Friday, March 1, 2013

സ്വര്‍ഗ്ഗീയനരകം-4


നാല്

പ്രലോഭനങ്ങളുടെ ഡിസംബറും ഗള്‍ഫിലെ സുഖവെള്ളിയാഴ്ചയും  .

ഞാന്‍ ഡിസംബറിലാണ് ഗള്‍ഫില്‍ എത്തുന്നത് .ഡിസംബര്‍ മുതല്‍ ഏതാണ്ട് മാര്‍ച്ച് വരെ ഇവിടെ തണുപ്പുള്ള കാലാവസ്ഥയാണ് .അങ്ങിങ്ങായി മഴയും പെയ്തിരുന്നു .മഴ ഇവിടെ ഒരു അത്ഭുതമാണ് . അതിശയവുമാണ് .


തണുപ്പ് എനിക്ക് ഒരു ഹരമാണ് .പ്രത്യേകിച്ച് ഡിസംബറിന്റെ തണുപ്പിനോട് .എന്നിരുന്നാലും ഗള്‍ഫിലെ തണുപ്പിന് കേരളത്തിലെ തണുപ്പിന്റെ കാല്‍പ്പനിക ഭാവങ്ങളില്ല .ഒരു തണുപ്പ് അത്ര തന്നെ .


ഞാനൊരു ശരാശരിക്ക് താഴെ നില്‍ക്കുന്ന മദ്യപാനിയാണ് .താരതമ്യേന കൂടുതല്‍ മദ്യം കഴിക്കുക ഡിസംബറിലെ തണുപ്പനുഭവിച്ചായിരിക്കും .അതുകൊണ്ടുതന്നെ ഈ തണുപ്പ് എന്നെ മദ്യപ്രലോഭിതനാക്കുന്നുണ്ട് .അറബികള്‍ക്ക് നിഷിദ്ധമാണ്മദ്യവും മറ്റ് ഭോഗവസ്തുക്കളും   എന്നതുകൊണ്ട്‌ ഞാന്‍ എന്‍റെ യാത്രയില്‍ മദ്യംകരുതിയതുമില്ല .സാധാരണ യാത്രയില്‍ അല്പം മദ്യം ഞാന്‍ കരുതാറുണ്ട്‌ .


എന്നാല്‍ ആഗോള സാമ്പത്തികശാസ്ത്രത്തിലധിഷ്ടിതമായ പുതിയ അറബ് സംസ്കാരത്തിന് ഒന്നും നിഷിദ്ധമല്ല എന്ന് ഇവിടെ വന്നപ്പോഴാണ് മനസ്സിലായത്.കാറല്‍ മാര്‍ക്സിന്റെ സാമ്പത്തികശാസ്ത്ര തത്ത്വചിന്ത ശരിയാണെന്നതിന്റെ ശക്തമായ സൂചനകളാണ് ഗള്‍ഫ് പാഠങ്ങള്‍ നമുക്ക് കാണിച്ചുതരുന്നത് .


റാസല്‍ഖൈമയിലെ മരുഭൂയിടങ്ങളില്‍ തണുപ്പ് അനുഭവിക്കാനും ആഘോഷിക്കാനുമായി അറബികള്‍ ചെറുചെറു കൂട്ടങ്ങളായി എത്തുന്നത് കാണാമായിരുന്നു .അവര്‍ അവിടവിടെ താല്‍കാലിക ടെന്റുകള്‍ കെട്ടി സുഖവാസവും, വാഹനങ്ങളില്‍ മരുഭൂസവാരിയും ആസ്വദിക്കുന്നുണ്ട് .റാസല്‍ഖൈമയുടെ അര്‍ത്ഥം തന്നെ ടെന്ടുകളുടെ മുകള്‍ഭാഗം Top of the Tent എന്നാണ് .
 

വഴിയരികുകളില്‍ അവിടവിടെ മഴ പെയ്തെന്ന് ഓര്‍മ്മിപ്പിക്കാന്‍ മാത്രം ചെളിവെള്ളം കെട്ടിക്കിടന്നിരുന്നു .തടാകക്കരയിലെന്നോണം അറബികള്‍ ഈ ചെളിവെള്ളക്കുഴികള്‍ ആസ്വദിക്കുന്നത് കാണാമായിരുന്നു .പൊതുവേ പറഞ്ഞാല്‍ റാസല്‍ ഖൈമയില്‍ അത്രക്ക് തണുപ്പ് അനുഭവപ്പെടാറില്ല . ഡിസംബറിലെ ശരാശരി ഊഷ്മാവ് 16 മുതല്‍ 25 ഡിഗ്രി സെന്റിഗ്രേഡും മറ്റുള്ള മാസങ്ങളില്‍ 30 മുതല്‍ 50 ഡിഗ്രി സെന്റിഗ്രേഡുമാണ് . 


