Saturday, March 30, 2013

സ്വർഗ്ഗീയനരകം -7



ഏഴ്
മലയാളികള്‍ വില്‍ക്കപ്പെടുന്നതിവിടെ .

സിഗരറ്റ് ഏതായാലും സിസര്‍ എന്നും .ബീഡി ഏതായാലും കാജാ ബീഡി എന്നും ,മദ്യം ഏതായാലും സ്മാള്‍ എന്നും പൊതുവല്‍ക്കരിക്കപ്പെട്ട നാടാണ് നമ്മുടെ കൊച്ചു കേരളം .അതുപോലെത്തന്നെ അറേബ്യന്‍ നാടുകള്‍ ഏതായാലും ദുബായ് എന്ന കൊച്ചുരാജ്യത്തിലേക്ക് സാമാന്യവല്‍ക്കരിക്കുന്നു നാം മലയാളികള്‍ .ഈയ്യിടെയായി ആണും പെണ്ണും ഇണചേരുന്നത് പീഡനം എന്ന സംജ്ഞയില്‍ ഒതുക്കാനും ശീലിച്ചു നാം .

ഞാനിപ്പോള്‍ ദുബായിലെ ഒരു ഫ്ലാറ്റിലാണ് .കൃത്യമായി പറഞ്ഞാല്‍ അറേബ്യന്‍ കടലിടുക്ക് പകുത്തുവച്ച രണ്ടുപകുതികളില്‍ ബര്‍ ദുബായ് എന്ന പകുതിയില്‍ .മറുപകുതി ദേരയാണ് .ബര്‍ദുബായിലെ ഈ ഫ്ലാറ്റിലാണ് ഞാന്‍ ദുബായിയില്‍ ആദ്യമായ് വന്ന ദിവസം വിശ്രമിച്ചതും ഒരു ചെറുമയക്കം നടത്തിയതും .പിന്നീട് റാസല്‍ഖൈമയിലേക്ക് പോകുകയായിരുന്നു .

ബര്‍ദുബായ് ദുബായിയുടെ പഴമയാണ്‌ .ചിരിത്രമാണ് .പൌരാണികതയുടെ സ്മാരക ശിലാവിഷ്കാരമാണ് ,പഴയ കൊട്ടാരങ്ങളും .ചരിത്ര സ്മാരകങ്ങളും ,രാജകീയ വാണിജ്യ കേന്ദ്രങ്ങളും നിറഞ്ഞ ഒരിടം .എണ്ണപ്പണത്തിന്റെ പച്ചപരിഷ്കാരങ്ങളാല്‍ മാനഭംഗം ചെയ്യപ്പെട്ട ഒരിടം .വേദനിപ്പിക്കുന്ന ചരിത്രാംശങ്ങളും പരിഹാസ്യമാവുന്ന പാശ്ചാത്യ പരിഷ്കാരവും നമ്മെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട് ഇവിടെ .

ബര്‍ദുബായിയുടെ ഈ പ്രദേശം മുഴുവന്‍ മനുഷ്യാധിവാസത്തിന്റെ അംബരചുംബികളായ കെട്ടിട സമുച്ചയങ്ങളാണ് .ഗോള്‍ഡന്‍ സാണ്ട്സ് (Golden Sands)എന്നും സില്‍വര്‍ സാണ്ട്സ് (Silver Sands)എന്നും ഓമനപ്പേരിട്ടുവിളിക്കുന്ന ഈ കെട്ടിടക്കൂട്ടങ്ങള്‍ക്ക് നടുവിലാണ് ഞാന്‍ താമസിക്കുന്നത് .സ്വര്‍ണ മണലും വെള്ളി മണലും ഇണചേര്‍ന്നു രമിക്കുന്ന ഒരിടത്ത് .

ഈ ഫ്ലാറ്റ് സാമാന്യം വലുപ്പമുള്ള ഫ്ലാറ്റാണ് .വിശാലമായ ഒരു അകത്തളവും എല്ലാ സൌകര്യങ്ങളുമുള്ള രണ്ട് കിടപ്പുമുറികളും ആധുനിക സങ്കേതങ്ങളുള്ള ഒരു അടുക്കളയും ഉണ്ട് ഈ ഫ്ലാറ്റിന് .വളരെയധികം വൃത്തിയും വെടിപ്പുമുള്ള ഈ ഫ്ലാറ്റ് ഞാന്‍ ഇനിയും പരിചയപ്പെടാത്ത ജോസ് പാലാട്ടി എന്നഒരാളുടെതാണ് .ഇവിടെ യുനൈറ്റഡ് അറബ് ബാങ്കിലെ ഒരു ഉദ്യോഗസ്ഥനാണ് .എന്‍റെ കുന്നംകുളം സഹയാത്രികന് ഈ ഫ്ലാറ്റിലെ സഹതാമാസത്തിന് അവകാശമുണ്ടത്രേ .അങ്ങനെയാണ് ഞാന്‍ ഈ ഫ്ലാറ്റില്‍ എത്തിപ്പെടുന്നത് .

ജോസ് പലാട്ടി ഇപ്പോള്‍ കേരളത്തിലാണ് .അവധിക്ക് നാട്ടില്‍ പോയതാണ് .പുതിയ വീടിന്‍റെ പാലുകാച്ചലിന് .ഏതൊരു ഗള്‍ഫുകാരന്റെയും ഗള്‍ഫ് അസ്തിത്വത്തിന്റെ പൂര്‍ണത .മിക്കവാറും ഈയൊരു പൂര്‍ണതയില്‍ ഗള്‍ഫ് അയാളെ അവസാനിപ്പിക്കുകയോ അയാള്‍ ഗള്‍ഫിനെ അവസാനിപ്പിക്കു കയോ ആവും ഫലം .ഈയൊരു പൂര്‍ണതയിലെക്കാണോ ജോസ് പാലാട്ടി മടങ്ങിയെത്തുക എന്നറിഞ്ഞുകൂട .

സ്വര്‍ണ മണല്‍ ഫ്ലാറ്റുകളിലേക്കും വെള്ളി മണല്‍ ഫ്ലാറ്റുകളിലേക്കുമുള്ള വഴികളില്‍ ഒട്ടും തിരക്കുണ്ടായിരുന്നില്ല .ഫ്ലാറ്റുകളിലും .സജീവത അവകാശപ്പെടാനാവാത്ത താമസയിടങ്ങളായിരുന്നു അവ .ഒരു കുഞ്ഞിന്‍റെ കരച്ചിലോ ഒരു വൃദ്ധന്‍റെ കുരയോ അവിടങ്ങളില്‍ നിന്ന്‍ കേട്ടിരുന്നില്ല .ഒരു ചിരിയും കളിയും ഇല്ലാത്ത ഒരിടം .ഈ ഫ്ലാറ്റുകളും മരുഭൂമി തന്നെയോ എന്ന്‍ ന്യായമായും നാം സംശയിക്കും ആ നിര്‍ജീവത അനുഭവിക്കുമ്പോള്‍ .

ഈ ഫ്ലാറ്റിറങ്ങി രണ്ട് വളവ് കഴിഞ്ഞാല്‍ റമദ ഹോട്ടല്‍ .പിന്നെ അല്‍ ഖലീജ് സെന്റരാണ് .അവിടെയാണ് സ്വമീസ് പത്തന്‍സ് ഹോട്ടല്‍ .നല്ല ഇഡ്ഡലിയും ,വടയും ,ദോശയും സാമ്പാറും കിട്ടും .നെയ്‌ റോസ്റ്റും മസാലയും ഉച്ചക്ക് ചോറും കിട്ടും .തൃശൂരിലെ ഒല്ലൂക്കാരന്‍ നസ്രാണിയാണ് കാഷ്യര്‍ . ഇയാളുടെ തൃശൂര്‍ കത്തി കേള്‍ക്കാന്‍ മാത്രം പത്തന്‍സില്‍ വരുന്ന മലയാളികള്‍ ഉണ്ട് .മലയാളികള്‍ അത് കേട്ട് മനസ്സും ശരീരവും രോമാഞ്ചമണിയും .

