Friday, May 24, 2013

സ്വർഗ്ഗീയനരകം -12
അബുദാബിയും വേഗത നഷ്ടപ്പെട്ട മാനുകളും .

ബര്‍ ദുബായിയില്‍ നിന്ന്‍ നടക്കാവുന്ന ദൂരമേ അല്‍ ഗുബൈബ ബസ്സ്‌ സ്റ്റാന്റിലേക്ക് .അല്‍ ഖലീജ് സെന്ററില്‍ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് പത്തോ പതിനഞ്ചോ മിനിറ്റ് നടന്നാല്‍ മതി ബസ്റ്റാന്റിലേക്ക് .നഗരമധ്യങ്ങളിലെ പ്രധാന വഴികള്‍ കഴിഞ്ഞ് ഉള്ളിലേക്ക് നടക്കുമ്പോള്‍ നമുക്ക് മനസ്സി ലാവും എല്ലാ നഗരങ്ങളും ഒരുപോലെയാണെന്ന് .നഗരമുഖം സമ്മാനി ക്കുന്നതൊന്നും തന്നെ ഉള്‍പ്രദേശങ്ങളില്‍ കാണാറില്ല .എല്ലാ രാജ്യങ്ങളി ലേയും സ്ഥിതി ഏതാണ്ട് ഇങ്ങനെതന്നയാണ് .നഗരങ്ങളെയാണ് ഭരണ കൂടങ്ങള്‍ മോടിപിടിപ്പിക്കുക .വികസന പദ്ധതികളെല്ലാം നഗരമുഖ ങ്ങളിലാണ് നടപ്പിലാവുക .ഉള്‍പ്രദേശങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും പ്രാരാബ്ധ ങ്ങളും ദുരിതങ്ങളും മാത്രം .

എന്‍റെ ഗള്‍ഫ് യാത്രയിലെവിടെയും ഞാന്‍ ഗ്രാമങ്ങള്‍ കണ്ടില്ല .പണ്ടു ണ്ടായിരുന്നെന്ന്‍ ദുബായിയിലെ ചരിത്ര മ്യുസിയങ്ങള്‍ സാക്ഷ്യം പറയു ന്നുണ്ട് .ചിലേടങ്ങളില്‍ അറബിഗ്രാമങ്ങള്‍ അതേപടി ചരിത്ര സ്മാരക ങ്ങളായി സംരക്ഷിച്ചുപോരുന്നുണ്ട് .എണ്ണപ്പണം ഒഴുകിയെത്തിയപ്പോള്‍ അറബ് ഭരണകൂടം അവിടങ്ങളിലെ സാധാരണക്കാരെ മുഴുവന്‍ മാറ്റി പാര്‍പ്പിച്ചു അന്തസ്സോടെ .ഒരേ മാതൃകയിലുള്ള കുറെ വീടുകള്‍ പണി കഴിപ്പിച്ച് കൊച്ചുകൊച്ചു കോളനികളുണ്ടാക്കി അവരെ അവിടെ താമസി പ്പിച്ചു .ഒരു അത്യാധുനിക ഹൌസിംഗ് കോളനി എന്ന്‍ പറയാം .ഗ്രാമ ങ്ങളെന്നൊന്നും ഈ മനുഷ്യാധിവാസഭൂമിയെ വിളിക്കാനാവില്ല .

ഞാനിപ്പോള്‍ നടന്നു പോയ്കൊണ്ടിരിക്കുന്നത് അല്‍ ഗുബൈബ ബസ്റ്റാന്റി ലെക്കുള്ള വഴിയിലൂടെയാണ് .ഒരു അങ്ങാടിതെരുവുവഴി പോലെയോ മീന്‍ചന്തവഴിപോലെയോ തോന്നിപ്പിക്കുന്ന വഴിയാണിത് .ദുബായിയിലെ പ്രധാന വഴികളിലെ വൃത്തിയും വെടിപ്പുമില്ല ഈ വഴികള്‍ക്ക് .സാമാന്യം കുടുസ്സായ വഴികള്‍ തന്നെ .വഴിയോരങ്ങളില്‍ എല്ലാ നഗരങ്ങളിലെയും പോലെ കട കമ്പോളങ്ങളും വെച്ചുവാണിഭങ്ങളും കാണാം .ബസ്റ്റാന്റിന്റെ പരിസരത്ത് കുറെ പ്രാവിന്‍കൂട്ടങ്ങള്‍ ധാന്യമണികള്‍ കൊത്തിത്തിന്നു ന്നതു കണ്ടു .കാക്കകളെയോ മറ്റു പക്ഷികളെയോ ഇവിടെ കാണാനായില്ല .

അല്‍ ഗുബൈബ ബസ്റ്റാന്റ് നമ്മുടെ ബസ്റ്റാന്റ് പോലെ ബസ്സുകളാലും  യാത്രക്കാരാലും തിരക്കുള്ള ഒരിടമായിരുന്നില്ല .അവിടവിടെ ചില ബസ്സുകള്‍ .അവിടവിടെ ചില യാത്രക്കാര്‍ .കൂടുതലും പ്രവാസികള്‍ .മലയാളികളാണ് കൂടുതലും .ബസ്സിലെ ഡ്രൈവറും കണ്ടക്ടറും മിക്ക വാറും മലയാളികള്‍ തന്നെ .അവിടെ അപ്പോള്‍ കിടന്നിരുന്ന ബസ്സു കളെല്ലാം ഷാര്‍ജയിലെക്കോ അബുദാബിയിലെക്കോ ഉള്ള ബസ്സുകളാ യിരുന്നു .ദുബായ് മെട്രോയിലും ബസ്സുകളിലും ഉപയോഗിക്കുന്ന സ്മാര്‍ട്ട് കാര്‍ഡുകള്‍ ഈ ബസ്സുകളില്‍ സ്വീകാര്യമല്ല .ഇവിടെ കൌണ്ടറില്‍ നിന്ന് ടിക്കറ്റുകള്‍ വാങ്ങുക തന്നെ വേണം .

ഞങ്ങള്‍ അബുദാബിയിലേക്കുള്ള ബസ്സില്‍ കയറി .ശീതീകരിച്ച ബസ്സായി രുന്നു അത് .ഏതാണ്ട് രണ്ടുമണിക്കൂര്‍ എടുക്കും അബുദാബിയിലെ ത്താന്‍ .ബസ്സ്‌ പൊയ്കൊണ്ടിരുന്നത് മിക്കവാറും മരുഭൂമിയിലൂടെ തന്നെ .ഇടയ്ക്കിടെ ചില കെട്ടിടങ്ങളും ഷോപ്പിംഗ്‌ മാളുകളും കണ്ടു .മരങ്ങളില്ല .മനുഷ്യരില്ല .മണല്‍ കടല്‍പോലെ പരന്നുകിടന്നു .മരുഭൂമിയെ കണ്ടു പേടിച്ച പ്രേതങ്ങളെപോലെ അവിടവിടെ മരുഭൂവൃക്ഷങ്ങള്‍ മിഴിച്ചു നിന്നു .ബസ്സിനകത്ത് വര്‍ത്തമാ നങ്ങളില്ല .ഉണങ്ങിയ മരച്ചില്ലകള്‍ പോലെ പ്രവാസികള്‍ ബസ്സിന്റെ സീറ്റു കളില്‍ ചാരിക്കിടന്നു .ഒന്നോ രണ്ടോ കുട്ടികള്‍ അവരുടെ മൊബൈല്‍ ഫോണു കളില്‍ വെടി പൊട്ടിച്ചു കളിച്ചുകൊണ്ടിരുന്നു .

