Saturday, December 15, 2012

മലയാളി മാമനും മാമിയും

മലയാളിയുടെ ലൈംഗിക വിചാരങ്ങള്‍ അക്ഷരാര്‍ഥത്തില്‍ കാട്  കയറുകയാണ് . നാടും നാട്ടുനീതിയും മറന്ന്  കാടും കാട്ടുനീതിയും കടന്ന് മലയാളി മനസ്സും ഹൃദയവും നഷ്ടപ്പെട്ട മൃഗമായി തീര്‍ന്നിരിക്കുന്നു .

പിഞ്ചുകുഞ്ഞുങ്ങളുടെ നെഞ്ചുപിളര്‍ന്നുപോലും രതിമൂര്‍ച്ച പ്രാപിക്കുന്ന മലയാളി മാമന്മാരുടെ ലൈംഗിക മാമാങ്കം 24 ഗുണം 365 കണക്കിന് ദൃശ്യ-ശ്രാവ്യ ആഘോഷമായി കൊണ്ടാടുന്നു .

പീഡനം എന്ന ചെല്ലപ്പേരില്‍ പത്രങ്ങള്‍ക്ക്  കാശ് മുടക്കാതെ കിട്ടുന്ന വാര്‍ത്തയായും (Unpaid News ) ചാനലുകള്‍ക്ക്‌  എളുപ്പം പൊട്ടുന്ന വാര്‍ത്തയായും ( Breaking News ) മലയാളിയുടെ പ്രതിലോമ ലൈംഗികത പരിലസിക്കന്നു .

പെണ്ണിന്റെ തൊലിയും മുലയും കാണുമ്പോഴും ഉണ്ണികളുടെ ഉടുപ്പും നടപ്പും കാണുമ്പോഴും മലയാളി മാമന്റെ പൌരുഷം വീര്‍ത്തുരുണ്ട് പോട്ടുന്നതെങ്ങനെ ?

പെണ്ണിനോടും ഉണ്ണിയോടും കാണിക്കുന്ന ഈ  ഹിംസയെ ലൈംഗികതയോട് അടുപ്പിച്ചുനിര്‍ത്താനാവില്ല . ഇത് ജീവശാസ്ത്രപരമായും മനശാസ്ത്രപരമായും ഒരു വൈകല്യമാണ് . ഒരു ചെറു വികാരം പോലുമല്ല .

ഇത്തരമൊരു മനോവൈകല്യത്തിലേക്ക് മലയാളി പിഴച്ചെത്തിയതെങ്ങനെ ? മലയാളിയെ പിഴപ്പിച്ചതാര് ? പത്രഭാഷ്യങ്ങള്‍ക്കും  ചാനല്‍ വിചാരണകള്‍ക്കും അപ്പുറത്ത് ചിന്തിക്കേണ്ട ഒരു വിഷയമാണിത് .

മലയാളിയുടെ കുടുംബസങ്കല്‍പ്പം മാറുകയാണ് . മലയാളിക്ക് ഇന്ന് ഭാര്യയും ഭര്‍ത്താവും സ്നേഹിതയോ സ്നെഹിതനൊ ആണ് . കുട്ടികള്‍ അവര്‍ക്ക് കൂട്ടുകാരുമാണ് . അവര്‍ ഒരു കുടുംബക്കട്ടിലില്‍ (Family Cot ) ഉറങ്ങുന്നു .ഉണരുന്നു. കുട്ടികള്‍ ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും എത്ര വലുതായാലും അവര്‍ അച്ഛനോടും അമ്മയോടും കൂടെത്തന്നെ ഉറങ്ങുന്നു . അവിടെ അച്ഛനും അമ്മയും അവരുടെ സ്വകാര്യതയെ സൌകര്യപൂര്‍വ്വം ഒഴിവാക്കുന്നു .കുടുംബത്തിന്റെ ഈ ആധുനിക ഐക്യരൂപത്തെ ( Modern Harmony ) മറികടക്കാന്‍ ഇവര്‍ ആരുംതന്നെ ഇഷ്ടപ്പെടുന്നില്ല .അതിന്നവര്‍ക്കാവുന്നുമില്ല .

