Monday, February 10, 2014

ഭരിക്കേണ്ടവര്‍ ഭരിക്കാതെവരുമ്പോള്‍-മൂന്ന്‍


ഇത്തരത്തിലുള്ള ജനാധിപത്യമാണോ നാം ആഗ്രഹിക്കുന്നത്?

പ്രതികരണത്തിന്റെ കാര്യത്തില്‍ നാം ഒട്ടും പിന്നിലല്ലെന്നുതന്നെയാണ് എന്റെ വിശ്വാസം. നമ്മുടെ സ്വാതന്ത്ര്യസമരചരിത്രം പരിശോധിച്ചാല്‍ നമുക്കത് മനസ്സിലാവും. 1857 ല്‍ ആരംഭിച്ച ശിപ്പായി ലഹള മുതല്‍ ഒട്ടനവധി സമര പ്രക്ഷോഭങ്ങളിലൂടെയാണ് നാം നമ്മുടെ സ്വാതന്ത്ര്യം 1947 ല്‍ നേടിയെടുത്തത്. എന്നുവച്ചാല്‍ ഏതാണ്ട് ഒരു നൂറ്റാണ്ട് നാം പ്രതികരിച്ചു എന്നാണ് അര്‍ത്ഥമാക്കേണ്ടത്.

എന്നാല്‍ സ്വാതന്ത്ര്യത്തിനുശേഷം ബ്രിട്ടീഷുകാര്‍ ഭാരതത്തിന്റെ മണ്ണിലെറിഞ്ഞ ഒരു അസുരവിത്ത്‌ ഇവിടെ പൊട്ടിമുളച്ചു പടര്‍ന്നുപന്തലിച്ചു. അത് ഭിന്നിപ്പിച്ചു ഭരിക്കുക (Divide and Rule) എന്ന മാരകമായ അന്തകവിത്തായിരുന്നു. ഈ വിത്ത് നമ്മുടെ രാഷ്ട്രീയ ശരീരത്തിലെ ജനിതക മാറ്റമായി പ്രവര്‍ത്തിച്ചു. ജാതി-മത-സാമുദായിക-വര്‍ഗ്ഗീകരണത്തില്‍ അധിഷ്ടിതമായ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിഷ്കള ങ്കമായ ഒരു ജനതയെ പങ്കുവച്ചു. അവര്‍ ഭാരതത്തിന്റെ ചോരയാണ് പങ്കുവച്ചത്. അങ്ങനെ നമ്മുടെ പുണ്യനദികളില്‍ ഭാരതീയന്റെ ചോരയൊഴുകി. അത് നെറ്റിയില്‍ തൊട്ടാണ് നാമിന്ന് ജീവിക്കുന്നത് അഥവാ അവര്‍ നമ്മെ ജീവിപ്പി ക്കുന്നത്‌.


ഈ പരിസരത്തുനിന്നാണ് നാം അരവിന്ദ് കെജ്രിവാളിനെ വായിക്കേണ്ടത്. “പ്രതികരിക്കാന്‍ ഇനിയും നമ്മള്‍ താമസിച്ചുകൂടാ” എന്ന്‍ കെജ്രിവാള്‍ സ്വരാജില്‍ പറയുമ്പോള്‍ അതില്‍ ഗാന്ധിജിയുടെ ശബ്ധം നമുക്ക് കേള്‍കാം. “പ്രതികരിക്കാന്‍ ഇനിയും നമ്മള്‍ താമസിച്ചുകൂടാ” എന്ന്‍ കെജ്രിവാള്‍ പറയുന്നിടത്ത് ഇനിയും താമസിച്ചാലുള്ള ഒരു ദുരന്തത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുണ്ട്. 


ഞാന്‍ ജോലിചെയ്യുന്നത് ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലാണ്. ഈ സ്ഥാപനം ഭീകരമായ കടക്കെണിയുടെ ഭാരത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ സര്‍ക്കാരിനെ ഒട്ടും ആശ്രയിക്കാതെ തന്നെ സ്വന്തം കാലില്‍ത്തന്നെ നില്‍ക്കാന്‍ എല്ലാവിധത്തിലും വിഭവശേഷിയുള്ള ഒരു സ്ഥാപനമാണ്‌ എന്റേത്. ഇവിടുത്തെ ഏറ്റവും കൂടിയ ശമ്പളം ഒരു ലക്ഷത്തി പതിനയ്യായിരവും കുറഞ്ഞ ശമ്പളം  പതിനയ്യായിരവുമാണ്. അതുപോലെത്തന്നെ ഏറ്റവും കൂടിയ പെന്‍ഷന്‍ അമ്പത്തേഴായിരവും കുറഞ്ഞ പെന്‍ഷന്‍ ഏഴായിരവുമാണ്. 


