Monday, August 24, 2015

അഴീക്കോട് ഓര്‍മപ്പെടുത്തുന്നു:


ഓണം മരിക്കുകയാണ്! മനസ്സിലായില്ലേ?
സി.ടി. വില്യം
 “ണം മരിക്കുകയാണ്! മനസ്സിലായില്ലേ? ഈ ഓണം ഓണമല്ല. അതുകൊണ്ട് ഓണക്കവി പാടി:
അന്ധകാരഗിരികളും കട-
നെന്തിനോണമേ വന്നു നീ?”

പതിനെട്ട് ഓണക്കാലങ്ങള്‍ക്കുമുമ്പ് ഡോ.സുകുമാര്‍ അഴീക്കോട് കുറിച്ചിട്ട താണ് ഈ ഓണദര്‍ശനം. നല്ലോണങ്ങളുടെ നന്മകളെ കുറിച്ചെഴുതിത്തുടങ്ങി വല്ലോണങ്ങളുടെ വല്ലായ്മയില്‍ അവസാനിപ്പിച്ച ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഓണദര്‍ശനം യഥാര്‍ത്ഥത്തിലും കേരളദേശത്തിന്റെ സാംസ്കാരിക തത്ത്വചിന്തയാണ്.

പണ്ട് ഓണം എന്നുകേള്‍ക്കുമ്പോള്‍ ഒരു വസന്തകാല ഗീതകത്തിന്റെ ഈണമാണ് മനസ്സിലേക്ക് വന്നെത്തുക. തുമ്പപ്പൂവും മുക്കുറ്റിയും മന്ദാരവും ചെത്തിയും ചെമ്പരത്തിയും കോളാമ്പിയും പിന്നെ മുറ്റത്ത് ബഹുവര്‍ണ്ണ പര്‍ണ്ണക്കൊടികളുമായി പാറുന്ന പ്രിന്‍സും കോഴിവാലനും ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ക്രോട്ടന്സും ചേര്‍ന്നൊരുക്കുന്ന ഒരു വര്‍ണ്ണഭംഗിയായിരുന്നു അന്നത്തെ ഓണം.

നാക്കിലകളില്‍ തുമ്പപ്പൂവും കാക്കപ്പൂവും പോലെ കുത്തരിച്ചോറ് കൂട്ടുകറികളുടെ കൂട്ടായ്മയില്‍ സാമ്പാറിന്റെ രസക്കൂട്ടിലെരിയുന്ന ഓണസദ്യയെ ഓര്‍മ്മിപ്പിക്കുന്നു അന്നത്തെ ഓണം. പൊന്നിന്‍ മഞ്ഞയില്‍ പഴങ്ങള്‍ നാട്ടിലെ നാക്കിലയിലും വീട്ടിലെ തട്ടിലും ഓണാലങ്കാരമാവും. അതുകൊണ്ടോക്കെയാണ് അന്നത്തെ ഓണത്തെ പൊന്നോണം എന്ന് വിളിച്ചത്.

ഇന്നതെല്ലാം നമുക്ക് നഷ്ടമായിരിക്കുന്നു. ഓണത്തിന്റെ സാംസ്കാരികതകള്‍ നമുക്ക് നഷ്ടമായിരിക്കുന്നു. പകരം ഓണത്തിന്റെ സാമ്പത്തിക മാനങ്ങള്‍ നമുക്ക് ലാഭമായിരിക്കുന്നു. ഓണം ലാഭേച്ഛയെ മാത്രം നാട്ടുനനക്കുന്നു. പൂവ്വനും നെടു നേന്ത്രനും ചങ്ങാലിക്കോടനും കുലച്ചുകുനിഞ്ഞ കേരളത്തില്‍ ഇപ്പോള്‍ സര്‍വ്വസൌ ജന്യങ്ങളുടെയും അവിശ്വസിനീയമായ കുലകള്‍ കുലച്ചുതൂങ്ങുന്നു. അങ്ങനെയാണ് പഴയ പൊന്നോണം പോയതും വിപണിയുടെ കള്ളോണം വന്നതും. കള്ളോണം എന്ന് വെറുതെ പറഞ്ഞതല്ല. കള്ളിന്റെയും കള്ളത്തിന്റെയും ഓണത്തെതന്നെയാണ് ഇന്ന് ഓണം പ്രതിഫലിപ്പിക്കുന്നതും പ്രതിധ്വനിപ്പിക്കുന്നതും.