അബുദാബി അടുക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി .കടലും എണ്ണപ്പാടങ്ങളും ദൃശ്യമായി .എണ്ണ ഖനന ശാലകളും കണ്ടുതുടങ്ങി .അവിടവിടെ മരങ്ങളും മനുഷ്യരും പ്രത്യക്ഷമായി .പിന്നെപ്പിന്നെ കെട്ടിടങ്ങള്‍ .കെട്ടിടക്കൂട്ടങ്ങള്‍ .പുല്ലും പൂവ്വും പാകിയ മരുഭൂയിടങ്ങള്‍ .ആകാശത്തോട് പകരം ചോദിക്കാന്‍ പറന്നുപോകുന്നതുപോലെ തോന്നും ചില കെട്ടിടങ്ങള്‍ കണ്ടാല്‍ .ബസ്സ്‌ നിന്നു .അബുദാബിയെത്തി .

ഗള്‍ഫിന്റെ മദ്ധ്യ പടിഞ്ഞാറുഭാഗത്ത് “T” എന്ന ആംഗലേയ അക്ഷര രൂപത്തില്‍ എണ്ണപ്പാടങ്ങളുടെ സമൃദ്ധിയില്‍ സ്ഥിതിചെയ്യുന്ന അബുദാബി യു എ ഇ യുടെ തലസ്ഥാന പദവി അലങ്കരിക്കുന്ന ഒരു എമിരേറ്റ്സ് ആണ് .ജനസംഖ്യ ഏക ദേശം ആറര ലക്ഷത്തോളം  വരുന്ന ഈ മരുഭൂ പ്രദേശം യു .എ .ഇ യുടെ മൊത്തം വരുമാനത്തിന്‍റെ പകുതിയിലധികവും സ്വരൂപിക്കുന്നു .

ഉയര്‍ന്ന ജീവിതച്ചെലവുള്ള അബുദാബി ലോകത്തിന്റെ തന്നെ ഭൂപടത്തില്‍ ശ്രദ്ധേയമായ സ്ഥാനം പിടിച്ചിരിക്കുന്നു .അതുകൊണ്ടുതന്നെ ലോകരാ ഷ്ട്രങ്ങളിലെ ഒട്ടുമിക്കവാറും കുത്തക കമ്പനികളുടെ വാണിജ്യ കേന്ദ്രങ്ങളാലും കോര്‍പ്പറേറ്റ് കെട്ടിടങ്ങളാലും  സമ്പന്നമാണ് അബുദാബി .വാസ്തുശി ല്പകലയാലും ഉയരത്താലും ലോകോത്തര ശ്രദ്ധ പിടിച്ചുപറ്റിയ കൂറ്റന്‍ കെട്ടിട ങ്ങളുണ്ടിവിടെ .എണ്ണയുടെയും പ്രക്രുതി വാതകത്തിന്റെയും വറ്റാത്ത ഉറവയുണ്ടെങ്കിലും ദീര്‍ഘദൃഷ്ടിയോടെ ലോക സമ്പദ് വ്യാപാര മേഖലയിലും വിനോദസഞ്ചാര മേഖലയിലും വന്‍ നിക്ഷേപമാണ് അബുദാബി ഭരണകൂടം നടത്തുന്നത് .

അബുദാബി എന്നാല്‍ മാനുകളുടെ പിതാവ് എന്നത്രേ അര്‍ത്ഥം. പിതാവിന് അബു എന്നും മാനുകള്‍ക്ക് ദാബി എന്നും അറബ് മൊഴിമാറ്റം .അതിന്‍റെ കഥയിങ്ങനെ .പണ്ടിവിടെ ഒരുപാട് മാനുകളുണ്ടായിരുന്നത്രേ .അവയെ പിടിക്കാന്‍ ഒരാള്‍ പിറകെ പോയിരുന്നത്രേ .അയാള്‍ പിന്നീട് മാനുകളുടെ പിതാവ് എന്ന്‍ അറിയപ്പെട്ടുവെന്നും അങ്ങനെ അബുദാബി ഉണ്ടായെന്നും ഐതീഹ്യം .

ചിലേടങ്ങളില്‍ അബുദാബി ഉം ദാബി എന്നും അറിയപ്പെടുന്നുണ്ടത്രേ .മാനുകളുടെ മാതാവ് എന്ന ഐതീഹ്യ രൂപത്തില്‍ നിന്നാണത്രേ ഈ പേര് വന്നത് .ഉം എന്നാല്‍ മാതാവ് എന്നൊരു അറബ് മൊഴിമാറ്റവുമുണ്ട്‌ .ഇതുകൂടാതെ മില്‍ഹ് എന്നൊരു പേരുകൂടി ഉണ്ടത്രേ അബുദാബിക്ക്. മില്‍ഹ് എന്നാല്‍ ഉപ്പ് എന്നത്രേ അര്‍ത്ഥം .അബുദാബിയിലെ ചില പ്രദേശങ്ങളില്‍ “അ” ഉച്ചരിക്കാതെ ബുദാബി എന്നും അബുദാബിക്ക് ഒരു പേരുണ്ട് .

ക്രിസ്തുവിനുമുമ്പ് ഏകദേശം മുവ്വായിരം വര്‍ഷത്തെ പാരമ്പര്യം അവ കാശപ്പെടുന്ന അബുദാബി അല്‍ നാഹ്യന്‍ ഗോത്രവംശ കുടുംബമാണ് ഭരിച്ചുപോരുന്നത് .ഏതാണ്ട് 1930 കള്‍ വരെ കടലില്‍നിന്ന് മുത്തുവാരി വിറ്റും ജീവിച്ചും വരികയായിരുന്നു അബുദാബിക്കാര്‍ .കടല്‍ കൊള്ളക്കാരുടെ വലയില്‍ പെടാതെ ബ്രിട്ടീഷുകാര്‍ ഇന്ത്യയിലേക്ക് വന്നിരുന്നത് അബുദാബി വഴിയായിരുന്നു .1930 കളുടെ അവസാനത്തോടെയാണ് ഇവിടങ്ങളില്‍ എണ്ണ കണ്ടെത്തുന്നത് .പിന്നീടങ്ങോട്ട് വികസനത്തിന്റെ നാളുകളായിരുന്നു . അക്ഷരാര്‍ത്ഥത്തില്‍ മാനിന്റെ വേഗതയില്‍ തന്നെ .

യു .എ .ഇ യുടെ മൊത്തം കരഭൂമിയുടെ ഏകദേശം 90 ശതമാനം കരഭൂമിയും അബുദാബിയുടെതാണ് .സാരമായ ഹരിതഭൂമിയും കൃഷി ഭൂമിയുമുണ്ട് അബുദാബിയില്‍ .യു .എ .ഇ യുടെ പ്രസിഡന്റ് പദവിയും പട്ടാള മേധാവിയുടെ പദവിയും അബുദാബി രാജാവിന് അവകാശപ്പെട്ടതാണ് .20 മന്ത്രിമാരടങ്ങുന്ന സുപ്രീം കൌണ്‍സിലും 40 പേരടങ്ങുന്ന ഫെഡറല്‍ കൌണ്‍സിലും ചേര്‍ന്നാണ് യു .എ .ഇ യുടെ ഭരണം നിയന്ത്രിച്ചുപോരുന്നത് .ഈ കൌണ്‍സിലുകള്‍ തെരഞ്ഞെടുക്കുന്ന ഒരാളായിരിക്കും യു .എ .ഇ യുടെ പ്രധാനമന്ത്രി . 

തലസ്ഥാന നഗരിയുടെ തലയെടുപ്പുകൊണ്ടാവാം ,എണ്ണയൊഴുക്കിന്റെ പ്രതാപം കൊണ്ടാവാം അബുദാബിക്ക് മറ്റു എമിരേറ്റ്സുകളില്‍ നിന്ന്‍ വ്യതസ്തമായ ഒരു ഗര്‍വ്വും ഗാംഭീര്യവും പ്രകടമായിരുന്നു .അബുദാബി യിലെ പകലുകള്‍ക്കും രാത്രികള്‍ക്കും മറ്റു എമിരേറ്റ്സുകളെ അപേക്ഷിച്ച് ചിട്ടയും അച്ചടക്കവും കൂടുതലായിരുന്നു .പൊതു സ്ഥലങ്ങളിലും തെരുവു കളിലും ഹോട്ടലുകളിലും കട-കമ്പോളങ്ങളിലും അദൃശ്യമായ ഒരു നിയന്ത്രണ ത്തിന്റെ മേല്‍കോയ്മ അനുഭവപ്പെട്ടിരുന്നു .കയറൂരിവിട്ട ദുബായിയിലെ സുഖഭോഗങ്ങള്‍ എന്തായാലും കടിഞ്ഞാണിട്ട അബു ദാബിയില്‍ കിട്ടില്ല എന്ന്‍ ചുരുക്കി പറയാം .

