Friday, February 28, 2014

സരിത- സമനിലയില്‍ യുദ്ധം ചെയ്യുന്ന ലക്ഷ്മി





സൂര്യനെ ഭയക്കാത്തവള്‍ നീ 
സൂര്യതേജസ്സില്‍ ജ്വലിക്കുന്നവള്‍ നീ
സൂര്യനെ ചുറ്റുന്നവള്‍ നീ.

കണ്ണുകളില്‍ വന്‍കടലുള്ളവള്‍
കാതുകളില്‍ കൊടുങ്കാറ്റുള്ളവള്‍
ചുണ്ടുകളില്‍ പ്രവചനങ്ങളുള്ളവള്‍
രാഷ്ട്രീയത്തേനീച്ചകള്‍ക്ക്,
ഉറക്കംകെടുത്തുന്ന,
അരാഷ്ട്രീയ മഹാറാണി നീ.

കിഴക്കുനിന്ന് പടിഞ്ഞാട്ടും
പടിഞ്ഞാട്ടുനിന്ന്‍ കിഴക്കോട്ടും തിരിയുമ്പോള്‍
നിന്റെ പാവം കഴുത്ത്,
ഇടമ്പിരി-വലമ്പിരി ശംഖാവുന്നു.

ഗാന്ധാരത്തിന്റെ സിന്ദൂരവും
മദ്ധ്യമത്തിന്റെ പുണ്യവും
പഞ്ചമത്തിന്റെ വസന്തവും
ധൈവതത്തിന്റെ ത്രാസവും
നിഷാദത്തിന്റെ  ലയവും നഷ്ടമായ ശംഖ് നീ.

എഴുസ്വരങ്ങളില്‍,
അഞ്ചും നഷ്ടപ്പെട്ട ത്രിപുട താളമാണ് നീ.
ഷഡ്ജസൌകുമാര്യങ്ങളില്‍
ഋഷഭശോഭയാണ് നീ ലക്ഷ്മി.

സൂര്യനുദിച്ചാല്‍ നീ സൂര്യകാന്തി,
സൂര്യനുദിച്ചില്ലെങ്കില്‍ നീ സൂര്യകാന്തം.
നീ ഉദയവും അസ്തമനവുമാണ്.
രാവും പകലും നിനക്ക് സമമാണ്.
നീ ശരിയുടെ സമനിലയാണ്,
സമനിലയില്‍ യുദ്ധം ചെയ്യുന്ന ലക്ഷ്മി.


*ഷഡ്ജം, ഋഷഭം, ഗാന്ധാരം, മദ്ധ്യമം, പഞ്ചമം, ധൈവതം, നിഷാദം എന്നിവ സപ്തസ്വരങ്ങള്‍.
*സരി ‘ത’ - സമനിലയില്‍ യുദ്ധം ചെയ്യുന്ന ലക്ഷ്മി എന്ന്‍ വ്യാഖ്യാനം.
*ത്രിപുട - ലഘു, ദ്രുതം, ദ്രുതം എന്നിങ്ങനെ താളം.    
    

  
 

Monday, February 24, 2014

ഭരിക്കേണ്ടവര്‍ ഭരിക്കാതെവരുമ്പോള്‍-അഞ്ച്


“ഇവിടെ ഒരു പ്രക്ഷോഭം ആവശ്യമായിവന്നിരിക്കുന്നു”

മ്മുടെ രാജ്യത്തെ ബ്യുറോക്രാറ്റുകള്‍ അഥവാ ബുറാസാഹിബ്ബുകള്‍ ഈ രാജ്യത്തെയും അതിനകത്തെ ജനങ്ങളെയും കൊന്നുതിന്നുകൊണ്ടിരിക്കുകയാണ്. ദൈവകൃപയാല്‍ അവര്‍ എന്നെ കൊന്നില്ല. അതുകൊണ്ട് ബ്ലോഗ്ഗിന്റെ അഞ്ചാം ലക്കം എഴുതാനായി. സര്‍വ്വ ദൈവങ്ങള്‍ക്കും എന്റെ  സഹസ്രകോടി സ്തോത്രം. അരവിന്ദ് കെജ്രിവാളിന്റെ സ്വരാജിനും സ്തോത്രം.

ഒരു ജീവാണുവില്‍ നിന്നാണ് എല്ലാം ഉണ്ടായത്. എല്ലാം ഉണ്ടായിക്കൊണ്ടിരിക്കുന്നതും ജീവാണുവില്‍ നിന്നുതന്നെ. അങ്ങനെയാണ് ജനങ്ങള്‍ ഉണ്ടായത്. ജനങ്ങളില്‍ നിന്നാണ് രാജ്യം ഉണ്ടായത്. രാജാവ് ഉണ്ടായത്. മന്ത്രിമാരുണ്ടായത്.

എന്നാല്‍ മന്ദബുദ്ധികളോ അല്പബുദ്ധികളോ ആയ നമ്മുടെ രാജാക്കന്മാരും മന്ത്രിമാരും വിചാരിക്കുന്നത് അവരില്‍ നിന്നാണ് ജനങ്ങള്‍ ഉണ്ടായതെന്നാണ്. രാജ്യം ഉണ്ടായതെന്നാണ്. നമ്മുടെ പ്രധാനമന്ത്രി വിചാരിക്കുന്നത് അയാളില്‍ നിന്നാണ് രാജ്യം ഉണ്ടായതെന്നാണ്. നമ്മുടെ മുഖ്യമന്ത്രിമാര്‍ വിചാരിക്കുന്നത് അവരില്‍ നിന്നാണ് സംസ്ഥാനങ്ങള്‍ ഉണ്ടായതെന്നാണ്. നമ്മുടെ ജഡ്ജിമാര്‍ വിചാരിക്കുന്നത് അവരില്‍ നിന്നാണ് നീതിശാസ്ത്രം ഉണ്ടായതെന്നാണ്. നമ്മുടെ വൈസ് ചാന്‍സിലര്‍മാര്‍ വിചാരിക്കുന്നത് അവരില്‍ നിന്നാണ് സര്‍വ്വകലാശാലകള്‍ ഉണ്ടായതെന്നാണ്.

ജനങ്ങള്‍ മാത്രം ഒന്നും വിചാരിക്കുന്നില്ല. അവരെ ഇവരാരും വിചാരിപ്പിക്കുന്നുമില്ല. ജനങ്ങള്‍ കഴുതകള്‍ ആണെന്ന ബ്യുറോക്രാറ്റിക്ക് സിദ്ധാന്തം ഗര്‍ഭസ്ഥശിശുവിലേക്കുകൂടി കുത്തിവക്കുന്ന ഒരു ജനവിരുദ്ധശക്തി ജനങ്ങളാല്‍ തന്നെ ഇവിടെ ബലപ്പെട്ടുവരുന്നു.  ജനങ്ങളുടെ തലച്ചോറ് സ്വതന്ത്രമാവാതിരിക്കാന്‍ തക്കവണ്ണം അവര്‍ക്ക് നിയന്ത്രണവിധേയമായി തൊട്ടുകൂട്ടാനും തൊട്ടുനക്കാനും സ്മാര്‍ട്ട് ഫോണുകളും ടച്ച്‌ പാഡുകളും യഥേഷ്ടം കൊടുത്തിരിക്കുകയാണ്. അവര്‍ അതില്‍ സുഷുപ്തി പ്രാപിച്ചി രിക്കുകയാണ്.

നമ്മളാല്‍ നമ്മേ ഭരിക്കുന്നവരുടെ കാവലാളുകളായ റിലയന്‍സും, ടാറ്റയും, ഐഡിയയും, വോഡാഫോണും, എയര്‍ടെല്ലും, ഇവയെല്ലാം കൂടിച്ചേര്‍ന്ന ബീയെസ്സെന്നലും കൂടി നമ്മേ മയക്കിക്കിടത്തിയിരിക്കുകയാണ്. നാം കടുത്ത അനസ്തേഷ്യക്ക് വിധേയമായി സുഖമുള്ള ഒരു ശസ്ത്രക്രിയക്കുവേണ്ടി അവരുടെ മുമ്പില്‍ കിടന്നുകൊടുക്കുകയാണ്. അവര്‍ നമ്മുടെ ശരീരത്തില്‍ നിന്ന് എന്തൊക്കെയോ എടുത്തുമാറ്റുകയും എന്തൊക്കെയോ ഘടിപ്പിക്കുകയും ചെയ്യുന്നു. നാം എന്താവണമെന്നും എങ്ങനെയാവണമെന്നും അവര്‍ നിശ്ചയിക്കുന്നു. ഈ സംവിധാനത്തെയാണ് 
നാം ഇന്ന്‍ ജനാധിപത്യം എന്ന് വിളിക്കുന്നത്‌.

