Wednesday, April 3, 2013

സ്വർഗ്ഗീയനരകം -8


എട്ട്
പ്രവാസികളുടെ ഒരു സങ്കീര്‍ണ്ണ സൗരയുഥം .

തൃശൂരില്‍ നിന്ന് ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ പടിഞ്ഞാറ് സഞ്ചരിച്ചാല്‍ അതിമനോഹരമായ ഒരു ഗ്രാമപ്രദേശമുണ്ട് .മൂന്നുപുറവും ജല സാന്നിധ്യവും ,പച്ചച്ച പാടങ്ങളും ,കായലുകളും കൊണ്ട് ഈ കരഭൂമി വടൂക്കര എന്ന പേരില്‍ അറിയപ്പെടുന്നു .ഭൂമിശാസ്ത്രപരമായി നിര്‍വചിക്കുകയാണെങ്കില്‍ ഈ ഭൂപ്രദേശത്തെ ഒരു ഉപദ്വീപ് എന്ന് വിളിക്കാവുന്നതാണ് .ഇതാണെന്റെ പഴയ ഗ്രാമം .ഇപ്പോഴും എന്റെ തറവാട് അവിടെത്തന്നെയുണ്ട് .എന്നാല്‍ നാഗരികതയുടെ കോണ്ക്രീറ്റ് കാടുകള്‍ കൊണ്ട്  ഉപദ്വീപ് എന്നീ സംജ്ഞകളൊക്കെ നഷ്ടപ്പെട്ടുപോയിരിക്കുന്നു ഇന്ന് ഈ ഗ്രാമത്തിന് .


ഈ ഗ്രാമത്തിന്റെ പടിഞ്ഞാറ് ഭാഗം ചേര്‍ന്ന് വടൂക്കരയെയും അരണാട്ടുകരയെയും ബന്ധിപ്പിക്കുന്ന ഒരു കടവുണ്ട് .അരണാട്ടുകര തരകന്‍ കടവ് എന്നും,  ഞങ്ങള്‍ ഗ്രാമവാസികള്‍ കടവാരം എന്നും വിളിച്ചുപോന്നിരുന്നു ഈ കടവിനെ .


പ്രവാസവഴികളിലെ യാത്രാനുഭവം എഴുതുമ്പോള്‍ എന്തിനാണ് കേരളത്തിലെ അധികം പ്രശസ്തമല്ലാത്ത ഒരു ഗ്രാമം കയറി വരുന്നത് എന്ന ചിന്ത സ്വാഭാവികമായും വായനക്കാര്‍ക്ക് ഉണ്ടാവാം .അത് ന്യായവുമാണ്‌ .


അരണാട്ടുകര തരകന്‍ കടവ് അഥവാ കടവാരം എന്ന ഈ ഭൂമുദ്ര ഒരു പ്രവാസിയുടെ ജന്മം കൊണ്ടും അറിയപ്പെട്ടിരുന്നു .ഭണ്ടാരം ജോര്‍ജ്ജും ഭാര്യ മേറിയും താമസിച്ചിരുന്നത് ഈ കടവിലായിരുന്നു .അക്ഷരാര്‍ത്ഥത്തിലും ഒരു കൊട്ടാരത്തിലായിരുന്നു അവര്‍ താമസിച്ചിരുന്നത് .ഏതാണ്ട് നാലര പതിറ്റാണ്ടിനപ്പുറം ഭണ്ടാരം ജോര്‍ജ്ജ് എന്നയാള്‍ പേര്‍ഷ്യയില്‍ പോയതും, പേര്‍ഷ്യക്കാരന്‍ എന്ന ഫോറിന്‍ മേല്‍വിലാസം സ്വീകരിച്ചപ്പോഴും, അയാളായിരിക്കും ഞങ്ങളുടെ ഗ്രാമത്തിലെ ആദ്യത്തെ പ്രവാസി എന്ന് ഞങ്ങളാരും തന്നെ നിനച്ചിരുന്നില്ല .
 

