Saturday, March 30, 2013

സ്വർഗ്ഗീയനരകം -7



ഏഴ്
മലയാളികള്‍ വില്‍ക്കപ്പെടുന്നതിവിടെ .

സിഗരറ്റ് ഏതായാലും സിസര്‍ എന്നും .ബീഡി ഏതായാലും കാജാ ബീഡി എന്നും ,മദ്യം ഏതായാലും സ്മാള്‍ എന്നും പൊതുവല്‍ക്കരിക്കപ്പെട്ട നാടാണ് നമ്മുടെ കൊച്ചു കേരളം .അതുപോലെത്തന്നെ അറേബ്യന്‍ നാടുകള്‍ ഏതായാലും ദുബായ് എന്ന കൊച്ചുരാജ്യത്തിലേക്ക് സാമാന്യവല്‍ക്കരിക്കുന്നു നാം മലയാളികള്‍ .ഈയ്യിടെയായി ആണും പെണ്ണും ഇണചേരുന്നത് പീഡനം എന്ന സംജ്ഞയില്‍ ഒതുക്കാനും ശീലിച്ചു നാം .

ഞാനിപ്പോള്‍ ദുബായിലെ ഒരു ഫ്ലാറ്റിലാണ് .കൃത്യമായി പറഞ്ഞാല്‍ അറേബ്യന്‍ കടലിടുക്ക് പകുത്തുവച്ച രണ്ടുപകുതികളില്‍ ബര്‍ ദുബായ് എന്ന പകുതിയില്‍ .മറുപകുതി ദേരയാണ് .ബര്‍ദുബായിലെ ഈ ഫ്ലാറ്റിലാണ് ഞാന്‍ ദുബായിയില്‍ ആദ്യമായ് വന്ന ദിവസം വിശ്രമിച്ചതും ഒരു ചെറുമയക്കം നടത്തിയതും .പിന്നീട് റാസല്‍ഖൈമയിലേക്ക് പോകുകയായിരുന്നു .

ബര്‍ദുബായ് ദുബായിയുടെ പഴമയാണ്‌ .ചിരിത്രമാണ് .പൌരാണികതയുടെ സ്മാരക ശിലാവിഷ്കാരമാണ് ,പഴയ കൊട്ടാരങ്ങളും .ചരിത്ര സ്മാരകങ്ങളും ,രാജകീയ വാണിജ്യ കേന്ദ്രങ്ങളും നിറഞ്ഞ ഒരിടം .എണ്ണപ്പണത്തിന്റെ പച്ചപരിഷ്കാരങ്ങളാല്‍ മാനഭംഗം ചെയ്യപ്പെട്ട ഒരിടം .വേദനിപ്പിക്കുന്ന ചരിത്രാംശങ്ങളും പരിഹാസ്യമാവുന്ന പാശ്ചാത്യ പരിഷ്കാരവും നമ്മെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട് ഇവിടെ .

ബര്‍ദുബായിയുടെ ഈ പ്രദേശം മുഴുവന്‍ മനുഷ്യാധിവാസത്തിന്റെ അംബരചുംബികളായ കെട്ടിട സമുച്ചയങ്ങളാണ് .ഗോള്‍ഡന്‍ സാണ്ട്സ് (Golden Sands)എന്നും സില്‍വര്‍ സാണ്ട്സ് (Silver Sands)എന്നും ഓമനപ്പേരിട്ടുവിളിക്കുന്ന ഈ കെട്ടിടക്കൂട്ടങ്ങള്‍ക്ക് നടുവിലാണ് ഞാന്‍ താമസിക്കുന്നത് .സ്വര്‍ണ മണലും വെള്ളി മണലും ഇണചേര്‍ന്നു രമിക്കുന്ന ഒരിടത്ത് .

ഈ ഫ്ലാറ്റ് സാമാന്യം വലുപ്പമുള്ള ഫ്ലാറ്റാണ് .വിശാലമായ ഒരു അകത്തളവും എല്ലാ സൌകര്യങ്ങളുമുള്ള രണ്ട് കിടപ്പുമുറികളും ആധുനിക സങ്കേതങ്ങളുള്ള ഒരു അടുക്കളയും ഉണ്ട് ഈ ഫ്ലാറ്റിന് .വളരെയധികം വൃത്തിയും വെടിപ്പുമുള്ള ഈ ഫ്ലാറ്റ് ഞാന്‍ ഇനിയും പരിചയപ്പെടാത്ത ജോസ് പാലാട്ടി എന്നഒരാളുടെതാണ് .ഇവിടെ യുനൈറ്റഡ് അറബ് ബാങ്കിലെ ഒരു ഉദ്യോഗസ്ഥനാണ് .എന്‍റെ കുന്നംകുളം സഹയാത്രികന് ഈ ഫ്ലാറ്റിലെ സഹതാമാസത്തിന് അവകാശമുണ്ടത്രേ .അങ്ങനെയാണ് ഞാന്‍ ഈ ഫ്ലാറ്റില്‍ എത്തിപ്പെടുന്നത് .

