Friday, May 10, 2013

സ്വർഗ്ഗീയനരകം -11


അമ്മൂമയുടെ കഥ കേള്‍ക്കാന്‍ കൊതിക്കുന്ന കുട്ടി .

പ്രവാസകവി നന്ദുവിന്റെ കാവ്യഭാഷയെ പരിഭാഷപ്പെടുത്തിയാല്‍ എന്‍റെ മഷിത്തണ്ടിലെ ജീവന്‍റെ ലേപനവും പേറി ഞാനിപ്പോള്‍ യാത്രയിലാണ് .ഷാര്‍ജ എന്നിടത്തേക്ക് .സമയം സന്ധ്യ .ഞാന്‍ ദുബായിയില്‍ കാലു കുത്തിയപ്പോള്‍ എന്നെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ ഷാജിയുടെ കാറിലാണ് ഞാനിപ്പോള്‍ യാത്ര ചെയ്യുന്നത് .ഷാര്‍ജയിലാണ് ഷാജി താമസിക്കുന്നത് .ഭാര്യ അവിടെ ഷാര്‍ജ സ്കൂളില്‍ ടീച്ചറാണ് .രണ്ട് കുട്ടികള്‍ .ഇന്ന്‍ ഷാജിയുടെ വീട്ടിലാണ് അത്താഴം .

വെളിച്ചം തിരമാലകള്‍ പോലെ കാണപ്പെട്ട ഷാര്‍ജയിലേക്കുള്ള വഴി യിലൂടെ ഞങ്ങള്‍ ഒഴുകുകയാണ് .വെളിച്ചത്തിന്‍റെ തിരമാലകളെ തല്ലി യുടച്ച്‌ നീങ്ങുകയാണ് ഷാജിയുടെ ആഡംബരകാര്‍ .കാറിന്റെ കണ്സോ ളിലും വെളിച്ചത്തിന്‍റെ നിറമാലകളും തിരമാലകളും മിന്നി മറയുന്നുണ്ട് .

ഷാജി ഒരു സംസാരപ്രിയനായിരുന്നില്ല .പൊതുവേ പറഞ്ഞാല്‍ ഗള്‍ഫില്‍ ആരുംതന്നെ സംസാരപ്രിയരല്ല .അവര്‍ക്ക് കാര്യമായി ഒന്നുംതന്നെ സംസാരിക്കാനില്ലെന്ന് തോന്നും അവരുടെയൊക്കെ സമീപനം കണ്ടാല്‍ .അപൂര്‍വ്വമായി അവര്‍ സംസാരിക്കുന്നുണ്ടെങ്കില്‍ തന്നെ അത് കേരള ത്തെ അല്ലെങ്കില്‍ ഇന്ത്യയെ കുറ്റം പറയാനും വിമര്‍ശിക്കാനുമായിരിക്കും .എന്നിട്ട് അവസാനം രത്നച്ചുരുക്കമെന്നോണം ഇങ്ങനെ പറയും ,”ഇവിടെ പിന്നെ അത്തരം പ്രശ്നങ്ങളൊന്നുമില്ല ഇവിടെ അതൊന്നും നടക്കില്ല .സൂക്ഷിച്ചില്ലെങ്കില്‍ അകത്താവും .വലിയ കാര്യങ്ങളൊന്നും അന്വേഷി ക്കാതെ അടങ്ങിയൊതുങ്ങിയിരുന്നാല്‍ ഇവിടെ ജീവിക്കാം .നമുക്ക് കാശ് കിട്ടിയാല്‍ പോരെ .നമ്മളെന്തിന് കാര്യങ്ങള്‍ അന്വേഷിക്കണം .പിന്നെ ഒരു കാര്യം ഉള്ളത് ഇവര്‍ എന്ന് പോകാന്‍ പറഞ്ഞാലും പോകണം .അതുവരെ ജീവിക്കാം .കാശുണ്ടാക്കാം .അത്രതന്നെ .”എല്ലാം അടിയറവ് വച്ച പ്രവാസിയുടെ കുമ്പസാരം .

  
യാത്രാമധ്യേ ഞാന്‍ ഷാജിയോട് പറഞ്ഞു ,”എനിക്ക് ഷാര്‍ജയെ കുറിച്ചും ഇവിടുത്തെ ജീവിതരീതികളെ കുറിച്ചുമെല്ലാം പറഞ്ഞുതരണം .ഞാന്‍ നിങ്ങളുടെ നാടിനെക്കുറിച്ചും നിങ്ങളെക്കുറിച്ചും എഴുതാന്‍ വന്നതാണ് .”