നിറയെ ദുരിതങ്ങളും കഷ്ടപ്പാടുകളുമുള്ള ഒരു ഭൂപ്രദേശത്തെ ഒരാള്‍ മാത്രം അതൊന്നുമില്ലാതെ പണക്കാരനാവുന്നത് അന്നും ഇന്നും അയാളുടെ കഷ്ടകാലത്തിനാണ് എന്ന് പറയാം .അതുപോലെതന്നെ ഭണ്ടാരം ജോര്‍ജ്ജിനും ഭാര്യ കടവാരംമേറിക്കും ഞങ്ങള്‍ ഗ്രാമവാസികള്‍ നല്ലൊരു പേരുദോഷമുള്ള കഷ്ടകാലം സമ്മാനിച്ചിരുന്നു .അരണാട്ടുകര പള്ളിയിലെ ഭണ്ടാരം കുത്തിത്തുറന്ന പണവുമായാണ്‌ ജോര്‍ജ്ജ് പേര്‍ഷ്യയില്‍ പോയതെന്നും അതുകൊണ്ട് ടിയാന്‍ ഇനിമേല്‍ ഭണ്ടാരം ജോര്‍ജ്ജ് എന്ന പേരില്‍ അറിയപ്പെടണം എന്ന്‍ അന്നത്തെ ഗ്രാമത്തലവന്മാര്‍ അനുശാസനം ഇറക്കിയിരിക്കണം .


ഭണ്ടാരം ജോര്‍ജ്ജിന്റെ കാര്‍ഷിക സമൃദ്ധമായ പറമ്പും പ്രൌഡ ഗംഭീരമായ കൊട്ടാരവും ഭണ്ടാരത്തിന്റെ (ഇങ്ങനെയും അയാള്‍ അറിയപ്പെട്ടിരുന്നു )കഴുത്തിലെ കട്ടിയുള്ള സ്വര്‍ണ ചങ്ങലയും ,കടവാരംമേറിയുടെ മേനിയിലെ സ്വര്‍ണാഭരണ ശാലയും ഞങ്ങള്‍ ഗ്രാമവാസികളില്‍ അതിശയവും അത്ഭുതവും അടിച്ചേല്‍പ്പിച്ചിരുന്നു .


കാലക്രമേണ എന്‍റെ ഗ്രാമത്തിലെ അപ്പു ആശാരിയും ,തയ്യല്‍ക്കാരന്‍ ബാലകൃഷ്ണനും ,തുണിക്കടയില്‍ നിന്നിരുന്ന ചന്ദുട്ടനും ,എഞ്ചിനീയര്‍ ഹേമുകലാനിയും ,പ്രീ ഡിഗ്രി വരെ പഠിച്ച എന്റെ ബാല്യകാല കൂട്ടുകാരന്‍ പുതുമഠം ജയരാജനും പേര്‍ഷ്യക്ക് പോയെങ്കിലും ഭണ്ടാരം ജോര്‍ജ്ജിനോളം അതിശയവും അത്ഭുതവും അവര്‍ ഞങ്ങളില്‍ നിന്ന് അപഹരിച്ചില്ല .ഇവരില്‍ ഭണ്ടാരം ജോര്‍ജ്ജും കടവാരം മേറിയും ബാലകൃഷ്ണനും ഇന്നില്ല .ബാക്കിയുള്ളവര്‍ പ്രാരബ്ധത്തിന്റെ പെന്‍ഷന്‍ പറ്റിയപ്രവാസികളായി ഇന്നും എന്റെ ഗ്രാമത്തിലുണ്ട് .


ഇതെല്ലാം ഓര്‍ത്തുകൊണ്ട്‌ ഞാനിപ്പോള്‍ നില്‍ക്കുന്നത് ബര്‍ ദുബായിലെ അല്‍ ഖലീജ് സെന്ററിന് തൊട്ടടുത്തുള്ള മേല്‍പാലത്തിലാണ് .എന്റെ വലത്തും ഇടത്തും മുമ്പിലും പിമ്പിലും കൂറ്റന്‍ കെട്ടിടങ്ങള്‍ ആകാശം തൊട്ട് നില്‍ക്കുന്നു .താഴെ നാല് ട്രാക്കിലൂടെയും വാഹനങ്ങള്‍ റോക്കെറ്റുകള്‍ പോലെ ചീറിപ്പായുന്നു .


