കവിത
എം. ആര്‍. ഐ. സ്കാനും ഞാനും .
നിങ്ങള്‍ ഭൂമിയിലെ രാജാക്കന്മാരോ
രാജാക്കന്മാരുടെ രാജാക്കന്മാരോ ആവാം .
നിങ്ങള്‍ ഭരണപക്ഷമോ, പ്രതിപക്ഷമോ,
ജനപക്ഷമോ അതിതീവ്രപക്ഷമോ ആവാം .
എന്നാല്‍ ഇവിടെ ഒരു പക്ഷമേ ഉള്ളൂ ;
ഈ നീലയുടുപ്പണിയുന്നവരുടെ പക്ഷം.
ഇത് എം. ആര്‍. ഐ. സ്കാനിന്റെ മാത്രം പക്ഷം .
ഇത് ഒരു കലാപത്തിന്റെ നേര്‍ക്കാഴ്ച .
നിങ്ങളെപോലെയുള്ള സോഷ്യല്‍ ആക്ടിവിസ്റ്റും
ഈ നീലയുടുപ്പുതന്നെ അണിയണം .
എന്നിട്ട് തന്റെ കര്‍മ്മബോധത്തെ അറിയുവോളം
ഈ കര്‍മ്മ പഥത്തിലൂടെ യാത്ര ചെയ്യണം.
ആദ്യം മനുഷ്യാവകാശ ലങ്ഘനങ്ങളുടെയും
പിന്നെ ധ്വംസനങ്ങളുടെയും മൃദു ശബ്ദം കേള്‍ക്കാം .
പിന്നീടവ ഖരവും ഘനഗംഭീരവും ആവാം .
ഒരുപക്ഷെ നിങ്ങളുടെ ശബ്ദവും കേള്‍ക്കാനാവും .
പിന്നെപ്പിന്നെ പോലീസ് ജീപ്പിന്റെയും ,
ചാടിയിറങ്ങുന്ന പോലീസിന്റെ കുളമ്പടി ശബ്ദവും കേള്‍ക്കാം .
ലാത്തികള്‍ വീശുന്നതിന്റെയും ,
ചുഴറ്റി എറിയുന്നതിന്റെയും ശബ്ദം കേള്‍ക്കാം .
ഇവിടം മുതല്‍ നിങ്ങളുടെ ശബ്ദം നിശബ്ദമാവും .
ജയിലുകള്‍ തുറക്കുന്നതിന്റെയും ,
ഇരമ്പി അടയുന്നതിന്റെയും ശബ്ദം കേള്‍ക്കാം.
ജയിലഴികള്‍ പിടിച്ചുകുലുക്കുന്നതിന്റെയും ,
പിന്നെ ഇരുമ്പഴികളിലൂടെ കൈകള്‍
ഒഴുകിയിറങ്ങുന്നതിന്റെയും ശബ്ദം കേള്‍ക്കാം .
അതൊരുപക്ഷേ നിങ്ങളുടെയോ ,
നിങ്ങളുടെ പക്ഷക്കാരുടെയോ ശബ്ദമാവാം.
എല്ലാം കഴിഞ്ഞു പുറത്തുവരുമ്പോള്‍
നിങ്ങള്‍ പകര്‍ത്തെഴുതപ്പെട്ട പുസ്തകം പോലെയാവും.
നിങ്ങള്‍ കമ്പ്യുട്ടറിലെ ഒരു കാന്തപാളി മാത്രമാവും.
ആര്‍ക്കും ആക്ടിവേറ്റ് ചെയ്യാവുന്ന ,
എല്ലാം നഷ്ടപ്പെട്ട ഒരു സോഷ്യല്‍ ഇനാക്ടിവിസ്റ്റ് .
സി. ടി. വില്യം
No comments:
Post a Comment