Wednesday, March 13, 2019

ഇന്ത്യയിലെ സ്ത്രീപക്ഷത്തിന് ഒരു രണ്ടാമൂഴത്തിന് സമയമായി



ആരേയും മുറിവേല്പ്പിക്കാത്ത ഒരു ആയുധമാണ് ജനങ്ങളുടെ വോട്ടെന്നും ആ വോട്ടാണ് ജനങ്ങളുടെ കരുത്തെന്നും അതുകൊണ്ടുതന്നെ ജനങ്ങള്‍ ഉറക്കെ ചിന്തിക്കണമെന്നും തികഞ്ഞ ഉത്തരവാദിത്തത്തോടുകൂടി അത് പ്രയോഗിക്കണമെന്നും ഇന്ത്യയോട് നിഷ്ക്കളങ്കമായി ആഹ്വാനം ചെയ്ത പ്രിയങ്ക ഗാന്ധി തന്നെയാണ് ഈ ലോകസഭ തെരഞ്ഞെടുപ്പിലെ താരം.

ഏതു രാജ്യത്തും പൊതു തെരഞ്ഞെടുപ്പുകള്‍ നിര്‍ണ്ണായകമാണ്. അത്തരം നിര്‍ണ്ണായകമായ ഒരു പൊതു തെരഞ്ഞെടുപ്പാണ് ഇന്ത്യയിലും നടക്കാന്‍ പോകുന്നത്. ഇന്ത്യയില്‍ എക്കാലത്തും പ്രധാനപ്പെട്ട രണ്ടു മുന്നണികള്‍ തമ്മില്‍ തന്നെയാണ് ഏറ്റുമുട്ടുക പതിവ്.

ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് നേതൃത്തം കൊടുക്കുന്ന ഒരു മുന്നണിയും കോണ്ഗ്രസ്സേതര പാര്‍ട്ടികള്‍ നേതൃത്തം കൊടുക്കുന്ന മറ്റൊരു മുന്നണിയും. ഇപ്പോള്‍ കോണ്ഗ്രസ്സേതര മുന്നണി ഭാരതീയ ജനത പാര്‍ട്ടിയുടെ നേതൃത്തത്തില്‍ നിലകൊള്ളുന്നു. അതുകൊണ്ടുതന്നെ നേതൃനിരയില്‍ നെഞ്ചളവുള്ള മോഡിയും മൊഞ്ചുള്ള രാഹുലും ഏറ്റുമുട്ടുന്നു.

സാധാരണ ഗതിയില്‍ തെരഞ്ഞെടുപ്പു വരുമ്പോള്‍ ചില ദേശീയ വിഷയങ്ങള്‍ പൊന്തിവരിക പതിവാണ്. എന്നാല്‍ ഇക്കുറി ഇന്ത്യയില്‍ പ്രത്യേകിച്ചൊരു ദേശീയ വിഷയം ചര്‍ച്ചയുടെ ഉപരിതലത്തില്‍ ഇല്ലെന്നുതന്നെ പറയാം. റഫാല്‍ യുദ്ധവിമാന ഇടപാടുകള്‍ കോണ്ഗ്രസ് കൊണ്ടുവന്നെങ്കിലും ക്ലച്ചു പിടിച്ചില്ല. ഈ സാഹചര്യത്തിലാണ് ഒരു പഴഞ്ചന്‍ വിഷയമായ, എന്നും എടുത്തുപ്രയോഗിക്കാന്‍ കഴിയുന്ന ഫാസിസത്തെ പ്രതിപക്ഷ മുന്നണി അരങ്ങില്‍ എത്തിച്ചിരിക്കുന്നത്.

എന്താണ് ഫാസിസം. വളരെ ചുരുക്കിപ്പറഞ്ഞാല്‍ ഫാസിസം ജനാധിപത്യ വിരുദ്ധമാണ് എന്നുപറയാം. വര്‍ഗ്ഗീയ ശക്തിയില്‍ അധിഷ്ടിതമായ ഒരു ഭരണക്രമമെന്നും പറയാം. അസഹിഷ്ണുതയുടെ പര്യായമെന്നും വിളിക്കാം. രാജ്യത്തെ സാമ്പത്തിക ശക്തികള്‍ക്ക് പണയം വയ്ക്കുന്ന ഭരണ സമ്പ്രദായം എന്നും വ്യാഖ്യാനിക്കാം. സര്‍വ്വോപരി ജനദ്രോഹപരമായ സ്വേച്ഛാധിപത്യം എന്നും പൊതുവല്‍ക്കരിക്കാം.

