Sunday, February 10, 2019

ഡോ. തോമസ്‌ ഐസക് മറക്കരുത്.തെരുവിലെ കലാകാരനായ സദാനന്ദനെ



തൃശൂര്‍: കേരളത്തില്‍ പ്രളയം എങ്ങനെയുണ്ടായി എന്നൊന്നും തിരുവനതപുരത്തുകാരന്‍ സദാനന്ദന് അറിയില്ല. പ്രളയാനന്തര കേരളത്തെ ഭൌതികമായി പുനസൃഷ്ടിക്കാനും സദാനന്ദന് അറിയില്ല. പ്രളയാനന്തര കേരളത്തിന്‍റെ രാഷ്ട്രീയ-സാമ്പത്തിക-ഭൌതിക ശാസ്ത്രങ്ങളും സദാനന്ദന്‍ പഠിച്ചിട്ടില്ല. ഇത്തരം അറിവുകളൊന്നും തന്നെ സദാനന്ദനെ അലട്ടുന്നുമില്ല. എന്നാല്‍ സദാനന്ദന്റെ കൈവിരലുകളും കൈമുതലായ ഭാവനക്കുമറിയാം പ്രളയാനന്തര കേരളത്തെ എങ്ങനെ ചലനാത്മകമായി ചിത്രീകരിക്കാമെന്ന്. ഒരു നിയോഗം പോലെ സദാനന്ദന്‍ പ്രളയാനന്തര കേരളത്തെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിലും. അക്ഷരാര്‍ത്ഥത്തിലും സര്‍ക്കാര്‍ ഏറെ വിജയിക്കാത്തിടത്ത പ്രളയാനന്തര കേരളത്തില്‍ സദാനന്ദന്‍ വളരെയേറെ വിജയിച്ചുകൊണ്ടിരിക്കുകയാണ്.

സദാനന്ദന്‍ കേരളീയ ഗ്രാമങ്ങളെ കണ്ടെടുക്കുകയാണ് കേരളത്തിന്റെ എല്ലാ നഗര മതിലുകളിലും. പച്ചച്ച തെങ്ങിന്‍ തോപ്പുകളും പുഴകളും അരുവികളും തോടുകളും കൊച്ചു കൊച്ചു വീടുകളും സചേതനമായി നിലകൊള്ളുന്ന പ്രകൃതി ദൃശ്യങ്ങളാണ് തെരുവു കലാകാരനായ സദാനന്ദന്‍ പ്രകൃതിദത്തമായ നിറക്കൂട്ടുകളില്‍ ചിത്രീകരിക്കുന്നത്. ഈ കല്‍പ്പകവാടിയിലും കൊച്ചുകൊച്ചു വീടുകളുടെ തൊടികളിലും സദാനന്ദന്റെ സൃഷ്ടിപരമായ സാന്നിധ്യമുണ്ട്. നൊമ്പരപ്പെടുന്ന ആത്മാവുണ്ട്.

കേവലം നാല്‍പ്പത്തഞ്ചു മിനിറ്റുകൊണ്ടാണ് സദാനന്ദന്‍ ഓരോ പ്രളയാനന്തര ഗ്രാമത്തെയും ചേതോഹരമായും ഹരിതാഭമായും സൃഷ്ടിക്കുന്നത്. ഏതാനും ചോക്കു കഷണങ്ങളും കരിയും വെള്ളവും പഴന്തുണിയും കൊണ്ട്; സദാനന്ദന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ കണ്ണില്‍ കണ്ട ചപ്പും ചവറും കൊണ്ടാണ് സര്‍ക്കാര്‍ മതിലുകളില്‍ നവോത്ഥാന കേരളത്തെ വര്‍ണ്ണ ശബളിമയോടെ വരച്ചുകൊണ്ടിരിക്കുന്നത്. കേരള ബജറ്റില്‍ ഡോ. തോമസ്‌ ഐസക് വകകൊള്ളിച്ച നവോത്ഥാന സ്മാരക മതിലുകള്‍ പണിയുമ്പോള്‍ ഓര്‍ക്കണം ഈ പാവം കലാകാരനെ. സര്‍ക്കാര്‍ സദാനന്ദനെ ഓര്‍ക്കുമോ എന്തോ? ഓര്‍ത്താല്‍ നന്ന്.