ഇടതുവശം ചേര്‍ന്ന്‍ ജംബോ ഇലക്ട്രോണിക് ഷോപ്പിംഗ്‌ മാളും ,ചോയിത് റാം ഷോപ്പിംഗ്‌ മാളും ,അല്‍ ഖലീജ് സെന്ററും സജീവമാണ് .വലതുവശം ചേര്‍ന്ന് റീഗല്‍ പ്ലാസയും ,സ്പിന്നീസ് ഷോപ്പിംഗ്‌ മാളും  ,റമദ ഹോട്ടലും ആര്‍ഭാടത്തോടെ നിലയുറപ്പിച്ചിരിക്കുന്നു .ഭണ്ടാരം ജോര്‍ജ്ജ് മുതല്‍ പുതുമഠം ജയരാജന്‍ വരെയുള്ളവര്‍ ഏതോ ഒരു നാള്‍ ഇതുവഴി കടന്നുപോയിട്ടുണ്ടാവണം .ഇന്നവരില്‍ പലരും ഇല്ല .ഉള്ളവര്‍ നാട്ടിലും .ഞാന്‍ ഈ പേര്‍ഷ്യയില്‍ .ഒരുനാള്‍ അവര്‍ക്ക് അഹങ്കാരമുദ്ര ചാര്‍ത്തിയ ഈ പേര്‍ഷ്യയില്‍ .ദുബായിയില്‍ .


തൃശൂരാണെങ്കില്‍ ടൌണ്‍ ഹാളുണ്ട് .കേരള സാഹിത്യ അക്കാദമിയുണ്ട് .ലളിതകല അക്കാദമിയുണ്ട് .കലാമണ്ഡലമുണ്ട് .പാരമ്പര്യം തല ഉയര്‍ത്തി നില്‍ക്കുന്ന കലാലയങ്ങളുണ്ട് .പള്ളികളുണ്ട് .ക്ഷേത്രങ്ങളുണ്ട് .തേക്കിന്‍കാട്‌ മൈതാനമുണ്ട് .കോര്‍പ്പറേഷന്‍ കെട്ടിടത്തിന് താഴെ സമരപ്പന്തലുണ്ട് .പ്രസംഗിക്കാം .പ്രതികരിക്കാം .പ്രതിഷേധിക്കാം .


എന്നാല്‍ ഇവിടെ അതൊന്നുമില്ല .തിരക്കുപിടിച്ച വഴികള്‍ .പായുന്ന വാഹനങ്ങള്‍ .ധൃതിയില്‍ ഓടുന്ന മനുഷ്യര്‍ .ഇവക്കെല്ലാം ചെന്നെത്താന്‍ ആര്‍ഭാടങ്ങളുടെ കമ്പോളങ്ങള്‍ .വാങ്ങലും കൊടുക്കലും മാത്രമുള്ള ഒരു കമ്പോള നഗരം .വികാരങ്ങളും വിചാരങ്ങളും ഇല്ലാത്ത വിപണനം മാത്രമുള്ള ഒരു യാന്ത്രിക ഭൌതിക നഗരം . ഒരു മരുഭൂനഗരം . 

കൃത്യമായി പറഞ്ഞാല്‍ ഒരു ഉത്സവ പറമ്പിന്റെ വിസ്തൃതിയെ ഈ മരുഭൂമിക്കുള്ളൂ .ഉത്സവ പറമ്പിലെ ബിംബങ്ങളുടെ മരുഭൂമിയിലെ തര്‍ജ്ജമകളും ഇവിടെ കാണാം .അവിടുത്തെ വര്‍ണ്ണാഭമായ ബഹുനില പന്തലുകള്‍ കാണാം .അലംകൃതമായ രഥങ്ങള്‍ ഒഴുകുന്നത്‌ കാണാം .കണ്ണഞ്ചും പൂക്കാവടികള്‍ കാണാം .പെട്രോ മാക്സുകളും പന്തങ്ങളും പ്രകാശിച്ചുനില്‍ക്കുന്നത് കാണാം .കപ്പലണ്ടി വണ്ടികളും പലഹാരവണ്ടികളും കാണാം .ഏറനാടന്‍ ,വള്ളുവനാടന്‍ ,തിരുവിതാംകൂര്‍ മലയാളവും കേള്‍ക്കാം .