ഇതുപോലെ മലയാളികളുടെ അഞ്ച് ഇന്ദ്രിയങ്ങളെയും വികാരങ്ങളെയും വിചാരങ്ങളെയും ഒരു തരത്തില്‍ പറഞ്ഞാല്‍ ചൂഷണം ചെയ്ത് കാശുണ്ടാക്കുന്ന മലയാളികളുടെ സ്ഥാപനങ്ങള്‍ ഏറെയുണ്ട് ഗള്‍ഫ് നാടുകളില്‍ .അവയില്‍ തട്ടുകടകളുണ്ട് .പഞ്ചനക്ഷത്ര ഹോട്ടലുകളുണ്ട് .സ്ത്രീത്വം വില്‍ക്കുന്ന വിലകുറഞ്ഞ വേശ്യാലയങ്ങളുണ്ട് .സെക്സ് വിഭവസമൃദ്ധമായി വിളമ്പുന്ന പഞ്ചനക്ഷത്ര ക്ലബ്ബുകളുണ്ട് .

ഗള്‍ഫ് മലയാളികള്‍ എന്ന് പറയുന്നതിനേക്കാള്‍ സാര്‍ത്ഥകമാവുക മലയാളി ഗള്‍ഫുകാര്‍ എന്ന് പറയുന്നതാവും .കാരണം ഇവിടെ ഗള്‍ഫ് കുറവും മലയാളി കൂടുതലുമാണ്.

യഥാര്‍ത്ഥത്തില്‍ അറബികള്‍ മലയാളികളെ വാങ്ങുകയല്ല ;മലയാളികള്‍ അറബികള്‍ക്ക് വില്‍ക്കപ്പെടുകയാണ് .”മലയാളികളെ ആവശ്യമുണ്ട്“  എന്ന ഒരു തൊഴില്‍ പരസ്യം നമുക്ക് ഗള്‍ഫില്‍ എവിടുത്തേയും വാര്‍ത്താ മാധ്യമങ്ങളിലൊ പരസ്യമാധ്യമങ്ങളിലോ കാണാനാവില്ല .അങ്ങനെ ഒരു പരസ്യത്തിന്‍റെ ആവശ്യം അറബികള്‍ക്ക് വേണ്ടല്ലോ .അല്ലാതെത്തന്നെ മലയാളികള്‍ അടിമകളെ പോലെ  “ഞങ്ങള്‍ എന്തിനും തയ്യാര്‍ .ഞങ്ങള്‍ക്ക് വിലക്കുറവാണ് .ഞങ്ങളെ ഉപയോഗിക്കൂ“ എന്നൊരു പരസ്യപ്പലക കഴുത്തിലും തൂക്കി ഈ മരുഭൂമികളില്‍ അലഞ്ഞുതിരിയുകയാണല്ലോ .ഇത്തരമൊരു പരസ്യപ്പലക അവര്‍ സ്വന്തം നാട്ടില്‍ പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ ,കേരളവും ഇന്ത്യയും എന്നേ ഗള്‍ഫ് നാടുകളെക്കാള്‍ സമൃദ്ധമാവുമായിരുന്നു .

എന്നാല്‍ നല്ല കറവുള്ള ഒരു പ്രവാസികാര്യമന്ത്രാലയപ്പശുവിനെ തീറ്റിപോറ്റാനായി മാത്രം നാം നമ്മുടെ സ്വന്തം മലയാളികളുടെ അടിമത്തവികാരങ്ങളെയും വിചാരങ്ങളെയും ദേശീയമായി പ്രോത്സാഹിപ്പിച്ചും അന്തര്‍ ദേശീയ കമ്പോളങ്ങളില്‍ കച്ചവടം ചെയ്തും ജീവിച്ചു പോരുന്നു .

ഒരു നാടിന്‍റെ പരാജയത്തെയാണ് ഈ പ്രവാസചിന്തകള്‍ കാണിച്ചുതരുന്നത് .”പ്രവാസികള്‍ ഉണ്ടായിക്കൂട“എന്ന്‍ പഠിപ്പിച്ച ചാണക്യന്റെ രാജ്യത്താണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്‌ .ചാണക്യന്റെ ഭരണത്തിന്‍റെ അര്‍ഥശാസ്ത്രം പറയുന്നതിങ്ങനെ ,”മുമ്പുണ്ടായിരുന്നതോ ഇല്ലാത്തതോ ആയ ജനപദത്തെ ;പരദേശത്തുനിന്ന്‍ അപവാഹനം (കൊണ്ടുപോന്നോ)ചെയ്തോ  സ്വദേശത്തുനിന്നു അഭിഷ്യന്ദവമനം (അധികം ജനങ്ങളെ കൊണ്ടുപോയോ) ചെയ്തോ രാജാവ് നിവേശിപ്പിക്കണം “.(അര്‍ത്ഥശാസ്ത്രം ,അധ്യക്ഷപ്രചാരം ,ജനപദനിവേശം) സ്വന്തം രാജ്യത്തെ ജനങ്ങളെ പ്രവാസികളാക്കരുതെന്നും അവരെ സ്വന്തം രാജ്യത്തുതന്നെ സംരക്ഷിച്ചു നിലനിര്‍ത്തണമെന്നുതന്നെയാണ് അര്‍ത്ഥശാസ്ത്രകാരന്റെ ദര്‍ശന വിവക്ഷ .
 
ഇന്ത്യയിലെ ഡല്‍ഹിയിലുള്ള ചാണക്യപുരികളും കൌടില്യ മാര്‍ഗ്ഗുകളും പോലെ ഇവിടെ ബര്‍ദുബായിയില്‍ അല്‍ മക്തൂം വഴികളും തെരുവുകളുമുണ്ട് ,മക്തൂം ഗോത്രവര്‍ഗ്ഗക്കാരായിരുന്നുവത്രേ ഇവിടെ മുഴുവനും പണ്ട് .പഴയ ഗോത്രത്തലവനായ ഷെയ്ക്ക് സയ്യിദ് അല്‍ മക്തൂമിന്റെ വീടും ഗോത്രവര്‍ഗ്ഗത്തിന്റെ പഴയ അടയാളങ്ങളും ഇവിടുത്തെ ചരിത്രമ്യുസിയത്തില്‍ സംരക്ഷിക്കപ്പെട്ടുപോരുന്നു .

അല്‍ ഖലീജ് സെന്‍റര്‍ സ്ഥിതിചെയ്യുന്നത് അത്തരമൊരു  അല്‍ മക്തൂം തെരുവിലാണ് .ഇവിടെത്തന്നെയാണ് അല്‍ ഫഹീദി മെട്രോ റെയില്‍വേ സ്റ്റേഷന്‍ .ദുബായ് മുഴുവന്‍ കാണിച്ചുതരാന്‍ മാത്രം വികസിപ്പിച്ചെടുത്തിട്ടുണ്ട് ഇവിടുത്തെ മെട്രോ റെയില്‍  സംവിധാനം .

