Tuesday, January 23, 2018

സാങ്കേതിക വിദ്യകളുടെ തിരയിളക്കത്തില്‍ നാടകം നഷ്ടമാവുന്നുണ്ടോ ? നാടകോത്സവം മൂന്നു ദിവസം പിന്നിടുമ്പോള്‍ നാടകപ്രേമികള്‍ തീര്‍ച്ചയായും ആശങ്കപ്പെടുന്നുണ്ട്.


“അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ അരങ്ങ്” എന്ന സമകാലിക പ്രസക്തമായ വിഷയത്തിലൂന്നിക്കൊണ്ട് തൃശൂരില്‍ നടക്കുന്ന പത്താമത് അന്താരാഷ്‌ട്ര നാടകോത്സവം മൂന്നുദിവസം പിന്നിടുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്ര നിലവാരം പുലര്‍ത്തിയില്ലെന്ന് പറയേണ്ടിവരുന്നു.

സി.ടി.വില്യം 

നാടക കല സാങ്കേതിക കലയുടേയും, വെളിച്ചത്തിന്റെയും നിഴലിന്റെയും സങ്കലനത്തിന്റെയും, ശബ്ദവിന്യാസത്തിന്റെയും, സംഗീതത്തിന്‍റെയും, ചടുല താളങ്ങളുടെയും കലയായി പരിണമിച്ചുകൊണ്ടിരിക്കുകയാണോ? സാങ്കേതിക വിദ്യകളുടെ തിരയിളക്കത്തില്‍ നാടകം നഷ്ടമാവുന്നുണ്ടോ ? നാടകോത്സവം മൂന്നു ദിവസം പിന്നിടുമ്പോള്‍ നാടകപ്രേമികള്‍ തീര്‍ച്ചയായും ആശങ്കപ്പെടുന്നുണ്ട്. 

ഏറെ പ്രതീക്ഷയര്‍പ്പിച്ച ഉദ്ഘാടന നാടകമായ “പാലസ്തീന്‍ ഇയര്‍ സീറോ” നാടകപ്രേമികളെ ചിലരെയെങ്കിലും നിരാശപ്പെടുത്തിയതായി അറിയുന്നു. ഉദ്ഘാടന ദിവസവത്തെ തിക്കും തിരക്കും രണ്ടാം ദിവസം പ്രകടമായില്ല. തൃശൂരില്‍ പുഷ്പോത്സവ വാരവും സ്വാമി ഭൂമാനന്ദന്റെ പ്രഭാഷണ പരമ്പരയും നടക്കുന്ന സമയമായതുകൊണ്ടായിരിക്കണം നാടകോത്സവ വേദി പൊതുവേ ശുഷ്കിച്ചു നിന്നു.

പന്ത്രണ്ടോളം വേദികളില്‍ നാടകങ്ങള്‍ അരങ്ങേറുന്നുണ്ടെങ്കിലും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത് റീജിയണല്‍ തീയറ്റര്‍ പരിസരങ്ങളില്‍ തന്നെയായിരുന്നു. ടിക്കറ്റ് കൌണ്ടറുകളില്‍ വലിയൊരു തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. വിവിധ വേദികളിലെ നാടകങ്ങളുടെ തത്സമയ പ്രദര്‍ശനം നാടകപ്രേമികള്‍ക്ക് സഹായകമായിരുന്നു.

മൂന്നു ദിവസത്തെ ആസ്വാദന കണക്കെടുപ്പ് നടത്തുമ്പോള്‍ ചിലിയുടെ മുണ്ടോ മൊസാര്‍ട്ട് മികച്ചുനിന്നു. നാടകോത്സവത്തിന്റെ രണ്ടു ദിവസവും മുണ്ടോ മൊസാര്‍ട്ട് നിറഞ്ഞ സദസ്സില്‍ പ്രേക്ഷകരുടെ നിലക്കാത്ത കയ്യടി വാങ്ങി. ലിംഗനീതി വിഷയമാക്കിയുള്ള ഈ നാടകം സംവിധാനം ചെയ്തത് മാന്വേല്‍ ലൊയോള ഫോന്തെസ് ആണ്.

അമേദ്യുസ് മൊസാര്‍ട്ട് അനാമരിയ മൊസാര്‍ട്ട് എന്നീ സഹാദര-സഹോദരിയുടെ സംഗീതാത്മകമായ ജീവിത യാത്രയാണ് ഈ നാടകം. ജീവിതയാത്ര പോലെതന്നെ ഇതൊരു ഓര്‍ക്കസ്ട്ര സംഘത്തിന്‍റെ സംഗീതയാത്ര കൂടിയാണ്. അനാമാരിയയുടെ സംഗീത നൈപുണ്യത്തില്‍ സംഗീത വിദഗ്ദാനാവുന്ന സഹോദരന്‍ പ്രശസ്തനാവുമ്പോള്‍ പെണ്ണായതുകൊണ്ടുമാത്രം തിരസ്കരിക്കപ്പെടുന്ന അനാമരിയയുടെ സര്‍ഗ്ഗവേദനയിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സ്ത്രീ പ്രതിഭയുടെ കഥയാട്ടം നടത്തുകയാണ്  സംവിധായകന്‍ മാന്വേല്‍ ലൊയോള ഫോന്തെസ്.
മൊസാര്‍ട്ടിന്റെ സിംഫണിയെ അനുഭവിപ്പിക്കും വിധം ചേതോഹരവും ശ്രുതിമധുരവുമാണ് മുണ്ടോ മൊസാര്‍ട്ട്. സിംഫണിയുടെ മാസ്മരികതയില്‍ ചടുലമായ മെയ് വഴക്കത്തില്‍ ചിലിയുടെ നടനകല നാടകോത്സവ വേദി അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കി.


പൊതുവേ പറഞ്ഞാല്‍ നാടക കല സാങ്കേതിക കലയുടേയും, വെളിച്ചത്തിന്റെയും നിഴലിന്റെയും സങ്കലനത്തിന്റെയും, സംഗീതത്തിന്‍റെയും, ശബ്ദവിന്യാസങ്ങളുടെയും, ചടുല താളങ്ങളുടെയും കലയായി പരിണമിച്ചുകൊണ്ടിരിക്കുന്നു എന്നും പറയേണ്ടിയിരിക്കുന്നു. ഇതിന്നിടയില്‍ നാടകം നഷ്ടമാവുന്നുണ്ടോ എന്ന വ്യസനം യഥാര്‍ത്ഥത്തില്‍ നാടക പ്രേമികള്‍ക്കുണ്ട്. ചുരുക്കത്തില്‍ നാടകോത്സവം മൂന്നു ദിവസം പിന്നിടുമ്പോള്‍ നമ്മോടു പറയുന്നതും ഇതുതന്നെ.