Saturday, October 7, 2017

കൊലക്കത്തി കൊണ്ട് ഇന്ത്യയെ വിഭജിക്കാന്‍ സമ്മതിക്കില്ല.


പത്രപ്രവര്‍ത്തക ഗൌരി ലങ്കേഷിന്‍റെ കൊലപാതകത്തെ അപലപിച്ചുകൊണ്ട് തൃശൂരില്‍ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ മതേതര പ്രതിഷേധജ്വാല എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സാറ ജോസഫ്  ഉത്ഘാടനം ചെയ്തു.

“ഹിന്ദുത്ത തീവ്രവാദം കൊണ്ട് ഇന്ത്യയെ വിഭജിക്കാന്‍ നോക്കണ്ട. അത് നടക്കില്ല.” എന്ന് പറഞ്ഞുകൊണ്ടാണ് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സാറ ജോസഫ് പ്രതിഷേധജ്വാല ഉത്ഘാടനം ചെയ്തത്.  

“ഇന്ത്യ ഒരൊറ്റ ഒന്നാണ്.” സാറ ജോസഫ് തുടര്‍ന്നു, “ഇന്ത്യയെ വിഭജിക്കാന്‍ നോക്കണ്ട. ഹിന്ദുത്ത തീവ്രവാദം കൊണ്ട്, രാജ്യസ്നേഹം വിളമ്പിക്കൊണ്ട്, മുപ്പത്തൊന്നു ശതമാനം വോട്ടിന്‍റെ പേരില്‍; ഇന്ത്യയെ വിഭജിക്കാന്‍ നോക്കണ്ട. അത് നടക്കില്ല. എന്നാല്‍ ആ രീതിയില്‍ നാം ഐക്യപ്പെടുന്നുണ്ടോ എന്നതാണ് ചോദ്യം. ഒരൊറ്റ ശക്തിയായി, മതേതര ശക്തിയായി, ജനാധിപത്യ ശക്തിയായി നാം ഐക്യപ്പെടുന്നുണ്ടോ എന്നതുതന്നെയാണ് പ്രധാനപ്പെട്ട ചോദ്യം. ഫാസിസ്റ്റുകള്‍ എന്നും അങ്ങനെയാണ്. അവര്‍ എഴുത്തിനെയും കലയെയും പേടിക്കുന്നു. അവര്‍ എഴുത്തുകാരനെയും കലാകാരനെയും പേടിക്കുന്നു.  അതുകൊണ്ടാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടക്കുന്നത്. അതിന്റെ രക്തസാക്ഷിയാണ് ഗൌരി ലങ്കേഷ്.”  

ഫാസിസ്റ്റ് വിരുദ്ധ മതേതര പ്രതിഷേധജ്വാല തൃശൂരില്‍ വേണ്ടത്ര വിധത്തില്‍ ജ്വലിച്ചില്ല എന്നുവേണം വിലയിരുത്താന്‍.  ജ്വലിക്കാതെ പോയതില്‍ ആര്‍ക്കും ദുഖമുണ്ടാവുമെന്നു തോന്നുന്നില്ല. സമൂഹ മാധ്യമം വഴി മാത്രം ജ്വലിപ്പിക്കാന്‍ ശ്രമിച്ച ഈ പ്രതിഷേധാഗ്നി വേണ്ടും വിധം കത്താതിരുന്നത് സ്വാഭാവികം മാത്രം.

സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍ക്ക്  ഇഷ്ടം പ്രകടിപ്പിച്ചവരും അഭിപ്രായം രേഖപ്പെടുത്തിയവരും ചുരുങ്ങിയത് 3000 പേരെങ്കിലും കാണും. എന്നാല്‍ പ്രതിഷേധജ്വാല ജ്വലിപ്പിക്കാന്‍ എത്തിയവര്‍ 200 ല്‍ താഴെ മാത്രം. അതുകൊണ്ടായിരിക്കണം പ്രതിഷേധജ്വാല ഉത്ഘാടനം ചെയ്ത സാറ ജോസഫ് ഇത്തരം വിഷയങ്ങളിലുള്ള സമൂഹത്തിന്‍റെ ഐക്യപ്പെടലില്‍ ആശങ്കപ്പെട്ടത്‌.

90 സംഘടനകളെ പങ്കെടുപ്പിക്കാന്‍ ശ്രമിച്ച ഈ പ്രതിഷേധ ജ്വാലയില്‍ 75 സംഘടനകള്‍ പങ്കെടുത്തുവെന്നാണ് സംഘാടകര്‍ അവകാശപ്പെട്ടതെങ്കിലും പങ്കെടുത്തവര്‍ 200 ല്‍ താഴെ മാത്രം. എന്നുപറഞ്ഞാല്‍ ഒരു സംഘടനയില്‍ നിന്ന് ശരാശരി മൂന്നുപേര്‍ പോലും പങ്കെടുത്തില്ല എന്നതാണ് സത്യം. സമൂഹ മാധ്യമമല്ല, പൊതുസമൂഹം എന്ന തിരിച്ചറിവ് ഇനിയും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. നല്ല സുന്ദരമായ മുഖങ്ങള്‍ ഫോട്ടോ ഷോപ്പ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തുവെന്നല്ലാതെ അവരൊന്നുംതന്നെ പ്രതിഷേധജ്വാലക്ക് തീ കൂട്ടിയില്ല.

