ഞാന്‍ ഒരു
എഴുത്തുകാരനായിട്ടുണ്ടെങ്കില്‍ അതെപ്പോഴായിരുന്നു എന്ന്‍ കൃത്യമായി പറയുക വയ്യ .
എഴുത്ത് എന്നോടുകൂടെ ഉണ്ടായിരുന്നിരിക്കണം എന്റെ ജനനം മുതല്‍ എന്ന്‍ ഞാന്‍
ഉറച്ചുവിശ്വസിക്കുന്നു .
എന്നില്‍ വായന
വളര്‍ത്താന്‍ അപ്പന്‍ ബാലസാഹിത്യകൃതികള്‍ വാങ്ങിത്തന്നിരുന്നെങ്കിലും ഞാന്‍ ആ
പുസ്തകങ്ങള്‍ക്കുപുറമെ അപ്പന്‍ വായിച്ചിരുന്ന ക്ലാസ്സിക് കൃതികളും വായിച്ചുമനസ്സിലാക്കാന്‍
ശ്രമിച്ചിരുന്നു . അത്തരത്തില്‍ പല സാഹിത്യകൃതികളും വായിച്ചുതീര്‍ത്തെങ്കിലും
അതൊക്കെ എനിക്ക് മനസ്സിലായത് ഈയടുത്തനാള്‍ അവയൊക്കെ പുനര്‍വായനക്ക് വിധേയമാക്കിയപ്പോഴായിരുന്നു .
എന്തായാലും
എട്ടാം ക്ലാസ്സില്‍ വച്ചാണ് ഞാന്‍ ആദ്യത്തെ സാഹിത്യം കുറിച്ചത് . Readers Digest
മാസികയിലെ കുട്ടികള്‍ക്കുള്ള കാര്‍ടൂണ്‍ പേജിലെ ഒരു കാളയുടെ ചിത്രം കണ്ടെഴുതിയതായിരുന്നു
ആ കവിത . അതിങ്ങനെ :
Give
me time to eat
Give
me time to chew
Give
me time to think
Give
me time to sleep
അപ്പന്‍
പട്ടാളത്തില്‍നിന്ന് കൊണ്ടുവന്ന ഒരു തകരപ്പെട്ടിയുണ്ടായിരുന്നു . ഞങ്ങള്‍
ട്രങ്കുപെട്ടി എന്നാണതിനെ വിളിച്ചുപോന്നിരുന്നത് . അതില്‍നിന്ന് പുറത്തെടുക്കുന്ന എല്ലാത്തിനും ഒരു
മണമുണ്ടായിരുന്നു . ഒരു പട്ടാള മണം . അത്തരത്തില്‍ പട്ടാള മണമുള്ള ഒരു
കടലാസ്സിലായിരുന്നു ഞാന്‍ എന്റെ ആദ്യ കവിത എഴുതിയത് .
കവിത
വായിച്ചുനോക്കി അപ്പന്‍ പറഞ്ഞതിങ്ങനെ : “ ഇനിയും വായിക്കണം “ . ഇനിയും
എഴുതണമെന്ന് അപ്പന്‍ പറഞ്ഞില്ല . കവിത നാന്നായിരുന്നെന്നോ ചീത്തയായിരുന്നെന്നോ
അപ്പന്‍ പറഞ്ഞില്ല . പില്‍ക്കാലത്തും ഇന്നും ഞാന്‍ പറയുന്നു ; എന്റെ കവിത
മോശമല്ലായിരുന്നു .
ഒരു
മിണ്ടാപ്രാണിയുടെ നിഷേധിക്കപ്പെട്ട അവകാശങ്ങളെ ചോദിച്ചുവാങ്ങുന്ന ഒരു വിലാപ
കാവ്യമായിരുന്നു അത് .ഈയൊരു വിലാപം എന്നും എന്റെ സ്ഥായിയായ ഭാവമായിരുന്നു . ഞാന്‍
ഏറ്റവും ഒടുവില്‍ എഴുതിയ “വിലാപത്തിന്റെ ഇലകള്‍” എന്ന കവിതകളിലും ഒരു കാര്‍ഷിക
ജനതയുടെ വിലാപമുണ്ടായിരുന്നു .
