Friday, December 9, 2016

അസാധൂകരണമല്ല; ഇത് നവ നാണയീകരണം

മ്മുടെ രാജ്യത്ത് Demonetization എന്നൊരു സാമ്പത്തിക നയം നടപ്പിലാക്കി വരുന്നു. 2016 നവംബര്‍ മാസം 8 ന് സമാരംഭിച്ച ഈ നയ പരിപാടി ഒരു മാസം പിന്നിട്ടുകഴിഞ്ഞു. രാജ്യത്തെ വാര്‍ത്താമാധ്യമങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമ്പത്തിക വിദഗ്ദരും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഘോരം ഘോരം നടത്തിക്കൊണ്ടിരിക്കുന്നു.


എന്നാല്‍ യഥാര്‍ത്ഥത്തില്‍ Demonetization എന്ന ഈ സാമ്പത്തിക പരിഷ്കരണം എന്താണ് അര്‍ത്ഥമാക്കുന്നതെന്നും ഉന്നം വക്കുന്നതെന്നും അര്‍ത്ഥശങ്കക്കിടയില്ലാതെ ആരും നാളിതുവരെയായും നമുക്ക് പറഞ്ഞു തന്നിട്ടില്ല. നമ്മുടെ വാര്‍ത്താമാധ്യമങ്ങളും രാഷ്ട്രീയ-സാമ്പത്തിക നിരീക്ഷകരും സൂര്യനുതാഴെ സര്‍വ്വ വിഷയങ്ങളും കൈകാര്യം ചെയ്യുന്ന സമൂഹമാധ്യമങ്ങളും ഇന്നും ഇരുട്ടില്‍ തപ്പുകയാണ്‌.

സാമ്പത്തിക ശാസ്ത്രത്തില്‍ Monetization, Demonetization എന്നീ രണ്ട്‌ സാങ്കേതിക സംജ്ഞകളുണ്ട്.  Monetization എന്നുപറയുമ്പോള്‍ രാജ്യത്തെ നിയമപരമായ നാണയ സംഘാടനമാണ്. ഏര്‍പ്പെടുത്തലാണ്. Establishing something (Coins or Notes) as legal tender of a country. Demonetization എന്നുപറയുമ്പോള്‍ നിലവിലുള്ള ഒരു ശ്രേണിയിലെ നാണയങ്ങളോ കറന്‍സി നോട്ടുകളോ നിയമപരമായി ഇല്ലാതാക്കുകയും തല്‍സ്ഥാനത്ത് അതേ മൂല്യത്തിലുള്ള നാണയങ്ങളോ കറന്‍സി നോട്ടുകളോ പഴയ രൂപത്തിലോ പുതിയ രൂപത്തിലോ പ്രാബല്യത്തില്‍ കൊണ്ടു വരലാണ്. ഏര്‍പ്പെടുത്തലാണ്. Demonetization is a financial regulatory process by which coins and banknotes in the country may cease to be legal tender if new notes of the same currency replace them or if a new currency is introduced replacing the former one.

എന്നാല്‍ മലയാളികള്‍ Demonetization എന്ന സാമ്പത്തിക പരിഷ്കരണ നയത്തെ “നോട്ട് അസാധുവാക്കല്‍” നോട്ട്‌ പിന്‍വലിക്കല്‍” നോട്ട്‌ പ്രതിസന്ധി” എന്നൊക്കെ പരിഭാഷപ്പെടുത്തി സ്വയം സമാധാനിച്ചിരിക്കുകയാണ്. Demonetization എന്ന പദത്തിനുകൊടുക്കുന്ന ഈ പരിഭാഷ ഒരിക്കലും ശരിയാവുന്നില്ല. ഇവിടെ പരിഭാഷ പാതിവഴിയില്‍ വന്നു നില്‍ക്കുകയാണ്. “നിലവിലുള്ള ഒരു ശ്രേണിയിലെ നാണയങ്ങളോ കറന്‍സി നോട്ടുകളോ നിയമപരമായി ഇല്ലാതാക്കുന്നു...” എന്നിടംവരെ മാത്രമാണ് പരിഭാഷ വന്നുനില്‍ക്കുന്നത്. “തല്‍സ്ഥാനത്ത് അതേ മൂല്യത്തിലുള്ള നാണയങ്ങളോ കറന്‍സി നോട്ടുകളോ പഴയ രൂപത്തിലോ പുതിയ രൂപത്തിലോ പ്രാബല്യത്തില്‍ കൊണ്ടുവരുന്നു. ഏര്‍പ്പെടു ത്തുന്നു...” എന്നിടത്തേക്ക് പരിഭാഷ എത്തുന്നില്ല. 

മാത്രമല്ല, “നോട്ട് അസാധുവാക്കല്‍” നോട്ട്‌ പിന്‍വലിക്കല്‍” നോട്ട്‌ പ്രതിസന്ധി” എന്നൊക്കെ പരിഭാഷപ്പെടുത്തുന്നിടത്ത് “നിയമപരമായ ...legal.....” എന്ന അര്‍ത്ഥവ്യാപ്തി എത്തുന്നുമില്ല. അതുകൊണ്ടുതന്നെ ഈ പരിഭാഷ മൂലത്തോട് നീതി പുലര്‍ത്തുന്നില്ല. കാരണം ഇവിടെ എല്ലാം നടക്കുന്നത് നിയമപരമായാണ്. ഭരണകൂടത്തിന്‍റെ സമ്മതപ്രകാരം ഭരണ കൂട സമ്പദ്ഘടനാ കാര്യാലയം അഥവാ റിസര്‍വ് ബാങ്ക് തികച്ചും ജനാധിപത്യപരമായും നിയമപരമായും നടപ്പിലാക്കുന്ന ഒന്നാണ് Demonetization. രാജ്യത്തിന്‍റെ ക്ഷേമം കണക്കിലെടുത്ത്, നേരത്തെ പറഞ്ഞതുപോലെ “നിലവിലുള്ള ഒരു ശ്രേണിയിലെ നാണയങ്ങളോ കറന്‍സി നോട്ടുകളോ നിയമപരമായി ഇല്ലാതാക്കുകയും തല്‍സ്ഥാനത്ത് അതേ മൂല്യത്തിലുള്ള നാണയങ്ങളോ കറന്‍സി നോട്ടുകളോ പഴയ രൂപത്തിലോ പുതിയ രൂപത്തിലോ പ്രാബല്യത്തില്‍ കൊണ്ടുവരലാണ്. ഏര്‍പ്പെടുത്തലാണ്.” അതു കൊണ്ടുതന്നെ ഈ സാമ്പത്തിക പരിഷ്കാര പ്രക്രിയ ഒരുതരത്തില്‍ പറഞ്ഞാല്‍ നാണയ നവീകരണമാണ്. ഈയൊരു അര്‍ത്ഥതലത്തില്‍ നിന്ന് പഠിക്കുമ്പോള്‍ Demonetization എന്ന പദത്തെ നമുക്ക് നവ നാണയീകരണം എന്ന് കൃത്യമായി പരിഭാഷപ്പെടുത്താവുന്നതാണ്.

Demonetization എന്ന പദത്തിന് സ്വീകാര്യമായ ഒരു മലയാള പരിഭാഷ നാളിതുവരെയായും ആരും കണ്ടെത്തിയിട്ടില്ല. അതു കൊണ്ടാണ് നാം “നോട്ട് അസാധുവാക്കല്‍” നോട്ട്‌ പിന്‍വലിക്കല്‍” നോട്ട്‌ പ്രതിസന്ധി” എന്നൊക്കെ പരിഭാഷപ്പെടുത്തി സ്വയം സമാധാനിച്ചിരിക്കുന്നത്. കേരള ത്തിലെ ചില സാമ്പത്തിക വിദഗ്ദരോട് ഈ ലേഖകന്‍ സംസാരിച്ചപ്പോഴും മനസ്സിലാക്കാന്‍ സാധിച്ചതും നിലവിലെ പരിഭാഷ തികച്ചും അപര്യാപ്തമാണെന്നുതന്നെയാണ്. യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ഏര്‍പ്പെടുത്തിയതുകൊണ്ട് Demonetization കൃത്യമായി പരിഭാഷപ്പെടുത്താന്‍ സമ യവും കിട്ടിയില്ലെന്നുപറയാം. കയ്യില്‍ കിട്ടുന്നതെന്തും തങ്ങള്‍ക്ക് പ്രയോഗിക്കാവുന്ന തരത്തില്‍ വളരെ പെട്ടെന്ന് നിര്‍മ്മിച്ചെടുക്കുന്ന മാധ്യമങ്ങള്‍ തന്നെയാണ് ഈ പരിഭാഷയെ നമുക്ക് വേണ്ടി നിര്‍മ്മിച്ചെടുത്ത് പരിചയ പ്പെടുത്തിയത്. മാധ്യമങ്ങളുടെ നിര്‍മ്മിതികള്‍ ആരും ചോദ്യം ചെയ്യാറില്ലല്ലോ. മാത്രമല്ല, ആരെങ്കിലും ചോദ്യം ചെയ്യാനെത്തും മുമ്പു തന്നെ അവര്‍ അത് സാമാന്യവല്‍ക്കരിച്ചുകാണും. നമ്മുടെ ധനമന്ത്രിപോലും ഈ മാധ്യമ നിര്‍മ്മിതിയില്‍ സംതൃപ്തനാണെന്നുവരുമ്പോള്‍ നാം പിന്നെ എന്തുചെയ്യും.

എന്തായാലും “നോട്ട് അസാധുവാക്കല്‍” നോട്ട്‌ പിന്‍വലിക്കല്‍” നോട്ട്‌ പ്രതിസന്ധി” എന്നൊക്കെയുള്ള പരിഭാഷപ്പെടുത്തല്‍ നമ്മുടെ ജനങ്ങളെ പ്രത്യേകിച്ച് സാധാരണ ജനങ്ങളെ കാര്യമായിത്തന്നെ തെറ്റിദ്ധരിപ്പിച്ചി ട്ടുണ്ട് എന്നത് സത്യമാണ്. സാധാരണ ജനങ്ങള്‍ നിത്യേനെ വിനിമയം ചെയ്തുവരുന്ന നാണയം അഥവാ കറന്‍സി ഒരു സുപ്രഭാതത്തില്‍ “അസാധുവാക്കി” “പിന്‍വലിച്ചു” “പ്രതിസന്ധിയുണ്ടാക്കി” എന്നൊക്കെ അവരോട് പറഞ്ഞാല്‍ അവര്‍ അത് വിശ്വസിക്കും. മാത്രമല്ല, അവര്‍ ഭരണകൂടത്തിനുനെരെ തിരിയും. പ്രതികരിക്കും. പ്രതിഷേധിക്കും. വാസ്തവത്തില്‍ നമ്മുടെ രാജ്യത്ത് സംഭവിച്ചതും അതുതന്നെയാണ്. ഇത്തരത്തില്‍ ജനങ്ങളെ വഴി തിരിച്ചുവിട്ടും, പ്രതികരിപ്പിച്ചും, പ്രതിസന്ധിയോടടുപ്പിച്ചും കിട്ടിയാല്‍ പിന്നെ തല്‍പ്പര രാഷ്ട്രീയപാര്‍ട്ടികള്‍ അത് മുതലെടുക്കുകയും ചെയ്യും. അത്തരമൊരു മുതലെടുപ്പാണ് കോണ്ഗ്രസ് നടത്തിയത്. സാമ്പത്തിക വിദഗ്ദനും മുന്‍ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍ സിംഗിന് പതിനാറു ദിവസം വേണ്ടിവന്നു സര്‍ക്കാരിന്റെ നവ നാണയീകരണത്തോട് പ്രതികരിക്കാന്‍. അതും വളരെ യാന്ത്രികമായ പ്രതികരണമായിരുന്നു. നവ നാണയീകരണത്തിനെതിരെ സിദ്ധാന്തപരമായി ഡോ. സിംഗിന് പ്രതികരിക്കാനായില്ലെന്നതും എടുത്തുപറയേണ്ട കാര്യമാണ്. നവ നാണയീകരണം നടപ്പില്‍ വരുത്തിയതിലെ കെടുകാര്യസ്ഥതയും (Monumental Mismanagement) അത് പാവപ്പെട്ട സാധാരണ ജനങ്ങള്‍ക്കുണ്ടാക്കിയ ബുദ്ധിമുട്ടിനെ കുറിച്ചും മാത്രമായിരുന്നു ഡോ.സിംഗ് പറഞ്ഞത്. ജനക്ഷേമം ലക്‌ഷ്യം വച്ചുകൊണ്ടുള്ള ഭാരത സര്‍ക്കാരിന്റെ നവ നാണയീകരണം അതുകൊണ്ടുതന്നെ വളരെ മോശമായ രീതിയില്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു. മാധ്യമങ്ങളും മാധ്യമങ്ങള്‍ പിന്താങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികളും സര്‍ക്കാരിന്റെ നവ നാണയീകരണത്തെ എതിര്‍ത്തുതോല്‍പ്പിക്കാന്‍ ശ്രമിച്ചു. അവര്‍ ഉന്നം വച്ചത് ബി.ജെ.പി. വിരുദ്ധ –നരേന്ദ്ര മോദി വിരുദ്ധ തീവ്രയജ്ഞമായിരുന്നു.

