Wednesday, June 27, 2018

ദിലീപിനെ തിരിച്ചെടുക്കണം എന്നുപറയുന്നവരുടെത് ഉറക്കപിച്ച. സംഘടന വേറെ; കോടതി വേറെ.




“അമ്മയില്‍ നിന്ന്‍ നിയമപരമായി പുറത്താക്കാത്ത നടന്‍ ദിലീപിനെ എങ്ങനെ തിരിച്ചെടുക്കാന്‍ കഴിയും. നിയമപരമായി ദിലീപ് ഇപ്പോഴും അമ്മയുടെ അംഗം തന്നെ. അമ്മയിലേക്ക്‌ തിരിച്ചെടുക്കുന്നു എന്നുപറയുന്നവരുടെത് കേവലം ഉറക്കപിച്ച. ഇതൊന്നും കേസിനെ ബാധിക്കില്ല. സംഘടന വേറെ; കോടതി വേറെ.”  ഡോ. ജെയിംസ് വടക്കുംചേരി.

നടിയെ ആക്രമിച്ച കേസ്സിന്റെ നൂലാമാലകളില്‍ നിന്ന്‍ ഇനിയും ദിലീപിന് പുറത്തുവരാനായില്ല. എന്നാല്‍ കേസ്സിന്നാസ്പദമായ സംഭവം നടന്ന് ഏതാണ്ട് ഒന്നര വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ സിനിമാ സംഘടനയായ അമ്മ ദിലീപിനെ അകത്തേയ്ക്ക് ക്ഷണിക്കുന്നു. അമ്മയിലേക്ക്‌ സ്വാഗതം ചെയ്യുന്നത് മലയാള സിനിമയിലെ നടന പാരമ്പര്യം അവകാശപ്പെടുന്ന നടി ഊര്‍മ്മിള ഉണ്ണിയും. അമ്മ മൊത്തം കയ്യടിച്ചു പാസ്സാക്കിയെന്ന് വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ വാര്‍ത്ത നിഷേധിച്ചുകൊണ്ട് ഊര്‍മ്മിളയും. 

ഊര്‍മ്മിളയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് സിനിമയിലെ പെണ്‍ സംഘടനയായ വുമന്‍സ് കളക്ടീവ് ഫേസ് ബുക്കില്‍ പോസ്റ്റിട്ടു. ഈ സംഭവങ്ങളോടൊക്കെ പ്രതികരിക്കുകയായിരുന്നു സംസ്ഥാനത്തെ പ്രഗല്‍ഭനായ ക്രിമിനോളജിസ്റ്റ് ഡോ. ജെയിംസ് വടക്കുംചേരി.
അമ്മ സംഘടന ദിലീപിനെ നിയമാനുസൃതമല്ല പുറത്താക്കിയത്. ഒരു സംഘടനാംഗത്തെ പുറത്താക്കുന്നതിന് രാജ്യത്ത് നിയമങ്ങളുണ്ട്. കുറ്റാരോപിതനായ അംഗത്തിന് ആദ്യം കുറ്റം വിശദീകരിക്കുന്ന മെമ്മോ കൊടുക്കണം. അയാള്‍ക്ക് അതിന് മറുപടി കൊടുക്കാനുള്ള അവകാശവും അധികാരവും ഉണ്ട്. അയാളുടെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സംഘടന ഒരു അന്വേഷണ കമ്മീഷനെ നിയമിക്കണം. ആ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വേണം അയാള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍. അത്തരത്തില്‍ എടുക്കുന്ന നടപടികളെ കോടതി മുഖാന്തിരം ചോദ്യം ചെയ്യാനുള്ള അവകാശവും സംഘടനാംഗത്തിനുണ്ട്. എന്നാല്‍ ദിലീപിന്റെ വിഷയത്തില്‍ ഇത്തരം നിയമനടപടികള്‍ ഒന്നും തന്നെ നിഷ്കര്‍ഷിച്ചു കാണുന്നില്ല. ഡോ. ജെയിംസ് വടക്കുംചേരി വസ്തുനിഷ്ടമായി പറയുന്നു.

ദിലീപ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്‌ ഗൌരവമേറിയ ഒരു ക്രിമിനല്‍ കേസാണ്. അമ്മ എന്ന സംഘടനയുടെ നടപടികള്‍ രാജ്യത്തെ കോടതിയെ സ്വാധീനിക്കാന്‍ മാത്രം ഗൌരവമുള്ളതുമല്ല. സംഘടന വേറെ; കോടതി വേറെ. ഡോ. ജെയിംസ് വടക്കുംചേരി തുടര്‍ന്ന് പറഞ്ഞു.

അഡ്വ. ആളൂരിന്റെയും സുരേഷ്കുമാറിന്റെയും പിന്മാറ്റവും സാക്ഷികള്‍ക്കും പ്രതികളില്‍ ചിലര്‍ക്കും കാലാന്തരത്തില്‍ വന്ന മാറ്റങ്ങളും ദിലീപ് കേസ്സിനെ എവിടെ കൊണ്ടെത്തിക്കുമെന്നത് പ്രവചിക്കാനാവില്ലെന്നും ഡോ. ജെയിംസ് വടക്കുംചേരി പറയുന്നു.