Friday, April 29, 2011

എന്റൊസള്‍ഫാന്‍ ഒരു ഇടതു പക്ഷ കീടനാശിനി അല്ല

ഇന്ന് കേരളത്തില്‍ ഹര്‍ത്താല്‍ . എന്റൊസള്‍ഫാന്‍ നിരോധിക്കണം . ഹര്‍ത്താല്‍ ആഹ്വാനം ചെയിതിരിക്കുന്നത് ഇടതു പക്ഷം . എന്ന് വച്ചാല്‍ മറ്റു പക്ഷങ്ങള്‍ക്ക്‌ എന്റൊസള്‍ഫാന്‍ നിരോധിക്കണ്ട എന്ന് സാരം . അതുകൊണ്ടുതന്നെ ഹര്‍ത്താലിനെ അനുകൂലിക്കുന്നവരില്‍ ഭൂരിപക്ഷവും ഇടതു പക്ഷക്കാരോ ഇടതുപക്ഷ അനുകൂലികളോ ആവാം. ഇതില്‍ നിന്നൊക്കെ മനസ്സിലാവുന്ന രണ്ടു കാര്യങ്ങള്‍ ഇതാണ് . 


ഒന്ന്. എന്റൊസള്‍ഫാന്‍ ഒരു ഇടതു പക്ഷ കീടനാശിനി അല്ല .
രണ്ട്. എന്റൊസള്‍ഫാന്‍ ദുരന്ത ബാധിതര്‍ ഇടതു പക്ഷക്കാരായിരിക്കണം . 

ഇതെഴുതുന്ന ലേഖകന്‍ കാര്‍ഷിക സര്‍വ്വകലാശാല ജീവനക്കാരനാണ് . ഈ സ്ഥാപനത്തിലെ ഹര്‍ത്താല്‍ മാപിനിയില്‍ രേഖപ്പെടുത്തിയതും ഉയര്‍ന്ന ഇടതു പക്ഷമര്‍ദ്ദമാണ്. ഈ ഇടതു പക്ഷ മര്‍ദ്ദത്തെ ഒരു കപട മര്‍ദ്ദമെന്നു വിളിക്കാതെ തരമില്ല . കാരണം, കേരള കാര്‍ഷിക സര്‍വ്വകലാശാല, കര്‍ഷകര്‍ക്കും  ഇപ്പോള്‍ ദുരന്തം വിതച്ചുകൊണ്ടിരിക്കുന്ന പ്ലാന്റെഷന്‍ കോര്‍പരേഷനും എന്റൊസള്‍ഫാനടക്കം നിരവധി മാരകമായ കീടനാശിനികള്‍ നിര്‍ദേശിക്കുകയും ശുപാര്‍ശ ചെയ്യുകയും ചെയ്യുന്ന സ്ഥാപനമാണ്‌ . കാര്‍ഷിക സര്‍വ്വകലാശാലയുടെ   ഒട്ടേറെ കേന്ദ്രങ്ങളില്‍ ജോലി ചെയ്തിട്ടുള്ള ഒരാളെന്ന നിലയില്‍ എനിക്കിത് നിസ്തര്‍ക്കമായിട്ടുതന്നെ പറയാന്‍ കഴിയും. കേരളത്തിലെ പ്രധാനപ്പെട്ട കീടനാശിനി വില്പനകേന്ദ്രങ്ങളില്‍ പോയി പരിശോധിച്ചാല്‍ നിജസ്ഥിതി മനസ്സിലാക്കാവുന്നതുമാണ് .  

കാര്‍ഷിക സര്‍വ്വകലാശാലയുടെ മൊത്തം ബട്ജറ്റിന്റെ വലിയൊരു ശതമാനവും ചെലവഴിക്കുന്നത് കീടനാശിനിക്കുവേണ്ടിയാണ്. അതുകൊണ്ട് തന്നെയാണ് കാര്‍ഷിക സര്‍വ്വകലാശാല ഇതേക്കുറിച്ച് യാതൊന്നും നാളിതുവരെ ഉരിയാടാത്തതും. കേരളത്തിലെന്നല്ല ഇന്ത്യയിലെ മറ്റേതു പക്ഷത്തെക്കാളും എന്റൊസള്‍ഫാനേ കുറിച്ച് പറയാനും പ്രതികരിക്കാനുമുള്ള ഉത്തരവാതിത്വം കാര്‍ഷിക സര്‍വ്വകലാശാല പക്ഷത്തിനാണ് . ഈ ധാര്‍മികമായ ഉത്തരവതിത്വം നിറവേറ്റാതെ വെറുതെ ഹര്‍ത്താല്‍ ആഘോഷിച്ചതുകൊണ്ട് രാഷ്ട്രത്തിന് നഷ്ടമല്ലാതെ പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാകാനില്ല. 