നമ്മുടെ മാധ്യമങ്ങള്‍ എ.ടി.എമ്മുകളുടെയും ബാങ്കുകളിലെയും പരിസരത്ത് തമ്പടിച്ചു. അവര്‍ അവിടെ നിന്നുള്ള ദൃശ്യങ്ങളും വാര്‍ത്തകളും മാത്രം പ്രസിദ്ധീകരിച്ചു. സംപ്രേക്ഷണം ചെയ്തു.  ഭരണകൂടം ജനങ്ങളുടെ നാണയവും കറന്‍സികളും “അസാധുവാക്കി” “പിന്‍വലിച്ചു” “കറന്‍സി പ്രതിസന്ധിയുണ്ടാക്കി” എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് അവരുടെ ബോധാബോധതലങ്ങളില്‍ താപമുദ്രിതമാക്കി. മാധ്യമ വാര്‍ത്തകളും ദൃശ്യങ്ങളും അവരെ ആത്മപീഡിതരാക്കി. അവര്‍ ആത്മപീഡിതരായി സ്വയം പ്രഖ്യാപിച്ചു.

നവ നാണയീകരണത്തിന്‍റെ ആദ്യനാളുകളില്‍ ജനങ്ങള്‍ ബുദ്ധിമുട്ടിയെന്നത് സത്യമാണ്. വാസ്തവമാണ്. ഈ ബുദ്ധിമുട്ട് ഭരണകൂടം പ്രതീക്ഷിച്ചതുമാണ്. ഭരണകൂടം അത് ജനങ്ങളോട് സമ്മതിച്ചതുമാണ്. ഭരണകൂടം ജനങ്ങളുടെ സഹനവും സഹകരണവും അപേക്ഷിച്ചതുമാണ്. ഒരു ജനതയുടെ നിത്യേനെയുള്ള സാമ്പത്തിക വിനിമയത്തിന് നിയന്ത്രണം വരുമ്പോള്‍ സ്വാഭാവികമായും ഇത്തരം ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകതന്നെ ചെയ്യും. മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും പറയുന്നതു പോലെ ഇവിടെ മുന്നൊരുക്കം സാധ്യമല്ല. കാരണം സര്‍ക്കാരിന്റെ ലക്ഷ്യം കള്ളപ്പണം പിടികൂടുക എന്നതാണ്. നാട്ടിലുള്ള കള്ളപ്പണത്തിന്റെ സ്രോതസ്സ് കണ്ടെത്തണമെങ്കില്‍ നവ നാണയീകരണത്തിന്റെ  സാമ്പത്തിക ശാസ്ത്രം നിഷ്കര്‍ഷിക്കുന്നതുപോലെ നാട്ടില്‍ വീണ്ടും വീണ്ടും പണത്തിന്‍റെ ലഭ്യത കൂട്ടാനാവില്ല. കള്ളപ്പണത്തിന്റെ സ്രോതസ്സുകള്‍ കണ്ടെത്തുന്നതനുസരിച്ച് മാത്രമേ നല്ല പണത്തിന്‍റെ ലഭ്യത കൂട്ടാനാവു. സാമ്പത്തിക ശാസ്ത്രം പറയുന്നതും അതാണ്‌.

എന്നാല്‍ നവ നാണയീകരണത്തിന്‍റെ പിന്നീടുവന്ന ഘട്ടങ്ങളിലൊന്നും തന്നെ ജനങ്ങള്‍ക്ക്‌ കാര്യമായ ബുദ്ധിമുട്ടുണ്ടായില്ല. ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള പണം കിട്ടുന്നുണ്ട്‌. അനാവശ്യത്തിനുള്ള പണം ലഭിക്കുന്നില്ലെന്നത് സത്യമാണ്. ഇതിനെ സാധൂകരിക്കുന്നു, ഈ കാലഘട്ടത്തില്‍ മദ്യവില്പനയില്‍ വന്ന 144 കോടി രൂപയുടെ കുറവ്. നവ നാണയീകരണത്തിന്‍റെ ഭാഗമായി നമ്മുടെ രാജ്യത്ത് പട്ടിണി കിടന്ന് ആരെങ്കിലും മരിച്ചതായി കൃത്യമായ റിപ്പോര്‍ട്ടില്ല. ആരെങ്കിലും ചികിത്സകിട്ടാതെ മരിച്ചതായും കൃത്യമായ റിപ്പോര്‍ട്ടില്ല.

നവ നാണയീകരണം ജനങ്ങളെ ഡിജിറ്റല്‍ സാമ്പത്തിക വിനിമയ പ്രക്രിയയോട് അടുപ്പിച്ച് വരുന്നുണ്ട്. രാജ്യത്തെ ജനങ്ങളില്‍ വലിയൊരു ശതമാനം പേര്‍ക്കും ഡെബിറ്റ് കാര്‍ഡുള്ളതായി സ്ഥിതിവിവരക്കണക്കു കള്‍ പറയുന്നു. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് മുഖാന്തിരവും ഇന്റര്‍നെറ്റ് ബാങ്കിംഗ് മുഖാന്തിരവും ജനങ്ങള്‍ അവരുടെ സാധാരണയായ സാമ്പത്തിക വിനിമയങ്ങള്‍ സാധിച്ചുവരുന്നതിന്റെയും സൂചനകള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. നമ്മുടെ ഓട്ടോറിക്ഷയില്‍ പോലും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. എ.ടി.എം. കാര്‍ഡുകള്‍ സ്വൈപ്പ് ചെയ്യാവുന്ന പി.ഒ.എസ്. മെഷിനുകള്‍ പ്രചാരത്തില്‍ വന്നുകഴിഞ്ഞു. ആവ്ശ്യത്തിന്ന്‍  പി.ഒ.എസ്. മെഷിനുകള്‍ കിട്ടാനില്ല എന്നതാണ് നാം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. നമ്മുടെ ചെറുകിട-വന്‍കിട വാണിജ്യ കേന്ദ്രങ്ങളിലെല്ലാം പി.ഒ.എസ്. മെഷിനുകള്‍ വന്നുകഴിഞ്ഞു. ഡിജിറ്റല്‍ സാമ്പത്തിക വിനിമയത്തിന് തയ്യാറാവുന്ന ആര്‍ക്കും ഒരു ബുദ്ധിമുട്ടുമില്ല. അതിന് കഴിയാത്തവര്‍ക്ക് ബുദ്ധിമുട്ടുണ്ട് എന്നതും സത്യമാണ്.  ഇതെല്ലാം നമ്മോടു പറയുന്നതും തെളിയിച്ചുകാണിക്കുന്നതും ഈ രാജ്യത്തെ നാണയം അഥവാ കറന്‍സി അസാധുവായിട്ടില്ല-പിന്‍വലിച്ചിട്ടില്ല-തദ്വാര യാതൊരുവിധ പ്രതിസന്ധിയും ഉണ്ടായിട്ടില്ല എന്നു തന്നെയാണ്.

നവ നാണയീകരണത്തിന്‍റെ അവസാനഘട്ടങ്ങളില്‍ കേരളത്തില്‍ സംഭവിച്ചത് ശുദ്ധ രാഷ്ട്രീയവല്‍ക്കരണം തന്നെ. നവ നാണയീകരണവുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രശ്നത്തില്‍നിന്ന്‍ വളരെ പെട്ടെന്നാണ് കേരളത്തിലെ ഇടതു-വലതു രാഷ്ട്രീയ പക്ഷങ്ങള്‍ സഹകരണ ബാങ്കുകളുടെ ആദായനികുതി പ്രശ്നത്തിലേക്ക് തിരിച്ചു വിട്ടത്. സഹകരണ പ്രശ്നത്തില്‍ ഇടതു-വലതു രാഷ്ട്രീയ പക്ഷങ്ങള്‍ ഒന്നായതു കണ്ടപ്പോള്‍ കേരളത്തിലെ സ്വതന്ത്ര രാഷ്ട്രീയപക്ഷം തരിച്ചു നിന്നുപോയി. മറ്റേതു രാജ്യത്തെക്കാളും കേരളത്തില്‍ സഹകരണ ബാങ്കു കള്‍ക്കുള്ള രാഷ്ട്രീയ ബന്ധം വളരെ വലുതാണ്‌. യഥാര്‍ത്ഥത്തില്‍ കേരള ത്തിലെ സഹകരണ ബാങ്കുകള്‍ ഇടതു-വലതു രാഷ്ട്രീയ പക്ഷങ്ങളുടെ കൂടി വോട്ടുബാങ്കാണ്. നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവരുടെ കണക്കില്‍ പെടാത്ത പണം നിക്ഷേപിക്കുന്നത് സഹകരണ ബാങ്കുകളിലാണ്. ഇത്തരം നിക്ഷേപങ്ങള്‍ക്ക് ഇവരാരും തന്നെ ആദായനികുതി കൊടുക്കുന്നുമില്ല. ഇതിനെ ശരിവക്കുകയാണ് ഈയ്യിടെ കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ ആദായനികുതി വകുപ്പ്  നടത്തിയ സമഗ്ര പരിശോധനയും ആദായ നികുതി വെട്ടിപ്പുകള്‍ കണ്ടെത്തിയ സാഹചര്യവും. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങ ളില്‍ വന്നതാണ്. 

ഏതൊരു സര്‍ക്കാര്‍ നയവും പദ്ധതിയും വിജയിപ്പിക്കുനത് ജനങ്ങളാണ്. സര്‍ക്കാര്‍ നയങ്ങളേയും പദ്ധതികളേയും കുറിച്ച് ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തേണ്ടത് മാധ്യമങ്ങളാണ്. മാധ്യമ ധര്‍മ്മവും മര്‍മ്മവും അതാണ്‌. എന്നാല്‍ ഇവിടെ നമ്മുടെ മാധ്യമങ്ങളില്‍ മാധ്യമ ധര്‍മ്മം പലപ്പോഴും പുലരുന്നില്ല. നമ്മുടെ മാധ്യമധര്‍മ്മം മാധ്യമങ്ങളുടെ മാര്‍ക്കറ്റിംഗ് ധര്‍മ്മമായി അധപതിച്ചിരിക്കുന്നു. മാധ്യമം ഒരു വ്യവസായമായും അധപതിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ മാധ്യമ വ്യവസായങ്ങളെ ഏറ്റെടുക്കാന്‍ രാഷ്ട്രീയ-മത-സാമുദായിക ശക്തികള്‍ രംഗത്ത് സജീവവുമാണ്. അങ്ങനെയാണ് നമ്മുടെ പല സര്‍ക്കാര്‍ നയങ്ങളും പദ്ധതികളും രാഷ്ട്രീയ-മത-സാമുദായിക ശക്തികള്‍ പാലൂട്ടി വളര്‍ത്തുന്ന ഇത്തരം മാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നതും അട്ടിമറിക്കുന്നതും. നവ നാണയീകരണത്തിനും സംഭവിച്ചത് അതാണ്‌.  

