Sunday, September 15, 2013

നമുക്ക് എന്നും ഓണം. ഓണം പൊന്നോണം.


ആദരണീയനായ മഹാബലിത്തമ്പുരാന്‍. 
ആഗോള കുത്തക കമ്പനിക്കാരുടെ ബ്രാന്റ് അംബാസഡര്‍.

ഓണം പോയകാലത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മപ്പെടുത്തലാണ്. അന്യം നിന്നുപോയ ഒരു ശുദ്ധസംസ്കാരത്തിന്റെ പുരാവസ്തുക്കാഴ്ചയാണ്. നീതിമാനായ ഒരു രാജാവിനെ ചവിട്ടിതാഴ്ത്തണമെന്ന ഒരാജ്ഞയുടെ വര്‍ഷംതോറുമുള്ള ഓര്‍മ്മ പുതുക്കലാണ്.


ഓണത്തിന്റെ നീതിസാരത്തെ നാം സൌകര്യപൂര്‍വ്വം മറക്കുകയും അതിന്റെ വാണിജ്യസാധ്യതകളെ നാം പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഓണം നമുക്കിന്ന് പൊന്നോണമല്ല. എള്ളോളം പൊളിവചനമില്ലാത്ത ഓണം നമുക്കിന്ന് കള്ളോളം പൊങ്ങിനില്‍ക്കുന്ന പൊങ്ങച്ചത്തിന്റെ കള്ളോണമാണ്.

സമത്വവും സമൃദ്ധിയും സര്‍വ്വൈശ്വര്യവും ചേര്‍ത്ത് നാം വരച്ചെടുത്ത ആ മഹാബലിത്തമ്പുരാന്‍ ഇന്ന് നീതിമാനായ പഴയ രാജാവല്ല, മറിച്ച്; ഓണക്കമ്പോള ത്തിന്റെ ബ്രാന്റ് അംബാസഡര്‍ ആണ്.

നീതിമാന്റെ ഓര്‍മ്മ പുതുക്കാനായി നാം സ്വരുക്കൂട്ടിയ ഒരുവര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ നാം കമ്പോളത്തിലെത്തിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പുത്തന്‍ നീതിമാന്മാര്‍ നമ്മുടെ സമ്പാദ്യത്തെ കമ്പോളരാജാക്കന്മാര്‍ക്ക് എറി ഞ്ഞുകൊടുക്കുന്നു.

അരിയും പച്ചക്കറിയും പലവ്യഞ്ഞനങ്ങളും വിദേശമദ്യവും വ്യാജമദ്യവും അവര്‍ നമുക്ക് അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് എത്തിച്ചുതരുന്നു. അതിന്റെ യൊക്കെ കോഴയും കൊള്ളലാഭവും ഈ അഭിനവ മഹാബലിമാര്‍ പങ്കുവച്ചെടു ക്കുന്നു. എന്നാല്‍ പഴയ ആ നീതിമാന്‍ അങ്ങനെ ആയിരുന്നില്ല. എല്ലാ വിഭവ ങ്ങളും സ്വന്തം രാജ്യത്തുനിന്നാണ് ആ നീതിമാന്‍ നമുക്ക് എത്തിച്ചുതന്നി രുന്നത്.

ഓണവിപണികളില്‍ വിറ്റഴിയുന്ന ത്രീഡി ടീവികളും മൊബൈല്‍ ഫോണുകളും മറ്റ് സാങ്കേതിക വിദ്യകളും ആഗോള കുത്തക കമ്പനിക്കാരുടെതാണ്. അവര്‍ നമ്മുടെ നീതിമാന്മാരുമായുള്ള അവിഹിതത്തിലൂടെയാണ് ഇതെല്ലം ഇവിടെ വിറ്റഴിക്കുന്നത്. ഇതിനെല്ലാം കൂട്ടുനില്‍ക്കുകയാണ് ഇന്ന് നമ്മുടെ ആദരണീയ നായ മഹാബലിത്തമ്പുരാന്‍. ആഗോള കുത്തക കമ്പനിക്കാരുടെ ബ്രാന്റ് അംബാസഡര്‍.