മെട്രോ റെയില്‍ സാധാരണക്കാരുടെ സഞ്ചാരപാതയാണ് .കൂടുതലും മലയാളികളുടെ ,തൊഴിലാളികളുടെ ,വിനോദ സഞ്ചാരികളുടെ ചെലവുകുറഞ്ഞ യാത്രാപഥമാണ് മെട്രോ റെയില്‍ .പച്ചയും ചുവപ്പും വരകളില്‍ (Green and Red Lines )ഇവിടുത്തെ മെട്രോ റെയില്‍ നമുക്ക് ദുബായ് മുഴുവനും കാണിച്ചുതരുന്നു .എത്തിസലാട്ട് മുതല്‍ ക്രീക്ക് വരെ പച്ചവരയിലൂടെയും രാഷദിയ മുതല്‍ ജബ് ലാലി വരെ ചുവന്ന വരകളിലൂടെയും നമുക്ക് യാത്ര ചെയ്ത് ദുബായ് കാണാം .എന്നാല്‍ മെട്രോ റെയില്‍ സ്റ്റേഷനുകളെല്ലാം കോടീശ്വരന്മാര്‍ക്കുള്ളതാണ് .ബുര്‍ജുമാന്‍ ,ദേര സിറ്റി സെന്റര്‍ ,ഫിനാന്‍ഷ്യല്‍ സെന്‍റര്‍ ,ദുബായ് മാള്‍ ,പാം ജുമേര ,ബുര്‍ജ് ഖലീഫ ...വിദേശനാണ്യം വിതയ്ക്കുന്ന ,കായ്ക്കുന്ന ,കൊയ്യുന്ന സ്വര്‍ഗ്ഗഭൂമികളാണ് ഇവിടം .പാവങ്ങള്‍ വേലയെടുക്കുന്ന ഇടങ്ങളും .എങ്കിലും ഇതൊക്കെത്തന്നെ അനുഭവിക്കുന്നവരും ആസ്വദിക്കുന്നവരും കോടീശ്വരന്മാര്‍ തന്നെ.
 
എന്നിരുന്നാലും മെട്രോ റെയില്‍ സുഖപ്രദമാണ് .സൌകര്യപ്രദമാണ് .ഇനി നീലയും വയലറ്റും (Blue and Violet)നിറങ്ങളില്‍ പുതിയ മേട്രോകള്‍ വരാനിരിക്കുന്നു .പക്ഷെ കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍ നീലയും വയലറ്റും പുറത്തുവരില്ലെന്ന് ഇവിടുത്തെ സാധാരണക്കാര്‍ പറയുന്നു .ഇതൊക്കെ വേണ്ടതും അവര്‍ക്കാണല്ലോ .നമ്മുടെ കൊച്ചുകേരളത്തിന്റെ ശ്രീധരേട്ടന്റെ മെട്രോ റയില്‍ ഇതുപോലെ നീലയും വയലറ്റും പോലെയാവുമോ ?

ഡോ .സി.ടി.വില്യം
തുടരും

Tuesday, March 26, 2013

സ്വർഗ്ഗീയനരകം -6


ആറ്
പ്രവാസികളുടെ അസ്തിത്വവാദം .

റാസല്‍ഖൈമയിലെ വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രം മതിയായിരുന്നു എനിക്ക് ഗള്‍ഫിനെ അടുത്തനുഭവിക്കാന്‍ .അത്രയ്ക്ക് അനുഭവോഷ്മളമായിരുന്നു എന്‍റെ റാസല്‍ ഖൈമ ദിനങ്ങള്‍ .

ഡോ.അരവിന്ദാക്ഷന്‍റെ മൂന്ന് പതിറ്റാണ്ടിന്റെ അനുവ സമ്പത്തും ഡോക്ടറെ ചുറ്റിപ്പറ്റി ജീവിച്ചുപോരുന്ന ജയചന്ദ്രനും .ജയകൃഷ്ണനും .മാത്യൂസും കുടുംബവും ,പിന്നെ ഡോക്ടറെ ഒരു കച്ചവടച്ചരക്കാക്കി ധനമിടപാട് മാര്‍ക്കെറ്റിംഗ് നടത്തുന്ന എന്റെ കുന്നംകുളം സഹയാത്രികനും ഗള്‍ഫിന്റെ അടര്‍ത്തി മാറ്റാനാവാത്ത തൊട്ടാല്‍ പൊള്ളുന്ന അനുഭവക്കാഴ്ച്ചകളായിരുന്നു .

ഇവരാരും തന്നെ സന്തുഷ്ടരായിരുന്നില്ല .എന്നാല്‍ ഇവരൊക്കെ സന്തുഷ്ടരാണെന്ന് തോന്നിപ്പിക്കും വിധം ഗള്‍ഫില്‍ അവതരിപ്പിക്ക പ്പെട്ടുപോന്നിരുന്നു .ഈയൊരു മായയാണ് ഗള്‍ഫിനെ ഒരുതരത്തില്‍അവര്‍ക്കൊരു മരുപ്പച്ചയാക്കുന്നതും നമുക്കൊരു മറുപച്ചയാക്കുന്നതും .

ഇവരെല്ലാവരും ഈ ദിവസങ്ങളില്‍ അറിഞ്ഞോ അറിയാതെയോ അവരുടെ ദുഖങ്ങളും ,പ്രാരാബ്ദങ്ങളും ,പരിദേവനങ്ങളും എന്നോട് പങ്കുവച്ചിരുന്നു .ജീവിതത്തിന്‍റെ മരുപ്പച്ച തേടിവന്ന ഇവരില്‍ പലരും അവരുടെ ജീവിതത്തിന്‍റെ പച്ചപ്പ്‌ തന്നെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു .ഉണ്ടോ എന്നു ചോദിച്ചാല്‍ എല്ലാം ഉണ്ട് ,ഇല്ലേ എന്നു ചോദിച്ചാല്‍ ഒന്നും ഇല്ല എന്നൊരു ദുര്‍ഘടാവസ്ഥയിലായിരുന്നു ഈ പണക്കാരായ പാവങ്ങള്‍ .
 
നമ്മുടെ നാട്ടിലെ ഭൌതിക സാഹചര്യങ്ങളുടെ അളവുകോല്‍ വച്ചു കേരളത്തിന്‍റെ കണ്ണുകള്‍കൊണ്ട് നോക്കുമ്പോള്‍ അവര്‍ ഭൌതികതയുടെ സ്വര്‍ഗ്ഗങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നു .ഈയൊരു കാഴ്ചപ്പാടിനെ അവര്‍ തിരുത്താറില്ല .മൂന്നാം മുറ പ്രയോഗിച്ച് നിരപരാധിയെ കൊണ്ട് പോലീസ് കുറ്റം സമ്മതിപ്പിക്കുന്നതുപോലെ കേരളത്തിന്‍റെ ഈ മൂന്നാം കണ്ണുകള്‍ക്ക്‌ മുന്നില്‍ അവര്‍ അവരവരുടെ സ്വര്‍ഗ്ഗങ്ങളെ സ്വന്തം ചുമലില്‍ താങ്ങിനില്‍ക്കുന്നു ,ദുര്‍ബലനായ ഹെര്‍ക്യുലസിനെപോലെ .ഗള്‍ഫ് സ്വര്‍ഗ്ഗമാവുന്നതും ഗള്‍ഫ് മലയാളികള്‍ സ്വര്‍ഗ്ഗവാസികളാവുന്നതും ഇങ്ങനെ .

കേരളത്തിന്റെയും ഇന്ത്യയുടെയും ഗൌരവപൂര്‍ണമായ ഒട്ടേറെ പ്രശ്നങ്ങളെ പഠിച്ചും അതിനോട് പ്രതികരിച്ചും ശീലമുണ്ട് എനിക്ക് .എന്നാല്‍ പ്രവാസലോകവും പ്രവാസികളും എന്‍റെ സാമൂഹ്യ പാഠങ്ങളില്‍ നിന്ന് അകന്നുനിന്നിരുന്നു .പക്ഷെ ഇവിടെ ചെലവഴിച്ച ഏതാനും ദിവസങ്ങള്‍ ,കണ്ടുമുട്ടിയ ഏതാനും കഥാപാത്രങ്ങള്‍ ,ഏതാനും അനുഭവങ്ങള്‍ എന്നെ പ്രവാസലോകത്തോടും പ്രവാസികളോടും ഏറെ അടുപ്പിച്ചിരിക്കുന്നു.