ഇതല്ല ജനാധിപത്യം എന്ന തിരിച്ചറിവാണ് കെജ്രിവാളിന്റെ ‘സ്വരാജ്’ എന്ന പുസ്തകം നമുക്ക് തരുന്നത്. ഈ തിരിച്ചറിവ് നമുക്ക് ഉണ്ടാക്കിത്തരുവാന്‍ കെജ്രിവാള്‍ അമേരിക്കയിലേയും, ബ്രസീലിലേയും, സ്വിറ്റ്സര്‍ലണ്ടിലേയും ജനമുന്നേറ്റത്തിന്റെ കഥകള്‍ പറയുന്നുണ്ട്.

അമേരിക്കയിലെ ജനങ്ങള്‍ ആഗോള കുത്തക കമ്പനിയായ വാള്‍ മാര്‍ട്ടിനെ തുരത്തിയ കഥയും, ബ്രസീലിലെ തെരുവീഥികളില്‍ നിന്ന് ജനക്ഷേമപരമായ ബഡ്ജറ്റുകള്‍ ഉണ്ടായ കഥയും, സ്വിറ്റ്സര്‍ലന്‍ഡിലെ  ജനങ്ങളില്‍ നൂറുപേര്‍ ഒപ്പിട്ട് നിയമനിര്‍മ്മാണം നടത്തിയ കഥയും കെജ്രിവാള്‍ നമുക്ക് പറഞ്ഞുതരുന്നുണ്ട്.

അമേരിക്കക്കാര്‍ തുരത്തിയ വാള്‍ മാര്‍ട്ടിനെ ഇന്ത്യയില്‍ പരത്താന്‍ സാമ്പത്തിക വിദഗ്ദനായ ഒരു പ്രധാനമന്ത്രിയും ജനങ്ങളുടെ പ്രതിനിധി കളും  കൂടി ശ്രമിക്കുമ്പോള്‍......തെരുവീഥികളിലെ ജനങ്ങള്‍, ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ ചര്‍ച്ചചെയ്ത് തീര്‍പ്പെടുത്തുന്ന ബഡ്ജറ്റിനെ നാം കറുത്ത പെട്ടിയിലാക്കി, പാര്‍ലമെന്റില്‍ തുറന്നുവിടുമ്പോള്‍......വോട്ടുകള്‍ക്ക്  കോടികള്‍ വിലപറഞ്ഞ്‌, നാം ജനദ്രോഹപരമായ നിയമനിര്‍മ്മാണം നടത്തുമ്പോള്‍ ........

കെജ്രിവാളിന്റെ ഈ കഥകള്‍ക്ക് എന്ത് പ്രസക്തി?  എന്ത് പ്രയോജനം? മയക്കിക്കിടത്തിയിരിക്കുന്ന നമ്മുടെ സമൂഹത്തില്‍ നിന്ന് കെജ്രിവാളിനു കിട്ടാനുള്ളത് ഏതാനും Like അതുമല്ലെങ്കില്‍ Share. Comment കിട്ടാനിടയില്ല, കാരണം അതിന് തലച്ചോറ് സ്വതന്ത്രമാവണ്ടേ? ഉണരണ്ടേ? എഴുതാനറിയണ്ടേ? കഷ്ടം! എന്തൊരു ദുരന്ത സമൂഹമാണ് നമ്മുടേത്‌? സ്വാതന്ത്ര്യവും മോചനവും വേണ്ടാത്ത സമൂഹം! കെജ്രിവാള്‍ വേദനയോടെ എഴുതുന്നു;-

“നമ്മുടെ രാജ്യത്ത് അമ്പതിനായിരം പേര്‍ ഒപ്പിട്ട് എന്തെങ്കിലുമൊന്ന്‍ ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിലേക്ക് ഒരു നിവേദനം അയച്ചെന്നിരിക്കട്ടെ. നമ്മുടെ നിവേദനം സ്വീകരിച്ചു എന്നതിനുള്ള തെളിവായി കിട്ടേണ്ട ഒരു അക്നോളജ്മെന്റ് സ്ലിപ്പുപോലും സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല.” (സ്വരാജ് : പുറം :48)

ഈ സന്ദര്‍ഭത്തില്‍ എനിക്കുണ്ടായ ഒരു സര്‍ക്കാര്‍ അനുഭവം ഇവിടെ കുറിക്കട്ടെ. ജാതി-മത-സാമുദായിക-വര്‍ഗ്ഗീകരണ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ എന്നെ പീഡിപ്പിക്കുകയും വേട്ടയാടുകയും ചെയ്തുകൊണ്ടിരിക്കുന്ന എന്റെ ആപ്പീസ് മേധാവിക്കെതിരെ ഈയ്യിടെ ഞാനൊരു ദയാഹരജി ഉന്നതാധികാരിക്ക് കൊടുക്കാന്‍ വേണ്ടി സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍ എന്റെ ദയാഹരജി മേധാവി  ഉന്നതാധികാരിക്ക് സമര്‍പ്പിച്ചില്ലെന്നുമാത്രമല്ല; അങ്ങനെയൊരു ഹരജി സ്വീകരിക്കുകപോലുമുണ്ടായില്ല. ജനാധിപത്യവിരുദ്ധമായ ഈ നടപടി ചോദ്യംചെയ്തുകൊണ്ട് കോടതിയെ സമീപിക്കാന്‍ ഞാന്‍ സമര്‍പ്പിച്ച മറ്റൊരു ഹരജിയും കഴിഞ്ഞ ഏതാനും മാസമായി വഴിയാധാരമായി കിടക്കുകയാണ് ബ്യുറോക്രാറ്റുകളുടെ സ്വേച്ഛാധിപത്യത്തിന്റെ ഇടനാഴികകളില്‍.
നമ്മള്‍ ഇവിടെ നിസ്സഹായരായ കാഴ്ചക്കാര്‍ മാത്രമാവുന്നു. കെജ്രിവാള്‍ എഴുതുന്നു;-      

“നമ്മള്‍ നിസ്സഹായരായ കാഴ്ചക്കാര്‍ മാത്രമായി ഒതുങ്ങിപ്പോകുന്നു. ഇവിടെ ഒരു പ്രക്ഷോഭം ആവശ്യമായിവന്നിരിക്കുന്നു. അതുവഴി ജനങ്ങളുടെ അധികാരങ്ങള്‍, മൂല്യാവകാശങ്ങള്‍ എന്നിവ നേടിയെടുത്ത് സ്വതന്ത്രനായ ഒരു പൌരനായി ജനാധിപത്യം കെട്ടിപ്പടുത്തുയര്‍ത്താന്‍ കഴിയും.” (സ്വരാജ് : പുറം :48)


അടുത്ത ബ്ലോഗ്ഗില്‍ തുടരും......
ഡോ. സി.ടി. വില്യം

 

Tuesday, February 18, 2014

ഭരിക്കേണ്ടവര്‍ ഭരിക്കാതെവരുമ്പോള്‍-നാല്


ഇന്ത്യന്‍ കളക്ടര്‍ അഥവാ ബ്യുറോക്രാറ്റുകള്‍,
അവര്‍ ഇപ്പോഴും പഴയ ബുറാസാഹിബ്ബുകള്‍ തന്നെ

ബ്ലോഗ്ഗിന്റെ ഈ ലക്കം എഴുതുമ്പോള്‍ ഏകദേശം 27300 പേര്‍ എന്റെ ബ്ലോഗ്‌ വായിക്കുന്നതിന്റെ സന്തോഷം ഞാന്‍ നിങ്ങളുമായി പങ്കുവക്കട്ടെ. എന്റെ എല്ലാ നല്ലവരായ വായനക്കാര്‍ക്കും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. അതോ ടൊപ്പം തന്നെ എന്റെ ബ്ലോഗ്‌ ഇത്തരത്തില്‍ പുരോഗമിച്ചാല്‍ അത് നിരോധി ക്കേണ്ടിവരുമെന്നൊരൂ ഭീഷണിയും ഉയര്‍ന്നുവന്നതിനാല്‍ എനിക്ക് അല്പം സന്തോഷമില്ലായ്മയും ഉണ്ട്.
ഞാന്‍ ബ്ലോഗ്ഗെഴുത്ത് ആരംഭിച്ചതിനുശേഷം ഇത് രണ്ടാം പ്രാവശ്യമാണ് എനിക്കെതിരെ ഭീഷണി ഉയരുന്നത്. രണ്ട് ഭീഷണികളും വിദ്യാഭ്യാസ മേഖലയില്‍ നിന്നുതന്നെ എന്നതും ശ്രദ്ധേയമാണ്.

