Friday, April 5, 2019

2019-ല്‍ ആര്‍ ഇന്ത്യ ഭരിക്കും ?

പതിവുപോലെ പതിനേഴാം ലോകസഭ തെരഞ്ഞെടുപ്പ് എത്തി. കാര്യമായൊരു ദേശീയ അജണ്ടയുമില്ലാതെ. റഫാലും നോട്ടുനിരോധനവും ജിയെസ്ട്ടിയും യുദ്ധവും ഒടുങ്ങി. അല്ലെങ്കില്‍ ഭരണപക്ഷം അതൊക്കെ ഒതുക്കിയെന്നും പറയാം. എല്ലാ കാലത്തെയുംപോലെ ഫാസിസ്റ്റ് വിരുദ്ധം നൂറ്റൊന്നാവര്‍ത്തി കഷായമായും  എണ്ണയായും ധാരയായി. ഇനി 543 എന്ന മാജിക് സംഖ്യയുടെ പകുതിയും, അധികം ഒന്നിന്റേയും അടിസ്ഥാന മിണ്ടാവര്‍ഗ്ഗത്തിന്നായി കാത്തിരിക്കുന്നു ഇന്ത്യ. ഒന്നുകില്‍ മോഡിയോടെ ഒരു ഭരണം, അല്ലെങ്കില്‍ തൂക്കോടെയുള്ള ഒരു ഭരണ മരണം. ഇതാണ് സാമാന്യേന ചിന്തിക്കുന്ന ഒരുവന്റെ രാഷ്ട്രീയ അപഗ്രഥനം. (ഈ ലേഖനത്തിന്‍റെ വീഡിയോ കാണാന്‍ കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.)

ഇതിന്നിടെ രാഹുല്‍ഗാന്ധി കേരളത്തില്‍ വയനാട്ടില്‍ ചുരമേറിയും ഇറങ്ങിയും കിതച്ചെത്തി. ഒപ്പം ഇന്ദിരയുടെ മൂക്കും ഊക്കുമായി പ്രിയങ്കയും. ദേശാടനം ഇനി തെക്കോട്ട്‌. വയല്‍ക്കിളികളെ മുഴുവന്‍ ആട്ടിപ്പായിച്ച് കേരളം കൊയ്യാനെത്തിയവര്‍ നാലുപാടും ചിതറിയൊളിച്ചുകൊണ്ട് അപശബ്ദങ്ങളും അപഖ്യാതികളും അപകീര്‍ത്തികളും ഉണ്ടാക്കുന്നു. കൊയ്തരിവാളിനു പകരം അവര്‍ വടിവാളേന്തി കോമരം തുള്ളുന്നു. നെല്‍ക്കതിരിനുപകരം അവര്‍ ഇളം തലക്കതിര്‍ കൊയ്തുകേറ്റുന്നു. കൊയ്തത് മുഴുവനും പാപം കൊണ്ട് മെതിക്കുന്നു. പിന്നെ ചോരക്കഞ്ഞി വിളമ്പി ഒരു നാടിന്റെ പ്രളയാടിയന്തിരം ആചരിക്കുന്നു.

രാഹുല്‍ എന്ന നുണക്കുഴി കവിളുള്ള രാജകുമാരനും ഇന്ദിരയുടെ മൂക്കുള്ള രാജകുമാരിക്കും ഇനിയും എഴുതാനുള്ള ഇന്ത്യാചരിത്രത്തിന്റെ താളുകള്‍ ഇനിയും ബാക്കിയുണ്ട്. എഴുത്തോലയും എഴുത്താണിയും കൊടുക്കാന്‍ ഇവിടെ ഇനിയും ഗൃഹാതുരത്വമുള്ള പ്രജകളും ബാക്കിയുണ്ട്. ഇരുപതില്‍ ഒരുവന്‍ എന്ന്‍ മുഖ്യന് പറഞ്ഞൊഴിയാം. എന്നാല്‍ ഇരുപതില്‍ ഇരുപതാവാന്‍ ഒരുപക്ഷേ ഈ നുണക്കുഴിയുള്ള രാജകുമാരന് കഴിഞ്ഞേക്കാം. ഒരു തൂക്കുകൊട്ടയിലിരുന്ന് ഇന്ത്യ ഭരിച്ചേക്കാം. കാരണം, ചരിത്രം എന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കും. രാജകുടുംബങ്ങള്‍ക്ക് വഴിമാറിയ ചരിത്രം എക്കാലത്തും ഇന്ത്യയ്ക്കുണ്ടായിരുന്നു. അതൊരു സാമൂഹ്യ മനശാസ്ത്ര നിയോഗമാണ്. അത്തരം നിയോഗങ്ങള്‍ക്ക് ഇന്ത്യയില്‍ നിശ്ചിതത്വമുണ്ടായിരുന്നു. ഇതൊരുപക്ഷേ രാഹുലിനുള്ള തൂക്കുകൊട്ടയിലിരുന്നുകൊണ്ടുള്ള ഭരണത്തിനുള്ള ഊഴമാവാം.

നിയോഗത്തിന്റെ ബദലായി ഒരു വഴി കൂടി ബാക്കിയുണ്ട്. രാമരാജ്യത്തിന്റെ വഴി. ഹിന്ദുത്വ ഭാരതത്തിലേക്കുള്ള വഴി. ഇന്നല്ലെങ്കില്‍ നാളെ ആ വഴി തെളിഞ്ഞുവരും. ആ വഴി തടയാന്‍ ആര്‍ക്കും സാധ്യമല്ലെന്നും തെളിഞ്ഞുകാണുന്നുണ്ട്. ഭാരതത്തിന്റെ മനശാസ്ത്രവും ജീവശാസ്ത്രവും നമ്മോട് തെളിച്ചുപറയുന്നതും അതാണ്‌. 

തൂക്കാന്‍ വിധിക്കപ്പെട്ടവന്റെ മുമ്പില്‍ രണ്ടു വഴികളെ ഉള്ളൂ. ഒന്ന്, ലഹരിയുടെ നുണവഴി; രണ്ട്, മരണത്തിന്റെ നേര്‍വഴി. രാമന്‍ ഭാരതത്തിന്റെ ലഹരിയാണ്; രാവണന്‍ അപ്പുറത്തുണ്ടെങ്കിലും. അടിസ്ഥാനപരമായി സീത, അല്ല, ഭൂമിദേവി സുരക്ഷിതയാണ് എന്ന് പരക്കെ വിശ്വാസം. രാമനും സീതയും കുടുംബവും സുരക്ഷിതരാവുന്നുണ്ട് എന്നും ഒരുകൂട്ടര്‍. യുദ്ധങ്ങളുടെ ഒടുക്കവും അതായിരുന്നു. 

ഹിന്ദുത്വ ഭാരതത്തിലേക്കുള്ള ജയഭേരികള്‍ അടിച്ചമര്‍ത്തുന്നതില്‍ നവഭാരതം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. ആര്‍ഷഭാരതം വിജയിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴത്തെ ചോദ്യവും വ്യക്തമാണ്. കറുത്ത മഷിയെഴുതിയ ചൂണ്ടുവിരലില്‍ തൂങ്ങേണ്ടത് രാജകുമാരന്റെ തൂക്കുകൊട്ടയോ കാവല്‍ക്കാരന്റെ രാമരാജ്യമോ? വിധിദിനം പറയേണ്ടതും അതാണ്‌. നാം പറയിപ്പിക്കേണ്ടതും അതാണ്‌.

No comments:

Post a Comment