Saturday, January 31, 2015

സീതമാര്‍ കരയുകയാണ് ........3പതിനൊന്ന്         
  
ഇവള്‍ മറ്റൊരു സീത
തിരുവിഴാം കുന്നിറങ്ങിവന്ന  സീത
ഒക്കത്ത് കുശന്‍
ഓടിക്കൊണ്ട്‌, ലവന്‍ പിന്നാലെ
ഈ സീത ഓടിക്കൊണ്ടിരിക്കുന്നു....
കാലങ്ങളോളം.....
തിരുവിഴാം കുന്നിലെ
കന്നുകാലി വളര്‍ത്തല്‍ കേന്ദ്രം മുതല്‍
മണ്ണാര്‍കാട് ചന്ത വരേയും
ഈ സീത ഓടിക്കൊണ്ടേയിരിക്കുന്നു.....
ഒന്നല്ല; ദിവസത്തില്‍ അനവധി തവണ.... 
അതും കാലങ്ങളോളം....
അവള്‍ ആരെയോ തേടുകയാണ്
രാമനേയോ.....രാവണനേയോ......
ഇന്നാട്ടുകാര്‍ക്കൊന്നും അത് നിശ്ചയമില്ല.
അവളുടെ ലവകുശന്മാരെ ഏറ്റെടുക്കാന്‍
രാമരാവണന്മാര്‍ ഇല്ലായിരുന്നു.
പാണന്റെ പാട്ടുപോലെ
അവള്‍ പായുകയായിരുന്നു....
ഇടയ്ക്ക് മഹാത്മാ വായനശാലയുടെ
മുറ്റത്ത് ഇത്തിരിനേരം വിശ്രമം....
അവളുടെ പാണപ്പാട്ടിന്
തിരുവിഴാം കുന്നിനേയോ
മണ്ണാര്‍കാടിനേയോ ഉണര്‍നായില്ല
അവരെല്ലാം ഉറക്കം നടിക്കുകയായിരുന്നു....
തിരുവിഴാം കുന്നിലെ ഒരു രാമന്‍
കൃത്യമായിപ്പറഞ്ഞാല്‍
കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ ഒരു ഗോപാലന്‍
ബീജദാനം നടത്തിയതാണത്രേ
അവളുടെ ലവകുശന്മാരെ...
രാമഗോപാലന്‍ പിന്നീട്
തിരുവിഴാം കുന്നിന്റെ രാജാവായി
രാജാവിന്ന് പിന്നീട് രാജ്ഞിയുമായി.....
അപ്പോള്‍ കുന്നിറങ്ങിയതാണത്രേ ഈ സീത
തിരുവിഴാം കുന്നിന്റെ സീത
കിതയ്ക്കാതെ ഓടുന്ന സീത
ആരും കേള്‍ക്കാതെ കരയുന്ന സീത.
സീതമാര്‍ കരയുകയാണ്.....
ആരും കേള്‍ക്കാതെ......  