ഇത്രയും ഭീമമായ ആനുകൂല്യങ്ങള്‍ കൈപറ്റുന്ന ഏറെ സ്ഥാപനങ്ങള്‍ കേരളത്തില്‍ ഇല്ലെന്നുതന്നെ പറയാം. എന്നാല്‍ ഞാനടക്കമുള്ളവര്‍ കൈപറ്റുന്ന ആനുകൂല്യങ്ങള്‍ക്കനുസൃതമായി ജോലി ചെയ്യുന്നില്ല എന്നുതന്നെ ഞാന്‍ പറയും. ജോലി ചെയ്യിപ്പിക്കുന്നില്ല എന്നുപറയുന്നതും ശരിയാണ്. കാരണം, നിയമാനുസൃതമായി ഞാന്‍ എഴുതിയ ചില ഫയലുകള്‍ കീറിക്കളയുക എന്നുപോലും ഒരു ഉദ്യോഗസ്ഥന്‍ ഉത്തരവിട്ടിട്ടുണ്ട്. മറ്റൊരവസരത്തില്‍ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അയാളുടെ മുന്‍പില്‍ വച്ച് ഒരു കീഴുദ്യോഗസ്ഥനെക്കൊണ്ട് ഫയല്‍ കീറിക്കളയിപ്പിച്ചിട്ടുമുണ്ട്.


ഏതാണ്ട് അഞ്ചുകോടി വരുമാനമുള്ള സര്‍ക്കാര്‍ ഭൂമി ഒരു കോടി രൂപക്ക് രണ്ടുകൊല്ലത്തേക്ക്  സ്വകാര്യ കരാറുകാര്‍ക്ക് വെട്ടിവെളിപ്പിക്കാന്‍ കൊടുക്കുമ്പോള്‍ ഫയലെഴുതിയ ഒരു ഉദ്യോഗസ്ഥനെ കള്ളക്കേസ്സില്‍ കുടുക്കുമ്പോള്‍ അയാളെന്തുചെയ്യും? ഈയൊരു സാഹചര്യത്തെക്കുറിച്ച് അരവിന്ദ് കെജ്രിവാള്‍ പറയുന്നതിങ്ങനെ ;


“ഒരു പരാതി ഉന്നയിക്കുന്നതിനായി നിങ്ങള്‍ ഒരു പോലീസ് സ്റേഷനില്‍ പോയെന്നിരിക്കട്ടെ. അവിടുത്തെ ഉദ്യോഗസ്ഥന്‍ നിങ്ങളുടെ പരാതി സ്വീകരിക്കുന്നില്ലെന്നു മാത്രമല്ല, ചിലപ്പോള്‍ നിങ്ങള്‍ക്കെതിരെ പല കള്ളക്കേസ്സുകളും പുതുതായി ചേര്‍ക്കാന്‍ ശ്രമിച്ചെന്നുമിരിക്കും. അയാള്‍ക്കെതിരെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. നിങ്ങളുടെ അമര്‍ഷം ഉള്ളിലൊതുക്കാനെ നിങ്ങള്‍ക്ക് കഴിയൂ”.  (സ്വരാജ് : പുറം 21)


ഇവിടെ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്‌ എന്താണ്? നമ്മുടെ നികുതിപ്പണം ശമ്പളമായി വാങ്ങുന്ന ഒരു ഉദ്യോഗസ്ഥന്‍ നികുതി കൊടുക്കുന്ന അഥവാ അയാള്‍ക്ക്‌ ശമ്പളം കൊടുക്കുന്ന ഒരു സാധാരണ പൌരനെ പീഡിപ്പിക്കുകയോ വെട്ടയാടുകയോ ചെയ്യുന്നു. ഇവിടെ ഒരു നീതി നിഷേധിക്കപ്പെടുകയും ഒരു കര്‍ത്തവ്യം നിറവേല്‍ക്കപ്പെടാതെയും പോകുന്നില്ലേ? ആരോടാണ് ഇതൊക്കെ പരാതിപ്പെടെണ്ടത്? ആരാണ് ഈ പരാതി പരിഹരിക്കേണ്ടത്? 


ഉത്തരങ്ങളുണ്ട് കെജ്രിവാളിന്. അദ്ദേഹം പറയുന്നത് കേള്‍ക്കൂ;


“സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ജനസംഖ്യയുടെ 70 ശതമാനം പേരും ഒരു ദിവസം ഇരുപത് രൂപ ചെലവഴിക്കുന്നുണ്ട്. അഞ്ചുപേരടങ്ങിയ ഒരു കുടുംബം മാസത്തില്‍ 3000 രൂപ ചെലവഴിക്കുന്നു. എല്ലാ നികുതിയും കണക്കാക്കുകയാണെങ്കില്‍ ശരാശരി 10 ശതമാനം വരും. അതായത് ഒരു പാവപ്പെട്ട കുടുംബം പോലും മാസത്തില്‍ 300 രൂപയും വര്‍ഷത്തില്‍ 3600 രൂപയും നികുതിയായി അടക്കുന്നുണ്ട്”. (സ്വരാജ് : പുറം 21) 


ഈയൊരു ഉദാഹരണത്തില്‍ നിന്ന് 120 കോടി ജനങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്ന നികുതിപ്പണം എത്രയെന്ന്‍ കണക്കാക്കാം.