നാമിന്ന് ഒന്നിന്റെയും ഉല്പാദകരല്ല. നാമെല്ലാത്തിന്റെയും ഉപഭോക്താക്കളാണ്. എല്ലാ വാണിജ്യസാധ്യതകളും പ്രയോഗിക്കപ്പെടുന്ന ഗിനിപ്പന്നികളാണ് നാം. നമുക്കൊന്നും ചെയ്യാനില്ല. നമുക്കെല്ലാം അനുഭവിക്കാനുള്ളതാണ്. നമുക്കനു ഭവിക്കാന്‍ വിരല്‍തുമ്പില്‍ ആയിരം ചാനലുകള്‍. നമുക്കയക്കാന്‍ നമ്മുടെ വിരല്‍തുമ്പില്‍ ആയിരം കൊച്ചു കൊച്ചു സന്ദേശങ്ങള്‍ ചിത്രങ്ങള്‍ ചലച്ചിത്ര ങ്ങള്‍. എന്നിട്ടും നമുക്ക് സമയം ബാക്കിയാവുമ്പോള്‍ നാം എന്തു ചെയ്യും.

നമുക്ക് പീഡിപ്പിക്കാം. നമുക്ക് കൊല്ലാം. നമുക്ക് സമരം ചെയ്യാം. ഉപരോധിക്കാം. പ്രതിരോധിക്കാം. പിന്നെ മതിവരുവോളം ഓശാന പാടാം. അപ്പോഴും നമ്മുടെ മുന്നില്‍ ആയിരം ക്യാമറകള്‍ കണ്ണുചിമ്മും. ചാനലുകള്‍ ആ കഥകള്‍ പറയും. നമുക്ക് എന്നും ഓണം. ഓണം പൊന്നോണം.


ഡോ.സി.ടി.വില്യം. 

Wednesday, September 11, 2013

യശോധര നഗ്നയാണ്‌ - അവസാനഭാഗം



ബുദ്ധൻ പരിഹസിക്കുകയായിരുന്നു .

ബാങ്കോക്കിലെ പ്രസിദ്ധമായ അല്കാസര്‍ നൃത്തനാടകം  കണ്ട് ഞങ്ങള്‍ ബാങ്കോക്കിലെ ഹോട്ടലില്‍ എത്തുമ്പോള്‍ രാത്രിയായിരുന്നു . സംഘത്തിലെ ചിലര്‍ മറ്റുചില തീയറ്ററുകളില്‍ രതിവൈകൃത നൃത്തനാടകവും കണ്ടിരുന്നു . രണ്ട് നൃത്തരൂപങ്ങളും കൊള്ളരുതാത്തവയായിരുന്നു . പട്ടായയിലേതുപോലെ രതിക്കൊതി കാണിച്ചിരുന്നില്ല ഞങ്ങളുടെ യാത്രാസംഘം ബാങ്കോക്കില്‍ . കാരണം അവരുടെ രതിമൂര്‍ച്ച പട്ടായയിലെ തായ് പെണ്‍ശരീരങ്ങള്‍ അപഹരിച്ചിരുന്നു . മാത്രമല്ല , പണസഞ്ചിയുടെ കനവും അവര്‍ കുറച്ചിരുന്നു . എങ്കിലും ഹോട്ടല്‍ മുറി വിട്ടിറങ്ങിയ അവര്‍ ബാങ്കോക്കിലെ തെരുവിലെ പെണ്‍കാഴ്ചകള്‍ കണ്ടു നടന്നു . 

പട്ടായയില്‍ പ്രലോഭനങ്ങളെ അതിജീവിച്ച ചുരുക്കം ചിലര്‍ ബാങ്കോക്കില്‍ പ്രലോഭനങ്ങള്‍ക്ക് കീഴടങ്ങിയതായും അറിയാന്‍ കഴിഞ്ഞു . ചുരുക്കത്തില്‍ യാത്രാസംഘത്തിന്റെ ചാരിത്ര്യം പൂര്‍ണ്ണമായും തായലണ്ട് കവര്‍ന്നെടുത്തെന്ന് പറയാം . കുറ്റബോധത്തിന്റെ കറപുരണ്ട അവരില്‍ ചിലരുടെ മുഖങ്ങള്‍ മ്ലാനമായിരുന്നു .

പ്രായശ്ചിത്തഭാരത്തോടെ അവര്‍ അവരുടെ പ്രിയതമമാര്‍ക്കു വേണ്ടി സമ്മാനങ്ങളും ഉപഹാരങ്ങളും വാങ്ങി . യാത്രാസംഘത്തിലെ മുതിര്‍ന്ന ഹംസക്ക പറഞ്ഞു , ”ഇവിടെ ചെലവാക്കിയ പത്തിലൊരു ഭാഗം മതിയായിരുന്നല്ലോ മക്കളെ ഇതിലും കൂടുതല്‍ സുഖവും സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് ഓള് തര്വായിരുന്നല്ലോ “. 

