Monday, January 31, 2011

എം. ആര്‍. ഐ. സ്കാനും ഞാനും

കവിത

എം. ആര്‍. ഐ. സ്കാനും ഞാനും .

നിങ്ങള്‍ ഭൂമിയിലെ രാജാക്കന്മാരോ 
രാജാക്കന്മാരുടെ രാജാക്കന്മാരോ ആവാം .
നിങ്ങള്‍ ഭരണപക്ഷമോ, പ്രതിപക്ഷമോ,
ജനപക്ഷമോ അതിതീവ്രപക്ഷമോ ആവാം .
എന്നാല്‍ ഇവിടെ ഒരു പക്ഷമേ ഉള്ളൂ ;
ഈ നീലയുടുപ്പണിയുന്നവരുടെ പക്ഷം. 
ഇത് എം. ആര്‍. ഐ. സ്കാനിന്റെ മാത്രം പക്ഷം .
ഇത് ഒരു കലാപത്തിന്റെ നേര്‍ക്കാഴ്ച .


നിങ്ങളെപോലെയുള്ള സോഷ്യല്‍ ആക്ടിവിസ്റ്റും 
ഈ നീലയുടുപ്പുതന്നെ അണിയണം .
എന്നിട്ട് തന്റെ കര്‍മ്മബോധത്തെ അറിയുവോളം 
ഈ കര്‍മ്മ പഥത്തിലൂടെ യാത്ര ചെയ്യണം.


ആദ്യം മനുഷ്യാവകാശ ലങ്ഘനങ്ങളുടെയും 
പിന്നെ ധ്വംസനങ്ങളുടെയും മൃദു ശബ്ദം കേള്‍ക്കാം .
പിന്നീടവ ഖരവും ഘനഗംഭീരവും ആവാം .
ഒരുപക്ഷെ നിങ്ങളുടെ ശബ്ദവും കേള്‍ക്കാനാവും .


പിന്നെപ്പിന്നെ പോലീസ്  ജീപ്പിന്റെയും ,
ചാടിയിറങ്ങുന്ന പോലീസിന്റെ കുളമ്പടി ശബ്ദവും കേള്‍ക്കാം .
ലാത്തികള്‍ വീശുന്നതിന്റെയും ,
ചുഴറ്റി എറിയുന്നതിന്റെയും ശബ്ദം കേള്‍ക്കാം .
ഇവിടം മുതല്‍ നിങ്ങളുടെ ശബ്ദം നിശബ്ദമാവും .


ജയിലുകള്‍ തുറക്കുന്നതിന്റെയും ,
ഇരമ്പി അടയുന്നതിന്റെയും ശബ്ദം കേള്‍ക്കാം. 
ജയിലഴികള്‍ പിടിച്ചുകുലുക്കുന്നതിന്റെയും ,
പിന്നെ ഇരുമ്പഴികളിലൂടെ കൈകള്‍ 
ഒഴുകിയിറങ്ങുന്നതിന്റെയും ശബ്ദം കേള്‍ക്കാം .
അതൊരുപക്ഷേ നിങ്ങളുടെയോ ,
നിങ്ങളുടെ പക്ഷക്കാരുടെയോ ശബ്ദമാവാം.


എല്ലാം കഴിഞ്ഞു പുറത്തുവരുമ്പോള്‍ 
നിങ്ങള്‍ പകര്‍ത്തെഴുതപ്പെട്ട പുസ്തകം പോലെയാവും. 
നിങ്ങള്‍ കമ്പ്യുട്ടറിലെ ഒരു കാന്തപാളി മാത്രമാവും. 
ആര്‍ക്കും ആക്ടിവേറ്റ് ചെയ്യാവുന്ന ,
എല്ലാം നഷ്ടപ്പെട്ട ഒരു സോഷ്യല്‍ ഇനാക്ടിവിസ്റ്റ് .

സി. ടി. വില്യം            
  

Thursday, January 27, 2011

കേരള സാഹിത്യ അക്കാദമിയില്‍ സാംസ്കാരിക അടിയന്തിരാവസ്ഥ?

കേരള സാഹിത്യ അക്കാദമിയില്‍ സാംസ്കാരിക അടിയന്തിരാവസ്ഥ ?