ഇതുകേട്ടപ്പോള്‍ ഷാജി നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് പറഞ്ഞു ,”ഞങ്ങള്‍ക്ക് അങ്ങനെയൊന്നും പറഞ്ഞുതരാന്‍ അറിയില്ല .മാത്രമല്ല ,ഇത്തരം കാര്യങ്ങളൊന്നും ഞങ്ങള്‍ അറിയാറുമില്ല പഠിക്കാറുമില്ല .അതിന്‍റെ ആവശ്യവും ഞങ്ങള്‍ക്കില്ലല്ലോ ?എന്തെങ്കിലുമൊക്കെ ജോലി യെടുത്ത് ജീവിക്കണം .എന്നെങ്കിലും ഇവിടെനിന്ന് പുറത്താക്കപ്പെടു മ്പോള്‍ നാട്ടില്‍ ചെന്ന് ജീവിക്കാനുള്ള കാശുണ്ടാക്കണം .ഇത്രക്കൊക്കെ ഞങ്ങള്‍ക്ക് ഈ നാടിനെക്കുറിച്ചും ഞങ്ങളെ കുറിച്ചും അറിവുള്ളൂ .”

ഷാജി പറഞ്ഞത് സത്യം .ഷാജി പ്രവാസലോകത്തിന്‍റെ ഒരു പരിചേദമാണ് .പരിമിതിയുമാണ് .എല്ലാ പ്രവാസികളെയും പോലെ ഷാജിയുടെയും പൊതു വിജ്ഞാനം ഗള്‍ഫിലെ ഷോപ്പിംഗ്‌ മാളുകളിലും വലിയ വലിയ കെട്ടിടങ്ങളിലും ഗള്‍ഫിന്റെ പ്രൌഡഗാംഭീര്യങ്ങളിലും കേരളത്തിന്റെ പോരായ്മകളിലും ഉടക്കിക്കിടന്നു .
 

ഷാര്‍ജയെത്തി .ഇനി ഷാജിയുടെ ഫ്ലാറ്റിലേക്ക് .ഷാജിയുടെ ഫ്ലാറ്റിന് മുന്‍വശമെത്തിയപ്പോഴേക്കും മീന്‍ പൊരിച്ചതിന്റെയും ഇറച്ചി വരട്ടിയതി ന്റെയും മണമുണ്ടായി .ഫ്ലാറ്റിനകത്ത് കടന്നപ്പോള്‍ മണം പ്രലോഭനമായി .

ഏറെ കാത്തിരിക്കേണ്ടിവന്നില്ല .മദ്യം മേശമേല്‍ പ്രത്യക്ഷപ്പെട്ടു .

”ഞാന്‍ ഇതാണ് കഴിക്കുക .ഡ്യൂട്ടി പെയ്ടില്‍ നിന്ന്‍ വാങ്ങിയതാണ് .ഇവന്‍ ഒറിജിനലാണ് .വില അല്പം കൂടുതലാണ് .എങ്കിലും തറവാടിയാണ് .”

ഇത്രയും അപദാനങ്ങളുടെ ചൊല്‍ക്കാഴ്ച്ചക്കുശേഷം ഹെന്നസ്സി എന്ന മദ്യക്കുപ്പി പൊട്ടിച്ച് ഗ്ലാസ്സുകളില്‍ വീഴ്ത്തി .ടിന്‍ സോഡകള്‍ പൊട്ടിപ്പതഞ്ഞു .
 

ഷാജിയുടെ ഭാര്യ മീന്‍ പൊരിച്ചതും ഇറച്ചി വരട്ടിയതും വിളമ്പി .അധികമൊന്നും ആരും സംസാരിച്ചില്ല .പിന്നെ ചോറും മീന്‍കറിയും വിളമ്പി .ഹെന്നസ്സിയും ഊണും കഴിഞ്ഞു .ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന്‍ അല്പം തണുത്ത കാറ്റുകൊണ്ടു .കാഴ്ച കണ്ടു .ടീച്ചറോടും കുട്ടികളോടും ഷാജിയോടും യാത്ര പറഞ്ഞു .ഫ്ലാറ്റിറങ്ങി .

ഇവിടങ്ങളിലെ സാധാരണ ദിവസങ്ങളിലെ അതിഥിസല്‍ക്കാരം ഇങ്ങനെ യാണ് .പെട്ടെന്ന് തുടങ്ങും പെട്ടെന്നുതന്നെ അവസാനിക്കും .വെള്ളിയാഴ്ച കളിലാണെങ്കില്‍ അല്പം കൂടി സമയം അനുവദിച്ചുകിട്ടും .