രാജ്യത്തെ കള്ളപ്പണം പിടികൂടുന്നതിനും കള്ളപ്പണം ഉപയോഗിച്ചുള്ള മയക്കുമരുന്ന് കള്ളക്കടത്ത് തടയുന്നതിനും കള്ളപ്പണ ശക്തിയില്‍ തഴച്ചുവളരുന്ന തീവ്രവാദം അമര്‍ച്ചചെയ്യുന്നതിനും വേണ്ടിയാണ് നമ്മുടെ സര്‍ക്കാര്‍ നവ നാണയീകരണം കൊണ്ടുവന്നതെന്ന്‍ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് മാധ്യമങ്ങളുടെ കൂടി ധര്‍മ്മമാണ്. എന്നാല്‍ അവര്‍ അതൊന്നും തന്നെ ചെയ്യുന്നില്ല. അവരുടെ നിഷ്ക്രിയാത്മകത മനപ്പൂര്‍വ്വമായി ഉണ്ടാക്കപ്പെടുന്നതല്ല. മാധ്യമ കോര്‍പ്പറേറ്റുകള്‍ അവരെ അങ്ങനെ ആക്കിതീര്‍ക്കുകയാണ്. അവര്‍ മാധ്യമ രാജാക്കന്മാരുടെ വ്യാവസായിക സാമ്രാജ്യത്തിന്‍റെ പുരോഗതിക്കും വിപുലീകരണത്തിന്നും വേണ്ടി മാത്രം നിര്‍ബന്ധിതമായി പണിയെടുക്കേണ്ടിവരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സ്വന്തം പിന്മുറക്കാര്‍ക്ക് സ്വദേശാഭിമാന്യത നഷ്ടമായിരിക്കുന്നു. അവരില്‍ പലരും കേവലം തൂലിക തൊഴിലാളികളോ  ശബ്ദ പ്രസരണികളോ മാത്രമായി അധപതിച്ചിരിക്കുന്നു. 

നവ നാണയീകരണം ഒരുമാസം പിന്നിടുമ്പോഴും നമ്മുടെ പാര്‍ലിമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചിരിക്കുകയാണ്. വലിയ വലിയ വാഗ്ദാനങ്ങള്‍ നടത്തി, ഗിരിപ്രഭാഷണങ്ങള്‍ നടത്തി, ജനങ്ങള്‍ക്ക് ഭീമന്‍ സ്വപനസാക്ഷാത്കാരങ്ങള്‍ ഉറപ്പുനല്‍കി ജനങ്ങള്‍ക്കുവേണ്ടി ഭരണം നടത്താന്‍ ഇന്ദ്രപ്രസ്ഥത്തിലേക്കുപോയവര്‍ ഒന്നും ചെയ്യാതെ ജനങ്ങളെ വഞ്ചിക്കുന്നു. അതുകണ്ട് രാഷ്ട്രപതി പോലും അവരെ ഓര്‍മ്മിപ്പിക്കുന്നു, “ നിങ്ങള്‍ ദൈവത്തെ ഓര്‍ത്ത് നിങ്ങളുടെ ജോലി ചെയ്യൂ” എന്ന്. ജനങ്ങളെ ഓര്‍ക്കുന്നത് ദൈവത്തെ ഓര്‍ക്കുന്നതിന് തുല്യമായതുകൊണ്ടാവാം രാഷ്ട്രപതി അങ്ങനെ പറഞ്ഞത്. ഇത്തരത്തില്‍ ഒരു രാഷ്ട്രപതിക്ക് പറയേണ്ടിവന്നത് ജനാധിപത്യത്തിനു തന്നെ അപമാനമാണ്.  

അതുകൊണ്ട് നമുക്ക് സര്‍ക്കാരിന്റെ നല്ല നയങ്ങളോടും പദ്ധതികളോടും സഹകരിക്കുക. ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുക. ഏതു നയങ്ങള്‍ക്കും പദ്ധതികള്‍ക്കും രണ്ടുവശമുണ്ടാകുക സ്വാഭാവികം മാത്രമാണ്. സര്‍ക്കാരിന്റെ ഏതു നയവും പദ്ധതിയും പരിഷ്കാരവും ഒരു ന്യുനപക്ഷത്തിന് ഗുണകരമല്ലാതെവരാം. പക്ഷെ ഭൂരിപക്ഷത്തിന് അത് ഗുണകരമാകാം. ചിലപ്പോഴെങ്കിലും ഭൂരിപക്ഷം, രാജ്യത്തിനുവേണ്ടി  അല്പ നാളത്തേക്ക് സഹിക്കേണ്ടാതായും വന്നേക്കാം. സഹനം ദീര്‍ഘനാള ത്തേക്ക് വികസിക്കുമ്പോള്‍ നമുക്ക് പ്രതികരിക്കേണ്ടതായും വരാം. അങ്ങനെ നമ്മുടെ പ്രതികരണം വിപ്ലവത്തിലേക്ക് നീളുകയുമാവാം. ഏതൊരു വിപ്ലവത്തിലേക്കുമുള്ള പരിണാമ വഴികള്‍ ചെറിയ ചെറിയ പ്രതികരണത്തിലൂടെയും വലിയ വലിയ സഹനത്തിലൂടെയുമാകണം. നവ നാണയീകരണം നമ്മോട് ആവശ്യപ്പെടുന്നതും അതായിരിക്കണം. മറ്റു രാഷ്ട്രങ്ങളോടൊപ്പം നമുക്കും സമഗ്രമായ ഒരു മാറ്റത്തിനും പുതിയ കാലത്തിനൊപ്പം പോകുന്ന ഒരു ക്ഷേമരാഷ്ട്രത്തിനുമായി നിലകൊള്ളാം.

സി.ടി. വില്യം 
ctwilliamkerala@gmail.com
Phone: 9447037082



   

Wednesday, November 16, 2016

എന്‍റെ തൂലിക ഇനി നിങ്ങളുടെ രക്ഷാമാര്‍ഗ്ഗം



എഴുത്തിന് ഒരു പുതുവഴി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍, കുറെ കാലമായി. സാഹിത്യവും സാമൂഹ്യപാഠവും രാഷ്ട്രീയവും ഒന്നുപോലെ മലിനമാക്കപ്പെട്ടിരിക്കുന്നു.

രാഷ്ട്രീയത്തിന്‍റെ അധാര്‍മ്മിക സങ്കലന തത്ത്വം മനുഷ്യ ചിന്തയുടെ എല്ലാ മേഖലകളേയും മലിനമാക്കിയിരിക്കുന്നു. ജനങ്ങള്‍ ശരിക്കും അസ്വസ്ഥരാണ്. അവര്‍ അസംതൃപ്തരുമാണ്. അധാര്‍മ്മിക രാഷ്ട്രീയ ദുഷ്ട ശക്തികള്‍ അവരുടെ ചിന്തയേയും പ്രവര്‍ത്തിയേയും ഭരണകൂടങ്ങളുടെ സഹായത്തോടെ സായുധമായി നിയന്ത്രിക്കുന്നു. 

എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരും അധാര്‍മ്മിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഉപജീവനത്തിനും അതിജീവനത്തിനുമായി അവരുടെ നട്ടെല്ല് നഷ്ടപ്പെടുത്തിയിരിക്കുന്നു. 

അതുകൊണ്ട് മനുഷ്യമനസ്സിലേക്ക്, ഹൃദയത്തിലേക്ക് ഒരു രക്ഷാമാര്‍ഗ്ഗമായി ഞാന്‍ എത്തുന്നു. ഞാന്‍ എന്‍റെ തൂലികയെ ജീവന്‍ രക്ഷാകവചമാക്കാന്‍ ആഗ്രഹിക്കുന്നു. 

നിങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ ഞാന്‍ എന്‍റെ തൂലികയും മനസ്സും നിങ്ങള്‍ക്കായ് സമര്‍പ്പിക്കുന്നു.

സ്നേഹപൂര്‍വ്വം


സി.ടി. വില്യം 

Sunday, November 13, 2016

നോട്ട് ഔട്ട്‌ (Note Out) സംശയങ്ങള്‍


ആയിരം അഞ്ഞൂറ് നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചതിന്റെ പരാധീനതകളും പ്രാരബ്ധങ്ങളും നാം കാണാനും കേള്‍ക്കാനും തുടങ്ങിയിട്ട് ദിവസങ്ങളായി. രാജ്യത്തെ കള്ളപ്പണത്തില്‍ നിന്ന്‍ രക്ഷപ്പെടുത്താന്‍ മോഡിയും ഊര്‍ജിത്ത് പട്ടേലും കൂടി അത്യഗാധമായി ചിന്തിച്ചതിന്റെ ഫലമാണ് ഈ നോട്ട് ഔട്ട്‌ (Note Out) ആസൂത്രണം. നല്ല കാര്യം ചെയ്തതിന് രണ്ടുപേര്‍ക്കും നല്ല നമസ്കാരം.
നോട്ട് ഔട്ട്‌ (Note Out) ആസൂത്രണത്തിന്‍റെ പാളിച്ച മൂലം സംഭവിച്ച സാധാരണക്കാരന്റെ സാധാരണ പ്രശ്നങ്ങള്‍ മുതല്‍ രക്തസാക്ഷിത്തം വരെ നമുക്ക് മുമ്പില്‍ കറുപ്പിലും വെളുപ്പിലും ബഹുവര്‍ണ്ണങ്ങളിലും അവതരിപ്പിക്കുന്ന പത്ര-ദൃശ്യ-മാധ്യമ പ്രവര്‍ത്തകര്‍ക്കും ചാനല്‍ വാര്‍ത്ത അവതാരകര്‍ക്കും എന്‍റെ നല്ല നമസ്കാരം.
എന്നിട്ടും ഒരു ആവശ്യവുമില്ലാതെ ഒരു സംശയം എന്നെ വല്ലാതെ അലട്ടുന്നു. സംശയത്തില്‍ കാമ്പില്ലെങ്കില്‍ സദയം ക്ഷമിക്കുക. എന്‍റെ സംശയം നിസ്സാരമാണ്. ഇതാണ്.
ഈ നോട്ട് ഔട്ട്‌ (Note Out) ദുരന്ത കാഴ്ചകള്‍ നമുക്ക് മുമ്പില്‍ അവതരിപ്പിക്കുന്ന പത്ര-ദൃശ്യ-മാധ്യമ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തകരുടേയും പ്രശ്നങ്ങള്‍ എവിടേയും അവതരിപ്പിച്ചുകാണുന്നില്ല. ലക്ഷക്കണക്കിനും കോടിക്കണക്കിനും രൂപയുടെ വിനിമയം നടക്കുന്ന സ്ഥാപനങ്ങളാണ് ഇവയൊക്കെ. പരസ്യക്കാരുടെ പണമിടപാടുകള്‍, പത്ര-ദൃശ്യ-മാധ്യമ രംഗത്തെ ജീവനക്കാരുടെ വേതനവും ബത്തയുമടക്കമുള്ള പണമിടപാടുകള്‍ ഇതൊന്നും തന്നെ ഒരു മാധ്യമവും അവതരിപ്പിച്ചുകാണുന്നില്ല.
എന്നാല്‍ പത്ര-ദൃശ്യ-മാധ്യമങ്ങളില്‍ പരസ്യത്തിന് ഒരു കുറവും കാണുന്നില്ല. ആയിരം അഞ്ഞൂറ് നൂറ് നോട്ടുകളൊന്നുമില്ലാതെ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ നമുക്ക് മുന്നില്‍ വാര്‍ത്തകള്‍ എത്തിക്കുന്നുമുണ്ട്.
പകലന്തിയോളം പണിയെടുക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുമുണ്ടാവില്ലേ ഇത്തരം പ്രതിസന്ധികള്‍. മാധ്യമ സ്ഥാപനങ്ങള്‍ക്കുമുണ്ടാവില്ലേ ഇത്തരം പ്രതിസന്ധികള്‍. അതുപോലെ തന്നെ നമ്മുടെ രാഷ്ട്രീയ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും സാമ്പത്തിക പ്രതിസന്ധികള്‍. ഇതൊന്നും തന്നെ സത്യസന്ധമായി അവതരിപ്പിച്ചു കാണുന്നില്ല.

Friday, September 16, 2016

നാം ആരെ തൂക്കിലേറ്റണം ?