ഡോ.സി.ടി.വില്യം

തുടരും 

എന്‍റെ ഏറ്റവും പുതിയ പുസ്തകം. ഇപ്പോള്‍ പുസ്തകശാലകളില്‍.

Friday, May 17, 2013

സ്വർഗ്ഗീയനരകം -11 (അവസാനഭാഗം)

  

അമ്മൂമയുടെ കഥ കേള്‍ക്കാന്‍ കൊതിക്കുന്ന കുട്ടി (തുടരുന്നു)

റേബ്യന്‍ നാടുകളുടെ സാംസ്കാരിക തലസ്ഥാനം എന്ന്‍ വിശേഷിപ്പിക്കുന്ന ഷാര്‍ജ ഗള്‍ഫിന്റെ കിഴക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്നു .അല്‍ കാസ്മി രാജവംശജര്‍ ഭരിച്ചുപോരുന്ന ഷാര്‍ജ കല സംസ്കാരം വിദ്യാഭ്യാസം എന്നീ മേഖലകളില്‍ മികച്ചുനില്‍ക്കുന്നു .അതിമനോഹരങ്ങളായ ബീച്ചുകളും കടല്‍ത്തീരങ്ങളും ഇവിടെ സമൃദ്ധമാണ് .2600 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഈ ഭൂപ്രദേശത്തെ ജനസംഖ്യ ഏകദേശം എട്ടു ലക്ഷത്തില്‍ പരം വരും .കൂടുതലും മലയാളികള്‍ തന്നെ .ദുബായിയേയും അബുദാബിയേയും താരതമ്യം ചെയ്യുമ്പോള്‍ അത്രക്ക് പ്രൌഡമൊ നിറപ്പകിട്ടാര്‍ന്നതൊ അല്ല ഷാര്‍ജ .`വൃത്തിയും വെടിപ്പും പൊതുവേ കുറവാണ് .ചില മാര്‍ക്കറ്റുകളും പരിസരങ്ങളും വളരെ വൃത്തികെട്ടതായി കാണപ്പെട്ടിരുന്നു .അവിടവിടെ യൂക്കാലി മരങ്ങളും ആര്യവേപ്പ് മരങ്ങളും പച്ച മറന്നതുപോലെ തൊലി ചുളിഞ്ഞുനിന്നിരുന്നു .

ഇവിടെ കാണുന്ന നിഷ്പ്രഭമായ കെട്ടിടങ്ങളും പാതിവഴിയില്‍ നിര്‍മ്മാണം ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളും ഗള്‍ഫിന്റെ ഇനിയും കാലുറക്കാത്ത സാമ്പത്തിക മാന്ദ്യം വിളിച്ചുപറയുന്നുണ്ട് .ഇവിടെ നിര്‍മ്മാണ മേഖലയില്‍ ജോലിയെടുക്കുന്ന കുറെ മലയാളി കരാറുകാരെ ഞാന്‍ പരിചയപ്പെടുകയുണ്ടായി .എല്ലാവര്‍ക്കും പറയാനുള്ളത് ഇനിയും കിട്ടാത്ത കരാര്‍ പണത്തെക്കുറിച്ചും കരാര്‍ ലംഘനങ്ങളെക്കുറിച്ചുമാണ് .

ഗള്‍ഫ് നാടുകളില്‍ കമ്പ്യുട്ടര്‍ വിപണന ശൃംഖല നടത്തുന്ന രാജേന്ദ്രന്‍ ഇങ്ങനെ പറയുന്നു ,”ഗള്‍ഫിന്റെ സാമ്പത്തിക കാലാവസ്ഥ വളരെ മോശമാണ് .കച്ചവടത്തിന്‍റെ പുതിയ അന്വേഷണങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും സാധ്യതകള്‍ കുറവാണ് .പണം ഉണ്ടാവുന്നില്ല .ഉണ്ടായ പണം ആരുംതന്നെ നിക്ഷേപിക്കുന്നുമില്ല .കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങള്‍ തെളിഞ്ഞുവരുന്നതിന്റെ പ്രത്യാശയിലാണ് ഞങ്ങളിപ്പോള്‍ .”

രാജേന്ദ്രന്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നത് ഗള്‍ഫിലെ ബിസ്സിനസ്സല്ല ,മറിച്ച് സ്വന്തം ബംഗ്ലാവിന്‍റെ മട്ടുപ്പാവിലെ പച്ചച്ച പൂന്തോട്ടമാണ് .ഇലകള്‍ വിരിയുന്നതും തളിര്‍ക്കുന്നതും പൂമൊട്ടുകള്‍ തലയുയര്‍ത്തുന്നതും അവ പൂവായി വിരിയുന്നതും നോക്കി മൌനിയായി കഴിയുന്നു .കേരളത്തിലെ ചില പ്രവാസി ബിസ്സിനസ്സ് സംരംഭങ്ങള്‍ പൂവണിയുന്നതും കാത്ത് രാജേന്ദ്രന്‍ സ്വന്തം പൂന്തോട്ടത്തിലെ പൂക്കളെനോക്കി കാലം കഴിക്കുന്നു .

അബുദാബിയില്‍ സേഫ്ടി ഓഫീസറായ ജിജോ കാപ്പനും അധികമൊന്നും പ്രതീക്ഷകളില്ലാതെ ഇവിടെ കഴിഞ്ഞുപോരുന്നു .ഷാര്‍ജയിലെ ജിജോ കാപ്പന്റെ ഫ്ലാറ്റിലെ അത്താഴവും മദ്യപാനവും അനുഭവോഷ്മളമായിരുന്നു .കപ്പന്റെ ഭാര്യ ഷാര്‍ജയില്‍ സ്കൂളില്‍ ടീച്ചറാണ് .നന്നായി ഇംഗ്ലീഷ് പറയുന്ന രണ്ട് കൊച്ചുകുട്ടികള്‍ .അവര്‍ താഴ്ന്ന ക്ലാസുകളില്‍ പഠിക്കുന്നു .പ്രൈമറി ക്ലാസില്‍ പഠിക്കുന്ന മൂത്തവന് ഷാര്‍ജയിലെ വിദ്യാഭ്യാസം മടുത്തുപോയിരിക്കുന്നു .നല്ല ബുദ്ധിയുള്ള കുട്ടി . ഭൂമിശാസ്ത്രമാണത്രേ അവന് ഏറ്റവും പ്രിയപ്പെട്ടത് .എല്ലാ ഭൂഖണ്ഡങ്ങളുടെയും രാജ്യങ്ങളുടെയും ഭൂമിശാസ്ത്രമറിയാം അവന് .അവനിപ്പോള്‍ ഷാര്‍ജ വിടണം .നാട്ടില്‍ അമ്മൂമയുടെ കഥകളും കേട്ട് നാട്ടില്‍ പഠിച്ചാല്‍ മതിയെന്ന ഒരേ നിര്‍ബന്ധം .അവന്റെ തലച്ചോറ് അലക്കി വെളുപ്പിക്കാന്‍ ജിജോയും ഭാര്യയും നന്നായി ശ്രമിച്ചു .പക്ഷെ ഫലമില്ല .അവന്‍ ഉറച്ചുതന്നെ നില്‍ക്കുന്നു .ഞാന്‍ ആ കുട്ടിയോട് സംസാരിച്ചു .നല്ല ബുദ്ധിയുള്ള പക്വതയുള്ള കുട്ടി .അവന്‍ ഷാര്‍ജയിലെ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നതായി എന്നെ അറിയിച്ചു .ജിജോയും ഭാര്യയും ആശങ്കയിലാണ് .എങ്കിലും അവനെ കേരളത്തില്‍ത്തന്നെ പഠിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് .ഈ കുട്ടിയുടെ ബുദ്ധിയെങ്കിലും നമ്മുടെ പ്രവാസികള്‍ക്ക് എന്നാണാവോ ഉണ്ടാവുക ?