നമ്മുടെ നാട്ടിലെതുപോലെ അതിഥികള്‍ വളരെ നേരത്തെവരുന്നതും സംസാരിച്ചിരിക്കുന്നതും കളിയിലും ചിരിയിലും ഏര്‍പ്പെടുന്നതും പിന്നീടുള്ള തീനും കുടിയുമൊക്കെ ഇവിടെ കുറവാണ് .നമ്മുടെ നാട്ടിലെ നിഷ്കളങ്കമായ അതിഥി സല്‍ക്കാരപദ്ധതികളൊന്നും ഇവിടെയില്ല .അതിനുള്ള സ്വതന്ത്രമായ സ്ഥല-കാല-വിഭവങ്ങളുമില്ല ഇവിടെ .എല്ലാം റെഡിമെയ്ഡ് സല്ക്കാരങ്ങളാണ് .ആരും അടുക്കളയില്‍ കയറി ഒന്നുമുണ്ടാക്കാറില്ല .ജോലിത്തിരക്കുമൂലം ആര്‍ക്കും അതിനൊന്നും സമയം കിട്ടാറുമില്ല .അതുകൊണ്ടുതന്നെ അടുക്കള പരിശീലനവും ഇവിടുത്തെ പെണ്ണുങ്ങള്‍ക്ക്‌ വളരെ കുറവാണ് .സല്ക്കാരങ്ങള്‍ക്കൊക്കെ ഏതെങ്കിലും ഹോട്ടലുകളോടോ ഷോപ്പിംഗ്‌ മാളുകളോടാ ആയിരിക്കും കടപ്പാട് . ഇവിടുത്തെ ഷോപ്പിംഗ്‌ മാളുകളില്‍ എല്ലാം ലഭ്യമാണ് .ചോറും കറികളും വറുത്തതും അരച്ചതും വെച്ചതും എല്ലാം .സാധാരണ ജീവിതം ജീവിക്കാന്‍ മറന്നുപോയ ഒരു കൂട്ടം റെഡിമെയ്ഡ് മനുഷ്യരാണ്, റെഡിമെയ്ഡ്  കുടുംബങ്ങളാണ്  . റെഡിമെയ്ഡ്  സംസ്കാരമാണ് ഇവിടെ .


ഡോ . സി. ടി.വില്യം 
തുടരും    

2 comments:

  1. അത് ഒരു ഷാജിയുടെ മാത്രം കഥയല്ല സര്‍.... എല്ലാവരും ഗള്‍ഫ്‌ നാടുകളില്‍ അങനെയാണ്..... അല്ലെങ്കില്‍ അങ്ങനെ ആയിപ്പോകും ....കുടുംബം ആയി ജീവിക്കുന്നവരും ബാച്ചില്‍എര്സ് ജീവിതം തുടരാന്‍ വിധിക്കപെടുന്നവരും അങ്ങിനെ തന്നെ ....ഞാനൊരു പ്രവാസിയാണ്...ഇന്ത്യില്‍ അല്ലെങ്കില്‍ കേരളത്തില്‍ എവിടെയാണ് സര്‍ 8-6.30 വരെ വര്‍ക്കിംഗ്‌ ടൈം ഉള്ളത്? അഥവാ അങ്ങിനെ ഉണ്ടെങ്കില്‍ തന്നെ അത് തുടര്‍ന് പോകാന്‍ ആരെങ്കിലും അനുവദിക്കാരുണ്ടോ? എങ്കിലും ഇവിടെങ്ങളില്‍ വിശേഷ ദിനഗളില്‍ (ഓണം, വിഷു, ഈസ്റെര്‍ )നല്ല നാടന്‍ സദ്യ തരുന്ന സുഹൃത്തുക്കളും ഉണ്ട്. പിന്നെ ആരാണ് സര്‍ എളുപ്പവഴി നോക്കാത്തത് ? ആക്ഹോഷങ്ങള്‍ക്കും, പാര്‍ട്ടികള്‍ക്കും കാശു എത്രവേനമെങ്ങിലും കൊടുക്കാം മിനക്കെടാന്‍ വയ്യ എന്ന് പറഞ്ഞു പാര്‍ട്ടി നടത്തുന്ന ഒരുപാടു പ്രവാസികളെ ഞങളുടെ ഇടയില്‍ ഇവിടെ കാണാം.പക്ഷേ, ആശകളും ആഘോഷങ്ങളും, ഒത്തു ചേരലുകളും നഷ്ട്ടപെട്ടു കഥകളിലും , കവിതകളിലും പറയുന്നത് പോലെ പച്ചപ്പും, പൂരങ്ങളും എല്ലാം കാണാന്‍ വെമ്പി നില്‍ക്കുന്ന മനസ്സുള്ള ഞാഗളില്‍ ചിലരെ പോലെ ഉള്ളവരെയും കാണാം..

    ReplyDelete
  2. യാത്രാമൊഴിയിലെ സത്യസന്ധതയുടെ പ്രകാശം എന്റെ എഴുത്തിന്റേയും സത്യസന്ധതയായി .നന്ദി.ഒരുപാട് .

    ReplyDelete