എന്നിരുന്നാലും പ്രവാസലോകം മുഴുവന്‍ അനുഭവിച്ചറിഞ്ഞു എന്ന്‍ അഹങ്കരിക്കാനും വയ്യ .എന്‍റെ കണ്ണുകള്‍ എനിക്ക് കാണിച്ചുതന്നതും ,എന്‍റെ ചുണ്ടുകള്‍ എന്നോട് പറഞ്ഞതും .എന്‍റെ മനസ്സ് ഉറപ്പിച്ചെടുത്തതുമായുള്ള കുറെ യാഥാര്‍ത്ഥ്യങ്ങളുണ്ട്‌ .ആ യാഥാര്‍ത്ഥ്യങ്ങളില്‍ തെളിഞ്ഞുവരുന്ന ഒരു പ്രവാസലോകമുണ്ട് .നിങ്ങള്‍ക്ക് സമ്മതിക്കാനും സമ്മതിക്കാതിരിക്കാനും പ്രയാസമുള്ള ഒരു പ്രവാസലോകമാണത് .അവിടെയിരുന്നുകൊണ്ടാണ് ഞാന്‍ ഇതെഴുതുന്നത് .

കണ്ണീര്‍ ഗ്രന്ഥികള്‍ വറ്റിവരണ്ടുപോയ കണ്ണുകളില്‍ പഞ്ചനക്ഷത്ര തിളക്കം സൂക്ഷിക്കാന്‍ ശപിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യമൃഗങ്ങളുണ്ട് ഞാന്‍ കണ്ടെത്തിയ പ്രവാസലോകത്തില്‍ .ഗള്‍ഫിലെ ഈ മൃഗജീവിതത്തെ അതിവൈകാരിതയില്‍ ചാലിച്ചെടുത്ത ആടുജീവിതം എഴുതിയ മലയാളി കഥാകാരന്‍ കാണാതെ പോയതും ഈ പ്രവാസലോകം തന്നെ .ഇന്നത്തെ എഴുത്തുകാരന്‍ നേരിടുന്ന ഒരു പ്രശ്നമാണിത് .അവന്‍ വിത്തെറിയുന്നത് പാട്ടത്തിനെടുത്ത പ്രസാധകന്റെ സ്വകാര്യ ഭൂമികയിലാണ്‌ .അതുകൊണ്ടുതന്നെ വിത്തും കൈക്കോട്ടും പ്രസാധകന്റെതാണ് .ആടുജീവിതത്തില്‍ നിന്ന് പ്രവാസജീവിതത്തി ലേക്കുള്ള ദൂരം ഇങ്ങനെ വന്നതാണ് .എഴുത്തുകാരന്‍ കോര്‍പ്പറേറ്റ് കൃഷിക്കാരനാവുന്നത് ഇങ്ങനെയാണ് .ആടുജീവിതം അങ്ങനെയുണ്ടായ ഒരു ഉല്പന്നമാണ് .പ്രിയപ്പെട്ട കഥാകാരന്‍ ക്ഷമിക്കുക .

റാസല്‍ കൈമയിലെ എന്‍റെ ദിവസങ്ങള്‍ തീരുകയാണ് .ഇനി വീണ്ടും ബര്‍ ദുബായിലെ ഫ്ലാറ്റിലേക്ക് .

പതിവുപോലെ ഗള്‍ഫിലെ എന്‍റെ സാരഥി അഷറഫ് കാറുമായെത്തി .അഷറഫ് പതിവുപോലെ ഏറനാടന്‍ രുചിഭേദങ്ങളോടെ കഥകളുടെ ചുരുള്‍ നിവര്‍ത്തിക്കൊണ്ടേയിരുന്നു .ആദ്യമൊക്കെ എന്നെ രസിപ്പിച്ച അഷറഫ് കഥകളുടെ ചാരുത കുറഞ്ഞുകുറഞ്ഞു വന്നു .എങ്കിലും സ്വതസിദ്ധമായ ഒരു ഡ്രൈവറുടെ വഴിവഴക്കത്തോടെ അഷറഫ് എനിക്ക് ദുബായിലെ വഴികളും ചുഴികളും പറഞ്ഞുതന്നുകൊണ്ടിരുന്നു .

മറുനാടന്‍ സഞ്ചാരം എനിക്ക് വളരെ ഇഷ്ടമാണ് .കാരണം എനിക്ക് പ്രിയപ്പെട്ട ഇംഗ്ലീഷ് അല്പസ്വല്പം പ്രയോഗിക്കാമല്ലോ .എന്നാല്‍ ഞാന്‍ ഈയിടെ നടത്തിയ രണ്ട് മറുനാടന്‍ സഞ്ചാരങ്ങളും എന്നെ നിരാശനാക്കി .ഒന്ന് ചൈനയാത്രയായിരുന്നു .അവിടെ എനിക്ക് ഒരു ഭാഷയും പ്രയോഗിക്കേണ്ടിവന്നില്ല .കാല്‍കുലെറ്ററുകളുടെ സഹായത്തോടെ അക്കവിനിമയം മാത്രമാണ് എനിക്ക് ഇവിടെ സാധ്യമായത് . ചൈനയില്‍ ആര്‍ക്കും തന്നെ ഇംഗ്ലീഷ് അറിയില്ലായിരുന്നു .

 ഇപ്പോള്‍ ഗള്‍ഫിലെ സ്ഥിതി മറ്റൊന്നായിരുന്നു .ഇവിടെ നാം കണ്ടുമുട്ടുന്ന പത്തുപേരില്‍ ഒമ്പതുപേരും ഇന്ത്യക്കാരാണ് .അതില്‍ത്തന്നെ ഏഴുപേരും മലയാളികളാണ് .അതുകൊണ്ടുതന്നെ ഇംഗ്ലീഷ് ഇവിടെ ഒരു അവശ്യ ഭാഷയല്ല .മലയാളവും ഹിന്ദിയും മാത്രം മതി ആശയവിനിമയത്തിന് .അറബികള്‍ക്കും ഹിന്ദി മതിയാവും .

ഇവിടെ നാം ഇംഗ്ലീഷോ ഹിന്ദിയോ പറഞ്ഞുതുടങ്ങുമ്പോഴേക്കും മലയാളം പുറത്തുചാടും ,”മലയാളിയാണല്ലേ .നാട്ടില്‍ എവിടുന്നാ ?”ഗള്‍ഫില്‍ നാം ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന മലയാളം ഇതാണ് .ഇതില്‍ കൂടുതല്‍ മലയാളം പുറത്തുവരില്ല .ഇതിനപ്പുറം ഇവിടെ മലയാളം വികസിക്കാറില്ല .കാരണങ്ങള്‍ പലതാണ് .ആശയവിനിമയത്തിനൊന്നും കാര്യമായ സമയം ഇല്ല എന്നതുതന്നെ പ്രധാന കാരണം .അവരില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഒരുതരം സ്വകാര്യതയാണ്‌ മറ്റൊരു കാരണം .ആരും അവരെ അടുത്തറിയരൂത് . അവരുടെ അവസ്ഥയും ആരും അറിയരുത് .കേരളം കാണരുതാത്ത ഒരു സ്വകാര്യ വ്യക്തിത്വം അവര്‍ എപ്പോഴും സൂക്ഷിക്കുന്നു .ഈയൊരു സ്വകാര്യ വ്യക്തിത്വം സംരക്ഷിക്കാനായി പ്രവാസികള്‍ എല്ലാവരും ഒരു കൂട്ടുത്തര വാദിത്വത്തോടെ നുണകള്‍  പറയുന്നു .പ്രവാസികളുടെ സ്വയം നിര്‍മ്മിതമായ അസ്തിത്വവാദം ഇതാണ് .

ഡോ .സി.ടി.വില്യം
തുടരും

Thursday, March 21, 2013

സ്വർഗ്ഗീയനരകം -5


റാസല്‍ഖൈമയിലെ ക്രിസ്തുമസ്സും പാവങ്ങളുടെ ഡോക്ടറും  .