മദ്യപാനം തെളിയിച്ചെടുത്ത ബോധാവസ്ഥയില്‍ ജിജോ കാപ്പന്‍ പറയുന്നു ,”ഇവിടെയൊന്നും രക്ഷയില്ല .പ്രതീക്ഷകളില്ല .സ്വന്തം നാട് തന്നെ അഭയം .എന്നാല്‍ ഞങ്ങളെപോലുള്ളവരെ പറ്റിക്കാന്‍ തക്കം നോക്കുന്നവരും ഉണ്ടവിടെ .ഈയ്യിടെയായി അവര്‍ ഇവിടെവന്നും പറ്റിക്കാന്‍ തുടങ്ങിയിരിക്കുന്നു .”

അടുത്തിടെ തൃശൂരിലെ ഒരു കുറിക്കമ്പനിക്കാരന്‍ കുറിയും ഓഹരിയും ചേര്‍ത്ത് പറ്റിച്ചുവത്രേ .അതില്‍ ദുഖിതനാണ് ജിജോ .തനിക്ക് ചെന്നുചേരാനുള്ള നാടിന്റെ ദുരവസ്ഥയില്‍ വേവലാതിയുമുണ്ട് ജിജോ കാപ്പന് .ജിജോ കാപ്പന്‍ മദ്യപിച്ചുകൊണ്ടെയിരുന്നു .ഷാര്‍ജ മടുത്ത ജിജോയുടെ കുട്ടി എന്നോടൊപ്പം സോഫയില്‍ ഉറങ്ങിക്കൊണ്ടിരുന്നു .

എന്നാല്‍ കഥകള്‍ ഉറങ്ങുകയായിരുന്നില്ല .ഷാര്‍ജയില്‍ അരിക്കച്ചവടക്കാരനായ രാജന്റെ കഥകള്‍ തികച്ചും വ്യത്യസ്തമായിരുന്നു .ഗള്‍ഫിന്റെ മുഴുവന്‍ കമ്പോളങ്ങളിലും അരി എത്തിക്കുന്നത് രാജനാണ് .രാജനും കുടുംബവും ഷാര്‍ജയിലുണ്ട് .രണ്ട് കുട്ടികള്‍ .ആണ്‍കുട്ടിയും പെണ്‍കുട്ടിയും .ഷാര്‍ജ സ്കൂള്‍ കലോത്സവങ്ങളില്‍ ഇവര്‍ സ്ഥിരം കലാപ്രതിഭയും കലാതിലകവുമാണ് .പ്രതിഭയും തിലകവും നാള്‍ക്കുനാള്‍ തെളിച്ചമേറിവരുന്നു .രാജനും ഭാര്യയും അതില്‍ സന്തോഷിക്കുന്നു .

ഗള്‍ഫിനെക്കുറിച്ച് പ്രതീക്ഷകളേറെയില്ലെന്ന് രാജനും പറയുന്നു .സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ അറബികള്‍ ഗുണ്ടാപിരിവും തുടങ്ങിയിരിക്കുന്നുവെന്ന് രാജന്റെ സാക്ഷ്യം .ഭരണത്തിലിരിക്കുന്ന അറബികളുടെ ആള്‍ക്കാര്‍ യാതൊരു മുന്നറിയിപ്പും കൂടാതെ കടകളില്‍ വന്ന് അതുമിതും പറഞ്ഞ് പണം പിരിക്കുന്നു .ഇവിടെ ചോദ്യങ്ങളില്ല .പോലീസില്ല .കോടതിയില്ല .നീതിന്യായമില്ല .

മലയാളികള്‍ നാട്ടിലെതുപോലെതന്നെ ഗള്‍ഫിലും പണിയെടുക്കാതായി .തൊഴുത്തില്‍കുത്തും കുതികാല്‍ വെട്ടും ഗള്‍ഫിലും തുടങ്ങിയിരിക്കുന്നു .രാജന്റെ കടയിലെ പാക്കിസ്ഥാനികളാണ് മിടുക്കര്‍ എന്ന് രാജന്‍ .അതുകൊണ്ട് മലയാളികളെ എല്ലാവരും ഒഴിവാക്കിവരുന്നു .സാമ്പത്തിക മാന്ദ്യവും തൊഴില്‍ രംഗത്തെ ഇത്തരം മാന്ദ്യവും കൂടിയായപ്പോള്‍ ഗള്‍ഫ് പുരോഗമിക്കാതായി .
രാജന്റെ ഫ്ലാറ്റ് ഒരു കലാക്ഷേത്രമാണ് .അകങ്ങള്‍ നിറയെ സംഗീതോപകരണങ്ങള്‍ .ഭിത്തികള്‍ നിറയെ കലാപ്രതിഭയും കലാതിലകവുമായ മക്കള്‍ നേടിക്കൊടുത്ത ട്രോഫികള്‍ ,മെഡലുകള്‍ ,ശില്പങ്ങള്‍ ,അവാര്‍ഡുകള്‍ ,സാക്ഷ്യപത്രങ്ങള്‍ .രാജന്‍ അഭിമാനപൂര്‍വ്വം മക്കളെ പരിചയപ്പെടുത്തി .പുരസ്കാരങ്ങളെയും .

ലളിതസുന്ദരമായ അത്താഴം കഴിക്കുമ്പോള്‍ രാജന്‍ വീണ്ടും വീണ്ടും മക്കളുടെ കലാരംഗത്തെ നേട്ടങ്ങളെക്കുറിച്ചുമാത്രം സംസാരിച്ചു .ഏറെ വിദ്യാഭ്യാസമില്ലാത്ത രാജന്‍ കേരളത്തിലെ പല നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രധാന നിക്ഷേപകനാണ് .രാജന്‍ കേരളത്തിലേക്ക് തിരിച്ചുവരാന്‍ ഉദ്യേശിക്കുന്ന നിക്ഷേപമേഖലയും അതായിരിക്കണം .

റാസല്‍ഖൈമ ബാങ്കില്‍ (RAK BANK)ജോലിയുള്ള ഉല്ലാസും ഭാര്യ ആനിയും എനിക്ക് നല്ല സുഹൃത്തുക്കളായിരുന്നു . ഗള്‍ഫ് മടുത്ത ഉല്ലാസ് നാട്ടിലേക്ക് യാത്ര തിരിക്കാനുള്ള തിരക്കിലാണ് .ഷാര്‍ജയിലെ ഫ്ലാറ്റില്‍ ഇപ്പോള്‍ ഒന്നുമില്ല .എല്ലാംതന്നെ ഡിസ്പോസ് ചെയ്തു .ഒരു കാറും ഒരു ചാരുകസാലയും മാത്രം ബാക്കി വച്ചിട്ടുണ്ട് .കാര്‍ ഏതാണ്ട് കച്ചവടം ഉറപ്പിച്ച മട്ടിലാണ് .ഇനി ബാങ്കിന്റെ കുറച്ച് ഫോര്‍മാലിറ്റികള്‍ മാത്രമേ ഉള്ളൂ .അതുകഴിഞ്ഞാല്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം അനുഭവിക്കാന്‍ കേരളത്തിലെത്താം .മക്കള്‍ക്കും ഭാര്യ ആനിക്കും വിഷമമുണ്ട് ഗള്‍ഫ് വിടാന്‍ .പക്ഷെ ഉല്ലാസിന് കേരളം തന്നെ സ്വര്‍ഗ്ഗം .എന്നും ഗള്‍ഫ് ഇഷ്ടപ്പെടുന്നവര്‍ അമ്മയും കുട്ടികളുമാണ് .അവര്‍ക്ക് പുരുഷന്‍ മരുഭൂമിയില്‍ ബലികൊടുക്കുന്നത് എന്താണെന്ന നിശ്ചയമില്ലല്ലോ .ഗള്‍ഫിലെ ഓരോ പ്രവാസപുരുഷന്റെയും ബലിയുടെ പെരുന്നാള്‍ ആഘോഷിക്കുന്നവരാണ് അമ്മമാരും കുട്ടികളും .ഉല്ലാസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഒരു ബലിപെരുന്നാളിന്റെ അവസാനമാണ് .