ഇപ്പറഞ്ഞ ഭരണ വൈകല്യങ്ങളൊക്കെ ഇപ്പോള്‍ രാജ്യം ഭരിക്കുന്ന ഭാരതീയ ജനത പാര്‍ട്ടിയുടെ തലയില്‍ വച്ചുകെട്ടികൊണ്ട് അവരെ ഫാസിസ്റ്റുകള്‍ എന്ന് മുദ്രകുത്തി കോണ്ഗ്രസ്സും മറ്റു ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും ഒരു ഫാസിസ്റ്റ് വിരുദ്ധ വിമോചന മുന്നണിയായി ഇക്കുറി പൊതു തെരഞ്ഞെടുപ്പിനെ നേരിടുകയാണ്. അങ്ങനെ വരും നാളുകളില്‍ ഇന്ത്യയില്‍ 543 ഫാസിസ്റ്റ് വിരുദ്ധ സന്മനസ്സുകളെ കണ്ടെത്താനുള്ള ഭഗീരഥ യജ്ഞത്തിന് തുടക്കമിട്ടിരിക്കുകയാണ്.

റഫാല്‍ യുദ്ധവിമാന ഇടപാടുകള്‍ ഉയരത്തില്‍ പറക്കുമെന്ന ശുഭപ്രതീക്ഷയില്‍ നോട്ടുനിരോധനമെന്ന നവ നാണയീകരണവും ജിഎസ്ടി എന്ന നികുതിയുടെ അരാജകത്തവും പ്രതിപക്ഷം ഉപേക്ഷിച്ചിരുന്നു. റഫാല്‍ യുദ്ധവിമാന ഇടപാടുകള്‍ ചീറ്റിപോയ സാഹചര്യത്തില്‍ പാക് യുദ്ധത്തെ അരങ്ങേറ്റാമെന്ന പ്രതിപക്ഷത്തിന്റെ വ്യാമോഹവും ഏതാണ്ട് അസ്തമിച്ചുകഴിഞ്ഞു.

കേരളത്തിലാണെങ്കില്‍ പ്രളയവും ശബരിമലയും കൊലപാതക രാഷ്ട്രീയവും അരങ്ങേറ്റാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഇവയില്‍ വൈകാരിക ശക്തിയുള്ള ശബരിമല വിഷയത്തിന്മേല്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ടു. പ്രളയം ഇനിയും വേണ്ടപോലെ ഉപരിതലത്തില്‍ എത്തിക്കാനാവില്ലെന്നതാണ് സത്യം. രാഷ്ട്രീയ കൊലപാതകമാണെങ്കില്‍ കൊലപാതകത്തിന്റെ സാര്‍വത്രിക ജനാധിപത്യത്തില്‍ മുങ്ങിപ്പോവുകയും ചെയ്തു.

സര്‍വ്വവിധത്തിലും ഗതികെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ അവസാനം മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഒരു പുതിയ രാഷ്ട്രീയ സംജ്ഞ കണ്ടെത്തി. മലയാളത്തില്‍ ജയസാധ്യത എന്നൊക്കെ പറയാമെങ്കിലും ഇംഗ്ലീഷില്‍ വിന്നെബിലിറ്റി (Winnability) എന്ന ഒളിസങ്കേതവുമായി കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇരുട്ടില്‍ തപ്പുകയാണ്‌. പച്ചയായ ഭാഷയില്‍ പറഞ്ഞാല്‍ പാര്‍ലിമെന്ററി വ്യാമോഹത്തില്‍ അഭിരമിച്ചിരിക്കുകയാണ് നമ്മുടെ വിപ്ലവേതര രാഷ്ട്രീയ പാര്‍ട്ടികളും മിത-തീവ്ര- വിപ്ലവ രാഷ്ട്രീയ പാര്‍ട്ടികളും.

