Monday, January 10, 2011

നമുക്ക് മലയാളി ആണ്‍കുട്ടികളുടെ സിനിമകള്‍ക് വേണ്ടി കാത്തിരിക്കാം

ലോക സിനിമയോട് താരതമ്യം നടത്തുമ്പോള്‍ മലയാള സിനിമയുടെ പ്രയാണപഥം പറയത്തക്ക വിജയപ്രഥമായിരുന്നെന്നു പറയുക വയ്യ .


ആദ്യമൊക്കെ സാധാരണക്കാരന്റെ ഹൃദയ ഭാഷയിലെഴുതിയ , അക്ഷരാര്‍ഥത്തില്‍ അഭ്രകാവ്യങ്ങള്‍ തന്നെ ആയിരുന്നു നമ്മുടെ ആദ്യകാല സിനിമകള്‍ .


പിന്നീട് ഇടതുപക്ഷ ആശയങ്ങള്‍ സിനിമ മാധ്യമത്തിന്റെ ഒരു ചെറിയ പങ്ക് കീഴടക്കുകയായിരുന്നു . കീഴടക്കലിന്റെ ഈ സിനിമാനിലപാട് കാലാനുസൃതമായ രൂപഭാവങ്ങള്‍ക്ക്  വിധേയമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു .


ഇതിനിടെ നമ്മുടെ സിനിമ മദ്ധ്യവര്‍ഗ്ഗത്തിന്റെ ഉപഭോഗ ഉത്പന്നമായി ഉരുത്തിരിഞ്ഞുവന്നു . കലയും കച്ചവടവും വിദഗ്ദമായി സങ്കലനം നടത്തിയ ജനപ്രിയ സിനിമകള്‍ അങ്ങനെ ഉണ്ടായതാണ് . 


സിനിമയുടെ സജീവമായ ഈ മൂന്ന് കൈവഴികളിലും നാം മാറാതെ , മാറ്റാതെ കൊണ്ടുനടന്ന ഒന്നുണ്ട് . അതെന്നും നമുക്ക് പ്രിയപ്പെട്ട താരങ്ങളായിരുന്നു . ഈ താരങ്ങളെല്ലാം തന്നെ മലയാള സിനിമയിലെ നിത്യ ഹരിത വസന്തങ്ങളായി നിലകൊള്ളുന്നു .


സത്യനും, പ്രേംനസീറും, ഷീലയും, ജയഭാരതിയും ഇങ്ങനെ ഒരിക്കലും മായാത്ത വസന്തം തീര്‍ത്തവരായിരുന്നു . ഇപ്പോളിതാ അവരുടെ സ്ഥാനത്ത് മമ്മുട്ടിയും, മോഹന്‍ലാലും, സുരേഷ്  ഗോപിയും പ്രതിഷ്ടിക്കപെട്ടിരിക്കുന്നു  . കാലം ചെന്നപ്പോള്‍ മലയാളി പെണ്‍കുട്ടികള്‍ അവരവരുടെ കഴിവ് തെളിയിച്ചു എന്നത് എടുത്തുപറയേണ്ടത് തന്നെ. അവര്‍ പഴയ വിഗ്രഹങ്ങളെ മാറ്റി സ്ഥാപിച്ചു . എന്നാല്‍ മലയാളി ആണ്‍കുട്ടികള്‍ ഈ വിഗ്രഹങ്ങളെ ആരാധിച്ചുകഴിയുകയാണ് . കാലം ഈ വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ നമ്മുടെ ആണ്‍കുട്ടികളെ പോലെ മരവിച്ചു നില്‍ക്കുന്നു .


എന്തിനും വഴങ്ങി കൊടുക്കാത്ത നമ്മള്‍ മലയാളികള്‍ ഈ നിത്യ ഹരിത വസന്ത താരങ്ങള്‍ക്ക് വഴങ്ങുകയും കീഴടങ്ങുകയും അവരുടെ നാട്യ രസ തന്ത്രത്തിന്‌ നാം നമ്മെ ത്തന്നെ അടിമകളാക്കുകയും ചെയ്യുന്നു . അങ്ങനെ അവര്‍ മലയാള സിനിമയിലെ വല്യ തമ്പ്രാക്കളും നമ്മള്‍ അടിമകളുമായി . മലയാള സിനിമയുടെ യഥാര്‍ത്ഥ പ്രതിസന്ധിയും ഇതാണ് .


നമുക്ക് ഈ വല്യതമ്പ്രാക്കളെ തമ്പ്രാക്കള്‍ ആയി തന്നെ മാറ്റിനിര്‍ത്തുക; പുതിയ കൊച്ചു തമ്പ്രാക്കളെ സ്വാഗതം ചെയ്യാന്‍ . എന്നിട്ട് നമുക്ക് അടിമകള്‍ ആവാതിരിക്കാം .


അപ്പോള്‍ മാത്രമാണ് പുതിയ സിനിമകള്‍ രൂപപ്പെടുക . പുതിയ ആസ്വാദനവും. നമുക്ക് പുതിയ ജീവനുള്ള മലയാളി ആണ്‍കുട്ടികളുടെ സിനിമകള്‍ക് വേണ്ടി കാത്തിരിക്കാം .

സി. ടി . വില്യം          

No comments:

Post a Comment