Wednesday, September 4, 2013

യശോധര നഗ്നയാണ്‌ - ആറ്


പ്രലോഭനത്തിന്റെ 
സ്വര്‍ണ്ണ മത്സ്യങ്ങളും
പ്രവാചകന്റെ പരിഹാസവും
ക്വതയില്ലാത്ത രതിയും ഭക്തിയും , വിരക്തിയും വിഭക്തിയും ഉണ്ടാക്കുമെന്നത് സ്വാഭാവികം മാത്രം . തായലണ്ടിനെ സംബന്ധിച്ചിടത്തോളം ഈ ദര്‍ശനം വളരെ ശരിയാണ് . പട്ടായയിലെ മദിരോത്സവങ്ങ ള്‍ക്കുശേഷം ഞങ്ങളുടെ യാത്രാസംഘം ഇപ്പോള്‍ ബാങ്കോക്കിലാണ് . പാട്ടായ ഒരു രതിസാമ്രാജ്യമെങ്കില്‍ ബാങ്കോക്ക്‌ രതിയുടെ ഒരു പ്രവിശ്യ മാത്രമാണ് . സ്വതന്ത്ര രതിയുടെ കാര്യത്തില്‍ പട്ടായയും ബാങ്കോക്കും ഏറെക്കുറെ ദുബായിയും അബുദാബിയും പോലെയാണ് .

ബാങ്കോക്ക് തായലണ്ടിന്റെ തലസ്ഥാന നഗരിയാണ്‌ . പട്ടായയെ പോലെതന്നെ സ്വയംഭരണാധികാരമുള്ള ഒരു പ്രവിശ്യയാണ് . ബാങ്കോക്കിന്റെ ശരിയായ പേര് ക്രങ്ങ്  തെപ് മഹാ നകോന്‍ എന്നാണ് . ഏതാണ്ട് 40000 വര്‍ഷങ്ങള്‍ക്കുമുമ്പ് തായലണ്ടില്‍ മനുഷ്യാധിവാസം ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു .

ഭാരതത്തിന്റെ സംസ്കാരവും മതവിശ്വാസങ്ങളും പ്രത്യേകിച്ച് ബുദ്ധമത വിശ്വാസങ്ങള്‍ ഇവിടെ ഇന്നും നിലനിന്നുപോരുന്നു . ഫ്യുണ രാജവംശമായിരുന്നു ഇവിടെ പണ്ടുണ്ടായിരുന്നത് . പിന്നീട് കമര്‍ സാമ്രാജ്യമായി രൂപാന്തരമുണ്ടായി . അന്നൊക്കെ തായലണ്ട് അറിയപ്പെട്ടിരുന്നത് സയാം രാജ്യം എന്നായിരുന്നു .

1932 വരെ സയാം രാജ്യം നിലനിന്നിരുന്നു . ഏകാധിപത്യ ഭരണ വാഴ്ചയായിരുന്നെങ്കിലും ബുദ്ധധര്‍മ്മ ദര്‍ശനത്തിലധിഷ്ടിതമായ ധര്‍മ്മ രാജ്യഭരണമായിരുന്നു നിലനിന്നിരുന്നത് . ഇവിടെ വെറും രാജാവ് ആയിരുന്നില്ല , ധര്‍മ്മ രാജാവ് തന്നെയാണ് ഭരിച്ചിരുന്നത് .  പിന്നീട് നടന്ന രക്തരഹിത വിപ്ലവത്തില്‍ പട്ടാള അട്ടിമറി നടന്നു . അങ്ങനെ ഭാഗികമായി ഏകാധിപത്യ ഭരണ വാഴ്ചയും പാര്‍ലെമെന്ററി സംവിധാനവും ചേര്‍ന്ന്‍ 1932 ജൂണ്‍ 24 ന് തായലണ്ട് രാജ്യം നിലവില്‍ വന്നു . അതിനുശേഷം ഈയടുത്തകാലം വരെയും ചെറുവിപ്ലവങ്ങളും യുദ്ധങ്ങളും പട്ടാള-രാഷ്ട്രീയ അട്ടിമറികളും തുടര്‍ന്നുപോന്നു .

ഭാരതത്തിലെ സിന്ധു , ഗംഗ , കാവേരി , നര്‍മ്മദ തുടങ്ങിയ നദികള്‍ പോലെ തായലണ്ടിലും നദികളുണ്ട് . ചാവോ ഫ്രായ , മക്ലോങ്ങ് , ബാങ്ങ് പാക്കോങ്ങ് , താപി തുടങ്ങിയവയാണ് ഈ നദികള്‍ . പ്രധാനമായും ചാവോ ഫ്രായും അതിന്റെ കൈവഴികളും നനച്ചെടുക്കുന്ന 32000 ചതുരശ്ര കിലോമീറ്റര്‍ നടിതടങ്ങളിലാണ് തായലണ്ട് സംസ്കൃതി വേരുപിടിച്ചുനില്‍ക്കുന്നത് . ഇതുകൂടാതെ ആന്ടമാന്‍ കടലില്‍ പ്രകൃതിസുന്ദരമായ ഒരു ദ്വീപസമൂഹവുമുണ്ട് തായലണ്ടിന് അഭിമാനം കൊള്ളാന്‍ . പൂകെറ്റ് , ക്രാബി , നാങ്ങ്ന , ത്രാങ്ങ് , തുടങ്ങിയവയാണ് അതിമനോ ഹരമായ ഈ സുഖവാസ ദ്വീപുകള്‍ .എന്നാല്‍ സഞ്ചാരികളില്‍ കൂടുതല്‍ പേരും രതിസാമ്രാജ്യമായ പട്ടായയും തലസ്ഥാനനഗരിയായ ബാങ്കോക്കും മാത്രം അനുഭവിച്ചും ആസ്വദിച്ചും മടങ്ങുന്നു .

കൃത്യമായി പറഞ്ഞാല്‍ 1960 ലാണ് തായലണ്ടില്‍ സുഖവാസത്തിന്റെ ആദ്യ വസന്തമുണ്ടായത് . അക്കാലത്തുണ്ടായ വിയറ്റ്നാം യുദ്ധത്തില്‍ പങ്കെടുത്ത അമേരിക്കന്‍ പട്ടാളം വിശ്രമത്തിനും വാജീകരണത്തിനുമായി ബാങ്കോക്കിലും പട്ടായയിലും എത്തുകയായിരുന്നത്രേ . 1967 ല്‍ 54000 പട്ടാളക്കാരും 336000 വിദേ ശസഞ്ചാരികളും സന്ദര്‍ശിച്ച തായലണ്ട് 2012 ലെ കണക്കനുസരിച്ച്  22 ദശലക്ഷം സഞ്ചാരികള്‍ക്ക് സുഖഭോഗങ്ങളുടെ മണിയറ തീര്‍ത്തു .


ഡോ.സി.ടി.വില്യം

തുടരും 

No comments:

Post a Comment