Thursday, January 30, 2014

ഭരിക്കേണ്ടവർ ഭരിക്കാതെവരുമ്പോൾ.....

അരവിന്ദ് കെജ്രിവാളിന്റെ “സ്വരാജ്” 
പഴയ ഉത്തരമാണ്.
മഹാത്മാവിന്റെ ഉത്തരമാണത്.


ര നൂറ്റാണ്ടിലേറെക്കാലമായി ഈ ഭൂമിയില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട്. അതില്‍ ഏതാണ്ട് പകുതിയും സര്‍ക്കാര്‍ സര്‍വ്വീസ് ജീവിതമാണ്. അതിന്നും തുടരുകയാണ് നിറയെ ആശങ്കകളില്‍.

നാളിതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല. അരാഷ്ട്രീയത കൊണ്ടല്ല മറിച്ച്, ശുദ്ധമായ രാഷ്ട്രീയതകൊണ്ടാണ് ഒരു പാര്‍ട്ടിയിലും അംഗത്വമെടു ക്കാതെ ജീവിച്ചുപോരുന്നത്. വോട്ടുചെയ്യിപ്പിക്കുന്ന ഉദ്യോഗസ്ഥനായി പത്തു തവണയെങ്കിലും  നിയമിതനായിട്ടുണ്ട്. എന്നാല്‍ പതിനെട്ട് വയസ്സിലനുഭവിച്ച സമ്മതിദാനാവകാശം ഒരിക്കല്‍ ഉപയോഗിച്ചതിനുശേഷം പിന്നെ ഉപയോഗിച്ചി ട്ടില്ല. ഉപയോഗിച്ചതിന്റെ കുമ്പസാരം 1979 നവംബര്‍ 11 ന് മലയാള മനോരമയില്‍ കൊടികളെ സൃഷ്ടിച്ച കടമ എന്ന തലക്കെട്ടില്‍ ഇങ്ങനെ എഴുതി.

ആദ്യമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍....ചൂണ്ടുവിരലില്‍ കറുത്ത മഷിയുടെ പാട് വീണപ്പോള്‍.....മനസ്സ് മന്ത്രിച്ചു;
‘നീ പാപം ചെയ്തുപോയി’. പാപമല്ല, കടമയാണെന്ന് അനവധി പ്രാവശ്യം പറഞ്ഞിട്ടും മനസ്സ് വിലക്കി.
പൊയ് പോയ വര്‍ഷങ്ങളില്‍ പൂര്‍വ്വികര്‍ കടമകള്‍ നിറവേറ്റിയപ്പോഴും ഇവിടെ അവശേഷിച്ചത് പട്ടിണിയുടെ അടിമകള്‍ ആയിരുന്നില്ലേ?
എനിക്കൊന്നും പറയാനില്ല.കടമകള്‍.... അത്രമാത്രം.
കടമകള്‍ സൃഷ്ടിച്ചത് കൊടികളെ ആയിരുന്നു! വിവിധ നിറത്തിലുള്ള കൊടികള്‍! അവയിലെല്ലാറ്റിലും തെളിഞ്ഞുകാണുന്ന ഹിപ്പോക്രസിയുടെ നിറം കാണുന്നില്ലേ?
ആത്മാര്‍ഥത എന്നും സേവനം എന്നും മറ്റും പറയുന്ന പദങ്ങള്‍ നിഘണ്ടുവില്‍ മാത്രം ഒതുങ്ങിക്കഴിയുന്നത് നീ കാണുന്നില്ലേ?
കീറ്റ്സും ഷെല്ലിയും പഠിച്ച നീ....ഫിസിക്സും കെമിസ്ട്രിയും ഗണിതവും പഠിച്ച നീ ...മണിക്കൂറില്‍ മാറിക്കൊണ്ടിരിക്കുന്ന മന്ത്രിമാരുടെ പേരുകള്‍ എഴുതി പഠിക്കാന്‍ ശപിക്കപ്പെട്ട നീ......ശ്വാസം മുട്ടുന്നില്ലേ? ഈ ചീഞ്ഞുനാറുന്ന വ്യവസ്ഥിതിയുടെ ചങ്ങല പൊട്ടിച്ചെറിയാന്‍ എന്തെ ശക്തിയില്ലായ്ക?
അടുക്കും ചിട്ടയും ഇല്ലാത്ത ചുറ്റുപാടിനോപ്പം മുടിയും താടിയും വളര്‍ന്നപ്പോള്‍...ചുണ്ടത്ത് കഞ്ചാവുബീഡിയെരിഞ്ഞപ്പോള്‍, സമൂഹം നിന്നെ ഭ്രാന്തനെന്ന് വിളിക്കുന്നു. വൃത്തമില്ലാതെ നീ എഴുതിയതിനെ ദുരൂഹമെന്നും ദുര്‍ഗ്രഹമെന്നും കുറ്റപ്പെടുത്തുന്നു. പക്ഷേ നീയെന്തിന് വിലപിക്കണം?