“സര്‍ക്കാര്‍ സ്വരൂപിക്കുന്ന ഈ നികുതിപ്പണത്തിന്റെ ഉടമസ്ഥര്‍ നിങ്ങളാണ്. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും നിങ്ങളുടെ ജോലിക്കാരാണ്. നിങ്ങള്‍ അടക്കുന്ന നികുതിപ്പണമാണ്  ഇവര്‍ക്കുള്ള ശമ്പളമായി വിതരണം ചെയ്യുന്നത്.....വിരോധാഭാസം എന്തെന്നാല്‍ നമ്മള്‍ നികുതിയായി കൊടുക്കുന്ന പണം ശമ്പളമായി വാങ്ങുന്ന ഇവര്‍ക്കുമേല്‍ നമുക്ക് യാതൊരുവിധ നിയന്ത്രണവുമില്ല. അതൊരു സര്‍ക്കാര്‍ ഡോക്ടരായാലും അധ്യാപകരായാലും അവര്‍ക്കെ തിരായി ഒരു നടപടിയും കൈക്കൊള്ളുവാന്‍ കഴിയുന്നില്ല....നമ്മളേ പരിചരിക്കേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെമേല്‍ നമുക്ക് യാതൊരു നിയന്ത്രണവുമില്ല”. (സ്വരാജ് : പുറം 22)


ഞാന്‍ എന്റെ കഥയിലേക്കുതന്നെ തിരിച്ചുവരട്ടെ. പ്രതിവര്‍ഷം അഞ്ചുകോടി വരുമാനമുണ്ടാക്കാവുന്ന ഭൂമിയെന്തിനു വെട്ടിവെളിപ്പിക്കണം? കെട്ടിടങ്ങള്‍ പണിയാനാണത്രേ. കേന്ദ്ര സര്‍ക്കാരിന്റെ നൂറുകോടി രൂപയുണ്ടത്രേ ചെലവഴി ക്കാന്‍. കൂട്ടത്തില്‍ പറയട്ടെ, എന്റെ സ്ഥാപനം കെട്ടിടങ്ങളാല്‍ സമൃദ്ധമാണ്‌. ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ വളരെയേറെയുണ്ട്. അറ്റകുറ്റപ്പണികള്‍ നോക്കാതെ അവയെല്ലാം നശിച്ചുപോവുകയാണ്. അപ്പോള്‍പിന്നെ ഇനിയും കെട്ടിടങ്ങള്‍ എന്തിന്? എന്റെ ചോദ്യത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ മറുപടി നല്‍കി; “ഞങ്ങള്‍ക്ക് പണം കയ്യില്‍ കിട്ടണമെങ്കില്‍ കെട്ടിടം പണിയണം. ഭൂമിയില്‍നിന്ന് പണം, പണമായി കിട്ടില്ലല്ലോ?” 


ശരിയാണ്, സര്‍ക്കാരിന്ന്‍ നിര്‍മ്മാണമാണ് പ്രധാനം. നിര്‍മ്മാണത്തില്‍നിന്നാണ് പണം ഉണ്ടാവുന്നത്. പുതിയ വിമാനത്താവളങ്ങള്‍, ആറുവരി-എട്ടുവരി പാത കള്‍, പാലങ്ങള്‍, മേല്‍പാലങ്ങള്‍. കോര്‍പ്പരെറ്റുകള്‍ വരുന്ന വഴി അതാണ്‌. പണം വരുന്ന വഴികളും അതാണ്‌. പണം തരുന്നവരുടെ വഴികളും അതാണ്‌.