കേരള സാഹിത്യ അക്കാദമിയുടെ നിര്‍വ്വാഹക സമിതി ആവശ്യപ്പെട്ടതനുസരിച്ച് സി. ടി. വില്യം എഴുതിയ പ്രൊഫ . എന്‍ .കെ. ശേഷന്റെ ജീവചരിത്രത്തിലെ മൂന്നാം അദ്ധ്യായം വെട്ടി മാറ്റിയതെന്തുകൊണ്ട്‌ ? സോഷ്യലിസ്റ്റ് ആയ ശേഷനെ സംബന്ധിച്ച് എം. പി. വീരേന്ദ്രകുമാര്‍ എഴുതിയ അവതാരിക ഒഴിവാക്കപ്പെട്ടതെന്തുകൊണ്ട് ? പ്രൊഫ . എന്‍ .കെ. ശേഷന്റെ ജീവചരിത്രത്തിനുണ്ടായ അവഗണനകള്‍ ഗ്രന്ഥ കര്‍ത്താവായ സി. ടി. വില്യം തുറന്നെഴുതുന്നു ...... "വെട്ടിമാറ്റിയത് കൈപ്പത്തിയോ ? സത്യമോ ?"  മാതൃഭൂമി   പുതിയ ലക്കം നമ്പര്‍  47  ആഴ്ച്ചപ്പതിപ്പില്‍ ....വായിക്കുക .....പ്രതികരിക്കുക ........

സി. ടി. വില്യം 

Monday, January 17, 2011

ആരാണ് ഈ പാവം ഭക്തരെ കൊന്നത് ?

സ്വാമിയെ ശരണമയ്യപ്പാ ......
ശബരി മല ! അയ്യപ്പ സന്നിധാനം !
വ്രത ശുദ്ധിയുടെ പുണ്യം തേടി ഇവിടെയെത്തുന്ന ഭക്തരുടെ ആത്മാവില്‍ അയ്യപ്പ ശരണാഗ്നിയുടെ ദിവ്യ ജ്യോതി കൊളുത്തുന്ന ശ്രീകോവില്‍ !


വര്‍ഷത്തില്‍ നാല് മാസം  മാത്രം ;  കൃത്യമായി പറഞ്ഞാല്‍ നൂറ്റിഇരുപത്തേഴു ദിവസത്തെ ശരണം വിളി കേള്‍ക്കുമ്പോള്‍ ക്ഷേത്ര ഭണ്ടാരത്തില്‍ ആറായിരം കോടിയുടെ മണിക്കിലുക്കം !
ഇതാണ് ശബരി മലയുടെ ഭക്തി ശാസ്ത്രവും അര്‍ത്ഥശാസ്ത്രവും .


ഭക്തര്‍ വ്രതം തെറ്റി മല ചവിട്ടിയാല്‍  പുലി പിടിക്കുമെന്ന് പഴയ വിശ്വാസം .
ഭക്തര്‍ വ്രതം നോറ്റ് മല ചവിട്ടിയാല്‍ സര്‍ക്കാര്‍ പിടിക്കുമെന്ന് പുതിയ വിശ്വാസം . ഇതാണ് ശബരി മലയില്‍ ഓരോ ശരണ വര്‍ഷവും സംഭവിക്കുന്നത്‌ .


ക്ഷേത്ര ഭണ്ടാരം കേള്‍ക്കാത്ത മരണത്തിന്റെ മണിക്കിലുക്കം അനവരതം തുടരുകയാണ് . ഈ ശരണ വര്‍ഷം മരണത്തിന്റെ നൂറ്റി രണ്ട് മണിക്കിലുക്കമുണ്ടായെന്നു  ഔദ്യോഗിക പ്രഖ്യാപനം . 


ഇവിടെ വ്രതം നോറ്റ അയ്യപ്പ ഭക്ത്തന്മാരെ കൊന്നത് പുലികളല്ല ; സര്‍ക്കാരാണ് . ശരണ വഴികളില്‍ പതിയിരുന്നു സര്‍ക്കാര്‍ കൊന്നതാണിവരെ . 


ഓരോ വര്‍ഷവും ശബരി മല ഉള്‍കൊള്ളാവുന്നതിനേക്കാള്‍ ഭക്ത്തരെ ഉള്‍കൊള്ളുന്നു . ഇവര്‍ക്ക് മരണ ഭയമില്ലാതെ ശരണം വിളിക്കാനുള്ള സൗകര്യം കൊടുക്കേണ്ട സര്‍ക്കാര്‍ അത് ചെയ്യുന്നില്ല . ഓരോ ശരണ വര്‍ഷവും സര്‍ക്കാര്‍ ഇതില്‍ പരാജയപ്പെടുന്നു . മറ്റു പദ്ധതികളെപോലെ ശബരി മല വികസനത്തിന് പണക്കുറവല്ല പ്രശ്നം; പണക്കൂടുതലാണ് പ്രശ്നം .