പറയാനുള്ളതെല്ലാം പറഞ്ഞും കേള്‍ക്കാനുള്ളതെല്ലാം കേട്ടും വാദിക്കാനുള്ളതെല്ലാം വാദിച്ചും ന്യാധിപന്മാര്‍ ഉണ്ടാക്കിയ വിധിന്യായ പ്രമാണങ്ങളെ നീതിയുടെ പരമോന്നതമായ തുലാസില്‍ കൃത്യതയോടെ തൂക്കിനോക്കി പ്രഖ്യാപിച്ച ഒരു വിധിയാണ് നാം കേട്ടതും കണ്ടതും.

എന്നിട്ടും ഒരാളെ തൂക്കിലേറ്റണം എന്ന്‍ നാം വാശിപിടിക്കുമ്പോള്‍ നമ്മള്‍ തിരിഞ്ഞുനോക്കേണ്ടത് സമകാലീന രാഷ്ട്രീയ ഭാരതത്തേയും  രാഷ്ട്രീയ കേരളത്തെയുമാണ്. ശതകോടികളുടെ ആര്‍ഭാടരഥങ്ങളില്‍ ജനാധ്യപത്യത്തിന്‍റെ കൊടിവച്ചു പാറുന്ന നമ്മെ ഭരിക്കുന്നവരില്‍ പലരും ഇപ്പറഞ്ഞതിനൊക്കെ അര്‍ഹത നേടിയവരാണ്. ഒരു കൊലയല്ല, ഒരു മാനഭംഗവുമല്ല; ഒരു പിടിച്ചുപറിയുമല്ല, അനേകം പാവങ്ങളുടെ പിച്ചച്ചട്ടി അപ്പാടെ പിടിച്ചുപറിച്ചവര്‍; അസംഖ്യം കുറ്റകൃത്യങ്ങള്‍ അവകാശപ്പെടാവുന്നവര്‍ ആളൂരിനെപ്പോലെയുള്ളവരുടെ ആള്‍ബലത്തില്‍ നമുക്ക് ചുറ്റും മാന്യന്മാരായിട്ടുണ്ട്.

അതൊക്കെ കാണണമെങ്കില്‍ ഒരുനിമിഷം കണ്ണടച്ച് ധ്യാനനിരതരായിരുന്നാല്‍ മതിയാവും.  അവര്‍ നമുക്ക് ചുറ്റും വിലസുന്നു. നമ്മുടെ പഞ്ചായത്തുകളില്‍, നിയോജകമണ്ഡലങ്ങളില്‍, സര്‍വ്വകലാശാലകളില്‍, സാംസ്കാരിക സ്ഥാപനങ്ങളില്‍ അങ്ങനെയങ്ങനെ.... എന്നിട്ട് പറയണം നാം ആരെ തൂക്കിലേറ്റണം എന്ന്‍. നിങ്ങളില്‍ അല്ലെങ്കില്‍ നമ്മളില്‍ പാപം ചെയ്യാത്തവര്‍ നീതിദേവതയെ  കല്ലെറിയട്ടെ.

നമുക്ക് സൌമ്യയോട് സൌമ്യമായിതന്നെ പറയാം. ‘നീ തന്നെയാണ് ആദ്യം മരിക്കേണ്ടതെന്ന്‍ ഞങ്ങള്‍ ജനാധിപത്യപരമായി തീരുമാനിച്ചു. മാനഭംഗം സംഭവിച്ചത് നിന്‍റെ ഘാതകനും ഞങ്ങളുടെ ഭരണകൂടത്തിനുമാണെന്നും ഞങ്ങള്‍ ജനാധിപത്യപരമായിതന്നെ കണ്ടെത്തി.നിന്‍റെ ആത്മാവിന് ഒരിക്കല്‍കൂടി നിത്യശാന്തി നേരുകയല്ലാതെ ഞങ്ങള്‍ക്കും മറ്റൊന്നും കഴിയില്ല. നീ ഞങ്ങളോട് പൊറുക്കുക.’  

നമുക്ക് ഗോവിന്ദ ചാമിയോട് പറയാം. ‘ നീ തന്നെയാണ് പുറത്തുവരേണ്ടതെന്ന്‍ ഞങ്ങള്‍ ജനാധിപത്യപരമായി തീരുമാനിച്ചു. നീ ഞങ്ങള്‍ക്ക് ചുറ്റുമുള്ളവരില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനല്ലെന്നും ഞങ്ങള്‍ ജനാധിപത്യപരമായിതന്നെ കണ്ടെത്തി. നീ ചെയ്തത് ജനാധിപത്യപരമായ മാപ്പര്‍ഹിക്കുന്ന പാപമാണ്. നിനക്ക് ഞങ്ങള്‍ പാപപരിഹാരം മാത്രം നിര്‍ദേശിക്കുന്നു. നിന്നിലൂടെ വേണം ഞങ്ങള്‍ ജീവിക്കുവാന്‍. നിന്നിലൂടെ വേണം ഞങ്ങള്‍ ഭരിക്കപ്പെടാന്‍.’  

Thursday, September 1, 2016

ഓണത്തിന് ഒരു ചരമ ഗീതം. ഡോ. സുകുമാര്‍ അഴീക്കോട്‌.


ഒരു വട്ടം കൂടി ഓണം. ആദരണീയനായ മഹാബലിത്തമ്പുരാന്‍ വീണ്ടും ഓര്‍മ്മകളുടെ പൂക്കളത്തിലേക്ക്.  എന്നാല്‍ നമ്മുടെ മഹാബലി തമ്പുരാന്‍ ആ പഴയ തമ്പുരാനല്ല. ആഗോള കുത്തക കമ്പനിക്കാരുടെ ബഹുവര്‍ണ്ണ കുടകളുമായി മലയാളനാട്ടില്‍ ജൈത്രയാത്ര നടത്തുന്ന വിലകൂടിയ ബ്രാന്റ് അംബാസഡര്‍.

ഓണം പോയകാലത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മപ്പെടുത്തലാണ്. അന്യം നിന്നുപോയ ഒരു ശുദ്ധസംസ്കാരത്തിന്റെ പുരാവസ്തുക്കാഴ്ചയാണ്. നീതിമാനായ ഒരു രാജാവിനെ ചവിട്ടിതാഴ്ത്തണമെന്ന ഒരാജ്ഞയുടെ വര്‍ഷംതോറുമുള്ള ഓര്‍മ്മ പുതു ക്കലെന്ന ആചാരമാണ്.

ഓണത്തിന്റെ നീതിസാരത്തെ നാം സൌകര്യപൂര്‍വ്വം മറക്കുകയും അതിന്റെ വാണിജ്യസാധ്യതകളെ നാം പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഓണം നമുക്കിന്ന് പൊന്നോണമല്ല. എള്ളോളം പൊളിവചനമില്ലാത്ത ഓണം നമുക്കിന്ന് കള്ളോളം പൊങ്ങിനില്‍ക്കുന്ന പൊങ്ങച്ചത്തിന്റെ കള്ളോണമാണ്.

സമത്വവും സമൃദ്ധിയും സര്‍വ്വൈശ്വര്യവും ചേര്‍ത്ത് നാം വരച്ചെടുത്ത ആ മഹാബലിത്തമ്പുരാന്‍ ഇന്ന് നീതിമാനായ പഴയ രാജാവല്ല, മറിച്ച്; ഓണക്കമ്പോളത്തിന്റെ വില മതിക്കാത്ത ബ്രാന്റ് അംബാസഡര്‍ ആണ്.

നീതിമാന്റെ ഓര്‍മ്മ പുതുക്കാനായി നാം സ്വരുക്കൂട്ടിയ ഒരുവര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ നാം കമ്പോളത്തിലെത്തിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പുത്തന്‍ നീതിമാന്മാര്‍ നമ്മുടെ സമ്പാദ്യത്തെ കമ്പോളരാജാക്കന്മാര്‍ക്ക് എറിഞ്ഞുകൊടുക്കുന്നു.

അരിയും പച്ചക്കറിയും പലവ്യഞ്ഞനങ്ങളും വിദേശമദ്യവും വ്യാജമദ്യവും അവര്‍ നമുക്ക് അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് എത്തിച്ചുതരുന്നു. അതിന്റെയൊക്കെ കോഴയും കൊള്ളലാഭവും ഈ അഭിനവ മഹാബലിമാര്‍ പങ്കുവച്ചെടുക്കുന്നു. എന്നാല്‍ പഴയ ആ നീതിമാന്‍ അങ്ങനെ ആയിരുന്നില്ല. എല്ലാ വിഭവങ്ങളും സ്വന്തം രാജ്യത്തുനിന്നാണ് ആ നീതിമാന്‍ നമുക്ക് എത്തിച്ചുതന്നിരുന്നത്.

ഓണവിപണികളില്‍ വിറ്റഴിയുന്ന അരിയും പല വ്യഞ്ജനങ്ങളും ത്രീഡി ടീവി കളും മൊബൈല്‍ ഫോണുകളും മറ്റ് സാങ്കേതിക വിദ്യകളും ആഗോള കുത്തക കമ്പനിക്കാരുടെതാണ്. അവര്‍ നമ്മുടെ നീതിമാന്മാരുമായുള്ള അവിഹിതത്തിലൂടെയാണ് ഇതെല്ലം ഇവിടെ വിറ്റഴിക്കുന്നത്. ഇതിനെല്ലാം കൂട്ടുനില്‍ക്കുകയാണ് ഇന്ന് നമ്മുടെ ആദരണീയനായ ആ പഴയ മഹാബലിത്തമ്പുരാന്‍. ആഗോള കുത്തക കമ്പനിക്കാരുടെ ബ്രാന്റ് അംബാസഡര്‍.

നാമിന്ന് ഒന്നിന്റെയും ഉല്പാദകരല്ല. നാമെല്ലാത്തിന്റെയും ഉപഭോക്താക്കളാണ്. എല്ലാ വാണിജ്യസാധ്യതകളും പ്രയോഗിക്കപ്പെടുന്ന ഗിനിപ്പന്നികളാണ് നാം. നമുക്കൊന്നും ചെയ്യാനില്ല. നമുക്കെല്ലാം അനുഭവിക്കാനുള്ളതാണ്. നമുക്കനു ഭവിക്കാന്‍ വിരല്‍തുമ്പില്‍ ആയിരം ചാനലുകള്‍. നമുക്കയക്കാന്‍ നമ്മുടെ വിരല്‍തുമ്പില്‍ ആയിരം കൊച്ചു കൊച്ചു സന്ദേശങ്ങള്‍ ചിത്രങ്ങള്‍, ചലച്ചിത്രങ്ങള്‍ 4ജി വേഗത്തില്‍ പറക്കുന്നു. നമ്മെ നാമല്ലാതാക്കുന്ന ആഗോള കുത്തകക്കാര്‍ നമ്മെ എങ്ങോട്ടോ കൊണ്ടുപോകുന്നു. നമ്മളെ എങ്ങോട്ട് കൊണ്ടുപോകണം എന്ന് നിശ്ചയിക്കേണ്ടവരും അവരോടൊപ്പം നിലയുറപ്പിച്ചിരിക്കുന്നു. എന്നിട്ടും നമുക്ക് പ്രതികരണങ്ങളില്ല. നമുക്ക് നിലപാടുകളില്ല. നയങ്ങളില്ല. അതെല്ലാം നമ്മുടെ ടീവി ചാനലുകള്‍ നിശ്ചയിക്കും. നാം നമുക്ക് ബാക്കിയാവുന്ന സമയത്തെ കമ്പോളീകരിക്കാനും  വിനോദീകരിക്കാനും പാടുപെടുന്നു.

നമുക്ക് ആരെ വേണമെങ്കിലും പീഡിപ്പിക്കാം. നമുക്ക് ആരെ വേണമെങ്കിലും കൊല്ലാം, തല്ലാം. നമുക്ക് സമരം ചെയ്യാം. ഉപരോധിക്കാം. പ്രതിരോധിക്കാം. പിന്നെ മതിവരുവോളം ഓശാന പാടാം. അപ്പോഴും നമ്മുടെ മുന്നില്‍ ആയിരം ക്യാമറകള്‍ കണ്ണുചിമ്മും. ചാനലുകള്‍ ആ കഥകള്‍ പറയും. നമുക്ക് എന്നും ഓണം. നമ്മളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഓണം.... പൊന്നോണം.