പന്ത്രണ്ട്

ഇവള്‍ തികച്ചും വ്യത്യസ്തയായ മറ്റൊരു സീത
ഭാരതത്തിലെ ഒട്ടുമിക്കവാറും
സര്‍വ്വകലാശാലകളില്‍ ഈ സീതയുണ്ട്
എണ്ണിയാലൊടുങ്ങാത്ത ശാസ്ത്രജ്ഞന്മാര്‍ക്ക്
ഡോക്ടര്‍ പട്ടം കൊടുത്തവള്‍ ഈ സീത
സ്വന്തമായി ഡോക്ടര്‍ പട്ടമില്ലാത്തവള്‍ ഈ സീത.
കേരളത്തിലെ വരശ്രേഷ്ടന്മാരായ
നമ്പൂതിരിമാര്‍ ഈ സീതയെ വരഞ്ഞിട്ടുണ്ട്.
ഏകദേശം ആറടിയോളം പൊക്കം
നീണ്ടുവിടര്‍ന്ന പരല്‍മീന്‍ കണ്ണുകള്‍
തൊണ്ടിപ്പഴത്തിന്റെ ചേലുള്ള ചുണ്ടുകള്‍
സമൃദ്ധമായ നിതംബവും മാറിടവും
ആകാരവടിവുകളില്‍ സ്ത്രീസൌന്ദര്യം
കരകള്‍ കവിഞ്ഞൊഴുകുന്നു....
ആടയാഭരണങ്ങളാല്‍ സമൃദ്ധം
ഇവള്‍, എനിക്ക് പരിചിതയായ സീത...
കേരളത്തിനും ഭാരതത്തിനും പ്രിയപ്പെട്ടവള്‍....
അന്നൊരിക്കല്‍ പ്രതിശ്രുത രാമന്‍
അവളോട് പ്രണയാര്‍ദ്രമായി അപേക്ഷിച്ചു....
“ഇനി നീ വിചാരിക്കണം
ഈ ഗവേഷണ പ്രബന്ധം ഒപ്പുവച്ചുകിട്ടാന്‍.”
പ്രതിശ്രുത രാമനല്ലേ,
സീത മനസ്സുകൊണ്ടും ശരീരം കൊണ്ടും വിചാരിച്ചു...
പ്രതിശ്രുത രാമന്‍ ഡോക്ടറായി
അതോടെ അവള്‍ക്ക്
രാമന്റെ ശ്രുതിയും പ്രതിശ്രുതിയും നഷ്ടമായി.
പിന്നീടങ്ങോട്ട് സീത പ്രതികാരാഗ്നിയായി
ഗവേഷണ പ്രബന്ധങ്ങള്‍ തുരുതുരെ ഒപ്പുവച്ചു....
ഡോ. രാമന്മാരുടെ പ്രളയമായി....
അവര്‍ സ്വയംവര പന്തലില്‍
പുതിയ സീതമാരെ തേടി.....
അപ്പോഴും രാമഭക്തിയില്‍
ഈ സീത കരയുകയായിരുന്നു......
ആരും കേള്‍ക്കാതെ......   

പതിമൂന്ന്‍
             
ഇവള്‍.... നമുക്ക് പ്രിയപ്പെട്ട സീതമോള്‍
വെളുത്ത ചിത്രശലഭത്തെ പോലെ
നമുക്ക് ചുറ്റും പാറിപ്പറന്ന മാലാഖ കുട്ടി
നല്ല നമസ്കാരം പഠിച്ച്
ആദ്യകുര്ബ്ബാന സ്വീകരിച്ചവള്‍.
ഇളം നെറ്റിയിലും  നെഞ്ചിലും
പിന്നെ അരക്കുമുകളിലും
കുരിശുവരച്ചു പഠിച്ചവള്‍.
ദൈവത്തിന്റെ പ്രതിപുരുഷന്റെ
പ്രകാശവലയത്തിനുച്ചുറ്റും
നിഷ്കളങ്കമായി ഡാന്‍സ് ചെയ്തവള്‍.
പട്ടക്കാരന്റെ പരിശുദ്ധ സ്പര്‍ശം കൊണ്ട്
ദേവകന്യകയായവള്‍.
ആത്മാതിരേകം കൊണ്ട്
നിര്‍ന്നിമേഷരായ
അവളുടെ അച്ഛനും അമ്മയും
അവളെ അകം നിറയെ ആനന്ദിച്ചു.
അവരുടെ ആനന്ദം
പക്ഷേ നീണ്ടുനിന്നില്ല.
പട്ടക്കാരന്റെ നെറ്റിപ്പട്ടം ഊര്‍ന്നുവീണു
ദേവകന്യയുടെ നാവില്‍
പറ്റിച്ചേര്‍ന്ന  പരിശുദ്ധ അപ്പം
പതിയെ അലിഞ്ഞുടഞ്ഞു.
പട്ടക്കാരന്റെ ത്രീത്വം
അവളുടെ നേര്‍ത്ത ആഴങ്ങളില്‍
കറുത്ത നിറമുള്ള പട്ടം പറത്തി.
അവള്‍ സീതയായി
നിഷ്കളങ്കമായി ഉപേക്ഷിക്കപ്പെട്ട സീത...
ദേവപരാഗണം കൊണ്ട്
തിരസ്കരിക്കപ്പെട്ട സീത...
കരയാനറിയാത്ത അവളുടെ കണ്ണുകള്‍
കലങ്ങിച്ചുവന്നിരുന്നു...
അവള്‍ക്കുവേണ്ടി
സീതമ്മമാര്‍ കരയുകയാണ്....
ആരും കേള്‍ക്കാതെ....... 