വാല്‍ കഷ്ണം : കീടനാശിന്ക്ക് രാഷ്ട്രീയ പക്ഷങ്ങളില്ല . അത് കൊന്നൊടുക്കുന്ന പാവപ്പെട്ട ജനത്തിനും രാഷ്ട്രീയ പക്ഷങ്ങളില്ല. 

സി.ടി. വില്യം   

Saturday, April 16, 2011

ഈ ജാമ്യം അവര്‍ക്ക് ജാമ്യമാവുമോ ?

ഏറ്റവുമൊടുവില്‍ മനുഷ്യസ്നേഹിയായ ഡോ. ബിനായക് സെന്നിനു സുപ്രീം കോടതി ജാമ്യം. നമുക്ക് സന്തോഷിയ്കണമെങ്കില്‍ സന്തോഷിയ്കാം. എന്നാല്‍ സന്തോഷത്തേക്കാള്‍ വളരെ കൂടുതല്‍ ദുഖമാണ് എന്നെപോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുള്ളത്. കാരണം നൂറുകണക്കിന് ബിനായക് സെന്നുമാര്‍ ഇന്നും ഭരണ കൂട ഭീകരര്‍ തീര്‍ത്ത തടവറയ്ക്കുള്ളിലാണ്. അതോടൊപ്പംതന്നെ നാമാരും അറിയാതെ ഭരണ കൂട ഭീകരര്‍ നൂറുകണക്കിന് സെന്നുമാരെ കൊന്നൊടുക്കിയിട്ടുമുണ്ട്.  

ഇപ്പോള്‍ സുപ്രീം കോടതി കണ്ണ് തുറന്നു നമുക്ക് കാണിച്ചു തന്ന ഈ നിയമവിവേകം തുറുങ്കില ടയ്ക്കപ്പെട്ടവര്‍ക്കുകൂടി ബാധകമാവട്ടെ എന്ന് നമുക്ക് പ്രത്യാശിയ്ക്കാം. എന്നിരുന്നാലും ഭരണ കൂട ഭീകരര്‍ ആസൂത്രിതമായി സംവിധാനം ചെയ്ത ഏറ്റുമുട്ടലുകളില്‍ ഇരകളാവാന്‍ വിധിയ്ക്കപ്പെട്ട നൂറുകണക്കിന് മനുഷ്യ സ്നേഹികള്‍ ഇതൊന്നുമറിയാതെ മണ്‍മറഞ്ഞുപോയത്തില്‍ നമുക്ക് ദുഖിയ്കയല്ലാതെ മറ്റു വഴികളില്ല. 

ഇനിയെങ്കിലും നമുക്ക് ഈ ഭരണകൂടത്തിനോട് ചോദിയ്ക്കാം . നിങ്ങള്‍ എന്തിനാണ് ഡോ. ബിനായക് സെന്നിനെ ഇത്ര നാള്‍ ജയിലിലടച്ചത് ? ഈ മനുഷ്യ സ്നേഹിയുടെ കുടുംബവും അവരെ സ്നേഹിയ്ക്കുന്ന ഒരു ജനതയും അനുഭവിച്ചുതീര്‍ത്ത വേദനകള്‍ക്കും വൈകാരിക സമ്മര്‍ദ്ദങ്ങള്‍ക്കും ഈ സുപ്രീം  കോടതി ജാമ്യം ജാമ്യമാവുമോ ? ഈ നിയമ വിവേകത്തിന്റെയും ജാമ്യത്തിന്റെയും പരിധിയില്‍ വന്നവരായിരുന്നല്ലോ നാളിതുവരെ ഭരണ കൂട ഭീകരര്‍ വധിച്ചുകളഞ്ഞത് ? തുറുങ്കിലടച്ചത് ? അവരുടെ അവശേഷിച്ച മനുഷ്യ ബന്ധങ്ങളെ നീറ്റി നീറ്റി കൊന്നുകൊണ്ടിരിക്കുമ്പോള്‍ ഈ ജാമ്യം അവര്‍ക്ക് ജാമ്യമാവുമോ ? 