ഓണത്തിന് അവകാശപ്പെട്ട ഒരു കാലമുണ്ടായിരുന്നു നമുക്ക് പണ്ട്. നാമതിനെ ഓണക്കാലമെന്നും വസന്തകാലമെന്നും ഉത്സവകാലമെന്നും വിളിച്ചുപോന്നിരുന്നു. ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. കാലാന്തരത്തില്‍ ഓണത്തിന്റെ കാലം അവധിക്കാലവും അലസകാലവും കച്ചവടക്കാലവുമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.

കര്‍മ്മോല്സുകമായിരുന്ന ഒരു കാലത്തിന്റെ പര്യവസാനത്തിലെ വിളവെടുപ്പു കാലമായിരുന്നു പഴയ ഓണക്കാലം. അക്ഷരാര്‍ത്ഥത്തിലും അരമുറുക്കി വായുമുറിച്ച് പണിയെടുത്തൊരു കാലത്തിന്റെ ഫലപ്രാപ്തിയുടെ കാലമായിരുന്നു അത്. മറ്റൊരര്‍ത്ഥത്തില്‍ ഒരു വിയര്‍പ്പൊഴുക്കുകാലത്തിന്റെ അവസാനത്തെ വിയര്‍ക്കാത്ത കാലമായിരുന്നു നമുക്ക് പണ്ടൊക്കെ ഓണക്കാലം.

നമ്മുടെ ഭരണകൂടമാണ്‌ ഓണത്തെ ഇവ്വിധം സംസ്കാരശൂന്യവും വിപണി കേന്ദ്രീകൃതവുമാക്കിയത്. നമ്മുടെ ഭരണകൂടം ഓണത്തെ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയായിരുന്നു. അങ്ങനെ കുത്തകക്കാരുടെ പൊട്ടയെല്ലാം നല്ലതാക്കി സര്‍ക്കാര്‍ മുദ്രകുത്തി വില്‍ക്കാനുള്ള കച്ചവടക്കാലമായി ഓണക്കാലത്തെ മാറ്റി യെടുക്കുകയായിരുന്നുനമ്മുട ഭരണകൂടങ്ങള്‍.

കോര്‍പ്പറേറ്റുകള്‍ക്ക് പണപ്പെട്ടി നിറക്കുന്നതിന്നായി ഭരണകൂടം ജനങ്ങള്‍ക്ക്‌ ഓണക്കാലത്ത് ബോണസ്സും ബത്തയും മുന്‍‌കൂര്‍ ശമ്പളവും കൊടുത്ത് കുത്തകകളെ സഹായിക്കുകയായിരുന്നു. അങ്ങനെ കച്ചവടത്തിന്റെ കരാര്‍ പണവും ദല്ലാള്‍ പണവും പരിശുദ്ധമായ ഒരൂ ഉത്സവത്തിന്റെ പേരില്‍ ഭരണകൂട യന്ത്രങ്ങളിലേക്ക് ഒഴുകുകയാണ്. എന്നിട്ട് പാവം ജനത അടുത്ത ആറുമാസത്തെ ഓണമില്ലാപഞ്ഞക്കാലത്തെ അബോധപൂര്‍വം സ്വാഗതം ചെയ്യുന്നു. ഇത് ഭരണകൂടങ്ങളുടെ ബോധപൂര്‍വ്വമായ കച്ചവടമാണ്. പ്രജാക്ഷേമമല്ല.

