ഇവൾ വിജയലക്ഷ്മി. വൈക്കം വിജയലക്ഷ്മി. ഒന്നുകൂടി വിശേഷിപ്പിക്കാം ഡോ. വൈക്കം വിജയലക്ഷ്മി. ഇരുട്ടിന്റെ കാണപ്പെട്ട ശത്രു. അകകണ്ണിലെ പ്രകാശഗോളങ്ങളെ കൊണ്ട് പ്രകാശവേഗത്തിൽ തന്നെ പുറംകണ്ണുകളിൽ കാണപ്പെടുന്ന ഇരുട്ടിനെ അടിയറവ് പറയിപ്പിച്ചവൾ. നാവനങ്ങിയാൽ നാദബ്രഹ്മം തീർക്കുന്ന സപ്തസ്വരങ്ങളുടെ വിജയലക്ഷ്മി. ആ നാദവീചികളുടെ സ്വരരാഗതാളലയങ്ങളിൽ, സൂര്യനുദിക്കുമ്പോൾ നക്ഷത്രങ്ങളും ചന്ദ്രനുദിക്കുമ്പോൾ സൂര്യനും പ്രകാശമാനമാവും. ഇവൾ വിജയത്തിന്റെ, ഉൾവെളിച്ചത്തിന്റെ നാദലക്ഷ്മി. വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക
ഒന്നര വയസ്സിൽ സംഗീതത്തിലേക്ക് കണ്ണുതുറന്ന ഇവൾക്ക് അച്ഛനും അമ്മയും പിന്നെ സംഗീതത്തിന്റെ ഗുരുക്കന്മാരും വിജയരാഗങ്ങളിൽ ആറാടിനിൽക്കുന്ന ആരാധകരും മാത്രമാണ് എല്ലാമെല്ലാം. ഇളയരാജയും എംഎസ് വിശ്വനാഥനും യേശുദാസും സംഗീതലോകത്തെ മാനസഗുരുക്കന്മാർ. പുറം കണ്ണുകളുമായി വിജയലക്ഷ്മിയുടെ ജീവിതത്തിലേക്ക് ചേക്കേറിയവർക്ക് പക്ഷേ വിജയലക്ഷ്മിയുടെ അകക്കണ്ണുകളിൽ ആശ്വാസമാകാനായില്ല. ശുദ്ധസംഗീതത്തിന്റെ വിശ്വരൂപക്കാഴ്ചകളുമായി വിജയലക്ഷ്മി പകലിരവുകളില്ലാതെ പാടിക്കൊണ്ടേയിരിക്കുന്നു.
2015-ലാണ് ഞാൻ ആദ്യമായി വിജയലക്ഷ്മിയെ കാണുന്നത്. ഗുരുവായൂരിൽ വച്ച്. സംസാരിക്കാൻ തുടങ്ങും മുമ്പേ പക്ഷേ സംഗീത പരിപാടി നടക്കുന്ന വേദിയിൽ നിന്ന് വിജിക്ക് വിളി വന്നു. പിന്നെ പരസ്പരം ആശംസകൾ ചൊല്ലിപ്പിരിഞ്ഞതാണ്. പിന്നീടിതാ 5 വർഷങ്ങൾക്കുശേഷം വീണ്ടും വിജയലക്ഷ്മി എന്റെ മുന്നിൽ പ്രത്യക്ഷയാവുന്നു.
കൂർക്കഞ്ചേരി ശ്രി മഹേശ്വര ക്ഷേത്രത്തിൽ ഒരു പരിപാടിക്ക് വന്നതാണ് വിജയലക്ഷ്മി. പരിപാടിക്കു മുമ്പ് അല്പം വിശ്രമം, കണ്ണൻകുളങ്ങരയിലുള്ള സുഹൃത്ത് പ്രസാദിന്റെ വീട്ടിൽ. പ്രസാദ് സഹൃദയനാണ്. കലാസ്നേഹിയാണ്. സ്വന്തം മോളെപ്പോലെയാണ് പ്രസാദിന് വിജയലക്ഷ്മി. അത്രമേൽ ഇഷ്ടമാണ്. വിജയലക്ഷ്മിക്ക് തിരിച്ചും അങ്ങനെതന്നെ. പ്രസാദിന്റെ വീട്ടിലെത്തിയ വിജയലക്ഷ്മി പിന്നെ വീട്ടിലെ ഒരാളായി കളിച്ചും കുസൃതി കാണിച്ചും സെൽഫിക്ക് നിന്നുകൊടുത്തും കുറച്ചുനേരം.