അതേ നീയെന്തിന് വിലപിക്കണം? ഈ ചോദ്യത്തിന്റെ പ്രസവിക്കാത്ത ഗര്‍ഭവുമായി മൂന്നു പതിറ്റാണ്ട് നടന്നു. വായന കെട്ടും കത്തിയും നിന്നു. പഠനം വന്നും പോയും ഇരുന്നു. എഴുതാനെടുത്ത പേന എഴുതാതെ നിന്നു. എട്ട് വര്‍ഷം മുമ്പ് ഞാനാണോ പേനയാണോ എന്നറിയില്ല എഴുതി. എട്ട് പുസ്തകങ്ങള്‍. അഞ്ചെണ്ണം വെളിച്ചം കണ്ടു. മൂന്നെണ്ണം പ്രസാധകന്റെ അവിഹിത ഗര്‍ഭത്തില്‍ ഇരുട്ടില്‍ തപ്പുന്നു.

എഴുത്തുകാരന് രാഷ്ട്രീയം വേണം. രാഷ്ട്രീയപാര്‍ട്ടി അംഗത്വം വേണം. പ്രസാധകരെപ്പോലെ. അപ്പോള്‍ മാത്രമാണ് അവാര്‍ഡ് പൂത്തുലയുക. പുതിയ പതിപ്പുകള്‍ പൊട്ടിമുളക്കുക. ഇതൊന്നും പക്ഷേ എന്നില്‍ സംഭവിച്ചില്ല. ഇപ്പോഴും തുടരുന്നു, എഴുത്തും ജീവിതവും. എന്റെ വിലാപങ്ങളും. ഏറ്റവും ഒടുവിലെ പുസ്തകം അതായിരുന്നു, വിലാപത്തിന്റെ ഇലകള്‍.
ചോദ്യം പഴയതുതന്നെ. ഉത്തരവും പഴയത് തന്നെ.

അരവിന്ദ് കെജ്രിവാളിന്റെ “സ്വരാജ്” പഴയ ഉത്തരമാണ്. മഹാത്മാവിന്റെ ഉത്തരമാണത്. പക്ഷേ ചോദ്യങ്ങള്‍ക്ക് പുതുമയുണ്ട്. ചോദ്യങ്ങളുടെ പുതുമയില്‍ ഉത്തരങ്ങള്‍ക്ക് പഴമയുടെ പുത്തന്‍ പ്രകാശമുണ്ട്. പ്രത്യാശയുടെ പ്രകാശം.


അടുത്ത ബ്ലോഗ്ഗില്‍ തുടരും......

ഡോ. സി.ടി. വില്യം

Thursday, January 9, 2014

അമ്മ -സത്യവും മിഥ്യയും



താണ്ട് ഇരുപത്തഞ്ചുവര്‍ഷം മുമ്പ് നടന്ന ഒരു സംഭവം ഓര്‍ത്തെടുക്കുകയാണ് ഞാനിവിടെ . അന്ന് ഞാനൊരു ട്യുടോറിയല്‍ കോളജ് അധ്യാപകനായിരുന്നു. ഇംഗ്ലീഷ് ആണ് പഠിപ്പിച്ചിരുന്നത്. രാവിലെ അഞ്ചര മണിക്ക് ആരംഭിക്കുന്ന ക്ലാസ്സുകള്‍ വൈകീട്ട് ആറുമണി വരെയുണ്ടാവും. തൃശൂരില്‍ പാലക്കല്‍ അങ്ങാടിയിലായിരുന്നു എന്റെ  ട്യുടോറിയല്‍ കോളജ്. “ശാന്തി” എന്നായിരുന്നു എന്റെ സ്ഥാപനത്തിന്റെ പേര്. അന്ന് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഇടയില്‍ നല്ലൊരു ആത്മബന്ധമുണ്ടായിരുന്നു. ഇന്നതില്ല. എന്റെ ശാന്തിനികേതന ത്തില്‍ ഈ ആത്മബന്ധം പൂത്തുലഞ്ഞുനിന്നിരുന്നു. എന്റെ ജീവിതത്തിലേയും അധ്യാപനത്തിന്റേയും വസന്തകാലമായിരുന്നു അത്.