ഓണദര്‍ശനങ്ങളുടെ കൂടി തത്ത്വചിന്തകനായ ഡോ. സുകുമാര്‍ അഴീക്കോടിന്റെ തത്ത്വവിചാരങ്ങളില്‍ ഭരണകൂടങ്ങളുടെ ബോധപൂര്‍വ്വമായ ഈ കച്ചവടത്തെ വിശദീകരിക്കുന്നത് കാണാം.

*“ഇന്ന് ഓണം എന്തായി? എവിടെയെത്തി? ആഘോഷത്തിന്റെ ചിത്രത്തില്‍ നിന്ന് പ്രകൃതി അപ്രത്യക്ഷമായിരിക്കുന്നു. ശാരദാകാശത്തെയും മറ്റു ശരല്‍സൌഭാഗ്യങ്ങളെയും ഇന്ന് ആളുകള്‍ കാണുന്നില്ല. അവയുടെ സംഗമമില്ല, ഗമനമേയുള്ളൂ. പട്ടണത്തിന്റെ പ്രൌഡിയും അങ്ങാടിയുടെ ഇരമ്പവുമാണ് ഓണത്തെ നിലനിര്‍ത്തുന്നത്. സംതൃപ്തിയുടെതല്ല, അത്യാര്‍ത്തിയുടെതാണ് ഓണം ഇപ്പോള്‍. പ്രജാക്ഷേമാര്‍ത്ഥനായ ഭരണസാരഥിയുടെ നിഴലോ നിശ്വാസമോ എവിടെയുമില്ല. നഗരങ്ങളില്‍ ആയിരമായിരം വിദ്യുദ്‌ ദീപങ്ങള്‍ കത്തിജ്വലിച്ചുനില്‍ക്കുമ്പോള്‍ മഹാബലി വഴിയറിയാതെ ബലം കെട്ട് ഉഴലുന്നു.

ഇന്ന് ഓണം ആഘോഷിക്കുമ്പോള്‍ മനസ്സിലൂടെ കര്‍മ്മവിജയത്തിന്റെയോ സമൂഹബന്ധത്തിന്റെയോ ചെറിയ മിന്നാമിനുങ്ങുകള്‍ പോലും മിന്നുന്നില്ല. പ്രകൃതി യുമായി ബന്ധം നഷ്ടപ്പെട്ട ഒരു ജനതയ്ക്ക് ഋതുപരിവര്‍ത്തനത്തിന്റെ അര്‍ഥം ഗ്രഹിക്കാന്‍ സാധ്യമല്ല. വേലയുടെ മാഹാത്മ്യം പ്രകൃതി നമുക്ക് തെളിയിച്ചുതരുന്നതിന്റെ ഒരു അടയാളവും ഇന്ന് നമ്മുടെ ജീവിതത്തില്‍ അവശേഷിച്ചിട്ടില്ല. ഓണത്തിന്റെ മാഹാത്മ്യം ഓണപ്രഭാഷണങ്ങളില്‍ നിര്‍ജീവമായി പ്രതിധ്വനിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവ ഓണത്തിന്റെ ചരമപ്രസംഗങ്ങളാണ്. നമുക്ക് ഓണം വെറും ഊണും പട്ടണം കറങ്ങലും ഉപഭോഗവസ്തുക്കള്‍ വാങ്ങലുമായി ചുരുങ്ങുന്നു.

ഓണത്തിന്റെ ഈ അന്യമാക്കപ്പെടല്‍ മുടിചൂടുന്നത് ഗവണ്മെന്റ് വൈദ്യുത പ്രകാശം കൊണ്ട് നഗരം അലംകൃതമാക്കി ആഘോഷത്തിന് ഔദ്യോഗിക സ്വഭാവം നല്‍കുന്ന സന്ദര്‍ഭത്തിലാണ്. ഓണത്തിന്റെ പ്രാക്തനലാളിത്യവും പ്രഭവ വിശുദ്ധിയും ഇതോടെ അവസാനിക്കുന്നു.