ഞങ്ങളുടെ യാത്രാഗൈഡ് ഒരു കാര്യത്തില്‍ ബുദ്ധിമാനാണെന്നു പറയാം . കാരണം പട്ടായ അനുഭവിച്ചതിനുശേഷം മാത്രമാണ് അയാള്‍ യാത്രാസംഘത്തെ ബാങ്കോക്ക് കാണിച്ചത് . ബാങ്കോക്കിലെ കാഴ്ചകളില്‍ പ്രധാനം ബാങ്കോക്കിലെ ബുദ്ധക്ഷേത്രം തന്നെയായിരുന്നു . ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ മനസ്സ് ശാന്തവും സ്വച്ഛവും നിഷ്കാമവുമായിരിക്കേണ്ടതുണ്ടല്ലൊ . പട്ടായ ആദ്യം അനുഭവിച്ച തുകൊണ്ട് യാത്രാ സംഘത്തിന്റെ കാമാസക്തി മുഴുവനായും പട്ടായയില്‍ തന്നെ കത്തിയമര്‍ന്നിരുന്നു . അതുകൊണ്ടുതന്നെ പരിശുദ്ധമായ ബുദ്ധക്ഷേത്രാടനത്തിന് അവര്‍ പൂര്‍ണ്ണയോഗ്യരായിരുന്നു .

ബാങ്കോക്കിലെ ഈ ബുദ്ധക്ഷേത്രം സ്ഥിതിചെയ്യുന്നത് ഫ്ര നക്കോന്‍ ജില്ലയി ലാണ് . ഗ്രാന്റ് പാലസിനു സമീപം . വാട്ട് ഫോ എന്നാണു ഈ ക്ഷേത്രം അറിയപ്പെടുന്നത് .  വാട്ട് ഫോ എന്നത്  ഇന്ത്യയിലെ ഒരു ബുദ്ധ സംന്യാസി മഠത്തിന്റെ പേരാണ് . ക്ഷേത്രം സ്ഥാപിക്കുന്നതിനുമുമ്പ് ഇവിടെ വിദ്യാലയമായിരുന്നു . തായ് വൈദ്യശാസ്ത്രം ഇവിടെ പഠിപ്പിച്ചിരുന്നു . ഇപ്പോള്‍ ഇവിടെ തെക്കുഭാഗത്തായി ഒരു ബുദ്ധ സന്യാസിമഠവും തായ് മസ്സാജ് കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട് . 

80000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഈ ക്ഷേത്ര പറമ്പിന് 16 കവാടങ്ങളുണ്ട്‌ . ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത ചൈനീസ്‌ രാക്ഷസന്മാരുടെ കൂറ്റന്‍ ശില്പങ്ങള്‍ ഈ കവാടങ്ങളില്‍ കാവലാളായി നിലയുറപ്പിച്ചിരിക്കുന്നു . ഇരട്ട മതിലുള്ള ഈ ക്ഷേത്രത്തിനകത്ത് ആയിരത്തോളം ബുദ്ധപ്രതിമകളുണ്ട് . തലയ്ക്കു കയ്യും കൊടുത്ത് നീണ്ടുനിവര്‍ന്നു കിടക്കുന്ന ബുദ്ധപ്രതിമയാണ് അതില്‍ ഏറ്റവും വലുത് . ഈ പ്രതിമയ്ക്ക് 160 അടി നീളവും 15 അടി ഉയരവുമുണ്ട് . ബുദ്ധപാദങ്ങള്‍ക്ക് മാത്രം 4.5 അടി നീളവും 3 അടി ഉയരവുമുണ്ട് . നൂറ്റമ്പതോളം ശിലാഫലകങ്ങളില്‍ ബുദ്ധദര്‍ശനങ്ങള്‍ ആലേഖനം ചെയ്തുവച്ചി ട്ടുണ്ട് . ഭൌതികതയെ പാടെ നിരാകരിച്ച പ്രവാചകന്റെ ഭൌതികാവശിഷ്ടമായ ചിതാഭസ്മം ഇവിടെ സൂക്ഷിച്ചിട്ടുള്ളതായി പറയുന്നു . 