ജോസ് പലാട്ടി ഇപ്പോള്‍ കേരളത്തിലാണ് .അവധിക്ക് നാട്ടില്‍ പോയതാണ് .പുതിയ വീടിന്‍റെ പാലുകാച്ചലിന് .ഏതൊരു ഗള്‍ഫുകാരന്റെയും ഗള്‍ഫ് അസ്തിത്വത്തിന്റെ പൂര്‍ണത .മിക്കവാറും ഈയൊരു പൂര്‍ണതയില്‍ ഗള്‍ഫ് അയാളെ അവസാനിപ്പിക്കുകയോ അയാള്‍ ഗള്‍ഫിനെ അവസാനിപ്പിക്കു കയോ ആവും ഫലം .ഈയൊരു പൂര്‍ണതയിലെക്കാണോ ജോസ് പാലാട്ടി മടങ്ങിയെത്തുക എന്നറിഞ്ഞുകൂട .

സ്വര്‍ണ മണല്‍ ഫ്ലാറ്റുകളിലേക്കും വെള്ളി മണല്‍ ഫ്ലാറ്റുകളിലേക്കുമുള്ള വഴികളില്‍ ഒട്ടും തിരക്കുണ്ടായിരുന്നില്ല .ഫ്ലാറ്റുകളിലും .സജീവത അവകാശപ്പെടാനാവാത്ത താമസയിടങ്ങളായിരുന്നു അവ .ഒരു കുഞ്ഞിന്‍റെ കരച്ചിലോ ഒരു വൃദ്ധന്‍റെ കുരയോ അവിടങ്ങളില്‍ നിന്ന്‍ കേട്ടിരുന്നില്ല .ഒരു ചിരിയും കളിയും ഇല്ലാത്ത ഒരിടം .ഈ ഫ്ലാറ്റുകളും മരുഭൂമി തന്നെയോ എന്ന്‍ ന്യായമായും നാം സംശയിക്കും ആ നിര്‍ജീവത അനുഭവിക്കുമ്പോള്‍ .

ഈ ഫ്ലാറ്റിറങ്ങി രണ്ട് വളവ് കഴിഞ്ഞാല്‍ റമദ ഹോട്ടല്‍ .പിന്നെ അല്‍ ഖലീജ് സെന്റരാണ് .അവിടെയാണ് സ്വമീസ് പത്തന്‍സ് ഹോട്ടല്‍ .നല്ല ഇഡ്ഡലിയും ,വടയും ,ദോശയും സാമ്പാറും കിട്ടും .നെയ്‌ റോസ്റ്റും മസാലയും ഉച്ചക്ക് ചോറും കിട്ടും .തൃശൂരിലെ ഒല്ലൂക്കാരന്‍ നസ്രാണിയാണ് കാഷ്യര്‍ . ഇയാളുടെ തൃശൂര്‍ കത്തി കേള്‍ക്കാന്‍ മാത്രം പത്തന്‍സില്‍ വരുന്ന മലയാളികള്‍ ഉണ്ട് .മലയാളികള്‍ അത് കേട്ട് മനസ്സും ശരീരവും രോമാഞ്ചമണിയും .

ഇതുപോലെ മലയാളികളുടെ അഞ്ച് ഇന്ദ്രിയങ്ങളെയും വികാരങ്ങളെയും വിചാരങ്ങളെയും ഒരു തരത്തില്‍ പറഞ്ഞാല്‍ ചൂഷണം ചെയ്ത് കാശുണ്ടാക്കുന്ന മലയാളികളുടെ സ്ഥാപനങ്ങള്‍ ഏറെയുണ്ട് ഗള്‍ഫ് നാടുകളില്‍ .അവയില്‍ തട്ടുകടകളുണ്ട് .പഞ്ചനക്ഷത്ര ഹോട്ടലുകളുണ്ട് .സ്ത്രീത്വം വില്‍ക്കുന്ന വിലകുറഞ്ഞ വേശ്യാലയങ്ങളുണ്ട് .സെക്സ് വിഭവസമൃദ്ധമായി വിളമ്പുന്ന പഞ്ചനക്ഷത്ര ക്ലബ്ബുകളുണ്ട് .