വിദ്യാര്‍ഥികളില്‍ നിന്ന് ഉയര്‍ന്ന ഫീസ്‌ വാങ്ങി സിക്കിം-മണിപ്പാല്‍ സര്‍വ്വകലാശാലയുടെ എം.ബി.എ. കോഴ്സ് നടത്തുന്ന തൃശൂരിലെ ഒരു സ്ഥാപനത്തിന്റെ മേധാവിയാണ് എന്റെ ബ്ലോഗ്ഗിനെതിരെ ആദ്യത്തെ ഭീഷണി മുഴക്കിയത്. ഈ സ്ഥാപനത്തിലെ അധ്യാപകര്‍ക്ക് മാന്യമായ ശമ്പളം കൊടുക്കാത്തതിനെക്കുറിച്ച് എഴുതിയതിനായിരുന്നു ഭീഷണി. എന്തായാലും ദൈവകൃപയാല്‍ ബ്ലോഗ്‌ ഇവിടം വരെ എത്തി.


ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ഭീഷണി എന്റെ സ്ഥാപനത്തില്‍ നിന്നുതന്നെ യാണ്. എന്റെ സഹപ്രവര്‍ത്തകനായ ഒരു അധ്യാപകനാണ് എനിക്കെതിരെ ഭീഷണി ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ലക്കം ബ്ലോഗ്ഗിലെ ചില പരാമര്‍ശങ്ങ ളാണ് ഈ അധ്യാപകനെ ചൊടിപ്പിച്ചിരിക്കുന്നത്. അദ്ദേഹം എന്നോട് പറഞ്ഞ തിന്റെ മൂലത്തിന്റെ പകര്‍പ്പ് ഏതാണ്ടിങ്ങനെയാണ്:-

“പ്രൊഫസ്സര്‍ സി.രവീന്ദ്രനാഥ്, പ്രൊഫസ്സര്‍ സാവിത്രി ലക്ഷ്മണ്‍ തുടങ്ങിയവ രൊന്നും തന്നെ യഥാര്‍ത്ഥ പ്രൊഫസ്സര്‍മാരല്ല. അവരെല്ലാം അസിസ്ടന്റ്റ് പ്രൊഫ സ്സര്‍മാരാണ്. ശരിക്കുള്ള പ്രൊഫസ്സര്‍മാര്‍ ഞങ്ങളെപ്പോലെ ഉള്ളവരാണ്. മറ്റു സര്‍വ്വകലാശാല പ്രൊഫസ്സര്‍മാര്‍ ഒരു മണിക്കൂര്‍ ക്ലാസ്സെടുത്തു പോകുന്നതു പോലെയല്ല ഞങ്ങള്‍. താങ്കള്‍ എഴുതിയതുപോലെ ഞങ്ങളുടെ ശമ്പളം ഒരു ലക്ഷത്തി പതിനാലായിരം അല്ല, മറിച്ച് ഒരു ലക്ഷത്തി മുപ്പത്തയ്യായിരം ആണ്. പിന്നെ താങ്കള്‍ക്ക് ഇങ്ങനെയൊക്കെ എഴുതാനുള്ള അവകാശം ഉണ്ടോ എന്നും പരിശോധിക്കേണ്ടതാണ്. താങ്കള്‍ എഴുതിയ ബ്ലോഗ്ഗിന്റെ പകര്‍പ്പെടുത്ത് ഞാന്‍ അധികാരികള്‍ക്ക് കൊടുത്തിട്ടുണ്ട്. താങ്കള്‍ക്കെതിരെ നടപടി ഉണ്ടാവും”.


എന്തായാലും ഒരു ലക്ഷത്തി മുപ്പത്തയ്യായിരം രൂപ ശമ്പളം വാങ്ങുന്ന എന്റെ സഹപ്രവര്‍ത്തകനായ  പ്രൊഫസറും എന്റെ സ്നേഹംനിറഞ്ഞ വായനക്കാര്‍ക്കും വേണ്ടി ഞാന്‍ വിശദീകരിക്കട്ടെ. ‘ഭരിക്കേണ്ടവര്‍ ഭരിക്കാതെവരുമ്പോള്‍’ എന്ന എന്റെ ഈ പരമ്പര ഒരു ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടല്ല. ഇത്  ആം ആദ്മി പാര്‍ട്ടി നേതാവായ അരവിന്ദ് കെജ്രിവാള്‍ എഴുതിയ ‘സ്വരാജ്’  എന്ന പുസ്തകത്തെക്കുറിച്ചുള്ള ആസ്വാദനമോ പഠനമോ ആണ്. ദേശീയ-അന്തര്‍ദേശീയ സംഭവങ്ങളെ ഉദാഹരിച്ചുകൊണ്ടാണ് കെജ്രിവാള്‍ ഈ പുസ്തകത്തെ അവതരിപ്പിച്ചിട്ടുള്ളത്. ഞാന്‍ എന്റെ സൌകര്യത്തിന് എനിക്ക് ഏറ്റവും അടുത്ത് അറിയാവുന്നതും ഞാന്‍ അനുഭവിക്കുന്നതുമായ എന്റെ സ്ഥാപനത്തെ ഉദാഹരിച്ചുകൊണ്ട് എഴു തുന്നു എന്നുമാത്രം. സത്യത്തിന്റെ പ്രതിഫലനം കൂട്ടാന്‍ വേണ്ടി മാത്രമാണ് ഞാന്‍ അങ്ങനെ ചെയ്യുന്നത്.  അല്ലാതെ എന്റെ സ്ഥാപനത്തെയോ സഹപ്രവര്‍ത്തകരെയോ വിമര്‍ശിക്കുന്നതിനോ കുറച്ചുകാണിക്കുന്നതിനോ എഴുതുന്നതല്ല ഈ പരമ്പര. മറിച്ചൊരു അനുഭവം എന്റെ സ്ഥാപനത്തിനോ സഹപ്രവര്‍ത്തകര്‍ക്കോ ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ അതില്‍ ഖേദിക്കുന്നു. 

കൂട്ടത്തിൽ പ്രൊഫ. സി. രവീന്ദ്രനാഥിനെ കുറിച്ച് രണ്ട് വാക്ക് പറയട്ടെ .  തൃശൂരിൽ കൊടകരയിലെ വനിതാ സംരംഭകർക്ക്  മാനേജ്മെന്റിൽ മുഖ്യ പരിശീലകനാവാനുള്ള ഒരവസരം എനിക്കുണ്ടായിരുന്നു. അന്ന് ആ പരിപാടി ഉദ്ഘാടനം ചെയ്തത്  പ്രൊഫ. സി. രവീന്ദ്രനാഥ്  ആയിരുന്നു. കേരളത്തിൻറെ വികസന കാഴ്ചപ്പാടും പ്രായോഗിക സാമ്പത്തിക സിദ്ധാന്തവും നന്നായി പഠിച്ചിട്ടുള്ള ഒരാളാണ്  പ്രൊഫ. സി. രവീന്ദ്രനാഥ് . അദേഹത്തിന്റെ അറിവിനും പാണ്ഡ്യത്തത്തിനും പ്രൊഫസർ അലങ്കാരം ഒരിക്കലും അലങ്കാരമാവില്ല. ഒരുപക്ഷേ അപവാദവുമാവാം. സാവിത്രി ടീച്ചറെ കുറിച്ച് എനിക്ക് അധികമൊന്നും അറിയില്ല. നല്ലൊരു അധ്യാപികയാണെന്ന് കേട്ടിട്ടുണ്ട്.   