എന്റെ ശാന്തിനികേതനം സ്ഥിതിചെയ്യുന്ന പാലക്കല്‍ അങ്ങാടി പണ്ട് തോട്ടി കളുടെ അങ്ങാടിയായിരുന്നു. അതുകൊണ്ടുതന്നെ ഇവിടം സംസ്കാരസമ്പന്നരുടെ ആവാസകേന്ദ്രമായിരുന്നില്ല. ഈ പ്രദേശത്ത്‌ അന്ന് കാര്യമായുണ്ടായിരുന്നത് ഒരു ചാരായഷാപ്പും പടക്കപ്പീടികയും പിന്നെ ഒരു കരിക്കച്ചവട സ്ഥാപനവുമായിരുന്നു. വഴിയോരങ്ങളില്‍ ഭിക്ഷാടകരും നിരാലംബരും പീഡിതരും തമ്പടിച്ചിരുന്നു. ഇതിനെല്ലാറ്റിനും പുറമേ സര്‍ക്കാര്‍ ആശുപത്രിയുടെ മോര്‍ച്വറിയുടെ പുറത്തേക്കുള്ള വാതില്‍ തുറന്നു കിടന്നിരുന്നതും ഈ അങ്ങാടിയിലേക്കായിരുന്നു. ഈ പ്രേതവാതിലിലൂടെ എത്രയെങ്കിലും പ്രേത ങ്ങള്‍ തുന്നിക്കെട്ടി കൊണ്ടുപോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എല്ലാറ്റിനും ഒരു മൂകസാക്ഷിപോലെ എന്റെ ശാന്തിനികേതനം ഇവിടെ ഉണ്ടായിരുന്നു

.
അക്ഷരാര്‍ത്ഥത്തില്‍ ഒരു ഭാര്‍ഗ്ഗവിനിലയം പോലെയുള്ള ഒരു കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തായിരുന്നു ശാന്തിനികേതനം പ്രവര്‍ത്തിച്ചിരുന്നത്. താഴെ ഒരു പെട്ടിക്കടയും പാഴ്സല്‍ ആപീസും പ്രവര്‍ത്തിച്ചിരുന്നു. തൊട്ടപ്പുറത്താണ് കരിച്ചാക്കുവിന്റെ കരിക്കച്ചവട സ്ഥാപനം. കരിച്ചാക്കുവും അമ്മയും കൂടിയാണ് ഈ കച്ചവടം നടത്തുന്നത്. കരിച്ചാക്കുവിന്റെ പുല്ലും പെലാട്ടും ഇടിമുഴക്കം പോലെ ഇവിടെ പകലന്തിയോളം മുഖരിതമായിരുന്നു. കരിപുരണ്ട രണ്ടുപ്രേതങ്ങള്‍ പോലെ കരിച്ചാക്കുവും അമ്മയും ഇവിടെ ഒരു കല്പിത കഥ പോലെ നില കൊണ്ടിരുന്നു. പഴയ തോട്ടികളുടെ അങ്ങാടിയുടെ പുരാവസ്തു പോലെ അവര്‍ ഇവിടെ നിലനിന്നിരുന്നു .

അന്നൊരു ദിവസം ഞാന്‍ ശാന്തിനികേതനത്തില്‍ എത്തുമ്പോള്‍ കരിപുരണ്ട ആ അമ്മയും മകനും വഴക്കിടുകയായിര്‍ന്നു. ചോരക്കണ്ണുള്ള കരിമുട്ടിപോലെ കരിച്ചാക്കു തിളച്ചുനിന്നിരുന്നു. അയാള്‍ അമ്മയെ നിര്‍ദയം നിഷ്കരുണം തല്ലുന്നതാണ് ഞാന്‍ പിന്നെ കണ്ടത്.ഈ കാഴ്ച ഈ അങ്ങാടിക്ക് മാത്രം സ്വന്തമായിരുന്നു. അതുകൊണ്ടുതന്നെ ആരും ഇതൊന്നും ശ്രദ്ധിക്കാറില്ല. പിന്നെ ആരും കരി ച്ചാക്കുവിനെ എളുപ്പം സമീപിക്കാറുമില്ല. അയാള്‍ തുപ്പുന്ന പുല്ലും പെലാട്ടും അത്രക്ക് ഭീകരമായിരുന്നു .