പതിനാല്
                     
ഇവള്‍ അറിയപ്പെടാത്ത സീത
ആദരിക്കപ്പെടാത്ത സീത
ആരും അനുഭവിക്കാത്ത സീത
രണ്ടായിരത്തില്‍ പിറന്നവള്‍
ഉഴവുചാലില്‍ ജനിക്കാത്തവള്‍
രാമരാജ്യത്തിന്റെ തണുത്ത താഴ്വാരങ്ങളില്‍
വേട്ടക്കാര്‍ പൊട്ടിച്ച തോക്കിന്‍ കുഴലിലെ
ഗന്ധകപ്പുകയില്‍  നിന്ന് ജനിച്ചവള്‍.
നിരായുധരും നിരാലംബരും നിഷ്കളങ്കരുമായ
പത്തുപേരെയാണ്
ആ തണുത്ത താഴ്വാരങ്ങളില്‍
വേട്ടക്കാര്‍ കൊന്നിട്ടത്
കൊല്ലപ്പെട്ടവരില്‍
ഒരു പാവം വൃദ്ധ.....
ധീരതയ്ക്ക് അവാര്‍ഡ് നേടിയ
ഒരു പാവം പെണ്‍കുട്ടി.....
അവരുടെ ചോരപ്പൂക്കളില്‍ നിന്നും
പിടഞ്ഞുവേര്‍പ്പെട്ട ആത്മാവ്
വെടിപ്പുകയുടെ കുഞ്ഞോളങ്ങളില്‍
ഒരു സീതയെ ജനിപ്പിക്കുകയായിരുന്നു....
രാമരാജ്യത്തില്‍ ജനിച്ച പുതിയ സീത
പുതിയ ഭഗവത്‌ഗീതയുടെ ശില്പി.
വേട്ടക്കാരില്ലാത്ത
വെടിപ്പുകയില്ലാത്ത
നിരായുധരും നിരാലംബരും നിഷ്കളങ്കരുമായ
മനുഷ്യരുടെ ചോര തെറിക്കാത്ത
രാമരാജ്യത്തിന്നായി അവള്‍ ഉപവസിക്കുന്നു
ഉണ്ണാതെ
ഉറങ്ങാതെ
ഉമിനീരിറക്കാതെ
പതിനഞ്ചു വര്‍ഷത്തെ പരിത്യാഗം
സാക്ഷാല്‍ സീതാപരിത്യാഗം.
കെട്ടുപോവാത്ത പ്രണയം
നട്ടുനനക്കാത്ത കവിതകള്‍
സീത ജീവിച്ചുമരിക്കുകയാണ്
അല്ല, മരിച്ചുജീവിക്കുകയാണ്.
ജനാധിപത്യത്തിന്റെ ഭരണഘടന
അവള്‍ക്ക് വോട്ടു നിഷേധിച്ചെങ്കിലും
സ്ഥാനാര്‍ഥിത്വം നിഷേധിച്ചില്ല.
അതുകൊണ്ട് വോട്ടവകാശമില്ലാത്ത
സ്ഥാനാര്‍ഥിത്വം അവള്‍ തിരസ്കരിച്ചു.
കണ്ണുകളില്‍ തീ പടര്‍ത്തി
ഉണ്ണാതെ
ഉറങ്ങാതെ
ഉമിനീരിറക്കാതെ
വേട്ടക്കാരില്ലാത്ത
വെടിപ്പുകയില്ലാത്ത
നിരായുധരും നിരാലംബരും നിഷ്കളങ്കരുമായ
മനുഷ്യരുടെ ചോര തെറിക്കാത്ത
രാമരാജ്യത്തിന്നായി അവള്‍ ചുടുകണ്ണീരൊഴുക്കുന്നു....
അതെ...സീതമാര്‍ കരയുകയാണ്
ആരും കേള്‍ക്കാതെ...... 
  