ഈ വഴികളെക്കുറിച്ചും അരവിന്ദ് കെജ്രിവാള്‍ പറയുന്നുണ്ട്;


“ജനങ്ങളില്‍നിന്നും നികുതിയായി പിരിഞ്ഞുകിട്ടിയ സര്‍ക്കാര്‍ ഫണ്ടിന്മേലും നമുക്ക് യാതൊരു അധികാരവുമില്ല. നമ്മുടെ അവകാശങ്ങളും ആവശ്യങ്ങളും അവഗണിക്കപ്പെടുന്നു. നമ്മുടെ പണം എവിടെയൊക്കെ എങ്ങനെയൊക്കെ ഉപയോഗിക്കണം എന്നുപോലും പറയാന്‍ കഴിയുകയില്ല”. (സ്വരാജ് : പുറം 22)


സര്‍ക്കാര്‍ ധനികരും നാം പാവപ്പെട്ടവരും എന്ന മട്ടിലാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. നമ്മുടെ പണമാണ് സര്‍ക്കാരിന്റെ പണം. നമ്മുടെ വോട്ടാണ് സര്‍ക്കാര്‍. പക്ഷേ നാം സര്‍ക്കാര്‍ വരച്ച ഒരു സാങ്കല്‍പ്പിക രേഖയുടെ താഴെയും മുകളിലുമായി സഞ്ചരിക്കുന്നു. BPL APL എന്നൊക്കെ പറയുന്നത് അതത്രേ. ചുരുക്കത്തില്‍ നമ്മേ ദരിദ്രരാക്കുക അല്ലെങ്കില്‍ ദാരിദ്ര്യത്തിന്റെ ഒരു രേഖയുടെ അപ്പുറവും ഇപ്പുറവും വച്ചുകെട്ടുകയത്രേ സര്‍ക്കാരിന്റെ ഭരണം. 


ഇത്തരം വച്ചുകെട്ടലുകളെ കുറിച്ച് സ്വരാജില്‍ ഇങ്ങനെ പറയുന്നു;


“ദാരിദ്ര്യം ഉന്മൂലനം ചെയ്യാനെന്ന പേരില്‍ നമുക്ക് കുന്നോളം പദ്ധതികളുണ്ട്. ജനങ്ങള്‍ പിച്ചക്കാരായി മാറുന്നതിന്റെ പ്രധാന കാരണവും ഈ സര്‍ക്കാര്‍ പദ്ധതികളാണ്. ബി പി എല്‍ (Below Poverty Line) എന്നതിന്റെ പേരില്‍ ഒരു രസകരമായ പദ്ധതിയുണ്ട്......ഗ്രാമീണരെ ആകര്‍ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ ബി പി എല്‍ പദ്ധതി വന്‍വിജയമാണ് കൈവരിച്ചത്. ആളുകള്‍ക്ക് ചെറിയൊരു ധനസഹായം നല്‍കിക്കൊണ്ട് അവരെ ‘പിച്ചക്കാര്‍’ എന്ന്‍ വിളിക്കാന്‍ കഴിഞ്ഞു. വിരോധാഭാസം എന്തെന്നുവച്ചാല്‍ പദ്ധതി ആനുകൂല്യങ്ങള്‍ക്കായി എല്ലാവരും പിച്ചക്കാരായി മാറാന്‍ ആഗ്രഹിക്കുന്നുവെന്നാണ്.....തുച്ഛമായ ആനുകൂല്യത്തിനുവേണ്ടി ബി പി എല്‍ കാരാവാന്‍ പാവം ജനങ്ങള്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു”. (സ്വരാജ് : പുറം 26)


ഇത്തരത്തിലുള്ള ജനാധിപത്യമാണോ നാം ആഗ്രഹിക്കുന്നത്? ഇതിനെ ജനാധിപത്യഭരണരീതി എന്ന്‍ വളിക്കാനാവുമോ? അപ്പോള്‍ എന്താണ് ജനാധിപത്യം? ഏതാണ് ജനാധിപത്യ ഭരണരീതി?
“അഞ്ച് വര്‍ഷത്തിലൊരിക്കല്‍ വോട്ടു ചെയ്ത് പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന രാഷ്ട്രീയം ഇനി തുടരുന്നതില്‍ അര്‍ത്ഥമില്ല. സര്‍ക്കാരിനുള്ള അതേ അധികാരത്തിന്റെ പങ്കാളിത്തം ഈ രാജ്യത്തെ ജനങ്ങളിലേക്കും എത്തേണ്ടത് ആവശ്യമായി വന്നിരിക്കുന്നു. നമ്മള്‍ വോട്ടിലൂടെ തെരഞ്ഞെടുക്കുന്നവര്‍ അവര്‍ ചെയ്യുന്ന എല്ലാ കര്‍മ്മങ്ങള്‍ക്കുമുള്ള മറുപടി നമ്മോളോട് പറയാന്‍ ബാധ്യസ്ഥരാണ്. എന്താണ് ചെയ്യേണ്ടതെന്നും എന്ത് ചെയ്യാന്‍ പാടില്ല എന്നും തീരുമാനിക്കേണ്ടത് ജനങ്ങളാണ്”. (സ്വരാജ് : പുറം 34, 35) 
                  
 

                                                                      
അടുത്ത ബ്ലോഗ്ഗില്‍ തുടരും......

ഡോ. സി.ടി. വില്യം

No comments:

Post a Comment