മകര ജ്യോതി താനേ പ്രഭവും നിഷ്പ്രഭവും ആകേണ്ടത് വിശ്വാസത്തിന്റെയോ അന്ധവിസ്വാസത്തിന്റെയോ ആവശ്യമാണ്‌ . അതങ്ങനെ തന്നെ നിലനില്‍ക്കട്ടെ . എന്നാല്‍ നൂറ്റിഇരുപത്തേഴു ദിവസം കൊണ്ട് ആറായിരം കോടി നിക്ഷേപിക്കാനെത്തുന്ന ഈ ഭക്ത നിക്ഷേപകരോട് നീതി പുലര്‍ത്തേണ്ടത് മൌലികാവകാശത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പരിധിയില്‍ വരുന്ന പ്രശ്നമാണ് . 


മരണമടഞ്ഞ ഈ ഭക്ത നിക്ഷേപകര്‍ക്ക് അഞ്ചു ലക്ഷം കൊടുത്താലും പത്തു ലക്ഷം കൊടുത്താലും ശബരി മലയുടെ ആറായിരം കോടി തീരില്ല . ശബരി മല അപ്പോഴും ലാഭത്തില്‍ തന്നെ നില്‍ക്കും . അതുകൊണ്ട് ഭക്ത നിക്ഷേപകരുടെ ജീവന്റെ സംരക്ഷണം ഏറ്റെടുക്കുന്നതിലായിരിക്കണം ശബരി മലയുടെ നിക്ഷേപ സൌഹൃദ കാഴ്ച്ചപ്പാട് .സി. ടി. വില്യം .

Friday, January 14, 2011

മലയാള ഭാഷയ്ക്ക്‌ ക്ലാസ്സിക്കല്‍ പദവി - വാര്‍ത്താപരിചയം .

ഇന്ന് ജനുവരി 14 വെള്ളിയാഴ്ച . മലയാളത്തിന് ക്ലാസിക്കല്‍ പദവി ആവശ്യപ്പെട്ടുകൊണ്ട് മലയാളത്തിന്റെ ജ്ഞാനപീഠം ഒ.എന്‍ .വി . കുറുപ്പ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് നിവേദനം കൊടുത്തതിന്റെ വാര്‍ത്ത പ്രസിദ്ധീകരിച്ച സുദിനം . പതിവുപോലെ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി .


ദി ഹിന്ദു എന്ന ഇംഗ്ലീഷ് പത്രത്തിന്റെ ഒന്നാം പേജില്‍ നാല്  കോളം വാര്‍ത്ത പ്രസിദ്ധീകരിച്ചു . ദി ഹിന്ദു വിന്റെ ലേഖകനും മുഖ്യ പത്രാധിപര്‍ ശ്രി . എന്‍ . റാമിനും അഭിനന്ദനങ്ങള്‍. 


മലയാളത്തിന്റെ ദേശീയ പത്രമായ മാതൃഭൂമിയുടെ പതിനഞ്ചാം പേജില്‍ വിനോദ വാര്‍ത്തകളോടൊപ്പം അഞ്ചു സെന്ടീമീട്ടര്‍ കോളം വാര്‍ത്ത പ്രയാസപ്പെട്ട് പ്രസിദ്ധീകരിച്ച് കണ്ടു . മാതൃഭൂമി ലേഖകനോടും പത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍ ശ്രി. എം . പി . വീരേന്ദ്ര കുമാറിനോടും എന്ത് പറയാന്‍ ? എങ്കിലും അഭിനന്ദനങള്‍ ; കാരണം ചരമ കോളത്തില്‍ വാര്‍ത്ത പ്രസിധീകരിച്ചില്ലല്ലോ .