ഈയൊരു സാഹചര്യത്തില്‍ അച്ഛനും അമ്മയും അവരുടെ കുടുംബക്കട്ടിലിന് പുറത്ത് ഇണയെ  തേടുന്നു .മലയാളി മാമാന്റെയും മാമിയുടെയും ലൈംഗിക വിചാരങ്ങള്‍ അങ്ങനെയാണ് കുടുംബാതിര്‍ത്തിക്ക് പുറത്ത് അധിനിവേശം നടത്തുന്നത്.

കുടുംബക്കട്ടിലിന്റെ പരിധിക്കുള്ളിലും മൊബൈലിന്റെ പരിധിക്കുള്ളിലും കുട്ടികളും വീര്‍പ്പുമുട്ടുന്നുണ്ട് . ക്രമേണ കുട്ടികളും കുടുംബക്കട്ടിലിന്  പുറത്ത് ഇണയെ  തേടുന്നു . മലയാളികളുടെ ലൈംഗിക വിചാരങ്ങള്‍ അങ്ങനെ സുരക്ഷിതമായ ഇടങ്ങള്‍ തേടുകയാണ് .

സമപ്രായക്കരായി സ്വതന്ത്രമായി ഇണ ചേരുന്നതിനെ സദാചാരഭരണകൂടം അംഗീകരിക്കുന്നില്ല .അതുകൊണ്ട് പലപ്പോഴും പ്രായം തെറ്റിച്ചുകൊണ്ടുള്ള ഇണ ചേരലിനെ മലയാളി സ്വാഗതം  ചെയ്യുന്നു . ഇത്തരത്തിലാണ് ഒരമ്മ മകന്റെ കൂട്ടുകാരനുമൊത്തും ഒരച്ഛന്‍ മകളുടെ കൂട്ടുകാരിയുമൊത്തും ഇണ ചേരുന്നത് . അല്ലെങ്കില്‍ അങ്ങനെയൊക്കെയുള്ള പ്രലോഭനങ്ങളില്‍ വീഴുന്നത്. മലയാളി മാമനും മാമിയും ജന്മം കൊള്ളുന്നതിങ്ങനെയാണ് . അച്ഛനും മുത്തച്ഛനും ഡ്രൈവറും മന്ത്രിയും സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരും മലയാളി മാമനും മാമിയും ആവുന്നുണ്ട് . 

മാത്രമല്ല , കുടുംബങ്ങളുടെ പുതിയ കൂട്ടായ്മയും പ്രതിലോമപരമായ ലൈംഗിക മര്യാദകേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നുണ്ട് .പുതിയ മലയാളിയുടെ കൂട്ടുകുടുംബം എന്നത് ഫ്ലാറ്റും വില്ലകളും കോളനികളും കൂടിച്ചേര്‍ന്ന ഒരു സാമൂഹ്യ വ്യവസ്ഥയാണ്‌ . ഈയൊരു സാമൂഹ്യ വ്യവസ്ഥയില്‍ കൂടെക്കൂടെ ഉണ്ടാവുന്ന ഒത്തുചേരലുകളും ലൈംഗിക മര്യാദകേടുകള്‍ക്ക് വഴിമരുന്നിടുന്നുണ്ട് . ഇത്തരം കൂട്ടുകുടുംബ വ്യവസ്ഥയില്‍ ലഭ്യമാവുന്ന സ്വകാര്യതയും മലയാളിയുടെ ലൈംഗിക ക്രമം തെറ്റിക്കുണ്ട് .

ഇതിനെല്ലാറ്റിനും പുറമേ , ജീവിതശൈലി, ഭക്ഷണശൈലി, സൗന്ദര്യസങ്കല്‌പ്പം,സാമൂഹ്യവ്യവസ്ഥ തുടങ്ങിയവയും മലയാളിയുടെ ലൈംഗിക പദ്ധതിയെ സാരമായി ബാധിക്കുന്നുണ്ട് .

