Friday, January 14, 2011

മലയാള ഭാഷയ്ക്ക്‌ ക്ലാസ്സിക്കല്‍ പദവി - വാര്‍ത്താപരിചയം .

ഇന്ന് ജനുവരി 14 വെള്ളിയാഴ്ച . മലയാളത്തിന് ക്ലാസിക്കല്‍ പദവി ആവശ്യപ്പെട്ടുകൊണ്ട് മലയാളത്തിന്റെ ജ്ഞാനപീഠം ഒ.എന്‍ .വി . കുറുപ്പ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് നിവേദനം കൊടുത്തതിന്റെ വാര്‍ത്ത പ്രസിദ്ധീകരിച്ച സുദിനം . പതിവുപോലെ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി .


ദി ഹിന്ദു എന്ന ഇംഗ്ലീഷ് പത്രത്തിന്റെ ഒന്നാം പേജില്‍ നാല്  കോളം വാര്‍ത്ത പ്രസിദ്ധീകരിച്ചു . ദി ഹിന്ദു വിന്റെ ലേഖകനും മുഖ്യ പത്രാധിപര്‍ ശ്രി . എന്‍ . റാമിനും അഭിനന്ദനങ്ങള്‍. 


മലയാളത്തിന്റെ ദേശീയ പത്രമായ മാതൃഭൂമിയുടെ പതിനഞ്ചാം പേജില്‍ വിനോദ വാര്‍ത്തകളോടൊപ്പം അഞ്ചു സെന്ടീമീട്ടര്‍ കോളം വാര്‍ത്ത പ്രയാസപ്പെട്ട് പ്രസിദ്ധീകരിച്ച് കണ്ടു . മാതൃഭൂമി ലേഖകനോടും പത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍ ശ്രി. എം . പി . വീരേന്ദ്ര കുമാറിനോടും എന്ത് പറയാന്‍ ? എങ്കിലും അഭിനന്ദനങള്‍ ; കാരണം ചരമ കോളത്തില്‍ വാര്‍ത്ത പ്രസിധീകരിച്ചില്ലല്ലോ .


കെ. ജി. ബാലകൃഷ്ണന്‍ വിവാദം മാതൃഭൂമിയുടെ ഒന്നാം പേജില്‍ സ്ഥാനം പിടിച്ചിരുന്നു . എന്നാല്‍ ഇതേ വാര്‍ത്ത ദി ഹിന്ദുവിന്റെ പതിനഞ്ചാം പേജിലേക്ക് മാറ്റിയിട്ടു . ഇതാണ് യഥാര്‍ത്ഥ പത്രധര്‍മ്മം . യഥാര്‍ത്ഥ പത്രത്തിന്റെ ശക്തിയും . 


ഇത്തരം വിവേചനവും വിവേകവുമാണ് പത്രത്തിനും പത്രപ്രവര്‍ത്തകര്‍ക്കും വേണ്ടതെന്നു പറയാതിരിക്കാന്‍ വയ്യ . 


പത്ര വായനക്കാര്‍ക്ക് വേണ്ടി പരസ്യ കമ്പനികള്‍ പെയ്തു തകര്‍ക്കുന്ന സമ്മാന മഴ അപ്പോഴും മാതൃഭൂമിയുടെ ഒന്നാം പേജില്‍ തകര്‍ത്ത് പെയ്യുകയായിരുന്നു . പതിവുപോലെ . മലയാള ഭാഷയ്ക്ക്‌ വേണ്ടി ഒരു ദിവസമെങ്കിലും ആ സ്ഥാനത്ത് സമ്മാന മഴ മാറ്റി ഭാഷയെ സ്ഥാപിക്കാമായിരുന്നു. 


വാല്‍കഷണം : പത്രം വായിക്കുന്ന ആപല്‍കരമായ കര്‍മ്മം നിര്‍വ്വഹിക്കുന്ന വായനക്കാരുടെ ആത്മരക്ഷക്കുവേണ്ടി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്ന പത്രം ഇതും ഇതില്‍ അധികവും ചെയ്യും . മലയാള ഭാഷയെ വിറ്റുകിട്ടുന്ന കാശിന്റെ ഒരു ശതമാനം സ്ഥലത്തെങ്കിലും മലയാള ഭാഷയെ പ്രതിഷ്ടിച്ച് ആദരിക്കാമായിരുന്നു.


സി. ടി. വില്യം 

No comments:

Post a Comment