1700 ചതുരശ്ര കിലോ മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന റാസല്‍ഖൈമയുടെ ജനസംഖ്യ  ഏകദേശം മൂന്ന്‍ ലക്ഷമാണ് .1972 ലാണ് റാസല്‍ഖൈമ യു. എ. ഇ. യുടെ (United Arab Emirates ) ഭാഗമാവുന്നത് . എണ്ണ നിക്ഷേപമില്ലാത്ത ഈ രാജ്യം പക്ഷെ യു. എ. ഇ. യുടെ (United Arab Emirates ) വ്യാവസായിക കേന്ദ്രമാണ് . റാസല്‍ഖൈമ (RAK) സിമെന്റും സിറാമിക്കും ലോകോത്തരമാണ് .ഇവ രണ്ടും കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്നതും റാസല്‍ഖൈമ  തന്നെ .


റാസല്‍ഖൈമ യു. എ. ഇ. യുടെ (United Arab Emirates ) ഒരു നിക്ഷേപ സൌഹൃദ രാജ്യമാണ് . നിക്ഷേപകരില്‍ നിന്ന് യാതൊരു തരത്തിലുള്ള തീരുവകളും ഈടാക്കാത്ത ഒരു രാജ്യം .മാത്രമല്ല ഇവിടെ വ്യാവസായിക നിക്ഷേപം നടത്തുന്നവര്‍ക്ക് സ്വത്തുവകകള്‍ പോലും സ്വന്തമാക്കാനുള്ള അവകാശമുള്ള രാജ്യമാണ് റാസല്‍ഖൈമ .കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഗള്‍ഫ് മേഖല മൊത്തം അത്രയ്ക്ക് കടുത്തതല്ലെങ്കിലും സാമ്പത്തിക മാന്ദ്യത്തിന്റെ നീരാളിപ്പിടുത്തത്തില്‍ തന്നെയാണ് . അല്ലറ ചില്ലറ നികുതികളും തീരുവകളും വരുന്നതിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു .എങ്കിലും ഗള്‍ഫ് ഭരണത്തലവന്മാര്‍ ഇതൊന്നും  സമ്മതിച്ചുതരില്ല .ഗള്‍ഫ് മാധ്യമങ്ങളും .


ഇവിടെ അടിസ്ഥാന സൌകര്യങ്ങളും വികസനപ്രവര്‍ത്തനങ്ങളുമൊക്കെ നടക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി എവിടെയും പ്രകടമാണ് .പുതിയ കെട്ടിടങ്ങളും .പാലങ്ങളും .തുരങ്കങ്ങളും .ഹൈവേകളുമെല്ലാം പുരോഗമിച്ചുവരുന്നുണ്ടെങ്കിലും പല പ്രധാനപ്പെട്ട പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്‌ .നിര്‍മ്മാണ മേഖലയിലെ കരാറുകാര്‍ക്ക് പണം കൊടുക്കുന്നില്ല .ഒന്നര വര്‍ഷത്തിലധികം കഴിഞ്ഞിട്ടും കരാര്‍ സംഖ്യ കിട്ടാത്ത കരാറുകാര്‍ ഉണ്ടിവിടെ .ഇനി കിട്ടിയാല്‍ തന്നെ മുഴുവന്‍ കരാര്‍ സംഖ്യ കാണുകയുമില്ല .

അങ്ങനെയൊക്കെയുള്ള സാഹചര്യങ്ങളില്‍ പൂര്‍ത്തിയായതാണ്  എമിരേറ്റ്സ് ഹൈവേ E 311.ഈ ഹൈവേ വന്നതോടെ 60 മുതല്‍ 80 കിലോ മീറ്റര്‍ ദൂരത്തില്‍ അജ്മാനും ,ഷാര്‍ജയും ,ദുബായിയും റാസല്‍ഖൈമക്ക്  അരികെയായി.

തുടരും

ഡോ .സി. ടി. വില്യം 

No comments:

Post a Comment