Saturday, February 1, 2020

ശാസ്ത്രം ജയിച്ചുവോ? മനുഷ്യൻ തോറ്റുവോ?

ലോകാരോഗ്യ പരിസരങ്ങളിൽ ഏറെ ഭയാശങ്കകൾ എയ്തുവിട്ടുകൊണ്ടാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് പുരോഗമിക്കുന്നത്. ആർക്കും പിടികൊടുക്കാത്ത അപകടകാരികളായ വൈറസുകൾ അക്ഷരാർത്ഥത്തിൽ മരണനൃത്തം ചവിട്ടുകയാണ് ഈ നൂറ്റാണ്ടിൽ.
പ്രകൃതിയുടെ സുസ്ഥിരമായ താളവട്ടങ്ങളും അപകടകരമാം വിധം അപക്രമമായി അഴിഞ്ഞാടുകയാണ്. തീയും വെള്ളവും വായുവും പ്രകൃതിയുടെ സുരക്ഷിതമായ കൈകളിൽ നിന്ന് നിയന്ത്രിക്കാനാവാത്തവിധം പുറത്തുചാടിയിരിക്കുന്നു. വൈറസുകളുടെ അവസാനത്തെ കിരീടധാരിയായ കൊറോണവൈറസ് ഇന്നിതാ നമ്മുടെ ലോകത്തെ പിടിമുറുക്കിയിരിക്കുന്നു. ഗൌരവം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന ആഗോള ആഗോഗ്യ അടിയന്തിരാവസ്ഥയും പ്രഖ്യാപിച്ചുകഴിഞ്ഞു. വീഡിയോ കാണാൻ

20 രാജ്യങ്ങളിലായി മരണവല വിരിച്ച കൊറോണവൈറസ് കൊലവെറി ഉയർത്തുമ്പോൾ ഇതിനകം ഇരുന്നൂറിലധികം പേരുടെ ജീവനെടുത്തുകഴിഞ്ഞു. ഏകദേശം പതിനായിരം പേരെങ്കിലും മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്നു. ഇതുവരെ മരണം റിപ്പോർട്ട് ചെയ്തത് ചൈനയിൽ മാത്രം. ലോകത്തെമ്പാടും ദശലക്ഷങ്ങൾ ഈശ്വരകാരുണ്യത്തിൽ മാത്രം ഇപ്പോൾ അഭയം പ്രാപിച്ചുകഴിയുന്നു.
അവസാനം ഇതാ ഇന്ത്യയിലും കൊറോണവൈറസ്, കൊച്ചുകേരളത്തിന്റെ നെറുകെയിൽ അന്ത്യചുംബനവുമായി എത്തിയിരിക്കന്നു. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശിവപേരൂർ ഒഴിവാക്കാനാവാത്ത ആ ദുരന്താനുഭവത്തിന്റെ ഭാഗമാവാൻ കാത്തുകഴിയുന്നു. ഭരണകൂടത്തിന്റെ പ്രാപ്തിയിലും ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രാർത്ഥനയിലും കേരളം അതിജീവനത്തിന്റെ ശുഭപ്രതീക്ഷകളിൽ കഴിയുന്നു.

ഇത്തരം വൈറസുകളുടെ ബാധക്ക് വിധേയമാവുന്ന സ്ഥല-കാല-വ്യക്തി വിവരങ്ങൾ കഴിവതും പുറത്തുവിടാതിരിക്കുന്നതാണ് ഭരണകൂടങ്ങൾ ചെയ്യേണ്ടത്. കാരണം രോഗബാധക്ക് വിധേയമാവുന്ന സ്ഥല-കാല-വ്യക്തി ഘടകങ്ങളെ സമൂഹം മുഖ്യധാരയിൽ നിന്ന് വേർപ്പെടുത്തുകയാണ് പതിവ്. ഇപ്പോൾ ചൈന അനുഭവിക്കുന്നതും അതാണ്. ലോകരാഷ്ട്രങ്ങൾ ഇന്ന് ചൈനയെ വേർപ്പെടുത്തിയിരിക്കുകയാണ്. ഇത് രാജ്യത്തേയും ജനങ്ങളേയും സർവ്വവിധത്തിലും ക്ഷയിപ്പിക്കും. രോഗത്തെ നമുക്ക് പ്രതിരോധിക്കാം. മുൻകരുതലുകൾ എടുക്കുകയുമാവാം. പക്ഷേ രോഗബാധക്ക് വിധേയമാവുന്ന സ്ഥല-കാല-വ്യക്തി ഘടകങ്ങളെ വേർപ്പെടുത്തുന്നതിലെ ആവലാതികൾ നമുക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല.