  
ഇനി നമുക്ക് മടങ്ങാം കെജ്രിവാളിന്റെ സ്വരാജിലേക്ക്.
എന്റെ സ്ഥാപനത്തിലെ പ്രൊഫസ്സര്‍ അനുഭവിക്കുന്നത് ഉത്‌ക്കണ്ടയല്ല. ഇന്നത്തെ സവ്വകലാശാല വിദ്യാഭ്യാസ രംഗം അയാളില്‍ അടിച്ചേല്‍പ്പിച്ച ഉത്‌പന്ന ബോധമാണ്. വിദ്യാഭ്യാസത്തെ അതിന്റെ സേവന ഘടനയില്‍നിന്ന്‍ വേര്‍പ്പെടുത്തി ഒരു ഉത്‌പന്ന ബോധത്തോട് ചേര്‍ത്തുവച്ചതിന്റെ വിപത്താണ് നാം ഇവിടെ കാണുന്നത്. വിദ്യാഭ്യാസം എന്നത് സേവന മേഖലയില്‍നിന്ന് വ്യാവസായിക മേഖലയിലേക്ക് രൂപപരിണാമം സംഭവിച്ചതിന്റെ ലക്ഷണമാണ് നാം ഇവിടെ കാണുന്നത്. അതുകൊണ്ടാണ് എന്റെ സ്ഥാപനത്തിലെ പ്രൊഫസ്സര്‍ അയാളുടെ വില ഒരു ലക്ഷത്തി മുപ്പത്തയ്യായിരം എന്ന്‍ വളരെ കൃത്യമായി രേഖപ്പെടുത്തുന്നതും അവകാശപ്പെടുന്നതും. ഇത് നമ്മുടെ സര്‍വ്വകലാശാല വിദ്യാഭ്യാസത്തിന്റെ മൂല്യത്തകര്‍ച്ചയാണ്. ഈ മൂല്യശോഷണത്തെ കുറിച്ച് അരവിന്ദ് കെജ്രിവാള്‍ഇങ്ങനെ എഴുതുന്നു:-  

 
“ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഒരു വ്യവസായ പ്രമുഖന്‍ മഹാരാഷ്ട്രയില്‍ ഒരു സ്വകാര്യ യുണിവേഴ്സിറ്റി സ്ഥാപിക്കാന്‍ താല്പര്യം കാണിച്ചതായി പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. അയാള്‍ മഹാരാഷ്ട്രയിലെ വിദ്യാഭ്യാസ മന്ത്രിയെ സന്ദ ര്‍ശിച്ചു.

സ്വകാര്യ വ്യക്തികള്‍ക്ക് മഹാരാഷ്ട്രയ്ക്കകത്ത് സര്‍വ്വകലാശാലകള്‍ നിര്‍മ്മി ക്കുന്നതിനുള്ള അനുവാദം നല്‍കിക്കൊണ്ട് സംസ്ഥാന അസ്സംബ്ലിയില്‍ ഒരു ബില്‍ കൊണ്ടുവരുന്നതില്‍ അയാള്‍ വിജയിച്ചു. നമ്മുടെ സംസ്ഥാന അസംബ്ലികള്‍ ഇത്തരം വ്യവസായ ഭീമന്മാരുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ഒരിക്കലും തയ്യാറാവരുത്.” (സ്വരാജ് : പുറം:16)


എന്നാല്‍ നമ്മുടെ സര്‍വ്വകലാശാലകള്‍ക്ക് സ്വയംഭരണാധികാരം കൊടുക്കുന്ന മട്ടിലേക്ക് കാര്യങ്ങള്‍ പുരോഗമിച്ചുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്‌. ഇത് അപകടമാണ്. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ വിദ്യാര്‍ഥികള്‍ എന്ത് പഠി ക്കണം, എങ്ങനെ പഠിപ്പിക്കണം, ആരൊക്കെ പഠിപ്പിക്കണം, എന്തിനുവേണ്ടി പഠിപ്പിക്കണം എന്നൊക്കെ നിശ്ചയിക്കാനും നിയന്ത്രിക്കാനും രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്  കഴിയണം.


നമ്മുടെ സ്വാശ്രയ കോളജ് വിദ്യാഭ്യാസ രംഗത്തെ കലുഷിതമായ പ്രശ്നാന്ത രീക്ഷം ഇന്നും തെളിഞ്ഞുവന്നിട്ടില്ല. സുസ്ഥിരമായിട്ടില്ല.  പരിഹരിച്ചിട്ടില്ല.  നമ്മുടെ വിദ്യാഭ്യാസ മേഖല ജനങ്ങളില്‍നിന്ന് അകലുന്നതിന്റെ അടയാളങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളും പഠിപ്പിച്ചു കൊണ്ടിരിക്കുന്ന അധ്യാപകരും ജനങ്ങളില്‍നിന്നും സംസ്കാരങ്ങളില്‍നിന്നും അകന്നുപോയിക്കൊണ്ടിരിക്കുന്നു. അവര്‍ ദേശീയതയില്‍നിന്നും അകന്ന്  ദേശീയതയെ അട്ടിമറിക്കുകയും തമസ്കരിക്കുകയും ചെയ്യുന്ന കോര്‍പ്പറേറ്റ് ശക്തികള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയരാവുന്നു. വിദ്യാഭ്യാസം ജനങ്ങളില്‍ നിന്നും സംസ്കാരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമ്പോള്‍ ഒരു വിഘടിത സമൂഹം ഇവിടെ ഉണ്ടാവുന്നു. തീവ്രവാദത്തിന്റെ മേച്ചില്‍പ്പുറങ്ങളില്‍ മേയുന്ന ഈ വിഘടിത സമൂഹമാണ് ഇന്നത്തെ നമ്മുടെ ദുരന്തവും. ആഗോളീകരണത്തിന്റെ  ദുരന്തഫലമാണ് ഇത്. ആഗോളീകരണം നമ്മുടെ തനത് സംസ്കാരത്തേയും ജനാധിപത്യ വ്യവസ്ഥകളേയും തമസ്കരിച്ചുകൊണ്ടിരിക്കുന്നു.

അരവിന്ദ് കെജ്രിവാള്‍ സ്വരാജില്‍ പറയുന്നത് കേള്‍ക്കുക:-


“ ചിലര്‍ പറയും, ജനാധിപത്യത്തെക്കുറിച്ച് നാം പഠിച്ചത് യു.എസ്സില്‍ നിന്നാ ണെന്ന്. ചിലര്‍ പറയും ഇത് ഇംഗ്ലണ്ടില്‍ നിന്നാണ് പഠിച്ചതെന്ന്. പക്ഷേ ഗൌതമ ബുദ്ധന്റെ കാലത്തുതന്നെ നമ്മുടെ രാജ്യത്ത് ജനാധിപത്യവ്യവസ്ഥിതി നിലവിലുണ്ടായിരുന്നു എന്നാതാണ് യാഥാര്‍ത്ഥ്യം. പക്ഷേ അത് ഇന്നുള്ളതിനെക്കാളും ശക്തമായിരുന്നു. ലോകത്തില്‍ ആദ്യത്തെ ജനായത്തഭരണം നിലനിന്നിരുന്നത് വൈശാലിയിലായിരുന്നു. ജനാധിപത്യ പാരമ്പര്യം നമ്മുടെ ആത്മാവിന്നുള്ളില്‍ വേരുറച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് സ്വാതന്ത്ര്യത്തിനുശേഷം നാം ആ രീതി പിന്തുടര്‍ന്നതും. 
ഇന്ന് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നാമൊരു രാജാവിനെ തെരഞ്ഞെടുക്കുന്നു. പക്ഷേ രാജാവ് നമ്മുടെ നിയന്ത്രണത്തിലല്ലെന്നുമാത്രം. പുരാതന കാലത്ത് ജനങ്ങളല്ല രാജാവിനെ തെരഞ്ഞെടുത്തിരുന്നതെങ്കിലും, രാജാവ് അവരുടെ നിയന്ത്രണത്തിലായിരുന്നു.” (സ്വരാജ് : പുറം:36,37)


എന്നാല്‍ നമ്മുടെ പുതിയ രാജാക്കന്മാര്‍ ആര്‍ക്കും നിയന്ത്രണവിധേയമല്ല. അവര്‍ ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട് അവരവരുടെ കൊട്ടാരങ്ങളിലും അന്തപുരങ്ങളിലും സസുഖം വാഴുന്നു. അവരുടെ സുഖങ്ങള്‍ക്ക് തടസ്സം നേരിട്ടാല്‍ മന്ത്രി സഭകള്‍ നിലം പൊത്തും. നമ്മുടെ രാഷ്ട്രപതിയുടെ കാര്യം തന്നെ എടുക്കുക;