ഇന്ന് ഓണം ‘വെക്കേഷന്‍’ ആണ്. സമൂഹക്ഷേമത്തിന്റെ ആഘോഷദിനമല്ല. ഒരു മാസത്തെ ശമ്പളം അധികവേതനമായി ലഭിച്ച ജോലിക്കാരുടെ വിപണി സന്ദര്‍ശന ബഹളത്തില്‍ ഒടുങ്ങുന്ന ഇന്നത്തെ ഓണം വെറുമൊരു ഔദ്യോഗിക ചടങ്ങാണ്. ഓണം ചിങ്ങത്തില്‍ ആണെന്നറിയാത്തവര്‍ പോലും ഓണാഘോഷം നടത്തുന്നവരില്‍ ഒന്നാംപന്തിയില്‍ നില്‍ക്കുന്നു. ജനങ്ങള്‍ എവിടെയെന്നറിയാതെ എങ്ങുനിന്നോ നോക്കുന്ന മഹാബലിയുടെ കണ്ണുകള്‍ പതറുന്നു!

ഓണം മരിക്കുകയാണ്! മനസ്സിലായില്ലേ? ഈ ഓണം ഓണമല്ല.”


*അവലംബം: ‘അഴീക്കോട് മുതല്‍ അയോധ്യ വരെ’ ഡോ. സുകുമാര്‍ അഴീക്കോട്‌     
       

Saturday, August 15, 2015

സബര്‍മതി ആശ്രമത്തിലെ ഏഴു മണിക്കൂര്‍


ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്‍റെ അതിമനോഹരമായ ഒരു കഥയുണ്ട്. “ഞാന്‍ ഒരു ടെലിഫോണ്‍ ചെയ്യാന്‍ വന്നതാണ്” എന്നാണ് ആ കഥയുടെ പേര്. കഥയിങ്ങനെ:-

തികച്ചും സ്വാഭാവികമായി ഒരു സ്ത്രീ നഗരത്തിലേക്ക് ഷോപ്പിങ്ങിന് ഇറങ്ങുന്നു. അന്നവളുടെ ഭര്‍ത്താവിന് അവളോടൊപ്പം വരാനായില്ല. എന്നാല്‍ അവളെ കൊണ്ടുപോകാന്‍ അയാള്‍ വരുമെന്നും പറഞ്ഞിരുന്നു.

ഷോപ്പിങ്ങിന്റെ ലഹരിയാവാം ഷോപ്പിംഗ്‌ തീര്‍ന്നപ്പോള്‍ സമയം വൈകിപ്പോയിരുന്നു. ഇന്നത്തെപോലെ മൊബൈല്‍ഫോണ്‍ ഉള്ള കാലമായിരുന്നില്ല അത്. അവള്‍ പലവട്ടം അവളുടെ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു. എന്നാല്‍ ജോലിത്തിരക്കുകൊണ്ടോ എന്തോ ഭര്‍ത്താവ് ഫോണ്‍ എടുക്കുന്നില്ല. സമയം ഇരുട്ടി ത്തുടങ്ങി. രാത്രിയുടെ ഇരുട്ട് അവളെ ഭയപ്പെടുത്താന്‍ തുടങ്ങി. അവള്‍ ശരിക്കും പരിഭ്രമിച്ചു.

നിരത്തില്‍ വാഹനങ്ങളുടെ എണ്ണം കുറഞ്ഞുകൊണ്ടിരുന്നു. അവള്‍ വഴിയരികില്‍ ഭയാശങ്കയോടെ അവളുടെ ഭര്‍ത്താവിന്‍റെ വാഹനം കാത്തുനിന്നു. ഭര്‍ത്താവിന്റെ വാഹനം കാണാതായപ്പോള്‍ അവള്‍ മറ്റു പല വാഹനങ്ങള്‍ക്കും കൈ കാട്ടി. ഒന്നും നിര്‍ത്തിയില്ല.