കൊറോണവൈറസ് ഒരു കൊലയാളി കടുംബമാണ്. ആ കുടുംബത്തിലെ ഏഴാമത്തെ പുതിയ കൊലയാളിയാണ് n-COV എന്നറിയപ്പെടുന്ന കൊറോണവൈറസ്.  22 9E, NL 63, OC 43, HK U1, MERS-COV, SARS-COV എന്നിവയാണ് ഈ കുടുംബത്തിലെ മറ്റ് ആറ് കൊലയാളി വൈറസുകൾ.
കേവലം വൈറസ് പനിയുടെ ലക്ഷണങ്ങളോടെ വന്ന് മനുഷ്യജീവനെടുക്കുക മാത്രമാണ് ഈ കൊലയാളികളുടെ ലക്ഷ്യം. ചൈനയിലും, അമേരിക്കയിലും, ആസ്ട്രേലിയായിലും, കാനഡയിലും, ബ്രിട്ടനിലുമായി ഈ കൊലയാളിയെ കീഴ്പ്പെടുത്തുന്നതിനായുള്ള ഗവേഷണങ്ങൾ ഇപ്പോഴും നടന്നുവരികയാണ്. അന്തിമഫലം പറയാറായിട്ടില്ല. വർത്തമാനകാലത്തിൽ ഈ കൊലയാളികളെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്തിയിട്ടില്ല. എങ്കിലും ജാഗ്രതയോടെ രോഗം പകരാതിരിക്കാനുള്ള നടപടികളിലൂടേയും രോഗിയെ കൃത്യമായ പരിചരിക്കുന്നതിലൂടേയും നമുക്ക് ഈ രോഗത്തെ അതിജീവിക്കാം.

ചൈനയിലെ ഹൂബ്ബെ പ്രവിശ്യയിലെ മത്സ്യമാർക്കറ്റിൽ നിന്നായിരിക്കണം കൊറോണവൈറസ് എന്നകൊലയാളി കൊലവിളി മുഴക്കിയതെന്ന് കരുതപ്പെടുന്നു. ഈ വൈറസ് കണ്ടെത്തിയ നാളുകളിൽ അത് മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കും പിന്നീടുള്ള നാളുകളിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരുകയായിരുന്നു. ഇപ്പോൾ ഈ വൈറസ് ചൈനയിലെ വുഹാൻ പട്ടണത്തിൽ മരണനൃത്തമാടിയതിനുശേഷം ലോകരാജ്യങ്ങളും ചുറ്റി അവസാനമിതാ ഇന്ത്യയിലേക്കുമെത്തിയിരിക്കുകയാണ്.

2019-ൽ ചെന്നൈയിലെ സിദ്ധവൈദ്യനായ ഡോ. തണികാശലം വേണി കൊറോണവൈറസിന് മരുന്ന് കണ്ടുപിടിച്ചെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അത് പൂർണ്ണമായി വിജയിച്ചതായി അറിവില്ല. കൊറോണവൈറസിനെതിരെ വേറേയും മരുന്നുകൾ കണ്ടുപിടിച്ചതായി പറയുന്നുണ്ടെങ്കിലും ഒന്നിനും ഒരു സ്ഥിരീകരണമില്ല.

ഒരുപാട് തണ്ടുകളുള്ള ഒരു ചക്രം പോലെയാണത്രെ കൊറോണവൈറസ് എന്ന് ശാസ്ത്രലോകം പറയുന്നു. അതിന്റെ ചക്രത്തണ്ടുകളിൽ ഒരറ്റത്ത് കിരീടം പോലെ ഒരു ഭാഗമുണ്ട്. ലത്തീൻ ഭാഷയിൽ കിരീടം എന്നതിന് കൊറോണ CORONA എന്നത്രെ ഭാഷ്യം. അങ്ങനെയാണ് ഈ വൈറസിന് കൊറോണവൈറസ് എന്ന പേരു് ഉണ്ടായത്. ഘടനാപരമായി പരിശോധിക്കുമ്പോൾ മനസ്സിലാവുന്നത് ഈ വൈറസിന്റെ ബാഹ്യവൃത്തത്തിൽ തമ്പടിച്ചിരിക്കുന്ന E, S, M, HE പ്രോട്ടീനുകളാണ് മനുഷ്യജീവിനെ കൊലക്ക് കൊടുക്കുന്നതെന്നാണ് ശാസ്ത്രജ്ഞൻമാർ കണ്ടെത്തിയിരിക്കുന്നത്.

അതേസമയം ആഗോള താപനത്തെ തുടർന്നണ്ടായ കാലാവസ്ഥാ വ്യതിയാനവും, അതിലേക്ക് മനുഷ്യനെ നയിച്ച ജീവിതശൈലിയുമാണ് ഇത്തരം കൊലയാളി വൈറസുകളെ സൃഷ്ടിച്ചതെന്നും പറയപ്പെടുന്നുണ്ട്.
എന്തായാലും ശാസ്ത്രം ജയിച്ചു, മനുഷ്യൻ തോറ്റുഎന്നൊക്കെയുള്ള ആധുനിക ശാസ്ത്രസമൂഹത്തിന്റെ അഹങ്കാരത്തിനും ഹുങ്കിനും മുമ്പിൽ മുട്ടുമടക്കാതെ കൊറോണവൈറസ് എന്ന കൊലയാളി, കൊലവിളി മുഴക്കുമ്പോൾ ജീവരക്ഷക്കുള്ള മറ്റേതോ വഴികൂടി അന്വേഷിക്കേണ്ട ഒരു തിരിച്ചറിവിൽ നാം എത്തിനില്ക്കുന്നുവെന്നുകൂടി പറയേണ്ടിവരുന്നു.

No comments:

Post a Comment