Wednesday, September 11, 2013

യശോധര നഗ്നയാണ്‌ - അവസാനഭാഗം



ബുദ്ധൻ പരിഹസിക്കുകയായിരുന്നു .

ബാങ്കോക്കിലെ പ്രസിദ്ധമായ അല്കാസര്‍ നൃത്തനാടകം  കണ്ട് ഞങ്ങള്‍ ബാങ്കോക്കിലെ ഹോട്ടലില്‍ എത്തുമ്പോള്‍ രാത്രിയായിരുന്നു . സംഘത്തിലെ ചിലര്‍ മറ്റുചില തീയറ്ററുകളില്‍ രതിവൈകൃത നൃത്തനാടകവും കണ്ടിരുന്നു . രണ്ട് നൃത്തരൂപങ്ങളും കൊള്ളരുതാത്തവയായിരുന്നു . പട്ടായയിലേതുപോലെ രതിക്കൊതി കാണിച്ചിരുന്നില്ല ഞങ്ങളുടെ യാത്രാസംഘം ബാങ്കോക്കില്‍ . കാരണം അവരുടെ രതിമൂര്‍ച്ച പട്ടായയിലെ തായ് പെണ്‍ശരീരങ്ങള്‍ അപഹരിച്ചിരുന്നു . മാത്രമല്ല , പണസഞ്ചിയുടെ കനവും അവര്‍ കുറച്ചിരുന്നു . എങ്കിലും ഹോട്ടല്‍ മുറി വിട്ടിറങ്ങിയ അവര്‍ ബാങ്കോക്കിലെ തെരുവിലെ പെണ്‍കാഴ്ചകള്‍ കണ്ടു നടന്നു . 

പട്ടായയില്‍ പ്രലോഭനങ്ങളെ അതിജീവിച്ച ചുരുക്കം ചിലര്‍ ബാങ്കോക്കില്‍ പ്രലോഭനങ്ങള്‍ക്ക് കീഴടങ്ങിയതായും അറിയാന്‍ കഴിഞ്ഞു . ചുരുക്കത്തില്‍ യാത്രാസംഘത്തിന്റെ ചാരിത്ര്യം പൂര്‍ണ്ണമായും തായലണ്ട് കവര്‍ന്നെടുത്തെന്ന് പറയാം . കുറ്റബോധത്തിന്റെ കറപുരണ്ട അവരില്‍ ചിലരുടെ മുഖങ്ങള്‍ മ്ലാനമായിരുന്നു .

പ്രായശ്ചിത്തഭാരത്തോടെ അവര്‍ അവരുടെ പ്രിയതമമാര്‍ക്കു വേണ്ടി സമ്മാനങ്ങളും ഉപഹാരങ്ങളും വാങ്ങി . യാത്രാസംഘത്തിലെ മുതിര്‍ന്ന ഹംസക്ക പറഞ്ഞു , ”ഇവിടെ ചെലവാക്കിയ പത്തിലൊരു ഭാഗം മതിയായിരുന്നല്ലോ മക്കളെ ഇതിലും കൂടുതല്‍ സുഖവും സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് ഓള് തര്വായിരുന്നല്ലോ “. 

ഞങ്ങളുടെ യാത്രാഗൈഡ് ഒരു കാര്യത്തില്‍ ബുദ്ധിമാനാണെന്നു പറയാം . കാരണം പട്ടായ അനുഭവിച്ചതിനുശേഷം മാത്രമാണ് അയാള്‍ യാത്രാസംഘത്തെ ബാങ്കോക്ക് കാണിച്ചത് . ബാങ്കോക്കിലെ കാഴ്ചകളില്‍ പ്രധാനം ബാങ്കോക്കിലെ ബുദ്ധക്ഷേത്രം തന്നെയായിരുന്നു . ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ മനസ്സ് ശാന്തവും സ്വച്ഛവും നിഷ്കാമവുമായിരിക്കേണ്ടതുണ്ടല്ലൊ . പട്ടായ ആദ്യം അനുഭവിച്ച തുകൊണ്ട് യാത്രാ സംഘത്തിന്റെ കാമാസക്തി മുഴുവനായും പട്ടായയില്‍ തന്നെ കത്തിയമര്‍ന്നിരുന്നു . അതുകൊണ്ടുതന്നെ പരിശുദ്ധമായ ബുദ്ധക്ഷേത്രാടനത്തിന് അവര്‍ പൂര്‍ണ്ണയോഗ്യരായിരുന്നു .

ബാങ്കോക്കിലെ ഈ ബുദ്ധക്ഷേത്രം സ്ഥിതിചെയ്യുന്നത് ഫ്ര നക്കോന്‍ ജില്ലയി ലാണ് . ഗ്രാന്റ് പാലസിനു സമീപം . വാട്ട് ഫോ എന്നാണു ഈ ക്ഷേത്രം അറിയപ്പെടുന്നത് .  വാട്ട് ഫോ എന്നത്  ഇന്ത്യയിലെ ഒരു ബുദ്ധ സംന്യാസി മഠത്തിന്റെ പേരാണ് . ക്ഷേത്രം സ്ഥാപിക്കുന്നതിനുമുമ്പ് ഇവിടെ വിദ്യാലയമായിരുന്നു . തായ് വൈദ്യശാസ്ത്രം ഇവിടെ പഠിപ്പിച്ചിരുന്നു . ഇപ്പോള്‍ ഇവിടെ തെക്കുഭാഗത്തായി ഒരു ബുദ്ധ സന്യാസിമഠവും തായ് മസ്സാജ് കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട് . 