“നമ്മുടെ രാഷ്ട്രപതി താമസിക്കുന്നത് 340 ഏക്കറില്‍ പരന്നുകിടക്കുന്ന വിസ്താര മേറിയ ബംഗ്ലാവിലാണ്. അതേസമയം ഡല്‍ഹിയിലുള്ള 40 ശതമാനം ജനങ്ങളും ഇടുങ്ങിയ ചേരിപ്രദേശങ്ങളില്‍ തിങ്ങിപ്പാര്‍ക്കുകയാണ്. സ്വന്തമെന്നുപറയാന്‍ രണ്ട് മീറ്റര്‍ സ്ഥലം പോലുമില്ലാത്തവരാണിവര്‍. മാലിന്യത്തിലും അഴുക്കിലും പെട്ട് പുഴുക്കളെ പോലെ നിലനില്‍പ്പിന്നായി ഇവര്‍ കഷ്ടപ്പെടുന്നു. ഓരോ ചെറിയ കുടിലിന്നുള്ളിലും പത്തിലധികം ആളുകളാണ് താമസിക്കുന്നത്.” (സ്വരാജ് : പുറം: 37)


ജനങ്ങള്‍ തീരുമാനങ്ങള്‍ എടുക്കുകയും രാജാവ് അത് നടപ്പിലാക്കുകയും ചെയ്തിരുന്ന ഒരു ജനാധിപത്യ ഭരണ സംവിധാനം ചന്ദ്രഗുപ്തന്റെ കാലഘട്ടം തൊട്ടു തന്നെ ഇവിടെ നിലനിന്നിരുന്നു. ഒരച്ചന്‍ മകനോടെന്നപോലെയുള്ള പിതൃ വാത്സല്യത്തിലധിഷ്ടിതമായ ഒരു ഭരണ സമ്പ്രദായം (Administrative Paternalism) ഇവിടെ ഉണ്ടായിരുന്നു. 1860 വരെ ഈ ഭരണ സംവിധാനം നാം തുടര്‍ന്നുവന്ന തായും ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.

കെജ്രിവാള്‍ സ്വരാജില്‍ പറയുന്നത് കേള്‍ക്കുക :-


“ഈ രാജ്യത്തിന്റെ അടിത്തറ ഗ്രാമസഭകളാണെന്ന്  1860ല്‍ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായിരുന്ന മെറ്റ്കാഫ് പ്രഭു രേഖപ്പെടുത്തുകയുണ്ടായി. ഗ്രാമത്തിലെ ജന ങ്ങള്‍ ഒരു പൊതു ഇടത്തില്‍ സമ്മേളിക്കുകയും യോജിച്ച് തീരുമാനങ്ങള്‍ കൈ ക്കൊള്ളുകയും ചെയ്തിരുന്നു. 1860 ല്‍ ഗ്രാമസഭകളെ തകര്‍ക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് ഗവേര്‍മെണ്ടിന് ഒരു നിയമം കൊണ്ടുവരേണ്ടിവന്നു. കാരണം, ഈ അടിത്തറ ഇളക്കിമാറ്റുന്നതുവരെ ഫലപ്രദമായി ഭരണം നടത്താന്‍ കഴിയി ല്ലെന്ന്‍ ബ്രിട്ടീഷുകാര്‍ മനസ്സിലാക്കിയിരുന്നു.


നിര്‍ഭാഗ്യം എന്താണെന്നുവച്ചാല്‍ 1947 ല്‍ സ്വാതന്ത്ര്യം ലഭിച്ചപ്പോഴും ജനങ്ങളുടെ അധികാരം അവര്‍ക്കുതന്നെ തിരികെ നല്കപ്പെട്ടില്ല. ഗ്രാമസഭകളുടെ അധികാരവും തിരികെ നല്‍കിയില്ല. ബ്രിട്ടീഷ് കളക്ടര്‍ക്ക് പകരം ഒരു ഇന്ത്യക്കാരനെ പ്രതിഷ്ടിക്കുക മാത്രമാണുണ്ടായത്.
ധാര്‍ഷ്ട്യം, അകല്‍ച്ച, ഭരണകര്‍ത്താവെന്ന മനോഭാവം തുടങ്ങിയ അവരുടെ എല്ലാ നയങ്ങളും അതുപോലെത്തന്നെ സംരക്ഷിക്കപ്പെട്ടു. ഇന്ത്യന്‍ കളക്ടര്‍ അഥവാ ബ്യുറോക്രാറ്റുകള്‍, അവര്‍ ഇപ്പോഴും പഴയ ബുറാസാഹിബ്ബുകള്‍ തന്നെ.” (സ്വരാജ് : പുറം: 39) 

                                                                    
അടുത്ത ബ്ലോഗ്ഗില്‍ തുടരും......
ഡോ. സി.ടി. വില്യം
 
                    

Monday, February 10, 2014

ഭരിക്കേണ്ടവര്‍ ഭരിക്കാതെവരുമ്പോള്‍-മൂന്ന്‍


ഇത്തരത്തിലുള്ള ജനാധിപത്യമാണോ നാം ആഗ്രഹിക്കുന്നത്?

പ്രതികരണത്തിന്റെ കാര്യത്തില്‍ നാം ഒട്ടും പിന്നിലല്ലെന്നുതന്നെയാണ് എന്റെ വിശ്വാസം. നമ്മുടെ സ്വാതന്ത്ര്യസമരചരിത്രം പരിശോധിച്ചാല്‍ നമുക്കത് മനസ്സിലാവും. 1857 ല്‍ ആരംഭിച്ച ശിപ്പായി ലഹള മുതല്‍ ഒട്ടനവധി സമര പ്രക്ഷോഭങ്ങളിലൂടെയാണ് നാം നമ്മുടെ സ്വാതന്ത്ര്യം 1947 ല്‍ നേടിയെടുത്തത്. എന്നുവച്ചാല്‍ ഏതാണ്ട് ഒരു നൂറ്റാണ്ട് നാം പ്രതികരിച്ചു എന്നാണ് അര്‍ത്ഥമാക്കേണ്ടത്.

എന്നാല്‍ സ്വാതന്ത്ര്യത്തിനുശേഷം ബ്രിട്ടീഷുകാര്‍ ഭാരതത്തിന്റെ മണ്ണിലെറിഞ്ഞ ഒരു അസുരവിത്ത്‌ ഇവിടെ പൊട്ടിമുളച്ചു പടര്‍ന്നുപന്തലിച്ചു. അത് ഭിന്നിപ്പിച്ചു ഭരിക്കുക (Divide and Rule) എന്ന മാരകമായ അന്തകവിത്തായിരുന്നു. ഈ വിത്ത് നമ്മുടെ രാഷ്ട്രീയ ശരീരത്തിലെ ജനിതക മാറ്റമായി പ്രവര്‍ത്തിച്ചു. ജാതി-മത-സാമുദായിക-വര്‍ഗ്ഗീകരണത്തില്‍ അധിഷ്ടിതമായ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിഷ്കള ങ്കമായ ഒരു ജനതയെ പങ്കുവച്ചു. അവര്‍ ഭാരതത്തിന്റെ ചോരയാണ് പങ്കുവച്ചത്. അങ്ങനെ നമ്മുടെ പുണ്യനദികളില്‍ ഭാരതീയന്റെ ചോരയൊഴുകി. അത് നെറ്റിയില്‍ തൊട്ടാണ് നാമിന്ന് ജീവിക്കുന്നത് അഥവാ അവര്‍ നമ്മെ ജീവിപ്പി ക്കുന്നത്‌.


ഈ പരിസരത്തുനിന്നാണ് നാം അരവിന്ദ് കെജ്രിവാളിനെ വായിക്കേണ്ടത്. “പ്രതികരിക്കാന്‍ ഇനിയും നമ്മള്‍ താമസിച്ചുകൂടാ” എന്ന്‍ കെജ്രിവാള്‍ സ്വരാജില്‍ പറയുമ്പോള്‍ അതില്‍ ഗാന്ധിജിയുടെ ശബ്ധം നമുക്ക് കേള്‍കാം. “പ്രതികരിക്കാന്‍ ഇനിയും നമ്മള്‍ താമസിച്ചുകൂടാ” എന്ന്‍ കെജ്രിവാള്‍ പറയുന്നിടത്ത് ഇനിയും താമസിച്ചാലുള്ള ഒരു ദുരന്തത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുണ്ട്. 