അവസാനം ഒരു വാഹനം അവള്‍ക്കുമുമ്പില്‍ കൈ കാണിക്കാതെ തന്നെ നിര്‍ത്തി. അവള്‍ ആ വാഹനത്തില്‍ കയറി. വാഹനത്തിനകത്ത് നിറയെ ഭ്രാന്തന്മാരും ഭ്രാന്തികളും ഉണ്ടായിരുന്നു. ആ വാഹനം ഒരു മാനസിക ആശുപത്രിയുടെ വാഹനമായിരുന്നു. അവളുടെ പരിഭ്രമം കൂടിക്കൂടിവന്നു. അവള്‍ ആ വാഹനത്തില്‍ നിന്ന് പലപ്രാവശ്യം ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും അതൊന്നും നടന്നില്ല. വാഹനം ഭ്രാന്താശുപത്രിയിലെത്തി. അവള്‍ ആ രാത്രി മുഴുവനും ആ ഭ്രാന്താശുപത്രിയില്‍ ഉറങ്ങാതെ കിടന്നു.

കാലങ്ങള്‍ കടന്നുപോയി. എന്നോ ഒരിക്കല്‍ അവളുടെ ഭര്‍ത്താവ് അവളെ കാണാന്‍ വന്നെങ്കിലും അവളെ അയാള്‍ വീട്ടിലേക്ക് കൊണ്ടുപോയില്ല. അവള്‍ ഭ്രാന്തിയാണെന്ന് അവളുടെ ഭര്‍ത്താവും വിശ്വസിച്ചു. അയാള്‍ അവളെ ഉപേക്ഷിച്ചു.

മാര്‍ക്കേസിന്റെ ഈ കഥ മലയാളത്തില്‍ ഒരു ഹ്രസ്വചലചിത്രമായിട്ടുണ്ട്. “അറി യാതെ” എന്ന പേരില്‍ ഈ ചലച്ചിത്രം സംവിധാനം ചെയ്തത് കുക്കൂ പരമേശ്വരനാണ്. ഈ ചലച്ചിത്രത്തിന്റെ അണിയറ ശില്‍പ്പികളില്‍ ഞാനും ഉണ്ടായിരുന്നു.

മാര്‍ക്കേസിന്റെ ഈ കഥ പോലെ ഒരു സംഭവം എന്‍റെ ജീവിതത്തിലും ഉണ്ടായി എന്നുപറയാനാണ് ഞാന്‍ ഈ കഥ ഇവിടെ പറഞ്ഞത്.

അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. ഞാന്‍ കൊച്ചിയിലുള്ള എന്‍റെ ഒരു ഗുരുവും സുഹൃത്തുമായ ഡോ. മോഹന്‍ദാസ്‌  സാറിനെ വിളിക്കുകയായിരുന്നു. കുറെ തവണ വിളിച്ചിട്ടും സാര്‍ ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. അല്പം സമയം കഴിഞ്ഞ് വിളിക്കാമെന്ന തീരുമാനത്തില്‍ ഫോണ്‍ മേശമേല്‍ വക്കാന്‍ ശ്രമിക്കുമ്പോഴാണ് ഫോണിന്‍റെ കോണ്ടാക്റ്റ് ലിസ്റ്റിലെ അടുത്ത പേര് ശ്രദ്ധയില്‍ പെട്ടത്. അങ്ങനെയാണ് ഡോ. നിസ്സാം റഹ്മാനെ വിളിക്കുന്നത്‌. ഡോ. നിസ്സാമും എന്‍റെ ഒരു നല്ല സുഹൃത്താണ്. എന്നാല്‍ ഡോ. നിസ്സാമും ഫോണ്‍ എടുത്തില്ല. ഞാന്‍ പതിവുപോലെ എന്‍റെ വായനയിലേക്കും എഴുത്തിലേക്കും മടങ്ങി.