സമൂഹ മാധ്യമം തൊടുത്തുവിടുന്ന പ്രതിഷേധങ്ങള്‍ പലപ്പോഴും ലക്‌ഷ്യം കാണുന്നില്ല. അത്തരം പ്രതിഷേധങ്ങള്‍ സമൂഹ മാധ്യമങ്ങളിലെ ഇഷ്ടങ്ങളിലും അഭിപ്രായങ്ങളിലും മാത്രമായി നിലനില്‍ക്കും. സമൂഹ മാധ്യമം മുഖേനെ പിന്തുണയാര്‍ജ്ജിച്ച അണ്ണാ ഹസാരെയ്ക്കും പണ്ട് സംഭവിച്ചതും ഇതാണ്. അന്ന് സമൂഹ മാധ്യമത്തില്‍ ഇഷ്ടവും അഭിപ്രായവും രേഖപ്പെടുത്തിയവര്‍ അണ്ണാ ഹസാരെയേ ഒഴിവാക്കുകയും, ഇഷ്ടവും അഭിപ്രായവും രേഖപ്പെടുത്താത്തവരെല്ലാം കൂടി കെജ്രിവാളിനെ ഉള്‍കൊള്ളുകയും ചെയ്തു. അണ്ണാ ഹസാരെ വിസ്മൃതിയിലാവുകയും ചെയ്തു.

മഹാത്മാഗാന്ധി കൊല ചെയ്യപെട്ടിട്ട് ഏകദേശം 70 കൊല്ലമായി. ഗൌരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു. ഇതിന്നിടയില്‍ ഒരുപാടുപേര്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. എന്നിട്ടും നാം 70 കൊല്ലമായി വിസ്മരിച്ചുപോയ ഒരു കൊലപാതകത്തെ സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഒരു മാസം മുമ്പത്തെ കൊലപാതകത്തെ വിലയിരുത്തേണ്ടിവന്നത് നമുക്ക് രാഷ്ട്രീയ താല്‍പ്പര്യങ്ങളും കാപട്യങ്ങളും ഉള്ളതുകൊണ്ടാണ്. ഈയൊരു സത്യം മനസ്സിലാക്കാനുള്ള വിവേകവും സ്വതന്ത്ര ചിന്താഗതിയും നമ്മുടെ സമൂഹത്തിന്നുണ്ട്. അതുകൊണ്ടാണ് 3000 പേര്‍ ഇഷ്ടങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമം പിന്താങ്ങിയ പ്രതിഷേധജ്വാല വേണ്ട വിധത്തില്‍ കത്താതെ പോയതെന്ന വസ്തുത വരുംകാല പ്രതിഷേധജ്വാലകള്‍ കത്തിക്കാന്‍ ശ്രമിക്കുമ്പോഴും നാം ഓര്‍ക്കുന്നത് നന്നായിരിക്കും.

ഗൌരി ലങ്കേഷിന്റെ ശനിദശ 2001 ല്‍ ആരഭിച്ചതാണ്. 2005 മുതല്‍ അത് തീവ്രമാവുകയും ചെയ്തു. ഗൌരി നക്സല്‍ പ്രസ്ഥാനത്തെ പിന്താങ്ങുന്നുവെന്ന ആരോപണം 2005 മുതല്‍ തന്നെ സജീവമായിരുന്നു. അതിനെത്തുടര്‍ന്ന് അവര്‍ ലങ്കേഷ് പത്രികയില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. പിന്നീട് ഒറ്റയാള്‍ പട്ടാളം പോലെ അവര്‍ ഗൌരി ലങ്കേഷ് പത്രികയുമായി മുന്നോട്ടു കുതിക്കുകയായിരുന്നു. ഈ കാലയളവിലൊക്കെ ഗൌരിക്ക് ഭരണകൂടത്തിന്റെയും കുത്തകമാധ്യമങ്ങളുടെയും ഭീഷണികളും ഒറ്റപ്പെടുത്തലുകളും ഉണ്ടായിരുന്നു. അപ്പോഴൊക്കെയായിര്രുന്നു ഗൌരിക്ക് നമ്മുടെ പിന്‍ബലവും സഹായവുമൊക്കെ വേണ്ടിയിരുന്നത്. അപ്പോഴൊന്നും നാം ഗൌരിയെ ഓര്‍ത്തില്ല. സഹായിച്ചില്ല. 

ഗൌരിയെ ഓര്‍ക്കാനും കണ്ണീര്‍ പൊഴിക്കാനും പ്രതിഷേധിക്കാനും ഇവിടെ ഒരു ബി.ജെ.പി. സര്‍ക്കാര്‍ വരേണ്ടിവന്നു. അവസാനം ഫാസിസ്റ്റുകള്‍ അവരെ വെടി വച്ചിട്ടപ്പോള്‍ നാം ഉണരുന്നു. അപ്പോള്‍ മാത്രമാണ് നാം 70 വര്‍ഷം മുമ്പ് വെടിവച്ചിട്ട മഹാത്മാവിനെ ഓര്‍ക്കുന്നത്. ഇതുതന്നെയാണ് നമ്മുടെ രാഷ്ട്രീയ കാപട്യം. അതുകൊണ്ടോക്കെയാണ് പ്രതിഷേധജ്വാലകള്‍ വേണ്ടത്ര രീതിയില്‍ കത്താതെ പോയത്.

മഹാത്മാഗാന്ധി മുതല്‍ ഗൌരി ലങ്കേഷ് വധം വരെ അരങ്ങേറ്റിയ ഫാസിസ്റ്റ് ശക്തികളോട് സന്ധിയില്ലാതെ യുദ്ധം ചെയ്യുക എന്നതുതന്നെയായിരിക്കണം നമ്മുടെ ജനാധിപത്യ-മതേതര-ഫാസിസ്റ്റ് വിരുദ്ധ പ്രതിഷേധ ജ്വാല പ്രകാശിപ്പിക്കേണ്ടത്. അതൊരിക്കലും കപടമായ ഒരു രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടായിരിക്കരുത്.