ഞാന്‍ ജോലിചെയ്യുന്നത് ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലാണ്. ഈ സ്ഥാപനം ഭീകരമായ കടക്കെണിയുടെ ഭാരത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ സര്‍ക്കാരിനെ ഒട്ടും ആശ്രയിക്കാതെ തന്നെ സ്വന്തം കാലില്‍ത്തന്നെ നില്‍ക്കാന്‍ എല്ലാവിധത്തിലും വിഭവശേഷിയുള്ള ഒരു സ്ഥാപനമാണ്‌ എന്റേത്. ഇവിടുത്തെ ഏറ്റവും കൂടിയ ശമ്പളം ഒരു ലക്ഷത്തി പതിനയ്യായിരവും കുറഞ്ഞ ശമ്പളം  പതിനയ്യായിരവുമാണ്. അതുപോലെത്തന്നെ ഏറ്റവും കൂടിയ പെന്‍ഷന്‍ അമ്പത്തേഴായിരവും കുറഞ്ഞ പെന്‍ഷന്‍ ഏഴായിരവുമാണ്. 


ഇത്രയും ഭീമമായ ആനുകൂല്യങ്ങള്‍ കൈപറ്റുന്ന ഏറെ സ്ഥാപനങ്ങള്‍ കേരളത്തില്‍ ഇല്ലെന്നുതന്നെ പറയാം. എന്നാല്‍ ഞാനടക്കമുള്ളവര്‍ കൈപറ്റുന്ന ആനുകൂല്യങ്ങള്‍ക്കനുസൃതമായി ജോലി ചെയ്യുന്നില്ല എന്നുതന്നെ ഞാന്‍ പറയും. ജോലി ചെയ്യിപ്പിക്കുന്നില്ല എന്നുപറയുന്നതും ശരിയാണ്. കാരണം, നിയമാനുസൃതമായി ഞാന്‍ എഴുതിയ ചില ഫയലുകള്‍ കീറിക്കളയുക എന്നുപോലും ഒരു ഉദ്യോഗസ്ഥന്‍ ഉത്തരവിട്ടിട്ടുണ്ട്. മറ്റൊരവസരത്തില്‍ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അയാളുടെ മുന്‍പില്‍ വച്ച് ഒരു കീഴുദ്യോഗസ്ഥനെക്കൊണ്ട് ഫയല്‍ കീറിക്കളയിപ്പിച്ചിട്ടുമുണ്ട്.


ഏതാണ്ട് അഞ്ചുകോടി വരുമാനമുള്ള സര്‍ക്കാര്‍ ഭൂമി ഒരു കോടി രൂപക്ക് രണ്ടുകൊല്ലത്തേക്ക്  സ്വകാര്യ കരാറുകാര്‍ക്ക് വെട്ടിവെളിപ്പിക്കാന്‍ കൊടുക്കുമ്പോള്‍ ഫയലെഴുതിയ ഒരു ഉദ്യോഗസ്ഥനെ കള്ളക്കേസ്സില്‍ കുടുക്കുമ്പോള്‍ അയാളെന്തുചെയ്യും? ഈയൊരു സാഹചര്യത്തെക്കുറിച്ച് അരവിന്ദ് കെജ്രിവാള്‍ പറയുന്നതിങ്ങനെ ;


“ഒരു പരാതി ഉന്നയിക്കുന്നതിനായി നിങ്ങള്‍ ഒരു പോലീസ് സ്റേഷനില്‍ പോയെന്നിരിക്കട്ടെ. അവിടുത്തെ ഉദ്യോഗസ്ഥന്‍ നിങ്ങളുടെ പരാതി സ്വീകരിക്കുന്നില്ലെന്നു മാത്രമല്ല, ചിലപ്പോള്‍ നിങ്ങള്‍ക്കെതിരെ പല കള്ളക്കേസ്സുകളും പുതുതായി ചേര്‍ക്കാന്‍ ശ്രമിച്ചെന്നുമിരിക്കും. അയാള്‍ക്കെതിരെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. നിങ്ങളുടെ അമര്‍ഷം ഉള്ളിലൊതുക്കാനെ നിങ്ങള്‍ക്ക് കഴിയൂ”.  (സ്വരാജ് : പുറം 21)


ഇവിടെ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്‌ എന്താണ്? നമ്മുടെ നികുതിപ്പണം ശമ്പളമായി വാങ്ങുന്ന ഒരു ഉദ്യോഗസ്ഥന്‍ നികുതി കൊടുക്കുന്ന അഥവാ അയാള്‍ക്ക്‌ ശമ്പളം കൊടുക്കുന്ന ഒരു സാധാരണ പൌരനെ പീഡിപ്പിക്കുകയോ വെട്ടയാടുകയോ ചെയ്യുന്നു. ഇവിടെ ഒരു നീതി നിഷേധിക്കപ്പെടുകയും ഒരു കര്‍ത്തവ്യം നിറവേല്‍ക്കപ്പെടാതെയും പോകുന്നില്ലേ? ആരോടാണ് ഇതൊക്കെ പരാതിപ്പെടെണ്ടത്? ആരാണ് ഈ പരാതി പരിഹരിക്കേണ്ടത്? 


ഉത്തരങ്ങളുണ്ട് കെജ്രിവാളിന്. അദ്ദേഹം പറയുന്നത് കേള്‍ക്കൂ;


“സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ജനസംഖ്യയുടെ 70 ശതമാനം പേരും ഒരു ദിവസം ഇരുപത് രൂപ ചെലവഴിക്കുന്നുണ്ട്. അഞ്ചുപേരടങ്ങിയ ഒരു കുടുംബം മാസത്തില്‍ 3000 രൂപ ചെലവഴിക്കുന്നു. എല്ലാ നികുതിയും കണക്കാക്കുകയാണെങ്കില്‍ ശരാശരി 10 ശതമാനം വരും. അതായത് ഒരു പാവപ്പെട്ട കുടുംബം പോലും മാസത്തില്‍ 300 രൂപയും വര്‍ഷത്തില്‍ 3600 രൂപയും നികുതിയായി അടക്കുന്നുണ്ട്”. (സ്വരാജ് : പുറം 21) 


ഈയൊരു ഉദാഹരണത്തില്‍ നിന്ന് 120 കോടി ജനങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്ന നികുതിപ്പണം എത്രയെന്ന്‍ കണക്കാക്കാം.


“സര്‍ക്കാര്‍ സ്വരൂപിക്കുന്ന ഈ നികുതിപ്പണത്തിന്റെ ഉടമസ്ഥര്‍ നിങ്ങളാണ്. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും നിങ്ങളുടെ ജോലിക്കാരാണ്. നിങ്ങള്‍ അടക്കുന്ന നികുതിപ്പണമാണ്  ഇവര്‍ക്കുള്ള ശമ്പളമായി വിതരണം ചെയ്യുന്നത്.....വിരോധാഭാസം എന്തെന്നാല്‍ നമ്മള്‍ നികുതിയായി കൊടുക്കുന്ന പണം ശമ്പളമായി വാങ്ങുന്ന ഇവര്‍ക്കുമേല്‍ നമുക്ക് യാതൊരുവിധ നിയന്ത്രണവുമില്ല. അതൊരു സര്‍ക്കാര്‍ ഡോക്ടരായാലും അധ്യാപകരായാലും അവര്‍ക്കെ തിരായി ഒരു നടപടിയും കൈക്കൊള്ളുവാന്‍ കഴിയുന്നില്ല....നമ്മളേ പരിചരിക്കേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെമേല്‍ നമുക്ക് യാതൊരു നിയന്ത്രണവുമില്ല”. (സ്വരാജ് : പുറം 22)


ഞാന്‍ എന്റെ കഥയിലേക്കുതന്നെ തിരിച്ചുവരട്ടെ. പ്രതിവര്‍ഷം അഞ്ചുകോടി വരുമാനമുണ്ടാക്കാവുന്ന ഭൂമിയെന്തിനു വെട്ടിവെളിപ്പിക്കണം? കെട്ടിടങ്ങള്‍ പണിയാനാണത്രേ. കേന്ദ്ര സര്‍ക്കാരിന്റെ നൂറുകോടി രൂപയുണ്ടത്രേ ചെലവഴി ക്കാന്‍. കൂട്ടത്തില്‍ പറയട്ടെ, എന്റെ സ്ഥാപനം കെട്ടിടങ്ങളാല്‍ സമൃദ്ധമാണ്‌. ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ വളരെയേറെയുണ്ട്. അറ്റകുറ്റപ്പണികള്‍ നോക്കാതെ അവയെല്ലാം നശിച്ചുപോവുകയാണ്. അപ്പോള്‍പിന്നെ ഇനിയും കെട്ടിടങ്ങള്‍ എന്തിന്? എന്റെ ചോദ്യത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ മറുപടി നല്‍കി; “ഞങ്ങള്‍ക്ക് പണം കയ്യില്‍ കിട്ടണമെങ്കില്‍ കെട്ടിടം പണിയണം. ഭൂമിയില്‍നിന്ന് പണം, പണമായി കിട്ടില്ലല്ലോ?” 


