Saturday, November 4, 2017

രക്തക്കുഴലുകളിലെ സ്റ്റെന്റ് കൊള്ളാവുന്നതോ?കൊള്ളയോ??


ഹൃദയാഘാതം തടയാന്‍ രക്തോട്ടത്തിനു തടസ്സം സൃഷ്ടിക്കുന്ന രക്തക്കുഴലുകളില്‍ സ്റ്റെന്റ് (Stent) ഇടുന്നതുകൊണ്ട് കാര്യമായ പ്രയോജനമില്ലെന്ന് ഗവേഷണം തെളിയിക്കുന്നു. ഹൃദയത്തിന്‍റെ മറവില്‍ ഹൃദയമില്ലാത്ത ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും സ്റ്റെന്റ് കൊള്ള അവസാനിക്കുമോ?

50000 രൂപ മുതല്‍ ലക്ഷത്തിനപ്പുറം വിലയുള്ള സ്റ്റെന്റുകളാണ് ഇന്ന് ആശുപത്രികളില്‍ വിറ്റഴിക്കുന്നത്. നിസ്സാരമായ നെഞ്ചുവേദന അനുഭവപ്പെട്ടു വരുന്ന ലക്ഷക്കണക്കിന്നു രോഗികളിലാണ് ആശുപത്രിക്കാര്‍ ഇത്തരത്തില്‍ സ്റ്റെന്റുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഈ സ്റ്റെന്റുകള്‍ക്കൊന്നും തന്നെ നെഞ്ചുവേദനയെ സ്ഥിരമായി പിടിച്ചുനിര്‍ത്താനായില്ലെന്ന് ഗവേഷണം സ്ഥിരീകരിക്കുന്നു. രോഗികള്‍ക്കുണ്ടാവുന്ന ആശ്വാസം പലപ്പോഴും തങ്ങള്‍ക്ക് എന്തോ ശാസ്ത്രീയമായ ഒരു ചികിത്സ ലഭിച്ചുവെന്ന മനശാസ്ത്രപരമായ ആശ്വാസമാണെന്നും ഗവേഷണം വിലയിരുത്തുന്നു. 

മിഷിഗണ്‍ സര്‍വ്വകലാശാലയിലെ കാര്‍ഡിയോളജിസ്റ്റായ ഡോ. ബ്രഹ്മാജി .കെ. നല്ലമൊത്തു, ബോസ്റ്റണ്‍ സര്‍വ്വകലാശാലയിലെ കാര്‍ഡിയോളജിസ്റ്റായ ഡോ. വില്യം .ഇ. ബോഡെന്‍, സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ കാര്‍ഡിയോളജിസ്റ്റായ ഡോ. ഡേവിഡ് മാരോണ്‍ എന്നിവര്‍ വിപ്ലവാത്മകമായ ഈ ഗവേഷണ ഫലത്തെ വലിയ അതിശയത്തോടെയാണ് വിലയിരുത്തുന്നത്. എന്നാല്‍ രക്തക്കുഴലിലെ ശക്തമായ തടസ്സങ്ങള്‍ക്ക് സ്റ്റെന്റ് പ്രയോഗം ഗുണം ചെയ്യുമെന്നും ഡോ. ഡേവിഡ് മാരോണ്‍ അഭിപ്രായപ്പെടുന്നുണ്ട്.

ലണ്ടനിലെ ഇമ്പീരിയല്‍ കോളജിലെ കാര്‍ഡിയോളജിസ്റ്റായ ഡോ. ജസ്റ്റിന്‍ .ഇ.ഡേവീസ്സാണ് ഇരുന്നൂറു രോഗികളിലായി ഈ ഗവേഷണം നടത്തിയത്. രക്തക്കുഴലുകളില്‍ തടസ്സവുമായി നെഞ്ചുവേദന അനുഭവപ്പെട്ടുവന്ന ഈ രോഗികളെ രണ്ടു ഗ്രൂപ്പുകളായാണ് പരീക്ഷണം നടത്തിയത്.

രണ്ടു ഗ്രൂപ്പുകളിലും നെഞ്ചുവേദനക്കും സാധാരണ രക്തക്കുഴലുകളിലെ തടസ്സം നീക്കാനുമായുള്ള മരുന്നുകളായ ആസ്പ്രിന്‍, സ്റ്റാറ്റിന്‍, രക്തസമ്മര്‍ദ്ദം ക്രമീകരിക്കുന്നതിനുള്ള മരുന്നുകള്‍ കൂടാതെ അനുബന്ധ ചികിത്സകളും നല്‍കി. ഒരു ഗ്രൂപ്പില്‍ മാത്രം സ്റ്റെന്റ് നിക്ഷേപിച്ചതായി രോഗികളെ അനുഭവിപ്പിക്കുന്ന തരത്തില്‍ ശാസ്ത്രീയമായി ബോധ്യപ്പെടുത്തുകയും ചെയ്തു. ആറാഴ്ചയോളം ഈ ഗവേഷണം തുടര്‍ന്നു. മറ്റൊരു ഗ്രൂപ്പില്‍ സ്റ്റെന്റ് കൃത്യമായും യഥാര്‍ത്ഥമായും നിക്ഷേപിക്കുകയും ചെയ്തു.