റാസല്‍ കൈമയില്‍ ഞാന്‍ താമസിച്ചിരുന്നത് ഒരു ഡോക്ടറുടെ ഫ്ലാറ്റിലായിരുന്നു .ഡോ .അരവിന്ദാക്ഷന്‍ .വയസ്സ് ഏതാണ്ട് എഴുപതിനോട് അടുത്തുകാണണം .ഡോക്ടര്‍ തിരുവനന്തപുരത്തുകാരനാണ് .ആലപ്പുഴ യിലും കുടുംബവേരുകളുണ്ട് . മലയാളത്തിന്‍റെ കഥാകാരന്‍ തകഴിയുടെ ബന്ധുവാണ് . മലയാളത്തിന്‍റെ നല്ല സിനിമ പ്രതിഭ സന്തോഷ്‌ ശിവനും ബന്ധുവാണ് .ഇതിലൊക്കെ അഭിമാനം കൊള്ളുന്ന ഡോക്ടര്‍ ,നല്ലൊരു ഗായകനുമാണ് .നല്ലൊരു മനുഷ്യസ്നേഹിയും .


റാസല്‍ കൈമയില്‍ വന്നിട്ട് മൂന്ന്‍ പതിറ്റാണ്ട് കഴിഞ്ഞു . ഗള്‍ഫിലുള്ള ഏതാണ്ട് മലയാളികള്‍ക്കൊക്കെ ഡോക്ടറെ അറിയാം .ഗള്‍ഫിന്റെ സാമ്പത്തികശാസ്ത്രം കേടുവരുത്താത്ത ഒരു ഡോക്ടറാണ് ഡോ .അരവിന്ദാക്ഷന്‍ . ഒരു ചെറിയ ക്ലിനിക്കും ഫാര്‍മസിയുമുണ്ട് . കൂടുതലും പാവങ്ങളാണ് ഇവിടെ ചികിത്സക്കായ് എത്തുന്നത് .കൂടുതലും നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ .ഗള്‍ഫിലെ ഏറ്റവും കുറഞ്ഞ ഫീസ്‌ വാങ്ങുന്ന ഡോക്ടര്‍ .പാവങ്ങളുടെ ഡോക്ടര്‍ .ആവശ്യമില്ലാതെ മരുന്നെഴുതി രോഗിയെ കൊല്ലില്ല .ചിലപ്പോഴൊക്കെ ഉപദേശം കൊണ്ടും ചികിത്സിക്കും .ഗള്‍ഫ് പൊങ്ങച്ചമില്ലാത്തതുകൊണ്ട് പൊങ്ങച്ചക്കാരായ രോഗികളും വരാറില്ല .അതുകൊണ്ടൊക്കെത്തന്നെ കോടികളുണ്ടാക്കിയില്ല .വിലകൂടിയ കാറില്ല .ബംഗ്ലാവില്ല .എന്നാല്‍ ഡോക്ടറെ പറ്റിക്കുന്നവര്‍ കുറവല്ല .മരുന്നു കമ്പനിക്കാര്‍ മുതല്‍ കേരളത്തില്‍നിന്നുള്ള കുറിക്കമ്പനിക്കാര്‍ വരെ . 

ഡോക്ടറുടെ തണല്‍പറ്റി ഗള്‍ഫില്‍ വന്ന ബന്ധുക്കളും സുഹൃത്തുക്കളും കോടീശ്വരന്മാരായി .വില കൂടിയ കാറുകളും ബംഗ്ലാവുകളും സ്വന്തമാക്കി .അവര്‍ക്കൊക്കെ ഡോക്ടറോട് പുച്ഛം . അതൊന്നും വക വയ്ക്കാതെ ഡോ .അരവിന്ദാക്ഷന്‍ തന്റെ ആതുരസേവനം തുടരുന്നു .ഡോക്ടറോളം പഴക്കമുള്ള പാത്ത് ഫൈണ്ടര്‍ കാറില്‍ .

വ്യാവസായിക രാജ്യമായതുകൊണ്ടും കൂടുതലും സിമെന്റ് സിറാമിക് വ്യവസായങ്ങളായതുകൊണ്ടും ഇവിടെ കൂടുതലും പൊടിപടലങ്ങളുടെ അലര്‍ജി മൂലമുണ്ടാവുന്ന ആസ്ത്മ രോഗമാണ് .


ഗള്‍ഫില്‍ മരുന്നിന് വിലക്കൂടുതലും ഡോക്ടര്‍ക്ക് വിലക്കുറവുമാണ് . ആശുപത്രിയും ചികിത്സയും ഇവിടെ ആഡംബരമാണ് .സാധാരണ പനിക്കും തലവേദനക്കും അപ്പുറം ഇവിടെ രോഗം വികസിച്ചാല്‍ സ്വന്തം നാട്ടിലേക്ക് ടിക്കെറ്റ് എടുക്കുകയാണ് പതിവ് . 
 

രോഗികളില്ലാത്ത ഒരു രാജ്യം സൃഷ്ടിക്കാന്‍ ഭരണകൂടത്തിന്റെ ഒരു അടവുനയമാണോ ഇതെന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു .അല്ലെങ്കില്‍ രാഷ്ട്ര നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്ന സ്വന്തം പ്രജകളുടെ ആരോഗ്യസുരക്ഷക്ക് കടുത്ത സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നത് ഒരു പ്രജാക്ഷേമ ഭരണകൂടത്തിന് ചേര്‍ന്നതാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു .എന്നാല്‍ പണ്ട് സ്വന്തം പ്രജകളുടെ ആരോഗ്യ സുരക്ഷ സൌജന്യമായി ഏറ്റെടുത്ത രാജ്യമായിരുന്നു അറേബ്യ എന്ന സത്യവും ഇവിടെ ഓര്‍ക്കേണ്ടതുണ്ട് .പുതിയ അറേബ്യയുടെ പണക്കൊതി മൂലമാണ് ഇത്തരം പ്രജാക്ഷേമാപരമായ പദ്ധതികള്‍ ഭരണകൂടം ഉപേക്ഷിച്ചു തുടങ്ങിയത് .



ഡോക്ടര്‍ അരവിന്ദാക്ഷന്‍റെ ഫ്ലാറ്റില്‍ വച്ചായിരുന്നു ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ .ക്രിസ്തുമസ്സ് കേക്ക് മുറിച്ചും  കരോള്‍ഗാനങ്ങള്‍ ആലപിച്ചും ക്രിസ്തുമസ്സ് ആഘോഷിക്കണമെന്ന് ഡോക്ടര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു .ക്രിസ്തുമസ്സ് കരോള്‍ ഗാനങ്ങള്‍ക്കായ് ഗള്‍ഫിലെ പുസ്തകശാലകള്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല . അവസാനം ഡോക്ടര്‍ ഒരു രാത്രി മുഴുവന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞുപിടിക്കുകയായിരുന്നു ക്രിസ്തുമസ്സ് കരോള്‍ ഗാനങ്ങള്‍ . പിന്നെ പുലരും വരെ റിഹേര്‍സല്‍ .


അങ്ങനെ ക്രിസ്തുമസ്സ് നാള്‍ കേക്ക് മുറിച്ചു പരസ്പരം പങ്കുവച്ചു . ഡോക്ടറുടെ ഹോം തിയറ്റര്‍ സജീവമായി . സുഹ്രത്ത് മാത്യുവും കുടുംബവും പങ്കുചേര്‍ന്നു . മാത്യുവിന്‍റെ മകള്‍ കീബോഡ് വായിച്ചു .ഡോക്ടറും ഞങ്ങളും ആവോളം ഒരുപാട് കരോള്‍ ഗാനങ്ങളും ചലച്ചിത്ര ഗാനങ്ങളും പാടി .ആ ക്രിസ്തുമസ്സ് രാവില്‍ ആകാശത്തുനിന്ന് നക്ഷത്രങ്ങള്‍ ഡോക്ടറുടെ ഫ്ലാറ്റിലേക്ക് ഇറങ്ങിവന്നതുപോലെ തോന്നി . ഒരു ഉണ്ണിയേശുവിന്‍റെ പാല്‍ചിരി നുകര്‍ന്നതുപോലെ .ഡോക്ടറുടെ ഫ്ലാറ്റ് ജറുസലേമിലെ പരിശുദ്ധമായ ഉണ്ണിയേശുവിന്‍റെ ഭവനമാവുകയായിരുന്നോ .