എണ്ണപ്പാടങ്ങളും ,അവിടവിടെയുള്ള ഈന്തപ്പനകളും ,അത്യപൂര്‍വ്വമായി കാണുന്ന മരുഭൂമരങ്ങളും കിഴിച്ചാല്‍ പിന്നെ എന്തുണ്ട് ദുബായിയില്‍ .ഉയര്‍ന്നും പരന്നും കിടക്കുന്ന കെട്ടിടങ്ങളുണ്ട് .കെട്ടിടങ്ങള്‍ നിറയെ കട കമ്പോളങ്ങളുണ്ട് .കട കമ്പോളങ്ങള്‍ നിറയെ വിദേശ നിര്‍മ്മിത ഉദ്പന്നങ്ങളുണ്ട് .ഈ കെട്ടിടങ്ങളൊക്കെ നിര്‍മ്മിച്ച കൂലിപ്പണിക്കാര്‍ക്കും ഈ കെട്ടിടങ്ങളില്‍ ജോലി നോക്കുന്നവര്‍ക്കും വാങ്ങാനുള്ള ഉദ്പന്നങ്ങളാണവ .അവര്‍ അത് വാങ്ങുന്നു .വാങ്ങിയതൊക്കെ നാട്ടിലേക്ക് അയക്കുന്നു .വീണ്ടും വാങ്ങുന്നു .വീണ്ടും നാട്ടിലേക്ക് അയക്കുന്നു .അവര്‍ അതൊന്നുംതന്നെ ഉപയോഗിക്കുന്നില്ല .അവര്‍ അതൊക്കെ വാങ്ങാന്‍ വിധിക്കപ്പെട്ടവരാണ് .കൊടുക്കാന്‍ വിധിക്കപ്പെട്ടവരാണ് .എല്ലാം വാങ്ങാന്‍ പണം ഉണ്ടാക്കുന്ന തിരക്കില്‍ ഒന്നും ഉപയോഗിക്കാനോ ആസ്വദിക്കാനോ സമയമില്ലാത്തവരാണ് അവര്‍ .അവരുടെ ഭ്രമണ പഥത്തില്‍ ഒരു വര്‍ഷം കൂടുമ്പോഴോ രണ്ടു വര്‍ഷം കൂടുമ്പോഴോ ഒരിക്കല്‍ മാത്രം അവരുടെ മുഖം അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് അഭിമുഖമായി വരുന്നു .അതും ഒന്നോ രണ്ടോ അമാവാസി കാലത്തേക്ക് .പിന്നെ വീണ്ടും ഭ്രമണ പഥത്തില്‍ .
 

ഗള്‍ഫ് നിറയെ കമ്പോളങ്ങളാണ് .ഷോപ്പിംഗ്‌ മാളുകള്‍ എന്നവര്‍ അതിനെ ഓമനപ്പേരിട്ട് വിളിക്കുന്നു .ശമ്പളം കിട്ടുമ്പോള്‍ നാട്ടിലെ പ്രാരാബ്ദങ്ങളുടെ ഓട്ടകള്‍ അടച്ചതിനുശേഷം മിച്ചം കിട്ടുന്ന പണം സ്വരൂപിച്ച് അവര്‍ ഈ ഷോപ്പിംഗ്‌ മാളുകളില്‍ വരുന്നു .അച്ഛനും അമ്മയും ,ആങ്ങളയും പെങ്ങളും ,ഭാര്യയും മക്കളും അയക്കുന്ന കത്തുകളിലെ ആവശ്യങ്ങളെ ചെറിയ ചെറിയ ഉദ്പന്നങ്ങളാക്കുന്നു .ഉറുമ്പുകള്‍ വലിയ തീറ്റയും വലിച്ചുകൊണ്ടുപോകുന്നതുപോലെ അവരും അതൊക്കെ വലിച്ചുകൊണ്ടുപോയി അവരവരുടെ മുറികള്‍ നിറക്കുന്നു .അതിനുമുകളില്‍ കിനാവ് കണ്ടുറങ്ങുന്നു .ഭ്രമണ പഥത്തിന്റെ താളവട്ടം പൂര്‍ത്തിയാവുന്ന മുറക്ക് അതൊക്കെ വാരിക്കെട്ടി വിമാനങ്ങളില്‍ കുത്തിനിറച്ച് നാട്ടിലെത്തിക്കുന്നു .രണ്ട് അമാവാസി സമയം നുണഞ്ഞിറക്കി വീണ്ടും വിമാനത്തില്‍ മരുഭൂമിയിലെത്തുന്നു .ഏതാണ് സൂര്യന്‍ ,ഏതാണ് ചന്ദ്രന്‍ ,ഏതാണ് ഭൂമി ,ഏതാണ് മറ്റു ഗ്രഹങ്ങള്‍ എന്നൊന്നുമറിയാതെ അവര്‍ സ്വയം കറങ്ങുന്നു .എന്തിനെയോ ചുറ്റുന്നു .മലയാളികളുടെ ,പ്രവാസികളുടെ ഒരു സങ്കീര്‍ണ്ണ സൗരയുഥം .

ഡോ .സി.ടി.വില്യം
തുടരും

No comments:

Post a Comment