന്‍ പ്രസ്താവിച്ചു.

എല്ലാവര്‍ക്കും സമയത്തുതന്നെ പെന്‍ഷന്‍ കൊടുത്തും ഓണക്കാലത്തെ പ്രതീക്ഷിച്ചിരുന്ന വിലക്കയറ്റം തടഞ്ഞുനിര്‍‍ത്തിയുമാണ്‌ സര്‍ക്കാര്‍ ഇക്കുറി ഓണമാഘോഷിക്കുന്നതെന്ന് ബഹു. കൃഷി വകുപ്പ് മന്ത്രി. അഡ്വ. വി.എസ്. സുനില്‍കുമാര്‍ പ്രസ്താവിച്ചു.

ചടങ്ങില്‍ പത്മശ്രീ ലഭിച്ച കലാമണ്ഡലം ഗോപിയാശാന്‍, കലാമണ്ഡലം ക്ഷേമാവതി, പെരുവനം കുട്ടന്‍ മാരാര്‍ എന്നിവരെ പൊന്നാടയും ഫലകവും കൊടുത്ത് ആദരിച്ചു.
ടൂറിസം വകുപ്പും, തൃശൂര്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൌണ്‍സിലും, ജില്ലാ ഭരണകൂടവും, തൃശൂര്‍ കോര്‍പ്പറെഷനും സംയുക്തമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഓണാഘോഷം സെപ്തംബര്‍ ഏഴു വരെ നീണ്ടുനില്‍ക്കും.     

No comments:

Post a Comment