ഗള്‍ഫ് മലയാളികള്‍ എന്ന് പറയുന്നതിനേക്കാള്‍ സാര്‍ത്ഥകമാവുക മലയാളി ഗള്‍ഫുകാര്‍ എന്ന് പറയുന്നതാവും .കാരണം ഇവിടെ ഗള്‍ഫ് കുറവും മലയാളി കൂടുതലുമാണ്.

യഥാര്‍ത്ഥത്തില്‍ അറബികള്‍ മലയാളികളെ വാങ്ങുകയല്ല ;മലയാളികള്‍ അറബികള്‍ക്ക് വില്‍ക്കപ്പെടുകയാണ് .”മലയാളികളെ ആവശ്യമുണ്ട്“  എന്ന ഒരു തൊഴില്‍ പരസ്യം നമുക്ക് ഗള്‍ഫില്‍ എവിടുത്തേയും വാര്‍ത്താ മാധ്യമങ്ങളിലൊ പരസ്യമാധ്യമങ്ങളിലോ കാണാനാവില്ല .അങ്ങനെ ഒരു പരസ്യത്തിന്‍റെ ആവശ്യം അറബികള്‍ക്ക് വേണ്ടല്ലോ .അല്ലാതെത്തന്നെ മലയാളികള്‍ അടിമകളെ പോലെ  “ഞങ്ങള്‍ എന്തിനും തയ്യാര്‍ .ഞങ്ങള്‍ക്ക് വിലക്കുറവാണ് .ഞങ്ങളെ ഉപയോഗിക്കൂ“ എന്നൊരു പരസ്യപ്പലക കഴുത്തിലും തൂക്കി ഈ മരുഭൂമികളില്‍ അലഞ്ഞുതിരിയുകയാണല്ലോ .ഇത്തരമൊരു പരസ്യപ്പലക അവര്‍ സ്വന്തം നാട്ടില്‍ പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ ,കേരളവും ഇന്ത്യയും എന്നേ ഗള്‍ഫ് നാടുകളെക്കാള്‍ സമൃദ്ധമാവുമായിരുന്നു .

എന്നാല്‍ നല്ല കറവുള്ള ഒരു പ്രവാസികാര്യമന്ത്രാലയപ്പശുവിനെ തീറ്റിപോറ്റാനായി മാത്രം നാം നമ്മുടെ സ്വന്തം മലയാളികളുടെ അടിമത്തവികാരങ്ങളെയും വിചാരങ്ങളെയും ദേശീയമായി പ്രോത്സാഹിപ്പിച്ചും അന്തര്‍ ദേശീയ കമ്പോളങ്ങളില്‍ കച്ചവടം ചെയ്തും ജീവിച്ചു പോരുന്നു .

ഒരു നാടിന്‍റെ പരാജയത്തെയാണ് ഈ പ്രവാസചിന്തകള്‍ കാണിച്ചുതരുന്നത് .”പ്രവാസികള്‍ ഉണ്ടായിക്കൂട“എന്ന്‍ പഠിപ്പിച്ച ചാണക്യന്റെ രാജ്യത്താണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്‌ .ചാണക്യന്റെ ഭരണത്തിന്‍റെ അര്‍ഥശാസ്ത്രം പറയുന്നതിങ്ങനെ ,”മുമ്പുണ്ടായിരുന്നതോ ഇല്ലാത്തതോ ആയ ജനപദത്തെ ;പരദേശത്തുനിന്ന്‍ അപവാഹനം (കൊണ്ടുപോന്നോ)ചെയ്തോ  സ്വദേശത്തുനിന്നു അഭിഷ്യന്ദവമനം (അധികം ജനങ്ങളെ കൊണ്ടുപോയോ) ചെയ്തോ രാജാവ് നിവേശിപ്പിക്കണം “.(അര്‍ത്ഥശാസ്ത്രം ,അധ്യക്ഷപ്രചാരം ,ജനപദനിവേശം) സ്വന്തം രാജ്യത്തെ ജനങ്ങളെ പ്രവാസികളാക്കരുതെന്നും അവരെ സ്വന്തം രാജ്യത്തുതന്നെ സംരക്ഷിച്ചു നിലനിര്‍ത്തണമെന്നുതന്നെയാണ് അര്‍ത്ഥശാസ്ത്രകാരന്റെ ദര്‍ശന വിവക്ഷ .
 