ഷാര്‍ജയിലെ കഥാപാത്രങ്ങള്‍ അവസാനിക്കുന്നില്ല .സാന്‍ജോ വിന്‍സെന്റ്‌ ,ജിജി ,സരൂപ് ,വിന്‍സെന്റ്‌ പണമാടന്‍ ,അബുബക്കര്‍ ...പട്ടിക നീളുന്നു .എല്ലാവര്‍ക്കും പക്ഷെ ഇതൊക്കെത്തന്നെയാണ് പറയാനുള്ളത് .അതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല . 

ഗള്‍ഫ് നാടുകളില്‍ എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട് .ഞാന്‍ പഠിപ്പിച്ച കുറെ വിദ്യാര്‍ഥികളുമുണ്ടവിടെ .അതുകൊണ്ടുതന്നെ ഞാന്‍ ഗള്‍ഫിലേക്ക് പോകാന്‍ തീരുമാനിച്ചപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റ്‌ വഴി എന്റെ സന്ദര്‍ശന സമയവും ഉദ്യേശ്യവും അവരെ അറിയിക്കുകയുണ്ടായി .ഒന്നോ രണ്ടോ വിദ്യാര്‍ഥികള്‍ മാത്രമാണ് എന്റെ പോസ്റ്റിനോട് പ്രതികരിച്ചത് .ഗള്‍ഫിലെത്തിയപ്പോള്‍ ആ വിവരവും അവരെ അറിയിച്ചിരുന്നു .എങ്കിലും കാര്യമായി ആരും പ്രതികരിച്ചില്ല .

ഇന്ത്യയിലായാലും കേരളത്തിലായാലും ഇത്തരത്തില്‍ ഒരു പോസ്റ്റ്‌ കിട്ടിയാല്‍ നാം അവര്‍ക്ക് എല്ലാവിധ സഹായസഹകരണങ്ങളും കൊടുക്കുമല്ലോ .അതാണ്‌ ശരാശരി ഭാരതീയന്റെ കേരളീയന്റെ ഒരു സാംസ്കാരിക മര്യാദ .ഈ മര്യാദ നാമിന്നും അനുഷ്ടിച്ചുപോരുന്നു .

എന്നാല്‍ എന്തുകൊണ്ടാണ് പ്രവാസികള്‍ ഈ മര്യാദ മറന്നുപോകുന്നത് .ഈയൊരു വിഷയത്തെ ഞാന്‍ ഈ യാത്രാകുറിപ്പില്‍ ചര്‍ച്ചക്ക് എടുക്കുന്നത് ആരോടുമുള്ള പരിഭവം കൊണ്ടല്ല ,മറിച്ച് ഈ വിഷയത്തെ സാമൂഹ്യശാസ്ത്രപരമായും മനശാസ്ത്രപരമായും പരിശോധിക്കണമെന്നതുകൊണ്ടാണ്  .എന്തുകൊണ്ടാണ് നമുക്ക് പ്രിയപ്പെട്ടവര്‍ ഈ സാംസ്കാരിക മര്യാദ ലംഘിക്കുന്നത് ?കാരണങ്ങള്‍ പലതാണ് .

ഒന്ന്‍ : പ്രവാസികള്‍ അവിടെ ചെയ്യുന്ന ജോലി ,ജോലി സംബന്ധമായ പ്രയാസങ്ങള്‍ ,സാമ്പത്തികമായ പ്രാരാബ്ദങ്ങള്‍ ,പരാധീനതകള്‍ ഇതൊന്നും നാട്ടില്‍ നിന്ന്‍ വരുന്നവര്‍ അറിയരുത് .അതവരുടെ മാത്രം സ്വകാര്യതയാവണം എന്ന നിര്‍ബന്ധം .

രണ്ട് : നാട്ടില്‍ നിന്ന്‍ വരുന്ന അതിഥികള്‍ക്കൊപ്പം ചെലവഴിക്കാന്‍ അവര്‍ക്ക് സമയമില്ല .ജോലി ഭാരവും ജോലി അവരില്‍ അടിച്ചേല്‍പ്പിക്കുന്ന മാനസിക സമ്മര്‍ദ്ദവും വളരെ കൂടുതലായിരിക്കും .

മൂന്ന്‍ : നാട്ടില്‍ നിന്ന് വരുന്ന അതിഥിയെകൂടി ഉള്‍കൊള്ളാവുന്ന സ്ഥല-കാല-സാമ്പത്തിക വിഭവങ്ങള്‍ അവര്‍ക്കുണ്ടാവില്ല .

നാല് : അവര്‍ സാമൂഹ്യപരവും സ്വത്തപരവുമായ വിചാരണകള്‍ക്ക് തയ്യാറല്ല .അവര്‍ ഊതിവീര്‍പ്പിച്ചുവച്ചിരിക്കുന്ന അന്തസ്സും അഭിമാനവും പൊട്ടിച്ചുകളയാന്‍ തയ്യാറല്ല .

ഈ നാല് കാരണങ്ങള്‍ അഥവാ കണ്ടെത്തലുകള്‍ എന്റെമാത്രം നിരീക്ഷണങ്ങളല്ല .എന്റെ ഗള്‍ഫിലുള്ള സുഹൃത്തുക്കള്‍ അവരുമായുള്ള സ്വകാര്യ ചര്‍ച്ചകളില്‍ സമ്മതിച്ചുതന്ന കാരണങ്ങളും കണ്ടെത്തലുമാണ്‌ .പ്രവാസികളിലെ തൊണ്ണൂറു ശതമാനവും ഈ കണ്ടെത്തലിനെ സാധൂകരിക്കുന്നു അവശേഷിക്കുന്ന പത്ത് ശതമാനം പ്രവാസികള്‍ നമുക്ക് അപ്രാപ്യരുമാണ് .അവരൊക്കെ ഗള്‍ഫിലെ സമ്പന്നരായ പ്രവാസികളായിരിക്കണം .

മേല്‍ സൂചിപ്പിച്ച കാരണങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും പൂര്‍ണ്ണമായും വിധേയത്തം പുലര്‍ത്തിക്കൊണ്ട് എന്നെ കാണാന്‍ വന്ന രണ്ട് വിദ്യാര്‍ഥികളെ കൂടി ഇവിടെ പരാമര്‍ശിക്കട്ടെ .
അവരില്‍ ഒരാളെ ഞാന്‍ കണ്ടുമുട്ടുന്നത് ഒരു ഷോപ്പിംഗ്‌ മാളില്‍ വച്ചാണ് .കുശലാന്വേഷണങ്ങള്‍ക്കുശേഷം അയാള്‍ എന്നോട് ഇങ്ങനെ പറഞ്ഞു ,”മാഷേ മാഷിന്റെ ഗള്‍ഫിലെ സ്വാധീനം പ്രയോഗിച്ച് എനിക്ക് ഒരു ജോലി വാങ്ങിത്തരാമോ ?”

എന്റെ നിസ്സഹായത മറച്ചുവക്കാതെ ഞാന്‍ പറഞ്ഞു ,:ശ്രമിക്കാം” അല്ലാതെന്തുപറയാന്‍ .