ഞാന്‍ എന്‍റെ വായനയിലും എഴുത്തിലുമായി കഴിയുമ്പോള്‍ ഡോ. നിസ്സാം തിരിച്ചുവിളിച്ചു. ഞാന്‍ എന്തെങ്കിലുമൊക്കെ അങ്ങോട്ട്‌ പറയും മുമ്പേ ഡോ. നിസ്സാം ഇങ്ങോട്ട് പറഞ്ഞുതുടങ്ങി. അദ്ദേഹം എന്നെ വിളിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സമയത്താണ് ഞാന്‍ അദ്ദേഹത്തെ വിളിച്ചതെന്നും വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ടെന്നും പറഞ്ഞു. സമഗ്രമായ ഒരു നവോത്ഥാനത്തിന് വഴിയൊരുക്കാന്‍ പ്രാപ്തമായ ഒരു പ്രസ്ഥാനം കൊച്ചിയില്‍ നിന്ന് രൂപംകൊണ്ടു വരികയാണെന്നും ഞാന്‍ അതില്‍ സഹകരിക്കണമെന്നുമാണ് ഡോ. നിസ്സാം പറഞ്ഞത്. മാത്രമല്ല, അടുത്തുവരുന്ന ഞായറാഴ്ച എറണാകുളത്തെ ലോട്ടസ് ക്ലബ്ബില്‍ എത്തണമെന്നും പറഞ്ഞു. പ്രസ്ഥാനങ്ങളൊക്കെ മടുത്തു കഴിയുമ്പോഴാണ് ഡോ. നിസ്സാമിന്റെ ഈ ക്ഷണം. പക്ഷെ അതെക്കുറിച്ചൊക്കെ എന്തെങ്കിലും പറയാന്‍ ശ്രമിക്കുമ്പോഴത്തെക്കും ഡോ. നിസ്സാം ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തിരുന്നു.

ഇവിടെയാണ്‌ മാര്‍ക്കേസിന്റെ കഥയുടെ പ്രസക്തി. മാര്‍ക്കേസിന്റെ നായിക ഒരു ടെലിഫോണ്‍ കാളില്‍ നിന്നും ദുരന്തത്തിലേക്കാണ് സഞ്ചരിച്ചതെങ്കില്‍ ഞാന്‍ സഞ്ചരിച്ചത് മറ്റൊരു കര്‍മ്മമണ്ഡലത്തിലേക്കായിരുന്നു. ജീവിതത്തില്‍ അനിവാര്യമായ ഒരു ദിശാമാറ്റം. ജീവിതത്തില്‍ ഇങ്ങനേയും സംഭവങ്ങള്‍ ഉണ്ടാകാം എന്നതും മാജിക്കല്‍ റിയലിസത്തിന്റെ ഭാഗമാണ്.

ഞാന്‍ ലോട്ടസ് ക്ലബ്ബില്‍ എത്തുമ്പോള്‍ മുറ്റം നിറയെ വെളുത്ത പ്രാവുകളെപോലെ ഖദര്‍ ധാരികളായ ചിലര്‍ കയ്യില്‍ ഫയലും കഴുത്തില്‍ ബാഡ്ജും തൂക്കി നില്‍പ്പുണ്ടായിരുന്നു. അവരുടെ മുഖത്ത് രാഷ്ട്രീയേതരമായ ഒരു നിഷ്കളങ്കമായ ആനന്ദം പ്രാകാശിച്ചിരുന്നു. ഈ വെളുത്ത പ്രാക്കൂട്ടത്തിലെക്കാണ്‌  ഡോ. നിസ്സാം എന്നെ ക്ഷണിച്ചിരുന്നത്. എന്‍റെ മുഖഭാവവും വസ്ത്രധാരണവും ആ പ്രാവിന്‍ കൂട്ടത്തില്‍ ഒറ്റപ്പെട്ടുനിന്നു.