ഈയൊരു പശ്ചാത്തലത്തില്‍ നിന്നുനോക്കുമ്പോള്‍ ഏറെ രാഷ്ട്രീയ പരിചയമോ ഗൃഹപാഠമൊ ചെയ്തുശീലിക്കാത്ത പ്രിയങ്ക ഗാന്ധിയുടെ വളരെ നിഷ്ക്കളങ്കമായ പ്രസ്താവന ചിന്തിക്കാന്‍ വകനല്കുന്നുണ്ട്. ആരേയും മുറിവേല്പ്പിക്കാത്ത ഒരു ആയുധമാണ് നിങ്ങളുടെ വോട്ടെന്നും ആ വോട്ടാണ് നിങ്ങളുടെ കരുത്തെന്നും അതുകൊണ്ടുതന്നെ നിങ്ങള്‍ ഉറക്കെ ചിന്തിക്കണമെന്നും തികഞ്ഞ ഉത്തരവാദിത്തത്തോടുകൂടി അത് പ്രയോഗിക്കണമെന്നും കഴിഞ്ഞ ദിവസമാണ്  പ്രിയങ്ക ഗാന്ധി പറഞ്ഞത്.

പ്രിയങ്ക പറഞ്ഞതില്‍ സത്യമുണ്ട്. കാരണം സ്ത്രൈണ പക്ഷത്തുനിന്നുകൊണ്ട് ഇന്ത്യയെന്ന കണ്ണാടിയില്‍ നോക്കി ഇന്ദിരാഗാന്ധിയെ മനസ്സില്‍ ധ്യാനിച്ചാ യിരിക്കണം പ്രിയങ്ക ഇങ്ങനെ പറഞ്ഞത്. സ്ത്രീയുടെ സുരക്ഷയും ഉയര്‍ച്ചയും ലക്ഷ്യം വച്ചുകൊണ്ട് പതിറ്റാണ്ടുകള്‍ കടന്നുപോയെങ്കിലും സ്ത്രീകള്‍ക്കുള്ള ജനപങ്കാളിത്തവും ഭരണ പങ്കാളിത്തവും സര്‍വ്വോപരി സുരക്ഷയും ഉയര്‍ച്ചയും ഇന്നും ഒരു മരീചികയാണ്. ആകെക്കൂടി ഒരു ആശ്വാസം പശ്ചിമ ബംഗാളില്‍ സ്ത്രീകള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ 40.5 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്ന മമത ബാനര്‍ജിയുടെ പ്രസ്താവനയാണ്.       

വനിതാമതിലിന്റെ ചുവന്ന ശില്പ്പികളുള്ള കൊച്ചുകേരളത്തില്‍ മതിലില്‍ ചാരിയവര്‍ക്കും ലിംഗ സമത്വത്തിന്റെ മല ചവിട്ടിയവര്‍ക്കും നാളജപ ഘോഷയാത്ര നടത്തിയവര്‍ക്കും കിട്ടിയത് പൂജ്യം ശതമാനം സമത്വവും അന്തസ്സും ആഭിജാത്യവും. ‘മതിലും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയി’ എന്നൊരു ചൊല്ലുണ്ട്. പാഠഭേദം വരുത്തിയാല്‍, ‘മതിലും ചാരി നിന്നവള്‍..........’ കൂടുതല്‍ ബുദ്ധിയുള്ളവനൊ അതിബുദ്ധിയുള്ളവളോ ഈ പുതിയ പാഠഭേദം പൂര്‍ത്തീകരിക്കട്ടെ.

ഈ തെരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ പ്രാതിനിധ്യം എത്രകണ്ട് പ്രശംസിക്കപ്പെടണം എന്നത് സ്ത്രീകളുടെ മാത്രം തീരുമാനത്തിന് വിട്ടുകൊടുക്കുകയാണ്. സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടന്ന നിയോജകമണ്ഡലങ്ങളിലെങ്കിലും (ഒന്നിന്റെയും പേരെടുത്തു പറയുന്നില്ല) മതിലില്‍ ചാരിനിന്നുകൊണ്ട്‌ സ്ത്രീ ശാക്തീകരണം ഉറക്കെ പ്രഖ്യാപിച്ച ഒരുവളെ കണ്ടെത്താമായിരുന്നു.

