ആദരണീയനായ മഹാബലിത്തമ്പുരാന്‍.
ആഗോള കുത്തക
കമ്പനിക്കാരുടെ ബ്രാന്റ് അംബാസഡര്‍.
ഓണം പോയകാലത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മപ്പെടുത്തലാണ്.
അന്യം നിന്നുപോയ ഒരു ശുദ്ധസംസ്കാരത്തിന്റെ പുരാവസ്തുക്കാഴ്ചയാണ്. നീതിമാനായ ഒരു
രാജാവിനെ ചവിട്ടിതാഴ്ത്തണമെന്ന ഒരാജ്ഞയുടെ വര്‍ഷംതോറുമുള്ള ഓര്‍മ്മ പുതുക്കലാണ്.
ഓണത്തിന്റെ നീതിസാരത്തെ നാം സൌകര്യപൂര്‍വ്വം മറക്കുകയും
അതിന്റെ വാണിജ്യസാധ്യതകളെ നാം പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഓണം നമുക്കിന്ന്
പൊന്നോണമല്ല. എള്ളോളം പൊളിവചനമില്ലാത്ത ഓണം നമുക്കിന്ന് കള്ളോളം പൊങ്ങിനില്‍ക്കുന്ന
പൊങ്ങച്ചത്തിന്റെ കള്ളോണമാണ്.
സമത്വവും സമൃദ്ധിയും സര്‍വ്വൈശ്വര്യവും ചേര്‍ത്ത് നാം
വരച്ചെടുത്ത ആ മഹാബലിത്തമ്പുരാന്‍ ഇന്ന് നീതിമാനായ പഴയ രാജാവല്ല, മറിച്ച്;
ഓണക്കമ്പോള ത്തിന്റെ ബ്രാന്റ് അംബാസഡര്‍ ആണ്.
നീതിമാന്റെ ഓര്‍മ്മ പുതുക്കാനായി നാം സ്വരുക്കൂട്ടിയ
ഒരുവര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ നാം കമ്പോളത്തിലെത്തിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍
പറഞ്ഞാല്‍ പുത്തന്‍ നീതിമാന്മാര്‍ നമ്മുടെ സമ്പാദ്യത്തെ കമ്പോളരാജാക്കന്മാര്‍ക്ക്
എറി ഞ്ഞുകൊടുക്കുന്നു.
അരിയും പച്ചക്കറിയും പലവ്യഞ്ഞനങ്ങളും വിദേശമദ്യവും
വ്യാജമദ്യവും അവര്‍ നമുക്ക് അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് എത്തിച്ചുതരുന്നു.
അതിന്റെ യൊക്കെ കോഴയും കൊള്ളലാഭവും ഈ അഭിനവ മഹാബലിമാര്‍ പങ്കുവച്ചെടു ക്കുന്നു.
എന്നാല്‍ പഴയ ആ നീതിമാന്‍ അങ്ങനെ ആയിരുന്നില്ല. എല്ലാ വിഭവ ങ്ങളും സ്വന്തം
രാജ്യത്തുനിന്നാണ് ആ നീതിമാന്‍ നമുക്ക് എത്തിച്ചുതന്നി രുന്നത്.
ഓണവിപണികളില്‍ വിറ്റഴിയുന്ന ത്രീഡി ടീവികളും മൊബൈല്‍
ഫോണുകളും മറ്റ് സാങ്കേതിക വിദ്യകളും ആഗോള കുത്തക കമ്പനിക്കാരുടെതാണ്. അവര്‍
നമ്മുടെ നീതിമാന്മാരുമായുള്ള അവിഹിതത്തിലൂടെയാണ് ഇതെല്ലം ഇവിടെ വിറ്റഴിക്കുന്നത്.
ഇതിനെല്ലാം കൂട്ടുനില്‍ക്കുകയാണ് ഇന്ന് നമ്മുടെ ആദരണീയ നായ മഹാബലിത്തമ്പുരാന്‍.
ആഗോള കുത്തക കമ്പനിക്കാരുടെ ബ്രാന്റ് അംബാസഡര്‍.
നാമിന്ന് ഒന്നിന്റെയും ഉല്പാദകരല്ല. നാമെല്ലാത്തിന്റെയും
ഉപഭോക്താക്കളാണ്. എല്ലാ വാണിജ്യസാധ്യതകളും പ്രയോഗിക്കപ്പെടുന്ന ഗിനിപ്പന്നികളാണ്
നാം. നമുക്കൊന്നും ചെയ്യാനില്ല. നമുക്കെല്ലാം അനുഭവിക്കാനുള്ളതാണ്. നമുക്കനു ഭവിക്കാന്‍
വിരല്‍തുമ്പില്‍ ആയിരം ചാനലുകള്‍. നമുക്കയക്കാന്‍ നമ്മുടെ വിരല്‍തുമ്പില്‍ ആയിരം കൊച്ചു
കൊച്ചു സന്ദേശങ്ങള്‍ ചിത്രങ്ങള്‍ ചലച്ചിത്ര ങ്ങള്‍. എന്നിട്ടും നമുക്ക് സമയം
ബാക്കിയാവുമ്പോള്‍ നാം എന്തു ചെയ്യും.
നമുക്ക് പീഡിപ്പിക്കാം. നമുക്ക് കൊല്ലാം. നമുക്ക് സമരം
ചെയ്യാം. ഉപരോധിക്കാം. പ്രതിരോധിക്കാം. പിന്നെ മതിവരുവോളം ഓശാന പാടാം. അപ്പോഴും
നമ്മുടെ മുന്നില്‍ ആയിരം ക്യാമറകള്‍ കണ്ണുചിമ്മും. ചാനലുകള്‍ ആ കഥകള്‍ പറയും.
നമുക്ക് എന്നും ഓണം. ഓണം പൊന്നോണം.
ഡോ.സി.ടി.വില്യം.
No comments:
Post a Comment