Monday, January 3, 2011

സ്ത്രീകളുടെ വിളര്‍ച്ചക്കും കുട്ടികളുടെ ഭാരക്കുറവിനും അത്യുത്തമം.

ഏതൊരു ഭുപ്രദേശത്തിന്റെയും സാംസ്കാരികവും ജൈവവൈവിധ്യപരവുമായ പൈതൃകത്തെ കാത്തുസംരക്ഷിക്കണമെന്നത് ആധുനിക മനുഷ്യ സമൂഹത്തിന്റെ നിയമ പുസ്തകത്തില്‍ പ്രഥമ നിയമമായിത്തന്നെ രേഖപ്പെടുത്തിവച്ചിട്ടുണ്ട് .


ആഗോള താപനില അതിഭയാനകമായ രീതിയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും , ഓസോണ്‍ പാളികള്‍ പോളിഞ്ഞുകൊണ്ടിരിക്കുകയും , ഭുമിയിലെ സര്‍വ്വ ജല - വായു - ജീവ ജാലങ്ങളെല്ലാം അപ്രത്യക്ഷ്മായികൊണ്ടിരിക്കുകയും ചെയ്യുന്ന ഭീകരമായ സാഹചര്യത്തിലാണ്  ഇവിടുത്തെ കമ്മ്യുനിസ്റ്റുകള്‍ ഒരു കോണ്ഗ്രസ് മുഖേന കോണ്‍ഗ്രസ്സുകാരായി മാറിയതും ജൈവവൈവിധ്യത്തിന് എതിരായി നില്‍ക്കുന്നതും . 


ഇതിനെ കമ്മ്യുനിസ്ടുകളുടെ അപജയമെന്നോ അവര്‍ കോണ്‍ഗ്രസ്സുകാരായതിന്റെ വിജയമെന്നോ സൗകര്യം പോലെ പറയാവുന്നതാണ് . 


നരവംശ ശാസ്ത്രവും  സാമൂഹ്യ ശാസ്ത്രവും കൃഷിശാസ്ത്രവും നന്നായി പഠിച്ച് അതിനെ സാമ്പത്തിക ശാസ്ത്രവുമായി സമന്വയിപ്പിച്ച് കാറല്‍ മാര്‍ക്സ് രൂപപ്പെടുത്തിയെടുത്തതാണ്‌  കമ്മ്യുണിസം . എന്നാല്‍ ഇങ്ങനെ രൂപം കൊണ്ട കമ്മ്യുണിസവും അതിനുശേഷം ഭൂമിയിലുണ്ടായ അതിനൂതന ശാസ്ത്രങ്ങളൊന്നും തന്നെ പഠിക്കാതെയാണ് ഇവിടുത്തെ കമ്മ്യുനിസ്റ്റുകള്‍ ജനിതക സാങ്കേതികത നമ്മുടെ തനതു കാര്‍ഷിക മേഖലയെ താമസ്കരിക്കും വിധം പ്രയോഗിക്കണമെന്ന അന്തിമ വിധി പ്രഖ്യാപനം നടത്തിയിരിക്കുന്നത് .


നമ്മുടെ ജൈവവൈവിധ്യം സംരക്ഷിക്കണമെന്നും പരിരക്ഷിക്കണമെന്നും ഇന്നലെ പ്രഖ്യാപിച്ചവര്‍ ഇന്ന് ആഗോള ജനിതക കോര്‍പ്പറേട്ടുകളെ സംരക്ഷിക്കുന്നതും പരിരക്ഷിക്കുന്നതും ഏത് കമ്മ്യുണിസ്റ്റ് പ്രത്യയ ശാസ്ത്രം വച്ചാണാവോ ? 


ഈ നയ പ്രഖ്യാപനത്തിലൂടെ നമ്മുടെ സ്ത്രീകളുടെ വിളര്‍ച്ചയും കുട്ടികളുടെ ഭാരക്കുറവും പരിഹരിക്കാമെന്നാണ് നമ്മുടെ കമ്മ്യുണിസ്റ്റ് കോണ്‍ഗ്രസ്സുകാര്‍ അവകാശപ്പെടുന്നത് . ഇതിന്റെ  ഏറ്റവും സമീപത്തുള്ള അര്‍ഥം ; എന്റൊസള്‍ഫാന്‍ പോലുള്ള ജീവനാശിനികള്‍ പ്രയോഗിക്കാമെന്നും , മനുഷ്യന്റെ കരളും വൃക്കയും ഇല്ലാതാകുന്ന തരത്തിലുള്ള ജനിതക സാങ്കേതിക വിദ്യാജന്യമായ വിത്തുകളും വിളകളും ഉത്പാദിപ്പിച്ച് മാനവ രാശിയെ കൂട്ടക്കൊല നടത്താമെന്നുമാണ് .


തൊഴിലാളി വര്‍ഗം അസ്തമിച്ചപ്പോള്‍ കോര്‍പ്പറററ്  വര്‍ഗത്തെ അടിസ്ഥാനമാക്കുമ്പോള്‍ ഉണ്ടാവുന്നത് ഒരിക്കലും കമ്മ്യുനിസമാവില്ല ; മറിച്ച് ക്യാപ്പിറ്റലിസം ആയിരിക്കും എന്ന സത്യം ഇവിടുത്തെ കമ്മ്യുനിസ്റ്റുകള്‍ മനസിലാക്കിയാല്‍ നന്ന് .

വാല്‍ കഷണം : ജനിതക സാങ്കേതിക വിദ്യ കൊണ്ട് പുഷ്ടിപ്പെടുത്താവുന്ന വിത്തുകളല്ല , ലാവ്ലിനും , ലോട്ടറിയും , കണ്ണൂരും , മൊബൈല്‍ കേട്ടെഴുത്തും , ഭൂമാഫിയയും , നിയമന തട്ടിപ്പും .

സി .ടി . വില്യം           

No comments:

Post a Comment