 പതിനഞ്ച്

ഞാന്‍ സീത
രാമനില്ലാത്തവള്‍
രാമനുപേക്ഷിച്ചവള്‍
പാതിവ്രത്യത്തിന്റെ പരിശുദ്ധി
വിളംബരം ചെയ്യാന്‍
അഗ്നിസാക്ഷിയായവള്‍.
ഞാന്‍ മണ്ണില്‍ പിറന്ന രാജപത്നി
രാമനാല്‍ ഉപേക്ഷിച്ചവള്‍
രാവണനാല്‍ മോഷ്ടിക്കപ്പെട്ടവള്‍
തന്ത്രിക്കും മന്ത്രിക്കും സ്വാമികള്‍ക്കും
വിഷയമായവള്‍.
തന്ത്രസ്ഥലികളിലും
മന്ത്രിമന്ദിരങ്ങളിലും
ശ്രീകോവിലുകളിലും
എന്നെ പൂജക്കെടുത്തിരുന്നു
ഞാനവിടങ്ങളിലെ
വിഭവവും വിഷയവും വിവാദവുമായിരുന്നു.
എന്റെ ശരീരവും ശൃംഗാരവും
തന്ത്രസ്ഥലികളിലും
മന്ത്രിമന്ദിരങ്ങളിലും
ശ്രീകോവിലുകളിലും
ചിത്രപ്പെട്ടികളില്‍ പകര്‍ത്തപ്പെട്ടിരുന്നു.
എനിക്കുവേണ്ടി
ചോദിക്കാനും പറയുവാനും
ആരുമില്ലായിരുന്നു.
രാമനും രാവണനും
എന്നെ പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു.
പിതൃശൂന്യരായ ലവകുശന്മാരും
എന്നെ എപ്പോഴോ ഉപേക്ഷിച്ചിരുന്നു.
ഞാന്‍ രാജവീഥികളില്‍
നിര്‍ദയം ഉപേക്ഷിക്കപ്പെട്ട രാജപത്നി.
രാമരാജ്യപ്രമാണിമാര്‍
രാമനെ വീണ്ടും രാജാവാക്കി
രാവണനെ നിരുപാധികം വിട്ടയച്ചു.
പ്രതിക്കൂട്ടില്‍
കൂപ്പിയ കയ്യുമായി
കുനിഞ്ഞ ശിരസ്സുമായി
മണ്‍പ്രതിമ കണക്കേ നിന്ന
എന്നിലവശേഷിച്ച സീതയെ
ഏകാന്ത തടവിന്
എന്നേക്കുമായി ശിക്ഷിച്ചു.
മരച്ചുറ്റികയുടെ മുഴക്കത്തില്‍
ആരും കേള്‍ക്കാതെ
സീത കരഞ്ഞുകൊണ്ടിരിക്കുന്നു.....  

തുടരും.....

Monday, January 12, 2015

സീതമാര്‍ കരയുകയാണ് ........2
ആറ്        
      
സീത എന്നും ഒറ്റക്കായിരുന്നു
രാമന്‍ അറിഞ്ഞോ അറിയാതേയോ
അവളെ ഏകാന്ത തടവിന്
ശിക്ഷിക്കുകയായിരുന്നു.
അമ്മയ്ക്കും കുഞ്ഞനിയനും വേണ്ടി
അവള്‍ ആ തീവണ്ടിയില്‍ ഓടിക്കൊണ്ടിരുന്നു.
സ്ത്രീകള്‍ക്കുള്ള തീവണ്ടിമുറിയില്‍
അവളെന്നും ഒറ്റക്കായിരുന്നു.
കരുണ ചെയ്യാന്‍ കാശില്ലെങ്കിലും
ആ തീവണ്ടിമുറി കയറിയിറങ്ങിയ
പാവങ്ങള്‍ക്കും നിരാലംബര്‍ക്കും
അവള്‍ കരുണയുടെ ചില്ലിക്കാശ്
കൊടുത്തുകൊണ്ടിരുന്നു.
ആട്ടിന്‍ തോലണിഞ്ഞ
ആ ചെന്നായക്കും
അവള്‍ കരുണ ചെയ്തിരുന്നു.
അങ്ങനെ ജീവിതത്തിന്റെ
സൌമ്യമായ റെയില്‍ പാളങ്ങളില്‍
ഓടിക്കൊണ്ടിരിക്കെയാണ്
അത് സംഭവിച്ചത്....
ആ അരക്കയ്യന്‍ ചെന്നായ
അവളിലൂടെ അനവധിതവണ
കത്തുന്ന തീവണ്ടി ഓടിച്ചുപോയി.
കിതക്കാതെ കൂവിപ്പാഞ്ഞ തീവണ്ടി
അവളിലെ സൌമ്യതയെ കൊന്നു.
പരാവകാശം ...
മനുഷ്യാവകാശം ....
സ്ത്രീപക്ഷാവകാശം ....
തീവണ്ടി കണക്കെ കൂവിപ്പാഞ്ഞു ....
അപ്പോഴും സീതമ്മ കരയുകയായിരുന്നു
ആരും കേള്‍ക്കാതെ ......