എന്നാല്‍ ഇവിടെ നാമറിയാതെ ഓണം മരിക്കുകയാണ്. മരിച്ചുകൊണ്ടി രിക്കുകയാണ്. നമ്മെ അതിഭീകരമായ വിധത്തില്‍ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ മരണത്തെ ഓര്‍മ്മിപ്പിക്കുകയാണ്  ഡോ. സുകുമാര്‍ അഴീക്കോട്.

*“ഓണം മരിക്കുകയാണ്! മനസ്സിലായില്ലേ? ഈ ഓണം ഓണമല്ല. അതുകൊണ്ട് ഓണക്കവി പാടി:

അന്ധകാരഗിരികളും കട-
ന്നെന്തിനോണമേ വന്നു നീ?”

ഇരുപത് ഓണക്കാലങ്ങള്‍ക്കുമുമ്പ് ഡോ.സുകുമാര്‍ അഴീക്കോട് കുറിച്ചിട്ട താണ് ഈ ഓണദര്‍ശനം. നല്ലോണങ്ങളുടെ നന്മകളെ കുറിച്ചെഴുതിത്തുടങ്ങി വല്ലോണങ്ങളുടെ വല്ലായ്മയില്‍ അവസാനിപ്പിച്ച ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഓണദര്‍ശനം യഥാര്‍ത്ഥത്തിലും കേരളദേശത്തിന്റെ സാംസ്കാരിക തത്ത്വചിന്തയാണ്.

പണ്ട് ഓണം എന്നുകേള്‍ക്കുമ്പോള്‍ ഒരു വസന്തകാല ഗീതകത്തിന്റെ ഈണ മാണ് മനസ്സിലേക്ക് വന്നെത്തുക. തുമ്പപ്പൂവും മുക്കുറ്റിയും മന്ദാരവും ചെത്തിയും ചെമ്പരത്തിയും കോളാമ്പിയും പിന്നെ മുറ്റത്ത് ബഹുവര്‍ണ്ണ പര്‍ണ്ണക്കൊടികളുമായി പാറുന്ന പ്രിന്‍സും കോഴിവാലനും ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ക്രോട്ടന്സും ചേര്‍ന്നൊരുക്കുന്ന ഒരു വര്‍ണ്ണഭംഗിയായിരുന്നു അന്നത്തെ ഓണം.

നാക്കിലകളില്‍ തുമ്പപ്പൂവും കാക്കപ്പൂവും പോലെ കുത്തരിച്ചോറ് കൂട്ടുകറികളുടെ കൂട്ടായ്മയില്‍ സാമ്പാറിന്റെ രസക്കൂട്ടിലെരിയുന്ന ഓണസദ്യയെ ഓര്‍മ്മിപ്പിക്കുന്നു അന്നത്തെ ഓണം. പൊന്നിന്‍ മഞ്ഞയില്‍ പഴങ്ങള്‍ നാട്ടിലെ നാക്കിലയിലും വീട്ടിലെ തട്ടിലും ഓണാലങ്കാരമാവും. അതുകൊണ്ടോക്കെയാണ് അന്നത്തെ ഓണത്തെ പൊന്നോണം എന്ന് വിളിച്ചത്.

ഇന്നതെല്ലാം നമുക്ക് നഷ്ടമായിരിക്കുന്നു. ഓണത്തിന്റെ സാംസ്കാരികതകള്‍ നമുക്ക് നഷ്ടമായിരിക്കുന്നു. പകരം ഓണത്തിന്റെ സാമ്പത്തിക മാനങ്ങള്‍ നമുക്ക് ലാഭമായിരിക്കുന്നു. ഓണം ലാഭേച്ഛയെ മാത്രം നട്ടുനനക്കുന്നു. പൂവ്വനും നെടുനേന്ത്രനും ചങ്ങാലിക്കോടനും കുലച്ചുകുനിഞ്ഞ കേരളത്തില്‍ ഇപ്പോള്‍ സര്‍വ്വസൌ ജന്യങ്ങളുടെയും അവിശ്വസിനീയമായ കുലകള്‍ കുലച്ചുതൂങ്ങുന്നു. അങ്ങനെയാണ് പഴയ പൊന്നോണം പോയതും വിപണിയുടെ കള്ളോണം വന്നതും. കള്ളോണം എന്ന് വെറുതെ പറഞ്ഞതല്ല. കള്ളിന്റെയും കള്ളത്തിന്റെയും ഓണത്തെതന്നെയാണ് ഇന്ന് ഓണം പ്രതിഫലിപ്പിക്കുന്നതും പ്രതിധ്വനിപ്പിക്കുന്നതും.

ഓണത്തിന് അവകാശപ്പെട്ട ഒരു കാലമുണ്ടായിരുന്നു നമുക്ക് പണ്ട്. നാമതിനെ ഓണക്കാലമെന്നും വസന്തകാലമെന്നും ഉത്സവകാലമെന്നും വിളിച്ചുപോന്നിരുന്നു. ഇന്ന് അതെല്ലാം മാറിയിരിക്കുന്നു. കാലാന്തരത്തില്‍ ഓണത്തിന്റെ കാലം അവധിക്കാലവും അലസകാലവും കച്ചവടക്കാലവുമായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു.

കര്‍മ്മോല്സുകമായിരുന്ന ഒരു കാലത്തിന്റെ പര്യവസാനത്തിലെ വിളവെടുപ്പു കാലമായിരുന്നു പഴയ ഓണക്കാലം. അക്ഷരാര്‍ത്ഥത്തിലും അരമുറുക്കി വായു മുറിച്ച് പണിയെടുത്തൊരു കാലത്തിന്റെ ഫലപ്രാപ്തിയുടെ കാലമായിരുന്നു അത്. മറ്റൊരര്‍ത്ഥത്തില്‍ ഒരു വിയര്‍പ്പൊഴുക്കുകാലത്തിന്റെ അവസാനത്തെ വിയര്‍ക്കാത്ത കാലമായിരുന്നു നമുക്ക് പണ്ടൊക്കെ ഓണക്കാലം.

നമ്മുടെ ഭരണകൂടമാണ്‌ ഓണത്തെ ഇവ്വിധം സംസ്കാരശൂന്യവും വിപണി കേന്ദ്രീകൃതവുമാക്കിയത്. നമ്മുടെ ഭരണകൂടം ഓണത്തെ സ്വദേശ-വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയായിരുന്നു. അങ്ങനെ ആഗോള കുത്തകക്കാരുടെ പൊട്ടയെല്ലാം നല്ലതാക്കി സര്‍ക്കാര്‍ മുദ്രകുത്തി വില്‍ക്കാനുള്ള കച്ചവടക്കാലമായി ഓണക്കാലത്തെ മാറ്റിയെടുക്കുകയായിരുന്നു നമ്മുട ഭരണകൂടങ്ങള്‍.

കോര്‍പ്പറേറ്റുകള്‍ക്ക് പണപ്പെട്ടി നിറക്കുന്നതിന്നായി ഭരണകൂടം ജനങ്ങള്‍ക്ക്‌ ഓണക്കാലത്ത് ബോണസ്സും ബത്തയും മുന്‍‌കൂര്‍ ശമ്പളവും കൊടുത്ത് കുത്തകകളെ സഹായിക്കുകയായിരുന്നു. അങ്ങനെ കച്ചവടത്തിന്റെ കരാര്‍ പണവും ദല്ലാള്‍ പണവും പരിശുദ്ധമായ ഒരൂ ഉത്സവത്തിന്റെ പേരില്‍ ഭരണകൂട യന്ത്രങ്ങളിലേക്ക് ഒഴുകുകയാണ്. എന്നിട്ട് പാവം ജനത അടുത്ത ആറുമാസത്തെ ഓണമില്ലാ പഞ്ഞക്കാലത്തെ അബോധപൂര്‍വം സ്വാഗതം ചെയ്യുന്നു. ഇത് ഭരണകൂടങ്ങളുടെ ബോധപൂര്‍വ്വമായ കച്ചവടമാണ്. പ്രജാക്ഷേമമല്ല.

ഓണക്കാലത്ത് നേരത്തെ കിട്ടുന്ന ശമ്പളവും ബോണസ്സും അഡ്വാന്‍സ് വാങ്ങുന്ന ശമ്പളവും കിട്ടുന്നതോടെ സര്‍ക്കാര്‍ ആപ്പീസുകള്‍ ഓണക്കമ്പോളങ്ങ ളാവും. സര്‍ക്കാര്‍ ജീവനക്കാര്‍ ഓണക്കാലത്ത് പണി നിര്‍ത്തും. ആപ്പീസുകളില്‍ എന്നും ഉപ്പേരി വിളമ്പും. പലവട്ടം സദ്യവട്ടങ്ങളൊരുങ്ങും. പലവട്ടം പൂക്കളങ്ങള്‍ വിതാനിക്കും. ഫയലുകള്‍ ഓണക്കാലത്ത് ചവിട്ടിതാഴ്ത്തപ്പെടും. ഒരു ദേശീയോത്സവത്തിന്റെ നിവാരണമില്ലാത്ത ദുരന്തം.




എന്നാല്‍ ഇക്കുറി കേരള മുഖ്യമന്ത്രി ഈ ദുരന്തനിവാരണത്തിന്ന്‍ തുടക്കം കുറിച്ചു. ഓണാഘോഷം അവധി ദിവസങ്ങളിലോ ഓഫീസ് സമയം അല്ലാത്ത പ്പോഴോ നടത്തിയാൽ മതിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ്‌ ഇങ്ങനെ:-

             “സർക്കാർ ഓഫീസുകളുടെ പ്രവർത്തനം കൃത്യമായി നടക്കുക എന്നാൽ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ യഥാസമയം തീർപ്പുണ്ടാക്കുക എന്നാണർത്ഥം. അതിനു നാനാ തരത്തിലുള്ള ഇടപെടലും ജാഗ്രതയും വേണ്ടതുണ്ട്.

            ജോലി സമയത്ത് എല്ലാ ജീവനക്കാരും സീറ്റിൽ ഉണ്ടാവുക പ്രധാനമാണ്. സെക്രട്ടറിയറ്റ് ജീവനക്കാരെ അഭിസംബോധന ചെയ്തപ്പോൾ കൃത്യനിഷ്ഠയെക്കുറിച്ചും ഓരോ ഫയലിന്റെയും പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചിരുന്നു.

            ഉത്സവ കാലങ്ങളിൽ സർക്കാർ ഓഫീസുകളിൽ കച്ചവടക്കാർ എത്തുന്നത് പതിവാണ്. ജോലി സമയത്തിന്റെ നല്ലൊരു ഭാഗം അപഹരിക്കുന്നതാന് ഈ കച്ചവടം. അത് കർക്കശമായി നിയന്ത്രിക്കും.

            ഓണാഘോഷം എല്ലാ സർക്കാർ ഓഫീസുകളിലും നടക്കാറുണ്ട്. അത്തരം ആഘോഷങ്ങളും പൂക്കളമത്സരം പോലുള്ളവയും ഓഫീസ് സമയത്തു നടത്തുന്നത് ഉചിതമല്ല. അവധി ദിവസങ്ങളിലോ ഓഫീസ് സമയം അല്ലാത്തപ്പോഴോ ആഘോഷം നടത്തിയാൽ പ്രവൃത്തി സമയത്തെ ബാധിക്കില്ല.

           ഓണം എന്നല്ലഏതു ആഘോഷവും ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കാത്ത നിലയിലാണ് സർക്കാർ ഓഫീസുകളിൽ നടക്കേണ്ടത്.

           ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ ഉറപ്പാക്കും.” 

          കേരള മുഖ്യമന്ത്രിയുടെ ഈ ഇടപെടല്‍ നമ്മുടെ സാംസ്കാരികതയുടെ നിഷ്കളങ്കമായ ഓണത്തെ തിരിച്ചുപിടിക്കാനുള്ള ഒരു ശ്രമമാണ്. ആ ശ്രമം വിജയിപ്പിക്കേണ്ടതും കേരളത്തിന്‍റെ ആവശ്യമാണ്‌. ഭരണകൂടത്തിന്റെ പ്രതിജ്ഞാബദ്ധതയുമാണ്.   