സദാചാര പൊലീസിങ്ങ്  സമ്പ്രദായവും മലയാളിയുടെ ലൈംഗികതയെ കാര്യമായി സ്വാധീനിക്കുന്നുണ്ട് . സദാചാര പോലീസിന്റെ കണ്ണും കാതും വെട്ടിച്ച്  വിലസുന്ന സദാചാര ക്രിമിനല്‍ സമൂഹവും മലയാളികള്‍ക്കിടയില്‍ ഇന്ന് സജീവമാണ് . സദാചാര പോലീസിനെ പേടിച്ച്  ഇക്കൂട്ടര്‍ സദാചാര കുറ്റകൃത്യങ്ങളും മൂടിവക്കുന്നു . ഇത്തരം മൂടിവക്കപ്പെട്ട കുറ്റകൃത്യങ്ങള്‍ അതിന്റെ അപകടാതിര്‍ത്തി ലംഘിക്കുമ്പോള്‍ പുറത്തുവരുന്നു . മിക്കപ്പോഴും ഇത്തരം കുറ്റകൃത്യങ്ങള്‍ പുറത്തുവരുന്നത്‌ അറും കൊലപാതകങ്ങള്‍ വഴിയായിരിക്കും .

ഇതില്‍നിന്നൊക്കെ രക്ഷപ്പെടാന്‍ മലയാളിക്ക് ഒരു വഴി മാത്രമേയുള്ളൂ . മലയാളി പണ്ട് സഞ്ചരിച്ചിരുന്ന ആ വഴി.

ഡോ .സി.ടി.വില്യം 

Monday, December 10, 2012

നാം നമ്മെ കൊല്ലുന്ന സര്‍ക്കാരിന് കാവല്‍ നില്‍ക്കണോ ?

Genetically Modified അഥവാ ജനിതക മാറ്റം വരുത്തിയ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും വിപണിയില്‍ വര്‍ദ്ധിച്ചു വരികയാണ് ഇന്ന് . ഏകദേശം 66 ഇനം ജി എം (Genetically Modified) അഥവാ ബി ടി (Bio Tech) പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഇന്ത്യയില്‍ പ്രചാരത്തിലുണ്ടെന്നാണ്  കണക്കുകള്‍ വ്യക്തമാക്കുന്നത് .

മോണ്‍സാന്റോ പോലുള്ള ബഹു രാഷ്ട്ര കുത്തക ജനിതക കമ്പനികളുടെ ക്രിമിനല്‍ ഗൂഡാലോചനയുടെ ഫലമായാണ്  മനുഷ്യായുസ്സിന്റെ മേലുള്ള ഈ ദുരന്തം ഇത്തരത്തില്‍ വളര്‍ന്നു പെരുകുന്നത് .

മനുഷ്യരാശിയെ ഭൂമുഖത്ത് നിന്നുതന്നെ തുടച്ചുമാറ്റാന്‍ തക്ക അപകട ശേഷിയുള്ള ഈ ജീവനാശിനികള്‍ മനുഷ്യശരീരത്തിന്റെ പ്രതിരോധ ഘടന , കിഡ്ണി , തലച്ചോറ് , കരള്‍, ഹൃദയം തുടങ്ങിയ എല്ലാ പ്രധാനപ്പെട്ട ജൈവാവസ്ഥയെയും അപകടപ്പെടുത്തുന്നു . മാത്രമല്ല ക്യാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങള്‍ക്കും ഈ ജീവനാശിനികള്‍ വഴിമരുന്നിടുന്നുണ്ട് .