കെ. ജി. ബാലകൃഷ്ണന്‍ വിവാദം മാതൃഭൂമിയുടെ ഒന്നാം പേജില്‍ സ്ഥാനം പിടിച്ചിരുന്നു . എന്നാല്‍ ഇതേ വാര്‍ത്ത ദി ഹിന്ദുവിന്റെ പതിനഞ്ചാം പേജിലേക്ക് മാറ്റിയിട്ടു . ഇതാണ് യഥാര്‍ത്ഥ പത്രധര്‍മ്മം . യഥാര്‍ത്ഥ പത്രത്തിന്റെ ശക്തിയും . 


ഇത്തരം വിവേചനവും വിവേകവുമാണ് പത്രത്തിനും പത്രപ്രവര്‍ത്തകര്‍ക്കും വേണ്ടതെന്നു പറയാതിരിക്കാന്‍ വയ്യ . 


പത്ര വായനക്കാര്‍ക്ക് വേണ്ടി പരസ്യ കമ്പനികള്‍ പെയ്തു തകര്‍ക്കുന്ന സമ്മാന മഴ അപ്പോഴും മാതൃഭൂമിയുടെ ഒന്നാം പേജില്‍ തകര്‍ത്ത് പെയ്യുകയായിരുന്നു . പതിവുപോലെ . മലയാള ഭാഷയ്ക്ക്‌ വേണ്ടി ഒരു ദിവസമെങ്കിലും ആ സ്ഥാനത്ത് സമ്മാന മഴ മാറ്റി ഭാഷയെ സ്ഥാപിക്കാമായിരുന്നു. 


വാല്‍കഷണം : പത്രം വായിക്കുന്ന ആപല്‍കരമായ കര്‍മ്മം നിര്‍വ്വഹിക്കുന്ന വായനക്കാരുടെ ആത്മരക്ഷക്കുവേണ്ടി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്ന പത്രം ഇതും ഇതില്‍ അധികവും ചെയ്യും . മലയാള ഭാഷയെ വിറ്റുകിട്ടുന്ന കാശിന്റെ ഒരു ശതമാനം സ്ഥലത്തെങ്കിലും മലയാള ഭാഷയെ പ്രതിഷ്ടിച്ച് ആദരിക്കാമായിരുന്നു.


സി. ടി. വില്യം 

Thursday, January 13, 2011

ഈ നീതിദേവതയുടെ കണ്ണ് കെട്ടീത്‌ പിന്നെന്തിനാ ..? ങ്ങള് ..പറപ്പ .....

അയ്യങ്കാളിയെ പോലെ , അംബേദ്‌കരെ പോലെ , ഗാന്ധിജിയെ പോലെ ചുരുങ്ങിയ പക്ഷം തന്നെ പോലെ ഒരാളാവട്ടെ എന്ന് വിചാരിച്ചാണ് കോട്ടയം ജില്ലയിലെ ഉഴവൂര്‍ ഗ്രാമത്തിലെ കോച്ചേരില്‍ രാമന്‍ നാരായണന്‍ ഇങ്ങനെ ചെയ്തത് . എന്നിട്ടിപ്പോ എന്തായി .


കാര്യങ്ങള്‍ ഓഹരി പോലെ , ബോഫോഴ്സ് പോലെ , പാമോലിന്‍ പോലെ ...എന്തിന് ലാവലിന്‍ പോലെയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ . 


റഷ്യന്‍ ചാര രാജാക്കന്മാരെ ഓര്‍മിപ്പിക്കുമാറ് ശ്രി .കെ .ജി . ബാലകൃഷ്ണന്‍ (കെ. ജി. ബി. ) എന്ന സുപ്രീം കോടതി നീതിമാന്‍ എത്തിപ്പെടുക എന്ന് പറഞ്ഞാല്‍ ഇതെന്തൊരു ഗതികേടാണ് .


"ഈ നീതിമാന്റെ രക്ത ത്തില്‍ പങ്കില്ല " എന്ന് പറഞ്ഞ് ഇന്ത്യദേശത്തെ കറുത്ത കോട്ടിട്ട പീലാത്തോസുമാരെല്ലാം കൈ കഴുകി . ഏറ്റവും ഒടുവില്‍ വെളുത്ത കോട്ടിട്ട അഴിക്കോട് മാഷും " ഉപ്പില്‍ ഉപ്പില്ലെന്ന്" പറഞ്ഞ് കൈ കഴുകി . 


അല്ല , ഇതിനുമാത്രം ...പ്പ ....വിടെ ...ന്താ ...ണ്ടായേ ...?...വ്ടെ ...ണ്ടായതല്ലേ...ണ്ടായുള്ളൂ. അപ്പ... മുമ്പ് ...ണ്ടായതൊന്നും...ണ്ടായതല്ലേ .....ങ്ങള് ...പോ ...മാഷേ .....