പന്ത്രണ്ടു വയസ്സുമുതല്‍ തുടങ്ങിയതാണ്‌ സദാനന്ദന്റെ വരകളും വര്‍ണ്ണ വിസ്മയങ്ങളും. തികച്ചും ജനകീയനായ ഒരു നാടോടി കലാകാരനായി സദാനന്ദന്‍ അലയുകയാണ് നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക്; കയ്യിലെ പ്ലാസ്റ്റിക് സഞ്ചിയിലെ ചോക്കു കഷണങ്ങളും കരിയും വെള്ളവും ചപ്പും ചവറുമായി. ശരിക്കും പറഞ്ഞാല്‍ പ്രകൃതിദത്തമായ വിഭവങ്ങള്‍ കൊണ്ടുതന്നെ പ്രകൃതിയെ വരച്ചുകാണിക്കുന്ന ഒരു അത്ഭുത കലാകാരനാണ് സദാനന്ദന്‍. നവോത്ഥാന സര്‍ക്കാര്‍ അറിയാതെ, നവോത്ഥാന നായകന്മാര്‍ അറിയാതെ, ലളിത കലാ അക്കാദമികളറിയാതെ  സദാനന്ദന്‍ സര്‍ക്കാര്‍ മതിലുകളില്‍ പ്രളയാനന്തര കേരളത്തിന്‍റെ ഗ്രാമങ്ങളെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

തൃശൂര്‍ തേക്കിന്‍കാട്‌ മൈതാനത്തിലെ നെഹ്‌റു മണ്ഡപത്തിന്റെ മതിലില്‍ നവോത്ഥാന കേരളത്തെ പുനസൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോഴാണ്‌ ഈ ലേഖകന്‍ സദാനന്ദനെ കണ്ടുമുട്ടുന്നത്. അതുതുവഴി വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്ക് നടന്നുപോകുന്നവര്‍ സദാനന്ദന്റെ വര വര്‍ണ്ണ വിസ്മയങ്ങളിലേക്ക് ഇമവെട്ടാത്ത കണ്ണുകളുമായി ധ്യാനിച്ചുകൊണ്ട് വടക്കുംനാഥനെ കാണുന്ന അത്ഭുത കാഴ്ചകള്‍ക്കും ഞാന്‍ സാക്ഷിയായി.

രചനയുടെ ഓരോ കൊച്ചു ഇടവേളകളിലും സദാനന്ദന്‍ തന്റെ കലയുടെ പരിമിതിയെ കുറിച്ചും പരാധീനതയെ കുറിച്ചും കാണികളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. നാളത്തെ ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്യാനുള്ള കോപ്പു കൂട്ടിക്കൊണ്ട് പലരും മൊബൈല്‍ ക്യാമറയില്‍ കണ്ണുംനട്ട് നില്‍ക്കുമ്പോള്‍ ചിലരെങ്കിലും ഈ കലാകാരന് കാണിക്കകള്‍ അര്‍പ്പിക്കും. അതൊക്കെ സഹസ്തം ഏറ്റുവാങ്ങിക്കൊണ്ട് സദാനന്ദന്‍ വീണ്ടും തന്‍റെ സങ്കല്‍പ്പഗ്രാമത്തിലെക്കുതന്നെ തിരിക്കും.

ചിത്രകലയുടെ ശാസ്ത്രമൊന്നും സദാനന്ദന്‍ അക്കാദമികളില്‍ പഠിക്കാനിടയില്ല. കാരണം, സദാനന്ദന്റെ ചിത്രത്തിന്‍റെ നൈസര്‍ഗ്ഗികതയും നിഷ്കളങ്കതയും നൈര്‍മ്മല്യവും അതൊക്കെ ഉറക്കെ വിളിച്ചുപറയുന്നുണ്ട്. വര്‍ണ്ണങ്ങളുടെ വിസ്മയാവഹമായ ചേരുവ, വരകളുടെ കൃത്യത, ഭാവങ്ങളുടെ തനിമ, അകലങ്ങളുടെയും അടുപ്പങ്ങളുടെയും കൃത്യമായ ഗണിതം, വെളിച്ചത്തിന്റെയും നിഴലിന്റെയും ശാസ്ത്രീയമായ സങ്കലനം, മാസ്മരികമായ ത്രിമാന ഫോട്ടോ റിയലിസം; ഇതെല്ലാം സദാനന്ദന്റെ ചിത്രകലയുടെ ശാസ്ത്രീയ സവിശേഷതകളാണ്. കൊച്ചു കൊച്ചു കലാകാരന്മാരെ നിയോഗിച്ചുകൊണ്ട് കച്ചവട കലയുടെ കുത്തക സ്ഥാപനം നടത്തുന്ന കേരളത്തിലെ കലാജന്മികള്‍ക്ക് സദാനന്ദന്‍ ഒരു അപവാദമാവുന്നു.