ശാസ്ത്രത്തിന്റെയും സംസ്കാരത്തിന്റെയും ധാര്‍മികതയെ അട്ടിമറിക്കുന്ന തരത്തിലാണ് അതിനൂതന ജനിതക മാറ്റ പ്രക്രിയ നടക്കുന്നത് . ഒരേ ഇനത്തിലുള്ളവയുടെ ജീനുകള്‍ മാത്രമേ ജനിതക മാറ്റ പ്രക്രിയക്ക് പ്രകൃതിയുടെ സമ്മതമുള്ളൂ . എന്നാല്‍ ഇവിടെ സംഭവിക്കുന്നത് തികച്ചും പ്രതിലോമ പരമായ ജനിതക മാറ്റ പ്രക്രിയയാണ് . ജനിതക മാറ്റത്തിന്റെ ഈ വിപരീത ദിശയിലുള്ള ജീനുകളുടെ മിശ്രിത സ്വഭാവമാണ് സര്‍വ്വ ദുരന്തങ്ങള്‍ക്കും കാരണം .

അതുകൊണ്ടുതന്നെ ഇത് ശാസ്ത്രമല്ല , ജീവശാസ്ത്രത്തിലെ ഭീകരവാദമാണ് . (It is not Science but Terrorism) സര്‍വ്വ ജീവജാലത്തെ തന്നെ മുഴുവന്‍ തുടച്ചുമാറ്റാന്‍ കെല്‍പ്പുള്ള ഒരു ജനിതക മാരകായുധമാണ് ഈ ജനിതക മാറ്റ പ്രക്രിയയിലൂടെ നാം ഉപയോഗിക്കുന്ന പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും.

ഇത് മനുഷ്യനെ മാത്രമല്ല , മൃഗങ്ങളെകൂടി അപകടകരമായി ബാധിക്കുന്നുണ്ട് . ജനിതക മാറ്റം വരുത്തിയ ഭക്ഷ്യ വസ്തുക്കളും കാലിത്തീറ്റയും കൊന്നൊടുക്കിയ ആടുമാടുകള്‍ക്ക് കയ്യും കണക്കുമില്ല .

നാം നിത്യേന ഉപയോഗിക്കുന്ന അരി , ഉരുളക്കിഴങ്ങ് , തക്കാളി , വഴുതി, വെണ്ടയ്ക്ക ,ക്യാബേജ് , പപ്പായ , കടുക് തുടങ്ങി എല്ലാം തന്നെ ജനിതകമാറ്റം വരുത്തിയവയാണ് . ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കേണ്ട സര്‍ക്കാരാണ് ഈ ജീവശാസ്ത്ര ദുരന്തം വിതക്കുന്നതെന്നതാണ് സത്യം. ഇവിടെയാണ്‌ ബഹുരാഷ്ട്ര കുത്തക കമ്പനികളും സര്‍ക്കാരും നടത്തുന്ന ക്രിമിനല്‍ ഗൂഡാലോചന വെളിപ്പെടുന്നത് .

ഇപ്പോള്‍ കണ്ടില്ലേ , എന്‍ഡോസള്‍ഫാന്‍ രണ്ട്  വര്‍ഷം കൂടി ഉപയൊഗിക്കാമെന്നായിരിക്കുന്നു . അതിന്റെ അര്‍ത്ഥം  രണ്ടു വര്‍ഷം കൂടി ജനങ്ങളെ കൊല്ലാമെന്നല്ലേ . ജീവനാശിനികള്‍ നിരോധിക്കുന്നതിന് പകരം അത് പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത് . ജനങളുടെ ആരോഗ്യവും സംരക്ഷണവും ഏറ്റെടുക്കേണ്ട സര്‍ക്കാരും കൃഷി ശാസ്ത്രജ്ഞന്മാരും മൌനം പാലിക്കുന്നു . അവര്‍ മനുഷ്യന്റെ തന്നെ കൊലയാളികളുമായ് സംഘം ചേരുന്നു .