സ്വന്തം ജോലിത്തിരക്കിലും എന്നെ കാണാനെത്തിയ രണ്ടാമന്‍ അല്‍ കസ്ബയിലെ ഒരു ഹോട്ടലിലെക്കാണ് വന്നത് .ഒരു കനാലിന്‍റെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ഹോട്ടലിനോട് ചേര്‍ന്ന്‍ ഒരു പോട്ടെറ്റോ ഹട്ടുണ്ട്(Pottetto Hut) .വലിയ ഉരുളക്കിഴങ്ങ് തൊണ്ടോടെ പുഴുങ്ങി അതിനുള്ളില്‍ തൈരും പച്ചക്കറികളും പഴങ്ങളും അരിഞ്ഞു ചേര്‍ത്ത് ഉണ്ടാക്കുന്ന വ്യത്യസ്തമായ ഒരു വിഭവം .താരതമ്യേന വിലക്കുറവാണ് .അത്തരമൊരു വിഭവത്തോടൊപ്പം ഓരോ ഗ്ലാസ് ജ്യൂസും വാങ്ങി കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അയാള്‍ക്ക് ബോസ്സിന്റെ ഫോണ്‍ വന്നു .പച്ചത്തെറിയായിരിക്കണം അയാളുടെ ബോസ്സ് പറഞ്ഞതെന്ന്‍ അയാളുടെ മുഖഭാവം പറയുന്നുണ്ട്  .അയാള്‍ ക്ഷമ ചോദിച്ചുകൊണ്ട് പറഞ്ഞു ,”മാഷേ നമുക്ക് ഈ ജ്യൂസ് കാറിലിരുന്നു കഴിക്കാം .ബോസ്സ് വല്ലാതെ തിരക്ക് കൂട്ടുന്നു .”

കാര്‍ ഓടിക്കൊണ്ടിരുന്നു .ഞാന്‍ ജ്യൂസ് കഴിച്ചുകൊണ്ട് എന്തൊക്കെയോ പറഞ്ഞു .യാന്ത്രികമായി മൂളിക്കൊണ്ട് അയാള്‍ കാറോടിച്ചുകൊണ്ടിരുന്നു .വഴിയിലെ തിരക്കിനേയും സിഗ്നല്‍ പോസ്റ്റുകളെയും ശപിച്ചുകൊണ്ട് അയാള്‍ കാര്‍ ഓടിക്കുകയായിരുന്നു .ജ്യൂസ് കഴിക്കാന്‍ അയാള്‍ക്ക് കഴിയില്ലായിരുന്നു .ഷാര്‍ജയില്‍ എവിടെയോ വച്ച് അയാള്‍ എന്നെ ക്ഷമാപണത്തോടെ ഇറക്കിവിട്ടു .കാര്‍ പാഞ്ഞു പോയി .അയാള്‍ക്ക് ജോലി നഷ്ടപ്പെടുമോ ?അയാള്‍ ആ ജ്യൂസ് കഴിച്ചുകാണുമോ ?എന്തൊരു തിരക്കുള്ള നാടാണിത് .
ഡോ.സി. ടി. വില്യം 
തുടരും 

Friday, May 10, 2013

സ്വർഗ്ഗീയനരകം -11


അമ്മൂമയുടെ കഥ കേള്‍ക്കാന്‍ കൊതിക്കുന്ന കുട്ടി .

പ്രവാസകവി നന്ദുവിന്റെ കാവ്യഭാഷയെ പരിഭാഷപ്പെടുത്തിയാല്‍ എന്‍റെ മഷിത്തണ്ടിലെ ജീവന്‍റെ ലേപനവും പേറി ഞാനിപ്പോള്‍ യാത്രയിലാണ് .ഷാര്‍ജ എന്നിടത്തേക്ക് .സമയം സന്ധ്യ .ഞാന്‍ ദുബായിയില്‍ കാലു കുത്തിയപ്പോള്‍ എന്നെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ ഷാജിയുടെ കാറിലാണ് ഞാനിപ്പോള്‍ യാത്ര ചെയ്യുന്നത് .ഷാര്‍ജയിലാണ് ഷാജി താമസിക്കുന്നത് .ഭാര്യ അവിടെ ഷാര്‍ജ സ്കൂളില്‍ ടീച്ചറാണ് .രണ്ട് കുട്ടികള്‍ .ഇന്ന്‍ ഷാജിയുടെ വീട്ടിലാണ് അത്താഴം .

വെളിച്ചം തിരമാലകള്‍ പോലെ കാണപ്പെട്ട ഷാര്‍ജയിലേക്കുള്ള വഴി യിലൂടെ ഞങ്ങള്‍ ഒഴുകുകയാണ് .വെളിച്ചത്തിന്‍റെ തിരമാലകളെ തല്ലി യുടച്ച്‌ നീങ്ങുകയാണ് ഷാജിയുടെ ആഡംബരകാര്‍ .കാറിന്റെ കണ്സോ ളിലും വെളിച്ചത്തിന്‍റെ നിറമാലകളും തിരമാലകളും മിന്നി മറയുന്നുണ്ട് .

ഷാജി ഒരു സംസാരപ്രിയനായിരുന്നില്ല .പൊതുവേ പറഞ്ഞാല്‍ ഗള്‍ഫില്‍ ആരുംതന്നെ സംസാരപ്രിയരല്ല .അവര്‍ക്ക് കാര്യമായി ഒന്നുംതന്നെ സംസാരിക്കാനില്ലെന്ന് തോന്നും അവരുടെയൊക്കെ സമീപനം കണ്ടാല്‍ .അപൂര്‍വ്വമായി അവര്‍ സംസാരിക്കുന്നുണ്ടെങ്കില്‍ തന്നെ അത് കേരള ത്തെ അല്ലെങ്കില്‍ ഇന്ത്യയെ കുറ്റം പറയാനും വിമര്‍ശിക്കാനുമായിരിക്കും .എന്നിട്ട് അവസാനം രത്നച്ചുരുക്കമെന്നോണം ഇങ്ങനെ പറയും ,”ഇവിടെ പിന്നെ അത്തരം പ്രശ്നങ്ങളൊന്നുമില്ല ഇവിടെ അതൊന്നും നടക്കില്ല .സൂക്ഷിച്ചില്ലെങ്കില്‍ അകത്താവും .വലിയ കാര്യങ്ങളൊന്നും അന്വേഷി ക്കാതെ അടങ്ങിയൊതുങ്ങിയിരുന്നാല്‍ ഇവിടെ ജീവിക്കാം .നമുക്ക് കാശ് കിട്ടിയാല്‍ പോരെ .നമ്മളെന്തിന് കാര്യങ്ങള്‍ അന്വേഷിക്കണം .പിന്നെ ഒരു കാര്യം ഉള്ളത് ഇവര്‍ എന്ന് പോകാന്‍ പറഞ്ഞാലും പോകണം .അതുവരെ ജീവിക്കാം .കാശുണ്ടാക്കാം .അത്രതന്നെ .”എല്ലാം അടിയറവ് വച്ച പ്രവാസിയുടെ കുമ്പസാരം .

  
യാത്രാമധ്യേ ഞാന്‍ ഷാജിയോട് പറഞ്ഞു ,”എനിക്ക് ഷാര്‍ജയെ കുറിച്ചും ഇവിടുത്തെ ജീവിതരീതികളെ കുറിച്ചുമെല്ലാം പറഞ്ഞുതരണം .ഞാന്‍ നിങ്ങളുടെ നാടിനെക്കുറിച്ചും നിങ്ങളെക്കുറിച്ചും എഴുതാന്‍ വന്നതാണ് .”

ഇതുകേട്ടപ്പോള്‍ ഷാജി നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് പറഞ്ഞു ,”ഞങ്ങള്‍ക്ക് അങ്ങനെയൊന്നും പറഞ്ഞുതരാന്‍ അറിയില്ല .മാത്രമല്ല ,ഇത്തരം കാര്യങ്ങളൊന്നും ഞങ്ങള്‍ അറിയാറുമില്ല പഠിക്കാറുമില്ല .അതിന്‍റെ ആവശ്യവും ഞങ്ങള്‍ക്കില്ലല്ലോ ?എന്തെങ്കിലുമൊക്കെ ജോലി യെടുത്ത് ജീവിക്കണം .എന്നെങ്കിലും ഇവിടെനിന്ന് പുറത്താക്കപ്പെടു മ്പോള്‍ നാട്ടില്‍ ചെന്ന് ജീവിക്കാനുള്ള കാശുണ്ടാക്കണം .ഇത്രക്കൊക്കെ ഞങ്ങള്‍ക്ക് ഈ നാടിനെക്കുറിച്ചും ഞങ്ങളെ കുറിച്ചും അറിവുള്ളൂ .”