എത്ര കണ്ടാലും മതിവരാത്ത ബൌദ്ധ വാസ്തുവിദ്യകള്‍ . ആകാശങ്ങളിലേക്ക് കൂമ്പിനില്‍ക്കുന്ന ശില്പസുന്ദരമായ വര്‍ണ്ണഗോപുരങ്ങള്‍ . ക്ഷേത്രകവാടത്തി ലെ കൊച്ചു തടാകക്കരയില്‍ ധ്യാനനിരതനായി ഇരിക്കുന്ന ബുദ്ധ പ്രതിമകള്‍ . ഏതോ ഭൂതകാലത്തിന്റെ പ്രവചനത്തിന്റെ സ്വര്‍ണ്ണതിളക്കം പോലെ തടാകത്തില്‍ സ്വര്‍ണ്ണ മത്സ്യങ്ങള്‍ നീന്തിത്തുടിക്കുന്നു . ഈ സ്വര്‍ണ്ണമത്സ്യങ്ങളുടെ തടാകത്തിന്റെ പുനരാവിഷ്കാരമാണോ പട്ടായയിലെ മത്സ്യസ്ഫാടികാലയങ്ങളില്‍ രതിലീലകള്‍ക്കായ്‌ നീന്തിത്തുടിക്കുന്ന സ്വര്‍ണ്ണമത്സ്യകന്യകമാര്‍ ?. 

ഈയൊരു സന്ദേഹത്തിന്റെ ഇരുളിമയില്‍ കെട്ടുപിണഞ്ഞ കറുത്ത നൂലുണ്ടയുമായി ഞാന്‍ ബുദ്ധക്ഷേത്രത്തിനു പുറത്തുകടന്നു . എന്റെ ജീവിതത്തില്‍ ഇതാദ്യമാണ് ഒരു ക്ഷേത്രദര്‍ശനം മനസ്സില്‍ ഇരുട്ടും സന്ദേഹങ്ങളും അവശേഷിപ്പിക്കുന്നത് . ഞാന്‍ ഒന്നുകൂടി തിരിഞ്ഞുനോക്കി . മന്ദഹസിക്കുന്ന ബുദ്ധന്റെ ചുണ്ടില്‍ വിരിഞ്ഞുനിന്നത് മന്ദഹാസമായിരുന്നില്ല , പരിഹാസമായിരുന്നു .

ബാങ്കോക്കിലെ സുവര്‍ണ്ണഭൂമി വിമാനത്താവളത്തില്‍നിന്ന് കേരളത്തിന്‍റെ ദേവഭൂമിയിലേക്ക്‌  വിമാനം പറന്നുയരുമ്പോഴും ബുദ്ധന്‍ എന്നെ നോക്കി പരിഹസിക്കുന്നുണ്ടായിരുന്നു  . 

ഡോ.സി.ടി.വില്യം
അവസാനിച്ചു

Wednesday, September 4, 2013

യശോധര നഗ്നയാണ്‌ - ആറ്


പ്രലോഭനത്തിന്റെ 
സ്വര്‍ണ്ണ മത്സ്യങ്ങളും
പ്രവാചകന്റെ പരിഹാസവും
ക്വതയില്ലാത്ത രതിയും ഭക്തിയും , വിരക്തിയും വിഭക്തിയും ഉണ്ടാക്കുമെന്നത് സ്വാഭാവികം മാത്രം . തായലണ്ടിനെ സംബന്ധിച്ചിടത്തോളം ഈ ദര്‍ശനം വളരെ ശരിയാണ് . പട്ടായയിലെ മദിരോത്സവങ്ങ ള്‍ക്കുശേഷം ഞങ്ങളുടെ യാത്രാസംഘം ഇപ്പോള്‍ ബാങ്കോക്കിലാണ് . പാട്ടായ ഒരു രതിസാമ്രാജ്യമെങ്കില്‍ ബാങ്കോക്ക്‌ രതിയുടെ ഒരു പ്രവിശ്യ മാത്രമാണ് . സ്വതന്ത്ര രതിയുടെ കാര്യത്തില്‍ പട്ടായയും ബാങ്കോക്കും ഏറെക്കുറെ ദുബായിയും അബുദാബിയും പോലെയാണ് .