സ്വിറ്റ്സര്‍ലണ്ട് , ഫ്രാന്‍സ് , ഗ്രീസ് ,ഏതന്‍‌സ് ,പോളണ്ട് ,ആസ്ത്രേലിയ തുടങ്ങി രാജ്യങ്ങളെല്ലാം ജനിതക മാറ്റം വരുത്തിയ പച്ചക്കറികള്‍ക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ് . ഇന്ത്യ മാത്രം ബഹു രാഷ്ട്ര കുത്തക ജനിതക കമ്പനികളുടെ പരീക്ഷണ ശാലയിലെ ഗിനി പന്നികളാവാന്‍ സമ്മതം കൊടുത്തിരിക്കുകയാണ് . അവര്‍ ആധുനികതയുടെ ലേബലില്‍ നമുക്ക് വിഷം വിളമ്പുന്നു . മക് ഡോനാല്‍ഡും കെന്റക്കിയും, പിസ്സയും ,ഡോമിനോയും എല്ലാം ഇത്തരത്തില്‍ സര്‍ക്കാര്‍ ലൈസന്‍സോടെ വിഷം വിളമ്പുന്ന കുത്തകക്കാരാണ് . FDI നിക്ഷേപം വ്യാപകമാവുന്നതോടെ മനുഷ്യരെ കൊല്ലാനുള്ള ഇത്തരം കുത്തകക്കാരുടെ സ്വാതന്ത്ര്യവും വര്‍ദ്ധിക്കും .

നാം നമ്മെ കൊല്ലുന്ന സര്‍ക്കാരിന് കാവല്‍ നില്‍ക്കണോ ? അതോ നമ്മെ കൊല്ലുന്ന സര്‍ക്കാരിനെ കശാപ്പ് ചെയ്യണോ ? ഇന്ത്യ  ഇനി ചിന്തിക്കേണ്ടത് ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനായിരിക്കണം .

ഡോ .സി.ടി. വില്യം 

Thursday, December 6, 2012

സഹദേവന്റെ പേക്കിനാവുകള്‍ -10

പത്ത്

സന്ധ്യാനേരത്ത്  മനസ്സിലാവാത്ത പ്രസംഗം കേള്‍ക്കുന്നതിനെക്കാള്‍ നല്ലത് മനസ്സിലാവുന്ന മറ്റെന്തെങ്കിലും ശ്രദ്ധിക്കുന്നതായിരിക്കും . സഹദേവന്‍ ചുറ്റും നോക്കി .

അപ്പോഴാണ്‌ തൊട്ടപ്പുറത്തെ വീടിന്റെ ജാലക പഴുതിലൂടെ തന്നെ മാത്രം നോക്കുന്ന രണ്ടു കണ്ണുകള്‍ സഹദേവന്‍ കാണുന്നത് .

ആ കണ്ണുകള്‍ക്ക്‌ സുമിത്രയുടെ കണ്ണുകളുടെ ചന്തവും തിളക്കവുമുണ്ടായിരുന്നു .

അത് സുമിത്ര തന്നെയാവുമോ ? ആവില്ല . ആയിരക്കണക്കിന് നാഴികക്കിപ്പുറം ഈ മഹാനഗരത്തില്‍ സുമിത്രയുടെ സാന്നിധ്യം പ്രതീക്ഷിക്കാവുന്നതല്ലല്ലോ .

പാവം സുമിത്ര ! ഒന്ന് യാത്ര ചോദിക്കാന്‍ പോലും സമയം കിട്ടിയില്ല . ഭര്‍തൃഗൃഹത്തില്‍ അവള്‍ക്കു സുഖമാണോ ആവോ . പെണ്‍കുട്ടികളുടെ ജീവിതം പെരുവഴിയില്‍ എന്ന് മുത്തശി ഇപ്പോഴും പറയുന്നത് സഹദേവന്‍ ഓര്‍ത്തു .

ഇപ്പോള്‍ എവിടെയാവും സുമിത്ര . എവിടെയായാലും ഇപ്പോള്‍ സന്ധ്യയാണല്ലോ . വിളക്കുവക്കും  സമയം. സന്ധ്യക്ക് വിളക്കുവക്കുന്നത് അവള്‍ തെറ്റിക്കാരില്ല . മുത്തശി അത് സമ്മതിക്കാറുമില്ല.