എഴുത്ത് എനിക്ക്
വിമര്‍ശനമാണ് . വിമര്‍ശനം ജീവിതവും .എഴുത്തിന്റേയും ജീവിതത്തിന്റേയും
ഇത്തരത്തിലുള്ള വിമര്‍ശനമായിരിക്കണം എന്നെ ഒരു പത്രപ്രവര്‍ത്തകനാക്കിയത് . ഒരു
ഇംഗ്ലീഷ് പത്രത്തിലും മലയാള പത്രത്തിലും ഞാന്‍ പത്രപ്രവര്‍ത്തകനായിരുന്നു . അവിടേയും
എന്റേത് സാഹിത്യ പത്രപ്രവര്‍ത്തനമായിരുന്നു . ഇന്ന് പ്രത്യേകിച്ച് ഒരു പത്രവും
എന്നെ ഉള്‍കൊള്ളുന്നില്ലെങ്കിലും ഞാന്‍ എഴുതുന്നുണ്ട് , എന്റെ സൈബര്‍ ക്യാന്‍വാസ്സില്‍
.പത്രപ്രവര്‍ത്തനത്തിലുള്ള ഈ നൈരന്തര്യസ്വഭാവം എനിക്ക് ഒരുപാട് പത്രബന്ധുക്കളെയും
സുഹൃത്തുക്കളെയും നേടിത്തന്നിട്ടുണ്ട് .
അങ്ങനെ
പത്രക്കുപ്പായം അണിഞ്ഞിരുന്ന കാലത്താണ് ഞാന്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍
ജോലിക്ക് ചേരുന്നത് . അമ്മയുടെ നിര്‍ബന്ധം മൂലം ഏറ്റെടുത്ത ജോലിയായിരുന്നു . അമ്മ
പറയും , “സാഹിത്യമെഴുത്ത് പട്ടിണിക്കിടും. ഫയലെഴുത്ത് ചോറുതരും “. സാമൂഹ്യശാസ്ത്രവും
സാമ്പത്തിക ശാസ്ത്രവും ഇഴചേര്‍ന്ന തത്ത്വചിന്തയായിരുന്നു അമ്മയുടെതെന്ന് കാലം
തെളിയിച്ചു .
എന്നാല്‍ കാര്‍ഷിക
സര്‍വ്വകലാശാലയിലെ എന്റെ ഇരുകാലി മമ്മൂഞ്ഞുമാര്‍ക്കൊന്നും ഈ കഥകള്‍ അറിയില്ല .
അതുകൊണ്ടാണ് അല്പം വൈകിയെങ്കിലും ഈ കുറിപ്പ് എഴുതുന്നത് . ഈ ഇരുകാലി
മമ്മൂഞ്ഞുമാര്‍ക്കൊക്കെ ഞാനിന്നും പത്രപ്രവര്‍ത്തകനാണ് . അതുകൊണ്ട് കാര്‍ഷിക സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത പത്ര മാധ്യമങ്ങളില്‍ വന്നാല്‍ ഈ
മമ്മൂഞ്ഞുമാര്‍ പറയും , “ ഇത് ങ്ങളല്ലേ ?”
ഏതാണ്ട് കാല്‍
നൂറ്റാണ്ടായി ഞാന്‍ ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് .ദാ ഇന്നലെയും കേട്ടു, “ ഇതും
ങ്ങളല്ലേ ?” അതുകൊണ്ട് ഈ കുറിപ്പിലൂടെ ഞാന്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ എല്ലാ
ഇരുകാലി മമ്മൂഞ്ഞുമാരോടും പറയുന്നു , “ ഇതൊക്കെ ങ്ങളില്‍ ഒരാളാവാം . ഞമ്മളല്ല .
ദയവു ചെയ്ത് എന്നെ വെറുതെ വിടുക “.
ഡോ.സി.ടി.വില്യം.
No comments:
Post a Comment