ശരിയാണ്, സര്‍ക്കാരിന്ന്‍ നിര്‍മ്മാണമാണ് പ്രധാനം. നിര്‍മ്മാണത്തില്‍നിന്നാണ് പണം ഉണ്ടാവുന്നത്. പുതിയ വിമാനത്താവളങ്ങള്‍, ആറുവരി-എട്ടുവരി പാത കള്‍, പാലങ്ങള്‍, മേല്‍പാലങ്ങള്‍. കോര്‍പ്പരെറ്റുകള്‍ വരുന്ന വഴി അതാണ്‌. പണം വരുന്ന വഴികളും അതാണ്‌. പണം തരുന്നവരുടെ വഴികളും അതാണ്‌.


ഈ വഴികളെക്കുറിച്ചും അരവിന്ദ് കെജ്രിവാള്‍ പറയുന്നുണ്ട്;


“ജനങ്ങളില്‍നിന്നും നികുതിയായി പിരിഞ്ഞുകിട്ടിയ സര്‍ക്കാര്‍ ഫണ്ടിന്മേലും നമുക്ക് യാതൊരു അധികാരവുമില്ല. നമ്മുടെ അവകാശങ്ങളും ആവശ്യങ്ങളും അവഗണിക്കപ്പെടുന്നു. നമ്മുടെ പണം എവിടെയൊക്കെ എങ്ങനെയൊക്കെ ഉപയോഗിക്കണം എന്നുപോലും പറയാന്‍ കഴിയുകയില്ല”. (സ്വരാജ് : പുറം 22)


സര്‍ക്കാര്‍ ധനികരും നാം പാവപ്പെട്ടവരും എന്ന മട്ടിലാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. നമ്മുടെ പണമാണ് സര്‍ക്കാരിന്റെ പണം. നമ്മുടെ വോട്ടാണ് സര്‍ക്കാര്‍. പക്ഷേ നാം സര്‍ക്കാര്‍ വരച്ച ഒരു സാങ്കല്‍പ്പിക രേഖയുടെ താഴെയും മുകളിലുമായി സഞ്ചരിക്കുന്നു. BPL APL എന്നൊക്കെ പറയുന്നത് അതത്രേ. ചുരുക്കത്തില്‍ നമ്മേ ദരിദ്രരാക്കുക അല്ലെങ്കില്‍ ദാരിദ്ര്യത്തിന്റെ ഒരു രേഖയുടെ അപ്പുറവും ഇപ്പുറവും വച്ചുകെട്ടുകയത്രേ സര്‍ക്കാരിന്റെ ഭരണം. 


ഇത്തരം വച്ചുകെട്ടലുകളെ കുറിച്ച് സ്വരാജില്‍ ഇങ്ങനെ പറയുന്നു;


“ദാരിദ്ര്യം ഉന്മൂലനം ചെയ്യാനെന്ന പേരില്‍ നമുക്ക് കുന്നോളം പദ്ധതികളുണ്ട്. ജനങ്ങള്‍ പിച്ചക്കാരായി മാറുന്നതിന്റെ പ്രധാന കാരണവും ഈ സര്‍ക്കാര്‍ പദ്ധതികളാണ്. ബി പി എല്‍ (Below Poverty Line) എന്നതിന്റെ പേരില്‍ ഒരു രസകരമായ പദ്ധതിയുണ്ട്......ഗ്രാമീണരെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ ബി പി എല്‍ പദ്ധതി വന്‍വിജയമാണ് കൈവരിച്ചത്. ആളുകള്‍ക്ക് ചെറിയൊരു ധനസഹായം നല്‍കിക്കൊണ്ട് അവരെ ‘പിച്ചക്കാര്‍’ എന്ന്‍ വിളിക്കാന്‍ കഴിഞ്ഞു. വിരോധാഭാസം എന്തെന്നുവച്ചാല്‍ പദ്ധതി ആനുകൂല്യങ്ങള്‍ക്കായി എല്ലാവരും പിച്ചക്കാരായി മാറാന്‍ ആഗ്രഹിക്കുന്നുവെന്നാണ്.....തുച്ഛമായ ആനുകൂല്യത്തിനുവേണ്ടി ബി പി എല്‍ കാരാവാന്‍ പാവം ജനങ്ങള്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു”. (സ്വരാജ് : പുറം 26)


ഇത്തരത്തിലുള്ള ജനാധിപത്യമാണോ നാം ആഗ്രഹിക്കുന്നത്? ഇതിനെ ജനാധിപത്യഭരണരീതി എന്ന്‍ വളിക്കാനാവുമോ? അപ്പോള്‍ എന്താണ് ജനാധിപത്യം? ഏതാണ് ജനാധിപത്യ ഭരണരീതി?
“അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വോട്ടു ചെയ്ത് പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന രാഷ്ട്രീയം ഇനി തുടരുന്നതില്‍ അര്‍ത്ഥമില്ല. സര്‍ക്കാരിനുള്ള അതേ അധികാരത്തിന്റെ പങ്കാളിത്തം ഈ രാജ്യത്തെ ജനങ്ങളിലേക്കും എത്തേണ്ടത് ആവശ്യമായി വന്നിരിക്കുന്നു. നമ്മള്‍ വോട്ടിലൂടെ തെരഞ്ഞെടുക്കുന്നവര്‍ അവര്‍ ചെയ്യുന്ന എല്ലാ കര്‍മ്മങ്ങള്‍ക്കുമുള്ള മറുപടി നമ്മോളോട് പറയാന്‍ ബാധ്യസ്ഥരാണ്. എന്താണ് ചെയ്യേണ്ടതെന്നും എന്ത് ചെയ്യാന്‍ പാടില്ല എന്നും തീരുമാനിക്കേണ്ടത് ജനങ്ങളാണ്”. (സ്വരാജ് : പുറം 34, 35) 
                  
 

                                                                      
അടുത്ത ബ്ലോഗ്ഗില്‍ തുടരും......

ഡോ. സി.ടി. വില്യം

Sunday, February 2, 2014

ഭരിക്കേണ്ടവര്‍ ഭരിക്കാതെവരുമ്പോള്‍-രണ്ട്


പ്രതികരിക്കാന്‍ ഇനിയും നമ്മള്‍ താമസിച്ചുകൂടാ

സ്വരാജ് എന്ന സംജ്ഞയ്ക്ക് മാനവരാശിയുടെ ചരിത്രത്തോളം തന്നെ പഴക്ക മുണ്ടാവണം. മനുഷ്യസമൂഹത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ വ്യക്തി എന്ന ഘടകം മുതല്‍ ആഗോള മനുഷ്യസമൂഹം എന്ന ഉച്ചസ്ഥായിയിലുള്ള ഘടകം വരെ സ്വരാജ് എന്ന വിചാര-വികാരങ്ങളിലേക്ക് പരിണമിക്കുന്നതുകാണാം. എങ്കിലും സ്വരാജ് എന്നതിന്റെ ഭൌതികവും ആധ്യാത്മികവുമായ അഗാത തലങ്ങളെ സ്പര്‍ശിച്ചത് മഹാത്മാഗാന്ധി തന്നെയാണ്.