സുമിത്ര വിക്ക് വക്കുന്നത് കാണാന്‍ നല്ല ചന്ദമാണ് . കുളിച്ച് കുറിതൊട്ട് ഭക്തിപുരസ്സരം കണ്ണടച്ച് ധ്യാനിച്ച്‌ വിളക്ക് തൊട്ടു വണങ്ങുന്ന സുമിത്ര നിഷ്കളങ്കമായ അഴകാണ് . സഹദേവന്റെ മനസ്സിലെ സുമിത്രയുടെ മയാത്ത ചിത്രവും അതുതന്നെ.

മഞ്ഞ പാവാടയും കറുത്ത ബ്ലൌസും ധരിച്ച് ദീപം ...ദീപം ..ദീപം.. എന്ന് ചെറുനിശ്വാസത്തില്‍  ശബ്ദിക്കുന്ന സുമിത്രയെ മഞ്ഞക്കിളിയെന്നു കളിയാക്കി ചിരിക്കാറുള്ളതും പതുങ്ങിയിരുന്ന്  പേടിപ്പിക്കാറുള്ളതും ഓര്‍ത്തു സഹദേവന്‍ .

പെട്ടെന്നാണ് കീശയിലെ റിമോട്ട് ശബ്ദിച്ചത് .

ഒരു അജ്ഞാനുവര്‍ത്തിയെപോലെ സഹദേവന്‍ 10 അടി മുന്നോട്ട് കുതിച്ചു . ഏതോ അനിയന്ത്രിതമായ പ്രേരണയില്‍ അയാളുടെ കൈവിരലുകളിലേതോ ഒന്ന് റിമോട്ടിലെ ചുവന്ന ബട്ടണില്‍ അമര്‍ന്നു .

പിന്നെയൊരു സ്ഫോടനമായിരുന്നു . പൊട്ടിച്ചിതറിയ നിലവിക്കിലെ എണ്ണ തിരികള്‍ അഗ്നിസര്‍പങ്ങളായി നിലത്ത് ഫണം വിരിച്ചാടി ഇഴഞ്ഞു .

മാംസം കത്തുന്നതിന്റെയും മുടി കരിയുന്നതിന്റെയും ഗന്ധമുണ്ടായിരുന്നു അവിടം നിറയെ.

സുമിത്രയുടെ മഞ്ഞപ്പാവാട പോലെ അഗ്നി ആളിപ്പടര്‍ന്നു . സഹദേവന്‍ നിലത്തുരുണ്ട്  തീ അണക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു . കത്തുന്ന എണ്ണയുടെയും തിളച്ചാവിയാവുന്ന  വിയര്‍പ്പിന്റെയും ഗന്ധം സഹദേവന്‍ അറിഞ്ഞു.

അകത്തിരുന്ന്  കാലും തിരുമ്മിയ മുത്തശിയുടെ കാര്‍ക്കശ്യമുള്ള ശാസന അയാള്‍ കേട്ടു . " എന്താ കുട്ടി വിളക്ക്  നിലത്തു ഇട്ട് പൊട്ടിച്ചു ല്ലേ . ശിവ ശിവ ! എന്താ ഈ കാണണേ ..കാലക്കേട്‌ എന്തോ വരണ്ണ്ടല്ലോ കുട്ട്യേ ...."

"ഈ സഹദേവേട്ടന്‍ പേടിപ്പിച്ചിട്ടാ മുത്തശി .." സുമിത്ര പേടിച്ചുപറഞ്ഞു .

"കുട്ട്യോളാന്നാ വിചാരം . വിക്ക് വക്കണ നേരത്താ കളി ....കാലക്കേട്‌ വിളിച്ചു വരുത്ത്വാ ...സഹദേവാ .......ഇതുപോലെ പൊട്ടിച്ചിതറി ഇല്ല്യാണ്ടാവും സൂക്ഷിച്ചോ ..." മുത്തശിയുടെ ശാസന നീണ്ടു .

സഹദേവന്‍ ആല്‍ത്തറയില്‍ വിയര്‍ത്തുകൊണ്ടിരുന്നു .

അവസാനിച്ചു .

ഡോ .സി.ടി. വില്യം .