മകന്റെ അടി കൊള്ളേണ്ടിവന്ന നിസ്സഹായയായ ഒരമ്മയുടെ ദയനീയമായ ആ ചിത്രം എന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു. എന്തായാലും രണ്ടും കല്‍പ്പിച്ച് ഞാന്‍ കരിച്ചാക്കുവിനോട് കാര്യങ്ങള്‍ ചോദിച്ചുമനസ്സിലാക്കാന്‍ തീരുമാനിച്ചു . എന്നെ ഈ തീരുമാനത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ പലരും ശ്രമിച്ചെങ്കിലും ഞാന്‍ ആ ഉദ്യമത്തില്‍നിന്നു പിന്‍വാങ്ങിയില്ല. അങ്ങനെ വൈകീട്ട് കരിച്ചാക്കു സൈക്കിള്‍ ഉന്തിപോകുമ്പോള്‍ ഞാന്‍ തക്കത്തിലും തഞ്ചത്തിലും അയാളെ പിന്തുടര്‍ന്നു. പുല്ലും പെലാട്ടും മാത്രം തുപ്പുന്ന ആ ജീവിയോട് ഞാന്‍ വിനയാന്വി തനായി ചോദിച്ചു ;
“ചാക്കേട്ടന്‍  രാവിലെ അമ്മയോട് വല്ലാതെ ചൂടാവുന്നത് കണ്ടല്ലോ “?
ആ ചോരക്കണ്ണിലെ കൃഷ്ണമണികള്‍ വല്ലാതെ ഒന്നിളകി മറിഞ്ഞു. കരിച്ചാക്കു സൈക്കിള്‍ സ്ടാന്റില്‍ നിര്‍ത്തി. മുണ്ട് ഒന്നുകൂടി അഴിച്ചുകുത്തി. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്  കരിച്ചാക്കു സൌമ്യനായി ഇങ്ങനെ പറഞ്ഞു ;
“മാഷേ മാഷ്ക്ക് അറിയില്ല, ആ തള്ളേടെ സുഭാവം. അത്ര പൊട്ട സുഭാവാ ആ തള്ളേടെ”.
പിന്നെ ഏതാണ്ട് ഒരു മണിക്കൂറോളം കരിച്ചാക്കു തന്റെ ജീവിതച്ചക്രത്തെ പിന്നോട്ട് പായിച്ചു. എന്റേയും കരിച്ചാക്കുവിന്റേയും കണ്ണുകള്‍ നനയിച്ച ഒരു കഥയുടെ ചുരുള്‍ അഴിയുകയായിരുന്നു. കഥാവസാനം എനിക്ക് കരിച്ചാക്കുവിനെ ശരിവക്കേണ്ടിവന്നു. “അമ്മയെ തല്ലിയാലും രണ്ടു പക്ഷം“ എന്ന നീതിസാരത്തിലെ എന്റെ പക്ഷവും കരിച്ചാക്കുവിന്റെ പക്ഷവും മറ്റൊരു ശരി പക്ഷത്തില്‍ ഒന്നാവുകയായിരുന്നു .

ഇനി നമുക്ക് വര്‍ത്തമാന കാലത്തിലേക്ക് കടന്നുവരാം. വളരെ അപകടം പിടിച്ച ഒരു സത്യമാണ് അമ്മ. പറയാനും വയ്യ, പറയാതിരിക്കാനും വയ്യ എന്നൊരു വിഷമവൃത്തത്തില്‍ ആ സത്യം ഒളിഞ്ഞും തെളിഞ്ഞും മിന്നുകയാണ്. എല്ലാവരും ഈ സത്യത്തെ ഒളിഞ്ഞും തെളിഞ്ഞും കാണുന്നുണ്ട്. എന്നാല്‍ കണ്ടത് സത്യമല്ലെന്ന് ധാര്‍ഷ്ട്യത്തോടെ വിലക്കുന്ന ഒരു ധാര്‍മ്മിക സമൂഹ ത്തിന്റെ മുമ്പില്‍ സത്യാന്വേഷികള്‍ മുട്ടുമടക്കുന്നു. അമ്മമാര്‍ അപ്രിയമാകുന്നതിന്റെ അപ്രിയസത്യം അതുകൊണ്ടുതന്നെ ആരും പുറത്തുപറഞ്ഞില്ല. പുറത്തു പറയാത്ത  സത്യം പ്രിയമായാലും അപ്രിയമായാലും പാപമാണ്. വളരെ വേഗത്തില്‍ പെരുകിക്കൊണ്ടിരിക്കുന്ന ഈ പാപം നമ്മുടെ നന്മ നിറഞ്ഞ സമൂഹ ത്തിന്റെ പ്രകാശം കെടുത്തിക്കൊണ്ടിരിക്കുന്നു .