ത്തിരി .....ഞായം പറഞ്ഞൂന്നു വിചാരിച്ച് ....ത്തിരി വാങ്ങീന്നും...കൂട്ടിക്കോ ....ത്പ്പ ...ത്ര ...കാര്യാക്കാനുണ്ടോ ?


അല്ല ...ഈ ..കോട്ടിട്ട് പറഞ്ഞോരൊക്കെ പുണ്യാളന്മാരാന്ന വിചാരം ....ന്നാ...കേട്ടോ ...അങ്ങനല്ല .


അല്ലെങ്ങെ ...ങ്ങള് ...പറ ....എനക്ക് ...അറിയാണ്ട് ചോദിക്കാ .....


ഈ നീതിദേവതയുടെ കണ്ണ് കെട്ടീത്‌ പിന്നെന്തിനാ ..? ങ്ങള് ..പറപ്പ .....

വാല്‍ കഷണം : ഇന്ത്യ ദേശത്തെ മുഴുവന്‍ പേരുടെയും മനുഷ്യാവകാശ സംരക്ഷണവും ഏറ്റെടുക്കുന്ന ഈ മനുഷ്യാവകാശ കസേര മനുഷ്യന്റെ മനുഷ്യാവകാശം ആര്‍ സംരക്ഷിക്കും . അയാള്‍ തന്നെയോ ?
സി . ടി. വില്യം  

Monday, January 10, 2011

നമുക്ക് മലയാളി ആണ്‍കുട്ടികളുടെ സിനിമകള്‍ക് വേണ്ടി കാത്തിരിക്കാം

ലോക സിനിമയോട് താരതമ്യം നടത്തുമ്പോള്‍ മലയാള സിനിമയുടെ പ്രയാണപഥം പറയത്തക്ക വിജയപ്രഥമായിരുന്നെന്നു പറയുക വയ്യ .


ആദ്യമൊക്കെ സാധാരണക്കാരന്റെ ഹൃദയ ഭാഷയിലെഴുതിയ , അക്ഷരാര്‍ഥത്തില്‍ അഭ്രകാവ്യങ്ങള്‍ തന്നെ ആയിരുന്നു നമ്മുടെ ആദ്യകാല സിനിമകള്‍ .


പിന്നീട് ഇടതുപക്ഷ ആശയങ്ങള്‍ സിനിമ മാധ്യമത്തിന്റെ ഒരു ചെറിയ പങ്ക് കീഴടക്കുകയായിരുന്നു . കീഴടക്കലിന്റെ ഈ സിനിമാനിലപാട് കാലാനുസൃതമായ രൂപഭാവങ്ങള്‍ക്ക്  വിധേയമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു .


ഇതിനിടെ നമ്മുടെ സിനിമ മദ്ധ്യവര്‍ഗ്ഗത്തിന്റെ ഉപഭോഗ ഉത്പന്നമായി ഉരുത്തിരിഞ്ഞുവന്നു . കലയും കച്ചവടവും വിദഗ്ദമായി സങ്കലനം നടത്തിയ ജനപ്രിയ സിനിമകള്‍ അങ്ങനെ ഉണ്ടായതാണ് . 


സിനിമയുടെ സജീവമായ ഈ മൂന്ന് കൈവഴികളിലും നാം മാറാതെ , മാറ്റാതെ കൊണ്ടുനടന്ന ഒന്നുണ്ട് . അതെന്നും നമുക്ക് പ്രിയപ്പെട്ട താരങ്ങളായിരുന്നു . ഈ താരങ്ങളെല്ലാം തന്നെ മലയാള സിനിമയിലെ നിത്യ ഹരിത വസന്തങ്ങളായി നിലകൊള്ളുന്നു .