ഏഴ്

സീത കന്യാമഠത്തില്‍ ചേര്‍ന്നത്‌
വിശപ്പടക്കാനും
ആശയടക്കാനുമായിരുന്നു.
അവള്‍ എല്ലാം കാണാതിരിക്കാന്‍
ശ്രമിക്കുമായിരുന്നു
കാരണം, കാണാതെ വിശ്വസിക്കുന്നവര്‍
ഭാഗ്യവാന്മാര്‍ എന്നവളെ  പഠിപ്പിച്ചിരുന്നു. 
എന്നിട്ടും ആ രാത്രി
അവളില്‍നിന്നും മാഞ്ഞുപോയില്ല
അവള്‍ അന്ന് കണ്ടതും മാഞ്ഞുപോയില്ല.
അതുകൊണ്ടാണ്
അവളുടെ വല്യമ്മച്ചി
അവളെത്തന്നെ
മാച്ചുകളയാന്‍ തീരുമാനിച്ചത്.
അവളെ മാച്ചുകളയാന്‍
ആ വല്യമ്മച്ചിക്ക്
ഒരു കിണര്‍ വെള്ളം വേണമായിരുന്നു
എന്നിട്ടും അവള്‍ മായാന്‍ മടിച്ചുനിന്നു.
തുറന്നുവിട്ട തുഞ്ചന്റെ തത്തയും
കൂട്ടിലടക്കപ്പെട്ട തത്തയും
കാല്‍ നൂറ്റാണ്ടുകാലം
കലപില കൂട്ടി
അവസാനം അവള്‍ മായ്ക്കപ്പെട്ടു.
തത്തകള്‍ കലപില നിര്‍ത്തി.
വല്യമ്മച്ചിയുടെ വിരലുകള്‍ക്കിടയില്‍
കൊന്തമണികള്‍ വീണ്ടും ഉരുണ്ടു.
വല്യപ്പന്റെ കാസയില്‍
വീണ്ടും വീഞ്ഞ് നിറഞ്ഞു.
പള്ളിമണികള്‍
വീണ്ടും വീണ്ടും മിണ്ടികൊണ്ടിരുന്നു. 
അപ്പോഴും
കിണറ്റിലെ തിരയിളക്കത്തില്‍
ഒരു സീത കരയുന്നുണ്ടായിരുന്നു
അതെ സീതമാര്‍ കരയുകയാണ് ......

എട്ട്

സീതയെ നമുക്ക് വേണമെങ്കില്‍
ശീതയെന്നും വിളിക്കാം
സിരകളില്‍ തണുപ്പിനെ
അത്രക്ക് ലാളിച്ചവളാണ് സീത.
പല വര്‍ണ്ണങ്ങളിലുള്ള ഐസ്ക്രീം
സീതയുടെ മാത്രം ദൌര്‍ബ്ബല്യമായിരുന്നു.
പിസ്തയുടെ പച്ചവീണ ഐസ്ക്രീം
സീത ധാരാളമായി കഴിച്ചിരുന്നു.
സീത പിസ്തയേയും
പിസ്ത സീതയേയും പ്രണയിച്ചിരുന്നു.
വളരെ പെട്ടെന്നായിരുന്നു
ഐസ്ക്രീമിന്റെ ഭാവം മാറിയത്.
ഫ്രൈഡ് ഐസ്ക്രീം
അങ്ങനെ ഉണ്ടായതാണ്.
അവളറിയാതെ അവള്‍ക്കുചുറ്റും
വറചട്ടികളില്‍  ഐസ്ക്രീം തിളച്ചുമൊരിഞ്ഞു.
പൊരിച്ചെടുത്ത ഐസ്ക്രീമിന്
തവിട്ടുനിറമായി
അവള്‍ പ്രണയിച്ച
പിസ്തയുടെ പച്ച
അപ്രത്യക്ഷമായി.
പിന്നീടങ്ങോട്ട് പിസ്തയുടെ
പച്ചക്കുവേണ്ടിയുള്ള പോരാട്ടമായിരുന്നു.
അവളുടെ അന്വേഷണം വഴിമുട്ടി
അവളുടെ പോരാട്ടത്തിന്റെ
വേരോട്ടവും നിലച്ചു.
പിസ്തയുടെ പച്ച മരിച്ചു
അവളോടൊപ്പം.
സീത ഇന്നും കരയുകയാണ്
ആരും കേള്‍ക്കാതെ ...........

