Monday, April 4, 2011

ഒരു വിദ്യാര്‍ഥി നിയമസഭാ സ്ഥാനാര്‍ഥിയാവുമ്പോള്‍

എന്റെ പ്രിയപ്പെട്ട വിദ്യാര്‍ഥി സുഹൃത്തിന്, 

പ്രീഡിഗ്രിയ്ക്ക് പഠിപ്പിച്ച ഒരു വിദ്യാര്‍ഥി നിയമസഭാ സ്ഥാനാര്‍ഥിയാവുക; അതെ നിയമസഭാമണ്ഡലത്തില്‍ ഞാന്‍ സമ്മതിദാനാവകാശത്തോടെ ജോലി ചെയ്യുന്ന ഒരു അധ്യാപകനാവുക ;  ഒരു അധ്യാപകന് നിര്‍വൃതി ഉളവാകാന്‍ മറ്റെന്തുവേണം ഈ ഭൂമിയില്‍ ? ഈ ഒരു നിര്‍വൃതിയില്‍ നിന്നുകൊണ്ട് ഒരു അധ്യാപകന്റെ തികഞ്ഞ അവകാശത്തോടെയും അധികാരത്തോടെയും ഒരു അഭിപ്രായക്കുറിപ്പ് എഴുതുകയാണ് ഇവിടെ ; നിനക്ക് - കാര്‍ഷിക സര്‍വ്വകലാശാലയും ഞാന്‍ താമസിയ്ക്കുന്ന പരിസരവും ഉള്‍പ്പെട്ട ഒല്ലൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥിയായ ശ്രീ . എം. പി. വിന്‍സെന്റ് എന്ന നിനക്ക് സ്നേഹപൂര്‍വ്വം .

വളരെ ചെറിയൊരു കാലത്തെ എന്റെ അധ്യാപനത്തെ സാക്ഷി നിര്‍ത്തി , എന്റെ പ്രിയപ്പെട്ട വിദ്യാര്‍ഥിയ്ക്ക്  എല്ലാ നന്മകളും നേരുന്നു ഊഷ്മളമായ ആശംസകളും . എന്നാല്‍ ഒന്നുരണ്ടു കാര്യങ്ങള്‍ നിന്നെ ഓര്‍മിപ്പിയ്ക്കട്ടെ: -

ഒന്ന് . നീ വോട്ടുതേടുന്ന കാര്‍ഷിക സര്‍വ്വകലാശാല നിനക്ക് മുമ്പുള്ളവര്‍ മൂന്നായി വെട്ടിനിരത്തിയിട്ടിരിക്കുകയാണ് . ഒരു സര്‍വകലാശാലയ്ക്ക് പോലും നിലനില്‍ക്കാന്‍ പറ്റാത്ത സാഹചര്യങ്ങളുടെ അവസ്ഥയില്‍ ആ സ്ഥാപനത്തെ മൂന്നായി വെട്ടി നിരത്തി ഒന്നിനും കൊള്ളാത്ത നിലയിലാക്കിയ നിന്റെ മുന്‍ഗാമികളുടെ മന്ദബുദ്ധി നിനക്ക് ഉണ്ടാവാതിരിക്കട്ടെ .

രണ്ട്. നീ വോട്ടുതേടുന്ന മണ്ഡലത്തില്‍ നിന്നെ ഇപ്പോള്‍ കൊണ്ടുനടക്കുന്ന ഒരു ശാസ്ത്രഞ്ജന്‍ ഒരു ഔഷധത്തോട്ടം മുഴുവന്‍ വെട്ടിനശിപ്പിച്ചതും; പിന്നീട് നശിപ്പിച്ചത് ഔഷധചെടികളല്ല മറിച്ച് ; ശീമക്കൊന്നയാണ് എന്ന് പറഞ്ഞുനടന്നവരോടാണ് നീ മത്സരിയ്ക്കുന്നത്. ഇതും നിന്റെ ഓര്‍മയില്‍ മായാതെ ഇരിക്കട്ടെ .

മൂന്ന്.  നീ വോട്ടുതേടുന്ന മണ്ഡലത്തില്‍ കളിമണ്‍ ഖനനവും കൃഷി ഭൂമി വെട്ടിനിരത്തലും തകൃതിയായി നടക്കുന്നു. കളിമണ്ണും ചേറും വിറ്റ് കാശുവാങ്ങുന്ന നിന്റെ എതിരാളികളെ നീ തിരിച്ചറിയുക. 

വിദ്യാര്‍ഥിയായിരുന്നപ്പോള്‍ നീ കാത്തുസൂക്ഷിച്ച ധാര്‍മിക ശുദ്ധി സ്ഥാനാര്‍ഥിയാവുമ്പോഴും പിന്നീട് നിയമസഭാസാമാജികനാവുമ്പോഴും നിനക്ക് കൈമോശം വരാതിരിക്കട്ടെ . നിനക്ക് ഒരിക്കല്‍ കൂടി എല്ലാ നന്മകളും നേരുന്നു .

സി. ടി. വില്യം  

No comments:

Post a Comment