സമയം രാവിലെ പത്തര ആയിക്കാണും. പിന്നീട് ലോട്ടസ് ക്ലബ്ബിലെ ഒരു കൂട്ടില്‍ പ്രാവുകളെല്ലാം പറന്നെത്തി. കൂട്ടത്തില്‍ ഒറ്റപ്പെട്ട വെള്ളയല്ലാത്ത ഒരു പ്രാവായി ഞാനും അവര്‍ക്കൊപ്പം കുറുകി. ഈ പ്രാക്കൂട്ടത്തിന്റെ പേരാണ് ജി.ആര്‍.ഐ. അഥവാ ഗാന്ധി റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യുട്ട്.

ഈ പ്രാവിന്‍ കൂട് വളരെ പെട്ടെന്ന് ഒരു ആശ്രമമാവുകയായിരുന്നു. സാക്ഷാല്‍ മഹാത്മാഗാന്ധിയുടെ സബര്‍മതി ആശ്രമം. ഈ ഭുമിയില്‍ മനുഷ്യന്‍ എന്ന സുന്ദരമായ പദവും രൂപവും ഭാവവും അന്യംനിന്നു പോവുന്ന ഒരു ദുരന്ത ഘട്ടത്തിലാണ് ഈ ആശ്രമത്തിലെ നല്ല മനുഷ്യരുടെ കൂട്ടത്തില്‍ ഞാന്‍ എത്തുന്നത്. മാര്‍ക്കേസിന്റെ മാജിക്കല്‍ റിയലിസം പോലെ ഒരു എത്തിപ്പെടല്‍.

ചരിത്രത്തിലെവിടെയോ വച്ച് കെട്ടുപോയ ഒരു വിളക്കിനെ കത്തിക്കുകയാണ് ഈ മനുഷ്യരുടെ ചെറുകൂട്ടം. മഹാത്മാഗാന്ധിയുടെ ആത്മാവിലൂടെ...മനസ്സിലൂടെ... ഹൃദയത്തിലൂടെ...ഒരു നവോഥാന യാത്രക്ക് തയ്യാറെടുക്കുകയാണ് ഈ മനുഷ്യര്‍. ജി.ആര്‍.ഐ. അഥവാ ഗാന്ധി റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യുട്ട് എന്ന ചലിക്കുന്ന സബര്‍മതി ആശ്രമത്തിലെ മനുഷ്യര്‍.

രാവിലെ മുതല്‍ വൈകും വരെ ഒരു പ്രാര്‍ഥനായോഗം പോലെ സബര്‍മതി ആശ്രമം പരിശുദ്ധ മന്ത്രങ്ങളില്‍ ലയിച്ചു. കേരളത്തില്‍ മാത്രമല്ല ഭാരതം മുഴുവന്‍ ഒരു നവോഥാനത്തിന്റെ ശംഖൊലി മുഴങ്ങുകയായിരുന്നു ഈ സബര്‍മതിയില്‍. ദിശാബോധമുള്ള, നിശ്ചയബോധമുള്ള ഇവിടെത്തെ വെളുത്ത സംന്യാസിമാര്‍ ജാഗരൂകരാണ്. നന്മ നിറഞ്ഞൊരു ജനതയുടെ പുനര്‍നിര്‍മ്മിതിക്കുവേണ്ടി ആത്മീയമായും മാനസികമായും കായികമായും അവര്‍ സജ്ജരാണ്. അവര്‍ക്കൊപ്പം ഇതാ ഞാനും അണിചേരുന്നു. നന്മ നിറഞ്ഞൊരു നവോഥാനത്തിനുവേണ്ടി......നന്മ നിറഞ്ഞൊരു ഭൂമിയുടെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിടുന്നതിനുവേണ്ടി.....

ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസിന്റെ മാജിക്കല്‍ റിയലിസം അവസാനിക്കുന്നില്ല. ഏതു സമയത്തും നിങ്ങളുടേയും ഫോണുകളിലേക്ക് നവോഥാനത്തിന്റെ വിളി വരാം. കാതോര്‍ത്തിരിക്കുക.
ഡോ. സി.ടി. വില്യം