ഇന്ത്യയിലെ ഡല്‍ഹിയിലുള്ള ചാണക്യപുരികളും കൌടില്യ മാര്‍ഗ്ഗുകളും പോലെ ഇവിടെ ബര്‍ദുബായിയില്‍ അല്‍ മക്തൂം വഴികളും തെരുവുകളുമുണ്ട് ,മക്തൂം ഗോത്രവര്‍ഗ്ഗക്കാരായിരുന്നുവത്രേ ഇവിടെ മുഴുവനും പണ്ട് .പഴയ ഗോത്രത്തലവനായ ഷെയ്ക്ക് സയ്യിദ് അല്‍ മക്തൂമിന്റെ വീടും ഗോത്രവര്‍ഗ്ഗത്തിന്റെ പഴയ അടയാളങ്ങളും ഇവിടുത്തെ ചരിത്രമ്യുസിയത്തില്‍ സംരക്ഷിക്കപ്പെട്ടുപോരുന്നു .

അല്‍ ഖലീജ് സെന്‍റര്‍ സ്ഥിതിചെയ്യുന്നത് അത്തരമൊരു  അല്‍ മക്തൂം തെരുവിലാണ് .ഇവിടെത്തന്നെയാണ് അല്‍ ഫഹീദി മെട്രോ റെയില്‍വേ സ്റ്റേഷന്‍ .ദുബായ് മുഴുവന്‍ കാണിച്ചുതരാന്‍ മാത്രം വികസിപ്പിച്ചെടുത്തിട്ടുണ്ട് ഇവിടുത്തെ മെട്രോ റെയില്‍  സംവിധാനം .

മെട്രോ റെയില്‍ സാധാരണക്കാരുടെ സഞ്ചാരപാതയാണ് .കൂടുതലും മലയാളികളുടെ ,തൊഴിലാളികളുടെ ,വിനോദ സഞ്ചാരികളുടെ ചെലവുകുറഞ്ഞ യാത്രാപഥമാണ് മെട്രോ റെയില്‍ .പച്ചയും ചുവപ്പും വരകളില്‍ (Green and Red Lines )ഇവിടുത്തെ മെട്രോ റെയില്‍ നമുക്ക് ദുബായ് മുഴുവനും കാണിച്ചുതരുന്നു .എത്തിസലാട്ട് മുതല്‍ ക്രീക്ക് വരെ പച്ചവരയിലൂടെയും രാഷദിയ മുതല്‍ ജബ് ലാലി വരെ ചുവന്ന വരകളിലൂടെയും നമുക്ക് യാത്ര ചെയ്ത് ദുബായ് കാണാം .എന്നാല്‍ മെട്രോ റെയില്‍ സ്റ്റേഷനുകളെല്ലാം കോടീശ്വരന്മാര്‍ക്കുള്ളതാണ് .ബുര്‍ജുമാന്‍ ,ദേര സിറ്റി സെന്റര്‍ ,ഫിനാന്‍ഷ്യല്‍ സെന്‍റര്‍ ,ദുബായ് മാള്‍ ,പാം ജുമേര ,ബുര്‍ജ് ഖലീഫ ...വിദേശനാണ്യം വിതയ്ക്കുന്ന ,കായ്ക്കുന്ന ,കൊയ്യുന്ന സ്വര്‍ഗ്ഗഭൂമികളാണ് ഇവിടം .പാവങ്ങള്‍ വേലയെടുക്കുന്ന ഇടങ്ങളും .എങ്കിലും ഇതൊക്കെത്തന്നെ അനുഭവിക്കുന്നവരും ആസ്വദിക്കുന്നവരും കോടീശ്വരന്മാര്‍ തന്നെ.
 
എന്നിരുന്നാലും മെട്രോ റെയില്‍ സുഖപ്രദമാണ് .സൌകര്യപ്രദമാണ് .ഇനി നീലയും വയലറ്റും (Blue and Violet)നിറങ്ങളില്‍ പുതിയ മേട്രോകള്‍ വരാനിരിക്കുന്നു .പക്ഷെ കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍ നീലയും വയലറ്റും പുറത്തുവരില്ലെന്ന് ഇവിടുത്തെ സാധാരണക്കാര്‍ പറയുന്നു .ഇതൊക്കെ വേണ്ടതും അവര്‍ക്കാണല്ലോ .നമ്മുടെ കൊച്ചുകേരളത്തിന്റെ ശ്രീധരേട്ടന്റെ മെട്രോ റയില്‍ ഇതുപോലെ നീലയും വയലറ്റും പോലെയാവുമോ ?

ഡോ .സി.ടി.വില്യം
തുടരും

No comments:

Post a Comment