സത്യനും, പ്രേംനസീറും, ഷീലയും, ജയഭാരതിയും ഇങ്ങനെ ഒരിക്കലും മായാത്ത വസന്തം തീര്‍ത്തവരായിരുന്നു . ഇപ്പോളിതാ അവരുടെ സ്ഥാനത്ത് മമ്മുട്ടിയും, മോഹന്‍ലാലും, സുരേഷ്  ഗോപിയും പ്രതിഷ്ടിക്കപെട്ടിരിക്കുന്നു  . കാലം ചെന്നപ്പോള്‍ മലയാളി പെണ്‍കുട്ടികള്‍ അവരവരുടെ കഴിവ് തെളിയിച്ചു എന്നത് എടുത്തുപറയേണ്ടത് തന്നെ. അവര്‍ പഴയ വിഗ്രഹങ്ങളെ മാറ്റി സ്ഥാപിച്ചു . എന്നാല്‍ മലയാളി ആണ്‍കുട്ടികള്‍ ഈ വിഗ്രഹങ്ങളെ ആരാധിച്ചുകഴിയുകയാണ് . കാലം ഈ വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ നമ്മുടെ ആണ്‍കുട്ടികളെ പോലെ മരവിച്ചു നില്‍ക്കുന്നു .


എന്തിനും വഴങ്ങി കൊടുക്കാത്ത നമ്മള്‍ മലയാളികള്‍ ഈ നിത്യ ഹരിത വസന്ത താരങ്ങള്‍ക്ക് വഴങ്ങുകയും കീഴടങ്ങുകയും അവരുടെ നാട്യ രസ തന്ത്രത്തിന്‌ നാം നമ്മെ ത്തന്നെ അടിമകളാക്കുകയും ചെയ്യുന്നു . അങ്ങനെ അവര്‍ മലയാള സിനിമയിലെ വല്യ തമ്പ്രാക്കളും നമ്മള്‍ അടിമകളുമായി . മലയാള സിനിമയുടെ യഥാര്‍ത്ഥ പ്രതിസന്ധിയും ഇതാണ് .


നമുക്ക് ഈ വല്യതമ്പ്രാക്കളെ തമ്പ്രാക്കള്‍ ആയി തന്നെ മാറ്റിനിര്‍ത്തുക; പുതിയ കൊച്ചു തമ്പ്രാക്കളെ സ്വാഗതം ചെയ്യാന്‍ . എന്നിട്ട് നമുക്ക് അടിമകള്‍ ആവാതിരിക്കാം .


അപ്പോള്‍ മാത്രമാണ് പുതിയ സിനിമകള്‍ രൂപപ്പെടുക . പുതിയ ആസ്വാദനവും. നമുക്ക് പുതിയ ജീവനുള്ള മലയാളി ആണ്‍കുട്ടികളുടെ സിനിമകള്‍ക് വേണ്ടി കാത്തിരിക്കാം .

സി. ടി . വില്യം          

Wednesday, January 5, 2011

ശ്രീ . കാവാലം ശ്രീകുമാര്‍ ലജ്ജിച്ചു തല താഴ്ത്തുക ..

ഞാന്‍  ശുദ്ധ സംഗീതത്തിന്റെ ഒരാരാധകനാണ് . അത്യാവശ്യം പാടുകയും ചെയ്യും . സ്വര-രാഗ-താള-ലയ ബോധമുള്ള ആളുമാണ് . എന്നെ ശാസ്ത്രീയ സംഗീതത്തിന്റെ വ്യാകരണം പഠിപ്പിച്ചത് പരേതനായ വിദ്വാന്‍ കെ .കെ. രാമപ്രസാദ്‌ ആണ് . ഒരു കാഥികന്‍ കൂടിയായ അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് ഞാനിന്നും ഓര്‍ക്കുന്നു . ഭൂമിയില്‍ സംഗീതം മരിച്ചാല്‍ അദ്ദേഹത്തിനു പുല കുളിക്കാനുള്ള ബന്ധം ഉണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്  . ഏതാണ്ട് അത്തരം ഒരു ബന്ധം എനിക്കും സംഗീതത്തിനോട് ഉണ്ട് .


ശാസ്ത്രീയ സംഗീതത്തിന്റെ ശുദ്ധ സംസ്കൃതിയോടൊപ്പം മലയാണ്മയുടെ നാടന്‍ ശീലുകള്‍ ചേര്‍ത്ത്‌ അതീവ ഹൃദ്യമായി സംഗീതത്തെ ആവിഷ്കരിക്കാന്‍ കഴിവുള്ള ഒരു അപൂര്‍വ്വ പ്രതിഭയാണ് ശ്രി . കാവാലം ശ്രീകുമാര്‍ . ആ സംഗീത പ്രതിഭയുടെ മുന്നില്‍ തല കുനിച്ചു കൊണ്ടുതന്നെ ഇതെഴുതുന്നു .


