Thursday, August 17, 2017

ഇന്ത്യയുടെ ജനസംഖ്യ എത്രയെന്ന് അറിയാത്ത പ്രധാനമന്ത്രിയാണോ നരേന്ദ്ര മോദി ?

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തോടു നടത്തിയ നാലാമത് സ്വാതന്ത്ര്യ ദിന പ്രസംഗമാണ് നാം മണിക്കൂറുകള്‍ക്കു മുമ്പ് കണ്ടതും കേട്ടതും. 2014 ല്‍ സമാരംഭിച്ച നല്ല നാളുകളില്‍ നിന്ന് (അച്ചേദിന്‍) 2022 ല്‍ സമാഗതമാവാനിരിക്കുന്ന നവ ഭാരതത്തിലേക്കുള്ള പ്രത്യാശയുടേയും പ്രതീക്ഷകളുടെയും പ്രസംഗമാണ് നരേന്ദ്ര മോദി 2017 ല്‍ ചെങ്കോട്ടയില്‍ നടത്തിയത്.

ഇന്ത്യയിലെ ജനങ്ങളില്‍ നിന്ന് ലഭിച്ച പതിനായിരത്തോളം നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് ഇക്കുറി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ ഒരു മണിക്കൂറോളം നീണ്ടുനിന്ന പ്രസംഗം രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. ഇന്ത്യയിലെ 125 കോടി ജനങ്ങളെ അഭിസംബോധന നടത്തിയാണ് പ്രധാനമന്ത്രി തന്‍റെ പ്രസംഗം ആരംഭിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പും തന്‍റെ പ്രധാനമന്ത്രി പദം ഉറപ്പുവരുത്തുമെന്ന വലിയ പ്രതീക്ഷയിലാണ് മോദി 2022 ല്‍ പിറക്കാനിരിക്കുന്ന നവഭാരതത്തെ ജനസമക്ഷം അവതരിപ്പിച്ചത്.

എന്നാല്‍ 9 കോടി, 42 ലക്ഷത്തി പതിനേഴായിരത്തി തൊള്ളായിരത്തി മുപ്പത് ഇന്ത്യക്കാരെ പ്രധാനമന്ത്രി തന്‍റെ പ്രസംഗത്തില്‍ അഭിസംബോധന ചെയ്യാന്‍ മറന്നുപോയി അല്ലെങ്കില്‍ സ്വാഗതം ചെയ്തില്ല എന്ന് വ്യസനസമേതം നമുക്ക് പറയേണ്ടിവരും. നിലവിലുള്ള കണക്കനുസരിച്ച് 2016 ല്‍ 132 കോടിയും 2017 ല്‍ 134 കോടിയുമാണ് ഇന്ത്യയുടെ ജനസംഖ്യ. കൃത്യമായി പറഞ്ഞാല്‍ 134,42,17,930. അതായത് 134 കോടി, 42 ലക്ഷം പതിനേഴായിരത്തി തൊള്ളായിരത്തി മുപ്പത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്ന 2014 ല്‍ പോലും ഇന്ത്യയുടെ ജനസംഖ്യ 127 കോടിയായിരുന്നു എന്നതാണ് സത്യം. പ്രധാനമന്ത്രി പറഞ്ഞ  125 കോടി ജനസംഖ്യയോട് ഏറെക്കുറെ അടുത്തുകിടക്കുന്ന കണക്ക് 2013 ലേതാണ്. 2013 ല്‍ ഇന്ത്യയുടെ ജനസംഖ്യ 126 കോടിയാണ്.

ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ നല്ല പരിജ്ഞാനവും കാഴ്ചപ്പാടും ദീര്‍ഘവീക്ഷണവുമുള്ള ഒരു പ്രധാനമന്ത്രിയില്‍ നിന്ന് വരരുതാത്ത തെറ്റാണ് വന്നുപോയത്. പൊതുവിജ്ഞാനത്തിന്റെ കാര്യത്തില്‍ നാലുവര്‍ഷം പിന്നോട്ടുപോയ ഒരു പ്രധാനമന്ത്രിക്ക് എങ്ങനെ ഒരു നവഭാരത സൃഷ്ടി നടത്താനാവുമെന്ന ആശങ്ക ജനത്തിനുണ്ടായെങ്കില്‍ അതില്‍ ന്യായമായും തെറ്റുപറയാനാവില്ല.

പ്രധാനമന്ത്രിയുടെ പെഴ്സണല്‍ സ്റ്റാഫില്‍ ആര്‍ക്കെങ്കിലും വന്നുപോയ പിഴവാകാം ഇതെങ്കിലും ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് ഈ പിഴവ് സംഭവിക്കാന്‍ പാടില്ലാത്തതാണ്. കാരണം അദ്ദേഹം 134 കോടി, 42 ലക്ഷം പതിനേഴായിരത്തി തൊള്ളായിരത്തി മുപ്പത് പേരടങ്ങുന്ന ഒരു ജനതയുടെ നേതാവാണ്‌.