Saturday, April 16, 2011

ഈ ജാമ്യം അവര്‍ക്ക് ജാമ്യമാവുമോ ?

ഏറ്റവുമൊടുവില്‍ മനുഷ്യസ്നേഹിയായ ഡോ. ബിനായക് സെന്നിനു സുപ്രീം കോടതി ജാമ്യം. നമുക്ക് സന്തോഷിയ്കണമെങ്കില്‍ സന്തോഷിയ്കാം. എന്നാല്‍ സന്തോഷത്തേക്കാള്‍ വളരെ കൂടുതല്‍ ദുഖമാണ് എന്നെപോലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുള്ളത്. കാരണം നൂറുകണക്കിന് ബിനായക് സെന്നുമാര്‍ ഇന്നും ഭരണ കൂട ഭീകരര്‍ തീര്‍ത്ത തടവറയ്ക്കുള്ളിലാണ്. അതോടൊപ്പംതന്നെ നാമാരും അറിയാതെ ഭരണ കൂട ഭീകരര്‍ നൂറുകണക്കിന് സെന്നുമാരെ കൊന്നൊടുക്കിയിട്ടുമുണ്ട്.  

ഇപ്പോള്‍ സുപ്രീം കോടതി കണ്ണ് തുറന്നു നമുക്ക് കാണിച്ചു തന്ന ഈ നിയമവിവേകം തുറുങ്കില ടയ്ക്കപ്പെട്ടവര്‍ക്കുകൂടി ബാധകമാവട്ടെ എന്ന് നമുക്ക് പ്രത്യാശിയ്ക്കാം. എന്നിരുന്നാലും ഭരണ കൂട ഭീകരര്‍ ആസൂത്രിതമായി സംവിധാനം ചെയ്ത ഏറ്റുമുട്ടലുകളില്‍ ഇരകളാവാന്‍ വിധിയ്ക്കപ്പെട്ട നൂറുകണക്കിന് മനുഷ്യ സ്നേഹികള്‍ ഇതൊന്നുമറിയാതെ മണ്‍മറഞ്ഞുപോയത്തില്‍ നമുക്ക് ദുഖിയ്കയല്ലാതെ മറ്റു വഴികളില്ല. 

ഇനിയെങ്കിലും നമുക്ക് ഈ ഭരണകൂടത്തിനോട് ചോദിയ്ക്കാം . നിങ്ങള്‍ എന്തിനാണ് ഡോ. ബിനായക് സെന്നിനെ ഇത്ര നാള്‍ ജയിലിലടച്ചത് ? ഈ മനുഷ്യ സ്നേഹിയുടെ കുടുംബവും അവരെ സ്നേഹിയ്ക്കുന്ന ഒരു ജനതയും അനുഭവിച്ചുതീര്‍ത്ത വേദനകള്‍ക്കും വൈകാരിക സമ്മര്‍ദ്ദങ്ങള്‍ക്കും ഈ സുപ്രീം  കോടതി ജാമ്യം ജാമ്യമാവുമോ ? ഈ നിയമ വിവേകത്തിന്റെയും ജാമ്യത്തിന്റെയും പരിധിയില്‍ വന്നവരായിരുന്നല്ലോ നാളിതുവരെ ഭരണ കൂട ഭീകരര്‍ വധിച്ചുകളഞ്ഞത് ? തുറുങ്കിലടച്ചത് ? അവരുടെ അവശേഷിച്ച മനുഷ്യ ബന്ധങ്ങളെ നീറ്റി നീറ്റി കൊന്നുകൊണ്ടിരിക്കുമ്പോള്‍ ഈ ജാമ്യം അവര്‍ക്ക് ജാമ്യമാവുമോ ? 

അരനൂറ്റാണ്ടിലേറെക്കാലമായി നരഭോജനം നടത്തിയ നിയമപുസ്തകം തെറ്റാണെന്നോ തിരുത്തപ്പെടണമെന്നോ തുടങ്ങിയ യുക്തിഭദ്രമായ ഒരു സംശയം ഇപ്പോള്‍ ഉണ്ടായിരിക്കുന്നു. ഇതെന്തുകൊണ്ട് നേരത്തെ ഉണ്ടായില്ല ? ഭരണ കൂട ഭീകരര്‍ മൂലധന ശക്തികള്‍ക്കുവേണ്ടി മറച്ചു വച്ച ഈ നിയമ വിവേകത്തെ താമസ്കരിച്ചവര്‍ ആരാണ് ? സുപ്രീം കോടതിയ്ക്ക് ഇതുകൂടി വ്യക്തമാക്കാനുള്ള ന്യായമായ, ധാര്‍മികമായ ബാധ്യതയില്ലേ ? മനുഷ്യസ്നേഹികളെ നിലനിര്‍ത്തുന്നതിന് പകരം അവരെ വേട്ടയാടുന്നത് ജനാധിപത്യ ധ്വംസനം പോലെതന്നെ മനുഷ്യാവകാശ ധ്വംസനവുമാണ്. ഇനിയും മരിച്ചിട്ടില്ലാത്ത മനുഷ്യസ്നേഹികള്‍ക്കുവേണ്ടിയെങ്കിലും ഇപ്പോള്‍ കണ്ണുതുറന്ന നിയമ ദേവത സമാധാനം പറയട്ടെ. 

സി. ടി. വില്യം

No comments:

Post a Comment