ഷാജി പറഞ്ഞത് സത്യം .ഷാജി പ്രവാസലോകത്തിന്‍റെ ഒരു പരിചേദമാണ് .പരിമിതിയുമാണ് .എല്ലാ പ്രവാസികളെയും പോലെ ഷാജിയുടെയും പൊതു വിജ്ഞാനം ഗള്‍ഫിലെ ഷോപ്പിംഗ്‌ മാളുകളിലും വലിയ വലിയ കെട്ടിടങ്ങളിലും ഗള്‍ഫിന്റെ പ്രൌഡഗാംഭീര്യങ്ങളിലും കേരളത്തിന്റെ പോരായ്മകളിലും ഉടക്കിക്കിടന്നു .
 

ഷാര്‍ജയെത്തി .ഇനി ഷാജിയുടെ ഫ്ലാറ്റിലേക്ക് .ഷാജിയുടെ ഫ്ലാറ്റിന് മുന്‍വശമെത്തിയപ്പോഴേക്കും മീന്‍ പൊരിച്ചതിന്റെയും ഇറച്ചി വരട്ടിയതി ന്റെയും മണമുണ്ടായി .ഫ്ലാറ്റിനകത്ത് കടന്നപ്പോള്‍ മണം പ്രലോഭനമായി .

ഏറെ കാത്തിരിക്കേണ്ടിവന്നില്ല .മദ്യം മേശമേല്‍ പ്രത്യക്ഷപ്പെട്ടു .

”ഞാന്‍ ഇതാണ് കഴിക്കുക .ഡ്യൂട്ടി പെയ്ടില്‍ നിന്ന്‍ വാങ്ങിയതാണ് .ഇവന്‍ ഒറിജിനലാണ് .വില അല്പം കൂടുതലാണ് .എങ്കിലും തറവാടിയാണ് .”

ഇത്രയും അപദാനങ്ങളുടെ ചൊല്‍ക്കാഴ്ച്ചക്കുശേഷം ഹെന്നസ്സി എന്ന മദ്യക്കുപ്പി പൊട്ടിച്ച് ഗ്ലാസ്സുകളില്‍ വീഴ്ത്തി .ടിന്‍ സോഡകള്‍ പൊട്ടിപ്പതഞ്ഞു .
 

ഷാജിയുടെ ഭാര്യ മീന്‍ പൊരിച്ചതും ഇറച്ചി വരട്ടിയതും വിളമ്പി .അധികമൊന്നും ആരും സംസാരിച്ചില്ല .പിന്നെ ചോറും മീന്‍കറിയും വിളമ്പി .ഹെന്നസ്സിയും ഊണും കഴിഞ്ഞു .ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന്‍ അല്പം തണുത്ത കാറ്റുകൊണ്ടു .കാഴ്ച കണ്ടു .ടീച്ചറോടും കുട്ടികളോടും ഷാജിയോടും യാത്ര പറഞ്ഞു .ഫ്ലാറ്റിറങ്ങി .

ഇവിടങ്ങളിലെ സാധാരണ ദിവസങ്ങളിലെ അതിഥിസല്‍ക്കാരം ഇങ്ങനെ യാണ് .പെട്ടെന്ന് തുടങ്ങും പെട്ടെന്നുതന്നെ അവസാനിക്കും .വെള്ളിയാഴ്ച കളിലാണെങ്കില്‍ അല്പം കൂടി സമയം അനുവദിച്ചുകിട്ടും .

നമ്മുടെ നാട്ടിലെതുപോലെ അതിഥികള്‍ വളരെ നേരത്തെവരുന്നതും സംസാരിച്ചിരിക്കുന്നതും കളിയിലും ചിരിയിലും ഏര്‍പ്പെടുന്നതും പിന്നീടുള്ള തീനും കുടിയുമൊക്കെ ഇവിടെ കുറവാണ് .നമ്മുടെ നാട്ടിലെ നിഷ്കളങ്കമായ അതിഥി സല്‍ക്കാരപദ്ധതികളൊന്നും ഇവിടെയില്ല .അതിനുള്ള സ്വതന്ത്രമായ സ്ഥല-കാല-വിഭവങ്ങളുമില്ല ഇവിടെ .എല്ലാം റെഡിമെയ്ഡ് സല്ക്കാരങ്ങളാണ് .ആരും അടുക്കളയില്‍ കയറി ഒന്നുമുണ്ടാക്കാറില്ല .ജോലിത്തിരക്കുമൂലം ആര്‍ക്കും അതിനൊന്നും സമയം കിട്ടാറുമില്ല .അതുകൊണ്ടുതന്നെ അടുക്കള പരിശീലനവും ഇവിടുത്തെ പെണ്ണുങ്ങള്‍ക്ക്‌ വളരെ കുറവാണ് .സല്ക്കാരങ്ങള്‍ക്കൊക്കെ ഏതെങ്കിലും ഹോട്ടലുകളോടോ ഷോപ്പിംഗ്‌ മാളുകളോടാ ആയിരിക്കും കടപ്പാട് . ഇവിടുത്തെ ഷോപ്പിംഗ്‌ മാളുകളില്‍ എല്ലാം ലഭ്യമാണ് .ചോറും കറികളും വറുത്തതും അരച്ചതും വെച്ചതും എല്ലാം .സാധാരണ ജീവിതം ജീവിക്കാന്‍ മറന്നുപോയ ഒരു കൂട്ടം റെഡിമെയ്ഡ് മനുഷ്യരാണ്, റെഡിമെയ്ഡ്  കുടുംബങ്ങളാണ്  . റെഡിമെയ്ഡ്  സംസ്കാരമാണ് ഇവിടെ .


ഡോ . സി. ടി.വില്യം 
തുടരും    

Saturday, May 4, 2013

സ്വർഗ്ഗീയനരകം -10(അദ്ധ്യായത്തിന്റെ അവസാനഭാഗം)


സ്ത്രീശരീരങ്ങള്‍ ഒഴുകിനടക്കുന്ന മാംസഗംഗ 

വിടെ എല്ലാ നിശാക്ലബ്ബുകളിലും രണ്ടുതരം നൃത്തശാലാബാറുകള്‍ കാണാം .ഒന്ന്‍ പിക് അപ്പ്‌ ഡാന്‍സ് ബാര്‍ .രണ്ട് ബെല്ലി ഡാന്‍സ് ബാര്‍ .രണ്ടിടത്തും വിളമ്പുന്നത് സ്ത്രീശരീരം തന്നെ .ആദ്യത്തേത് പേര് സൂചിപ്പിക്കുന്നതുപോലെ നമുക്ക് വിഭവം കൊണ്ടുപോകാം .രണ്ടാമത്തേതില്‍ വിഭവം തത്സമയം ആസ്വദിക്കാം .ആദ്യത്തേതില്‍ കച്ചവടം ,രണ്ടാമത്തേതില്‍ പ്രദര്‍ശനം എന്ന്‍ വിശേഷ്യമായി പറയാം .