Monday, December 3, 2012

സഹദേവന്റെ പേക്കിനാവുകള്‍ -9

ഒമ്പത്

രു ചെറിയ കുല പടക്കം പോട്ടിയപ്പോഴാണ്  സഹദേവന്‍ അച്ഛന്റെ ഓര്‍മകളില്‍ നിന്ന് തിരിച്ചുവന്നത് .

തമിഴ് പാട്ട് അപ്പോഴേയ്ക്കും നിലച്ചിരുന്നു . നേതാവ് സ്റ്റേജിലെത്തി .ക്യാമറകള്‍ മിന്നി . പ്രസംഗം ആരംഭിച്ചു .

സഹദേവന്‍ ചുറ്റും നോക്കി . വിരലില്‍ എണ്ണാവുന്ന ശ്രോതാക്കളെ ഉണ്ടായിരുന്നുള്ളൂ . പോലീസുകാരെയും ഉച്ചഭാഷിണി ഉടമയെയും കിഴിച്ചാല്‍ ശ്രോതാക്കള്‍ പിന്നെയും കുറയും .

അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ പോറ്റിയ കര്‍ത്താവിനെപോലെയാവുമോ ഈ നേതാവ് ? വിരലില്‍ എണ്ണാവുന്ന ശ്രോതാക്കളിലൂടെ ജനലക്ഷങ്ങളെ മുഴുവന്‍ കേള്‍പ്പിക്കാന്‍ കഴിവുള്ള മറ്റൊരു പ്രവാചകനായിരിക്കുമോ ഈ നേതാവ് ?

വെറുതെയല്ല ലക്ഷങ്ങള്‍ മുടക്കി എന്നെപോലെയുള്ള ശ്രോതാക്കളെ നിയോഗിച്ചതെന്ന് അപ്പോള്‍ സഹദേവന് മനസ്സിലായി .

പ്രസംഗം ശ്രദ്ധിക്കുവാന്‍ തുടങ്ങിയപ്പോഴാണ് സഹദേവന്‍ വീണ്ടും ആശയക്കുഴപ്പത്തിലായത് . നേതാവിന്റെ ഭാഷ സഹദേവന് അറിയില്ലായിരുന്നു .

ഈ ഭാഷ സഹദേവന് അറിയില്ല എന്ന്‍  സഹദേവനെ ഈ പണി എല്പിച്ചവര്‍ക്കറിയാമായിരുന്ന കാര്യമായിരുന്നു . എന്നിട്ടും എന്തിനാണാവോ സഹദേവനെ പോലൊരു ശ്രോതാവ് . സഹദേവന്‍ വെറുതെ സംശയിച്ചു .

ഒരുപക്ഷെ ആളെ കൂട്ടാനാവും . പാര്‍ട്ടിക്കാര്‍ കാശുകൊടുത്ത് വണ്ടിയില്‍ കയറ്റികൊണ്ടുപോയി ജാഥ വിജയിപ്പിക്കുന്നവരുടെ കഥ സഹദേവന്‍ കേട്ടിട്ടുണ്ട് . അതുപോലെയാവും ഇതും . പ്രസംഗം കേള്‍ക്കണമെന്നൊന്നും ഉണ്ടാവില്ല . എന്തായാലും കീശയിലെ റിമോട്ട് ശബ്ധിക്കട്ടെ . അപ്പോള്‍ ചുവന്ന ബട്ടന്‍ അമര്‍ത്തി സാന്നിദ്ധ്യം അറിയിക്കാം . സഹദേവന്‍ മനസ്സില്‍ പറഞ്ഞു .

അവസാനഭാഗം അടുത്ത ബ്ലോഗ്ഗില്‍ ....

ഡോ .സി.ടി.വില്യം .

Saturday, December 1, 2012

സഹദേവന്റെ പേക്കിനാവുകള്‍ -8

എട്ട്

ഹദേവനെയും വഹിച്ചുകൊണ്ടുള്ള വെളുത്ത മാരുതി വാന്‍ ഒരിടത്ത് വന്നുനിന്നു .