ഒമ്പത്

ഒരുപാട് സീതമാരെ കരയിപ്പിച്ച
ഒരു കഥാപാത്രം മനസ്സില്‍ രൂപപ്പെട്ടുവരുന്നു...
ഏകദേശം നാലരയടി പൊക്കം
ചീനക്കാരന്റേതുപോലെ പതിഞ്ഞ മൂക്ക്
തള്ളവിരല്‍ കയറ്റാവുന്ന മൂക്കിന്‍ ദ്വാരങ്ങള്‍
കുറിയ കണ്ണുകള്‍
നെറ്റിത്തടം മുതല്‍ തുടങ്ങുന്ന പെട്ട
തലയാണെന്ന്  രേഖപ്പെടുത്താന്‍
കറുപ്പിച്ച ചെമ്പിച്ച അഞ്ചാറു മുടിയിഴകള്‍
മൂക്കിനുതാഴെ എത്ര നനച്ചാലും കിളിര്‍ക്കാത്ത
നേഴ്സറി ചെടിപോലെ നേര്‍ത്ത മീശ
വെള്ളം നിറച്ച ബലൂണ്‍ പോലെ
ജനനേന്ദ്രിയം തൊട്ടുകിടക്കുന്ന കുടവയര്‍
ഊര്‍ന്നുവീഴണോ  വേണ്ടയോ
എന്നുനിശ്ചയമില്ലാതെ കാല്‍സ്രായി
പ്രുഷ്ടം കുട്ടികളുടെ സ്ലേറ്റുപോലെ
വിലകൂടിയ കാല്‍സ്രായിയും കുപ്പായവും
പാലട പ്രഥമന്‍ കോളാമ്പിയില്‍
വിളമ്പിയത് പോലെ നിരസം
ചൂണ്ടുവിരല്‍ മിക്കവാറും
മൂക്കിന്‍ ദ്വാരങ്ങളില്‍നിന്ന്‍
എന്തോ മാന്തിയെടുത്തുകൊണ്ടിരിക്കും
പിന്നീടത് മൊബൈല്‍ സ്ക്രീനില്‍ തേയ്ക്കും
ആഡംബര കാര്‍ ഓട്ടുമ്പോഴും
ചൂണ്ടുവിരല്‍ മൂക്കിന്‍ ദ്വാരങ്ങളില്‍ത്തന്നെ
പിന്നീടതും സ്റ്റിയറിംഗ് വീലില്‍ തേയ്ക്കും
വഴിയോരങ്ങളില്‍ കാണുന്ന
സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ പരസ്യം കണ്ടാല്‍
ഇയാള്‍ക്ക് ശീഘ്രസ്കലനം സംഭവിക്കും
കസേരകളില്‍ ഇയാള്‍ ഇരിക്കില്ല
കിടക്കുകയാണ് പതിവ്
സ്ത്രീകളെയോ സ്ത്രൈണ സ്വഭാവമുള്ളവരെയോ കണ്ടാല്‍
നാവഗ്രം ചുണ്ടിന്റെ രണ്ടു കോണുകളിലൂടെ
തുറുപ്പിച്ചു കാണിക്കും
ഇയാള്‍ക്ക് ഏതു പേരും ചേരും
പേരിന്നുമുന്നില്‍ കുട്ടി എന്നുകൂടി ചേര്‍ത്താല്‍ ഉത്തമം
ഒരുപാട് സീതമാരുടെ ദുസ്വപ്നമാണ് ഇയാള്‍
ഉറക്കത്തിലും ഉണര്‍വ്വിലും
ഇയാളെ പേടിച്ച് സീതമാര്‍ കരയുകയാണ്
ആരും കേള്‍ക്കാതെ ........