പിക് അപ്പ്‌ ബാറുകളിലെ കച്ചവടത്തെ പുത്തന്‍ സ്ത്രീപക്ഷ തത്ത്വചിന്തയോട് അടുപ്പിച്ചുനിര്‍ത്തി വേണമെങ്കില്‍ ന്യായീകരിക്കാം .എന്നാല്‍ ബെല്ലി ഡാന്‍സ് ബാര്‍ ഒരു ന്യായത്തിന്റെയും പരിധിയില്‍ ഒതുങ്ങുന്നില്ല .ഇന്ത്യന്‍ പെണ്‍കുട്ടികള്‍ അവരുടെ അടിവയര്‍ വിറപ്പിച്ചും ,മുലകള്‍ കുലുക്കിയുമുള്ള ഈ അഭ്യാസം ഇന്ത്യന്‍ സ്ത്രീത്വത്തിന് തന്നെ അപമാനമാണ് .അവള്‍ തലയിലുറക്കാത്ത കിരീടത്തിനുവേണ്ടി അടി വയര്‍ വിറപ്പിക്കുന്നു .കഴുത്തില്‍ വീഴാത്ത മാലക്കുവേണ്ടി മുലകള്‍ കുലുക്കുന്നു .സ്ത്രീശരീരത്തിന്റെ ലാസ്യനഗ്നത പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ഈ ആഭാസം കാണാന്‍ നമ്മുടെ മന്ത്രിമാരും തന്ത്രിമാരും കലാ കാരന്മാരും തൂലികാചാര്യന്മാരും ഇവിടെ ഇടയ്ക്കിടെ എത്തുന്നുണ്ട് .ഈ പ്രവാസാഭാസം പ്രവാസമലയാളത്തിനും മലയാളപ്രവാസത്തിനും നാണക്കേടാണ് .കേരളത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രവാസഭൂമിയെ സിംഹാസനത്തില്‍ ഇരുത്തി വിസ്താരം നടത്തുന്ന പ്രവാസമലയാളികള്‍ നാണിച്ച് തല താഴ്ത്തട്ടെ ,നാണമുണ്ടെങ്കില്‍ .
 

ദുബായ് എന്നാല്‍ ഇഴയുന്ന കുട്ടിയാണെന്നും (Crawlling Child) പിന്നീട് അവന്‍ വളര്‍ന്നുവലുതായി സമര്‍ത്ഥനായ ഒരു കച്ചവടക്കാരനായെന്നും, എന്തും നിങ്ങള്‍ക്ക് അവനില്‍ നിന്ന്‍ വാങ്ങാമെന്ന (Do Buy) അവസ്ഥയാണ് ഇന്നുള്ളതെന്നും എന്നെ പഠിപ്പിച്ചത് ദുബായിലെ ഒരു ടൂറിസ്റ്റ് ഗൈഡാണ് .


സാമിസ്സ് എന്ന ഈ വായാടിയായ പാകിസ്ഥാനി ഗൈഡിനെ ഞാന്‍ പരിചയപ്പെടുന്നത് ദുബായിലെ ഒരു സിറ്റി ടൂര്‍ ബസ്സില്‍ വച്ചാണ് .അനിതരസാധാരണമായ വാക്ക് ചാതുരിയും യവ്വനയുക്തമായ വ്യക്തിത്വവും കൊണ്ട് ശ്രദ്ധേയനായ സാമിസ്സ് അതുകൊണ്ടുതന്നെ എനിക്ക് പ്രിയപ്പെട്ടവനായി .
 

സാമിസ്സ് ദുബായില്‍ വച്ച് ഒരു മലയാളി പെണ്‍കുട്ടിയെ പ്രണയിക്കുകയും പിന്നീട് അതിസാഹസികമായി അവളെ വിവാഹം കഴിക്കുകയുമാണു ണ്ടായത്.സാമിസ്സിന്‍റെ വാക്കുകള്‍ കടമെടുത്താല്‍ ആ പെണ്‍കുട്ടിയുടെ ധീരതക്കുമുന്നില്‍ അവളുടെ അച്ഛനും അമ്മയും കീഴടങ്ങുകയായിരുന്നു .ആ പെണ്‍കുട്ടിയും സാമിസ്സിന്‍റെ കുഞ്ഞും സുഖമായി കൊച്ചിയില്‍ കഴിയുന്നു .ഒരു ഇന്ത്യ-പാക് സൌഹൃദ കുടുംബം .


കേരളത്തെയും മലയാളത്തെയും പ്രിയതമയോടെന്നപോലെ സ്നേഹവും വാത്സല്യവും പുലര്‍ത്തുന്ന സാമിസ്സ് എന്നോടടുത്തതും അങ്ങനെതന്നെ .മൂന്നോ നാലോ മണിക്കൂര്‍ നേരത്തെ ആ ദുബായ് നഗര സന്ദര്‍ശന വേളയില്‍ സാമിസ്സ് എനിക്ക് പറഞ്ഞുതന്ന പ്രണയാനുഭവങ്ങള്‍ ധീരവും രോമാഞ്ചിതവുമായിരുന്നു .എങ്കിലും ,എപ്പോഴോ സാമിസ്സ് പറഞ്ഞു ,”മടുക്കുന്നു സര്‍ ,ദുബായ് മൊത്തം മടുക്കുന്നു .കേരളത്തിലേക്ക് മടങ്ങാമെന്ന്‍ വിചാരിക്കുകയാണ് “.
 

സാമീസ്സിനെപോലെയല്ല ഞാന്‍ .ദുബായിയില്‍ എനിക്ക് ജോലിയൊന്നു മില്ല .കാത്തിരിക്കാന്‍ കേരളത്തില്‍ ഒരമ്മയും കുഞ്ഞും ഇല്ല .എന്നിട്ടും എനിക്ക് ദുബായ് മടുക്കുന്നു ,കേവലം ഒരു മാസക്കാലം കൊണ്ട് .ദുബായിയിലെ സ്വര്‍ഗ്ഗത്തേക്കാള്‍ കേരളത്തിലെ മനുഷ്യഭൂമിയാണ് എനിക്ക് സ്വര്‍ഗ്ഗമെന്ന അതികലശലായ ഒരു അനുഭവം എന്നെ വേട്ടയാടികൊണ്ടിരുന്നു .ഇതെന്‍റെ മാത്രം പ്രശ്നമല്ല .എല്ലാ പ്രവാസികളുടെയും പ്രശ്നമാണ് .എന്‍റെ ഫേസ്ബുക്കി(Facebook) ലെ ഒരു പ്രവാസിചങ്ങാതി പ്രവാസത്തിന്റെ കിനാവും കണ്ണീരും ചേര്‍ത്ത് എഴുതിയ ആ കവിതയിലും ഞാന്‍ ഈ മടുപ്പ് കാണുന്നു .അനുഭവിക്കുന്നു .അതിങ്ങനെ .


“ദുബായ്....
ബോറടിച്ചുതുടങ്ങിയിരിക്കുന്നു ...
ദുബായ് ....
നഗരത്തിന്റെവലിപ്പംകൂടുമ്പോഴും
മനസ്സിന്‍റെവലിപ്പംകുറയുന്നു ...
മനസ്സുകള്‍ ....എത്രയോമനസ്സുകള്‍ ...
മഷിത്തണ്ടിന്റെസുഗന്ധവുംപേറി
മണല്‍ചൂടിന്‍റെമരവിപ്പില്‍കാലംകഴിക്കുന്നു !!!”


ഫേസ്ബുക്കിലെ നന്ദു എന്ന ഈ പ്രവാസകവി വളരെ ചുരുങ്ങിയ വാക്കുകളില്‍ വരച്ചിട്ടത് വലിയൊരു സത്യമായിരുന്നു .നഗരങ്ങള്‍ വലുതാവുകയല്ല മറിച്ച് ;അതുള്‍ക്കൊള്ളുന്ന മനുഷ്യമനസ്സുകളെ ചെറുതാക്കുകയാണെന്ന മഹത്തായ സത്യം .ഇത്തരത്തില്‍ ചെറുതാക്കപ്പെട്ട മനുഷ്യമനസ്സുകളിലെ മാഷിത്തണ്ടോളമുള്ള സുഗന്ധ ലേപനവും പേറി മരുഭൂമിയിലെ മണല്‍ ചൂടില്‍ കാലത്തെ കഴിക്കുകയാണവര്‍ ,അക്ഷരാര്‍ത്ഥത്തില്‍ .എന്‍റെ സൈബര്‍ പ്രയാണത്തില്‍ എവിടെയോവച്ച് കണ്ടുമുട്ടിയ ഈ പ്രവാസ കവിക്ക്‌ മലയാളത്തിന്‍റെ അഭിനന്ദനങ്ങള്‍ .

ഡോ.സി. ടി. വില്യം
തുടരും