ആറാഴ്ചക്കുശേഷം രണ്ടു ഗ്രൂപ്പിലേയും രോഗികളെ വിദഗ്ദമായി പരീക്ഷിച്ചതില്‍ നിന്ന് മനസ്സിലാക്കാനായത് രോഗികളെല്ലാം തന്നെ ഒരുപോലെ സുഖം പ്രാപിച്ചതായാണ്. സ്റ്റെന്റ് യഥാര്‍ത്ഥത്തില്‍ നിക്ഷേപിച്ച രോഗികളുടേയും സ്റ്റെന്റ് നിക്ഷേപിച്ചുവെന്ന് എന്ന് തോന്നല്‍ വരുത്തിയ രോഗികളുടേയും രോഗശമനാവസ്ഥയില്‍ തമ്മില്‍ യാതൊരുവിധ വ്യത്യാസവും ഗവേഷണ ഫലത്തില്‍ കാണാനായില്ല. അതായത് സ്റ്റെന്റ് പ്രയോഗം കൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായില്ലെന്നുതന്നെയാണ് ഗവേഷണം സ്ഥിരീകരിച്ചത്. സ്റ്റെന്റ് നിക്ഷേപിക്കപ്പെടുന്ന രോഗികള്‍ക്കുണ്ടാവുന്ന ആശ്വാസം പലപ്പോഴും തങ്ങള്‍ക്ക് എന്തോ ശാസ്ത്രീയമായ ഒരു ചികിത്സ ലഭിച്ചുവെന്ന തോന്നലില്‍ നിന്നുണ്ടാവുന്ന മനശാസ്ത്രപരമായ ആശ്വാസമാണെന്നും ഗവേഷണം സ്ഥിരീകരിക്കുന്നു.

വിപ്ലവാത്മകമായ ഈ ഗവേഷണത്തെ സ്വാഗതം ചെയ്തുകൊണ്ട് വാഷിംഗ്ടണ്‍ സര്‍വ്വകലാശാലയിലെ ഡോ. ഡേവിഡ്.എല്‍.ബ്രൌണ്‍ പറഞ്ഞത്, ഹൃദ്രോഗ ചികിത്സാ സമ്പ്രദായങ്ങള്‍ കാര്യമായിത്തന്നെ പുതുക്കിപ്പണിയണമെന്നാണ് .
സാരമായ നെഞ്ചുവേദന അനുഭവപ്പെടുമ്പോഴേക്കും അതിനുള്ള മരുന്നുകള്‍ കഴിക്കാതെ, സ്റ്റെന്റ് നിക്ഷേപിക്കുന്നത് ആപല്‍ക്കരമാണെന്നും മരണം പോലും ക്ഷണിച്ചുവരുത്തുമെന്നും കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഡോ. റിത്ത .എഫ്. റെഡ് ബെര്‍ഗ് മുന്നറിയിപ്പ് തരുന്നുണ്ട്.

1990 കളിലാണ് സ്റ്റെന്റ് പ്രയോഗം ആരംഭിച്ചതെങ്കിലും സ്റ്റെന്റുകളുടെ കാര്യക്ഷമതയെ കുറിച്ച് കാര്യമായ പഠനങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ 2007 ല്‍ ബോസ്റ്റണ്‍ സര്‍വ്വകലാശാലയിലെ കാര്‍ഡിയോളജിസ്റ്റായ ഡോ. വില്യം .ഇ. ബോഡെന്‍ നടത്തിയ ഒരു ഗവേഷണം സ്റ്റെന്റുകള്‍ കാര്യക്ഷമമല്ലെന്ന് കണ്ടെത്തിയിരുന്നു.

ഹൃദയം മാംസപേശികളുള്ള ഒരു അവയവമാണ്. കൃത്യമായ രക്തോട്ടം ലഭിച്ചില്ലെങ്കില്‍ ഹൃദയ പേശികളില്‍ വേദന അനുഭവപ്പെടുക സ്വാഭാവികം മാത്രമാണെന്നും ഗവേഷകര്‍ പറയുന്നു. രക്തക്കുഴലുകള്‍ അടയുന്നതും തുറക്കുന്നതും സ്വാഭാവികമാണ്. ഒരു രക്തക്കുഴലിന് മാത്രം സ്റ്റെന്റ് ഇട്ടതുകൊണ്ട് പ്രയോജനമില്ല. കാരണം, ഭാവിയില്‍ മറ്റൊരു രക്തക്കുഴലായിരിക്കാം അടയുക. അതുകൊണ്ടുതന്നെ സ്റ്റെന്റുകള്‍ കാര്യമായ പ്രയോജനം ചെയ്യില്ല എന്നുതന്നെയാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

എന്തായാലും വിപ്ലവാത്മകമായ ഈ ഗവേഷണഫലം വൈദ്യശാസ്ത്രലോകം ഇനിയും അംഗീകരിച്ചിട്ടില്ല. കാരണം, സ്റ്റെന്റുകളുടെ കച്ചവടം അത്രമേല്‍ പൊടിപൊടിക്കുകയാണ് നമ്മുടെ ആശുപത്രികളില്‍. മനുഷ്യന് ജീവിക്കാനുള്ള കൊതിയുള്ളിടത്തോളം കാലം ഈ കച്ചവടം തിരുതകൃതിയായി തന്നെ നടക്കും. എന്നാലും അമേരിക്കയിലും മറ്റും രോഗികള്‍ നിസ്സാരമായ നെഞ്ചുവേദനകള്‍ക്ക് സ്റ്റെന്റുകള്‍ നിക്ഷേപിക്കുന്നത് ഉപേക്ഷിച്ചുതുടങ്ങിയെന്നാണ്  അറിയാന്‍ കഴിയുന്നത്‌.