വൈക്കത്തപ്പന്റെ തിരുമുറ്റത്ത് 1981-ലെ ഒരു വിജയദശമി നാളിലാണ് വിജയലക്ഷ്മി ജനിച്ചത്. അതുകൊണ്ടുതന്നെ അച്ഛൻ മുരളിയും അമ്മ വിമലയും വിജയലക്ഷ്മി എന്ന് പേര് വിളിച്ചു. ജനിക്കുമ്പോൾ തന്നെ ജഗദീശ്വരൻ വിജയലക്ഷ്മിയുടെ നാവിൽ സപ്തസ്വരങ്ങൾ കുറിച്ചിട്ടു. പിന്നെ പതിറ്റാണ്ടുകളായി മുടങ്ങാതെയുള്ള സാധകം. സാധകത്തിലൂടെ ഓരോ ദിവസവും ഉൂതിക്കാച്ചിയെടുക്കുന്ന പ്രഭാമയമായ സംഗീതപ്രപഞ്ചം എന്നും വിജയലക്ഷ്മിക്ക് സ്വന്തം.
എണ്ണംപറഞ്ഞ പുരസ്കാരങ്ങളും എണ്ണിയാലൊടുങ്ങാത്ത വേദികളും സദസ്സുകളും വിജയലക്ഷ്മിയെ തേടിയെത്തുന്നു. വിജയസംഗീതത്തിന്റെ ലോകാന്തര പര്യടനം നടത്തുന്ന വിജയലക്ഷ്മിക്ക് ഒന്നല്ല, രണ്ടുണ്ട് ഡോക്ടറേറ്റ് ബിരുദം. ചരിത്രത്തിലും സംഗീതത്തിലും ബിരുദാനന്തര പഠനം പൂർത്തിയാക്കിയ വിജയലക്ഷ്മിയിൽ പക്ഷേ കുട്ടിത്തം ഇന്നും വിട്ടുപോയിട്ടില്ല. ഇടക്കിടെ കുട്ടികളുടെ കുസൃതികളും കാണാം, കേൾക്കാം. അതേസമയം ഗൌരവമുള്ള കാര്യങ്ങളിൽ ഇടപെടുമ്പോൾ പക്വതയാർന്ന ദൃഡതയുടെ ശബ്ദവും കേൾക്കാം.
ഇപ്പോൾ വിജയലക്ഷ്മിക്ക് കൂട്ടായി സൌമ്യയുണ്ട്. വൈക്കത്തുകാരി, പാട്ടുകാരി. സംഗീതം പഠിച്ച സൌമ്യ സംഗീതത്തിന്റെ കാണാപാഠങ്ങൾ പഠിക്കാൻ വിജയലക്ഷ്മിക്കൊപ്പമുണ്ട്; ഗുരുകുലത്തിലെ ശിക്ഷ്യയെപോലെ. ഇടക്കിടെ വിജയലക്ഷ്മിയുടെ വിളി കേൾക്കാം, സൌമ്യാ. സൌമ്യ എപ്പോഴും അടുത്തുണ്ടാവണം. സൌമ്യ ഇപ്പോൾ വിജയലക്ഷ്മിക്കൊപ്പം ട്രൂപ്പിൽ മെലഡികൾ പാടുന്നുണ്ട്.
മലയാള സിനിമകളിൽ സജീവ പിന്നണി സാന്നിദ്ധ്യമുള്ള വിജയലക്ഷ്മിക്ക് പക്ഷേ തമിഴകത്താണ് നിറസാന്നിദ്ധ്യം. ശുദ്ധ സംഗീതത്തിന്റെ തമിഴകത്ത് കച്ചേരികൾ നടത്തുന്നുണ്ടെങ്കിലും ഗാനമേളകൾ തന്നെയാണ് കൂടുതലും. എല്ലാം ഇഷ്ടരാഗങ്ങളാണെങ്കിലും ഹിന്ദോളവും ശുഭപന്തുവരാളിയും ശിവരജ്ഞിനിയും മധ്യമാവതിയും പ്രിയപ്പെട്ട രാഗങ്ങൾ.
ഗായത്രി വീണയിൽ അത്ഭുതങ്ങൾ കേൾപ്പിക്കുന്ന വിജയലക്ഷ്മിയുടെ പ്രാവീണ്യത്തിൽ കുന്നക്കുടി വൈദ്യനാഥൻ അത്ഭുതസ്കബ്ദനായിട്ടുണ്ടത്രെ. എന്തും എളുപ്പത്തിൽ പഠിച്ചെടുക്കുന്ന വിജയലക്ഷ്മി ഇപ്പോൾ ആഫ്രിക്കയിൽ ജന്മം കൊണ്ട, അമേരിക്ക വികസിപ്പിച്ചെടുത്ത കൊച്ചു സംഗീതോപകരണമായ കസൂ വായിക്കുന്നുണ്ട്. വിജയലക്ഷ്മിയുടെ കസൂ നമ്പറുകൾ ഇന്ന് സ്റ്റേജ് ഷോകളിൽ പുതിയ തരംഗം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്.