ബാങ്കോക്ക് തായലണ്ടിന്റെ തലസ്ഥാന നഗരിയാണ്‌ . പട്ടായയെ പോലെതന്നെ സ്വയംഭരണാധികാരമുള്ള ഒരു പ്രവിശ്യയാണ് . ബാങ്കോക്കിന്റെ ശരിയായ പേര് ക്രങ്ങ്  തെപ് മഹാ നകോന്‍ എന്നാണ് . ഏതാണ്ട് 40000 വര്‍ഷങ്ങള്‍ക്കുമുമ്പ് തായലണ്ടില്‍ മനുഷ്യാധിവാസം ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു .

ഭാരതത്തിന്റെ സംസ്കാരവും മതവിശ്വാസങ്ങളും പ്രത്യേകിച്ച് ബുദ്ധമത വിശ്വാസങ്ങള്‍ ഇവിടെ ഇന്നും നിലനിന്നുപോരുന്നു . ഫ്യുണ രാജവംശമായിരുന്നു ഇവിടെ പണ്ടുണ്ടായിരുന്നത് . പിന്നീട് കമര്‍ സാമ്രാജ്യമായി രൂപാന്തരമുണ്ടായി . അന്നൊക്കെ തായലണ്ട് അറിയപ്പെട്ടിരുന്നത് സയാം രാജ്യം എന്നായിരുന്നു .

1932 വരെ സയാം രാജ്യം നിലനിന്നിരുന്നു . ഏകാധിപത്യ ഭരണ വാഴ്ചയായിരുന്നെങ്കിലും ബുദ്ധധര്‍മ്മ ദര്‍ശനത്തിലധിഷ്ടിതമായ ധര്‍മ്മ രാജ്യഭരണമായിരുന്നു നിലനിന്നിരുന്നത് . ഇവിടെ വെറും രാജാവ് ആയിരുന്നില്ല , ധര്‍മ്മ രാജാവ് തന്നെയാണ് ഭരിച്ചിരുന്നത് .  പിന്നീട് നടന്ന രക്തരഹിത വിപ്ലവത്തില്‍ പട്ടാള അട്ടിമറി നടന്നു . അങ്ങനെ ഭാഗികമായി ഏകാധിപത്യ ഭരണ വാഴ്ചയും പാര്‍ലെമെന്ററി സംവിധാനവും ചേര്‍ന്ന്‍ 1932 ജൂണ്‍ 24 ന് തായലണ്ട് രാജ്യം നിലവില്‍ വന്നു . അതിനുശേഷം ഈയടുത്തകാലം വരെയും ചെറുവിപ്ലവങ്ങളും യുദ്ധങ്ങളും പട്ടാള-രാഷ്ട്രീയ അട്ടിമറികളും തുടര്‍ന്നുപോന്നു .

ഭാരതത്തിലെ സിന്ധു , ഗംഗ , കാവേരി , നര്‍മ്മദ തുടങ്ങിയ നദികള്‍ പോലെ തായലണ്ടിലും നദികളുണ്ട് . ചാവോ ഫ്രായ , മക്ലോങ്ങ് , ബാങ്ങ് പാക്കോങ്ങ് , താപി തുടങ്ങിയവയാണ് ഈ നദികള്‍ . പ്രധാനമായും ചാവോ ഫ്രായും അതിന്റെ കൈവഴികളും നനച്ചെടുക്കുന്ന 32000 ചതുരശ്ര കിലോമീറ്റര്‍ നടിതടങ്ങളിലാണ് തായലണ്ട് സംസ്കൃതി വേരുപിടിച്ചുനില്‍ക്കുന്നത് . ഇതുകൂടാതെ ആന്ടമാന്‍ കടലില്‍ പ്രകൃതിസുന്ദരമായ ഒരു ദ്വീപസമൂഹവുമുണ്ട് തായലണ്ടിന് അഭിമാനം കൊള്ളാന്‍ . പൂകെറ്റ് , ക്രാബി , നാങ്ങ്ന , ത്രാങ്ങ് , തുടങ്ങിയവയാണ് അതിമനോ ഹരമായ ഈ സുഖവാസ ദ്വീപുകള്‍ .എന്നാല്‍ സഞ്ചാരികളില്‍ കൂടുതല്‍ പേരും രതിസാമ്രാജ്യമായ പട്ടായയും തലസ്ഥാനനഗരിയായ ബാങ്കോക്കും മാത്രം അനുഭവിച്ചും ആസ്വദിച്ചും മടങ്ങുന്നു .