ഓണദര്‍ശനങ്ങളുടെ കൂടി തത്ത്വചിന്തകനായ ഡോ. സുകുമാര്‍ അഴീക്കോടിന്റെ തത്ത്വവിചാരങ്ങളില്‍ ഭരണകൂടങ്ങളുടെ ഈ പ്രതിജ്ഞാബദ്ധതകളുടെ  ബോധപൂര്‍വ്വമായ ഒഴിവാക്കലുകളെ വിശദീകരിക്കുന്നത് കാണാം.

*“ഇന്ന് ഓണം എന്തായി? എവിടെയെത്തി? ആഘോഷത്തിന്റെ ചിത്രത്തില്‍ നിന്ന് പ്രകൃതി അപ്രത്യക്ഷമായിരിക്കുന്നു. ശാരദാകാശത്തെയും മറ്റു ശരല്‍സൌ ഭാഗ്യങ്ങളെയും ഇന്ന് ആളുകള്‍ കാണുന്നില്ല. അവയുടെ സംഗമമില്ല, ഗമനമേയുള്ളൂ. പട്ടണത്തിന്റെ പ്രൌഡിയും അങ്ങാടിയുടെ ഇരമ്പവുമാണ് ഓണത്തെ നില നിര്‍ത്തുന്നത്. സംതൃപ്തിയുടെതല്ല, അത്യാര്‍ത്തിയുടെതാണ് ഓണം ഇപ്പോള്‍. പ്രജാക്ഷേമാര്‍ത്ഥനായ ഭരണസാരഥിയുടെ നിഴലോ നിശ്വാസമോ എവിടെയുമില്ല. നഗരങ്ങളില്‍ ആയിരമായിരം വിദ്യുദ്‌ ദീപങ്ങള്‍ കത്തിജ്വലിച്ചുനില്‍ക്കുമ്പോള്‍ മഹാബലി വഴിയറിയാതെ ബലം കെട്ട് ഉഴലുന്നു.

ഇന്ന് ഓണം ആഘോഷിക്കുമ്പോള്‍ മനസ്സിലൂടെ കര്‍മ്മവിജയത്തിന്റെയോ സമൂഹബന്ധത്തിന്റെയോ ചെറിയ മിന്നാമിനുങ്ങുകള്‍ പോലും മിന്നുന്നില്ല. പ്രകൃതി യുമായി ബന്ധം നഷ്ടപ്പെട്ട ഒരു ജനതയ്ക്ക് ഋതുപരിവര്‍ത്തനത്തിന്റെ അര്‍ഥം ഗ്രഹി ക്കാന്‍ സാധ്യമല്ല. വേലയുടെ മാഹാത്മ്യം പ്രകൃതി നമുക്ക് തെളിയിച്ചുതരുന്നതിന്റെ ഒരു അടയാളവും ഇന്ന് നമ്മുടെ ജീവിതത്തില്‍ അവശേഷിച്ചിട്ടില്ല. ഓണത്തിന്റെ മാഹാത്മ്യം ഓണപ്രഭാഷണങ്ങളില്‍ നിര്‍ജീവമായി പ്രതിധ്വനിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവ ഓണത്തിന്റെ ചരമപ്രസംഗങ്ങളാണ്. നമുക്ക് ഓണം വെറും ഊണും പട്ടണം കറങ്ങലും ഉപഭോഗവസ്തുക്കള്‍ വാങ്ങലുമായി ചുരുങ്ങുന്നു.

ഓണത്തിന്റെ ഈ അന്യമാക്കപ്പെടല്‍ മുടിചൂടുന്നത് ഗവണ്മെന്റ് വൈദ്യുത പ്രകാശം കൊണ്ട് നഗരം അലംകൃതമാക്കി ആഘോഷത്തിന് ഔദ്യോഗിക സ്വഭാവം നല്‍കുന്ന സന്ദര്‍ഭത്തിലാണ്. ഓണത്തിന്റെ പ്രാക്തനലാളിത്യവും പ്രഭവവിശുദ്ധിയും ഇതോടെ അവസാനിക്കുന്നു.

ഇന്ന് ഓണം ‘വെക്കേഷന്‍’ ആണ്. സമൂഹക്ഷേമത്തിന്റെ ആഘോഷദിനമല്ല. ഒരു മാസത്തെ ശമ്പളം അധികവേതനമായി ലഭിച്ച ജോലിക്കാരുടെ വിപണി സന്ദര്‍ശന ബഹളത്തില്‍ ഒടുങ്ങുന്ന ഇന്നത്തെ ഓണം വെറുമൊരു ഔദ്യോഗിക ചടങ്ങാണ്. ഓണം ചിങ്ങത്തില്‍ ആണെന്നറിയാത്തവര്‍ പോലും ഓണാഘോഷം നടത്തുന്നവരില്‍ ഒന്നാംപന്തിയില്‍ നില്‍ക്കുന്നു. ജനങ്ങള്‍ എവിടെയെന്നറിയാതെ എങ്ങുനിന്നോ നോക്കുന്ന മഹാബലിയുടെ കണ്ണുകള്‍ പതറുന്നു!

ഓണം മരിക്കുകയാണ്! മനസ്സിലായില്ലേ? ഈ ഓണം ഓണമല്ല.”

*അവലംബം: ‘അഴീക്കോട് മുതല്‍ അയോധ്യ വരെ’ ഡോ. സുകുമാര്‍ അഴീക്കോട്‌ .



        

Friday, July 22, 2016

ഒരു പുഴുവിന്‍റെ യാത്രാമൊഴി

വചനം മാംസമായ നേരം
വസിപ്പൂ ഞാനീ മാംസപിണ്ഡത്തില്‍
അന്നാളിലെന്‍ വിശപ്പിന്‍
അന്നനാളം കത്തിയെരിഞ്ഞ നേരം. 

മാംസപിണ്ഡങ്ങള്‍ പിന്നെ
മാംസഭാണ്ഡങ്ങളായി മാറി
നരമാംസ ഭുക്കുകള്‍ ഞങ്ങള്‍ പിന്നെ
നരഭോജികളാം പുഴുക്കളായി. 

നിന്‍റെ മാംസ ഭാണ്ഡത്തിലിരുന്ന്‍
നിന്‍റെ മാംസം കാര്‍ന്നുകാര്‍ന്ന്‍
മാംസ രുചിയിന്ന്‍ മാഞ്ഞുപോയി
മാംസ രതിയും മരിച്ചുപോയി. 

മാംസം വചനമാകും നേരം
മാംസമായി വരില്ലിനി ഞാന്‍
കാരണമന്നെന്‍റെ മാംസം
കാരാനൊരു നരഭോജിയുണ്ടാകും.

  

Thursday, July 21, 2016

പ്രണയ പെന്‍ഡുലം



സഹന കാലചക്രങ്ങളില്‍
സമയ തീരങ്ങളെ
തൊട്ടുതൊട്ടാടുന്ന
പ്രണയ പെന്‍ഡുലമാണ് നീ.

കാലചക്രങ്ങളെ കോര്‍ത്തിണക്കിയും
സമയതീരങ്ങളെ സമമായിണക്കിയും
സ്വഹൃദയതാളം മറന്നാടുന്നു നീ
സൂചിമിടിപ്പുകള്‍ മറക്കാതെ.

ആരോ തിരിച്ചുവിട്ട
ഗതികോര്‍ജ്ജ നിറവില്‍
കഥയറിയാതെയാടുന്നു നീ
കദന സ്വനങ്ങളുണര്‍ത്തി നീ.

എന്നെങ്കിലും നിലക്കും
നിന്നെ തിരിക്കുമാ കരങ്ങള്‍
അന്ന് നിന്നാട്ടം നിലക്കും
സമയതീരങ്ങള്‍ തേങ്ങവേ. 

  


    

Tuesday, May 24, 2016

തെരഞ്ഞെടുപ്പും തുടര്‍ ചലനങ്ങളും

പിണറായി മുഖ്യമന്ത്രി 

ഏതൊരു ഉത്തരവാദിത്തപ്പെട്ട ജോലിയില്‍നിന്നും വിരമിക്കേണ്ടത് അനിവാര്യമാണ്. കാരണം പ്രായാധിക്യം നമ്മുടെ ഊര്‍ജ്ജസ്വലതയെ കുറക്കും. ഊര്‍ജ്ജസ്വലത എന്നാല്‍ കായികമായ ചലനാത്മകത മാത്രമല്ല. നമ്മുടെ ചിന്തയിലും, പ്രവര്‍ത്തിയിലും, മനോനിലയിലെ സന്തുലിതാവസ്ഥയിലും ഊര്‍ജ്ജസ്വലത ഉണ്ട്. പ്രായം ചെല്ലുന്നതോടെ ഇത്തരം ഊര്‍ജ്ജസ്വലത നാമറിയാതെ തന്നെ കുറയും. മാത്രമല്ല, അസാധാരണമായ കാര്‍ക്കശ്യവും, നിര്‍ബന്ധബുദ്ധിയും, വാശിയും പ്രായമേറുമ്പോള്‍ കൂടും. ഭക്ഷണവും വ്യായാമവും ശ്രദ്ധിച്ചാല്‍ കായികമായ ഊര്‍ജ്ജസ്വലതയെ നിലനിര്‍ത്താം. പക്ഷെ ചിന്തയിലും പ്രവര്‍ത്തിയിലും മനോനിലയിലെ സന്തുലിതാവസ്ഥയിലും നിര്‍ബന്ധമായും ഉണ്ടാവേണ്ട ഊര്‍ജ്ജസ്വലത നിലനില്‍ക്കണമെന്നില്ല.
ഏതാണ്ട് അമ്പത് വയസ്സോടെ ഒരു ശരാശരി മനുഷ്യന്‍റെ സര്‍വ്വതല സ്പര്‍ശിയായ ഊര്‍ജ്ജസ്വലത കുറയാനാണ് സാധ്യത. എന്നുപറഞ്ഞാല്‍ ഏതൊരു ഉത്തരവാദിത്തപ്പെട്ട ജോലിയില്‍നിന്നും വിരമിക്കേണ്ടത് ഈ പ്രായത്തിലാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായവും അമ്പത് വയസ്സാക്കണം. ഇപ്പോള്‍ അത് അമ്പത്താറ് ആണ്. ശരാശരി ആഗോളാന്തര വിരമിക്കല്‍ പ്രായം കണക്കിലെടുക്കുമ്പോള്‍ അത് 45 മുതല്‍ 62 വയസ്സ് വരെ എന്ന് കാണാം.
ഈ വിരമിക്കല്‍ പ്രായം രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ബാധകമാക്കണം. വടിയുടെയോ ഒരു സഹായിയുടെയോ പരാശ്രയത്തോടെ സമൂഹത്തോട് ഉത്തരവാദിത്തമുള്ളവര്‍ ജോലിയോ സേവനമോ നടത്തുന്നത് നിയന്ത്രിക്കണം. ഇതിന്നാവശ്യമായ നിയമനിര്‍മ്മാണം കൊണ്ടുവരണം.
കേരളത്തിലെ തെരഞ്ഞെടുപ്പിനുശേഷം ഇപ്പോള്‍ മുഖ്യമന്ത്രി കസേരക്കുവേണ്ടിയുള്ള ചര്‍ച്ചയിന്മേലും രാഷ്ട്രീയപ്രവര്‍ത്തകന്റെ പ്രായം പ്രശ്നമാവുന്നു. വി.എസ്. അച്യുതാനന്ദന് തൊണ്ണൂറ്റിമൂന്നും പിണറായി വിജയന് എഴുപത്തിരണ്ടും വയസ്സായി. അവസാനം ഇരുപത്തൊന്നു വയസ്സിന്റെ വ്യത്യാസത്തില്‍ ചെറുപ്പമായ പിണറായി വിജയന്‍റെ ഭരണസാമര്‍ത്ഥ്യവും സംഘടനാപാടവവും കൂടി കണക്കിലെടുത്ത് മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. അതുതന്നെയാണ് ശരിയും.
എങ്കിലും വിരമിക്കല്‍ പ്രായം എന്ന പ്രശ്നത്തില്‍ ഇനിയും തീരുമാനമായില്ല. ഇനിയും ഈ വിഷയത്തില്‍ തീരുമാനമായില്ലെങ്കില്‍ ഭാവിയിലും ഇത് സംബന്ധിച്ച രാഷ്ട്രീയ-സാമൂഹ്യ പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാവും.