2011 ജനുവരി 3   ന്‌ സൂര്യ ടി വി യുടെ സംഗീത മഹാ യുദ്ധം എന്ന പരിപാടിയില്‍ ശ്രീ . കാവാലം ശ്രീകുമാറും ജോര്‍ജ്  പീടറും അവതരിപ്പിച്ച "ഫ്യുഷന്‍ " എന്നെ അങ്ങേയറ്റം വേദനിപ്പിച്ചു . ഈ ഫ്യുഷനിലെ ശ്രീ. കാവാലം ശ്രീകുമാറിന്റെ ട്രാക്ക് മാത്രമെടുത്താല്‍ കുറച്ചുദൂരം വരെ സന്ഗീതമുണ്ടായിരുന്നെന്നു പറയാം . ശ്രീ. ജോര്‍ജ്  പീടറിന്റെ സ്ഥിതി ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെ . എന്നാല്‍ പകുതിക്ക് ശേഷം ഇവ ഫ്യുസു ചെയ്തപ്പോള്‍ സംഗീതത്തിന്റെ ഫ്യുസാണ് പോയത് .


സാധാരണ ഗതിയില്‍ ഫ്യുസു കത്തിപോകുമ്പോള്‍ ഉണ്ടാകാറുള്ള "കരിയും" "പൊഹയും" പോലെയായിപ്പോയി ഈ ഫ്യുഷന്‍ . ഇങ്ങനെ ഒരു ഗതികേടില്‍ ഈ ഫ്യുഷന്‍ എത്തിയെന്ന നഗ്നസത്യം ഇതിന്റെ ഫ്യുസു കത്തിച്ച രണ്ടു പേര്‍ക്കും അറിയാമെന്ന യാഥാര്‍ത്ഥ്യം ഞാനും പ്രേക്ഷകരും  മനസ്സിലാക്കുന്നു . 


കാശിനും മാധ്യമാകര്‍ഷണത്തിനും വേണ്ടി എന്ത് കൊപ്രാട്ടിയും കാണിക്കാം . പക്ഷെ ശ്രീ . കാവാലം ശ്രീകുമാറിന് അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല . 


ഈ ഫ്യുഷന്‍ തൃശ്ശൂര്‍ക്കാരുടെ  മദ്യപാന സദസ്സുകളെ ഓര്‍മിപ്പിക്കുന്നു . ഇതുപോലെയോ ഇതിനേക്കാള്‍ നന്നായോ അവര്‍ പാടാറുണ്ട് . ശ്രീ . കാവാലം ശ്രീകുമാറിന് സംഗീതത്തിനോടു ആദരവ് ഉണ്ടെങ്കില്‍ ലജ്ജിച്ചു തല താഴ്ത്തുക .സി . ടി . വില്യം     

Monday, January 3, 2011

സ്ത്രീകളുടെ വിളര്‍ച്ചക്കും കുട്ടികളുടെ ഭാരക്കുറവിനും അത്യുത്തമം.

ഏതൊരു ഭുപ്രദേശത്തിന്റെയും സാംസ്കാരികവും ജൈവവൈവിധ്യപരവുമായ പൈതൃകത്തെ കാത്തുസംരക്ഷിക്കണമെന്നത് ആധുനിക മനുഷ്യ സമൂഹത്തിന്റെ നിയമ പുസ്തകത്തില്‍ പ്രഥമ നിയമമായിത്തന്നെ രേഖപ്പെടുത്തിവച്ചിട്ടുണ്ട് .


ആഗോള താപനില അതിഭയാനകമായ രീതിയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും , ഓസോണ്‍ പാളികള്‍ പോളിഞ്ഞുകൊണ്ടിരിക്കുകയും , ഭുമിയിലെ സര്‍വ്വ ജല - വായു - ജീവ ജാലങ്ങളെല്ലാം അപ്രത്യക്ഷ്മായികൊണ്ടിരിക്കുകയും ചെയ്യുന്ന ഭീകരമായ സാഹചര്യത്തിലാണ്  ഇവിടുത്തെ കമ്മ്യുനിസ്റ്റുകള്‍ ഒരു കോണ്ഗ്രസ് മുഖേന കോണ്‍ഗ്രസ്സുകാരായി മാറിയതും ജൈവവൈവിധ്യത്തിന് എതിരായി നില്‍ക്കുന്നതും . 