80000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ഈ ക്ഷേത്ര പറമ്പിന് 16 കവാടങ്ങളുണ്ട്‌ . ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത ചൈനീസ്‌ രാക്ഷസന്മാരുടെ കൂറ്റന്‍ ശില്പങ്ങള്‍ ഈ കവാടങ്ങളില്‍ കാവലാളായി നിലയുറപ്പിച്ചിരിക്കുന്നു . ഇരട്ട മതിലുള്ള ഈ ക്ഷേത്രത്തിനകത്ത് ആയിരത്തോളം ബുദ്ധപ്രതിമകളുണ്ട് . തലയ്ക്കു കയ്യും കൊടുത്ത് നീണ്ടുനിവര്‍ന്നു കിടക്കുന്ന ബുദ്ധപ്രതിമയാണ് അതില്‍ ഏറ്റവും വലുത് . ഈ പ്രതിമയ്ക്ക് 160 അടി നീളവും 15 അടി ഉയരവുമുണ്ട് . ബുദ്ധപാദങ്ങള്‍ക്ക് മാത്രം 4.5 അടി നീളവും 3 അടി ഉയരവുമുണ്ട് . നൂറ്റമ്പതോളം ശിലാഫലകങ്ങളില്‍ ബുദ്ധദര്‍ശനങ്ങള്‍ ആലേഖനം ചെയ്തുവച്ചി ട്ടുണ്ട് . ഭൌതികതയെ പാടെ നിരാകരിച്ച പ്രവാചകന്റെ ഭൌതികാവശിഷ്ടമായ ചിതാഭസ്മം ഇവിടെ സൂക്ഷിച്ചിട്ടുള്ളതായി പറയുന്നു . 


എത്ര കണ്ടാലും മതിവരാത്ത ബൌദ്ധ വാസ്തുവിദ്യകള്‍ . ആകാശങ്ങളിലേക്ക് കൂമ്പിനില്‍ക്കുന്ന ശില്പസുന്ദരമായ വര്‍ണ്ണഗോപുരങ്ങള്‍ . ക്ഷേത്രകവാടത്തി ലെ കൊച്ചു തടാകക്കരയില്‍ ധ്യാനനിരതനായി ഇരിക്കുന്ന ബുദ്ധ പ്രതിമകള്‍ . ഏതോ ഭൂതകാലത്തിന്റെ പ്രവചനത്തിന്റെ സ്വര്‍ണ്ണതിളക്കം പോലെ തടാകത്തില്‍ സ്വര്‍ണ്ണ മത്സ്യങ്ങള്‍ നീന്തിത്തുടിക്കുന്നു . ഈ സ്വര്‍ണ്ണമത്സ്യങ്ങളുടെ തടാകത്തിന്റെ പുനരാവിഷ്കാരമാണോ പട്ടായയിലെ മത്സ്യസ്ഫാടികാലയങ്ങളില്‍ രതിലീലകള്‍ക്കായ്‌ നീന്തിത്തുടിക്കുന്ന സ്വര്‍ണ്ണമത്സ്യകന്യകമാര്‍ ?. 

ഈയൊരു സന്ദേഹത്തിന്റെ ഇരുളിമയില്‍ കെട്ടുപിണഞ്ഞ കറുത്ത നൂലുണ്ടയുമായി ഞാന്‍ ബുദ്ധക്ഷേത്രത്തിനു പുറത്തുകടന്നു . എന്റെ ജീവിതത്തില്‍ ഇതാദ്യമാണ് ഒരു ക്ഷേത്രദര്‍ശനം മനസ്സില്‍ ഇരുട്ടും സന്ദേഹങ്ങളും അവശേഷിപ്പിക്കുന്നത് . ഞാന്‍ ഒന്നുകൂടി തിരിഞ്ഞുനോക്കി . മന്ദഹസിക്കുന്ന ബുദ്ധന്റെ ചുണ്ടില്‍ വിരിഞ്ഞുനിന്നത് മന്ദഹാസമായിരുന്നില്ല , പരിഹാസമായിരുന്നു .

ബാങ്കോക്കിലെ സുവര്‍ണ്ണഭൂമി വിമാനത്താവളത്തില്‍നിന്ന് കേരളത്തിന്‍റെ ദേവഭൂമിയിലേക്ക്‌  വിമാനം പറന്നുയരുമ്പോഴും ബുദ്ധന്‍ എന്നെ നോക്കി പരിഹസിക്കുന്നുണ്ടായിരുന്നു  . 

ഡോ.സി.ടി.വില്യം
അവസാനിച്ചു

2 comments:

  1. മനോഹരമായ യാത്രാവിവരണങ്ങൾ - യാത്ര തുടരൂ ജനാബ് - യാത്രാവിവരണങ്ങളും

    ReplyDelete
  2. നന്ദി സുധീര. ഒരുപാട് ഇഷ്‌ടം.

    ReplyDelete