കൃത്യമായി പറഞ്ഞാല്‍ 1960 ലാണ് തായലണ്ടില്‍ സുഖവാസത്തിന്റെ ആദ്യ വസന്തമുണ്ടായത് . അക്കാലത്തുണ്ടായ വിയറ്റ്നാം യുദ്ധത്തില്‍ പങ്കെടുത്ത അമേരിക്കന്‍ പട്ടാളം വിശ്രമത്തിനും വാജീകരണത്തിനുമായി ബാങ്കോക്കിലും പട്ടായയിലും എത്തുകയായിരുന്നത്രേ . 1967 ല്‍ 54000 പട്ടാളക്കാരും 336000 വിദേ ശസഞ്ചാരികളും സന്ദര്‍ശിച്ച തായലണ്ട് 2012 ലെ കണക്കനുസരിച്ച്  22 ദശലക്ഷം സഞ്ചാരികള്‍ക്ക് സുഖഭോഗങ്ങളുടെ മണിയറ തീര്‍ത്തു .


ഡോ.സി.ടി.വില്യം

തുടരും 

Sunday, September 1, 2013

പ്രിയപ്പെട്ട ഇരുകാലി മമ്മൂഞ്ഞുമാരെ..........



ഞാന്‍ ഒരു എഴുത്തുകാരനായിട്ടുണ്ടെങ്കില്‍ അതെപ്പോഴായിരുന്നു എന്ന്‍ കൃത്യമായി പറയുക വയ്യ . എഴുത്ത് എന്നോടുകൂടെ ഉണ്ടായിരുന്നിരിക്കണം എന്റെ ജനനം മുതല്‍ എന്ന്‍ ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു .

എന്നില്‍ വായന വളര്‍ത്താന്‍ അപ്പന്‍ ബാലസാഹിത്യകൃതികള്‍  വാങ്ങിത്തന്നിരുന്നെങ്കിലും ഞാന്‍ ആ പുസ്തകങ്ങള്‍ക്കുപുറമെ അപ്പന്‍ വായിച്ചിരുന്ന ക്ലാസ്സിക് കൃതികളും വായിച്ചുമനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു . അത്തരത്തില്‍ പല സാഹിത്യകൃതികളും വായിച്ചുതീര്‍ത്തെങ്കിലും അതൊക്കെ എനിക്ക് മനസ്സിലായത്‌ ഈയടുത്തനാള്‍ അവയൊക്കെ പുനര്‍വായനക്ക് വിധേയമാക്കിയപ്പോഴായിരുന്നു .

എന്തായാലും എട്ടാം ക്ലാസ്സില്‍ വച്ചാണ് ഞാന്‍ ആദ്യത്തെ സാഹിത്യം കുറിച്ചത് . Readers Digest മാസികയിലെ കുട്ടികള്‍ക്കുള്ള കാര്‍ടൂണ്‍ പേജിലെ ഒരു കാളയുടെ ചിത്രം കണ്ടെഴുതിയതായിരുന്നു ആ കവിത . അതിങ്ങനെ :

Give me time to eat
Give me time to chew
Give me time to think
Give me time to sleep

അപ്പന്‍ പട്ടാളത്തില്‍നിന്ന് കൊണ്ടുവന്ന ഒരു തകരപ്പെട്ടിയുണ്ടായിരുന്നു . ഞങ്ങള്‍ ട്രങ്കുപെട്ടി എന്നാണതിനെ വിളിച്ചുപോന്നിരുന്നത്‌ . അതില്‍നിന്ന്  പുറത്തെടുക്കുന്ന എല്ലാത്തിനും ഒരു മണമുണ്ടായിരുന്നു . ഒരു പട്ടാള മണം . അത്തരത്തില്‍ പട്ടാള മണമുള്ള ഒരു കടലാസ്സിലായിരുന്നു ഞാന്‍ എന്റെ ആദ്യ കവിത എഴുതിയത് .

കവിത വായിച്ചുനോക്കി അപ്പന്‍ പറഞ്ഞതിങ്ങനെ : “ ഇനിയും വായിക്കണം “ . ഇനിയും എഴുതണമെന്ന് അപ്പന്‍ പറഞ്ഞില്ല . കവിത നാന്നായിരുന്നെന്നോ ചീത്തയായിരുന്നെന്നോ അപ്പന്‍ പറഞ്ഞില്ല . പില്‍ക്കാലത്തും ഇന്നും ഞാന്‍ പറയുന്നു ; എന്റെ കവിത മോശമല്ലായിരുന്നു .