നോട്ടക്ക് ചോദിക്കാനും പറയാനും ആളുണ്ട് 

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ നോട്ട അക്കൌന്റ് തുറക്കുന്നതിന്റെ ഫലസൂചനകള്‍ കാണാതെപോവുന്നത് ശരിയല്ല.
മൊത്തം 26019284 വോട്ടര്‍മാരുള്ള കേരളത്തില്‍ 107218 വോട്ടര്‍മാര്‍ നോട്ടക്ക് വോട്ടുചെയ്തു. അതായത് 0.5 ശതമാനം വോട്ട്. എല്ലാ മണ്ഡലങ്ങളിലും ശരാശരി 1000 വോട്ടുകള്‍ വീതം നോട്ടക്ക് കിട്ടി. കുറച്ചുകൂടി വിശദമാക്കിയാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒമ്പത് കഷികള്‍ക്ക് നോട്ടയെക്കാള്‍ കുറവ് വോട്ടാണ് ലഭിച്ചിരിക്കുന്നത് എന്ന്‍ വ്യക്തം.
മറ്റ് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും കോടികള്‍ നിക്ഷേപിച്ചുകൊണ്ട്‌, സംഘടനയുടെ കായികവും താന്ത്രികവും സൈദ്ധാന്തികവുമായ ശക്തി പ്രയോഗിച്ചപ്പോള്‍ നോട്ടയുടെ വോട്ടര്‍മാര്‍ മാത്രമാണ് സര്‍വ്വതന്ത്രസ്വതന്ത്രമായി വോട്ടുകള്‍ രേഖപ്പെടുത്തിയതെന്നും നമുക്ക് സമ്മതിക്കേണ്ടിവരും.
രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവരുടെ സ്ഥാനാര്‍ത്ഥികളും തങ്ങളെ തൃപ്തിപ്പെടുത്താത്ത സാഹചര്യങ്ങളിലാണ് നോട്ടയുടെ വോട്ടര്‍മാര്‍ വോട്ടുകള്‍ രേഖപ്പെടുത്തിയത്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കപ്പുറം ജനങ്ങള്‍ക്കുവേണ്ടി സമൂഹത്തില്‍ നിലയുറപ്പിച്ച വി.എസ്. അച്ചുതാനന്ദനും പി.സി. ജോര്‍ജ്ജിനും വോട്ടുകള്‍ നല്‍കി വിജയിപ്പിച്ചവരും നോട്ടയുടെ വോട്ടര്‍മാര്‍ ആണെന്ന് പറയേണ്ടിവരും. ഈ മണ്ഡലങ്ങളിലൊക്കെ നോട്ടയുടെ വോട്ടുകള്‍ കുറവായിരുന്നു. കാരണം അവിടെ വോട്ടര്‍മാര്‍ക്ക് തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്താന്‍ തക്ക അര്‍ഹതയുള്ള സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നു എന്നതാണ് സത്യം. അത്തരത്തില്‍ പരിശോധിക്കുമ്പോള്‍ വി.എസ്. അച്യുതാനന്ദന് കിട്ടിയ 73299 വോട്ടും പി.സി. ജോര്‍ജ്ജിന് കിട്ടിയ 63621 വോട്ടും നോട്ടയുടെതെന്നുതന്നെ സമ്മതിക്കേണ്ടിവരും.
അപ്പോള്‍ നോട്ടക്ക് കിട്ടിയ വോട്ടിംഗ് ശതമാനം ഏതാണ്ട് ഒരു ശതമാനമാവും. അങ്ങനെ വരുമ്പോള്‍ നോട്ട ഏകദേശം 13 കക്ഷികളെയെങ്കിലും പിന്നിലാക്കിയെന്നും അവകാശപ്പെടാവുന്നതാണ്.
നോട്ടക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്തതുകൊണ്ടാണ് നോട്ട ഇത്തരത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നത്‌.










ഫിദല്‍ കാസ്ട്രോവിനും ചിലത് പറയാനുണ്ട് 

താന്‍ ജനങ്ങളുടെ കാവലാള്‍ എന്നുപറയുമ്പോള്‍ തന്നില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഫിദല്‍ കാസ്ട്രോ പദവി ഉപേക്ഷിക്കുന്നതായ ധ്വനി വീയെസ്സില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാം. മുഖം കൊടുക്കാതെ വേദനയോടെ ആവര്‍ത്തിച്ചുപറഞ്ഞ ആ ഗുഡ്ബൈ ആരോടായിരുന്നു.
ജനങ്ങളുടെ സംശയം തീര്‍ത്ത്‌ വീയെസ് ഫേസ് ബുക്കില്‍ കുറിച്ചതിങ്ങനെ ............
"കേരളത്തിൽ അങ്ങോളം ഇങ്ങോളം സഞ്ചരിച്ചും നവമാദ്ധ്യമങ്ങൾ വഴിയും പോരാട്ടം നടത്തി. ഉമ്മൻ ചാണ്ടി മുതൽ നരേന്ദ്ര മോദി
വരെയുളള കളളക്കൂട്ടങ്ങളെ തുറന്നു കാട്ടാൻ ഞാൻ ശ്രമിച്ചപ്പോൾ എന്നെ ടാർജറ്റ് ചെയ്‌ത് ആക്രമിക്കാനും കേസിൽ കുടുക്കാനുമാണ് അവർ ശ്രമിച്ചത്.
എന്നും പോർമുഖങ്ങളിൽ എന്നെ പിന്തുണച്ച ജനങ്ങൾ ഇത്തവണയും വലിയ പിന്തുണയാണ് നൽകിയത്. 91 സീറ്റിലെ ഉജ്ജ്വല വിജയം നൽകിയാണ് ജനങ്ങൾ ഇടതു മുന്നണിയെ സ്വീകരിച്ചത്.
ഇതുവരെയുള്ള എന്റെ പോരാട്ടങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. എന്റെ കൊക്കിൽ ശ്വാസമുളളിടത്തോളം പോരാട്ടം തുടരും. അഴിമതിക്കും വർഗീയതയ്ക്കും എതിരായ പോരാട്ടങ്ങൾ... കേരളത്തിന്റെ മണ്ണും പ്രകൃതിയും മാനവും സംരക്ഷിക്കാൻ വേണ്ടിയുളള പോരാട്ടങ്ങൾ..."
വി.എസ്. അച്ചുതാനന്ദന്‍












തിരിച്ചറിവുള്ള ഒരു 
എം.എല്‍.എ. ജനിക്കുന്നു. 

എം.എല്‍.എ. ഫണ്ടെന്നാല്‍ അത് ജനങ്ങളുടെ ഫണ്ടാണെന്ന തിരിച്ചറിവുള്ള ഒരു ജനപ്രതിനിധി കേരളത്തില്‍ ഇക്കുറി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. വടക്കാഞ്ചേരി മണ്ഡലത്തില്‍നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട അനില്‍ അക്കരയാണ് ഇക്കാര്യം പൊതുജനസമക്ഷം ഓര്‍മ്മപ്പെടുത്തിയത്‌.
എം.എല്‍.എ. ഫണ്ടുപയോഗിച്ച് തന്‍റെ മണ്ഡലത്തില്‍ നടത്തുന്ന ഒരു നിര്‍മ്മിതിയിന്മേലും തന്‍റെ പേരെഴുതി പരസ്യപ്പെടുത്തില്ല എന്ന്‍ അനില്‍ അക്കര ഏഷ്യനെറ്റ് സംഘടിപ്പിച്ച “യുവസഭ” പരിപാടിയില്‍ പ്രഖ്യാപിച്ചു. ജനാധിപത്യത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥവും പൊരുളും മനസ്സിലാക്കിയ അനില്‍ അക്കരക്ക് കേരളത്തിലെ മുഴുവന്‍ ജനാധ്യപത്യ വിശ്വാസികളുടെയും അഭിനന്ദനങള്‍.
രാജ്യത്ത് എം.എല്‍.എ. ഫണ്ടുപയോഗിച്ച് നടത്തിയ മുഴുവന്‍ നിര്‍മ്മിതികളുടെയും പ്രധാന ചുമരില്‍ സ്ഥലം എം.എല്‍.എ. യുടെ പേര്‍ മത്തങ്ങ വലുപ്പത്തില്‍ എഴുതിപ്പിടിപ്പിച്ച് ആത്മരതിയുടെ നിര്‍വൃതി അനുഭവിച്ചുകൊണ്ടിരിക്കുന്ന മുഴുവന്‍ എം.എല്‍.എ. മാരേയും അനില്‍ അക്കര ജനസമക്ഷം തൊലിയുരിച്ചു കാണിച്ചു. ഇനിയെങ്കിലും അവര്‍ക്ക് നാണമുണ്ടെങ്കില്‍ നാണിക്കട്ടെ.
പഞ്ചായത്ത് കെട്ടിടങ്ങള്‍ മുതല്‍ പൊതു കക്കൂസ് വരെയുള്ള അത്തരം നിര്‍മ്മിതികളിന്മേല്‍ സ്ഥലം എം.എല്‍.എ. യുടെ നാണമില്ലാതെ ചിരിക്കുന്ന പടവും പേരും ഇപ്പോഴും അവിടവിടെ മരവിച്ചുകിടപ്പുണ്ട്. എം.എല്‍.എ. ഫണ്ടെന്നാല്‍ അത് ജനങ്ങളുടെ നികുതിപ്പണമാണെന്ന സാമാന്യബോധത്തെ മറച്ചുപിടിച്ച് അഹങ്കരിച്ച ഇവരില്‍ പലരേയും ജനം ഇക്കുറി ചവറ്റുകൊട്ടയിലേക്ക് തള്ളിയിരുന്നു.
ഇത്രയും പ്രാധാന്യമര്‍ഹിക്കുന്ന ഈവാര്‍ത്ത കേരളത്തിലെ ഒരു പത്രവും റിപ്പോര്‍ട്ട് ചെയ്തില്ല എന്നതാണ് സത്യം. കഷ്ടം! എന്നല്ലാതെ എന്തുപറയാന്‍.

Thursday, May 19, 2016

കേരളം ചുവന്നു. താമര വിരിഞ്ഞു.


കേരളത്തില്‍ വലതു പക്ഷങ്ങളുടെ പ്രത്യക്ഷ പരോക്ഷ സഹായസഹകരണത്തോടെയും വെള്ളാപ്പിള്ളിയുടെ അനുഗ്രഹാശിസ്സുകളോടെയും താമര വിരിഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്തത്തില്‍ കേരളത്തില്‍ ആറാടിയ അഴിമതിഭരണത്തില്‍ പൊറുതിമുട്ടിയ കേരളം ഇടത്തോട്ട് മാറി. എല്ലാം ശരിയാക്കാന്‍ ഇനി താമരയെ സാക്ഷി നിര്‍ത്തി ഇടതുപക്ഷ ഭരണം. പലേടത്തും കോണ്ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സര്‍വ്വേ ഫലങ്ങളെ ശരിവച്ച് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതിന്റെ അവസാനനിമിഷം വരെയും ഉമ്മന്‍ചാണ്ടി കേരളത്തോട് നുണപറഞ്ഞു.

ബാര്‍ കോഴയും, സോളാറും, ഭുമിദാനവും, സ്ത്രീകളോട് കാണിച്ച അതിക്രമങ്ങളും, പൊതുജനത്തോട് കാണിച്ച അഹങ്കാരവും യു.ഡി.എഫിനെ തറപറ്റിച്ചു. ആലിബാബയും കള്ളന്മാരും എന്ന കണക്കില്‍ സംസ്ഥാനം ഭരിക്കാന്‍ ഏറെനാള്‍ ആവില്ലെന്ന്‍ കേരള ജനത മുന്നറിയിപ്പ് നല്‍കി. 
  