അതിസമര്‍ത്ഥരായ സ്ത്രീകളുടെ കുറവുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് നമുക്ക് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. കേരളത്തില്‍  അതിസമര്‍ത്ഥരായ അത്രയ്ക്കും പ്രഗല്‍ഭരായ വിദ്യാസമ്പന്നരായ കലാ-സാഹിത്യ-സിനിമാ-സാംസ്കാരിക-രാഷ്ട്രീയ രംഗത്ത് മികവുതെളിയിച്ച എത്രയോ വനിതകളുണ്ട്. എന്നിട്ടും എന്തേ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്‌.

സമൂഹത്തിന്റെ മുന്‍ നിരയിലെത്തിയ സ്ത്രീകള്‍ക്കുമാത്രം പിന്നേയും പിന്നേയും അവസരങ്ങള്‍ കൊടുക്കുന്നത് ഒരുതരത്തില്‍ കടുത്ത അനീതിയല്ലേ. മുന്‍ നിരയ്ക്ക് തൊട്ടുതാഴേയും ഒരു നിരയുണ്ടെന്ന കാര്യം വിസ്മരിക്കരുത്. ഇപ്പോള്‍ രംഗപ്രവേശം നടത്തിയവരില്‍ ചിലരെങ്കിലും സ്ത്രീശാക്തീകരണത്തിനും സ്ത്രീകളുടെ കൂട്ടായ്മയ്ക്കും എതിര്‍ ചേരിയില്‍ നിന്നുകൊണ്ട് സ്ത്രീകളെ നിരന്തരമായി തോല്‍പ്പിച്ചുകൊണ്ടിരിക്കുന്നു എന്നതും സത്യം.

പാവം സ്ത്രീകളെ പ്രലോഭനങ്ങളുടെ മതിലുകളില്‍ ചാരിനിര്‍ത്തി ഇത്തരത്തില്‍ അവഹേളിക്കരുത്. അവര്‍ സ്ത്രീകളാണ്. ഈ ഭൂമിയുടെ ആധിപത്യത്തിലും അവള്‍ക്ക് ഒരു പങ്കിനുള്ള അര്‍ഹതയുണ്ട്. ഫ്രാങ്കോമാരുടെയും ഗോവിന്ദചാമിമാരുടെയും കഥയാട്ടക്കാരുടെയും ഭരണ കസേരയില്‍ മീശ പിരിക്കുന്നവരുടെയും പറുദീസയുടെ മുമ്പില്‍ കുനിയാനുള്ള തലയല്ല സ്ത്രീകളുടെത് എന്ന്‍ അവര്‍കൂടി മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കക്ഷിരാഷ്ട്രീയ ഭേദമെന്യേ ചിന്തിക്കുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രിയങ്ക ഗാന്ധിയുടെയും മമത ബാനര്‍ജിയുടെയും മേല്‍പ്പറഞ്ഞ പ്രസ്താവനകളില്‍ ഒരു പ്രതീക്ഷ കാണുന്നുണ്ട്. മാത്രമല്ല, അടിയന്തിരാവസ്ഥയെ പുതിയ സാഹചര്യത്തില്‍ നിന്ന് നോക്കിക്കാണുമ്പോള്‍ ഇന്ദിരാഗാന്ധിയുടെ ഭരണത്തിനുശേഷം ഇന്ത്യയില്‍ സുശക്തമായ ഒരു ഭരണം ഉണ്ടായിട്ടില്ലെന്നുതന്നെ പറയേണ്ടിവരും. അതുകൊണ്ടുതന്നെ ഇന്ത്യയിലെ സ്ത്രീപക്ഷത്തിന് ഒരു രണ്ടാമൂഴം അവകാശപ്പെടാനാവുമെന്നതിന്റെ അനിവാര്യത ഈ രണ്ടു വനിതകളിലൂടെ നാം തെളിഞ്ഞുകാണുന്നുണ്ട്.      

No comments:

Post a Comment