ഡോ .സി.ടി.വില്യം 
തുടരും 

Friday, March 15, 2013

സ്വര്‍ഗ്ഗീയനരകം - 4 (അവസാന ഭാഗം)

പ്രലോഭനങ്ങളുടെ ഡിസംബറും 
ഗള്‍ഫിലെ സുഖവെള്ളിയാഴ്ചയും  .

പുറത്തെ തണുപ്പും കാറിനകത്തെ തണുപ്പും കൂടിക്കലരുമ്പോള്‍ തണുപ്പിന്‍റെ പ്രകൃത്യാലുള്ള സുഖം നഷ്ടപ്പെടുന്നുണ്ട് .തണുപ്പിനെയും മദ്യപാനത്തെയും പറ്റി നേരത്തെ സൂചിപ്പിച്ചതുകൊണ്ട് പറയുകയാണ്‌ .മദ്യപാനത്തിന്റെ സ്വതന്ത്രമായ സാധ്യത ഗള്‍ഫില്‍ വളരെ കുറവാണ് .പാത്തും പതുങ്ങിയുമുള്ള വെള്ളിയാഴ്ചക്കുടിയാണ് കൂടുതലും .ചിലതൊക്കെ ഭയത്തോടുകൂടി ആസ്വദിക്കുമ്പോള്‍ സുഖമുണ്ടെങ്കിലും മദ്യപാനം നിര്‍ഭയമായി ആസ്വദിക്കേണ്ട ഒന്നാണെന്ന വിശ്വാസമാണ് എനിക്കുള്ളത്  . അത് പലപ്പോഴും ഗള്‍ഫില്‍ സാധ്യമല്ല .


ഇവിടെ എല്ലാ സുഖങ്ങള്‍ക്കും കൂടി ഒരു ദിവസമേ ഉള്ളൂ .പരിശുദ്ധ വെള്ളിയാഴ്ച്ച .വ്യാഴാഴ്ച്ചയുടെ വാലുപിടിച്ച് ശനിയാഴ്ചയുടെ തല വരെ നീളുന്ന സുഖോഷ്മള കാലം .ദുഃഖവെള്ളിയാഴ്ച്ചയല്ലാത്ത ഒരു വെള്ളിയാഴ്ച, ഭൂമിയില്‍ ഗള്‍ഫില്‍ മാത്രമേ ഉള്ളൂ .ഇവിടെ ദുഃഖവെള്ളിയാഴ്ചയില്ല .സുഖവെള്ളിയാഴ്ച മാത്രം . ഒരുപക്ഷെ ഈ സുഖവെള്ളിയാഴ്ച്ചക്ക് വേണ്ടിയാണ് പ്രവാസികള്‍ ജീവിക്കുന്നതുതന്നെ .ഈ സുഖവെള്ളിയാഴ്ച ഒഴിച്ചുള്ള എല്ലാ ആഴ്ചകളുടെയും സ്വതന്ത്രമായ സുഖം നഷ്ടപ്പെട്ടവരാണ് പ്രവാസികള്‍ .


എന്‍റെ താല്പര്യം കണക്കിലെടുത്താവണം അഷറഫ് ഒരിടത്ത് വണ്ടി നിര്‍ത്തി .നല്ല ഡ്രൈവറുടെ ലക്ഷണവും അതാണല്ലോ .അഷറഫ് ഒരു നല്ല ഡ്രൈവറാണ് .അടഞ്ഞുകിടന്ന ഒരു കെട്ടിടത്തിനരികെയാണ് കാര്‍ നിര്‍ത്തിയത് .അത് റാസല്‍ കൈമയിലെ കസ്റ്റംസ് ആപ്പീസാണ് .അപ്പീസിനുമുന്നില്‍ അറബിനാടിന്റെ പതാകകള്‍ പാറിപ്പറന്നിരുന്നു. ആപ്പീസ് തുറക്കാന്‍ അല്പം സമയം കൂടി കഴിയണം . അതായിരിക്കണം ആളുകള്‍ അവിടെ കാത്തുനില്പുണ്ടായിരുന്നു .
ഡിസംബര്‍ രണ്ടിനായിരുന്നു അറേബ്യന്‍ ഐക്യനാടുകളുടെ സ്വാതന്ത്ര്യദിനം .അതുകൊണ്ടുതന്നെ പലേടത്തും ഇനിയും അഴിച്ചുമാറ്റാത്ത കൊടിതോരണങ്ങള്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളെ ഓര്‍മപ്പെടുത്തുന്നുണ്ടായിരുന്നു . എന്നാല്‍ ഈ ആപ്പീസിലെ പതാകകള്‍ ഇവിടെ സ്ഥിരമായി നാട്ടിയതായിരിക്കണം .

അഷറഫ് പറഞ്ഞതുപോലെത്തന്നെ കൃത്യസമയത്ത് ആപ്പീസ് തുറന്നു . അപ്പോഴേക്കും ആളുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരുന്നു . വിദേശികളൊക്കെ ഉണ്ടായിരുന്നെങ്കിലും കൂടുതലും മലയാളികള്‍ തന്നെ . ഇവിടെ നിന്നാണത്രേ ഗള്‍ഫിലേക്കുള്ള മുഴുവന്‍ മദ്യവും സര്‍ക്കാര്‍ വിലയില്‍ ലഭിക്കുക .മലയാളികളുടെ സാന്നിധ്യത്തിന്റെ പൊരുള്‍ അതായിരുന്നു .


മദ്യം നക്ഷത്രങ്ങളെപോലെ പെയ്തിറങ്ങിയ ഒരാകാശം പോലെ അവിടം കാണപ്പെട്ടു .എന്‍റെ ജീവിതത്തില്‍ ഇത്രയേറെ വൈവിധ്യമാര്‍ന്ന മദ്യം പ്രദര്‍ശിപ്പിക്കപ്പെട്ട ഒരു പ്രദര്‍ശനശാല കണ്ടിട്ടില്ല .ചെറിയ അത്തര്‍ കുപ്പിയുടെ വലുപ്പം മുതല്‍ കൂറ്റന്‍ നന്നങ്ങാടിയുടെ വലുപ്പത്തിലുള്ള മദ്യക്കുപ്പികള്‍ അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു .


അത്ഭുതകരമെന്ന് പറയട്ടെ ,മദ്യത്തിന്റെ ഈ ഏദന്‍ തോട്ടത്തില്‍ എന്നെ സ്വാഗതം ചെയ്തത് എന്‍റെ തന്നെ പേരിലുള്ള മദ്യമായിരുന്നു .വില്യം ലോസണ്‍ .ചെറുതും വലുതുമായ ഹരിത സ്ഫടികങ്ങളില്‍ ഞാനവിടെ നിറയ്ക്കപ്പെട്ടിരുന്നു .ലഹരിയുടെ ലേപനം കൊണ്ട് മാമോദീസ മുങ്ങിയ ഞാന്‍ അവിടെ അലങ്കരിക്കപ്പെട്ട കറങ്ങുന്ന പൂക്കാവടി പോലെ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു .ജീവിതത്തില്‍ ആദ്യമായി ഞാനെന്ന ലഹരിയെ ഞാന്‍ പണം കൊടുത്തുവാങ്ങി .


ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ട വേറെയും മദ്യങ്ങള്‍ എന്നെ അത്ഭുതപരതന്ത്രനാക്കിയിരുന്നു .പാമ്പിന്റെ പടമുള്ള മദ്യം .ആമയുടെ പടമുള്ള മദ്യം .പരിശുദ്ധ മറിയത്തിന്‍റെയും ഉണ്ണിയേശുവിന്റേയും പടമുള്ള  മദ്യം .അവയൊക്കെ തന്നെ വിലക്കുറവിലും സൌജന്യങ്ങളിലും വില്ക്കപ്പെട്ടിരുന്നു .ഒരായിരം കാമദേവതകളെ പോലെ ഈ മാദക ചഷകങ്ങള്‍ എനിക്ക് ഡിസംബറിന്റെ പ്രലോഭനങ്ങളായി .
{മദ്യപാനം ആരോഗ്യത്തിന്  ഹാനികരം} 

തുടരും
ഡോ .സി.ടി.വില്യം

Friday, March 8, 2013

സ്വര്‍ഗ്ഗീയനരകം - 4 (തുടരുന്നു )



പ്രലോഭനങ്ങളുടെ ഡിസംബറും 
ഗള്‍ഫിലെ സുഖവെള്ളിയാഴ്ചയും  .
 
ഷറഫ് സംസാരിച്ചുകൊണ്ടെയിരിക്കുന്നു .നിയന്ത്രണം നഷ്ടപ്പെട്ട ഒരു സംസാരയന്ത്രം പോലെ .സത്യത്തില്‍ അഷറഫിന്റെ അറിവിന്‌ ആഴവും പരപ്പും കുറവായിരുന്നു .എവിടെയൊക്കെയോ തെറ്റിദ്ധരിക്കപ്പെട്ട അറിവായിരുന്നു അഷറഫിന്റെത് .


മലയാളികളടക്കം ഗള്‍ഫിലെ പലരുടെയും അറിവ് അഷറഫിന്റെത് പോലെതന്നെ .ഒന്നും അറിയാനല്ലല്ലോ അവര്‍ ഗള്‍ഫിലെത്തുന്നത് . ധന സമ്പാദനമാണല്ലോ അവരുടെ ജീവിതലക്‌ഷ്യം തന്നെ . ഇനി എന്തെങ്കിലും അറിയണമെന്നുണ്ടെങ്കില്‍ തന്നെ ഭരണകൂടം അവരെ അറിയിക്കുകയുമില്ല .അറിയണമെന്ന നിര്‍ബന്ധം പ്രവാസികള്‍ക്കുമില്ല .ഗള്‍ഫ് ന്യുസും ഖലീജ് ടൈംസും ആണ് ഇവിടുത്തെ പ്രധാന പത്രങ്ങള്‍ .ഞാനിവ രണ്ടും മുടങ്ങാതെ വായിച്ചിരുന്നു .ഭരണകൂടത്തിന്റെ ഒരു വാര്‍ത്താപത്രിക മാത്രമായിരുന്നു ഇവകള്‍ .അതുകൊണ്ടുതന്നെ സ്വതന്ത്രമായ വര്‍ത്തമാന വായന വളരെ കുറയും .ഇവിടെ വര്‍ത്തമാനപത്രം വാങ്ങുന്നവരുടെയും വായിക്കുന്നവരുടെയും  എണ്ണം താരതമ്യേന കുറവാണ് അതിനുള്ള സമയവും അവര്‍ക്കില്ല .സമയം ഇവിടെ പണമാണ് . പണം ഇവിടെ സമയത്തെ നിയന്ത്രിക്കുന്നു .

സമയവും പണവും പ്രവാസികള്‍ക്ക് സുഖാര്‍ഭാടങ്ങളില്‍ കുരുക്കാനുള്ള നിയന്ത്രിത അവശ്യഘടകങ്ങളാണ് .ആഗോള ബ്രാന്റ് വസ്ത്രവിധാനങ്ങള്‍ ,ഭക്ഷണക്രമങ്ങള്‍ ,ആധുനിക സാങ്കേതിക സൌകര്യങ്ങള്‍ എന്നിവകളില്‍ അവരുടെ സമയവും പണവും കുരുങ്ങിക്കിടക്കും .അവരുടെ അറിവും ,സംസ്കാരവും ,പരിഷ്കാരവും നിര്‍ണയിക്കപ്പെടുന്നതിവിടെയാണ് .ഈ നിര്‍ണയബോധം വച്ചുകൊണ്ടാണ് അവര്‍ എല്ലാം അളക്കുന്നത് .ആസ്വദിക്കുന്നത് .വിമര്‍ശിക്കുന്നത് .പുച്ചിക്കുന്നത്‌ .


പ്രവാസികളുടെ കുട്ടികള്‍ ഇംഗ്ലീഷ് പറയുന്നു .പ്രവാസികളും .കേരളത്തിന്റെ ശരാശരി നിലവാരത്തില്‍നിന്ന്‍ ഗള്‍ഫില്‍ എത്തുന്നവരാണ് ഭൂരിഭാഗവും .മറ്റൊരര്‍ത്ഥത്തില്‍ കേരളം പോലുള്ള ഉയര്‍ന്ന ധിഷണാര്‍ജ്ജിത സമൂഹത്തോട് മത്സരത്തില്‍ തോറ്റുപോയവരോ നിര്‍ഭാഗ്യവാന്മാരോ ആയിരിക്കണം ഗള്‍ഫിലെത്തിയവരില്‍ അധികവും . അതുകൊണ്ടുതന്നെ അഹങ്കാരത്തിനും അല്പം ധിക്കാരത്തിനും വകയുണ്ട് .എന്നിരുന്നാലും ഉയര്‍ന്ന നിലവാരമുള്ള കുറഞ്ഞ ചെലവിലെ വിദ്യാഭ്യാസത്തിനായ് അവര്‍ അവരുടെ മക്കളെ പത്താം ക്ലാസിനുശേഷം കേരളത്തില്‍ കൊണ്ടുവന്നു പഠിപ്പിക്കുന്നു .വളരെ കൂടുതല്‍ കാശുള്ളവന്‍ അവിടങ്ങളിലെ വിദേശ സര്‍വ്വകലാശാലകളില്‍ പഠിപ്പിക്കുന്നുണ്ടെങ്കിലും ഒരു പൊങ്ങച്ചത്തിന്റെ ആനുകൂല്യമേ അവര്‍ക്ക് കൊടുക്കേണ്ടതുള്ളൂ .

ഞാന്‍ ഗള്‍ഫില്‍ പരിചയപ്പെട്ട കുറഞ്ഞ വരുമാനക്കാരും വലിയ വരുമാനക്കാരും, ഉയര്‍ന്ന വിദ്യാഭ്യാസത്തിനായ് അവരുടെ കുട്ടികളെ കേരളത്തില്‍ തന്നെ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണ് . കുട്ടികള്‍ സാംസ്കാരികമായി ചീത്തയാവാതിരിക്കാനും കേരളത്തിലെ വിദ്യാഭ്യാസം ഉപകരിക്കുന്നുണ്ട് എന്നും അവര്‍ വിശ്വസിക്കുന്നു .അല്ലറചില്ലറ സാംസ്കാരിക പുഴുക്കേടുകള്‍ കേരളത്തില്‍ ഉണ്ടെങ്കില്‍ പോലും .


അഷറഫിന്റെ യുക്തിഭദ്രമല്ലാത്ത അറിവിനെപറ്റി പറഞ്ഞപ്പോള്‍ ഇങ്ങനെ പറഞ്ഞുപോയതാണ് .പ്രവാസികള്‍ മാപ്പാക്കണം .അഷറഫിന്റെ കാറും വീറും ഒരേ സ്പീഡില്‍ തന്നെ പൊയ്കൊണ്ടിരിക്കുന്നു . 

തുടരും

ഡോ .സി.ടി.വില്യം

Friday, March 1, 2013

സ്വര്‍ഗ്ഗീയനരകം-4


നാല്

പ്രലോഭനങ്ങളുടെ ഡിസംബറും ഗള്‍ഫിലെ സുഖവെള്ളിയാഴ്ചയും  .

ഞാന്‍ ഡിസംബറിലാണ് ഗള്‍ഫില്‍ എത്തുന്നത് .ഡിസംബര്‍ മുതല്‍ ഏതാണ്ട് മാര്‍ച്ച് വരെ ഇവിടെ തണുപ്പുള്ള കാലാവസ്ഥയാണ് .അങ്ങിങ്ങായി മഴയും പെയ്തിരുന്നു .മഴ ഇവിടെ ഒരു അത്ഭുതമാണ് . അതിശയവുമാണ് .