പത്ത്

എന്നെ അറിയുമോ? ഞാന്‍ സീത
ഏതോ ഒരു  ഡിസംബറിന്റെ തണുപ്പില്‍
പ്രിയ രാമനോടൊപ്പം
ഇന്ദ്രപ്രസ്ഥത്തില്‍ ഹോമിക്കപ്പെട്ടവള്‍.
ഞാന്‍ കേട്ടിട്ടുണ്ട് , പണ്ട് രാജാക്കന്മാര്‍
പാലങ്ങള്‍ പണിയുമ്പോഴും
അണക്കെട്ടുകള്‍ തീര്‍ക്കുമ്പോഴും
അവയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍  
കന്യാരക്തം കൊണ്ട് ബലി ഇടാറുണ്ടെന്ന്‍.
അങ്ങനെയാണ് ഒരു നിയോഗംപോലെ
ഇന്ദ്രപ്രസ്ഥത്തിന്റെ ആയുസ്സിന്നായ്
ഞാനും പ്രിയ രാമനും ആത്മബലിയിട്ടത്.
അച്ഛന്‍ അധ്യാപികയാക്കാന്‍
ഉഴിഞ്ഞുവച്ച മകളായിരുന്നു ഞാന്‍.
എന്നാല്‍ ആ ഡിസംബര്‍ രാത്രി...
പ്രിയ രാമനുമൊത്തുള്ള ആ രാത്രി...
എന്നെ ഇന്ദ്രപ്രസ്ഥത്തിന്റെ രക്തസാക്ഷിയാക്കി.
ഇന്ദ്രപ്രസ്ഥത്തിലെ ആ മരണവണ്ടിയില്‍
അന്ന് ആറുപേരുണ്ടായിരുന്നു.
ആദ്യം അവരെന്റെ രാമനെ കൊന്നു
അപ്പോഴേക്കും ഞാന്‍ മരിച്ചിരുന്നു.
ആ മരണ വണ്ടിയില്‍
മറ്റൊരു രാമനുണ്ടായിരുന്നു
സാക്ഷാല്‍ രാമസിംഹം
തുരുമ്പിച്ച ലോഹ ദണ്ഡം കൊണ്ടാണ്
ആ രാമനെന്നെ പ്രാപിച്ചത്
അയാളിലെ മാംസ ദണ്ഡം
സീതക്ക്‌ മുന്നില്‍ തോറ്റുകിടന്നു.
സീതയിലെ ഈ ധീരതക്കാണ്
നിങ്ങളെന്നെ പേരുമാറ്റിവിളിച്ചത്
ജാഗ്രത...
ജ്യോതി...
നിധി...
മിന്നല്‍...
നിര്‍ഭയ...
ഇതെല്ലാം നിങ്ങള്‍ എനിക്കിട്ട പേരുകളാണ്
ഈ പേരുകളില്‍ ഞാന്‍ വാഴ്ത്തപ്പെട്ടുപോരുന്നു.
എന്നോടൊപ്പം
നിങ്ങള്‍ എന്റെ പേരിനേയും കൊന്നു.
എന്റേതല്ലാത്ത പേരുകൊണ്ട്
നിങ്ങളെന്നെ ആദര്‍ശവല്‍ക്കരിച്ചു
നിങ്ങളെനിക്ക് സ്മാരകം പണിതീര്‍ത്തു.
നിങ്ങളെന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിസ്തരിച്ചു...
പരിണയത്തിനുമുമ്പ്
പ്രിയ രാമനൊപ്പം യാത്ര ചെയ്തതിന്
കുറ്റാരോപിതയാക്കി...പിന്നെ...
ധീരവനിതയാക്കി...
അവളത്രേ നിര്‍ഭയ...
ഞാനിപ്പോഴും
ഇന്ദ്രപ്രസ്ഥത്തിനു മുകളിലിരുന്ന്
എല്ലാം കാണുന്നുണ്ട്...
ഇന്ദ്രപ്രസ്ഥത്തില്‍
ഇപ്പോഴും മരണവണ്ടികള്‍ പായുന്നുണ്ട്‌...
മരണവണ്ടികളില്‍
ബലാല്‍സംഘം...കൊല...കന്യാരക്ത ബലിദാനം...
നിര്‍ഭയമാര്‍ വാഴ്ത്തപ്പെട്ടുപോരുന്നു...
ഇവിടെയിരുന്ന് ഞാന്‍
ഇന്ദ്രപ്രസ്ഥത്തിന് ദീര്‍ഘായുസ്സ് നേരുമ്പോള്‍
ഈ സീതയുടെ കണ്ണുകള്‍ നിറയുന്നു...
സീതമാര്‍ കരയുകയാണ്
ആരും കേള്‍ക്കാതെ...      


തുടരും ......