അരനൂറ്റാണ്ടിലേറെക്കാലമായി നരഭോജനം നടത്തിയ നിയമപുസ്തകം തെറ്റാണെന്നോ തിരുത്തപ്പെടണമെന്നോ തുടങ്ങിയ യുക്തിഭദ്രമായ ഒരു സംശയം ഇപ്പോള്‍ ഉണ്ടായിരിക്കുന്നു. ഇതെന്തുകൊണ്ട് നേരത്തെ ഉണ്ടായില്ല ? ഭരണ കൂട ഭീകരര്‍ മൂലധന ശക്തികള്‍ക്കുവേണ്ടി മറച്ചു വച്ച ഈ നിയമ വിവേകത്തെ താമസ്കരിച്ചവര്‍ ആരാണ് ? സുപ്രീം കോടതിയ്ക്ക് ഇതുകൂടി വ്യക്തമാക്കാനുള്ള ന്യായമായ, ധാര്‍മികമായ ബാധ്യതയില്ലേ ? മനുഷ്യസ്നേഹികളെ നിലനിര്‍ത്തുന്നതിന് പകരം അവരെ വേട്ടയാടുന്നത് ജനാധിപത്യ ധ്വംസനം പോലെതന്നെ മനുഷ്യാവകാശ ധ്വംസനവുമാണ്. ഇനിയും മരിച്ചിട്ടില്ലാത്ത മനുഷ്യസ്നേഹികള്‍ക്കുവേണ്ടിയെങ്കിലും ഇപ്പോള്‍ കണ്ണുതുറന്ന നിയമ ദേവത സമാധാനം പറയട്ടെ. 

സി. ടി. വില്യം

Monday, April 11, 2011

അ...അണി....അരുണശോഭ...അഴീക്കോട്...ആ ....ആഹ്വാനം !!!!


കേരളത്തില്‍ നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിന് സി.പി.ഐ. എം. നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷത്തിന് വോട്ടു നല്‍കി വിജയിപ്പിക്കുന്നതിന് ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് ആഹ്വാനം ചെയ്തിരിക്കുന്നു. 

തൃശ്ശൂര്‍ സോഷ്യല്‍ ഫോറം എന്നൊരു സംഘടന അച്ചടിച്ചിറക്കിയ തെരഞ്ഞെടുപ്പു ലഘുലേഖ മുഖേനയാണ് ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളിതുവരെ വോട്ടു ചെയ്യാത്ത ഡോക്ടര്‍ സുകുമാര്‍ അഴീക്കോട്  കേരളത്തിലെ ജനങ്ങള്‍ക്ക്‌ വോട്ടു ചെയ്യാന്‍ പ്രേരക ശക്തിയാവുന്നത് ഈ ആഹ്വാനത്തിന്റെ മഹത്വവും പ്രസക്തിയും കൂട്ടുന്നു. 

രാജ്യത്തെ സ്ഥിതിസമത്വമില്ലായ്മ പരിഹരിക്കുന്നതിനും , സാമൂഹിക സദാചാരം പരിരക്ഷിക്കുന്നതിനും , സാംസ്കാരിക നേട്ടങ്ങള്‍ ഉറപ്പിച്ചെടുക്കുന്നതിനും വേണ്ടിയാണ്  സി.പി.ഐ. എം. നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷത്തിന് വോട്ടു നല്‍കി വിജയിപ്പിക്കണമെന്ന് അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്ത  വിധത്തില്‍ ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് ആഹ്വാനം ചെയ്തിരിക്കുന്നത്. 

എന്നാല്‍ "  സി.പി.ഐ. എം. നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷം " എന്നതിന്റെ ധ്വനിരൂപമായ " അരുണ ശോഭ " എന്നും " വോട്ടു ചെയ്യുക " എന്നതിന്റെ ധ്വനിരൂപമായ " അണി ചേരുക "  എന്നുമുള്ള അഴീക്കോടിയന്‍ പദ പ്രയോഗത്തിലൂടെയാണ് ആഹ്വാനലേഖ അലങ്കരിച്ചിട്ടുള്ളത് .

ആശയപരമായ യാതൊരു വളച്ചുകെട്ടുമില്ലാതെ സിംഹഗര്‍ജനം നടത്തുന്ന അഴീക്കോടിന്റെ ഈ മൃദു പ്രയോഗം ആഹ്വാനത്തിന്റെ ഗൌരവം തെല്ലൊന്നു കുറച്ചില്ലേ എന്ന് ചില ഇടതുപക്ഷ ബുദ്ധിജീവികള്‍ സംശയിക്കുന്നു. എങ്കിലും അഴീക്കോടിന്റെ പ്രഭാഷണ സങ്കേതങ്ങള്‍ ശരിക്കും അറിയാവുന്ന കേരളത്തിലെ ജനങ്ങള്‍ക്ക്‌ തെല്ലും സംശയമില്ല ; അവര്‍ അഴീക്കോടിനെ അനുസരിയ്ക്കും. 