ഇതിനെ കമ്മ്യുനിസ്ടുകളുടെ അപജയമെന്നോ അവര്‍ കോണ്‍ഗ്രസ്സുകാരായതിന്റെ വിജയമെന്നോ സൗകര്യം പോലെ പറയാവുന്നതാണ് . 


നരവംശ ശാസ്ത്രവും  സാമൂഹ്യ ശാസ്ത്രവും കൃഷിശാസ്ത്രവും നന്നായി പഠിച്ച് അതിനെ സാമ്പത്തിക ശാസ്ത്രവുമായി സമന്വയിപ്പിച്ച് കാറല്‍ മാര്‍ക്സ് രൂപപ്പെടുത്തിയെടുത്തതാണ്‌  കമ്മ്യുണിസം . എന്നാല്‍ ഇങ്ങനെ രൂപം കൊണ്ട കമ്മ്യുണിസവും അതിനുശേഷം ഭൂമിയിലുണ്ടായ അതിനൂതന ശാസ്ത്രങ്ങളൊന്നും തന്നെ പഠിക്കാതെയാണ് ഇവിടുത്തെ കമ്മ്യുനിസ്റ്റുകള്‍ ജനിതക സാങ്കേതികത നമ്മുടെ തനതു കാര്‍ഷിക മേഖലയെ താമസ്കരിക്കും വിധം പ്രയോഗിക്കണമെന്ന അന്തിമ വിധി പ്രഖ്യാപനം നടത്തിയിരിക്കുന്നത് .


നമ്മുടെ ജൈവവൈവിധ്യം സംരക്ഷിക്കണമെന്നും പരിരക്ഷിക്കണമെന്നും ഇന്നലെ പ്രഖ്യാപിച്ചവര്‍ ഇന്ന് ആഗോള ജനിതക കോര്‍പ്പറേട്ടുകളെ സംരക്ഷിക്കുന്നതും പരിരക്ഷിക്കുന്നതും ഏത് കമ്മ്യുണിസ്റ്റ് പ്രത്യയ ശാസ്ത്രം വച്ചാണാവോ ? 


ഈ നയ പ്രഖ്യാപനത്തിലൂടെ നമ്മുടെ സ്ത്രീകളുടെ വിളര്‍ച്ചയും കുട്ടികളുടെ ഭാരക്കുറവും പരിഹരിക്കാമെന്നാണ് നമ്മുടെ കമ്മ്യുണിസ്റ്റ് കോണ്‍ഗ്രസ്സുകാര്‍ അവകാശപ്പെടുന്നത് . ഇതിന്റെ  ഏറ്റവും സമീപത്തുള്ള അര്‍ഥം ; എന്റൊസള്‍ഫാന്‍ പോലുള്ള ജീവനാശിനികള്‍ പ്രയോഗിക്കാമെന്നും , മനുഷ്യന്റെ കരളും വൃക്കയും ഇല്ലാതാകുന്ന തരത്തിലുള്ള ജനിതക സാങ്കേതിക വിദ്യാജന്യമായ വിത്തുകളും വിളകളും ഉത്പാദിപ്പിച്ച് മാനവ രാശിയെ കൂട്ടക്കൊല നടത്താമെന്നുമാണ് .


തൊഴിലാളി വര്‍ഗം അസ്തമിച്ചപ്പോള്‍ കോര്‍പ്പറററ്  വര്‍ഗത്തെ അടിസ്ഥാനമാക്കുമ്പോള്‍ ഉണ്ടാവുന്നത് ഒരിക്കലും കമ്മ്യുനിസമാവില്ല ; മറിച്ച് ക്യാപ്പിറ്റലിസം ആയിരിക്കും എന്ന സത്യം ഇവിടുത്തെ കമ്മ്യുനിസ്റ്റുകള്‍ മനസിലാക്കിയാല്‍ നന്ന് .

വാല്‍ കഷണം : ജനിതക സാങ്കേതിക വിദ്യ കൊണ്ട് പുഷ്ടിപ്പെടുത്താവുന്ന വിത്തുകളല്ല , ലാവ്ലിനും , ലോട്ടറിയും , കണ്ണൂരും , മൊബൈല്‍ കേട്ടെഴുത്തും , ഭൂമാഫിയയും , നിയമന തട്ടിപ്പും .

സി .ടി . വില്യം