മഹാത്മാഗാന്ധിയുടെ സ്വരാജ് എന്ന ആധ്യാത്മിക സിദ്ധാന്തത്തിന് ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്ന് പറയാം. സ്വരാജിനെക്കുറിച്ച് മഹാത്മാഗാന്ധി ഇങ്ങനെ എഴുതി:-

സ്വരാജ് വേദശുദ്ധിയുള്ള ഒരു വിശുദ്ധ പദമാണ്. അത് മരണത്തെ ഭയക്കുന്നില്ല. സ്വരാജ് എന്നത് കേവല സ്വാതന്ത്ര്യമല്ല. സ്വയം ഭരണാധികാരവും നിയന്ത്രണാ ധികാരവും ഉള്ള ഇടങ്ങളിലാണ് സ്വരാജ് ഉണ്ടാവുക. അത് ഏറ്റവും നിസ്സാര ന്റെയും പാവപ്പെട്ടവന്റെയും അവകാശമാണ്. സ്വരാജിലെ ജനത, ഇംഗ്ലീഷുകാരെ ന്നല്ല, ആരുടെ നുകത്തിന്നും കീഴില്‍ നിന്നുകൂടാ. മന്ത്രിമാരായാലും നിയമ സാമാജികന്മാരായാലും; അവര്‍ ഹിന്ദുവായാലും മുസ്ലീമായാലും ക്രിസ്ത്യാനി യായാലും മറ്റേത് സമുദായാംഗമായാലും സമത്വപൂര്‍ണമായ നീതി നടപ്പാക്കുന്ന വരാവണം. സ്വരാജ്, എതിരാളികളുടെപോലും ആശയങ്ങളെ സ്വീകരിക്കാ നാവില്ലെങ്കിലും ബഹുമാനിക്കണം. സ്വരാജ് ദൈവത്തിനുപോലും തരാനാവില്ല. അത് നാം സ്വയം സമ്പാദിക്കേണ്ടതാണ്.

ഗോഡ്സെ പൊട്ടിച്ച ഒരു വെടിയൊച്ചയില്‍ മഹാത്മാവിന്റെ സ്വരാജ് അസ്തമിക്കുക യായിരുന്നു. പിന്നീട് എപ്പോഴൊക്കെ മഹാത്മാവിന്റെ സ്വരാജ് ഉദയം കൊള്ളാന്‍ ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അഭിനവ ഗോഡ്സെമാര്‍ വെടി പൊട്ടിച്ചുകൊണ്ടെ യിരുന്നു. സ്വരാജ് ചിറകൊടിഞ്ഞ് വീണുകൊണ്ടുമിരുന്നു.

ആറര പതിറ്റാണ്ടിനുശേഷം ഇന്നിപ്പോള്‍ സ്വരാജ് ഒരിക്കല്‍ക്കൂടി നെഞ്ചു യര്‍ത്തി ശിരസ്സുയര്‍ത്തി നില്‍ക്കുന്നു. അരവിന്ദ് കെജ്രിവാള്‍ എന്നൊരു സാധാരണ മനുഷ്യനാണ് മഹാത്മാവിന്റെ സ്വരാജിനെ ഇന്ത്യയുടെ പൊതു സമൂഹത്തിനുമുന്നില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നത്‌. മതജ്വരത്തിന്റെ ഗോഡ്സെ മാര്‍ക്ക് പകരം ഇന്ന്‍ അഴിമതിജ്വരം ബാധിച്ച ഗോഡ്സെമാര്‍ അവരവരുടെ തോക്കുകളുടെ കാഞ്ചിയില്‍ തൊട്ടുനില്‍ക്കുന്നു. പക്ഷേ പഴയ ഗോഡ്സെയുടെ കരുത്തില്ല ഇവര്‍ക്ക് ആ കാഞ്ചി വലിക്കാന്‍. കാരണം പുതിയ സ്വരാജിനെ വെടിവച്ചുവീഴ്താന്‍ ഒരുപക്ഷേ ഈ ഗോഡ്സെമാരുടെ തോക്കുകള്‍ക്ക് ശേഷിയു ണ്ടാവില്ല.

അരവിന്ദ് കെജ്രിവാളിന്റെ സ്വരാജ് പുതിയ സ്വരാജല്ല. നാം മറന്നുപോയ മഹാത്മാവിന്റെ പഴയ സ്വരാജാണ്. നാം ഓര്‍ക്കാന്‍ നിര്‍ബന്ധിതമായ സ്വരാജാണത്. കഴിഞ്ഞ ആറര പതിറ്റാണ്ടായി നമ്മളില്‍ ഉറങ്ങിക്കിടന്ന സ്വരാജാണത്. അത് സാധാരണക്കാരന്റെ സ്വരാജാണത്. പാവപ്പെട്ടവന്റെ സ്വരാജാണത്. ഇന്ത്യയിലെ ആം ആദ്മിയുടെ സ്വരാജാണത്.

ഞാന്‍ ഈ കുറിപ്പെഴുതുന്നത് കാര്‍ഷിക സര്‍വ്വകലാശാലയുടെ അസ്ഥിക്കഷണ ങ്ങളില്‍ ഇരുന്നുകൊണ്ടാണ്. ഒരുകാലത്ത് ഹരിതാഭമായ കാര്‍ഷിക സര്‍വ്വകലാ ശാല ഇന്ന് വെറും അസ്ഥിക്കൂടമായിരിക്കുന്നു. കേരളത്തിലെ ആം ആദ്മിയുടെ പ്രതീക്ഷയും പ്രത്യാശയുമായ ഈ സര്‍വ്വകലാശാലയുടെ പഴയ സമൃദ്ധിയും ഹരിതാഭമായ ആ കാലാവസ്ഥയും ഇന്നെവിടെപ്പോയി. അരവിന്ദ് കെജ്രി വാളിന്റെ സ്വരാജില്‍ ഞാന്‍ ഉത്തരങ്ങള്‍ കാണുന്നുണ്ട്. ചോദ്യങ്ങളുണ്ടെങ്കിലും ഉത്തരങ്ങളാണ് ഇതില്‍ കൂടുതലും. അരവിന്ദ് കെജ്രിവാള്‍ എഴുതുന്നതിങ്ങനെ:-

ചെറുകിട ഭൂവുടമകളുടെയും കര്‍ഷകരുടെയും വികസനത്തിന്റെ പേരുപറഞ്ഞ് സമ്മര്‍ദ്ദത്തില്‍പ്പെടുത്തി അവരുടെ ഭൂമി തുച്ഛമായ വിലക്ക് അടിച്ചെടുക്കുന്നു. പിന്നീട് ഇതേ സ്ഥലം ഭീമമായ തുകക്ക് ഈ കമ്പനികള്‍ മറിച്ചുവില്‍ക്കുന്നു. നമ്മുടെ പ്രകൃതി സമ്പത്തും ധനവുമെല്ലാം രാഷ്ട്രീയക്കാരുടെയും അധികാര വര്‍ഗ്ഗങ്ങളുടെയും കൈകളില്‍ സുരക്ഷിതമല്ലാതായിരിക്കുന്നു. ഉടനെ എന്തെ ങ്കിലും ചെയ്തില്ലെങ്കില്‍ അവരെല്ലാം വിറ്റുതുലക്കും. സാധിച്ചാല്‍ നമ്മുടെ രാജ്യം വരെ വില്‍ക്കപ്പെടും.
കഴിഞ്ഞ അറുപതു വര്‍ഷക്കാലമായി നാം എല്ലാ പാര്‍ട്ടിയേയും നേതാക്കളേയും പരീക്ഷിച്ചുനോക്കി. പക്ഷേ നമ്മുടെ രാജ്യത്തിന്റെ അവസ്ഥക്ക് കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. നിങ്ങള്‍ ഓരോ തവണ പാര്‍ട്ടിയേയോ നേതാക്കളെ യോ മാറി തെരഞ്ഞെടുത്താലും ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. നമ്മള്‍ കൂടുതലായി മറ്റെന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.

പൌരന്മാരാണ് ജനാധിപത്യത്തിന്റെ അധിപര്‍ .

സമയം വളരെ കുറച്ചേയുള്ളൂ. നമ്മുടെ രാജ്യത്തെ സമ്പത്തും അധികാരവു മെല്ലാം വളരെ വേഗത്തിലാണ് വിദേശ രാജ്യങ്ങള്‍ക്കും കുത്തക കമ്പനി കള്‍ക്കും വിറ്റുകൊണ്ടിരിക്കുന്നത്‌. പ്രതികരിക്കാന്‍ ഇനിയും നമ്മള്‍ താമസിച്ചു കൂടാ.

അടുത്ത ബ്ലോഗ്ഗില്‍ തുടരും......

ഡോ. സി.ടി. വില്യം