തണുപ്പ് എനിക്ക് ഒരു ഹരമാണ് .പ്രത്യേകിച്ച് ഡിസംബറിന്റെ തണുപ്പിനോട് .എന്നിരുന്നാലും ഗള്‍ഫിലെ തണുപ്പിന് കേരളത്തിലെ തണുപ്പിന്റെ കാല്‍പ്പനിക ഭാവങ്ങളില്ല .ഒരു തണുപ്പ് അത്ര തന്നെ .


ഞാനൊരു ശരാശരിക്ക് താഴെ നില്‍ക്കുന്ന മദ്യപാനിയാണ് .താരതമ്യേന കൂടുതല്‍ മദ്യം കഴിക്കുക ഡിസംബറിലെ തണുപ്പനുഭവിച്ചായിരിക്കും .അതുകൊണ്ടുതന്നെ ഈ തണുപ്പ് എന്നെ മദ്യപ്രലോഭിതനാക്കുന്നുണ്ട് .അറബികള്‍ക്ക് നിഷിദ്ധമാണ്മദ്യവും മറ്റ് ഭോഗവസ്തുക്കളും   എന്നതുകൊണ്ട്‌ ഞാന്‍ എന്‍റെ യാത്രയില്‍ മദ്യംകരുതിയതുമില്ല .സാധാരണ യാത്രയില്‍ അല്പം മദ്യം ഞാന്‍ കരുതാറുണ്ട്‌ .


എന്നാല്‍ ആഗോള സാമ്പത്തികശാസ്ത്രത്തിലധിഷ്ടിതമായ പുതിയ അറബ് സംസ്കാരത്തിന് ഒന്നും നിഷിദ്ധമല്ല എന്ന് ഇവിടെ വന്നപ്പോഴാണ് മനസ്സിലായത്.കാറല്‍ മാര്‍ക്സിന്റെ സാമ്പത്തികശാസ്ത്ര തത്ത്വചിന്ത ശരിയാണെന്നതിന്റെ ശക്തമായ സൂചനകളാണ് ഗള്‍ഫ് പാഠങ്ങള്‍ നമുക്ക് കാണിച്ചുതരുന്നത് .


റാസല്‍ഖൈമയിലെ മരുഭൂയിടങ്ങളില്‍ തണുപ്പ് അനുഭവിക്കാനും ആഘോഷിക്കാനുമായി അറബികള്‍ ചെറുചെറു കൂട്ടങ്ങളായി എത്തുന്നത് കാണാമായിരുന്നു .അവര്‍ അവിടവിടെ താല്‍കാലിക ടെന്റുകള്‍ കെട്ടി സുഖവാസവും, വാഹനങ്ങളില്‍ മരുഭൂസവാരിയും ആസ്വദിക്കുന്നുണ്ട് .റാസല്‍ഖൈമയുടെ അര്‍ത്ഥം തന്നെ ടെന്ടുകളുടെ മുകള്‍ഭാഗം Top of the Tent എന്നാണ് .
 

വഴിയരികുകളില്‍ അവിടവിടെ മഴ പെയ്തെന്ന് ഓര്‍മ്മിപ്പിക്കാന്‍ മാത്രം ചെളിവെള്ളം കെട്ടിക്കിടന്നിരുന്നു .തടാകക്കരയിലെന്നോണം അറബികള്‍ ഈ ചെളിവെള്ളക്കുഴികള്‍ ആസ്വദിക്കുന്നത് കാണാമായിരുന്നു .പൊതുവേ പറഞ്ഞാല്‍ റാസല്‍ ഖൈമയില്‍ അത്രക്ക് തണുപ്പ് അനുഭവപ്പെടാറില്ല . ഡിസംബറിലെ ശരാശരി ഊഷ്മാവ് 16 മുതല്‍ 25 ഡിഗ്രി സെന്റിഗ്രേഡും മറ്റുള്ള മാസങ്ങളില്‍ 30 മുതല്‍ 50 ഡിഗ്രി സെന്റിഗ്രേഡുമാണ് . 


1700 ചതുരശ്ര കിലോ മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന റാസല്‍ഖൈമയുടെ ജനസംഖ്യ  ഏകദേശം മൂന്ന്‍ ലക്ഷമാണ് .1972 ലാണ് റാസല്‍ഖൈമ യു. എ. ഇ. യുടെ (United Arab Emirates ) ഭാഗമാവുന്നത് . എണ്ണ നിക്ഷേപമില്ലാത്ത ഈ രാജ്യം പക്ഷെ യു. എ. ഇ. യുടെ (United Arab Emirates ) വ്യാവസായിക കേന്ദ്രമാണ് . റാസല്‍ഖൈമ (RAK) സിമെന്റും സിറാമിക്കും ലോകോത്തരമാണ് .ഇവ രണ്ടും കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്നതും റാസല്‍ഖൈമ  തന്നെ .


റാസല്‍ഖൈമ യു. എ. ഇ. യുടെ (United Arab Emirates ) ഒരു നിക്ഷേപ സൌഹൃദ രാജ്യമാണ് . നിക്ഷേപകരില്‍ നിന്ന് യാതൊരു തരത്തിലുള്ള തീരുവകളും ഈടാക്കാത്ത ഒരു രാജ്യം .മാത്രമല്ല ഇവിടെ വ്യാവസായിക നിക്ഷേപം നടത്തുന്നവര്‍ക്ക് സ്വത്തുവകകള്‍ പോലും സ്വന്തമാക്കാനുള്ള അവകാശമുള്ള രാജ്യമാണ് റാസല്‍ഖൈമ .കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഗള്‍ഫ് മേഖല മൊത്തം അത്രയ്ക്ക് കടുത്തതല്ലെങ്കിലും സാമ്പത്തിക മാന്ദ്യത്തിന്റെ നീരാളിപ്പിടുത്തത്തില്‍ തന്നെയാണ് . അല്ലറ ചില്ലറ നികുതികളും തീരുവകളും വരുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു .എങ്കിലും ഗള്‍ഫ് ഭരണത്തലവന്മാര്‍ ഇതൊന്നും  സമ്മതിച്ചുതരില്ല .ഗള്‍ഫ് മാധ്യമങ്ങളും .


ഇവിടെ അടിസ്ഥാന സൌകര്യങ്ങളും വികസനപ്രവര്‍ത്തനങ്ങളുമൊക്കെ നടക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി എവിടെയും പ്രകടമാണ് .പുതിയ കെട്ടിടങ്ങളും .പാലങ്ങളും .തുരങ്കങ്ങളും .ഹൈവേകളുമെല്ലാം പുരോഗമിച്ചുവരുന്നുണ്ടെങ്കിലും പല പ്രധാനപ്പെട്ട പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്‌ .നിര്‍മ്മാണ മേഖലയിലെ കരാറുകാര്‍ക്ക് പണം കൊടുക്കുന്നില്ല .ഒന്നര വര്‍ഷത്തിലധികം കഴിഞ്ഞിട്ടും കരാര്‍ സംഖ്യ കിട്ടാത്ത കരാറുകാര്‍ ഉണ്ടിവിടെ .ഇനി കിട്ടിയാല്‍ തന്നെ മുഴുവന്‍ കരാര്‍ സംഖ്യ കാണുകയുമില്ല .

അങ്ങനെയൊക്കെയുള്ള സാഹചര്യങ്ങളില്‍ പൂര്‍ത്തിയായതാണ്  എമിരേറ്റ്സ് ഹൈവേ E 311.ഈ ഹൈവേ വന്നതോടെ 60 മുതല്‍ 80 കിലോ മീറ്റര്‍ ദൂരത്തില്‍ അജ്മാനും ,ഷാര്‍ജയും ,ദുബായിയും റാസല്‍ഖൈമക്ക്  അരികെയായി.

തുടരും

ഡോ .സി. ടി. വില്യം