"ഇവിടെ നിന്ന് നടക്കാവുന്ന ദൂരമേ ഉള്ളൂ  നിങ്ങളുടെ സ്ഥാനത്തേയ്ക്ക് . പറഞ്ഞതുപോലെ നിങ്ങളുടെ റിമോട്ട് ശബ്ടിച്ചില്ലെങ്കില്‍  വേഗം തന്നെ ഇവിടെ വരണം ." ഡ്രൈവര്‍ പറഞ്ഞു .

അപ്പോള്‍ റിമോട്ട് ശബ്ദിച്ചാല്‍ മടക്കയാത്ര ഇല്ലെന്നാണോ ? അതിനെക്കുറിച്ച്‌ മാത്രം ഡ്രൈവര്‍ ഒന്നും പറഞ്ഞില്ലല്ലോ . സഹദേവന്‍ ഒന്ന് സംശയിച്ചു .

റിമോട്ട് ശബ്ടിച്ചാലത്തെ മടക്കയാത്രയെ കുറിച്ച് ഡ്രൈവറോട് ചോദിയ്ക്കാമെന്നു വിചാരിച്ച് തിരിഞ്ഞുനോക്കിയപ്പോഴെയ്ക്കും വാന്‍ ഓടിയകന്നിരുന്നു .

സഹദേവന്‍ നടന്നു .

തന്നെ നിയോഗിച്ചിട്ടുള്ള സ്ഥലത്തുനിന്നായിരിയിരിയ്ക്കണം "പോണാല്‍ പോകുട്ടും പോടാ " എന്ന തമിഴ് പാട്ട് കേള്‍ക്കുന്നുണ്ടായിരുന്നു .

സഹദേവന്‍ ആരോടെന്നില്ലാതെ ചിരിച്ചു . ഓരോതരം ജോലികള്‍ ! നേതാവ് പറയുന്നത് കേള്‍ക്കുക . കേട്ടോ എന്നുറപ്പ് വരുത്താന്‍ കീശയിലെ യന്ത്രം ശബ്ടിയ്ക്കുക . കേട്ടു എന്ന്‍  ബോധ്യപ്പെടുത്താനായി 10 അടി മുന്നോട്ട് നടക്കുക . ചുവന്ന ബട്ടണ്‍  അമര്‍ത്തുക .ഇത്തരം നിസ്സാര ജോലിയ്ക്ക് ലക്ഷങ്ങള്‍ ശമ്പളമായി തരിക .നല്ല തമാശ തന്നെ .സഹദേവന്‍ ഓര്‍ത്തോര്‍ത്ത്‌ ചിരിച്ചു .

പണ്ട് ഗാന്ധിയും നെഹ്രുവും ഒക്കെ പ്രസംഗിക്കുന്ന കാലത്ത് ഇത്തരം ജോലിയൊന്നും ഉണ്ടായിരുന്നില്ല . തീര്‍ച്ച . ഉണ്ടായിരുന്നെങ്കില്‍ സഹദേവന്റെ അച്ഛനും ഒരുപാട് ലക്ഷങ്ങള്‍ സമ്പാദിച്ചേനെ .

സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന സഹദേവന്റെ അച്ഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട് . ഇതുപോലെ ഗാന്ധിജിയുടെയും നെഹ്രുവിന്റെയും പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ പോയ കഥകള്‍ .

അപ്പോഴൊക്കെ പ്രസംഗം കേട്ടതിന്  പോലീസിന്റെ തല്ലുകൊണ്ടതും ചിലപ്പോഴൊക്കെ ജയിലില്‍ പോയതുമായ കഥകള്‍ . പാവം അച്ഛന്‍ ! ഇന്നായിരുന്നെങ്കില്‍ അച്ഛന് ഒരുപാട് പണം കിട്ടുമായിരുന്നു .

പാവം ചത്തുപോയി . ഇത്തരക്കാര്‍ക്ക് നീക്കിവച്ച പെന്‍ഷന്‍ പോലും കിട്ടാതെ .

കഥ തുടരും ....
ഡോ .സി.ടി.വില്യം