യാതൊരുവിധ വിഭാഗീയതയും വര്‍ഗ്ഗീകരണവും എന്റെ സത്യപ്രകാശനത്തിന് തടസ്സമാവാറില്ല. എന്റേത് സത്യത്തിന്റെ പരിശുദ്ധമായ നേര്‍ക്കാഴ്ച്ചകളാണ്. എനിക്ക് സത്യം പ്രിയമെന്നും അപ്രിയമെന്നും എന്ന വേര്‍തിരിവില്ല. സത്യം എന്നതിന് പകരം വക്കാന്‍ സത്യം മാത്രമേ ഉള്ളൂ. അതാണ്‌ എന്റെ വിശ്വാസം. 


ഞാന്‍ “ഇതുവരെ” എന്ന തത്ത്വചിന്തയുടെ കാവ്യരൂപം എഴുതുമ്പോള്‍  സത്യത്തിന്റെ ഈ നേര്‍ക്കാഴ്ചകള്‍ അനുഭവിച്ചിരുന്നു. അച്ഛന്‍ നിരപരാധിയും അമ്മ നിസ്സഹായയുമായി “ഇതുവരെ”യില്‍ എത്തുമ്പോള്‍ അവിടെ അച്ഛനും അമ്മയും പരസ്പരം കടംകൊണ്ട് ജീവിക്കുകയായിരുന്നു ;




അച്ഛന്‍ നിരപരാധിയാണ് , കാരണം
അച്ഛന്‍ ഉണ്ടാവുന്നത് അമ്മയിലൂടെയാണ് .
അമ്മ നിസ്സഹായയാണ് , കാരണം
അമ്മ ആയിത്തീരുന്നത് അച്ഛനിലൂടെയാണ് .

ചിന്തയുടെ ഈ പരിസരത്തുനിന്ന് അമ്മയെ നിരീക്ഷിക്കുകയും നിലനിര്‍ത്തുകയുമാണ് ഞാന്‍ ചെയ്തത്. പ്രിയസത്യത്തിന്റെ വാക്താക്കള്‍ക്ക് ഈ നിലപാടിനെ വിമര്‍ശിക്കാം തിരസ്കരിക്കാം. എന്നാല്‍ നമ്മുടെ പൊതുസമൂഹം “അമ്മ” യെന്ന വികാരത്തെ മാധ്യമവല്‍ക്കരിച്ച് കച്ചവടച്ചരക്കാക്കിയിരിക്കുകയാണ്. പാര്‍ശ്വ വല്‍ക്കരിക്കപ്പെട്ടതും പരിഹാസ്യമാക്കപ്പെട്ടതും പരസ്യവസ്തുവാക്കപ്പെട്ടതുമായ ഒരു ബ്രാന്‍ഡ് ബിംബത്തിലേക്ക് നമ്മുടെ അമ്മമാര്‍ തരം താഴ്ത്തപ്പെട്ടി രിക്കുന്നു. അമ്മയെ ഇത്തരത്തില്‍ ബ്രാന്‍ഡ് ചെയ്യുമ്പോള്‍ “അമ്മ”എന്ന വിചാരവും വികാരവും കൂടുതല്‍ ഇല്ലായ്മയിലേക്ക്‌ കൂപ്പുകുത്തുന്നു. സന്തോഷ്‌ പണ്ഡിറ്റ്‌ തന്റെ സിനിമയിലൂടെ നേടിയ നെഗറ്റീവ് ഇമ്പാക്റ്റ് (Negative Impact) പോലുള്ള ഒരു നെഗറ്റീവ് ഇമ്പാക്ടാണ് ഇന്ന് അമ്മമാര്‍ക്കുള്ളത്. അങ്ങനെ അമ്മയും വൃദ്ധസദനവും തമ്മിലുള്ള ദൂരം കുറഞ്ഞുവരുകയും മക്കളില്‍  നിന്നുള്ള ദൂരം കൂടിവരുകയും ചെയ്തു.  മക്കള്‍ക്ക്‌ അമ്മയെ ഉപേക്ഷിക്കാമെന്നും ഉപേക്ഷിക്കപ്പെട്ട അമ്മമാര്‍ക്കുള്ളതാണ് വൃദ്ധസദനങ്ങള്‍ എന്ന പൊതുബോധത്തിലേക്ക്  പൊതുസമൂഹത്തെ എത്തിച്ചതും നവമാധ്യമങ്ങള്‍ തന്നെ. അമ്മമാരും അത് നന്നായി ഉള്‍ക്കൊണ്ട്‌ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. അച്ഛനെക്കൂടി പെറുന്ന അമ്മ പിന്നീട് മക്കളെക്കൂടി പെറ്റ്, നിരപരാധിയായ അച്ഛനിലൂടെ നിസ്സഹായയായി മാറുന്നതിന്റെ നേരിന്റെ ദാര്‍ശനികപരമായ കാഴ്ചകളെ നാം കാണാതെ പോകുന്നു .