മൂന്നുമുന്നണികളെയും  വെല്ലുവിളിച്ചുകൊണ്ട്  പി.സി. ജോര്‍ജ്ജ് കേരളത്തില്‍ ആണ്‍കുട്ടിയായി. അഴിമതിക്കെതിരെ കുഴലൂതിയ പി.സി.ക്ക് പൂഞ്ഞാറിന്റെ അംഗീകാരം.

ചുണ്ടിന്നും കോപ്പക്കും മദ്ധ്യേ വിജയം പലകുറി നാണിച്ചുമടങ്ങിയ ഒ. രാജഗോപാലിന് നേമത്ത് താമര വിജയം. അതോടൊപ്പം തന്നെ ചുണ്ടിന്നും കോപ്പക്കും മദ്ധ്യേ രണ്ടോ മൂന്നോ താമരകള്‍ വിരിയാതെ പോയി. മോദിയും അമിത് ഷായും കുമ്മനവും അല്പംകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ആ താമരകള്‍ക്ക് വിരിയാമായിരുന്നു.

എത്രതന്നെ വികസനവും കരുതലും ജനസമ്പര്‍ക്കവും നടത്തിയാലും സത്യസന്ധത കൈവിട്ടതിന്റെ രക്തസാക്ഷിത്തം വരിക്കേണ്ടുവന്നു ഉമ്മന്‍ചാണ്ടിക്ക്. കൂടെ നിന്ന പല മന്ത്രിമരങ്ങളും കടപുഴങ്ങി വീണു.

കാര്‍ഷിക കേരളത്തിന്‍റെ തകര്‍ച്ചക്ക് വേണ്ടി മാത്രം പണിയെടുത്ത കെ.പി. മോഹനന്‍റെ തോല്‍വിക്കും  അതിനുവേണ്ടി ഒരു കൈസഹായം കൊടുത്ത എം.പി. വിന്‍സെന്റ്, തോമസ്‌ ഉണ്ണിയാടന്‍ എന്നിവര്‍ തോറ്റ് മണ്ണടിഞ്ഞതും അതുകൊണ്ടുതന്നെ സ്വാഭാവികം മാത്രം. 
  
അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ചുകൊണ്ട് യൌവ്വനത്തോടെയുള്ള വാര്‍ദ്ധക്യവുമായി മുന്നോട്ട് കുതിച്ച സഖാവ് വി.എസ്. അച്യുതാനന്ദന് ഉന്നതവിജയം. കേരളത്തില്‍ ഇടതുതരംഗം തന്നെ എന്ന് വീയെസ്സിന്റെ വിജയം ഉറപ്പിച്ചു.

ഹൈക്കമാണ്ടിന്റെ തോക്കിന്‍ തുമ്പത്ത് അടിയറവ് പറഞ്ഞ കെ.പി.സ.,സി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞത് കേട്ടിരുന്നെങ്കില്‍ ഒരുപക്ഷെ കോണ്ഗ്രസ്സിന്റെ തകര്‍ച്ചയെ ഒരുപരിധിവരെയെങ്കിലും കുറക്കാമായിരുന്നു.

            

     

Saturday, May 14, 2016

പോളിംഗ് ബൂത്തിലേക്ക് പോകുന്നവര്‍ കേവലം വോട്ടര്‍മാരല്ല, ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരാണ്.


കൊട്ടിക്കലാശം കഴിഞ്ഞു. കേരളത്തിന്‍റെ ആകാശം ഇരുണ്ടു. ഇടിവെട്ടി മഴപെയ്തു. രണ്ടുമാസക്കാലത്തെ രാഷ്ട്രീയ കൊട്ടിഘോഷങ്ങള്‍ ഭൂമിയിലും അന്തരീക്ഷത്തിലും നിര്‍ബന്ധിതമായി നിക്ഷേപിച്ച അഴുക്ക് പ്രകൃതി തന്നെ കഴുകി കളഞ്ഞു. ഇനി സാധാരണക്കാരന് അവന്‍റെ പരിഭവങ്ങളേയും, പരിദേവനങ്ങളേയും, വേദനകളേയും തലക്കുവച്ച്  ഉറങ്ങാം. കൊട്ടി എഴുന്നെള്ളിയവര്‍ക്ക് ക്ലിഫ് ഹൌസിലെ കസേരകള്‍ സ്വപ്നം കണ്ടും ഉറങ്ങാം.

ഭരണ തുടര്‍ച്ചയും, എല്ലാം ശരിയാക്കലും, വഴികാട്ടലും സൊമാലിയായുടെ മണ്ണില്‍ കുഴിച്ചുമൂടപ്പെട്ടു. എന്തൊക്കെ പറഞ്ഞാലും നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിസമര്‍ത്ഥന്‍ തന്നെ. ഒറ്റ പദപ്രയോഗം കൊണ്ട് ഇടതിനേയും വലതിനേയും ഒറ്റനുകത്തില്‍ കെട്ടിയിട്ട് സ്ഥലം വിട്ടു.

വെറുതെയല്ല ഡോ. സുകുമാര്‍ അഴീക്കോട് മോദിയെ കുറിച്ച് ഇങ്ങനെ പറഞ്ഞത്. “ മോദി വളരെ എഫിഷ്യന്റ് ആണ്. ഭയങ്കര ഓററ്റുറുമാണ് . മോദിയുടെത് ഓററ്ററിയാണ്. ഓററ്ററിയുടെ അങ്ങേയറ്റമാണ്. പ്രസംഗമല്ല, ഓററ്ററി. എലക്വന്‍സ്. അങ്ങനെയൊരു ആളെ നേരിടാന്‍ സോണിയ ഗാന്ധിക്കൊന്നും കഴിയില്ല. ഞാന്‍ അയാളുടെ പ്രസംഗം കേട്ടു. ഓററ്ററിയുടെ എല്ലാ ആര്‍ട്ടുമറിയാം അയാള്‍ക്ക്. ഞാനൊക്കെ പ്രയോഗിക്കുന്ന ചില വിദ്യകളൊക്കെ അയാളും പ്രയോഗിച്ചുകാണുന്നുണ്ട്.  ഒരുവന്‍ അയാളുടെ പോക്കറ്റിലും കയ്യിലുമായി ഒരു പത്തുനൂറ് പേരെ കൊല്ലാനുള്ള ആയുധങ്ങളുമായി ഇറങ്ങിവരുന്നു. അവനെ എന്തുചെയ്യണം? ഞാനൊക്കെ ഇങ്ങനെ ചോദിക്കും സദസ്സിനോട്. അപ്പോള്‍ അവര്‍ പറയും, അവനെ കൊല്ലണ്ടേ? അതാണ്‌ ഞാനും പറയുന്നത്. ഇങ്ങനെയൊരാളെ നേരിടാന്‍ കോണ്ഗ്രസ്സില്‍ ഒരാളില്ല.” (ശബ്ദം അയോദ്ധ്യവരെ എത്തുമ്പോള്‍; സി.ടി. വില്യം; സൈന്‍ ബുക്സ് ;തിരുവനന്തപുരം; വില. 50 രൂപ)


       
ഉമ്മന്‍ചാണ്ടിയും സമര്‍ത്ഥനാണ്. പ്രധാനമന്ത്രി എറിഞ്ഞുകൊടുത്ത സൊമാലിയാ പീപ്പി വിളിച്ച് ഇടതുപക്ഷത്തേയും വലതുപക്ഷത്തേയും അനുസരണയുള്ള ആട്ടിന്‍പറ്റത്തെപ്പോലെ തന്‍റെ പിറകെ നാവനക്കാതെ നടത്തിച്ചു. ഉമ്മന്‍ചാണ്ടി നേതാവാണെന്ന്‍ കേരളത്തെ ഓര്‍മ്മിപ്പിച്ചു.

ഉമ്മന്‍ചാണ്ടിയെ കുറിച്ചും ഡോ. സുകുമാര്‍ അഴീക്കോട് പറയുന്നുണ്ട് അതിങ്ങനെ; “ എല്ലാ വിഷയത്തെ കുറിച്ചും ഉമ്മന്‍ചാണ്ടി സംസാരിക്കും. ഒരു വിഷയവും അയാള്‍ക്കറിയില്ല. ഡെയിലി പേപ്പേഴ്സില്‍ വരുന്നത് കുറിച്ചെടുക്കും. അതാണ്‌ സംസാരിക്കുന്നത്.”
   
നേതൃത്തഗുണം എന്ന് പറയുന്നത് ഇതാണ്. വാക്കുകളെ കൊണ്ട് തന്‍റെ ജനതയെ തനിക്ക് ഇഷ്ടപ്പെട്ട രീതിയില്‍ നിയന്ത്രിക്കാനാവുക. ഇത് ബോധപൂര്‍വ്വം സംഭവിക്കാം. അല്ലാതെയും സംഭവിക്കാം. എന്തായാലും തെരഞ്ഞെടുപ്പിന്‍റെ അവസാന താളവട്ടത്തില്‍ ഇടതുവലതു പക്ഷങ്ങളെ സൊമാലിയായിലേക്ക്  കയറ്റുമതി ചെയ്ത് തന്‍റെ പക്ഷത്തിന്ന്‍ കളമൊരുക്കിയ നരേന്ദ്ര മോദി നല്ല നേതാവെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു.

ഇനി പതിവുപോലെ അന്തര്‍ലീനമായ ആജ്ഞാനുസരണയോടെ നമ്മള്‍ വോട്ടുചെയ്യും. ഒരുപക്ഷം ജയിക്കും. ഒരുപക്ഷം തോല്‍ക്കും. ജയിച്ചപക്ഷം ഭരിക്കും. ജനപക്ഷം ഭരിക്കപ്പെടും. പ്രതിപക്ഷം ആദരിക്കപ്പെടും. പിന്നെ തനിയാവര്‍ത്തനത്തിന്റെ നാളുകള്‍. ചരിത്രം ആവര്‍ത്തിച്ചുകൊണ്ടെയിരിക്കും. നമുക്ക് വിഹിതമായ ജനാധിപത്യവും.

യഥാര്‍ത്ഥത്തില്‍ ഒരു ജനാധിപത്യത്തിലെ നേതാവിന്‍റെ ജയം എന്നാല്‍ എന്താണ്? ഭൂരിപക്ഷം ജനങ്ങളുടെ സ്വതന്ത്രമായ സമ്മതിയാല്‍ നേടുന്ന ജയമാണ് ജനാധിപത്യത്തിലെ യഥാര്‍ത്ഥ ജയം. എന്നാല്‍ സത്യം എന്താണ്. ജാതി, മതം, വര്‍ഗ്ഗം. സമുദായം എന്നിങ്ങനെ ജനതയെ വിഭാഗീകരിച്ച് ഒരു പ്രലോഭിത സമ്പദ്ഘടനയുടെ വാഗ്ദാനശക്തി കൊണ്ടല്ലെ നമ്മുടെ രാഷ്ട്രീയ പക്ഷങ്ങള്‍ ജയിക്കുന്നത്.

കാലങ്ങളായി നാമിങ്ങനെ ആചരിക്കപ്പെടുന്ന നിയന്ത്രിത സംവിധാനത്തെ ജനാധിപത്യം എന്ന്‍  വിളിക്കാമോ? നമ്മുടെ ജനാധിപത്യം അത്തരത്തില്‍ ഒരു ആചാരമാവുക വയ്യ. ജനാധിപത്യം ഒരു സര്‍വ്വതന്ത്രസ്വതന്ത്രമായ അനുഭവമാവണം. 

പോളിംഗ് ബൂത്തിലേക്ക് പോകുന്നവര്‍ കേവലം വോട്ടര്‍മാരല്ല, മറിച്ച് ജനാധിപത്യത്തിന്‍റെ കാവല്‍ക്കാരാണ്. ഈയൊരു ജനാധിപത്യ പാഠം പഠിപ്പിക്കാന്‍ നമ്മുടെ രാഷ്ട്രീയ പ്രവത്തകര്‍ക്ക് കഴിയണം. അത്തരമൊരു പാഠം പഠിക്കാന്‍ നമ്മുടെ ജനതയും സന്മനസ്സ് കാണിക്കണം. 

ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് മാത്രമാണ് സമാധാനം എന്നത് ഒരു ജനാധിപത്യ തത്ത്വചിന്ത കൂടിയാണ്.