ഒരു മിണ്ടാപ്രാണിയുടെ നിഷേധിക്കപ്പെട്ട അവകാശങ്ങളെ ചോദിച്ചുവാങ്ങുന്ന ഒരു വിലാപ കാവ്യമായിരുന്നു അത് .ഈയൊരു വിലാപം എന്നും എന്റെ സ്ഥായിയായ ഭാവമായിരുന്നു . ഞാന്‍ ഏറ്റവും ഒടുവില്‍ എഴുതിയ “വിലാപത്തിന്റെ ഇലകള്‍” എന്ന കവിതകളിലും ഒരു കാര്‍ഷിക ജനതയുടെ വിലാപമുണ്ടായിരുന്നു .

എഴുത്ത് എനിക്ക് വിമര്‍ശനമാണ് . വിമര്‍ശനം ജീവിതവും .എഴുത്തിന്റേയും ജീവിതത്തിന്റേയും ഇത്തരത്തിലുള്ള വിമര്‍ശനമായിരിക്കണം എന്നെ ഒരു പത്രപ്രവര്‍ത്തകനാക്കിയത് . ഒരു ഇംഗ്ലീഷ് പത്രത്തിലും മലയാള പത്രത്തിലും ഞാന്‍ പത്രപ്രവര്‍ത്തകനായിരുന്നു . അവിടേയും എന്റേത് സാഹിത്യ പത്രപ്രവര്‍ത്തനമായിരുന്നു . ഇന്ന് പ്രത്യേകിച്ച് ഒരു പത്രവും എന്നെ ഉള്‍കൊള്ളുന്നില്ലെങ്കിലും ഞാന്‍ എഴുതുന്നുണ്ട് , എന്റെ സൈബര്‍ ക്യാന്‍വാസ്സില്‍ .പത്രപ്രവര്‍ത്തനത്തിലുള്ള ഈ നൈരന്തര്യസ്വഭാവം എനിക്ക് ഒരുപാട് പത്രബന്ധുക്കളെയും സുഹൃത്തുക്കളെയും നേടിത്തന്നിട്ടുണ്ട്‌ .

അങ്ങനെ പത്രക്കുപ്പായം അണിഞ്ഞിരുന്ന കാലത്താണ് ഞാന്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ ജോലിക്ക് ചേരുന്നത് . അമ്മയുടെ നിര്‍ബന്ധം മൂലം ഏറ്റെടുത്ത ജോലിയായിരുന്നു . അമ്മ പറയും , “സാഹിത്യമെഴുത്ത് പട്ടിണിക്കിടും. ഫയലെഴുത്ത് ചോറുതരും “. സാമൂഹ്യശാസ്ത്രവും സാമ്പത്തിക ശാസ്ത്രവും ഇഴചേര്‍ന്ന തത്ത്വചിന്തയായിരുന്നു അമ്മയുടെതെന്ന് കാലം തെളിയിച്ചു .

എന്നാല്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ എന്റെ ഇരുകാലി മമ്മൂഞ്ഞുമാര്‍ക്കൊന്നും ഈ കഥകള്‍ അറിയില്ല . അതുകൊണ്ടാണ് അല്പം വൈകിയെങ്കിലും ഈ കുറിപ്പ് എഴുതുന്നത്‌ . ഈ ഇരുകാലി മമ്മൂഞ്ഞുമാര്‍ക്കൊക്കെ ഞാനിന്നും പത്രപ്രവര്‍ത്തകനാണ് . അതുകൊണ്ട് കാര്‍ഷിക സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത പത്ര മാധ്യമങ്ങളില്‍ വന്നാല്‍ ഈ മമ്മൂഞ്ഞുമാര്‍ പറയും , “ ഇത് ങ്ങളല്ലേ ?”

ഏതാണ്ട് കാല്‍ നൂറ്റാണ്ടായി ഞാന്‍ ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് .ദാ ഇന്നലെയും കേട്ടു, “ ഇതും ങ്ങളല്ലേ ?” അതുകൊണ്ട് ഈ കുറിപ്പിലൂടെ ഞാന്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ എല്ലാ ഇരുകാലി മമ്മൂഞ്ഞുമാരോടും പറയുന്നു , “ ഇതൊക്കെ ങ്ങളില്‍ ഒരാളാവാം . ഞമ്മളല്ല . ദയവു ചെയ്ത് എന്നെ വെറുതെ വിടുക “.

ഡോ.സി.ടി.വില്യം.