മാറിമറിഞ്ഞു വരുന്ന സാഹചര്യങ്ങളില്‍ അമ്മ നിരന്തരമായ ഒരു ഭൌതിക ദുരന്തമായി വളരുന്നു. വീട്ടുജോലിക്കാരിയുടെ ശമ്പളം ലാഭിക്കുന്നതിനായി അമ്മയെ വിദേശത്തേക്ക് നാടുകടത്തുന്ന മക്കള്‍, ചലനാത്മകത നഷ്ടമാവുമ്പോള്‍ ഹോം നേഴ്സിന് ശമ്പളം കൊടുത്ത് നാട്ടിലേക്ക് തിരിച്ചയച്ച് സ്വസ്തജീവിതം ലാഭിച്ചെടുക്കുമ്പോള്‍ അമ്മമാര്‍ വരുംകാല ദുരന്തത്തിന്റെകൂടി നൈരന്തര്യ മാവുന്നു . 


വള്ളിക്കാവിലെ അമ്മയെ ആശ്ലേഷിക്കാന്‍ പോകും വഴി സ്വന്തം അമ്മയെ വഴിയരികെ ഉപേക്ഷിച്ചുപോകുന്നതും ഈ ദുരന്തത്തിന്റെ കണ്ണിബലം കൂട്ടുന്നു . വാര്‍ത്താചാനലുകളുടെ കമ്പോളത്തിന്റെ കണ്ണിബലവും അത് കൂട്ടുന്നുണ്ട്. അങ്ങനെ അമ്മയെ ഓര്‍മ്മിപ്പിക്കാന്‍ കോടതികളും മനുഷ്യാവകാശപ്രവര്‍ത്തകരും സംഘടനകളും വേണ്ടിവന്നിരിക്കുന്നു. “അമ്മ”യെന്ന വിചാരത്തെ ബോധവല്‍ക്കരിക്കുന്നതിനുപകരം “അമ്മ”യെന്ന വികാരത്തെ കച്ചവടവല്‍ക്കരിക്കു ന്നതിന്റെ ദുരന്തമാണ് ഇതൊക്കെ. നമ്മുടെ അമ്മസമൂഹവും അവരറിയാതെ ഇത്തരത്തില്‍ കച്ചവടച്ചരക്കാവുന്നുണ്ട് . 


വാല്‍കഷണം: നേരത്തെ പറഞ്ഞ കരിച്ചാക്കു എന്ന മകന്റെ അടികൊണ്ട അമ്മയുടെ വേദനയും, വൃദ്ധസദനത്തിന്റെ അഴികള്‍ക്കുള്ളില്‍ കഴിയുന്ന  അമ്മയുടെ വേദനയും അനിവാര്യമാകുന്ന അഥവാ നിര്‍ബന്ധിതമാവുന്ന ഒരു ദുരന്തസാഹചര്യത്തിലേക്ക് നാം എത്തിച്ചേര്‍ന്നിരിക്കുന്നു .


ഡോ. സി.ടി.വില്യം