ഏതു ക്യാന്‍വാസും ഏതു മാധ്യമവും; അത് എണ്ണ ചായമാകട്ടെ, ജല ചായമാകട്ടെ, ചോക്കുപൊടിയും ചപ്പും ചവറുമാകട്ടെ, വിലകൂടിയ ക്യാന്‍വാസ് ആകട്ടെ, വൃത്തിയും വെടിപ്പുമില്ലാത്ത സര്‍ക്കാര്‍ മതിലുകളോ നിലങ്ങളോ ആകട്ടെ സദാനന്ദന്റെ വരകള്‍ക്കും വര്‍ണ്ണങ്ങള്‍ക്കും അവിടെ കലയുടെ പൂക്കാലം വിരിയിക്കാനാവും. എന്നാല്‍ അതിനൂതന ചിത്രാവിഷ്കാര സാങ്കേതങ്ങളൊന്നും സദാനന്ദന് പ്രാപ്യമല്ല. അതൊക്കെ സമൂഹത്തിലെ ദന്തഗോപുര കലാജന്മിമാര്‍ക്കുള്ളതാണല്ലോ.  

ഏതൊരു ചിത്രങ്ങളും പോലെ സദാനന്ദന്റെ ചിത്രങ്ങളും അപൂര്‍ണ്ണമാണ്; കാരണം എല്ലാ ചിത്രങ്ങളും പൂര്‍ണ്ണത തേടുന്ന അപൂര്‍ണ്ണതകളാണ്. ഇടയ്ക്കിടെ സദാനന്ദന്‍ പറയും ഈ ചിത്രങ്ങള്‍ ഇവിടെയൊന്നും തീരുന്നതല്ല. നാം നോക്കിനോക്കി നില്‍ക്കെ തന്നെ സദാനന്ദന്റെ ചിത്രം പൂര്‍ണ്ണതയ്ക്കും അപൂര്‍ണ്ണതയ്ക്കുമിടയില്‍ ഭ്രാമാത്മകമാവുന്നത് കാണാം.

നാല്‍പ്പത്തഞ്ചു മിനിട്ട് കണ്ണിമ വെട്ടാതെ ഹൃദയപൂര്‍വ്വം പ്രോത്സാഹിപ്പിച്ച കാണികളോട് നന്ദി പറഞ്ഞുകൊണ്ട് സദാനന്ദന്‍ തൃശൂരിന്റെ വടക്കുംനാഥനെ മനസ്സില്‍ സൂക്ഷിച്ച് മറ്റൊരു നഗരത്തിന്റെ നവോത്ഥാന മതിലുകള്‍ തേടി മറയുമ്പോള്‍ കാണികളില്‍ ഈ പ്രളയാനന്തര കേരളീയ ഗ്രാമം ഒരു സുഖമുള്ള തേങ്ങലായി നിലനില്‍ക്കുന്നു.

ബഹുമാനപ്പെട്ട ഡോ. തോമസ്‌ ഐസക് അങ്ങ് ഈ കലാകാരനെ ഇങ്ങനെ അലഞ്ഞുനടക്കാന്‍ വിധിക്കരുത്. ഈ തെരുവു കലാകാരനെ ബഹുമാനിക്കണം. ആദരിക്കണം. വരുംകാലങ്ങളില്‍ കേരളത്തിന്റെ നവോത്ഥാന സ്മാരക മതിലുകള്‍ തീര്‍ക്കുമ്പോള്‍ ഈ കലാകാരന്‍റെ ചുണ്ണാമ്പും കരിയും പുരണ്ട കൈവിരലുകളെ കൂടി ഓര്‍ക്കണം. ഈ പാവം കലാകാരന് ലളിത കലാ അക്കാദമിയുടെ സാക്ഷ്യപത്രം ഇല്ലെന്ന കാരണത്താല്‍ ഇയ്യാളെ വിസ്മരിച്ചുകൂടാ. തിരസ്കരിച്ചുകൂടാ.

ഈ വാര്‍ത്തയുടെ വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു.
നാല്‍പ്പത്തഞ്ചു മിനിട്ട് കണ്ണിമ വെട്ടാതെ ഹൃദയപൂര്‍വ്വം പ്രോത്സാഹിപ്പിച്ച കാണികളോട് നന്ദി പറഞ്ഞുകൊണ്ട് സദാനന്ദന്‍ തൃശൂരിന്റെ വടക്കുംനാഥനെ മനസ്സില്‍ സൂക്ഷിച്ച് മറ്റൊരു നഗരത്തിന്റെ നവോത്ഥാന മതിലുകള്‍ തേടി മറയുമ്പോള്‍ കാണികളില്‍ ഈ പ്രളയാനന്തര കേരളീയ ഗ്രാമം ഒരു സുഖമുള്ള തേങ്ങലായി നിലനില്‍ക്കുന്നു. https://youtu.be/rGtaEze8vvY

       
 

No comments:

Post a Comment