സി.ടി. വില്യം     
 

Monday, April 4, 2011

ഒരു വിദ്യാര്‍ഥി നിയമസഭാ സ്ഥാനാര്‍ഥിയാവുമ്പോള്‍

എന്റെ പ്രിയപ്പെട്ട വിദ്യാര്‍ഥി സുഹൃത്തിന്, 

പ്രീഡിഗ്രിയ്ക്ക് പഠിപ്പിച്ച ഒരു വിദ്യാര്‍ഥി നിയമസഭാ സ്ഥാനാര്‍ഥിയാവുക; അതെ നിയമസഭാമണ്ഡലത്തില്‍ ഞാന്‍ സമ്മതിദാനാവകാശത്തോടെ ജോലി ചെയ്യുന്ന ഒരു അധ്യാപകനാവുക ;  ഒരു അധ്യാപകന് നിര്‍വൃതി ഉളവാകാന്‍ മറ്റെന്തുവേണം ഈ ഭൂമിയില്‍ ? ഈ ഒരു നിര്‍വൃതിയില്‍ നിന്നുകൊണ്ട് ഒരു അധ്യാപകന്റെ തികഞ്ഞ അവകാശത്തോടെയും അധികാരത്തോടെയും ഒരു അഭിപ്രായക്കുറിപ്പ് എഴുതുകയാണ് ഇവിടെ ; നിനക്ക് - കാര്‍ഷിക സര്‍വ്വകലാശാലയും ഞാന്‍ താമസിയ്ക്കുന്ന പരിസരവും ഉള്‍പ്പെട്ട ഒല്ലൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥിയായ ശ്രീ . എം. പി. വിന്‍സെന്റ് എന്ന നിനക്ക് സ്നേഹപൂര്‍വ്വം .

വളരെ ചെറിയൊരു കാലത്തെ എന്റെ അധ്യാപനത്തെ സാക്ഷി നിര്‍ത്തി , എന്റെ പ്രിയപ്പെട്ട വിദ്യാര്‍ഥിയ്ക്ക്  എല്ലാ നന്മകളും നേരുന്നു ഊഷ്മളമായ ആശംസകളും . എന്നാല്‍ ഒന്നുരണ്ടു കാര്യങ്ങള്‍ നിന്നെ ഓര്‍മിപ്പിയ്ക്കട്ടെ: -

ഒന്ന് . നീ വോട്ടുതേടുന്ന കാര്‍ഷിക സര്‍വ്വകലാശാല നിനക്ക് മുമ്പുള്ളവര്‍ മൂന്നായി വെട്ടിനിരത്തിയിട്ടിരിക്കുകയാണ് . ഒരു സര്‍വകലാശാലയ്ക്ക് പോലും നിലനില്‍ക്കാന്‍ പറ്റാത്ത സാഹചര്യങ്ങളുടെ അവസ്ഥയില്‍ ആ സ്ഥാപനത്തെ മൂന്നായി വെട്ടി നിരത്തി ഒന്നിനും കൊള്ളാത്ത നിലയിലാക്കിയ നിന്റെ മുന്‍ഗാമികളുടെ മന്ദബുദ്ധി നിനക്ക് ഉണ്ടാവാതിരിക്കട്ടെ .

രണ്ട്. നീ വോട്ടുതേടുന്ന മണ്ഡലത്തില്‍ നിന്നെ ഇപ്പോള്‍ കൊണ്ടുനടക്കുന്ന ഒരു ശാസ്ത്രഞ്ജന്‍ ഒരു ഔഷധത്തോട്ടം മുഴുവന്‍ വെട്ടിനശിപ്പിച്ചതും; പിന്നീട് നശിപ്പിച്ചത് ഔഷധചെടികളല്ല മറിച്ച് ; ശീമക്കൊന്നയാണ് എന്ന് പറഞ്ഞുനടന്നവരോടാണ് നീ മത്സരിയ്ക്കുന്നത്. ഇതും നിന്റെ ഓര്‍മയില്‍ മായാതെ ഇരിക്കട്ടെ .

മൂന്ന്.  നീ വോട്ടുതേടുന്ന മണ്ഡലത്തില്‍ കളിമണ്‍ ഖനനവും കൃഷി ഭൂമി വെട്ടിനിരത്തലും തകൃതിയായി നടക്കുന്നു. കളിമണ്ണും ചേറും വിറ്റ് കാശുവാങ്ങുന്ന നിന്റെ എതിരാളികളെ നീ തിരിച്ചറിയുക. 

വിദ്യാര്‍ഥിയായിരുന്നപ്പോള്‍ നീ കാത്തുസൂക്ഷിച്ച ധാര്‍മിക ശുദ്ധി സ്ഥാനാര്‍ഥിയാവുമ്പോഴും പിന്നീട് നിയമസഭാസാമാജികനാവുമ്പോഴും നിനക്ക് കൈമോശം വരാതിരിക്കട്ടെ . നിനക്ക് ഒരിക്കല്‍ കൂടി എല്ലാ നന്മകളും നേരുന്നു .

സി. ടി. വില്യം